ദ്യം ശോഭ സുരേന്ദ്രനിലേക്ക്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയേണ്ടതുപോലെ പറയാന്‍ കഴിയുക ചില്ലറക്കാര്യമല്ല. അതും ലക്ഷ്യവേധിയായ നര്‍മ്മത്തിന്റെ അകമ്പടിയോടെ. പണ്ട് പാര്‍ലമെന്റില്‍ പീലുമോഡി ഇത്തരം തിരിച്ചടികള്‍ക്ക് പ്രശസ്തനായിരുന്നു. സി.ഐ.എ. ചാരനാണെന്ന എതിരാളികളുടെ ആക്ഷേപം പീലു നേരിട്ടത് രസകരമായിട്ടായിരുന്നു. ''Iam a CIA agent '' എന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കിയാണ് ഒരു ദിവസം പീലു പാര്‍ലമെന്റിലെത്തിയത്. ബോര്‍ഡ് കണ്ട് ക്ഷുഭിതനായ സ്പീക്കര്‍ സംഗതി എത്രയുംപെട്ടെന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. പീലു ഉത്തരവ് അനുസരിച്ചു. എന്നിട്ട് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തി. ''ഈ നിമിഷം മുതല്‍ ഞാന്‍ സി.ഐ.എ. ചാരനല്ലാതായിരിക്കുന്നു.''  

അഴിമതി ആരോപണത്തില്‍ കുടുങ്ങി ധനമന്ത്രി സ്ഥാനം രാജി വെയ്ക്കേണ്ടി വന്ന ടി.ടി. കൃഷ്ണമാചാരി തനിക്കെതിരെ നീങ്ങിയ ഫിറോസ് ഗാന്ധിയെ നെഹ്‌റുവിന്റെ മടിത്തട്ടിലിരിക്കുന്ന പട്ടിക്കുട്ടിയെന്ന് വിളിച്ചത് കോലാഹലമായി. ഇതിന് ഫിറോസ് തിരിച്ചടിച്ചത് ഈ ഡയലോഗിലൂടെയാണ്: ''കൃഷ്ണമാചാരി പറയുന്നത് അദ്ദേഹം ഈ രാഷ്ട്രത്തിന്റെ നെടുംതൂണുകളില്‍ ഒന്നാണെന്നാണ്. എങ്കില്‍ തൂണുകളോട് പട്ടികള്‍ ചെയ്യുന്നതാണ് ഞാന്‍ അദ്ദേഹത്തോട് ചെയ്യുന്നത്.''   

റാം മനോഹര്‍ ലോഹ്യയെ നെഹ്‌റു നേരിട്ടതും ചരിത്രമാണ്. പറയുന്ന കുലമഹിമയൊന്നും നെഹ്‌റുവിനില്ലെന്നും അദ്ദേഹത്തിന്റെ മുത്തച്ഛന്‍ മുഗള്‍ കോടതിയിലെ ചപ്രാസി ആയിരുന്നുവെന്നും  ലോഹ്യ പറഞ്ഞപ്പോള്‍ നെഹ്‌റുവിന്റെ മറുപടി ഇതായിരുന്നു: ''ഇതുതന്നെയാണ് കാലങ്ങളായി ഞാന്‍ അദ്ദേഹത്തോട് പറയുന്നത്. ഞാന്‍ ജനങ്ങള്‍ക്കിടയില്‍നിന്നു വരുന്ന ആളാണ്.''

ശോഭ സുരേന്ദ്രന്റെ പരാമര്‍ശം അതിഗംഭീരമെന്നേ വിശേഷിപ്പിക്കാനാവൂ. കെ.ജി. മാരാര്‍ക്കും ഒ. രാജഗോപാലിനും കുമ്മനം രാജശേഖരനും ലഭിക്കാത്ത സുവര്‍ണ്ണാവസരമാണ്  ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് ലഭിച്ചിരിക്കുന്നതെന്ന് ശോഭ പറയുമ്പോള്‍ അതിനപ്പുറത്തൊരു ഡയലോഗ് ഈ ഘട്ടത്തില്‍ ആര്‍ക്കെങ്കിലും പറയാനാവുമെന്ന് തോന്നുന്നില്ല. ബി.ജെ.പിയുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും ശോഭയുടെ പ്രസ്താവനയിലുണ്ട്. 

