കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദിവസം പനി പിടിച്ച് അവശനായിക്കിടക്കുമ്പോള്‍ ഭാര്യ  ഒരു ചോദ്യം ചോദിച്ചു.  '' നിങ്ങള്‍ക്ക് പനി പിടിച്ചപ്പോള്‍ ഞാന്‍ ലീവെടുത്ത് ഇവിടെയിരിപ്പുണ്ട്. എനിക്ക് പനി പിടിച്ചപ്പോള്‍ നിങ്ങള്‍ എന്നെങ്കിലും ലീവെടുത്തിട്ടുണ്ടോ? '' അതൊരു വല്ലാത്ത ചോദ്യമായിരുന്നു. ഒരു പുസ്തകം പോലും വായിക്കാനാവാതെ കിടക്കുകയായിരുന്നതുകൊണ്ട് ഭാര്യ അടുക്കളയിലേക്ക് പോയപ്പോഴും ആ ചോദ്യം തലയ്ക്കു മുകളില്‍ തൂങ്ങി നിന്നു. ലീവെടുത്തിട്ടില്ല എന്നുപറയാന്‍ കൂടുതലൊന്നും ആലോചിക്കേണ്ടിയിരുന്നില്ല. പക്ഷേ, അലട്ടിയത് , അസ്വസ്ഥമാക്കിയത് ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ ഒരിക്കല്‍പോലും ബോധവാനായിരുന്നില്ലല്ലോ എന്ന തിരിച്ചറിവാണ്. പുരുഷാധിപത്യം അല്ലെങ്കില്‍ പാട്രിയാര്‍ക്കി എന്നു പറയുന്നത് ഇത്രമാത്രം നമ്മുടെ ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ഈ കലര്‍പ്പ്  പാലും വെള്ളവും പോലെ സ്വാഭാവികമല്ലെന്നും അതില്‍ അധികാരത്തിന്റെ  സാന്നിദ്ധ്യമുണ്ടെന്നും അറിയുമ്പോഴാണ് ജീവിതത്തില്‍ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന അലമ്പുകളുടെ ആഴവും പരപ്പും നമ്മളെ അമ്പരപ്പിക്കുന്നത്. ഭാര്യ അടുക്കളയില്‍ പണിയെടുക്കുമ്പോള്‍ അലക്കും മുറ്റമടിയും ചെയ്യേണ്ടത് ധാര്‍മ്മിക ഉത്തരവാദിത്തമാണെന്ന ബോധോദയമുണ്ടായത് അന്നാണ്.

ഇന്നിപ്പോള്‍ ഇക്കാര്യം ഓര്‍ക്കാന്‍ കാരണം പ്രധാനമന്ത്രി മോദിയുടെ ആശയമാണ്. സാമൂഹിക മാധ്യമങ്ങളില്‍ തനിക്കുള്ള അക്കൗണ്ടുകള്‍ ഇന്നത്തെ ദിവസം സ്ത്രീകള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് പ്രധാനമന്ത്രി. ട്വിറ്ററും ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമുമൊക്കെ വിട്ടെറിഞ്ഞുപോയെങ്കിലോ എന്ന ചിന്തയാണ് ആദ്യം അദ്ദേഹത്തിനുണ്ടായത്. പിന്നെയെന്തോ ഉള്‍വിളി പോലെ അദ്ദേഹം അങ്ങിനെയൊരു അറ്റകൈ പ്രയോഗം വേണ്ടെന്നു വെച്ചു. വലിയൊരു പ്രതിസന്ധിയില്‍ നിന്ന് നാടും നാട്ടുകാരും രക്ഷപ്പെടുകയും ചെയ്തു.

അഞ്ച് കോടി 33 ലക്ഷം പേര്‍ മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ വ്യാജരെത്ര, ശരിക്കുള്ളവരെത്ര എന്ന ചോദ്യവുമായി ആരും മെക്കിട്ടുകയറാന്‍ വരരുത്. മോദിജിയുടെ ജനപ്രീതിയെക്കുറിച്ച് തരിമ്പെങ്കിലും വിവരമുള്ളവര്‍ ചോദിക്കേണ്ട ചോദ്യമല്ലിത്. ഫെയ്സ്ബുക്കില്‍ 4.4 കോടിയാണ് മോദിജിയെ ഉറ്റുനോക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മൂന്നരക്കോടിയും മോദിജിയുടെ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നുണ്ട്. ഈ ഇടങ്ങളാണ് ഒരു ദിവസമെങ്കില്‍ ഒരു ദിവസം മോദിജി  നാട്ടിലെ സ്ത്രീകള്‍ക്കായി വിട്ടുകൊടുക്കുന്നത്. ദേശസ്നേഹികള്‍ക്കും വനിതാശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതില്‍പരം സന്തോഷം വേറെയുണ്ടാവുമെന്നു തോന്നുന്നില്ല.

