ന്ത്യയില്‍ സ്ത്രീകള്‍ക്ക് ജീവിതം സമരമാണ്. ഒരു പക്ഷേ, ആദിവാസികളെ ഒഴിച്ചു നിര്‍ത്തിയാല്‍ പൊതുവെ എല്ലാ സമുദായങ്ങളിലും സ്ത്രീ പിന്നാക്കക്കാരിയാണ്. ചത്തിസ്ഗഡിലെ നക്സല്‍ ഭൂപ്രദേശങ്ങളില്‍ വര്‍ഷങ്ങളോളം താമസിച്ച് നക്സലുകളെ ആഴത്തില്‍ പഠിച്ച അല്‍പ ഷാ നടത്തുന്ന ഒരു നിരീക്ഷണം സ്ത്രീ തുല്ല്യതയുടെയും സമത്വത്തിന്റെയും കാര്യത്തില്‍ നക്സലുകളേക്കാളും എത്രയോ മുന്നിലാണ് ആദിവാസികള്‍ എന്നാണ്. ഇന്ത്യന്‍ സമൂഹത്തില്‍ പൊതുവെ സമുദായ വ്യത്യാസമന്യെ സ്ത്രീ എന്നും ദളിതയാണ്.

ഗാര്‍ഹിക പീഡനത്തിന് വിധേയരാവുന്ന പെണ്‍കുട്ടികള്‍ ആത്യന്തികമായി വിരല്‍ ചൂണ്ടുന്നത് നമ്മള്‍ ജിവിക്കുന്ന വ്യവസ്ഥിതിയുടെ നേര്‍ക്കാണ്. ഈ വിഷയത്തില്‍ ഒരു ക്ലാസ്സിക് പാഠപുസ്തകമുണ്ടെങ്കില്‍ അത് നെഹ്രു കുടുംബമാണ്. നമുക്ക് കമല നെഹ്രുവില്‍നിന്ന് തുടങ്ങാം. 

സമ്പത്തിലും പ്രതാപത്തിലും പാരമ്പര്യത്തിലും കമലയുടെ കുടുംബം നെഹ്രുവിന്റെ കുടുംബത്തിന് പിന്നിലായിരുന്നില്ല. പക്ഷേ, കമലയ്ക്ക് ഇംഗ്ലിഷ് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. ഫോര്‍ക്കും കത്തിയും ഉപയോഗിച്ചുള്ള പടിഞ്ഞാറന്‍ തീന്‍മേശ ആചാരങ്ങളും  കമലയ്ക്ക് വശമുണ്ടായിരുന്നില്ല. നെഹ്രുവിന്റെ അമ്മ സ്വരൂപ് റാണിക്കും പെങ്ങള്‍ വിജയലക്ഷ്മി പണ്ഡിറ്റിനും കമല അന്യയും അപരയുമായി. 

ഇത്രയും നാള്‍ തങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടിരുന്ന ഒരാളിന്റെ ജിവിതത്തിലേക്ക് മറ്റൊരു പെണ്ണ് കയറിവരുന്നത് പൊതുവെ വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. ഒരു തരം പൊസസ്സീവ്നസ്സില്‍നിന്ന് ഉടലെടുക്കുന്ന പ്രശ്നമാണിത്. സ്വരൂപ് റാണിയും വിജയലക്ഷ്മിയും ഇതിന് അപവാദമായിരുന്നില്ല. നെഹ്രുവാണെങ്കില്‍ വീട്ടിലുണ്ടാവുന്ന സമയം വളരെക്കുറവായിരുന്നു. ഒന്നുകില്‍ സമരവും പ്രക്ഷോഭങ്ങളുമായി വിവിധ ദേശങ്ങളില്‍ അല്ലെങ്കില്‍ ജയിലില്‍ എന്നതായിരുന്നു അക്കാലത്ത് നെഹ്രുവിന്റെ ജീവിതം. സ്വാഭാവികമായും പുതിയ വീട്ടില്‍ കമല ഒറ്റപ്പെട്ടു.