പ്രതിഷേധത്തിന്റെ രാഷ്ട്രീയം ഇത്രയും സാന്ദ്രവും സുന്ദരവുമായി അടുത്ത കാലത്തെങ്ങും കേരളത്തില്‍ പ്രത്യക്ഷമായിട്ടില്ല. ആണധികാരമാണ് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖമുദ്ര. നിലവില്‍ രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി.ജെ.പിയുടെ തലപ്പത്ത് ഇതുവരെ ഒരു വനിത വന്നിട്ടില്ല. ബി.ജെ.പിയുടെ വഴികാട്ടിയും നിയന്ത്രക ശക്തിയുമെന്ന്  കരുതപ്പെടുന്ന ആര്‍.എസ്.എസ്. ആണ്‍കോയ്മയുടെ കൂടാരമാണ്. 

നാഴികയ്ക്ക് നാല്‍പതുവട്ടം പുരോഗമനവും സ്ത്രീ സ്വാതന്ത്ര്യവും പറയുന്ന സി.പി.എമ്മിന്റെ കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ല. ദേശീയ തലത്തില്‍ ഇന്ദിര ഗാന്ധിക്കൊപ്പം നില്‍ക്കാവുന്ന ഒരു വനിതാ നേതാവ് കേരളത്തിലുണ്ടെങ്കില്‍ അത് ഗൗരിയമ്മയാണ്. സി.പി.എം. മന്ത്രിസഭകളില്‍ ഗൗരിയമ്മയെ വെല്ലുന്ന മറ്റൊരു മന്ത്രിയുണ്ടായിരുന്നോ എന്നത് സംശയമാണ്. കാരാട്ടിനും യെച്ചൂരിക്കും മുമ്പേ സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറിയാക്കപ്പെടേണ്ടിയിരുന്ന നേതാവ്. പക്ഷേ, ഗൗരിയമ്മയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാന്‍ പോലും സി.പി.എമ്മിനായില്ല. ഈ പാപഭാരത്തില്‍നിന്ന് സി.പി.എമ്മിന് എന്നെങ്കിലും രക്ഷപ്പെടാനാവുമോയെന്ന കാര്യം സംശയമാണ്.

ശോഭ എന്തുകൊണ്ട് ലതികയെപ്പോലെ തല മുണ്ഡനം ചെയ്തില്ല എന്നത് ആലോചനാമൃതമാണ്. മുണ്ഡനം ഒരു അറ്റകൈ പ്രയോഗമാണ്. അതില്‍ ത്യാഗത്തിന്റെ വലിയൊരു ഘടകമുണ്ട്. ബി.ജെ.പിയില്‍ ഒരു സീറ്റ് കിട്ടിയില്ലെന്നതുകൊണ്ട് ഇത്തരം കടന്ന കൈ പ്രയോഗങ്ങള്‍ക്ക് ഒരുങ്ങേണ്ടതില്ലെന്ന് ശോഭയ്ക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. കേരളത്തില്‍ ബി.ജെ.പിക്ക് എവിടം വരെ പോകാനാവും എന്ന് ശോഭയ്ക്ക് കൃത്യമായറിയാം. 

ശബരിമലയില്‍ പാര്‍ട്ടിയെത്തേടി വന്ന സുവര്‍ണ്ണാവസരത്തിന്റെ ഗതി അതുകൊണ്ടുതന്നെയാണ് ശോഭ കെ. സുരേന്ദ്രനെ ഓര്‍മ്മിപ്പിക്കുന്നത്. ബി.ജെ.പിയുടെ മുഖ്യമന്ത്രിയാവാന്‍ ആറ്റുനോറ്റിരിക്കുന്ന ശ്രീധരന്‍ജിയില്‍നിന്ന് ശോഭയെ വ്യത്യസ്തയാക്കുന്നത് ഈ വകതിരിവാണ്. സ്വപ്നത്തില്‍പോലും കേരളത്തില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രിയാവാന്‍ തയ്യാറാണെന്ന് ശോഭ പറയാനിടയില്ല. 

