അഭിഭാഷകരും ജഡ്ജിമാരും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതു പുതിയ കാര്യമൊന്നുമല്ല. സ്വാതന്ത്ര്യ സമരക്കാലത്ത് നമ്മുടെ പ്രധാന നേതാക്കളെല്ലാംതന്നെ വക്കീല്‍ പരിക്ഷ പാസ്സായി വന്നവരായിരുന്നു. കഴിയുമെങ്കില്‍ ലണ്ടനില്‍ പോയി ബാരിസ്റ്റര്‍ ബിരുദം നേടുക, അതു കഴിഞ്ഞാല്‍ ഇന്ത്യയില്‍ വന്ന് സ്വാതന്ത്ര്യസമര നേതാവാകുക എന്നതായിരുന്നു പൊതുവെയുള്ള ലൈന്‍. ബാലഗംഗാധര്‍ തിലക്, ലാലാ ലജ്പത് റായ്, മഹാത്മ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, മോത്തിലാല്‍ നെഹ്റു, ജവഹര്‍ലാല്‍ നെഹ്റു, രാജഗോപാലാചാരി എന്നിങ്ങനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ നയിച്ചവരും പിന്നീട് ഇന്ത്യന്‍ ഭരണകൂടത്തിന്റെ അമരത്തെത്തിയവരും നിയമബിരുദം നേടിയവരായിരുന്നു.
അഭിഭാഷകര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതു പോലെയല്ല ജഡ്ജിമാര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. നിഷ്പക്ഷതയും നിര്‍ഭയത്വവുമാണ് ജഡ്ജിമാരെ ജഡ്ജിമാരാക്കുന്നത്. തന്റെ മുന്നിലുള്ള കക്ഷികളുടെ രാഷ്ട്രീയവും സമ്പത്തും കുലമഹിമയുമൊന്നും നോക്കിയല്ല ജഡ്ജിമാര്‍ ന്യായം നടപ്പാക്കുന്നതെന്ന ഉത്തമവിശ്വാസത്തിലാണ് ജനാധിപത്യ സമൂഹത്തില്‍ ജനങ്ങള്‍ ജീവിച്ചുപോവുന്നത്. ഈ വിശ്വാസമാണ് അധികാരത്തിനു വേണ്ടിയുള്ള ജഡ്ജിമാരുടെ ആക്രാന്തത്തിനു മുന്നില്‍ തകര്‍ന്നുവീഴുന്നത്.
രാഷ്ട്രീയത്തിലിറങ്ങാനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പദവി രാജി വെച്ച പാര്‍ട്ടിയാണ് ജസ്റ്റിസ് കെ. സുബ്ബ റാവു. മൂന്നു മാസം കൂടി ഔദ്യോഗിക കാലാവധി ബാക്കിയിരിക്കെയാണ് 1967 ഏപ്രില്‍ 11-ന് അദ്ദേഹം രാജിവെച്ച് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്. സക്കീര്‍ ഹുസൈനായിരുന്നു അന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പില്‍ റാവു 44 ശതമാനം വോട്ട് നേടിയത് വലിയ വാര്‍ത്തയായി. അതിനു മുമ്പൊരിക്കലും ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും 90 ശതമാനത്തില്‍ കുറവ് വോട്ടുകള്‍ ഇലക്ടറല്‍ കോളേജില്‍ കിട്ടിയിരുന്നില്ല. പക്ഷേ, ഈ മികച്ച പോരാട്ടത്തിനും ജസ്റ്റിസ് റാവുവിനെ വിമര്‍ശത്തില്‍നിന്ന് രക്ഷപ്പെടുത്താനായില്ല. സുപ്രിം കോടതി ചീഫ് ജസ്റ്റിസായിരിക്കെ റാവു പ്രതിപക്ഷ നേതാക്കളുമായി ഈ സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്ന കാര്യം രാജ്യം ഞെട്ടലോടെയാണ് കേട്ടത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസായും ഉപരാഷ്ട്രപതിയായും ഇടക്കാലത്ത് താല്‍ക്കാലിക രാഷ്്രടപതിയായും പ്രവര്‍ത്തിച്ച ഒരാളുണ്ടെങ്കില്‍ അത് ജസ്റ്റിസ് എം. ഹിദായത്തുള്ളയാണ്. 1979-ല്‍ ഉപരാഷ്ട്രപതിയാവുന്നതിനും ഒമ്പത് കൊല്ലം മുമ്പാണ് ഹിദായത്തുള്ള സുപ്രിം കോടതിയില്‍ നിന്നും വിരമിച്ചത്. രാജ്യസഭാംഗത്വം രാജിവെച്ച് ജഡ്ജിയായ ചരിത്രമാണ് ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെയ്ക്കുള്ളത്. 1957-ല്‍ രാജ്യസഭ എം.പി. സ്ഥാനം രാജിവെച്ചാണ് ഹെ്ഗ്ഡെ മൈസൂര്‍ ഹൈക്കോടതിയില്‍ ജ്ഡ്ജിയായത്. പിന്നീട് അദ്ദേഹം സുപ്രിം കോടതി ജഡ്ജിയായി.