അമ്മയുടെ ഈ ഏകാന്തതയും ഒറ്റപ്പെടലും കണ്ടുകൊണ്ടാണ് ഇന്ദിര വളരുന്നത്. ഇന്ദിരയുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചത് വാസ്തവത്തില്‍ പിതാവ് നെഹ്രുവായിരുന്നില്ലെന്നും അമ്മ കമലയായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നത് ഈ പരിസരത്തിലാണ്. വിജയലക്ഷ്മി പണ്ഡിറ്റുമായി ഇന്ദിരയുടെ ശീതയുദ്ധം തുടങ്ങുന്നതും ഇതേ കാരണം കൊണ്ടായിരുന്നു. 

സ്വയം ഒരാണ്‍കുട്ടിയായാണ് പലപ്പോഴും ഇന്ദിര ചെറുപ്പത്തില്‍ കണ്ടിരുന്നത്. നെഹ്രുവിന് അക്കാലത്ത് അയക്കുന്ന കത്തുകളുടെ അവസാനം ഇന്ദിര എഴുതിയിരുന്നത് ''from your loving indu boy'' എന്നായിരുന്നു. ഒരു മകന്‍ വേണമെന്ന നെഹ്രുവിന്റെ ആഗ്രഹവും ഇന്ദിരയുടെ ഈ പെരുമാറ്റത്തിനു പിന്നിലുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്തായാലും സ്ത്രീ ആയതുകൊണ്ട് താന്‍ ആര്‍ക്കും പിന്നിലല്ലെന്നുള്ള പ്രഖ്യാപനമായിരുന്നു ഇന്ദിരയുടെ ജീവിതമത്രയും. ഫിറോസ് ഗാന്ധിയോടുള്ള ഇന്ദിരയുടെ പ്രേമം ഒരര്‍ത്ഥത്തില്‍ നെഹ്രുവിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന എലിറ്റ് സംസ്‌കാരത്തിനും എതിരെയുള്ള ഇന്ദിരയുടെ കലാപമായിരുന്നു.

ഫിറോസിനെ അഗാധമായി പ്രണയിച്ചിരുന്നപ്പോഴും ഫിറോസിനു മുന്നില്‍ തന്റെ വ്യക്തിത്വം അടിയറവു വെയ്ക്കാതിരിക്കാന്‍ ഇന്ദിര പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരര്‍ത്ഥത്തില്‍ കമലയും നെഹ്രുവും തമ്മിലുണ്ടായിരുന്ന അന്തരം ഇന്ദിരയും ഫിറോസും തമ്മിലുമുണ്ടായിരുന്നു. നെഹ്രുവിന്റെ സ്ഥാനത്ത് ഇന്ദിരയും കമലയുടെ സ്ഥാനത്ത് ഫിറോസുമായിരുന്നുവെന്നതായിരുന്നു വ്യത്യാസം. ഫിറോസിന് നെഹ്രുവിനേക്കാള്‍ അടുപ്പം കമലയോടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. 

കമലയും ഫിറോസും ചെറുപ്പത്തിലേ തന്നെ ഈ ലോകം വിട്ടുപോവുകയും ചെയ്തു. മരിക്കുമ്പോള്‍ കമലയ്ക്ക് 37 വയസ്സേ ഉണ്ടായിരുന്നുള്ളു, ഫിറോസിന് 48. സാമ്പത്തികമായും വര്‍ഗ്ഗപരമായും കൂടുതല്‍ മുകളിലുള്ള ഒരു വീട്ടില്‍നിന്ന് വിവാഹം കഴിക്കരുതെന്ന് ഫിറോസ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഫിറോസുമായി അടുത്ത ബന്ധമുണ്ടായിരുന്ന പത്രപ്രവര്‍ത്തകന്‍ സി.പി. രാമചന്ദ്രന്‍ ഇതെഴുതുന്നയാളോട് പറഞ്ഞിട്ടുണ്ട്.

ഇന്ദിര എന്ന മകളോ ഭാര്യയോ ആയിരുന്നില്ല ഇന്ദിര എന്ന അമ്മായി അമ്മ. 1966-ലാണ് ഇന്ദിര ആദ്യമായി പ്രധാനമന്ത്രിയാവുന്നത്. അതിനും ആറു കൊല്ലം മുമ്പ് ഫിറോസ് മരിച്ചിരുന്നു. രാജീവിന് അന്ന് 22 വയസ്സ്. സഞ്ജയിന് 20. രാഷ്ട്രീയത്തില്‍ തന്റെ പിന്‍ഗാമിയായി ഇന്ദിര കണ്ടത് സഞ്ജയിനെ ആണ്. രാജീവോ ഭാര്യ സോണിയയോ ഒരിക്കലും ഒരു പൊതുജിവിതം ആഗ്രഹിച്ചിരുന്നില്ല. 

