ഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ രസകരമാവുകയാണ്. നവംബര്‍ അഞ്ചിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍വെച്ച് അധികാരമേല്‍ക്കാനുള്ള ദേവേന്ദ്ര ഫഡ്നാവിസിന്റെ പദ്ധതി പാളിയേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തുനിന്ന് ഉയരുന്നത്. ശിവസേനയും ബിജെപിയും തമ്മിലുള്ള വിലപേശല്‍ ലക്ഷ്യം കാണുന്നില്ലെങ്കില്‍ ശരദ് പവാര്‍ കളത്തിലിറങ്ങാനുള്ള സാദ്ധ്യത ഏറെയാണ്. രാഷ്ട്രീയം സാദ്ധ്യതകളുടെ കലയാണെങ്കില്‍ ആ കളരിയില്‍ പയറ്റിത്തെളിഞ്ഞ ആശാനാണ് പവാര്‍. സാഹചര്യങ്ങള്‍ ഒത്തുവന്നിരുന്നെങ്കില്‍ മോദിക്കും മുമ്പേ ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തമായിരുന്ന നേതാവാണ് പവാര്‍ എന്ന കാര്യത്തില്‍ അമിത് ഷായ്ക്ക് പോലും സംശയമുണ്ടാവില്ല.

കഴിഞ്ഞ ദിവസം പവാര്‍ പറഞ്ഞൊരു കാര്യം സുപ്രധാനമാണ്. അയോധ്യ കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണം നീട്ടിക്കൊണ്ടു പോവാനാവില്ലെന്നാണ് പവാര്‍ പറഞ്ഞത്. ഫഡ്നാവിസോ ഉദ്ദവ് താക്കറെയോ അശോക് ചവാനോ അല്ല ശരദ് പവാര്‍ എന്നു തിരിച്ചറിയാന്‍ ഈ പ്രസ്താവന ഒന്നു മാത്രം മതി. കാഴ്ചപ്പാടിന്റെയും അനുഭവസമ്പത്തിന്റെയും സമന്വയം സ്ഫുരിക്കുന്ന നിരീക്ഷണമാണിത്. 

ഹിന്ദുത്വ തീവ്രവാദം രാജ്യത്ത് അലയടിച്ചപ്പോഴൊക്കെ മുംബൈ അതിന് കനത്ത വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ കോടതി വിധികളില്‍ ഒന്നാണ് അയോധ്യ കേസില്‍ വരിനിരിക്കുന്നത്. രാജ്യം അതീവ ആകാംക്ഷയോടും ഉത്കണ്ഠയോടുമാണ് ഈ വിധി കാത്തിരിക്കുന്നത്. വിധി വരുമ്പോള്‍ മഹാരാഷ്ട്ര പോലൊരു സംസ്ഥാനത്ത് ജനകീയ സര്‍ക്കാര്‍ ഇല്ലെങ്കില്‍ അതുയര്‍ത്തുന്ന പ്രതിസന്ധികള്‍  സങ്കീര്‍ണ്ണമായിരിക്കും.

ശരദ് പവാറിനെപ്പോലെ പരിണതപ്രജ്ഞനായ ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസക്തി ഏറെ വര്‍ദ്ധിച്ചിട്ടുള്ള രാഷ്ട്രീയ കാലാവസ്ഥയാണ് ഇന്നിപ്പോള്‍ മഹാരാഷ്ട്രയിലുള്ളത്. ഞായറാഴ്ച മിക്കവാറും ഡെല്‍ഹിയിലെത്തി പവാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ കണ്ടേക്കുമെന്ന് സൂചനയുണ്ട്. ബി.ജെ.പി. എന്ന മുഖ്യ ശത്രുവിനെ കൈകാര്യം ചെയ്യുന്നതിന് ശിവസേനയുമായി കൈകോര്‍ക്കണമോ എന്നത് തന്നെയായിരിക്കും പവാര്‍ - സോണിയ കൂടിക്കാഴ്ചയിലെ പ്രധാന വിഷയം. 

ഒരു പക്ഷെ, മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശരദ് പവാര്‍ തിരിച്ചെത്തുന്ന കാഴ്ചയാവും വാങ്കഡെ സ്റ്റേഡിയവും രാജ്യവും കാണുക. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ സമവാക്യം അംഗീകരിക്കുമ്പോള്‍ ആദ്യ ടേം തങ്ങള്‍ക്കുതന്നെ വേണമെന്ന് എന്‍.സി.പി. നിര്‍ബ്ബന്ധം പിടിക്കുമെന്നുറപ്പാണ്. അയോധ്യ കേസില്‍ വിധി വരുമ്പോള്‍ പവാറിനെപ്പോലെ നലം തികഞ്ഞൊരു നേതാവ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായിട്ടുണ്ടാവും എന്നത് തീര്‍ച്ചയായും ചെറിയ കാര്യമല്ല.

