പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഇക്കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍  ഇതിനു മുമ്പൊരിക്കലും ഭരണാധികാരിയെന്ന നിലയില്‍ മോദി എടുത്ത ഏതെങ്കിലുമൊരു തീരുമാനം തിരുത്തപ്പെട്ടതായി അറിവില്ല. നോട്ട് നിരോധനം, പൗരത്വ ഭേദഗതി നിയമം, ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി നീക്കം ചെയ്യല്‍, കാര്‍ഷിക നിയമങ്ങള്‍ എന്നിങ്ങനെ മോദി സര്‍ക്കാര്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ എടുത്ത സുപ്രധാന തീരുമാനങ്ങളൊന്നും തന്നെ അതിശക്തമായ എതിര്‍പ്പുകളും പ്രക്ഷോഭങ്ങളും ഉടലെടുത്തിട്ടും പിന്‍വലിക്കപ്പെട്ടിട്ടില്ല. 

പക്ഷേ, വാക്സിന്‍ പോളിസിയില്‍ ഇതാദ്യമായി മോദിക്ക് കാലിടറിയിരിക്കുന്നു. തെറ്റേറ്റ് പറഞ്ഞില്ലെങ്കിലും വാക്‌സിന്‍ നയം തിരുത്തുകയാണെന്ന് മോദി രാഷ്ട്രത്തോട് പറഞ്ഞിരിക്കുന്നു. താന്‍പോരിമയുടെ എവറസ്റ്റില്‍ അഭിരമിക്കുന്ന മോദിയെപ്പോലൊരു നേതാവിന് ഇങ്ങനെയൊരു തിരുത്തല്‍ എളുപ്പമല്ല. അതുകൊണ്ടാണ് പറഞ്ഞത് ഇന്നലെ രാത്രി അദ്ദേഹത്തെ തേടി നിദ്രാദേവി അത്ര വേഗത്തിലൊന്നും വന്നിരിക്കാനിടയില്ലെന്ന്.

വാക്സിന്‍ നയം പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായതിന് പിന്നില്‍ ഏറ്റവും നിര്‍ണ്ണായകമായത് സുപ്രീം കോടതിയുടെ ഇടപെടലാണെന്നതില്‍ സംശയമില്ല. ജസ്റ്റിസുമാരായ ചന്ദ്രചൂഢും നാഗേശ്വരറാവുവും രവീന്ദ്ര ഭട്ടും അടങ്ങുന്ന ബഞ്ച് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കു മുന്നില്‍ കൃത്യമായ മറുപടിയൊന്നുമില്ലാതെ പരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം കണ്ടത്.  

പൗരസമൂഹത്തോട് വിവേചനപരമായി പെരുമാറാന്‍ എങ്ങിനെയാണ് കേന്ദ്ര സര്‍ക്കാരിന് കഴിയുകയെന്ന് കോടതി ചോദിച്ചു. 45 വയസ്സിനും അതിന് മുകളിലുമുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കുമെന്നും  എന്നാല്‍ 18-നും 44-നുമിടയിലുള്ളവര്‍ക്ക് വാക്സിന്‍ പണം കൊടുത്ത് വാങ്ങേണ്ടി വരുമെന്നുമുള്ള നയം ഭരണഘടനയുടെ 14, 21 വകുപ്പുകളുടെ ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ അനുഭവപ്പെടുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 

തുല്യ സമീപനമാണ് ഭരണഘടനയുടെ 14-ാം വകുപ്പ് ഉറപ്പ് നല്‍കുന്നത്. ജീവിക്കാനുള്ള അവകാശമാണ് 21-ാം വകുപ്പ് മുന്നോട്ട് വെയ്ക്കുന്നത്. ഈ രണ്ട് വകുപ്പുകളുടെയും ലംഘനം നടക്കുമ്പോള്‍ നിശ്ശബ്ദമായിരിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കി്.

ഇക്കഴിഞ്ഞ മെയ് 31 ന്  പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രീംകോടതി പ്രധാനമായും മൂന്ന് കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

1. ഇതുവരെ വാക്സിന്‍ വാങ്ങിയതിന്റെ മുഴുവന്‍ രേഖയും ഹാജരാക്കണം
2. വാക്സിന്‍ നയത്തിലേക്ക് സര്‍ക്കാരിനെ നയിച്ച പ്രസക്തമായ എല്ലാ രേഖകളും നല്‍കണം
3. വാക്സിനേഷനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയ 35,000 കോടി രൂപയ്ക്ക് എന്ത് പറ്റിയെന്ന് വിശദീകരിക്കണം.