1974-ല്‍ 28-ാമത്തെ വയസ്സിലാണ് സഞ്ജയ് പതിനെട്ടുകാരിയായ മനേകയെ കെട്ടുന്നത്. എട്ടും പൊട്ടും തിരിയാത്ത ഒരു കുട്ടിയായിരുന്നു താനെന്നും തന്റെ വഴികാട്ടിയായിരുന്നു ഇന്ദിരയെന്നും മനേക പിന്നീട് എഴുതി. വീട്ടുകാര്യങ്ങളില്‍ സോണിയയോടും രാഷ്ട്രീയത്തില്‍ മനേകയോടുമാണ് ഇന്ദിര അഭിപ്രായങ്ങള്‍ തേടിയിരുന്നതെന്ന് ഇന്ദിരയുടെ കുടുംബ ഡോകട്റായിരുന്ന കെ.പി. മാത്തുര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

പക്ഷേ, 1980-ല്‍ 34-ാമത്തെ വയസ്സില്‍ സഞ്ജയ് കൊല്ലപ്പെട്ടപ്പോള്‍ എന്തുകൊണ്ട് ഇന്ദിര തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി മനേകയെ തിരഞ്ഞെടുത്തില്ല എന്നതൊരു ചോദ്യമാണ്. രാഷ്ട്രീയത്തിലേക്കില്ല എന്ന കടുത്ത നിലപാട് എടുത്തിരുന്ന രാജീവിനെ സോണിയയുടെ എതിര്‍പ്പ് മറികടന്നാണ് ഇന്ദിര കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നത്. രണ്ടു കൊല്ലത്തിനപ്പുറം 1982-ല്‍ മനേകയ്ക്ക് ഇന്ദിരയുടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നു.

എന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയുമില്ലാതെയാണ് താന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നിറങ്ങിയതെന്ന് സിമി ഗ്രവേളുമായുള്ള അഭിമുഖത്തില്‍ മനേക പറയുന്നുണ്ട്. സഞ്ജയിന്റെ വീട്ടില്‍നിന്നു മാത്രമല്ല ഇന്ത്യയിലെ ഏറ്റവും ശക്തമായ കുടുംബത്തില്‍നിന്നും കോണ്‍ഗ്രസ് എന്ന ഭരണകകഷിയില്‍നിന്നുമാണ് മനേക അന്ന് പടിയിറങ്ങിയത്. പക്ഷേ, മനേക തളരുകയോ തകരുകയോ ചെയ്തില്ല. ആരും കൈപിടിച്ചുയര്‍ത്താനില്ലാത്ത ഒരവസ്ഥയില്‍നിന്നു മനേക അക്ഷരാര്‍ത്ഥത്തില്‍ ജീവിതം സ്വയം വെട്ടിപ്പിടിക്കുകയായിരുന്നു. 

ഇന്ത്യയിലെ സ്‌കൂളുകളിലും കോളേജുകളിലും പാഠ്യവിഷയമാക്കേണ്ട ഒരു ഇന്ത്യന്‍ വനിതയുടെ ജീവിതമുണ്ടെങ്കില്‍ അത് മനേകയുടെ ജീവിതമാണ്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള പോരാട്ടമായിരുന്നു ആ കാലത്ത് തന്റെ ജീവിതമെന്ന് മനേക പറഞ്ഞിട്ടുണ്ട്. നെഹ്രു കുടുംബത്തിലെ മൂന്ന് സ്ത്രീകളെ (ഇന്ദിര, സോണിയ, മനേക) അടുത്തറിഞ്ഞാല്‍ ഒരിന്ത്യന്‍ പെണ്‍കുട്ടിക്കും വിസ്മയയുടെ ദുരവസ്ഥയുണ്ടാവില്ല. ഏതു പ്രതികൂല സാഹചര്യവും മറികടക്കേണ്ടത് എങ്ങനെയാണെന്ന് ഈ സ്ത്രീകള്‍ നമ്മോട് പറയുന്നുണ്ട്.