മാനന്തവാടിയില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടയാള്‍ രാത്രിക്ക് രാത്രിക്ക് സ്വയം മുക്തനായതും  സ്ഥാനാര്‍ത്ഥിയാവുന്നതില്‍നിന്ന് രക്ഷപ്പെടാന്‍ സിനിമ ഷൂട്ടിങ്ങിലും ആശുപത്രിവാസത്തിലുംവരെ സുരേഷ് ഗോപി  അഭയം തിരഞ്ഞുപോയതും  ബി.ജെ.പിയുടെ സീറ്റിന്റെ മാഹാത്മ്യം തന്നെയാണ് വിളിച്ചോതുന്നത്. ഇവിടെയാണ് ശ്രീധരനെ പാര്‍ട്ടി ഇനിയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയിട്ടില്ലെന്ന് വി. മുളരീധരന്‍ പറയുന്നത് ഹാസ്യത്തിന്റെ പരകോടിയാവുന്നത്. മനക്കോട്ട കെട്ടുമ്പോള്‍ മുഖ്യമന്ത്രിപദം വേറെയാര്‍ക്കെങ്കിലും കൊടുക്കേണ്ട ഉത്തരവാദിത്തം എന്തായാലും മുരളീധരനില്ല.

ബി.ജെ.പിയില്‍ ഇന്നിപ്പോഴുള്ള ഏതു നേതാവിനും മുന്നില്‍ നില്‍ക്കാന്‍ കഴിവും പ്രാപ്തിയുമുള്ള വ്യക്തിയാണ് ശോഭ. കെ. സുരേന്ദ്രനും മുമ്പേ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റാവാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള നേതാവ്. രണ്ടിടത്ത് മത്സരിക്കുന്ന കെ. സുരേന്ദ്രന്‍ ആദ്യം ചെയ്യേണ്ടത് ഈ രണ്ടു മണ്ഡലങ്ങളിലൊന്ന് ശോഭയ്ക്ക് വിട്ടുകൊടുക്കുകയാണ്. പക്ഷേ, ആണധികാരത്തിന്റെ വൃത്തികേടുകള്‍ അലങ്കാരമാണെന്ന് കരുതുന്നവര്‍ക്ക് ഇതൊക്കെ തണല്‍ മാത്രമാവുന്നു.

ശോഭയെപ്പോലയല്ല ലതിക. വരുന്ന മെയില്‍ കേരളത്തില്‍ അധികാരം തിരിച്ചുപിടിക്കാന്‍ സാദ്ധ്യതയുള്ള ഒരു പാര്‍ട്ടിയുടെ വനിതാ ഘടകം അദ്ധ്യക്ഷയാണ് ലതിക. കോണ്‍ഗ്രസ് ഭരണം പിടിക്കുകയും ലതിക എം.എല്‍.എയാവുകയും ചെയ്താല്‍ ഒരു മന്ത്രി സ്ഥാനം അവര്‍ക്കുറപ്പാണ്. അതുകൊണ്ടുതന്നെയാണ് ലതികയുടെ പ്രതിഷേധം കടുക്കുന്നത്. 

പ്രശ്നം അധികാരമാണ്. അധികാരത്തില്‍നിന്നു മാറ്റി നിരത്തപ്പെടുന്ന സ്ത്രീകള്‍ ഇന്ത്യയില്‍ പുതുമയല്ല. പക്ഷേ, നിവൃത്തികേടു കൊണ്ടാണെങ്കിലും കോണ്‍ഗ്രസില്‍ ഇപ്പോഴും തലപ്പത്തുള്ളത് ഒരു സ്ത്രീയാണ്. പതിമൂന്നര ദശകങ്ങളുടെ ചരിത്രമുള്ള കോണ്‍ഗ്രസില്‍ ഏവുമധികം കാലം തലപ്പത്തിരുന്നിട്ടുള്ളതിന്റെ ബഹുമതിയും ഇപ്പോഴത്തെ അദ്ധ്യക്ഷ സോണിയ ഗാന്ധിക്കുളളതാണ്. 

ഒരേസമയം പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായിരുന്ന ഒരേയൊരു വനിതയും കോണ്‍ഗ്രസില്‍ തന്നെയാണുള്ളത്. ഈ വനിത- ഇന്ദിര ഗാന്ധി പിറന്നു വീണപ്പോള്‍ നെഹ്‌റു കുടുംബത്തില്‍ മ്ലാനതയായിരുന്നു. നെഹ്‌റുവിന്റെ പിന്‍ഗാമി ഒരു പെണ്‍കുട്ടിയാണെന്ന് അറിഞ്ഞപ്പോഴുണ്ടായ വിഷാദം. നെഹ്‌റുവിന്റെ പിതാവ് മോത്തിലാല്‍ നെഹ്‌റുവാണ് ഇതിനെ മറികടന്നത്. നെഹ്‌റുവിന്റെ മകളായിരിക്കും ഇനിയങ്ങോട്ട് കുടുംബത്തിന്റെ  കണ്ണിലുണ്ണിയും കേന്ദ്രവുമെന്ന്  മോത്തിലാല്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. മോത്തിലാലിന്റെ കണക്കുകൂട്ടലുകള്‍ വെറുതെയായിരുന്നില്ലെന്ന് കാലം തെളിയിക്കുകയും ചെയ്തു.