ഈ സുപ്രധാനമായ ചോദ്യങ്ങള്‍ക്ക് വരുന്ന ജൂണ്‍ 15-നകം സത്യവാങ്മൂലം നല്‍കണമെന്നും ജൂണ്‍ 30-ന് ഈ വിഷയത്തില്‍ വീണ്ടും വാദം കേള്‍ക്കുമെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ മര്‍മ്മത്തില്‍ തന്നെ കൊണ്ടുവെന്നതിന്റെ തെളിവായിരുന്നു തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധന. ഭരണഘടനപരമായ ബാദ്ധ്യതകളില്‍നിന്ന് ഭരണകൂടം ഒളിച്ചോടുമ്പോള്‍ ഇടപെടുകയെന്ന നിര്‍ണ്ണായക ദൗത്യത്തിലേക്ക് പരമോന്നത നീതിപീഠം തിരിച്ചുവരുന്ന കാഴ്ച പോലെ മനോഹരവും ആവേശകരവുമായി മറ്റെന്താണുള്ളത്...!

മോദി സര്‍ക്കാരിന്റെ തെറ്റു തിരുത്തലിനുള്ള  ബഹുമതി പക്ഷേ, സുപ്രീം കോടതിക്ക് മാത്രം അവകാശപ്പെട്ടതല്ല. സമൂഹത്തിന്റെ സര്‍വ്വതലങ്ങളില്‍നിന്നും ഇതിനായുള്ള ശ്രമമുണ്ടായി. മാദ്ധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വഹിച്ച പങ്ക് ഒരിക്കലും കാണാതിരിക്കാനാവില്ല. കണ്‍മുന്നില്‍ ആയിരക്കണക്കിന് മനുഷ്യര്‍ നിത്യേന കോവിഡ് 19-ന് ഇരയായിക്കൊണ്ടിരിക്കെ മോദി സര്‍ക്കാരിന്റെ വികലമായ വാക്സിന്‍ നയത്തിനെതിരെ നിശിതവിമര്‍ശമാണ് മാദ്ധ്യമങ്ങള്‍ ഉയര്‍ത്തിയത്. 

ആഗോളതലത്തിലും രാജ്യത്തിനുള്ളിലും മാദ്ധ്യമങ്ങള്‍ മോദി സര്‍ക്കാരിനെ ഈ വിഷയത്തില്‍ വിചാരണ ചെയ്തു. ഗംഗയില്‍ ശവങ്ങള്‍ ഒഴുകി നടക്കുമ്പോള്‍, ശ്വാസം കിട്ടാതെ രോഗികള്‍ പിടയുമ്പോള്‍ എവിടെ കേന്ദ്ര സര്‍ക്കാര്‍ എന്ന് മോദിയുടെയും അമിത് ഷായുടെയും മുഖത്ത് നോക്കി മാദ്ധ്യമങ്ങള്‍ ചോദിച്ചു.

സ്വാഭാവികമായും അടുത്ത ചോദ്യം ഈ സന്നിഗ്ദ്ധഘട്ടത്തില്‍ സുപ്രീം കോടതി എവിടെ എന്നായിരിക്കുമെന്ന് വ്യക്തമായിരുന്നു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ കടമ നിറവേറ്റി. കടുത്ത ചോദ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. മോദി സര്‍ക്കാരിനൊപ്പം മിക്കവാറും എല്ലാ വിഷയങ്ങളിലും കൂടെ നിന്നിട്ടുള്ള ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹനും വരെ വാക്സിന്‍ നയത്തില്‍ എതിര്‍പക്ഷത്തായി. 

ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും  മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ആര്‍.എസ്.എസിന് പോലും എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കേണ്ടി വന്നു. ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുകയാണെന്നതും നിര്‍ണ്ണായകമായി. കോവിഡ് 19-ന്റെ രണ്ടാം വ്യാപനം ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളില്‍ മുന്‍നിരയിലാണ് യു.പി.

