2003 നവംബര്‍ 24-നായിരുന്നു കേന്ദ്രമന്ത്രിയും ഡി.എം.കെ. നേതാവുമായിരുന്ന മുരശൊലി മാരന്റെ മരണം. സഹപ്രവര്‍ത്തകന് പ്രണാമം അര്‍പ്പിക്കാനായി അടുത്ത ദിവസം രാവിലെ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ചെന്നൈയിലെത്തി. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പതിവുപോലെ മുഖ്യമന്ത്രി ജയലളിത ചെന്നൈ വിമാനത്താവളത്തിലേക്ക് പോവുകയും ചെയ്തു. ഇതിലൊന്നും ഒരു തരത്തിലുള്ള അസ്വാഭാവികതയുമില്ല. 

ജയലളിത താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ വീട്ടില്‍നിന്ന് ചെന്നെ വിമാനത്താവളത്തിലേക്ക് പതിനാറ് കിലോ മീറ്റര്‍ ദൂരം വരും. പോയസ് ഗാര്‍ഡന് മുന്നിലുള്ള റോഡ് മുറിച്ചുകടന്ന് മുരശൊലി മാരന്റെ വീട്ടിലേക്ക് പോകാന്‍ ഏറി വന്നാല്‍ രണ്ട് കിലോ മീറ്ററുണ്ടാവും. പക്ഷേ, ജയലളിത അങ്ങോട്ടു പോയില്ല. രാഷ്ട്രീയവൈരാഗ്യം വ്യക്തിജീവിതത്തെ ബാധിക്കുന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമായിരുന്നു അത്. 

എം.ജി.ആറും കരുണാനിധിയും തമ്മില്‍ രാഷ്ട്രീയപരമായി കടുത്ത വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും പരസ്പരം അഭിവാദ്യം ചെയ്യുന്നതിനോ സംസാരിക്കുന്നതിനോ അതൊരിക്കലും തടസ്സമായിരുന്നില്ല. പക്ഷേ, ജയലളിതയുടെ കാലത്ത് എ.ഐ.എ.ഡി.എം.കെയ്ക്കും ഡി.എം.കെയ്ക്കും ഇടയില്‍ വലിയൊരു മതില്‍ രൂപം കൊണ്ടു. 1989-ല്‍ നിയമസഭയില്‍  ഡി.എം.കെ. എം.എല്‍.എമാരുടെ അധിക്ഷേപവും കൈയ്യേറ്റവും നേരിടേണ്ടി വന്നത് മറക്കാനോ പൊറുക്കാനോ ജയലളിതയ്ക്ക് കഴിഞ്ഞിരുന്നില്ല.  പിന്നീട് എം.കെ. സ്റ്റാലിന്‍ ഡി.എം.കെയുടെ അമരത്തേക്ക് വന്നപ്പോഴാണ് ഈ മഞ്ഞ് കുറച്ചെങ്കിലും ഉരുകിയത്.

രാഷ്ട്രീയമായി വിരുദ്ധ ക്യാമ്പുകളില്‍ നിലയുറപ്പിക്കുമ്പോഴും കേരളത്തിലെ നേതാക്കള്‍ ഒരിക്കലും ഈ വിയോജിപ്പുകള്‍ വ്യക്തിജീവിതത്തിലേക്ക് കൊണ്ടുവന്നിരുന്നില്ല. നിയമസഭയ്ക്കുള്ളിലും പുറത്തും പരസ്പരം പോരടിക്കുമ്പോഴും നേര്‍ക്ക് നേര്‍ കാണുമ്പോള്‍ കൈകൊടുക്കുന്നതിനോ ചിരിക്കുന്നതിനോ ചിലപ്പോഴൊക്കെ ഒന്ന് കെട്ടിപ്പിടിക്കുന്നതിനോ കോണ്‍ഗ്രസിലെയും സി.പി.എമ്മിലെയും നേതാക്കള്‍ക്ക് മടിയുണ്ടായിരുന്നില്ല. 

നായനാരും കരുണാകരനും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ സൗഹൃദം ഏറെ പ്രശസ്തമായിരുന്നു. രണ്ട് പേരും കണ്ണൂരുകാരായിരുന്നുവെന്നതും ഈ ഘട്ടത്തില്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. നായനാരില്‍നിന്നും പിണറായി വിജയനിലേക്കും കരുണാകരനില്‍നിന്നും കെ. സുധാകരനിലേക്കും വലിയ ദൂരങ്ങളുണ്ടെന്നാണ് ഇപ്പോള്‍ കേരളം തിരിച്ചറിയുന്നത്.

