ലക്ഷ്യവേധിയായ മിന്നല്‍ പ്രഹരങ്ങളാണ് മോദിജിയെ വ്യത്യസ്തനാക്കുന്നത്. നിനച്ചിരിക്കാത്ത നേരത്ത് മര്‍മ്മം തകര്‍ക്കുന്ന കിടിലന്‍ പ്രയോഗങ്ങള്‍. നെഹ്രു മുതല്‍ മന്‍മോഹന്‍സിങ് വരെ എത്ര പ്രധാനമന്ത്രിമാര്‍ ഇന്ത്യ ഭരിച്ചിരിക്കുന്നു. പക്ഷേ, എതിരാളികളെ ഞെട്ടിക്കുന്ന കാര്യത്തില്‍ മോദിജിയെപ്പോലൊരാള്‍ ആ കസേരയില്‍ ഇതിനു മുമ്പിരുന്നിട്ടില്ല. ഞെട്ടിക്കല്‍ എന്ന കലാപരിപാടിയോട് നെഹ്രുവിന് തീരെ പഥ്യമുണ്ടായിരുന്നില്ല. ജനത്തോട് ചേര്‍ന്നുനിന്ന പാര്‍ട്ടിയായിരുന്നു ലാല്‍ ബഹാദൂര്‍ ശാസ്ത്രി. ജീവിതത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹം ആരെയെങ്കിലും ഞെട്ടിച്ചതായി കേട്ടുകേള്‍വി പോലുമില്ല. പക്ഷേ, താഷ്‌ക്കെന്റില്‍ ശാസ്ത്രിജിയുടെ വിയോഗമുണ്ടായപ്പോള്‍ ഇന്ത്യ മാത്രമല്ല ലോകം തന്നെ ഞെട്ടി.
ഗുല്‍സാരിലാല്‍ നന്ദാജിയാണ് ആ കാലങ്ങളില്‍ ഇടക്കാല പ്രധാനമന്ത്രിയുടെ പദവി സ്ഥിരമായി വഹിച്ചിരുന്നത്. പ്രധാനമന്ത്രിക്കസേര ഒന്നൊഴിഞ്ഞുകണ്ടാല്‍ അവിടെ കയറിയിരിക്കുമെന്നല്ലാതെ ഞെട്ടിക്കുന്നതിനേക്കുറിച്ച് നന്ദാജി സ്വപ്നത്തില്‍ പോലും ആലോചിച്ചിട്ടില്ല. ഞെട്ടിക്കല്‍ പക്ഷേ, ഇന്ദിരാജിക്ക് അന്യമായിരുന്നില്ല. ഇന്ദിരാജി ആദ്യം ഞെട്ടിച്ചത് തന്നെ അധികാരത്തിലേറ്റിയ സിന്‍ഡിക്കറ്റിനെയായിരുന്നു. ബാങ്ക് ദേശസാത്ക്കരണം , പ്രിവി പഴ്സ് നിര്‍ത്തലാക്കല്‍, ബംഗ്ളാദേശ് യുദ്ധം , അടിയന്തരാവസ്ഥ, അടിയന്തരവാസ്ഥ പിന്‍വലിക്കല്‍, ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ എന്നിങ്ങനെ ഞെട്ടിക്കല്‍ പരമ്പരയില്‍ ഇന്ദിരാജി ഒരു സംഭവമായിരുന്നു.
അമ്മയുടെ നേര്‍ വിപരീതമായിരുന്നു രാജീവ് ഗാന്ധി. ടൂത്ത്പേസ്റ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇതിലും നല്ലൊരു ചിരിക്കുന്ന മുഖം പരസ്യത്തിനു കിട്ടില്ലായിരുന്നു. ഒരു പക്ഷേ, ശാസ്ത്രിജിയെപ്പോലെ മരണത്തിലൂടെയായിരിക്കാം രാജീവ്ജിയും ലോകത്തെ ഞെട്ടിച്ചത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിക്കൊണ്ട് ചെറുതായൊന്ന് ഞെട്ടിപ്പിക്കാന്‍ ശ്രമിച്ചു എന്നതൊഴിച്ചാല്‍ വി പി സിങ് ഒരു ശല്യക്കാരനായിരുന്നില്ല. ഗൗഡാജിക്കും ഗുജ്റാള്‍ജിക്കും ചന്ദ്രശേഖര്‍ജിക്കും ഞെട്ടിപ്പിക്കാനുള്ള സമയമുണ്ടായിരുന്നില്ല. പിന്നെ ഞെട്ടിപ്പിച്ചത് നരസിംഹറാവുജിയാണ്. കാഴ്ചയില്‍ സൗമ്യനും ശാന്തനും സുശീലനുമായിരുന്നെങ്കിലും ഉള്ളിന്റെയുള്ളില്‍ ആളൊരു കടുവയായിരുന്നു. റാവുജി ഏറ്റവും കൂടുതല്‍ ഞെട്ടിപ്പിച്ചത് സോണിയാജിയെയാണ്. പാലം കുലുങ്ങിയാലും റാവുജി കുലുങ്ങില്ലെന്നായിരുന്നു നാട്ടിലെ പാട്ട്. പക്ഷേ, ഹിന്ദുത്വവാദികള്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തപ്പോള്‍ റാവുജി ഞെട്ടി. അന്ന് റാവുജി ഞെട്ടിയതുപോലെ മറ്റൊരു പ്രധാനമന്ത്രിയും ഞെട്ടിയിട്ടില്ലെന്നാണ് ഇന്ത്യാ ചരിത്രത്തിലുള്ളത്.പൊഖ്‌റാനില്‍ ഒന്നു ഞെട്ടിച്ച ചരിത്രമൊഴിച്ചാല്‍ വാജ്‌പേയിജിയും പൊതുവെ ഞെട്ടിക്കല്‍ പരിപാടികളോട് മുഖം തിരിഞ്ഞു നിന്നിട്ടേയുള്ളു.
