ക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയവേദികളില്‍നിന്ന് ഉയരുന്ന ഒരു ചിത്രം ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ കേരളത്തിലെ ഒന്നാം നമ്പര്‍ നേതാവുമായ പിണറായി വിജയന്‍ നടത്തുന്ന പോരാട്ടമാണത്. ജില്ലകളില്‍നിന്ന് ജില്ലകളിലേക്കും വേദികളില്‍നിന്ന് വേദികളിലേക്കും സഞ്ചരിച്ച് പിണറായി  സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും പോരാട്ടം നയിക്കുകയാണ്. 

ഒരു നേതാവ് ഒരു പാര്‍ട്ടി എന്ന ചിത്രമാണത്. ഈ പോരാട്ടം എല്ലാ അര്‍ത്ഥത്തിലും പിണറായിയുടേതാണ്. സി.പി.എമ്മിനും ഇടതുമുന്നണിക്കും കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാ തലത്തിലും നിര്‍ണ്ണായകവും സുപ്രധാനവുമായ ഈ തിരഞ്ഞെടുപ്പില്‍ സകല ഉത്തരവാദിത്തവും സ്വയം വഹിച്ച് പിണറായി നടത്തുന്ന പോരാട്ടം ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും അവഗണിക്കാനാവില്ല. 

അടുത്തിടെ ഉയര്‍ന്നു വന്ന വിവാദങ്ങളും സി.പി.എം. അവയെ നേരിടുന്ന രീതിയും നോക്കിയാല്‍ ഇക്കാര്യത്തില്‍ കുറച്ചു കൂടി തെളിച്ചം കിട്ടും. ഉദാഹരണത്തിന് ആര്‍.എസ്.എസ്. സൈദ്ധാന്തികന്‍ ബാലശങ്കര്‍ പൊട്ടിച്ച ബോംബ് നോക്കുക. കോന്നിയില്‍ ജയിക്കാന്‍ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്‍ സി.പി.എമ്മുമായി ഡീലുണ്ടാക്കിയിട്ടുണ്ടെന്നും അതിന്റെ ബലിയാടാണ് താനെന്നുമാണ് ബാലശങ്കര്‍ പറഞ്ഞത്.

തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇത്തരം വെളിപ്പെടുത്തലുകള്‍ ഏത് പാര്‍ട്ടിയേയും പിടിച്ചുകുലുക്കുമെന്നതില്‍ സംശയമില്ല. ഒരേ സമയം ബി.ജെ.പിയേയും സി.പി.എമ്മിനേയും ഉലയ്ക്കുന്ന ആരോപണമാണ് ബാലശങ്കര്‍ ഉയര്‍ത്തിയത്. സ്വാഭാവികമായും ഈ വിവാദത്തില്‍ സി.പി.എമ്മിന്റെ പ്രതിരോധ കേന്ദ്രം പിണറായി ആയിരിക്കും. പക്ഷേ, പാര്‍ട്ടിക്കുള്ളിലെ തല മുതിര്‍ന്ന മറ്റ് നേതാക്കള്‍ എവിടെയാണ്? എവിടെയാണ് തോമസ് ഐസക്ക്? എവിടെയാണ് ജി. സുധാകരന്‍? എവിടെയാണ് പി. ജയരാജന്‍? ഈ ചോദ്യങ്ങള്‍ക്കുത്തരം തേടിയുള്ള അന്വേഷണമാണ് നമ്മളെ കാമരാജ് പദ്ധതിയിലേക്ക് കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ  ഇനിയല്‍പം ചരിത്രമാവാം.

കുമാരസ്വാമി കാമരാജ് എന്ന കെ. കാമരാജിനെപ്പോലെ മറ്റൊരു പ്രസിഡന്റ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. പിതാവ് മരിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവാതെ വീട് പുലര്‍ത്താന്‍ അമ്മയ്െക്കാപ്പം പണിയെടുക്കാന്‍ പോകേണ്ടി വന്ന പയ്യനാണ് പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിങ്മേക്കറായി വളര്‍ന്നത്. 1963-ല്‍ കോണ്‍ഗ്രസിനുള്ളില്‍ കാമരാജ് നടപ്പാക്കിയ പരിപാടിയാണ് കാമരാജ് പദ്ധതി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ മാവോ നടപ്പാക്കിയ സാംസ്‌കാരിക വിപ്ലവത്തിന്റെ മൃദുരൂപം. 

