ക്കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ ശ്രദ്ധിക്കാതിരിക്കാനാവില്ല. ഇതില്‍ ഏറ്റവും അവസാനത്തേതില്‍നിന്ന് തുടങ്ങാം. അഞ്ച് ദിവസം മുമ്പ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെ 19 പാര്‍ട്ടികളുടെ നേതാക്കളാണ് ഒണ്‍ലൈനായി നടത്തിയ യോഗത്തില്‍ പങ്കെടുത്തത്. 

സോണിയയുടെ അഭിസംബോധന അര്‍ത്ഥഗര്‍ഭമായിരുന്നു: ''നമുക്ക് എല്ലാവര്‍ക്കും നമ്മുടേതായ സമ്മര്‍ദ്ദങ്ങളുണ്ട്. പക്ഷേ, രാഷ്ട്രതാല്‍പര്യം മുന്‍നിര്‍ത്തി ഈ സമ്മര്‍ദ്ദങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കേണ്ട സമയം ആഗതമായിരിക്കുന്നു.''  

ആത്യന്തിക ലക്ഷ്യം 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പാണെന്ന് സോണിയ സംശയലേശമന്യെ വ്യക്തമാക്കി. അടിത്തട്ടിലെ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന നേതാവിനെയാണ് സോണിയുടെ വാക്കുകള്‍ വെളിപ്പെടുത്തുന്നത്. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബി.ജെ.പി. സര്‍ക്കാരിനെതിരെ ഒന്നിച്ചുനില്‍ക്കാതെ പറ്റില്ലെന്നും അതിന് മുന്നില്‍ അല്ലറ ചില്ലറ വ്യക്തി താല്‍പര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമുള്ള തിരിച്ചറിവില്‍ നിന്നാവണം സോണിയ ഇങ്ങനെയൊരു യോഗത്തിന് മുന്‍കൈ എടുത്തത്.

വാസ്തവത്തില്‍ 2024 ലേശം അകലെയാണ്. അതിനു മുമ്പ്, അടുത്ത കൊല്ലമാണ് യു.പി. നിയമസഭ തിരഞ്ഞെടുപ്പ്. പക്ഷേ, യു.പി. പിടിക്കുക എന്ന അജണ്ട കോണ്‍ഗ്രസ് മാറ്റിവെയ്ക്കുകയാണ്. യോഗിയുടെ തട്ടകത്തില്‍ തങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്ന് സോണിയയ്ക്കും പാര്‍ട്ടിക്കും ബോദ്ധ്യമായിട്ടുണ്ടെന്ന് തോന്നുന്നു. യു.പി. മായാവതിയുടെയും അഖിലേഷിന്റെയും തലവേദനയാണെന്ന് ചുരുക്കം. രണ്ടു കൂട്ടരും സോണിയ വിളിച്ച യോഗത്തില്‍ പങ്കെടുത്തില്ല എന്നതും ഈ ഘട്ടത്തില്‍ ഓര്‍ക്കണം.

മൂന്നു കൊല്ലത്തിനപ്പുറം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് ഇപ്പൊഴേ തയ്യാറെടുക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത് അതിജീവനത്തിന്റെ പ്രശ്നം തന്നെയാവണം. 2019-ലെ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ മോദി തിരിച്ചുവന്നപ്പോള്‍ തകര്‍ന്നുവീണത് കോണ്‍ഗ്രസിന്റെ മൊത്തം കണക്കുകൂട്ടലുകളായിരുന്നു. 

മോദിക്ക് ബദല്‍ രാഹുല്‍ എന്ന സമവാക്യം തിരസ്‌കരിക്കപ്പെട്ടതോടെ കോണ്‍ഗ്രസ് നേരിട്ടത് അതിന്റെ ചരിത്രത്തിലെ ഏ്റ്റവും വലിയ പ്രതിസന്ധിയാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചു. അനാരോഗ്യം അലട്ടുന്നതിനിടയിലും സോണിയയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചു വരേണ്ടി വന്നു. പുതിയ പ്രസിഡന്റ് വേണമെന്ന ആവശ്യവുമായി ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് 23 ന്റെ രംഗപ്രവേശമുണ്ടായി. 

