മ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വ്രണിതരാണ്. പുതിയ ഡി.സി.സി. പ്രസിഡന്റുമാരിൽ തങ്ങൾ ആഗ്രഹിച്ചവർ കുറഞ്ഞുപോയിരിക്കുന്നു. കെ. സുധാകരനും വി.ഡി. സതീശനും ആഹ്ലാദം മറച്ചുവെയ്ക്കുന്നില്ല. പ്രതികാരം ആരുടെയും കുത്തകയല്ലെന്ന് അവരുടെ വാക്കുകൾ വ്യക്തമാക്കുന്നു. കോൺഗ്രസ് പഴയ കോൺഗ്രസ് അല്ലെന്നാണ് അവർ പറയുന്നത്. 

വാസ്തവത്തിൽ കോൺഗ്രസ് മാറിയിട്ടുണ്ടോ? ഒതുക്കി അരികിലേക്ക് മാറ്റി നിർത്തപ്പെട്ടപ്പോഴും തോമസ് ഐസക്കും ജി. സുധാകരനും പി. ജയരാജനും ഒന്നും പറയാതിരിക്കുന്ന ഒരു പാർട്ടിയാണ് കോൺഗ്രസിന്റെ നേർ എതിരായി നിൽക്കുന്നത്. സി.പി.എമ്മിലെ 'അച്ചടക്കം' കാണുമ്പോൾ കോൺഗ്രസ് അരാജകവാദികളുടെ കൂട്ടമാണെന്ന് തോന്നിയേക്കും. പക്ഷേ, കോൺഗ്രസ് ഇതിനു മുമ്പും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. എത്രയോ പൊട്ടിത്തെറികൾ, എത്രയോ ബഹളങ്ങൾ...! ഇന്നിപ്പോൾ ഇന്ത്യയിലുള്ള മിക്കവാറും പ്രാദേശിക പാർട്ടികൾ ഈ പൊട്ടിത്തെറികളുടെ സൃഷ്ടികളാണ്.

കാമ്പും കാതലും മാറുന്നുണ്ടോ എന്നാണ് നോക്കേണ്ടത്? കേരളത്തിലെ 14 ജില്ലകൾക്ക് പുതിയ കോൺഗ്രസ് പ്രസിഡന്റുമാരുണ്ടാവുമ്പോൾ അതിൽ ആശാവഹമായ മാറ്റം എന്താണുള്ളതെന്നാണ് നോക്കേണ്ടത്. ഉമ്മൻചാണ്ടിയുടെ നോമിനിക്ക് പകരം കെ.സി. വേണുഗോപാലിന്റെ നോമിനി വരുന്നുവെന്നത് മാറ്റമല്ല. അതൊരു തുടർച്ചയാണ്. കെട്ടിക്കിടക്കുന്ന വെള്ളം ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. പുതിയ കപ്പൽച്ചാലുകൾ തുറന്നെടുക്കുമ്പോഴാണ് പുതിയ വൻകരകൾ കണ്ടെത്തുന്നത്. എത്രയോ കാലമായി അജ്ഞാതവും അദൃശ്യവുമായി തുടരുന്ന വൻകരകൾ.

1947 മെയ് 31-ന് ഇത്തരമൊരു വൻകരയെക്കുറിച്ചാണ് ഗാന്ധിജി സംസാരിച്ചതെന്ന് അദ്ദേഹത്തിന്റെ പേരക്കിടാവും മുൻ ബംഗാൾ ഗവർണ്ണറുമായ ഗോപാൽകൃഷ്ണ ഗാന്ധി ഒരു ലേഖനത്തിൽ എഴുതിയിരുന്നു. രണ്ടു കൊല്ലം മുമ്പ് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച സന്ദർഭത്തിലായിരുന്നു ആ ലേഖനം. ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഗാന്ധിജി പറഞ്ഞത് ചക്രയ്യയെക്കുറിച്ചാണ്. 

ആന്ധ്രപ്രദേശിലെ ഒരു കോൺഗ്രസ് പ്രവർത്തകനായിരുന്നു ചക്രയ്യ. അതിനുമപ്പുറത്ത് ചക്രയ്യ ഒരു ദളിതനായിരുന്നു. ചക്രയ്യയുടെ മരണത്തിൽ സങ്കടപ്പെട്ടുകൊണ്ട് ഗാന്ധിജി പറഞ്ഞത് ഇതാണ്: ''ഇന്ത്യൻ  റിപ്പബ്ലിക്കിന് ആദ്യ രാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ട സമയം വന്നിരിക്കുന്നു. ചക്രയ്യ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കുമായിരുന്നു.''

