നൂറ് വയസ്സ് തികയുന്ന വേളയില്‍ ഗൗരിയമ്മ പഴയൊരു തിരസ്‌കരണത്തെക്കുറിച്ച് പറഞ്ഞു. ടി വി യുമായി വേര്‍പിരിഞ്ഞതോ സിപിഎമ്മില്‍ നിന്ന് പുറത്തുപോരേണ്ടിവന്നതിനെക്കുറിച്ചോ അല്ല പണ്ട് യൗവ്വനത്തില്‍ ഒരു ചെറുപ്പക്കാരന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെക്കുറിച്ച്. ചെറുപ്പക്കാരന്‍ ഗൗരിയമ്മയെ ഗാഢമായി സ്നേഹിച്ചിരുന്നു. ഗൗരിയമ്മയായിരിക്കും ജീവിതസഖിയെന്ന് അയാള്‍ മനസ്സുകൊണ്ട് ഉറപ്പിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, ഗൗരിയമ്മ അയാളെ കണ്ടത് അങ്ങിനെയായിരുന്നില്ല. '' എനിക്ക് നിങ്ങളോട് പ്രേമമില്ല. '' ഗൗരിയമ്മ ആ ചെറുപ്പക്കാരന്റെ മുഖത്തുനോക്കി പറഞ്ഞു. അയാള്‍ തകര്‍ന്നുപോയിരിക്കണം. ആ നിമഷം ഈ ലോകം തന്നെ അവസാനിച്ചിരുന്നെങ്കില്‍ എന്നയാള്‍ ആശിച്ചുകാണും. പിന്നീട് അയാളെ ഗൗരിയമ്മ കണ്ടിട്ടുണ്ടോയെന്ന് അറിയില്ല. അറിയാവുന്നത് ഒരു കാര്യമാണ്. അയാള്‍ , ആ ചെറുപ്പക്കാരന്‍ ഒരു കൈയ്യില്‍ പെട്രോളും മറുകൈയ്യില്‍ വടിവാളുമായി വന്ന് ഗൗരിയമ്മയെ ആക്രമിച്ചില്ല. ഇന്നിപ്പോള്‍ നൂറുവയസ്സിന്റെ സൗന്ദര്യവുമായി ഗൗരിയമ്മ നമുക്കൊപ്പം ഇവിടെ ഈ കേരളത്തിലുണ്ട്. കേരളം ഇന്ന് നമ്മളറിയുന്ന കേരളമായതിന് പിന്നില്‍ ഗൗരിയമ്മയുടെ സര്‍ഗ്ഗാത്മക സംഭാവനകള്‍ വഹിച്ച പങ്കോര്‍ക്കുമ്പോഴാണ് അന്ന് ആ ചെറുപ്പക്കാരന്റെ സമാധാനപരമായ പ്രതികരണത്തിന്റെ മഹത്വം നമ്മള്‍ തിരിച്ചറിയുക.
ഗൗരിയമ്മയല്ല ഈ കുറിപ്പിന്റെ നായിക. വഴിതെറ്റുന്ന ആണത്തത്തിന്റെ ക്രൗര്യതകള്‍ക്കിരയാവുന്ന പെണ്‍കുട്ടികളാണ് ഈ കുറിപ്പിന്റെ ആധാരം. തിരസ്‌കരിക്കപ്പെടുക എന്നത് ജീവിതത്തിന്റെഭാഗമാണ്. എപ്പോഴെങ്കിലും തിരസ്‌കരിക്കപ്പെടാത്തവരായി ആരാണ് ഈ ലോകത്തുള്ളത്. എത്രയോ വര്‍ഷങ്ങള്‍ പ്രണയം മനസ്സില്‍ കൊണ്ടുനടന്ന ശേഷം ഒരു നിമിഷത്തില്‍ ധൈര്യമവലംബിച്ച് കാമുകിയോട് അല്ലെങ്കില്‍ കാമുകനോട് തുറന്നു പറയുമ്പോള്‍ ഞാന്‍ അങ്ങിനെയൊന്നും കുരുതിയിട്ടില്ല എന്ന മറുപടി കേട്ട് തളര്‍ന്നു പോയവര്‍ ഒരിക്കലും ചുരുക്കമായിരിക്കില്ല. നോ എന്ന മറുപടി ഭീകരമാണ്. പ്രണയത്തില്‍ നോ പറയുന്നവര്‍ക്ക് നയതന്ത്രവിദഗ്ധരെപ്പോലെ അഭിനയിക്കാനാവില്ല. ആ തിരസ്‌കാരത്തില്‍ മനം നൊന്തിട്ടുള്ളവരില്‍ പലരും ആത്മഹത്യ ചെയ്തിട്ടുണ്ട്. പക്ഷേ, 1980 കളിലോ തൊണ്ണൂറുകളിലോ അതിനും മുമ്പോ ഇങ്ങനെ നോ പറയുന്നവരുടെ ജീവനെടുക്കുന്ന പരിപാടി കേട്ടിട്ടില്ല. കാണാന്‍ ഭംഗിയില്ലാത്തവരെ ആങ്ങളമാരാക്കുന്ന പരിപാടി നിങ്ങള്‍ക്ക് പണ്ടേയുള്ളതാണെന്ന് ഒരു സിനിമയില്‍ നായികയോട് പറഞ്ഞ ശ്രീനിവാസന്റെ കഥാപാത്രത്തെ പോലെ ഇത്തരം തിരസ്‌കാരങ്ങളോട് പ്രതികാരം ചെയ്യുന്നവരായിരുന്നു നമ്മളില്‍ പലരും.