ഇതിനിടയില്‍ കര്‍ണ്ണാടകത്തിലും മദ്ധ്യപ്രദേശിലും കേരളത്തിലും പുതുച്ചേരിയിലും ഭരണം നഷ്ടപ്പെട്ടു. അസം തിരിച്ചുപിടിക്കാമെന്ന മോഹം മോഹമായിതന്നെ അവശേഷിച്ചു. ബംഗാളില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനായല്ലെന്ന ദുരന്തവും കോണ്‍ഗ്രസിന് അഭിമുഖീകരിക്കേണ്ടി വന്നു. ഇവിടെയാണ് 2024 ലക്ഷ്യമിട്ട് കോണ്‍ഗ്രസ് കളത്തിലിറങ്ങുന്നത്.

ഈ അജണ്ടയില്‍ നമുക്കറിയേണ്ടത് മോദിക്കെതിരെ ആരെയാണ് കോണ്‍ഗ്രസ് കളത്തില്‍ കാണുന്നതെന്നാണ്. അതെന്തായാലും രാഹുല്‍ ഗാന്ധിയാവാനിടയില്ല. കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ തിരിച്ചുവന്നേക്കാനുള്ള സാദ്ധ്യത ഏറെയാണ്. പക്ഷേ, വിശാല പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ അവതരിപ്പിക്കപ്പെടാന്‍ ഒരു സാദ്ധ്യതയുമില്ല. 

പ്രധാനമന്ത്രി പദവി തന്റെ മോഹമല്ലെന്ന് സോണിയ പണ്ടേ വ്യ്കതമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍നിന്ന് മറ്റൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഉയര്‍ന്നുവരാനുള്ള സാദ്ധ്യതയും വിരളമാണ്. എന്‍.സി.പി. നേതാവ് ശരദ് പവാര്‍ ആണ് കളത്തിലുള്ള മറ്റൊരാള്‍. പ്രധാനമന്ത്രി സ്്ഥാനം പവാറിന് എന്നും ഒരു പ്രലോഭനമാണ്. പക്ഷേ, വേറെയാരെ പിന്തുണച്ചാലും പവാറിനെ തുണയ്ക്കാന്‍  നെഹ്രു കുടുംബത്തിനാവില്ല.

അപ്പോള്‍ പിന്നെ ബാക്കിയാവുന്നത് ഒരോയൊരു പേരാണ്  മമത ബാനര്‍ജി. 2024 ലക്ഷ്യമിട്ട് വിശാല പ്രതിപക്ഷനിര വാര്‍ത്തെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ അതിന്റെ കേന്ദ്ര സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്ന ഇമേജ് ബംഗാള്‍ മുഖ്യമന്ത്രി മമതയുടേതാണെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമൊന്നുമല്ല. ഇന്നിപ്പോള്‍ നരേന്ദ്രമോദിക്കെതിരെ പട നയിക്കാന്‍ മമതയല്ലാതെ മറ്റൊരാള്‍ പ്രതിപക്ഷ നിരയിലില്ല എന്നതാണ് വാസ്തവം. 

ഇക്കഴിഞ്ഞ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മമത നേടിയ ജയം അതിഗംഭീരമെന്നേ വിശേഷിപ്പിക്കാനാവൂ! ബംഗ്ളാദേശ് യുദ്ധത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ ജനസംഘത്തിന്റെ സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ നാട്ടില്‍ അധികാരത്തില്‍ വരണമെന്നത് ബി.ജെ.പിയുടെ വലിയ സ്വപ്നമായിരുന്നു. ബംഗാള്‍ പിടിക്കാനായി ഒരുക്കിയതുപോലുള്ള സന്നാഹങ്ങള്‍ ബി.ജെ.പി. അടുത്ത കാലത്തെങ്ങും മറ്റൊരു സംസ്ഥാനത്തും നടത്തിയിട്ടില്ല. 