ആരും യഥാര്‍ത്ഥത്തിലുള്ള ജീവചരിത്രം എഴുതുന്നില്ലെന്ന് പറഞ്ഞത് അമേരിക്കന്‍ സാഹിത്യകാരനായ മാര്‍ക്ക് ടൈ്വന്‍ ആണ്. നമ്മുടെ തലയ്ക്കുള്ളില്‍ നടക്കുന്ന ചിന്തകളുടെയും വികാരങ്ങളുടെയും വളരെ ചെറിയൊരു ഭാഗം മാത്രമേ പുറത്തേക്ക് വരാറുള്ളു. അവനവന്‍ മാത്രം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ജീവിതമാണത്. സമൂഹം ഒരിക്കലും അനുവദിക്കാത്ത എത്രയോ കുറ്റകൃത്യങ്ങള്‍ ഓരോ മനുഷ്യനും അവന്റെയും അവളുടെയും ഉള്ളിന്റെയുള്ളില്‍ നടത്തുന്നുണ്ടാവണം. 

ഈ ജീവിതരേഖകള്‍ ആരും അടയാളപ്പെടുത്താറില്ലെന്നാണ് മാര്‍ക്ക്ടൈ്വന്‍ അര്‍ത്ഥമാക്കിയത്. പരിഷ്‌കൃത സമൂഹത്തിന്റെ ഇടപെടലാണ് ഈ വൃത്തികേടുകള്‍ പുറത്തേക്ക് വരുന്നതില്‍നിന്നു തടയുന്നത്. ഇതിനെയാണ് നമ്മള്‍ മര്യാദയെന്നും സംസ്‌കാരമെന്നുമൊക്കെ വിളിക്കുന്നത്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടുമുള്ള മുറിപ്പാടുകള്‍ കഴിയുന്നത്ര ഒഴിവാക്കാന്‍ മനുഷ്യര്‍ക്ക് കഴിയുമ്പോഴാണ് സമൂഹം മുന്നോട്ടു പോകുന്നത്.

എഴുത്തുകാരനായിരുന്ന കെ.എ. അബ്ബാസ്  പ്രധാനമന്ത്രിയായിരുന്ന നെഹ്രുവിനെ അദ്ദേഹത്തിന്റെ അവസാന നാളുകളിലൊന്നില്‍ കണ്ടതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. 1964-ല്‍ നെഹ്രു മരിക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ആ കൂടിക്കാഴ്ച. അസുഖബാധിതനായി കിടക്കുകയായിരുന്ന നെഹ്രു അബ്ബാസിനെ കണ്ടപ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. അബ്ബാസ് അത് തടഞ്ഞപ്പോള്‍ നെഹ്രുവിന്റെ പ്രതികരണം ഇതായിരുന്നു: ''എനിക്കിനി അധികം സമയമുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ, എന്റെ മര്യാദകള്‍ എനിക്ക് മറക്കാനാവില്ല.''   

കിഡ്നി തകരാറിലായതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി 1988-ല്‍ വാജ്പേയി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയിരുന്നു. അമേരിക്കയില്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് തന്നെ അയച്ചത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണെന്ന് മൂന്നു കൊല്ലത്തിനപ്പുറം രാജീവ് കൊല്ലപ്പെട്ടപ്പോള്‍ വാജ്പേയി വെളിപ്പെടുത്തി. ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള ഇന്ത്യന്‍ ഡെലിഗേഷനില്‍ വാജ്പേയിയെ ഉള്‍പ്പെടുത്തിയാണ് രാജീവ് ഇതിനുള്ള വഴിയൊരുക്കിയത്. ചികിത്സ കഴിയുന്നതുവരെ വാജ്പേയിക്ക് അമേരിക്കയില്‍ തുടരുന്നതിനുള്ള സൗകര്യവും രാജീവ് ചെയ്തുകൊടുത്തു.