ഞെട്ടിക്കലെന്നല്ല ഞെട്ടല്‍ പോലും എന്താണെന്ന് അറിവില്ലാതിരുന്ന സാധുവാണ് മന്‍മോഹന്‍സിങ്ജി. ഞെട്ടിച്ചു എന്ന ആരോപണം ഈ ഇന്ത്യാ മഹാരാജ്യത്തല്ല ലോകത്തു തന്നെ ഒരാള്‍ പോലും മന്‍മോഹജിക്കെതിരെ ഉന്നയിക്കാന്‍ ഇടയില്ല. പ്രധാനമന്ത്രി പദത്തിലേക്ക് സോണിയാജി ക്ഷണിച്ചപ്പോള്‍ മന്‍മോഹന്‍ജി ഞെട്ടിയോ എന്ന കാര്യം ചരിത്ര പുസ്തകത്തിലില്ല.
ഇവിടെയാണ് മോദിജി വ്യത്യസ്തനാകുന്നത്. ഞെട്ടിക്കാന്‍ ഒരു കാരണം പോലും വേണ്ടെന്നതാണ് മോദിജിയെ മോദിജിയാക്കുന്നത്. നോട്ടു നിരോധനത്തിനൊക്കെ ഒരു കാരണം കാണിക്കാനുണ്ടായിരുന്നു. കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതു പോലുള്ള പുണ്യപ്രവൃത്തിയാവുമ്പോള്‍ ഒന്നു ഞെട്ടുന്നതുകൊണ്ടൊന്നും ഒരു തരക്കേടുമില്ല. പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുമ്പോഴും ഞെട്ടിപ്പിക്കല്‍ ഒഴിച്ചുകൂട്ടാനാവില്ല. ജമ്മു കാശ്മീരിനെ രണ്ടാക്കിയ കലാപരിപാടിയായിരുന്നു ഈ പരമ്പരയില്‍ ശരിക്കും കിടുക്കിയത്. രാത്രിക്ക് രാത്രി ജമ്മു കാശ്മീരിനെ ഒരു വഴിക്കാക്കിയപ്പോ ഉണ്ടായതുപോലൊരു ഞെട്ടല്‍ അടുത്തകാലത്തെങ്ങും ഇന്ത്യാ മഹാരാജ്യത്തുണ്ടായിട്ടില്ല.

ഞെട്ടിപ്പിക്കലില്‍ ഇന്ദിരാജി മാസ്റ്റര്‍ ബിരുദധാരിയായിരുന്നെങ്കില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തുന്ന പാര്‍ട്ടിയാണ് മോദിജി. വെറുയെങ്ങിരിക്കുമ്പോഴും മോദിജി ജനത്തെ ഞെട്ടിപ്പിക്കും. ചൈനീസ് പ്രസിഡന്റുമൊത്ത് സൗഹൃദ സംഭാഷണത്തിന് ചെന്നൈയില്‍ വന്നപ്പോള്‍ മുണ്ടുടുത്തത് ഒരു സാമ്പിള്‍ വെടിക്കെട്ടായിരുന്നു. പക്ഷേ, അടുത്ത ദിനം പുലര്‍ച്ചെ ചെന്നൈ ബീച്ചില്‍ ചവറു പെറുക്കാനിറങ്ങി മോദിജി സാക്ഷാല്‍ ഷി ജിന്‍പിങ്ജിയെ വരെ ഞെട്ടിപ്പിച്ചു. ഉണ്ടുകൊണ്ടിരിക്കുമ്പോള്‍ ചിലര്‍ക്ക് ചില ഉള്‍വിളികളുണ്ടാവുന്നതു പോലെയാണത്. അതിപ്പോള്‍ വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടല്ല. മൊട്ട് വിരിഞ്ഞ് പൂ ആവുന്നതുപോലെയും പ്യൂപ്പ ചിത്രശലഭമാവുന്നതുപോലെയുമുള്ള സ്വാഭാവികമായ ജൈവിക പ്രക്രിയയാണത്. അത്തരമൊരു ഞെട്ടിപ്പിക്കലാണ് ഇക്കഴിഞ്ഞ ദിവസം മോദിജി കാശ്മീരില്‍ കാട്ടിയത്.