ഒരു പക്ഷേ, മമത ഭാവിയില്‍ ഉയര്‍ത്തിയേക്കാവുന്ന ഭീഷണി ആര്‍.എസ്.എസും ബി.ജെ.പിയും മുന്‍കൂട്ടി കണ്ടുകാണും. മമതയെ ബംഗാളില്‍ വീഴ്ത്തേണ്ടത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായിരുന്നു. ഈ വെല്ലുവിളിയാണ് മമത വിജയകരമായി നേരിട്ടത്. മമതയുടെ വിജയം ആത്യന്തികമായി വിള്ളല്‍ വീഴ്ത്തിയത് മോദിയുടെ പ്രതിച്ഛായയില്‍ തന്നെയാണെന്നതും കാണാതിരിക്കരുത്.

മമതയുടെ മുന്നേറ്റം ബി.ജെ.പിയെ എത്രമാത്രം വിറളി പിടിപ്പിച്ചുവെന്നതിന് ഉദാഹരണമായിരുന്നു ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി അലാപന്‍ ബന്ദോപദ്ധ്യായയ്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് തോറ്റതുകൊണ്ട് ആറു മാസത്തിനുള്ളില്‍ മമത ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കേണ്ടതായുണ്ട്. പക്ഷേ, നാല് മാസമായിട്ടും ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ലെന്നതും മോദി സര്‍ക്കാരിന്റെ വേവലാതി വെളിപ്പെടുത്തുന്നുണ്ട്. അതേസമയം പെഗാസസ് വിവാദത്തില്‍ അന്വേഷണക്കമ്മീഷനെ നിയമിച്ചുകൊണ്ട് മമത കേന്ദ്ര സര്‍ക്കാരിനെതിരെ പുതിയ യുദ്ധമുഖം തുറക്കുകയും ചെയ്തു.

മമതയെ ഒഴിച്ചു നിര്‍ത്തി കോണ്‍ഗ്രസിനോ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി മമതയ്ക്കോ മുന്നോട്ടു പോകാനാവില്ല. ഈ യാഥാര്‍ത്ഥ്യം ഇരുകൂട്ടരും തിരിച്ചറിയുന്നുണ്ടെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്ക് ഊര്‍ജ്ജമേകുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ മമതയുടെ ഉപദേശകനായിരുന്ന പ്രശാന്ത് കിഷോര്‍ ശരദ്പവാറുമായും സോണിയ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചകള്‍ ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. 

2017 ലെ യു.പി. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഉപദേശകനായിരുന്നു പ്രശാന്ത്. അന്ന് താന്‍ ആദ്യമേ കോണ്‍ഗ്രസിനോട് പറഞ്ഞ ഒരു കാര്യം യു.പിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൃത്യമായി ഒരാളെ മുന്നോട്ടുവെയ്ക്കണമെന്നതായിരുന്നുവെന്ന് പ്രശാന്ത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ബംഗാളിലായാലും തമിഴ്നാട്ടിലായാലും കേരളത്തിലായാലും ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും എതിരെ കളത്തില്‍ ശക്തനോ ശക്തയോ ആയ നേതാവുണ്ടായിരുന്നു.