ബി.ജെ.പിയെ ദുര്‍ബ്ബലപ്പെടുത്താന്‍ ശിവസേനയുമായി കൂട്ടുചേരുന്നതില്‍ പ്രശ്നമില്ലെന്നാണ് എന്‍.സി.പിയിലെയും കോണ്‍ഗ്രസിലെയും ഭൂരിപക്ഷം എം.എല്‍. എമാരും ചിന്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രത്യയശാസ്ത്രപരമായി ശിവസേനയും കോണ്‍ഗ്രസും രണ്ട് ചേരികളിലാണെന്നതില്‍ സംശയമില്ല. പക്ഷെ, കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തില്‍ വെള്ളം ചേര്‍ക്കേണ്ടതില്ലെന്നും ശിവസേന കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതമാവുന്ന അവസ്ഥയാണ് സംജാതമാവുകയെന്നുമാണ് കോണ്‍ഗ്രസിലെ ചില സീനിയര്‍ നേതാക്കള്‍ വ്യക്തമാക്കുന്നത്. 

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അസ്തിവാരം പ്രായോഗികതയാണ്. കറുപ്പ് - വെളുപ്പ് എന്ന രണ്ടു കള്ളികളിലൊതുങ്ങുന്ന സംഗതിയല്ല ഇത്. 2004-ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എയെ പിന്തുണയ്ക്കാന്‍ സി.പി.എം. അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ തയ്യാറായി എന്നത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ വലിയൊരു പാഠമാണ്. അതിനും മുമ്പ് അടിയന്തരാവസ്ഥയ്ക്കെതിരെ ജനസംഘുമായി കൈകോര്‍ക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞുവെന്നതും കാണാതിരിക്കേണ്ട കാര്യമില്ല. 

അന്ന് ആര്‍.എസ്.എസുമായി ഒരു തരത്തിലുള്ള ബാന്ധവത്തിനും തയ്യാറല്ലെന്ന് പറഞ്ഞാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം സുന്ദരയ്യ രാജിവെച്ചത്. സുന്ദരയ്യയുടെ നിലപാട് അന്ന് പാര്‍ട്ടി തള്ളിക്കളഞ്ഞു. പ്രത്യയശാസ്ത്രം എന്നത് കല്ലിലെഴുതിയ സുവിശേഷമല്ലെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് അത് പുതുവ്യാഖ്യാനങ്ങള്‍ അര്‍ഹിക്കുന്നുമുണ്ടെന്നത് ഒരര്‍ത്ഥത്തില്‍ മാര്‍ക്സിയന്‍ കാഴ്ചപ്പാട് തന്നെയാണ്.

ഈ പരിസരത്തില്‍ നിന്ന് നോക്കുമ്പോള്‍ ശിവസേനയെ കോണ്‍ഗ്രസ് പിന്തുണച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല എന്നു തന്നെ പറയേണ്ടി വരും. പക്ഷെ, ആദ്യം മുഖ്യമന്ത്രിയാവുന്നത് പവാറായിരിക്കും എന്ന് കോണ്‍ഗ്രസ് ഉറപ്പു വരുത്തിയിരിക്കണം. 288 അംഗ നിയമസഭയില്‍ ബി.ജെ.പി. - 105 , ശിവസേന - 56 , കോണ്‍ഗ്രസ് 44 , എന്‍.സി.പി. 54 എന്നിങ്ങനെയാണ് സീറ്റ് നില.

ബി.ജെ.പി. ഇതര മന്ത്രിസഭ അസാദ്ധ്യവും അപ്രാപ്യവുമല്ല എന്നാണ് ഇതിന്റെയര്‍ത്ഥം. ഉദ്ദവ് താക്കറെ ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കാമെന്നാണ് കഴിഞ്ഞ ദിവസം ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.  കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും ഈ നീക്കം ബി.ജെ.പിക്ക് മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദം കനത്തതായിരിക്കും. 

ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്‍കാതെ ഈ പ്രതിസന്ധി അതിജിവിക്കുക ബി.ജെ.പിക്ക് എളുപ്പമാവില്ല. 50:50 എന്ന സമവാക്യം ബി.ജെ.പി. അംഗീകരിച്ചാല്‍  മുഖ്യമന്ത്രിസ്ഥാനം ആദ്യം  വേണമെന്ന ഡിമാന്റ് ശിവസേന ഉയര്‍ത്തും. ശിവസേനയെയും കോണ്‍ഗ്രസിനെയും എന്‍.സി.പിയെയും കര്‍ണ്ണാടക മോഡലില്‍ നേരിട്ട് സര്‍ക്കാരുണ്ടാക്കാം എന്ന ചിന്ത ബി.ജെ.പി. നേതൃത്വത്തിനുണ്ടായേക്കാം. 

പക്ഷേ, അതത്ര എളുപ്പമല്ല. ശിവസനേയ്ക്ക് ആദ്യ പകുതിയില്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കേണ്ടിവരുന്ന ഗതികേടാണ് നിലവില്‍ ബി.ജെ.പി. അഭിമുഖീകരിക്കുന്നത്. നവംബര്‍ അഞ്ചിന് വാങ്കഡെ സ്റ്റേഡിയത്തില്‍ അണിയാനായി ഒരുക്കുന്ന കിരീടം ഫഡ്നാവിസിന്റെ ശിരസ്സിലേക്കെത്തുമോയെന്ന കാര്യത്തില്‍ ബി.ജെ.പിക്ക് ഇപ്പോള്‍ ഒരുറപ്പുമില്ലെന്നതാണ് വാസ്തവം.

Content Highlights: Maharashtra Government formation: In touch with BJP, Congress and NCP, says Udhav Thackeray