1973-ല്‍ ഇന്ദിര ഗാന്ധി സര്‍ക്കാര്‍ സീനിയോറിറ്റി അട്ടിമറിച്ച് ജസ്റ്റിസ് എ.എന്‍. റേയെ ചീഫ് ജസ്റ്റിസാക്കിയപ്പോള്‍ അതില്‍ പ്രതിഷേധിച്ച് രാജിവെച്ച ജഡ്ജിമാരില്‍ ഒരാള്‍ ജസ്റ്റിസ് ഹെ്ഗ്ഡെയായിരുന്നു. 1977-ല്‍ ജസ്റ്റിസ് ഹെഗ്ഡെ ജനതാ പാര്‍ട്ടി ടിക്കറ്റില്‍ ബാംഗ്ളൂര്‍ നോര്‍ത്തില്‍നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജനതാപാര്‍ട്ടി പൊട്ടിപ്പൊളിഞ്ഞപ്പോള്‍ ജസ്റ്റിസ് ഹെഗ്ഡെ ബി.ജെ.പിയിലേക്ക് ചേക്കേറി.
നമ്മുടെ സ്വന്തം വി.ആര്‍. കൃഷ്ണയ്യര്‍ കേരളത്തില്‍ മന്ത്രിയായതിനു ശേഷമാണ് ജഡ്ജിയുടെ പദവിയിലെത്തിയത്. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ശേഷം 1987-ല്‍ ആര്‍. വെങ്കട്ടരാമനെതിരെ രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ച് തോല്‍ക്കുകയും ചെയ്തു.
പറഞ്ഞുവന്നത് ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് മുന്‍ഗാമികളായി ഒരുപാടു പേര്‍ ഉണ്ടെന്നാണ്. പക്ഷേ, മുന്‍ഗാമികളുണ്ടെന്നത് ജസ്റ്റിസ് പാഷയുടെ എടുത്തുചാട്ടത്തിന് ന്യായീകരണമാവുന്നില്ല. എം.എല്‍.എയാവണമെന്ന് ആഗ്രഹിക്കാന്‍ ജസ്റ്റിസ് പാഷയ്ക്ക് സ്വാതന്ത്ര്യമുണ്ട്. ജഡ്ജിയുടെ പദവിയില്‍നിന്ന് വിരമിച്ച ശേഷം ഇത്ര കാലം കഴിഞ്ഞേ മറ്റു പദവികള്‍ വഹിക്കാന്‍ പാടുള്ളുവെന്ന് ഒരുതരത്തിലുള്ള നിയമവും ഇന്ത്യയിലില്ല. വേണ്ടത് ഔചിത്യവും വിവേകവുമാണ്.
ഭരണഘടന നല്ലതും മോശവുമാവുന്നത് അത് കൈകാര്യം ചെയ്യുന്നവരുടെ കൈയ്യിലാണെന്ന് അംബദ്കര്‍ പറഞ്ഞത് വെറുതെയല്ല. അധികാരത്തോടുള്ള അദമ്യമായ ത്വരയാണ് ജസ്റ്റിസ് പാഷയെപ്പോലുള്ളവരെ നയിക്കുന്നത്. ജനസേവനം എന്ന വായ്ത്താരി വെറുമൊരു മറ മാത്രമാണ്. ജനങ്ങളെ സേവിക്കാന്‍ ഇത്രയും നിര്‍ബ്ബന്ധമായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എറണാകുളം കോര്‍പറേഷനിലേക്ക് അദ്ദേഹത്തിന് സ്വതന്ത്രനായി മത്സരിക്കാമായിരുന്നു.