ഈ സംസ്‌കാരവും മര്യാദയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍നിന്ന് അപ്രത്യക്ഷമായത്. ഒരു വാരികയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ തന്റെ കോളേജ് ജീവിതകാലത്ത് പിണറായി വിജയനെ ശാരീരികമായി നേരിട്ടതിനെക്കുറിച്ച് വാചാലനാവുന്നു. അഭിമുഖം വിവാദമായപ്പോള്‍ സുധാകരന്‍ വെളിപ്പെടുത്തിയത് സംഗതി ഓഫ് ദ റെക്കോഡായാണ് താന്‍ ലേഖകനോട് പറഞ്ഞതെന്നാണ്. ഓഫ് ദ റെക്കോഡായി പറഞ്ഞ ഒരു കാര്യം പുറത്തുവിട്ടതിലൂടെ ആ ലേഖകന്‍ ചെയ്തത് തികഞ്ഞ മര്യാദകേടാണെന്നതില്‍ സംസയമില്ല. 

ഏതൊരു  മാദ്ധ്യമപ്രവര്‍ത്തകനും എത്രയോ ഓഫ് ദ റെക്കോഡ് കഥകള്‍ പറയാനുണ്ടാവും. ഇതെഴുതുന്നയാളോട് പല രാഷ്ട്രീയ നേതാക്കളും ഓഫ് ദ റെക്കോഡായി പലതും പറഞ്ഞിട്ടുണ്ട്.  ചിലപ്പോള്‍ ദീര്‍ഘസംഭാഷണത്തിന് ഒടുവിലായിരിക്കും, ഇതൊന്നും എഴുതാനല്ല താങ്കളുടെ അറിവിലേക്ക് മാത്രമായി പറയുകയാണെന്ന് പറയുന്നത്. ഒരു വമ്പന്‍ സ്റ്റോറി കൈവിട്ടുപോയല്ലോ എന്ന നിരാശ തീര്‍ച്ചയായുമുണ്ടാവും. പക്ഷേ, രഹസ്യമായി പറഞ്ഞത് ഒരിക്കലും പരസ്യമാക്കാനാവില്ല. മാദ്ധ്യമപ്രവര്‍ത്തനത്തിലെ വിശുദ്ധമായ ഉടമ്പടിയാണത്. ഈ കരാര്‍ ലംഘിക്കുന്നവര്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ എന്ന വിശേഷണത്തിന് അര്‍ഹരല്ല.

രണ്ടു കൊല്ലം മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ന്യൂയോര്‍ക്ക് ടൈംസ് പ്രസാധകന്‍ എ.ജി. സള്‍സ്ബര്‍ഗറുമായി കൂടിക്കാഴ്ച നടത്തി. പ്രമുഖ പത്രങ്ങളുടെ ഉടമകളുമായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഇത്തരം കൂടിക്കാഴ്ചകള്‍ നടത്തുന്നത് പതിവാണ്. ഈ കൂടിക്കാഴ്ച രഹസ്യമായിരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതുകൊണ്ട് ന്യയോര്‍ക്ക് ടൈംസ് ഇക്കാര്യം വാര്‍ത്തയാക്കിയില്ല. 

എഡിറ്റോറിയല്‍ പേജിന്റെ ചുമതലയുള്ള ജെയിംസ് ബെന്നറ്റുമൊത്താണ് സള്‍സ്ബര്‍ഗര്‍ ട്രംപിനെ കണ്ടത്. പക്ഷേ, കൂടിക്കാഴ്ച നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ട്രംപ് ഇക്കാര്യം ട്വീറ്റ് ചെയ്തു. ഓഫ് ദ റെക്കോഡായി സൂക്ഷിക്കണമെന്ന് ട്രംപ് തന്നെ ആവശ്യപ്പെട്ട സംഗതിയാണ് അദ്ദേഹം തന്നെ പുറത്തുവിട്ടത്. ഇത് സാമാന്യമര്യാദയുടെ ലംഘനമായിരുന്നു. ട്രംപിന്റെ ഈ വൃത്തികേടിനെതിരെ അമേരിക്കയില്‍ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തു.

ഓഫ് ദ റെക്കോഡ് അല്ല നമ്മുടെ മുഖ്യ വിഷയം. കെ. സുധാകരനും പിണറായിയും തമ്മിലുള്ള വാക്്പയറ്റ് കേരള രാഷ്ട്രീയത്തിനേല്‍പിച്ച ക്ഷതമാണ് നമ്മുടെ പ്രശ്നം. ഓഫ് ദ റെക്കോഡായി താന്‍ പറഞ്ഞ കാര്യം വാരിക പുറത്തുവിട്ടപ്പോള്‍ അന്നേരം തന്നെ അക്കാര്യം പറയാനുള്ള മര്യാദ സുധാകരനുണ്ടായില്ല. അടുത്ത ദിവസം പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ രൂക്ഷമായി പ്രതികരിച്ചപ്പോഴാണ് സുധാകരന്‍ ഓഫ് ദ റെക്കോഡുമായി രംഗപ്രവേശം ചെയ്തത്. 