സൗജന്യ വാക്സിന്‍ എന്ന പരമ്പരാഗത നയം അട്ടിമറിക്കപ്പെട്ടതിന് പിന്നില്‍ കോര്‍പറേറ്റുകളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിധേയത്വമാണെന്ന വിമര്‍ശം ശക്തമായിരുന്നു. ഒരു ഡോസിന് 150 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ തന്നെ ലാഭമുണ്ടെന്നും എന്നാല്‍, കൊള്ള ലാഭമാണ് വേണ്ടതെന്നും വാക്സിന്‍ നിര്‍മ്മാതാക്കള്‍ നടത്തിയ പരസ്യ പ്രഖ്യാപനവും കേന്ദ്ര സര്‍ക്കാരിനെ തിരിഞ്ഞുകൊത്തി. 

വാക്സിന്‍ നിര്‍മ്മാണം കൂട്ടുന്നതിന് മുവ്വായിരം കോടി രൂപയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രം സഹായധനമായി നല്‍കിയത്. ഭാരത് ബയോടെക്കിന് ഈയിനത്തില്‍ 1500 കോടിയും നല്‍കി. ഈ പണമൊക്കെ ഇന്ത്യയിലെ ജനങ്ങളുടെ പണമാണെന്നും ജനങ്ങളുടെ പണം ഉപയോഗിച്ച് ജനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ എന്തിനാണ് പിന്മാറുന്നതെന്നും ചോദ്യമുയര്‍ന്നു.

കഴിഞ്ഞ ദിവസം തമിഴ്നാട് ധനമന്ത്രി പി.ടി.ആര്‍. പഴനിവേല്‍ ത്യാഗരാജന്‍ ഉയര്‍ത്തിയ ചോദ്യവും സുപ്രധാനമായിരുന്നു. മഹാമാരി രാജ്യത്തെ കാര്‍ന്നുതിന്നുമ്പോള്‍ വാക്സിന്‍ നിര്‍മ്മാണശാലകള്‍ ദേശസാത്കരിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് ആലോചിച്ചുകൂടേ എന്നാണ് ത്യാഗരാജന്‍ ചോദിച്ചത്. രാഷ്ട്രനന്മയ്ക്കായി വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ബാങ്കുകള്‍ ഏറ്റെടുത്തത് ത്യാഗരാജന്‍ ഓര്‍മ്മിപ്പിച്ചു. 

ഒരു പക്ഷേ, ഈ ചോദ്യം കോര്‍പറേറ്റുകളെ പേടിപ്പിച്ചു കാണണം. ജനരോഷം ഇനിയും ഇരമ്പിയാല്‍ ചിലപ്പോള്‍ തങ്ങളുടെ കണ്‍മണികളെ ഭരണകൂടം ഏറ്റെടുക്കുന്ന അവസ്ഥയുണ്ടായേക്കാമെന്ന ചിന്തയില്‍ സര്‍ക്കാരിന്റെ തലപ്പത്തേക്ക് കോര്‍പറേറ്റുകളില്‍നിന്ന് രക്ഷാ സന്ദേശങ്ങള്‍ പാഞ്ഞിരിക്കാം. എന്തായാലും ഇതാദ്യമായി മോദി സര്‍ക്കാര്‍ ജനഹിതത്തിന് മുന്നില്‍ മുട്ടുമടക്കി. ഔദ്ധത്യത്തിന്റെയും അഹങ്കാരത്തിന്റെയും കൊടുമുടിയില്‍നിന്ന് ഒരു ഭരണകൂടം ഇതാ താഴേക്ക് വന്നിരിക്കുന്നു.

ഒന്നുകൂടി ആലോചിച്ചു നോക്കിയാല്‍ ഇതിന് മറ്റൊരു തലം കൂടിയുണ്ടെന്ന് കാണാനാവും. മനുഷ്യര്‍ക്ക് അസാദ്ധ്യമായത് പ്രകൃതിക്ക് സാധിക്കും എന്ന തത്വമാണത്. എത്രയോ വിഷയങ്ങളില്‍ ഇതിനകം എത്രയോ ശക്തമായ പ്രക്ഷോഭങ്ങള്‍ മോദി സര്‍ക്കാരിന് നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ അധികാരഗര്‍വ്വില്‍നിന്ന് തരിമ്പ് പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറാതിരുന്ന ഭരണകൂടം കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ ഔദ്ധത്യത്തിന്റെ നെറ്റിപ്പട്ടങ്ങള്‍ അഴിച്ചുവെയ്ക്കുകയാണ്. 