യൂറോപ്പില്‍ നിന്നുള്ള എംപിമാരുടെ സംഘത്തെ കാശ്മീരില്‍ ഇറക്കേണ്ട വല്ല കാര്യവും മോദിജിക്കുണ്ടോ എന്ന് ചില നിതാന്ത ശത്രുക്കള്‍ ചോദിക്കുന്നത് ചുരുക്കിപ്പറഞ്ഞാല്‍ അജ്ഞത ഒന്നുകൊണ്ടുമാത്രമാണ്. കാശ്മീര്‍ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് വെയ്പ്. കാശ്മീരിനെ ഐക്യരാഷ്ട്ര സംഘടനയിലേക്കുകൊണ്ടുപോയതിന് തെറിവിളി കേള്‍ക്കാത്ത ഒരു ദിവസം പോലും നെഹ്രുജിയുടെ മരണാനന്തരജീവിതത്തിലുണ്ടായിട്ടില്ല. ആ കാശ്മീരിലേക്ക്, ഇന്ത്യയിലെ പ്രതിപക്ഷ എം പിമാര്‍ക്ക് പ്രവേശനമില്ലാത്ത ഈ സുവര്‍ണ്ണഭൂമിയിലേക്കാണ് മോദിജി വിദേശ എം പിമാരെ ക്ഷണിച്ചുവരുത്തിയത്.
ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഡി ശര്‍മ്മയെന്ന സ്ത്രീരത്നമാണ് ഈ സന്ദര്‍ശനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് വിവരം. അന്താരാഷ്ട്ര ബിസിനസ് ബ്രോക്കര്‍ എന്നാണ് ഈ ബഹുമാന്യയായ വനിത സ്വയം വിശേഷിപ്പിക്കുന്നതെന്നും കേള്‍വിയുണ്ട്. രാഷ്ട്രീയമാണ് ഏറ്റവും നല്ല ബിസിനസ് എന്നു വരുമ്പോള്‍ ഇതിലും മികച്ച മേല്‍വിലാസം സ്വപ്നത്തില്‍പോലുമുണ്ടാവില്ല. പറഞ്ഞുവന്നത് വിദശേ എം പിമാരുടെ കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ചാണ്. പ്രത്യക്ഷത്തിലും പരോക്ഷത്തിലും ഈ കലാപരിപാടികൊണ്ട് മോദിജിക്കോ ബിജെപിക്കോ ഒരു മെച്ചവും കാണാനില്ല. കാശ്മീര്‍ ആഭ്യന്തരപ്രശ്നമാണെന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം പറയുന്നവര്‍ തന്നെ സംഗതി അന്താരാഷ്ട്രവത്ക്കരിച്ചതിനു തുല്യമല്ലേ എന്ന പഴിമാത്രമാണ് ഇതിന്റെ ബാക്കി പത്രം. അപ്പോള്‍ പിന്നെ എന്തിനായിരിക്കും. മോദിജി ഇങ്ങനെയൊരു ഏനക്കേടിന് ഒരുമ്പെട്ടതെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളു. സുഖമായൊന്നുറങ്ങണമെങ്കില്‍ ആരെയെങ്കിലും ഒന്നു ഞെട്ടിപ്പിക്കാതെ വയ്യ എന്നു വന്നാല്‍ പിന്നെ വേറെ എന്താ ഒരു വഴി .
വഴിയില്‍ കേട്ടത് : രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ രഹസ്യാത്മകത ഇല്ലാതക്കണമെന്ന് ബിജെപി. സമസ്യ , നിഗൂഢത , പ്രഹേളിക എന്നീ വാക്കുകളുടെ അര്‍ത്ഥമറിയാന്‍ നാഗ്പൂരിലേക്കാണത്രെ രാഹുലിന്റെ അടുത്ത യാത്ര.
content highlights: modi, indira gandhi, nehru vazhipokkan