ഇവര്‍ക്കു മുമ്പ് ജീവിതം സമരമാക്കിയ ഒരു സ്ത്രീയെയും ഇവിടെ അനുസ്രിക്കേണ്ടതുണ്ട്. ഗാന്ധിജിയുടെ ഭാര്യ കസ്തൂര്‍ബ്ബ. നാടിനെയും നാട്ടുകാരെയും നന്നാക്കാനായി ഗാന്ധിജി ഓടി നടന്നപ്പോള്‍ മക്കളെ മാത്രമല്ല ഗാന്ധിജി സ്ഥാപിച്ച ആശ്രമങ്ങളും നോക്കി നടത്തിയത് കസ്തൂര്‍ബ്ബയാണ്. ഒരു പൊതുക്കാര്യത്തിനായി കുറച്ചു പണത്തിന്റെ കുറവ് വന്നപ്പോള്‍ ഗാന്ധിജി ഒരിക്കല്‍ കസ്തൂര്‍ബ്ബയോട് കൈയ്യിലുള്ള സ്വര്‍ണ്ണ വള ആവശ്യപ്പെട്ടു. തരാന്‍ പറ്റില്ലെന്ന് കസ്തൂര്‍ബ്ബ പറഞ്ഞു. വളയുണ്ടാക്കിയത് തന്റെ കാശുകൊണ്ടാണെന്നായി ഗാന്ധിജി. 

അപ്പോള്‍ അതിന് കസ്തൂര്‍ബ്ബ നല്‍കിയ മറുപടി ചരി്രതമാണ്. ഗാന്ധിജിയുടെ കാശെന്നു പറഞ്ഞാല്‍ തന്റെ കൂടി കാശാണെന്നും ഗാന്ധിജി പൊതുക്കാര്യങ്ങള്‍ നോക്കുന്നതുപോലെയാണ് താന്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതെന്നുമായിരുന്നു കസ്തൂര്‍ബ്ബയുടെ മറുപടി. സ്ത്രീ വിമോചനത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചത് കസ്തൂര്‍ബ്ബയുടെ ഈ മറുപടിയായിരിക്കണം.

ഗാര്‍ഹിക പീഡനങ്ങളുടെ ആദ്യ ഇരകളിലൊന്ന് ഗൗതമ ബുദ്ധന്റെ ഭാര്യ യശോധരയായിരിക്കണം. രാത്രിക്കു രാത്രി മോക്ഷം തേടി തന്നെയും മകനെയും ഉപേക്ഷിച്ച് സിദ്ധാര്‍ത്ഥന്‍ ഒളിച്ചോടുമ്പോള്‍ യശോധര അതിനെ എങ്ങിനെയാണ് നേരിട്ടതെന്ന് നമുക്കറിയില്ല. മോക്ഷം എന്നത് ആണുങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്ന് പിന്നീടെപ്പോഴെങ്കിലും നേരിട്ട് കണ്ടപ്പോള്‍ യശോധര  ബുദ്ധനോട് പറഞ്ഞിട്ടുണ്ടോ എന്നും നമുക്കറിയില്ല. ഭര്‍ത്താവിനെയും മക്കളേയും ഉപേക്ഷിച്ച് കാമുകര്‍ക്കൊപ്പം പോകുന്ന സ്ത്രീകളെ സദാചാര വിചാരണകള്‍ക്ക് വിധേയമാക്കും മുമ്പ് അവരോട് ഈ ഭര്‍ത്താക്കന്മാരും അവരുടെ കുടുംബങ്ങളും എന്താണ് ചെയ്യേണ്ടതെന്ന് നമ്മള്‍ അന്വേഷിക്കേണ്ടതുണ്ട്.