ഈ ഘട്ടത്തില്‍ ഒരു ചെറിയ സംശയം പങ്കുവെയ്ക്കുന്നത് മോദിജിയുടെ ആരാധകര്‍ ക്ഷമിക്കുമെന്ന് കരുതുന്നു. ഇതുപോലൊരു നല്ല ദിവസം ചില അല്ലറ ചില്ലറ തോന്നിവാസങ്ങള്‍ മറന്നില്ലെങ്കിലും പൊറുക്കുന്നതിനുള്ള വിശാല മനസ്സ് ഭക്തജനങ്ങള്‍ക്കുണ്ടാവുമെന്ന ഉത്തമബോദ്ധ്യത്തിലാണ് ഈ സംശയം മുന്നോട്ടുവെയ്ക്കുന്നത്. പ്രചോദിപ്പിക്കുന്ന കഥകള്‍ പങ്കുവെയ്ക്കണമെന്നാണ് മോദിജി സ്ത്രീകളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.  ഈ അടുത്തകാലത്ത് ഇന്ത്യ കണ്ട സ്ത്രീകളുടെ ഏറ്റവും വലിയ മുന്നേറ്റം മോദിജിയുടെ കണ്‍മുന്നില്‍ തന്നെയുണ്ട് - ഷഹീന്‍ബാഗ് . ഇതു പോലൊരു പ്രചോദനം അടുത്തെങ്ങും മറ്റൊരിടത്തു നിന്നുമുണ്ടായിട്ടില്ലെന്നാണ് നിരവധി പേര്‍ വിലയിരുത്തിയിട്ടുള്ളത്. മുസ്ലിം സമുദായത്തിലെ തന്നെ അധികാര ഘടനയെ ചോദ്യം ചെയ്യുന്ന മുന്നേറ്റമാണിത്. മൗലവിമാരെയും പുരുഷന്മാരെയും മാറ്റി നിര്‍ത്തി സ്ത്രീകള്‍ നടത്തുന്ന സമരം.

ഇത്രയും വലിയൊരു സമരം നയിക്കുന്നവരുമായി ഇതുവരെ ഒരു തവണപോലും ആശയവിനമിയത്തിന് പ്രധാനമന്ത്രി തയ്യാറായിട്ടില്ല. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാണ് ഷഹീന്‍ബാഗ് ആവശ്യപ്പെടുന്നത്. ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയുടെ പ്രശ്നമേ ഉദിക്കുന്നില്ലെന്നാണ് മോദിജിയും അമിത്ജിയും പറയുന്നത്.  ട്വിറ്ററും എഫ്ബിയും സ്ത്രീകള്‍ക്ക് കൈമാറുമ്പോള്‍ ഷഹീന്‍ബാഗിന് ഇടം കിട്ടുമോയെന്നത് ഒരു മണ്ടന്‍ ചോദ്യമാണ്. മോദിജിയെ പ്രചോദിപ്പിക്കാന്‍ ഹഹീന്‍ബാഗിനായിട്ടില്ല. എന്തുകൊണ്ടായിരിക്കണം ഇത്തരമൊരു സമരം രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഉത്തേജിതനാക്കാത്ത്? എന്തുകൊണ്ടാണ് ഈ സമരക്കാരുമായി സംസാരിക്കാന്‍ അദ്ദേഹം തയ്യാറാവാത്തത്? സാമൂഹിക മാദ്ധ്യമങ്ങള്‍ തുറന്നിടുമ്പോഴും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ വാതിലുകള്‍ എന്തുകൊണ്ട് ചിലര്‍ക്കു നേരെ അടഞ്ഞുകിടക്കുന്നു എന്ന ചോദ്യവും കാണാതിരിക്കാനാവില്ല.

യോഗവും ധ്യാനവും ശീലിക്കണമെന്ന്  മോദിജി ആവശ്യപ്പെടുന്നുണ്ട്. ഇവയൊക്കെ ഉള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്ന സംഗതികളാണെന്നാണ് ആര്‍ഷഭാരതീയര്‍ പറയുന്നത്. അതിനെയൊന്നും ചോദ്യം ചെയ്യേണ്ട കാര്യമില്ല. പക്ഷേ, ഇടയ്െക്കങ്കിലും ഒന്ന് പുറത്തേക്ക് കൂടി നോക്കേണ്ടതല്ലേ? ഉള്ളിന്റെയുള്ളില്‍ നിന്നു മാത്രമല്ല പുറത്തു നിന്നുകൂടിയാണ് സമാധാനം വരുന്നത്. പുറത്തൊരു ശബ്ദം കേള്‍ക്കുമ്പോള്‍ വാതിലിന്റെ താഴ് ശരിക്കുമടച്ചിട്ടില്ലേ എന്നല്ല ആ താഴൊന്നു തുറന്ന് പുറത്തേക്കിറങ്ങി എവിടെ നിന്നാണ് ആ ബഹളം വരുന്നതെന്ന് നോക്കുകയും ആ ബഹളം ഇല്ലാതാക്കാന്‍ നമുക്കെന്താണ് ചെയ്യാനാവുക എന്ന് അന്വേഷിക്കുകയും ചെയ്യുമ്പോള്‍ കൂടിയാണ് സമാധാനം സൃഷ്ടിക്കപ്പെടുക. ഈ വനിതാദിനത്തില്‍ മോദിജി ഒന്ന് ഷഹീന്‍ബാഗിലേക്ക് പോയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോവുന്നത് അതുകൊണ്ടുകൂടിയാണ്.

content highlights: PM Narendra Modi should also consider Shaheen Bagh while conveying women's day wishes