എന്തുകൊണ്ടാണ് ഇന്നിപ്പോള്‍ തിരസ്‌കരിക്കുന്നവരുടെ ജീവനെടുക്കണമെന്ന് നമ്മുടെ ചെറുപ്പക്കാര്‍ക്ക് തോന്നുന്നത്? ഇതൊരു സാമാന്യവത്കരണമല്ല. നമ്മളില്‍ ഭൂരിപക്ഷം പേരും തിരസ്‌കരണങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ്. പക്ഷേ, നമ്മുടെ സമൂഹത്തില്‍ എവിടെയൊക്കെയോ ചില പാകപ്പിഴകള്‍ ആഴത്തിലുണ്ടായിട്ടുണ്ട്. കാരുണ്യത്തിനും സ്നേഹത്തിനും പകരം പകയും ക്രൗര്യവും ജീവിത മുദ്രകളാവുന്നത് എന്തുകൊണ്ടാണെന്ന് നമ്മള്‍ അന്വേഷിച്ചേ തീരൂ. ഓര്‍ക്കുമ്പോള്‍ പേടിയാവുന്നു എന്നാണ് രണ്ടു പെണ്‍കുട്ടികളുടെ പിതാവ് കഴിഞ്ഞ ദിവസം ഫോണില്‍ പറഞ്ഞത്.
ആണ്‍മേല്‍ക്കോയ്മ, അധികാരം , വ്യക്തിബന്ധങ്ങളിലെ അസമത്വങ്ങള്‍, സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ വേര്‍തിരിവുകള്‍ ഇവയൊക്കെ ഈ അപചയത്തിന് പിന്നിലുണ്ടാവാം. നമ്മുടെ കുട്ടികളെ നമ്മള്‍ എങ്ങിനെയാണ് വളര്‍ത്തുന്നതെന്നത് വലിയൊരു വിഷയമാണ്. പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വന്തം നിലപാടുകളുണ്ടെന്നും അവര്‍ ആരുടെയും അടിമകളല്ലെന്നും അവര്‍ ആണ്‍കുട്ടികളെപ്പോലെതന്നെ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളാണെന്നുമുള്ള വസ്തുത സംശയാതീതമായി ഊട്ടിയുറപ്പിക്കപ്പെടേണ്ടതുണ്ട്.
വീട്ടിനുള്ളില്‍ ഒരു അക്വേറിയമുണ്ടായിരിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ചുള്ള ഒരു കുറിപ്പ് പണ്ടൊരിക്കല്‍ വായിച്ചതോര്‍ക്കുന്നു. ഒരു മകനോ ഒരു മകളോ മാത്രമുള്ള കുടുംബങ്ങളില്‍ പലപ്പോഴും വേര്‍പാടുകളും വിയോഗങ്ങളും കുറവായിരിക്കും. ഏറ്റവുമടുത്ത ഒരാള്‍ പൊടുന്നനെ ഇല്ലാതാവുന്നതിന്റെ ആഘാതമറിയാതെയാണ് പലപ്പോഴും നമ്മുടെ കുട്ടികള്‍ വളരുന്നത്. ഇതിനുള്ള പ്രതിവിധികളിലൊന്നാണ് മീന്‍വളര്‍ത്തല്‍. വളെര സ്നേഹിച്ച് വളര്‍ത്തുന്ന മീനുകള്‍ ഒരു ദിവസം ചത്തുപോവുമ്പോള്‍ നമ്മുടെ കുട്ടികള്‍ വേര്‍പാടെന്താണെന്നറിയുമെന്നും മരണവുമായുള്ള നേര്‍ക്ക് നേര്‍ കൂടിക്കാഴ്ചകള്‍ അവരുടെ മനസ്സിന് കൂടുതല്‍ ആഴവും പരപ്പും നല്‍കുമെന്നും ആ കുറിപ്പിലുണ്ടായിരുന്നു.