ദേശീയതലത്തില്‍ ഇതേ സമവാക്യം രൂപപ്പെടുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ മുന്നിലുള്ള വെല്ലുവിളി. ഇതിനിപ്പോള്‍ ഏറ്റവും യുക്തയായ നേതാവ് ആരെന്ന് ചോദിച്ചാല്‍ അതിനുത്തരം മമത എന്ന് മാത്രമായിരിക്കും. മമത അടിസ്ഥാനപരമായി ഒരു പോരാളിയാണ്. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ബംഗാളില്‍ നടത്തിയ മുന്നേറ്റം അപ്രതീക്ഷിതമായിരുന്നു. 42 സീറ്റുകളില്‍ 18-ലും വിജയിച്ചുകയറിയ ബി.ജെ.പി. രണ്ടു കൊല്ലത്തിനപ്പുറം തൃണമൂലിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന പ്രതീതിയാണുയര്‍ത്തിയത്. ഇവിടെനിന്നാണ് മമത കളം തിരിച്ചുപിടിച്ചത്. മമതയുടെ  ഈ പ്രകടനം ബംഗാളില്‍ മാത്രമല്ല രാജ്യത്തെല്ലായിടത്തും ശ്രദ്ധിക്കപ്പെട്ടുവെന്നതും വിസ്മരിക്കാനാവില്ല.

ബംഗാളില്‍ മാത്രമായി ഒതുങ്ങാന്‍ മമത തയ്യാറല്ല എന്നതു പകല്‍പോലെ വ്യക്തമാണ്. കഴിഞ്ഞ ദിവസം മമത നടത്തിയ പരാമര്‍ശം ഇതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്: 'Khela hobe, poore desh me khela hobe' (കളി തുടരുകയാണ്, ഇക്കുറി കളി ദേശീയ തലത്തിലാണ്.)  2024-ലെ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ താന്‍ കളത്തിലുണ്ടാവുമെന്ന പ്രഖ്യാപനമാണിത്. മമതയുടെ ഈ പ്രഖ്യാപനം കോണ്‍ഗ്രസ് ഏറ്റെടുത്തേ മതിയാവൂ.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യ മുന്നണിയായ യു.പി.എ. ഇപ്പോള്‍ ഏറെക്കുറെ നിര്‍ജ്ജീവമായ അവസ്ഥയിലാണ്. മമതയെ അദ്ധ്യക്ഷയാക്കി യു.പി.എ. പുനരുജ്ജീവിപ്പിക്കുന്നത് കോണ്‍ഗ്രസ് തീര്‍ച്ചയായും ആലോചിക്കണം. മോദിയും അമിത്ഷായും നയിക്കുന്ന ബി.ജെ.പി. വാജ്‌പേയിയുടെയും അദ്വാനിയുടെയും ബി.ജെ.പിയല്ല. 2025-ല്‍ നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന ആര്‍.എസ്.എസസ്സിനെ സംബന്ധിച്ചിടത്തോളം 2024-ലെ തിരഞ്ഞെടുപ്പില്‍  ഭരണം നിലനിര്‍ത്താതിരിക്കുന്നത് ബി.ജെ.പിക്ക് ആലോചിക്കാന്‍ പോലുമാവില്ല. 

അതുകൊണ്ടുതന്നെ അത്രയും വലിയൊരു പടയൊരുക്കമായിരിക്കും ആര്‍.എസ്.എസ്. നടത്തുക. നിലവിലുള്ള സൂചനകള്‍ കണക്കിലെടുത്താല്‍ മോദി തന്നെയായിരിക്കും ബി.ജെ.പിയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നതില്‍ സംശയമുണ്ടാവേണ്ടതില്ല. കോവിഡും സാമ്പത്തിക തകര്‍ച്ചയും മോദിയുടെ ജനപ്രീതി ഇടിച്ചിട്ടുണ്ടാവാം. പക്ഷേ, ബി.ജെ.പിക്ക് മോദി ഇപ്പോഴും ഒരു ഉറച്ച പന്തയമാണ്.

ചരിത്രം ആവര്‍ത്തിക്കുന്നത് പലപ്പോഴും വിചിത്രമായ രൂപത്തിലായിരിക്കും. 1977-ല്‍ ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെയാണ് ജയപ്രകാശ് നാരായന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒന്നിച്ചത്. അന്ന് കോണ്‍ഗ്രസ് ഒരു വശത്തും പ്രതിപക്ഷം മറുപുറത്തുമായിരുന്നു. ഇന്നിപ്പോള്‍ ഇന്ദിരയുടെ സ്ഥാനത്ത് നരേന്ദ്ര മോദിയാണ്. 77-ല്‍ ഇന്ദിര കൈക്കൊണ്ടതിനേക്കാള്‍ ഭീകരമായ ജനാധിപത്യ വിരുദ്ധതയാണ് മോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. 