അജ്ഞാതവും അദൃശ്യവുമായ വൻകരയുടെ പ്രതിനിധിയായിരുന്നു ചക്രയ്യ. ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ദളിതൻ എന്ന ഗാന്ധിജിയുടെ ആഗ്രഹം സാക്ഷാത്ക്കരിക്കപ്പെടുന്നത് 56 കൊല്ലങ്ങൾക്ക് ശേഷം 1997-ൽ കെ.ആർ. നാരായണനിലൂടെയാണ്. രാഷ്ട്രപതി സ്ഥാനം ഇന്ത്യയിൽ പ്രതീകാത്മകമാണ്. അധികാരം പ്രധാനമന്ത്രിയിലാണ്. എന്തുകൊണ്ട് ഇന്ത്യയ്ക്ക് ഇന്നു വരെ ഒരു ദളിത് പ്രധാനമന്ത്രിയുണ്ടായിട്ടില്ല എന്ന ചോദ്യം അതുകൊണ്ടു തന്നെ പ്രസക്തവുമാണ്. ഇവിടെയാണ് ഉമ്മൻചാണ്ടിയുടെ പരിഭവവും സുധാകരന്റെ വിജയവും അശ്ലീലമാവുന്നത്.

പുതിയ ഡി.സി.സി. പ്രസിഡന്റുമാരിൽ ദളിതരോ സ്ത്രീകളോ ഇല്ല. രണ്ട് വൻകരകളുടെ അഭാവമാണിത്. ഈ അഭാവത്തെക്കുറിച്ചല്ല തങ്ങളുടെ ശിങ്കിടികൾക്ക് അധികാരത്തിലെത്താനാവാത്തതിലാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും പ്രതിഷേധിക്കുന്നത്. അപ്പുറത്ത് വേണുഗോപാലിനും സുധാകരനും സതീശനും ഈ വൻകരകളെക്കുറിച്ച് വേവലാതികളില്ല. തങ്ങളുടെ വിധേയരും വിശ്വസ്തരും ഒരു കരപറ്റിയല്ലോ എന്ന ചിന്തയുടെ ആശ്വാസത്തിലാണവർ. ചെറിയ മനുഷ്യർ  ചെറിയ ലോകങ്ങളിൽ അഭിരമിക്കുന്നു. അവർ കാണേണ്ടത് കാണുന്നില്ല, കേൾക്കേണ്ടത് കേൾക്കുന്നില്ല. കാലത്തിന്റെ ചുവരെഴുത്തുകൾക്ക് പുറംതിരിഞ്ഞാണ് അവർ നിൽക്കുന്നത്.

എന്തുകൊണ്ട് ഷാനിമോൾ ഉസ്മാനെ പ്രസിഡന്റാക്കിയില്ല എന്ന് ആരും ചോദിക്കുന്നില്ല. എന്തുകൊണ്ട് ബിന്ദു കൃഷ്ണയെ കൊല്ലം ഡി.സി.സിയുടെ തലപ്പത്ത് നിലനിർത്തിയില്ല എന്ന ചോദ്യവും ഉയരുന്നില്ല. എന്തുകൊണ്ട് എം.ജി. കണ്ണനും കെ.കെ. ഷാജുവും താക്കോൽ സ്ഥാനങ്ങളിലെത്തുന്നില്ലെന്നും ചോദ്യമില്ല. വല്ലാത്തൊരു നിശ്ശബദ്തയാണിത്. വെറും മൗനമല്ല, കുറ്റകരമായ മൗനം. 

ലതിക സുഭാഷിന് നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ പരിഹാരമുണ്ടാവുമെന്ന് പറഞ്ഞ നേതാക്കൾ ഇപ്പോൾ നിശ്ശബ്ദരാണ്. കോൺഗ്രസ് ആസ്ഥാനത്ത് ഇനിയും സ്ത്രീകൾ തല മുണ്ഡനം ചെയ്യട്ടേ എന്നാവാം ഇവർ കരുതുന്നത്. പാർട്ടിയിൽ അധികാരത്തിലേക്കുള്ള വലിയൊരു ചവിട്ടുപടിയാണ് ഡി.സി.സി. പ്രസിഡന്റ് സ്ഥാനം. അവിടെ ദളിതരും സ്ത്രീകളും നിരാകരിക്കപ്പെടുന്നു എന്നത് ഒരിക്കലും അംഗീകരിക്കനാവില്ല.

കോൺഗ്രസിലെ ഉൾപാർട്ടി ജനാധിപത്യം മിക്കപ്പോഴും തമാശയാണ്. നെഹ്‌റു കുടുംബത്തിനെതിരെ വിമർശമുയരുന്നതോടെ അവസാനിക്കുന്ന ജനാധിപത്യമാണിത്. കോൺഗ്രസിൽ പാർട്ടി എന്ന് പറഞ്ഞാൽ നെഹ്‌റു കുടുംബമാണ്. കുടുംബത്തിനെതിരെ തിരിയുന്നവർക്ക് ആ പാർട്ടിയിൽ ഇടമില്ല. 