ആനി ബസന്റും സരോജിനി നായിഡുവും കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനത്ത് ഉണ്ടായിരുന്നു. പ്രതിഭ പാട്ടിലിലൂടെ രാഷ്ട്രത്തിന് ആദ്യത്തെ വനിതാ പ്രസിഡന്റും മീരാകുമാറിലൂടെ ആദ്യത്തെ ലോക്സഭാ സ്പീക്കറെയും നല്‍കിയതും കോണ്‍ഗ്രസാണ്. ഇന്ദിരയും സോണിയയും വെറും യാദൃച്ഛികതകളല്ലെന്ന് വ്യക്തമാക്കാനാണ് ഇക്കാര്യങ്ങള്‍ എടുത്തെഴുതുന്നത്. 

പ്രതിഷേധിക്കേണ്ട സമയത്ത് പ്രതിഷേധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തുചെയ്തിട്ടും കാര്യമില്ല. ശോഭയുടെയും ലതികയുടെയും പ്രതിഷേധങ്ങള്‍ ചരിത്രപരമാവുന്നത് ഈ പരിസരത്തിലാണ്. 1989-ല്‍ തമിഴ്നാട് നിയമസഭയില്‍ അപമാനിക്കപ്പെട്ടപ്പോള്‍ അഴിഞ്ഞുലഞ്ഞ മുടിയുമായി സഭയ്ക്ക് പുറത്തു വന്ന് ജയലളിത നടത്തിയ ശപഥം സുപ്രധാനമാണ്. ഇനി ഈ നിയമസഭയില്‍ താന്‍ കയറുന്നുണ്ടെങ്കില്‍ അത് കരുണാനിധി ഇരിക്കുന്ന കസേരയില്‍ ഇരിക്കാനായിരിക്കും എന്നാണ് ജയലളിത പറഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പില്‍ ആ വാക്ക് അവര്‍ നിറവേറ്റുകയും ചെയ്തു.

ശോഭയ്ക്ക് സീറ്റു കൊടുക്കാന്‍ ബി.ജെ.പി. കേന്ദ്ര നേതൃത്വം ഇടപെടുന്നുണ്ട് എന്നാണറിയുന്നത്. ലതികയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് തിരുത്തുക തന്നെ വേണം. വാസ്തവത്തില്‍ ഇത്തവണ ഉമ്മന്‍ചാണ്ടിക്ക് ചെയ്യാവുന്ന  ഏറ്റവും നല്ല കാര്യം പുതുപ്പള്ളി സീറ്റ് ലതികയ്ക്ക് കൈമാറുകയായിരിക്കും. 

നേരത്തെ വി.എസിനെതിരെ മലമ്പുഴയില്‍ ലതികയെ ചാവേറായി ഇറക്കിയതിന് ഇതില്‍പരമൊരു പ്രായശ്ചിത്തമുണ്ടാവില്ല. പുതുപ്പള്ളിയില്‍ ഇക്കുറിയും വിജയിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി കരസ്ഥമാക്കാനിരിക്കുന്ന റെക്കോഡിനു പോലും ഈ നടപടിയുടെ ചാരുതയും തിളക്കവും അവകാശപ്പെടാനാവില്ല. സോണിയയും രാഹുലും ലതികയുടെ ശിരോമുണ്ഡനം കാണാതെ പോവുകയാണെങ്കില്‍ അത് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ചരിത്രത്തോട് ചെയ്യുന്ന അനീതിയായിരിക്കും.

വഴിയില്‍ കേട്ടത്: സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ ശതകോടീശ്വരന്മാരാണെന്നും കോണ്‍ഗ്രസിലെ തലമുറ മാറ്റം വിപ്ലവകരമെന്നും രമേശ് ചെന്നിത്തല. വിപ്ലവം അതിന്റെ ശിശുക്കളെ തിന്നുന്ന കാലമാണ്. ഏപ്രില്‍ ആറു വരെ എന്തു പറയുന്നതിനു മുമ്പും ഒരു ദീര്‍ഘനിശ്വാസം എടുക്കുന്നത് നന്നായിരിക്കും.

Content Highlights: Lathika Subhash and Sobha Surendran- Two faces of Kerala Politics | VazhipokkanWatch Video

Upload