ഇതിന് സമാനമായൊരു സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴകത്തുണ്ടായി. 2004-നും 2007-നുമിടയില്‍ ഇന്ത്യയിലെ ഏറ്റവും ശക്തമായ കുടുംബങ്ങളില്‍ മുന്‍നിരയിലായിരുന്നു കരുണാനിധി കുടുംബം. 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 39 സീറ്റും പിടിച്ചുകൊണ്ട് ഡി.എം.കെ. മുന്നണി നടത്തിയ മുന്നേറ്റമാണ് ആദ്യ യു.പി.എ. സര്‍ക്കാരിന് അസ്തിവാരം തീര്‍ത്തത്. 

ഇതിനുള്ള പ്രതിഫലം ഡി.എം.കെ. നേതാവ് എം. കരുണാനിധി യു.പി.എ. അദ്ധ്യക്ഷ സോണിയ ഗാന്ധിയില്‍നിന്ന് കണക്ക് പറഞ്ഞുവാങ്ങി. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രിയായി കരുണാനിധിയുടെ പെങ്ങളുടെ പേരക്കിടാവായ ദയാനിധി മാരന്‍ സ്ഥാനമേറ്റത് അങ്ങിനെയാണ്. മുന്‍ കേന്ദ്രമന്ത്രി മുരശൊലി മാരന്റെ മക്കളായ കലാനിധിയുടെയും ദയാനിധിയുടെയും ഉടമസ്ഥതയിലുള്ള സണ്‍ ഗ്രൂപ്പ് രാജ്യത്തെ തന്നെ ഏറ്റവും ശക്തമായ വ്യവസായ ശൃംഖലകളിലൊന്നായി മാറിയത് ഇക്കാലത്താണ്.

2006-ല്‍ തമിഴ്നാട്ടിലും ഡി.എം.കെ. ഭരണം പിടിച്ചതോടെ കരുണാനിധി കുടുംബത്തിന്റെ വളര്‍ച്ചയ്ക്ക് പരിധികളുണ്ടായിരുന്നില്ല. അധികാരം, ബിസിനസ്, മാദ്ധ്യമങ്ങള്‍ എന്നിവയുടെ മാരകമായ മിശ്രണമായിരുന്നു അത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരു പോലെ അധികാരം കൈയ്യാളുമ്പോള്‍ ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ ആരുമില്ലാത്ത അവസ്ഥ.

ഈ ഘട്ടത്തിലാണ് മാരന്‍ സഹോദരന്മാരുടെ നിയന്ത്രണത്തിലുള്ള ദിനകരന്‍ പത്രത്തില്‍ ഒരു സര്‍വ്വെ ഫലം വന്നത്. കൃത്യമായി പറഞ്ഞാല്‍ 2007 മെയ് ആറിന്. ഡി.എം.കെയില്‍ കരുണാനിധിയുടെ പിന്‍ഗാമി ആരായിരിക്കണം എന്നായിരുന്നു സര്‍വ്വെയിലെ മുഖ്യ ചോദ്യം. എം.കെ. സ്റ്റാലിന്‍ എന്ന് സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷം പേരും പറഞ്ഞു. 

ട്വിസ്റ്റ് ഇതായിരുന്നില്ല. കരുണാനിധിയുടെ മൂത്ത മകന്‍ എം.കെ. അഴഗിരിക്ക് അനുകൂലമായി വെറും മൂന്ന് ശതമാനം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാരില്‍ ഏറ്റവും മികച്ച പ്രകടനം ദയാനിധിയുടേതാണെന്നും സര്‍വ്വെ പറഞ്ഞു. അടുത്ത ദിവസം മധുരയിലെ ദിനകരന്‍ ഓഫീസിന് നേര്‍ക്ക് ആക്രമണമുണ്ടായി. അഴഗിരിയുടെ അനുയായികളായിരുന്നു ആക്രമണത്തിന് പിന്നിലെന്നായിരുന്നു കേസ്. രണ്ട് പത്രപ്രവര്‍ത്തകരടക്കം മൂന്ന് ജീവനക്കാര്‍ ഈ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു.