ഇന്ദിരയ്ക്കെതിരെ തിരിഞ്ഞ കെ. കാമരാജ് പോലും ഒതുക്കപ്പെട്ട ചരിത്രമുള്ള പാർട്ടിയാണത്. സോണിയയ്‌ക്കെതിരെ നീങ്ങിയ കെ. കരുണാകരനും മകൻ മുരളീധരനും ഒതുക്കപ്പെട്ടതും മറക്കാനാവില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചെന്നിത്തല നടത്തിയ ഒരു പരാമർശം ഈ ഘട്ടത്തിൽ ഓർക്കണം. രാഹുൽ ഗാന്ധി പ്രാദേശിക വിഷയങ്ങളിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. പ്രാദേശിക കാര്യങ്ങളിൽ ചെന്നിത്തലയ്ക്കും വലിയ കാര്യമില്ലെന്നാണ് ഇപ്പോൾ പുതിയ ഡി.സി.സി. പ്രസിഡന്റുമാരിലൂടെ രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത്.

പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടും അനൗദ്യോഗിക പ്രസിഡന്റായി രാഹുൽ തുടരുന്നുവെന്നതാണ് മറ്റൊരു തമാശ. ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലാതെ അധികാരം കയ്യാളുന്ന കലാപരിപാടിയാണിത്. ഇതിലൊന്നും സതീശനോ സുധാകരനോ അഭിപ്രായമില്ല. അധികാരത്തിലിരിക്കുന്നവരോടാണ് പ്രതിഷേധിക്കേണ്ടത്. അധികാരമില്ലാത്തവരുടെ മേൽ കുതിര കയറാൻ ആർക്കുമാവും. ഒരു ജനകീയ പ്രസ്ഥാനമെന്ന നിലയിൽ വളരുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെങ്കിൽ പുതിയ ഭാരവാഹികളുടെ നിയമനം തീർച്ചയായും നിരാശപ്പെടുത്തുന്നു. നേരത്തെ പറഞ്ഞതുപോലെ രണ്ട് സുപ്രധാന വിഭാഗങ്ങളെ അവഗണിച്ചുകൊണ്ടുള്ള ഈ നിയമനപ്രക്രിയ പാർട്ടിയെ പിന്നോട്ടാണ് നടത്തുന്നത്.

ക്രൂശിക്കപ്പെട്ട ശേഷം ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ റോമിനടുത്തുവെച്ച് പത്രോസ് കണ്ടതായി ക്രൈസ്തവരുടെ ഇടയിൽ വിശ്വാസമുണ്ട്. പീഡനം പേടിച്ച് റോമിൽനിന്ന് ഒളിച്ചോടുന്നതിനിടയിലാണ് പത്രോസ് ക്രിസ്തുവിനെ കാണുന്നത്. കർത്താവേ അങ്ങെങ്ങോട്ടു പോവുന്നു എന്ന് പത്രോസ് ചോദിക്കുന്നു. വീണ്ടും ക്രൂശിക്കപ്പെടുന്നതിനായി ഞാൻ റോമിലേക്ക് പോവുന്നുവെന്നാണ് ക്രിസ്തു മറുപടി പറയുന്നത്. 

പീഡനങ്ങളിൽനിന്ന് ഒളിച്ചോടുകയല്ല അവയെ നേരിടുകയാണ് വേണ്ടതെന്ന ഉൾക്കാഴ്ചയാണ് ആ മറുപടി പത്രോസിന് നൽകിയത്. ചിലപ്പോൾ ഈ ദിവസങ്ങളിൽ സുധാകരനും സതീശനും ഗാന്ധിജിയെ സ്വപ്നം കണ്ടെന്നിരിക്കും. അങ്ങെവിടേക്കാണ് പോകുന്നതെന്ന് രണ്ടുപേരും ഗാന്ധിജിയോട് ചോദിച്ചേക്കും.  നിങ്ങൾ മറന്നുപോയ രണ്ടു വൻകരകൾ കണ്ടെടുക്കുന്നതിനായി ഞാൻ കേരളത്തിലേക്ക് പോവുകയാണെന്നാവും ഗാന്ധിജിയുടെ മറുപടിയെന്നതിൽ ഒരു സംശയവുമില്ല.

വഴിയിൽ കേട്ടത്:  നാഗ്പൂരെ ആസ്ഥാനെത്തത്തി ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവതുമായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചർച്ച നടത്തിയെന്ന് വാർത്ത. അവൻ വരും, അവനെ ചാത്തന്മാർ കൊണ്ടുവരും എന്ന് പറഞ്ഞത് ഈ കൂടിക്കാഴ്ചയെക്കുറിച്ചായിരുന്നോ?

Content Highlights: Oommen Chandy and K Sudhakaran; And different Islands in Congress Politics | Vazhipokkan