പറഞ്ഞുവന്നത് സ്വന്തം കാലില്‍ നില്‍ക്കേണ്ടതിനെക്കുറിച്ചാണ്. ഗാര്‍ഹിക പീഡനങ്ങള്‍ ഒരു സുപ്രഭാതത്തില്‍ സംഭവിക്കുന്നവയല്ല. അമ്മയ്ക്ക് നേരിടേണ്ടി വന്ന പീഡനങ്ങള്‍ കണ്‍മുന്നിലുള്ളപ്പോള്‍ തന്നെയാണ് ഇന്ദിര മരുമകള്‍ മനേകയെ വീട്ടില്‍നിന്നു പറഞ്ഞയക്കുന്നത്. പാട്രിയാര്‍ക്കി എന്നു പറയുന്നത് ആണുങ്ങളുടെ കുത്തകയല്ല. അത് ഒരു വ്യവസ്ഥിതിയുടെ ഉത്പന്നമാണ്. ആ ഉത്പന്നം തകരണമെങ്കില്‍ പെണ്ണുങ്ങള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൂടിയേ തീരൂ. 

അതുകൊണ്ടാണ് അംബദ്കര്‍ പറഞ്ഞത് പെണ്‍മക്കളല്ല, കല്ല്യാണമാണ് ബാദ്ധ്യതയെന്ന്. അധഃസ്ഥിതരായ വനിതകളുടെ ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കവെ 1942-ലാണ് അംബദ്കര്‍ ഇക്കാര്യം പറഞ്ഞത്: ''മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കൂ. മുന്നേറാനുള്ള ആഗ്രഹം അവരില്‍ കുത്തിവെയ്ക്കൂ. കല്ല്യാണത്തിന് ഒരിക്കലും ധൃതിവെയ്ക്കരുത്. കല്ല്യാണം ഒരു ബാദ്ധ്യതയാണ്. സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുണ്ടാവുന്നതുവരെ കല്ല്യാണത്തിന് മക്കളെ നിര്‍ബ്ബന്ധിക്കരുത്. ഭര്‍ത്താവിന്റെ അടിമയല്ല  താനെന്നും സുഹൃത്തും തുല്ല്യയുമാണെന്നും പറയാന്‍ ഓരോ പെണ്‍കുട്ടിക്കും കഴിയണം.'' 72 കൊല്ലം മുമ്പ് അംബദ്കര്‍ പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കേണ്ടി വരുന്നുവെന്നത് നമ്മള്‍ ഇന്നെത്തി നില്‍ക്കുന്ന ദുരവസ്ഥയുടെ ആഴവും പരപ്പുമാണ് വ്യക്തമാക്കുന്നത്.

ആയുര്‍വ്വേദ ഡോക്ടറാവാന്‍ പഠിക്കുകയായിരുന്ന മകളെ നൂറു പവനും കാറും ഭൂമിയും കൊടുത്ത് കെട്ടിച്ചയക്കുന്നതിന് മുമ്പ് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കുകയായിരുന്നു വിസ്മയയുടെ പിതാവ് ചെയ്യേണ്ടിയിരുന്നത്. നിങ്ങളുടെ അടിമയല്ല, നിങ്ങളുടെ സുഹൃത്തും തുല്ല്യയുമാണെന്ന്  ഭര്‍ത്താവിന്റെ മുഖത്ത് നോക്കി പറയാന്‍ കഴിയുന്ന വിസ്മയമാരാണ് ഇവിടെ വേണ്ടത്. 

സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങളില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വലംകയ്യായിരുന്ന മൊണ്ടെക് സിങ് അഹ്ലുവാലിയയുടെ ഭാര്യയും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയുമായിരുന്ന ഇഷര്‍ ജഡ്ജ് അഹ്ലുവാലിയ അവരുടെ ആത്മകഥയില്‍ വിവരിക്കുന്ന ഒരു രംഗമുണ്ട്.

കല്ല്യാണം കഴിഞ്ഞ് മൊണ്ടെക്കിന്റെ വീട്ടിലായിരുന്ന ഇഷറിനെ കാണാന്‍ സഹോദരന്‍ വരുന്നു. ഡല്‍ഹിയിലെ ഒരു പ്രശസ്തമായ ബേക്കറിയില്‍നിന്നു വാങ്ങിയ പൈനാപ്പിള്‍ കേക്കുകളുമായാണ് സഹോദരന്‍ എത്തിയത്. അമ്മായിയമ്മ തന്റെ സഹോദരനെ ഊഷ്മളമായി വരവേറ്റെന്നും എന്നാല്‍ സഹോദരന്‍ മടങ്ങിപ്പോയപ്പോള്‍ പൊങ്ങച്ചം കലര്‍ന്ന ഒരു പരാമര്‍ശം നടത്തിയെന്നും ഇഷര്‍ എഴുതുന്നു. 