ഇതോടെ കരുണാനിധി കുടുംബത്തില്‍ വിള്ളല്‍ വീണു. അന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിക്ക്  മാരന്‍ സഹോദരന്മാരെ തള്ളിപ്പറയേണ്ടി വന്നു. ഒരാഴ്ചയ്ക്കപ്പുറത്ത് ദയാനിധിക്ക് കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്നാണ് എ. രാജ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രിയായതും 2 ജി കുംഭകോണത്തില്‍ പ്രതിയായതും. 

കേന്ദ്രത്തിലും തമിഴ്നാട്ടിലും ഡി.എം.കെയ്ക്ക് അധികാരം നഷ്ടപ്പെടുന്നതും കരുണാനിധി കുടുംബം ഉലയുന്നതുമാണ് പിന്നീട് രാജ്യം കണ്ടത്. എന്തിനാണ് ദിനകരന്‍ ഇങ്ങനെയൊരു സര്‍വ്വെ പ്രസിദ്ധീകരിച്ചതെന്ന് തനിക്ക് പിടികിട്ടുന്നില്ലെന്ന് കരുണാനിധി പറഞ്ഞിരുന്നു. വാസ്തവത്തില്‍ ആ ചോദ്യം വളരെ പ്രസക്തമായിരുന്നു. വിപരീതഫലം മാത്രമാണ് ആ സര്‍വ്വെ കൊണ്ട് കരുണാനിധി കുടുംബത്തിനുണ്ടായത്. പക്ഷേ, അതോടെ തമിഴകത്തെ ഏറ്റവും വലിയ അധികാര കേന്ദ്രം എന്ന അവസ്ഥയില്‍നിന്ന് കരുണാനിധി കുടുംബം പിന്നാക്കം പോയി. ഒരു തരത്തില്‍ പ്രകൃതിയുടെ ഇടപെടലായിരുന്നു അതെന്ന അനുമാനമുണ്ടായത് ഈ പരിസരത്തിലാണ്.

സമാനമായൊരു സാഹചര്യത്തിലായിരുന്നു മോദി സര്‍ക്കാര്‍ ഇതുവരെ. ഇന്ദിര ഗാന്ധിയെ ഒഴിച്ചു നിര്‍ത്തിയാല്‍ ഇത്രയും അധികാരം കൈയ്യാളിയ മറ്റൊരു കേന്ദ്ര സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. അടിയന്തരാവസ്ഥയാണ് ഇന്ദിരയുടെ പതനത്തിന് കാരണമായത്. അധികാരത്തിന്റെ എവറസ്റ്റില്‍നിന്നുള്ള വീഴ്ചയായിരുന്നു അത്. ഇതാ ഇപ്പോള്‍ മോദിക്കും ഇതുവരെയില്ലാതിരുന്ന തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നു. 

മോദിയുടെ ഈ വീഴ്ചയില്‍ സുപ്രീംകോടതിയുടെയും മാദ്ധ്യമങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്ക് നിര്‍ണ്ണായകമാവുമ്പോള്‍ തന്നെ കോവിഡ് 19 എന്ന വൈറസിന്റെ ഇടപെടലും കാണാതിരിക്കാനാവില്ല. എത്രമാത്രം ഉയരത്തില്‍ പറന്നാലും ഒരു നാള്‍ ഏതൊരാള്‍ക്കും ഏതൊരു ജീവിക്കും മണ്ണിലേക്കിറങ്ങേണ്ടി വരും. പ്രകൃതിയുടെ നിയമമാണിത്. പ്രധാനമന്ത്രി മോദിക്ക് മുന്നില്‍ ചരിത്രം ഈ പാഠം തന്നെയാണ് ആവര്‍ത്തിക്കുന്നത്!

വഴിയില്‍ കേട്ടത്: വയസ്സായവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന എന്തിനാണെന്ന് ഡെല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിപിന്‍ സംഘി. ജീവിതത്തില്‍നിന്ന് പുറത്തേക്ക് പോകാനിരിക്കുന്നവര്‍ക്കല്ല ചെറുപ്പക്കാര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ജസ്റ്റിസ് സംഘി. ഒരു പേരിലെന്തിരിക്കുന്നു എന്ന് ഇനിയിപ്പോള്‍ ആരെങ്കിലും ചോദിക്കുമോയെന്നറിയില്ല!

Content Highlights: Narendra Modi government's policy change on vaccine distribution | Vazhipokkan