ഛിന്നഭിന്നമായ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ ജയപ്രകാശിനെപ്പോലൊരു നേതാവ് ഇപ്പുറത്തില്ല എന്നത് വാസ്തവമാണ്. പക്ഷേ,  പ്രതിസന്ധികള്‍ മനുഷ്യ നിര്‍മ്മിതമാണെങ്കില്‍ അവ പരിഹരിക്കുന്നതിനും മനുഷ്യര്‍ക്ക് കഴിയും. അടിയന്തരാവസ്ഥയ്ക്കെതിരെ ആര്‍.എസ്.എസിനോട് കൈകോര്‍ക്കാനാവില്ലെന്ന് അന്നത്തെ സി.പി.എം. ജനറല്‍ സെക്രട്ടറി പി. സുന്ദരയ്യ നിലപാടെടുത്തിരുന്നു. പക്ഷേ, പാര്‍ട്ടി കേന്ദ്ര കമ്മിറ്റി സുന്ദരയ്യയുടെ തീരുമാനം തള്ളിക്കളഞ്ഞു. 

ഇന്ന് സോണിയ എടുത്ത അതേ നിലപാടാണ് അന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി എടുത്തത്. ആര്‍.എസ്.എസിനെ എതിര്‍ക്കാന്‍ നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഇന്ദിരയ്ക്കെതിരെയുള്ള സമരത്തില്‍നിന്ന് സി.പി.എമ്മിന് മാറിനില്‍ക്കാനാവില്ല എന്നാണ് പാര്‍ട്ടി വ്യക്തമാക്കിയത്. 44 കൊല്ലങ്ങള്‍ക്കിപ്പുറത്ത് കളിക്കാര്‍ മാറിയിരിക്കുന്നു, ഇന്ദിരയുടെ ഇന്ത്യയല്ല മോദിയുടെ ഇന്ത്യ. പക്ഷേ,  ജനാധിപത്യം നമ്മുടെ പാര്‍ട്ടികളെ അനിവാര്യമായും 77 നെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.

മോദിക്കെതിരെ ഇറക്കാന്‍ കോണ്‍ഗ്രസിന്റെ കൈയ്യില്‍ ഇപ്പോള്‍ തുറുപ്പൊന്നുമില്ല. ഇവിടെയാണ് മമതയുടെ പ്രസക്തി. മമതയെ യു.പി.എ. അദ്ധ്യക്ഷയാക്കിക്കൊണ്ട് കോണ്‍ഗ്രസ് ഒരു മുഴം നീട്ടിയെറിഞ്ഞാല്‍ അതിന്റെ അലയൊലികള്‍ നാഗ്പൂരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്ത് മാത്രമായിരിക്കില്ല അലോസരം സൃഷ്ടിക്കുക. മായാവതി ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ നേതാക്കളുമായും മമതയ്ക്ക് നല്ല ബന്ധമാണുള്ളത്. 

ശരദ്പവാറിനോടും എം.കെ. സ്റ്റാലിനോടും കെജ്രിവാളിനോടും ലാലുവിനോടും അഖിലേഷിനോടും ഒരുപോലെ സംസാരിക്കാന്‍ മമതയ്ക്കാവും. ഇന്ത്യയിലെവിടെയും ആവേശമുണര്‍ത്താന്‍ കഴിയുന്ന നേതാവാണ് മമത. ജനങ്ങളോട് ചേര്‍ന്നു നില്‍ക്കാന്‍ മമതയ്ക്ക് സവിശേഷമായ പ്രതിഭയുണ്ട്. എല്ലാ അര്‍ത്ഥത്തിലും ജനകീയയായ ഒരു നേതാവ്.