അധികാരത്തിന്റെ പച്ചപുല്‍ത്തകിടികളില്‍ മേഞ്ഞിരുന്നവരെ  ഒരു സുപ്രഭാതത്തില്‍ പാടത്തും പറമ്പിലും പണിയെടുക്കാന്‍ പറഞ്ഞുവിട്ട് തനിക്കെതിരെയുള്ള സമസ്ത കലാപങ്ങള്‍ക്കും വിരാമമിടുകയാണ് സാംസ്‌കാരിക വിപ്ലവത്തിലൂടെ മാവോ ചെയ്തത്. കോണ്‍ഗ്രസിനുള്ളിലെ ശുദ്ധികലശത്തിന് കാമരാജിന് പിന്തുണ നല്‍കിയത് പ്രധാനമന്ത്രി നെഹ്‌റുവായിരുന്നു. കാമരാജ് അന്ന് തമിഴ്നാട് മുഖ്യമന്ത്രിയാണ്. 1962-ല്‍ ചൈനയില്‍നിന്നേറ്റ പ്രഹരത്തില്‍ നെഹ്‌റുവും കോണ്‍ഗ്രസും ഉലഞ്ഞു നില്‍ക്കുന്ന സമയം. 

അതുവരെയുള്ള പൊതു തിരഞ്ഞെടുപ്പുകളിലൊന്നും നെഹ്‌റുവിന്റെ നേതൃത്വം കാര്യമായി ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. പക്ഷേ, ചൈനയുമായുള്ള യുദ്ധം കളിയുടെ ദിശയും ഗതിയും മാറ്റി. പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോന്‍ രാജിവെയ്ക്കുന്നില്ലെങ്കില്‍ നെഹ്‌റു തന്നെ പോകേണ്ടി വരുമെന്ന വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിനുള്ളില്‍ ആളുണ്ടായി. ഇതേസമയത്താണ് മൂന്നു സുപ്രധാന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ആചാര്യ കൃപലാനിയും റാം മനോഹര്‍ ലോഹ്യയും മിനു മസാനിയും ലോക്സഭയിലേക്കെത്തിയത്. 

നെഹ്‌റുവിനു ശേഷം ആരെന്ന ചോദ്യം രാജ്യം കേട്ടു തുടങ്ങുകയായിരുന്നു. ഭരണത്തിനുള്ളിലും പാര്‍ട്ടിക്കുള്ളിലും പിടി മുറുക്കുക നെഹ്‌റുവിനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാന്‍ ആവുമായിരുന്നില്ല. ഇവിടെയാണ് കാമരാജ് രംഗപ്രവേശം ചെയ്തത്. പാര്‍ട്ടിക്ക് പുതിയൊരു മുഖച്ഛായ നല്‍കുന്നതിന് അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആ പദവികള്‍ ത്യജിക്കണമെന്നും എന്നിട്ട് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുകണമെന്നുമായിരുന്നു കാമരാജ് പദ്ധതിയുടെ കാതല്‍.

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുകൊണ്ട് കാമരാജ് തന്നെ ഈ കലപാരിപാടിക്ക് തുടക്കമിട്ടു. പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കുകയാണെന്ന് നെഹ്‌റുവും പറഞ്ഞു. അത് കാമരാജ് അപ്പൊഴേ തള്ളി. നെഹ്‌റു അമരത്തില്ലാത്ത ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ ആലോചിക്കാന്‍ ആവില്ലെന്നായിരുന്നു കാമരാജിന്റെ പക്ഷം.  നെഹ്‌റുവിനെതിരെ നിലയുറപ്പിച്ചിരുന്നവര്‍ക്ക് പോലും കാമരാജിന്റെ ഈ വാദം തള്ളാനാവുമായിരുന്നില്ല. 

തുടര്‍ന്ന് രാജികളുടെ ്രപവാഹമുണ്ടായി. മൊറാര്‍ജി ദേശായിയും  ലാല്‍ബഹാദൂര്‍ ശാസ്ത്രിയും ജഗ്ജീവന്‍ റാമും അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ബിഹാര്‍, കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കമുള്ള മുഖ്യമന്ത്രിമാരും രാജിവെച്ചു. ഈ രാജികളെല്ലാം അംഗീകരിക്കപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ വകുപ്പില്ലാ മന്ത്രിയായി ശാസ്ത്രിയെ മാത്രം നെഹ്‌റു ക്യാബിനറ്റിലേക്ക് തിരികെ ക്കൊണ്ടുവന്നു.