ജഡ്ജിയായിരുന്ന ഒരാള്‍ ഒരു പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് കുടപിടിക്കുന്നു എന്ന ആരോപണം അതിലൂടെ മറികടക്കാനും അദ്ദേഹത്തിനാവുമായിരുന്നു. പക്ഷേ, ചെറിയ കുളങ്ങളോട് ജസ്റ്റിസ് പാഷയ്ക്ക് താല്‍പര്യമില്ല. എം.എല്‍.എ. സീറ്റില്‍ കുറഞ്ഞ ഒന്നും തന്നെ അദ്ദേഹത്തിന്റെ ചിന്തയിലില്ല. വേണമെങ്കില്‍ യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാനും താന്‍ തയ്യാറൊണെന്ന വങ്കത്തരവും ഒരു ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം എഴുന്നള്ളിക്കുന്നതായി കണ്ടു.
ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നത് ജഡ്ജിയുടെ പദവിയില്‍നിന്ന് വിരമിച്ചിട്ട് മൂന്നു കൊല്ലമായെന്നും ഇനിയിപ്പോള്‍ തനിക്ക് രാഷ്ട്രീയത്തിലിറങ്ങാന്‍ ആരുടെയും അനുമതി ആവശ്യമില്ലെന്നുമാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ച് നാലു മാസങ്ങള്‍ക്കുള്ളില്‍ രാജ്യസഭയിലേക്ക് ബി.ജെ.പി. സര്‍ക്കാരിന്റെ നാമനിര്‍ദ്ദേശം നേടിയ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിമര്‍ശിച്ചതിന്റെ കുറ്റബോധത്തിലാവാം ജസ്റ്റിസ് പാഷ ഇങ്ങനെയൊരു കൂളിങ് പിരിയഡിനെക്കുറിച്ച് വാചാലനാവുന്നത്. ജഡ്ജിയുടെ പദവിയില്‍നിന്ന് വിരമിച്ച ശേഷം ഇത്ര കാലം കഴിഞ്ഞേ മറ്റു പദവികള്‍ വഹിക്കാന്‍ പാടുള്ളുവെന്ന് ഒരുതരത്തിലുള്ള നിയമവും ഇന്ത്യയിലില്ല. ജഡ്ജിമാരുടെ വിശ്വാസ്യതയ്ക്ക് പകരം നില്‍ക്കാന്‍ ഒരു കൂളിങ് പിരിയഡിനുമാവില്ല എന്നതാണ് വാസ്തവം.
ജഡ്ജിയുടെ പദവിയില്‍നിന്ന് ഇറങ്ങിയപ്പോള്‍ നഷ്ടപ്പെട്ട അധികാരം എങ്ങിനെ തിരിച്ചുപിടിക്കാം എന്നാണ് ജസ്റ്റിസ് പാഷ അന്വേഷിക്കുന്നത്. എറണാകുളം ജില്ലയില്‍ ഒരു സീറ്റ് തരൂ എന്ന് അദ്ദേഹം യു.ഡി.എഫിനോട് ആജ്ഞാപിക്കുകയാണ്. ജനാധിപത്യത്തെക്കുറിച്ചുള്ള ജസ്റ്റിസ് കെമാല്‍ പാഷയുടെ നിലപാടുകളുടെ പൊള്ളത്തരം വൈറ്റില പാലത്തിന്റെ തുറന്നുകൊടുക്കലില്‍ പുറത്തു വന്നതാണ്. ഒരു തരത്തിലുള്ള ഉത്തരവാദിത്തവുമില്ലാതെ പാലം തുറന്നുകൊടുക്കാന്‍ ശ്രമിച്ച ഒരു കൂട്ടം അരാജകവാദികള്‍ക്ക് പിന്തുണ നല്‍കിയപ്പോള്‍ ജസ്റ്റിസ് പാഷ വെല്ലുവിളിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളെയാണ്. താന്‍ ഒരു കേമനാണെന്ന മിഥ്യാധാരണയിലാണ് ജസ്റ്റിസ് കെമാല്‍ പാഷ യു.ഡി.എഫിനോട് സീറ്റ് ചോദിക്കുന്നത്. മൂന്നു കൊല്ലമായി അധികാരത്തിന് പുറത്താണെന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ഇനിയും അദ്ദേഹത്തിനായിട്ടില്ല.
ഉണ്ടുകൊണ്ടിരിക്കെ വിളി കേള്‍ക്കുകയും എം.എല്‍.എയാവാന്‍ കച്ചകെട്ടുകയും ചെയ്യുന്ന ജസ്റ്റിസ് കെമാല്‍ പാഷയെപ്പോലുള്ളവര്‍ ഓര്‍ക്കുകയും പഠിക്കുകയും ചെയ്യേണ്ട രണ്ടു പേരുണ്ട്. ഹോചിമിനും ഗാന്ധിജിയും. അധികാരം ജന്മാവകാശമല്ലെന്നും ജനഹൃദയങ്ങളില്‍ ഇടം പിടിക്കുന്നില്ലെങ്കില്‍ ഒരധികാരത്തിനും ഒരു ഭരണാധികാരിയെയും രക്ഷിച്ചെടുക്കാനാവില്ലെന്നും ലോകത്തെ പഠിപ്പിച്ച രണ്ടുപേര്‍.