''കഷ്ടം...! ഇവിടെയാര്‍ക്കും ഇത്തരം കേക്കുകള്‍ ഇഷടമല്ല...!'' എന്നായിരുന്നു മൊണ്ടെക്കിന്റെ അമ്മയുടെ വാക്കുകള്‍.  ആ കേക്കുകള്‍ എടുത്ത് നേരെ ചവറ്റുകൊട്ടയിലടുകയാണ് ഇഷര്‍ ചെയ്തത്. തന്റെ കുടുംബത്തെ ചെറുതാക്കിക്കാണിക്കുന്ന ഒരു പ്രവൃത്തിയും താന്‍ അംഗീകരിക്കില്ലെന്ന് മൊണ്ടെക്കിന്റെ കുടുംബത്തെ ബോദ്ധ്യപ്പെടുത്തുകയാണ് താന്‍ ചെയ്തതെന്നാണ് ഇഷര്‍ ആത്മകഥയില്‍ എഴുതിയത്. 

ആദ്യം ഒന്നമ്പരന്നെങ്കിലും കാര്യം മനസ്സിലായപ്പോള്‍ മൊണ്ടെക്ക് തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുവെന്നും ഇഷര്‍ വ്യക്തമാക്കുന്നുണ്ട്. പിന്നീടങ്ങോട്ട് ഒരു തരത്തിലുള്ള അപമാനവും ഇഷറിന് മൊണ്ടെക്കിന്റെ അമ്മയില്‍നിന്ന് നേരിടേണ്ടി വന്നില്ല. നെഹ്രു കുടുംബത്തില്‍ കമലയ്ക്ക് നേരിടേണ്ടി വന്നത് ഇത്തരത്തിലുള്ള പെരുമാറ്റങ്ങളായിരുന്നു. പക്ഷേ, ഇഷറിനെപ്പോലെ പ്രതികരിക്കാന്‍ കമലയ്ക്കാവുമായിരുന്നില്ല. കാരണം കമലയ്ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രപ്തിയുണ്ടായിരുന്നില്ല.

വ്യക്തികളെ  കുറ്റപ്പെടുത്തുന്നതിനുള്ള കുറിപ്പല്ല ഇത്. പ്രതിക്കൂട്ടില്‍ ഒരാളല്ല. നമ്മള്‍ ഓരോരുത്തരും അടങ്ങുന്ന സമൂഹം തന്നെയാണ് പ്രതിക്കൂട്ടില്‍. ജീവിക്കുകയാണ് മരിക്കുകയല്ല വേണ്ടതെന്ന് നമ്മുടെ പെണ്‍കുട്ടികളോട് പറയാന്‍ നമുക്കാവണം. ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും ഒരു പോലെ പെരുമാറുന്ന കുടുംബങ്ങള്‍ക്ക് മാത്രമേ വിസ്മയമാരുടെ പരമ്പരകള്‍ അവസാനിപ്പിക്കാനാവുകയുള്ളു.  

വിവാഹമോചനം നേടി രണ്ടു കുട്ടികളുമായി നാട്ടില്‍ തിരിച്ചെത്തിയ മേരി റോയിയാണ് കേരളത്തില്‍ ക്രിസ്ത്യന്‍ കുടുംബങ്ങളിലെ അസമത്വത്തിനെതിരെ പോരാടിയതെന്നും വിജയിച്ചതെന്നും മറക്കരുത്. എന്താണ് മേരി റോയിയുടെ സംഭാവന എന്ന ചോദ്യത്തിന് ഞാനാണ് മേരി റോയിയുടെ സംഭാവനയെന്ന് ഒരു അഭിമുഖത്തില്‍ അരുന്ധതി റോയി പറയുന്നുണ്ട്. അസമത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെയുള്ള നിരന്തര പോരാട്ടമായി അരുന്ധതിയുടെ ജീവതം മാറുന്നതില്‍ തീര്‍ച്ചയായും അമ്മ മേരിയുടെ പങ്ക് നിര്‍ണ്ണായകമാണ്.