Pinarayi
പിണറായി വിജയന്‍ | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി

നെഹ്രുവിന്റെ പിന്‍ഗാമിയെന്ന തലത്തിലേക്ക് ശാസ്ത്രിയുടെ ആദ്യ ചുവടുവെയ്പായിരുന്നു അത്. അതേ വര്‍ഷം തന്നെ കാമരാജ് കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതല ഏല്‍ക്കുകയും ചെയ്തു. ഭരണകൂടത്തിലും പാര്‍ട്ടിയിലും തനിക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയ സകലരേയും ഒറ്റയടിക്ക് ഒതുക്കാന്‍ നെഹ്‌റുവിനെ സഹായിച്ചത് കാമരാജ് പദ്ധതിയായിരുന്നു. മുഖ്യമായും രണ്ട് ഫലങ്ങളാണ് കാമരാജ് പദ്ധതിക്കുണ്ടായത്. നെഹ്‌റുവിന്റെ പിന്‍ഗാമിയായി ശാസ്ത്രി വന്നു. നെഹ്‌റുവിന്റെ വിയോഗത്തോടെ ഭരണകൂടത്തിനു മേല്‍ പാര്‍ട്ടിയുടെ പിടി ശക്തമായി. പിന്നീട് ഇന്ദിരയുടെ കാലത്താണ് ഈ അവസ്ഥ മാറിമറിഞ്ഞത്. 

ഇനിയിപ്പോള്‍ നമുക്ക് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് വരാം. സി.പി.എമ്മില്‍ പിണറായി നടപ്പാക്കിയ കാമരാജ് പദ്ധതിയുടെ ഭാഗമായാണ് ഐസക്കും സുധാകരനും പി. ജയരാജനും ഒഴിവാക്കപ്പെട്ടത്. പാര്‍ട്ടിക്കുള്ളിലും ഭരണകൂടത്തിലും പിണറായിക്കെതിരെ ഉയര്‍ന്ന വെല്ലുവിളികള്‍ അത്രയും ഒറ്റയടിക്ക് ഇല്ലാതാക്കുന്നതിനുള്ള  നീക്കമായിരുന്നു രണ്ട് തവണയില്‍ കൂടുതല്‍ ജയിച്ച ഒരാള്‍ക്കും ഈ തിരഞ്ഞെടുപ്പില്‍ ടിക്കറ്റില്ല എന്ന സി.പി.എം. നയം. ഒരേയൊരാള്‍ മാത്രം ഈ നയത്തിന് അപവാദമായി. നെഹ്‌റു മാത്രം രാജി വെയ്ക്കേണ്ടെന്ന കാമരാജ് പദ്ധതിയുടെ തനിയാവര്‍ത്തനം. 

ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ സി.പി.എമ്മിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരാളേയുള്ളു. പിണറായി വിജയന്‍. ഇക്കഴിഞ്ഞ വര്‍ഷം സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം രണ്ടു കാര്യങ്ങളിലാണ് പിണറായിയെ തിരുത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തുടരുന്നതിലും സംസ്ഥാന പോലിസ് നിയമ ഭേദഗതിയിലും. വേണ്ടി വന്നാല്‍ ഇടപെടാനാറിയാം എന്ന് പിണറായിയോട് സീതാറാം യെച്ചൂരി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച രണ്ട് സന്ദര്‍ഭങ്ങള്‍. ഇതൊരു മുന്നറിയിപ്പായിരുന്നു. 

നിലവില്‍ സി.പി.എമ്മിന്റെ ആത്മാവ് കേരളത്തിലാണ്. പാര്‍ട്ടിയുടെ പ്രധാന വരുമാന സ്രോതസ്സും കേരളമാണ്. പാര്‍ട്ടിക്ക്  ചെല്ലിനും ചെലവിനും കൊടുക്കുന്നത് കേരളമാണ് എന്നര്‍ത്ഥം. കേരളത്തില്‍ തുടര്‍ഭരണം സാദ്ധ്യമായാല്‍ അതിന്റെ അമരത്ത് പിണറായി തന്നെയുണ്ടാവും എന്നുറപ്പു വരുത്തുന്ന നീക്കമാണ് ഇത്തവണത്തെ സി.പി.എം. സ്ഥാനാര്‍ത്ഥി പട്ടിക. കാമരാജ് പദ്ധതിയുടെ സി.പി.എം. രൂപം.

കോണ്‍ഗ്രസിനുള്ളില്‍ ഒരു രണ്ടാം നിര നേതൃനിരയെ ഉയര്‍ത്തിക്കൊണ്ടുവന്നതും നെഹ്‌റുവിന്റെ പിന്‍ഗാമിയായി ശാസ്ത്രി വരുന്നതിനുള്ള കളമൊരുക്കിയതും കാമരാജ് പദ്ധതിയാണ്. സി.പി.എമ്മില്‍  പിണറായിയുടെ പിന്‍ഗാമി ആര് എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമില്ല. പക്ഷേ, അടുത്ത അഞ്ചു കൊല്ലങ്ങളില്‍ അതിനുള്ള പരിസരമുയരുന്നതിനുള്ള സാദ്ധ്യത തീര്‍ച്ചയായുമുണ്ട്. എം.വി. ഗോവിന്ദനും എ. വിജയരാഘവനും കെ.കെ. ശൈലജയും  ഇ.പി. ജയരാജനും എം.വി. ജയരാജനുമൊക്കെ ഉള്‍പ്പെട്ട ഒരു രണ്ടാം നിര പതുക്കെ സജീവമാവുന്നുണ്ട്. ഇവരെല്ലാവരും പിണറായിയുടെ വിശ്വസ്തരും വിധേയരുമാണ്. സി.പി.എമ്മിന് തുടര്‍ഭരണം കിട്ടിയാല്‍ പാര്‍ട്ടിയിലും ഭരണത്തിലും സുപ്രധാന സ്ഥാനങ്ങളില്‍ ഇവരുണ്ടാവും.