നക്സലുകളുടെ നക്സലും കമ്മ്യൂണിസ്റ്റുകളുടെ കമ്മ്യൂണിസ്റ്റുമായിരുന്ന ഹോചിമിനെ വിയറ്റ്നാമില്‍ വെച്ചു കണ്ടതിനെക്കുറിച്ച് പ്രമുഖ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് നേതാവ് കെ. ദാമോദരന്‍ പറഞ്ഞിട്ടുണ്ട്. അന്ന് ഹോചിമിനോട് ദാമോദരന്‍ ചോദിച്ച ഒരു ചോദ്യം ഇതായിരുന്നു. ''ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി താങ്കളുടെ ഇന്‍ഡൊ ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അത്ര തന്നെ ശക്തവും വലുതുമാണ്. താങ്കളുടെ പാര്‍ട്ടിക്ക് വിയറ്റ്നാം വിപ്ലവം നയിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഞങ്ങള്‍ക്കതിനു കഴിഞ്ഞില്ല. എന്തുകൊണ്ടാണത്?'
ഈ ചോദ്യത്തിന് ഹോചിമിന്‍ നല്‍കിയ മറുപടി ആലോചനാമൃതമായിരുന്നു: ''ഇന്ത്യയില്‍ നിങ്ങള്‍ക്ക് ഗാന്ധിയുണ്ട്. ഇവിടത്തെ ഗാന്ധി ഞാനാണ്.'' രാഷ്ട്രീയക്കാരുടെ സര്‍വ്വകലാശാല ജനങ്ങളാണെന്നും ആ സര്‍വ്വകലാശാലയില്‍ ഗാന്ധിജിയെപ്പോലെ പയറ്റിയ മറ്റൊരാളില്ലെന്നും ഹോചിമിന്‍ പിന്നീട് വ്യക്തമാക്കി. ഒരു ദിവസം കൊണ്ട് ഒരു നേതാവുമുണ്ടാകുന്നില്ല. ജസ്റ്റിസ് പാഷ, താങ്കളെപ്പോലുള്ള തന്‍പ്രമാണക്കാര്‍ക്ക് , താന്‍ രാജാവും മറ്റുള്ളവര്‍ പ്രജകളാണെന്നും കരുതുന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല രാഷ്ട്രീയ പ്രവര്‍ത്തനം.
ഒരര്‍ത്ഥത്തില്‍ ജസ്റ്റിസ് പാഷയെയല്ല യു.ഡി.എഫിനെയാണ് നാലു പറയേണ്ടത്. ഏതു നിലയ്ക്കും കൈക്കോടാലിയാവാന്‍ സാദ്ധ്യതയുള്ള പാര്‍ട്ടികളെ അങ്ങോട്ടുപോയി ഏറ്റെടുക്കേണ്ട ഗതികേടിലാണോ യു.ഡി.എഫ്. എന്ന് ചോദിക്കാതിരിക്കാനാവില്ല. ജസ്റ്റിസ് പാഷയെയൊക്കെ കണ്ട് കണ്ണ് മഞ്ഞളിക്കുന്ന നേതാക്കളാണ് യു.ഡി.എഫിലുള്ളതെങ്കില്‍ ആ പ്രസ്ഥാനത്തെ ദൈവം രക്ഷിക്കട്ടെ എന്നു മാത്രമേ പറയാനുള്ളു.
വഴിയില്‍ കേട്ടത്:
''കൊഞ്ചുപോലെന്‍
ഹൃദയം ശിരസിലെങ്കിലും
ഫലം ശൂന്യം
വിധിതന്നെ ദുര്‍വിധി!'
(മന്ത്രി ജി. സുധാകരന്റെ പുതിയ രചനയില്‍നിന്ന്)
ഇമ്മാതിരി കെടുതികള്‍ മുന്‍കൂട്ടി കണ്ടാവണം കവികള്‍ക്ക് തന്റെ റിപ്പബ്ളിക്കില്‍ ഇടമുണ്ടാവില്ലെന്ന് പ്ലേറ്റോ പറഞ്ഞത്.
Content Highlights: Political dreams of Justice Kamal Pasha and Kerala Politics | Vazhipokkan