നക്സലുകളുടെ അക്രമത്തെ എങ്ങിനെ പിന്തുണയ്ക്കാന്‍ കഴിയും എന്ന ചോദ്യത്തിന് അരുന്ധതി ഉന്നയിക്കുന്ന മറുചോദ്യം ഇന്ത്യയിലെ ആദിവാസകള്‍ നേരിടുന്ന അക്രമത്തിന് എവിടെ നിന്നാണ് പരിഹാരമുണ്ടാവുന്നത്, എവിടെ നിന്നാണ് നീതിയുണ്ടാവുന്നത് എന്നാണ്. നമ്മുടെ സ്ത്രീകള്‍ വീടുകളില്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് കൃത്യമായ പരിഹാരമുണ്ടാക്കേണ്ടത് നീതിന്യായ വ്യവസ്ഥയുടെ ധര്‍മ്മമാണ്. പീഡനം നടത്തുന്നവര്‍ എത്രയും വേഗത്തില്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ സമൂഹത്തിന് കൃത്യമായ സന്ദേശം കിട്ടുകയുള്ളു. നമ്മുടെ പെണ്‍കുട്ടികള്‍ കായിക പരിശീലനം നേടേണ്ടതിന്റെ അവശ്യകതയും വിസ്മയയുടെ മരണം വിളിച്ചു പറയുന്നുണ്ട്. ചവിട്ടാനുയര്‍ത്തുന്ന കാല് വലിച്ച് നിലത്തിടാനും നമ്മുടെ പെണ്‍കുട്ടികള്‍ക്കാവണം.

വിസ്മയയുടെ മരണത്തെ തുടര്‍ന്ന് സി.പി.എം. നേതാവ് പി.കെ. ശ്രീമതി നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമായിരുന്നു. പെണ്‍കുട്ടികള്‍ വിവാഹിതരായി ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനു പകരം ഭര്‍ത്താവ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരട്ടെ എന്നാണ് ശ്രീമതി പറഞ്ഞത്. കോഴിക്കോട്ടെയും തലശ്ശേരിയിലെയും മുസ്ലിം വീടുകളിലും എറണാകുളത്തും പരിസര ജില്ലകളിലുമുള്ള നായര്‍ വീടുകളിലും ഇത്തരം ആചാരം വര്‍ഷങ്ങളായുണ്ട്. 

പെണ്‍കുട്ടിള്‍ക്ക് സുരക്ഷ നല്‍കുന്ന ആചാരമാണിതെന്നതില്‍ സംശയമില്ല. പക്ഷേ, ആത്യന്തിക പരിഹാരം അംബദ്കര്‍ പറഞ്ഞതു തന്നെയാണ്. സാമ്പത്തികമായി സ്വതന്ത്രയാവുന്ന സ്ത്രീകള്‍ക്ക് മാത്രമേ ആണധികാരത്തിന് മുന്നില്‍ തലയയുര്‍ത്തി നില്‍ക്കാനാവുകയുള്ളു. സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ ചൂഷകരോട് 'പോടാ പുല്ലേ' എന്ന് മുഖത്തു നോക്കി പറയാനാവുകയുള്ളു. 

ഒരാണിനും സമര്‍പ്പിക്കേണ്ടതല്ല സ്ത്രീയുടെ ജീവിതം. അത് അവള്‍ക്ക് സ്വയം ആസ്വദിച്ച് ജീവിക്കാനുള്ളതാണ്. ''from your loving indu boy എന്നല്ല, indu girl'' എന്ന് തന്നെ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എഴുതാനാവണം.

വഴിയില്‍ കേട്ടത്: '' ഒരു പെണ്‍കുട്ടി ജനിച്ചാല്‍ അഞ്ച് മരങ്ങള്‍ നടൂ. അവളുടെ കല്ല്യാണച്ചെലവിനുള്ള പണം ആ മരങ്ങള്‍ തരും.'' 2011-ല്‍ കര്‍ഷകരോടുള്ള  നരേന്ദ്ര മോദിയുടെ ട്വീറ്റ്. ഏതു മരമാണ് നടേണ്ടതെന്ന് ചിലപ്പോള്‍ യശോദ ബെന്നിനോട് ചോദിക്കണമായിരിക്കും...!

Content Highlights: Marriage should not be the ultimatum for a woman | Vazhipokkan