പക്ഷേ, നിലവില്‍ പോരാട്ടത്തിന്റെ നായകന്‍ പിണറായിയാണ്, പിണറായി മാത്രമാണ്. പിണറായിയെ അടുത്തറിയാവുന്നവര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം പിണറായിയുടെ കരുതലും ജാഗ്രതയുമാണ്. ഈണിലും ഉറക്കത്തിലും ഉണര്‍ന്നിരിക്കുന്ന ഒരു മനസ്സാണ് പിണറായിയുടേതെന്നാണ് വര്‍ഷങ്ങളോളം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒരു ജീവനക്കാരന്‍ ഒരു സംഭാഷണത്തില്‍ പറഞ്ഞത്. സ്വര്‍ണ്ണമായാലും ലൈഫായാലും സ്പ്രിങ്ക്ളറായാലും വിവാദങ്ങളുടെ കുന്തമുന ആത്യന്തികമായി പിണറായിയെ വീഴ്ത്താതിരുന്നതിനു പിന്നില്‍ തീര്‍ച്ചയായും ഈ ജാഗ്രതയുടെ പങ്ക് നിഷേധിക്കാനാവില്ല. 

പക്ഷേ, കൂട്ടായ നേതൃത്വം എന്ന ജനാധിപത്യ കാഴ്ചപ്പാട് ഈ പദ്ധതിയിലില്ല. ഇതിന്റെ ഒരു പ്രശ്നം ഇരുതലമൂര്‍ച്ചയുള്ള  കായംകുളം വാളാണ് ഇതെന്നതാണ്. ഈ തിരഞ്ഞെടുപ്പില്‍ സി.പി.എം. ജയിച്ചാല്‍ അതിന് ഒരേയൊരവകാശിയേ ഉണ്ടാവുകയുള്ളു. മറിച്ചായാലും അതങ്ങിനെയായിരിക്കും. പിണറായിയല്ലാതെ മറ്റൊരു ക്രൗഡ് പുള്ളര്‍ ഇക്കുറി സി.പി.എമ്മിനില്ല. 

അപ്പുറത്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുരളീധരനുമൊക്കെയടങ്ങുന്ന നേതാക്കളുടെ കൂട്ടവും ആരവവുമാണ്. അവസാന ലാപ്പില്‍ രാഹുലും പ്രിയങ്കയുമെത്തുന്നതോടെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ഓളം ഒന്നൊന്നര ഓളമായിരിക്കും. ഗ്രൂപ്പും ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുമൊക്കെയായി തമ്മിലടിച്ചു നില്‍ക്കുന്നതിനിടയിലും കോണ്‍ഗ്രസ് അവതരിപ്പിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥികള്‍ മോശക്കാരല്ല. കിറ്റും പെന്‍ഷനും സൃഷ്ടിച്ചിട്ടുള്ള മാജിക്കും പിണറായിയുടെ നേതൃത്വവും പാര്‍ട്ടിയുടെ സംഘടനാ സംവിധാനവുമാണ് ഇതിന് സി.പി.എം. ഉയര്‍ത്തുന്ന ബദല്‍. 

പിണറായിയുടെ കാമരാജ് പദ്ധതിയാണ് ഈ ബദലിന്റെ അടിത്തറ. കോണ്‍ഗ്രസിന് പുതിയ മുഖം നല്‍കിയത് കാമരാജ് പദ്ധതിയാണ്. സി.പി.എമ്മിന്റെ കാര്യത്തില്‍ എന്താണുണ്ടാവുകയെന്ന് മെയ് രണ്ടിനറിയാം.

വഴിയില്‍ കേട്ടത്:  വി. മുരളീധരന്റെയും കെ. സുരേന്ദ്രന്റെയും പുച്ഛം ബി.ജെ.പിയുടെ രോഗലക്ഷണമെന്ന് ബാലശങ്കര്‍. ലക്ഷണം ഇവരാണെങ്കില്‍ രോഗം ആരായിരിക്കും?

Content Highlights: Pinarayi Vijayan, Jawaharlal Nehru and Kamaraj Project | Vazhipokkan