77-ലെ ജനത പാര്‍ട്ടി സര്‍ക്കാര്‍ പരാജയമായിരുന്നുവെന്ന് പറയുന്നവരുണ്ട്. മൂന്നു കൊല്ലത്തിനപ്പുറം ഇന്ദിര അധികാരത്തില്‍ തിരിച്ചെത്തിയത് ഈ പരാജയത്തിന്റെ മൂര്‍ത്തമായ ഉദാഹരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പക്ഷേ, 77-ലെ പരീക്ഷണം ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. ഒരു ജനതയ്ക്കും ദേശത്തിനും പ്രതീക്ഷകള്‍ വീണ്ടും നല്‍കിയത്  ആ സമവാക്യമായിരുന്നു. അന്നങ്ങിനെ ഒരു പ്രതിപക്ഷ നിര ഉയര്‍ന്നുവന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ യാത്ര എങ്ങിനെയൊക്കെ ആകുമായിരുന്നുവെന്നത് ഉള്‍ക്കിടിലത്തോടെ മാത്രമേ ആലോചിക്കാനാവുകയുള്ളു. 

ഈ ദശാസന്ധിയില്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ കൃത്യമായി വായിക്കുന്നതിനുള്ള വിവേകവും ആര്‍ജ്ജവവുമാണ് കോണ്‍ഗ്രസ് നേതൃത്വം കാണിക്കേണ്ടത്. അനാരോഗ്യമുള്‍പ്പെടെ നിരവധി വ്യക്തിപരമായ പ്രശ്നങ്ങള്‍ മാറ്റിവെച്ചാണ് അന്ന് ജയപ്രകാശ് പ്രതിപക്ഷനിരയുടെ നായക സ്ഥാനം ഏറ്റെടുത്തത്. ഇന്നിപ്പോള്‍ സമാനമായൊരു സാഹചര്യത്തില്‍ പ്രതിപക്ഷ ഐക്യനിരയുടെ അച്ചുതണ്ടായി പ്രവര്‍ത്തിക്കുകയെന്ന ധര്‍മ്മമാണ്  സോണിയയെ കാത്തിരിക്കുന്നത്. 

ഈ ദൗത്യം സോണിയ തിരിച്ചറിയുന്നുണ്ടെന്നതിന്റെ സൂചന തന്നെയാണ് ഓഗസ്റ്റ് 20-ന് അവര്‍  ഉച്ചരിച്ച വാക്കുകള്‍. തുരങ്കത്തിനപ്പുറത്ത് വെളിച്ചമുണ്ടെന്ന പ്രതീക്ഷയിലാണ് ഓരോ യാത്രികനും യാത്രികയും ഇരുണ്ട പാതകള്‍ താണ്ടുന്നത്. മമതയെ മുന്നില്‍ നിര്‍ത്തി ആ പ്രതീക്ഷ ഇന്ത്യന്‍ ജനതയ്ക്ക് പകര്‍ന്നു നല്‍കുകയെന്ന മഹാദൗത്യം നിറവേറ്റുന്നതില്‍നിന്നു കോണ്‍ഗ്രസിനും സോണിയയ്ക്കും മാറിനില്‍ക്കാനാവില്ല.

വഴിയില്‍ കേട്ടത്:  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ ആഴ്ചയില്‍ 60 മണിക്കൂര്‍ എന്ന നിലയില്‍ അടുത്ത രണ്ട് മൂന്ന് കൊല്ലം ജോലി ചെയ്യാന്‍ ഇന്ത്യക്കാര്‍ തയ്യാറാവണമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി. ഇന്‍കം ടാക്സ് പോര്‍ട്ടല്‍ ഒന്ന് ശരിയാക്കിയെടുത്തതിന് ശേഷം മതിയായിരുന്നു മൂര്‍ത്തി സാറിന്റെ ഈ ആഹ്വാനം! 

Content Highlights: Mamata Banerjee becoming the fire gun for congress against Modi | Vazhipokkan