കാലം പോലെ മുറിവുകളുണക്കുന്ന മറ്റൊരു ഔഷധവുമില്ല. അപാരമായ ശൂന്യതയുടെ നിമിഷത്തിലാണ് ആത്മഹത്യകള്‍ നടക്കുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊലകളും ആക്രമണങ്ങളും ഇത്തരം ശൂന്യതകളില്‍ തന്നെയായിരിക്കാം നടക്കുന്നത്. ഇന്ത്യയെ കണ്ടെത്തല്‍ എന്ന ഗ്രന്ഥത്തില്‍ നെഹ്രു ഇന്ത്യന്‍ സംസ്‌കൃതിയുടെ മൂല്യങ്ങള്‍ എടുത്തുപറയുന്നുണ്ട്. വ്യത്യസ്തവും വിഭിന്നവുമാര്‍ന്ന ഇന്ത്യന്‍ സംസ്‌കൃതി രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായ നിരവധി തിരസ്‌കരണങ്ങള്‍ അതിജീവിച്ചിട്ടുണ്ട്. ഒരാള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാടല്ല അത്. ഒരു സംസ്‌കാരം മാത്രം മതിയെന്ന സമീപനവുമല്ല അത്. വെറുപ്പും വിദ്വേഷവും അപരത്തവും വളര്‍ത്തുന്ന രാഷ്ട്രീയ സംഹിതകള്‍ക്ക് പ്രാമുഖ്യം കൈവരുന്നതിന്റെ പ്രതിഫലനം കൂടി നമ്മള്‍ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണമാവുന്നുണ്ടോ എന്നും നമ്മള്‍ ആലോചിക്കുന്നുണ്ട്. വിദേശ സര്‍വ്വകലാശാലകളില്‍ നിന്നും രണ്ട് ഡോക്ടറേറ്റുകള്‍ നേടി ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ജാതിയുടെ പേരില്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നും പുറത്താക്കപ്പെട്ട് ഒരു പാര്‍ക്കില്‍ ഏകനായി ഇരിക്കേണ്ടി വന്നതിനെക്കുറിച്ച് അംബദ്കര്‍ എഴുതിയിട്ടുണ്ട്. '' അപ്പോള്‍ ആ ഏകാന്ത നിമിഷങ്ങളില്‍ ഞാന്‍ എന്റെ മാതാപിതാക്കളെ ഓര്‍ത്തു. തിരസ്‌കരിക്കപ്പെടുന്ന നിമിഷങ്ങളില്‍ എല്ലാ കുട്ടികളും ഓര്‍ക്കുന്നതുപോലെ .. '' അംബദ്കര്‍ ആ നിമിഷങ്ങളെ അതിജീവിച്ചു. മാതാപിതാക്കള്‍ എപ്പോഴൊ പകര്‍ന്നുകൊടുത്ത ചില ആത്മധൈര്യമായിരിക്കാം അംബദ്കറെ അതിന് പ്രാപ്തനാക്കിയത്. ഇന്ത്യ ഇന്നിപ്പോള്‍ അതിജീവിക്കുന്നത് അന്ന് അംബദ്കര്‍ അതിജീവിച്ചതുകൊണ്ടുകൂടിയാണ്.
സൗമ്യയും അജാസും നമ്മുടെ ഭാഗം തന്നെയാണ്, അല്ലെങ്കില്‍ നമ്മള്‍ തന്നെയാണ്. കാരുണ്യവും സ്നേഹവുമാണ് ആത്യന്തികമായി ജീവിതം ഭൂമിയില്‍ സാദ്ധ്യമാക്കുന്നത്. ഒരു നോ യില്‍ തീരാനുള്ളതല്ല ജീവിതമെന്ന് നമ്മുടെ കുട്ടികള്‍ അറിയട്ടെ. പൊറുക്കുന്നതുപോലെ മഹത്തരമായി മറ്റൊന്നും ഈ ലോകത്തില്ല എന്നും അവരറിയട്ടെ.
content highlights: Murder of CPO Soumya, an analytical story