കെ.പി.സി.സി. പ്രസിഡന്റായി സുധാകരന്‍ സ്്ഥാനമേല്‍ക്കുമ്പോള്‍ തന്നെ രാഷ്ട്രീയ നിരീക്ഷകരില്‍ പലരും കോണ്‍ഗ്രസ് അറിഞ്ഞുകൊണ്ട് ഒരു കൈക്കോടാലി സ്വയം ഏറ്റെടുക്കുകയാണോ എന്ന സംശയം ഉന്നയിച്ചിരുന്നു. ബൂമറാങ് പോലെ തന്നിലേക്കും താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയിലേക്കും തിരിച്ചുവരുന്ന വാക്കുകള്‍ സുധാകരന്റെ പതിവായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയതും അതിനെ വിമര്‍ശിച്ച ഷാനിമോള്‍ ഉസ്മാനെക്കൊണ്ട് മാപ്പ് പറയിപ്പിച്ചതും മറക്കാറായിട്ടില്ല. വാസ്തവത്തില്‍ കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേറ്റ ശേഷം സുധാകരന്‍ ചെയ്യേണ്ടിയിരുന്ന ആദ്യ നടപടി പിണറായി വിജയനോടും ഷാനിമോളോടും മാപ്പു പറയുക എന്നതായിരുന്നു.

അതുണ്ടായില്ലെന്നു മാത്രമല്ല, അതിനുമപ്പുറത്തുള്ള ചെളിക്കുണ്ടിലേക്ക് ചാടാന്‍ കഴിവുള്ളയാളാണ് താനെന്ന് തെളിയിക്കുകയാണ് സുധാകരന്‍ ചെയ്തത്.  സുധാകരന്റെ ഈ വീഴ്ചയെ അതര്‍ഹിക്കുന്ന രീതിയില്‍ അവഗണിക്കുന്നതിനു പകരം ഔദ്ധത്യത്തിന്റെ പുതു രൂപങ്ങളിലേക്ക് പരകായ പ്രവേശം നടത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായിയും കേരള രാഷ്ട്രീയത്തിന് ഇതുവരെയില്ലാത്ത മുഖം നല്‍കി. കെ. മുരളീധരന്‍ ചെളി വാരിയെറിഞ്ഞപ്പോള്‍ ശശി തരൂര്‍ അതിനെ കൈകാര്യം ചെയ്തത് മുഖ്യമന്ത്രി ഒന്നോര്‍ക്കണമായാരുന്നു. അന്ന് തരൂര്‍ നടത്തിയ ഒരു പ്രയോഗത്തോടെ എത്ര എളുപ്പത്തിലും വേഗത്തിലുമാണ് മുരളി നല്ല കുട്ടിയായത്!

സുധാകരന്റെ വിഴുപ്പലക്കിനെക്കുറിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിക്കുമെന്ന് മുന്‍കൂട്ടിക്കണ്ട് അതിഗംഭീരമായ തയ്യാറെടുപ്പോടെയാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിനെത്തിയത്! എന്തുമാത്രം സമയം ഇതിനായി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേശകരും ചെലവാക്കിയിട്ടുണ്ടാവുമെന്ന്  ഊഹിക്കാവുന്നതേയുള്ളു. കേരളത്തിന്റെ മുഖ്യമന്ത്രി എന്തിനാണ് ഇത്രയും പ്രകോപിതനായതെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഒന്നേയുള്ളു - താന്‍പോരിമ. 

വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്തുപോലും തന്നെ തൊട്ടുകളിക്കാന്‍ ഒരുത്തനും കഴിഞ്ഞിട്ടില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം താന്‍പോരിമയുടെ അല്ലെങ്കില്‍ അഹംഭാവത്തിന്റെ വൃത്തികെട്ട പ്രദര്‍ശനം മാത്രമാണ്. സുധാകരനെ അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ നേരിട്ടുകൊണ്ട് സ്വയം ചെറുതാവുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പറയാതെ വയ്യ.

കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണിതെന്നൊക്കെ പറഞ്ഞ് ഒരു ദേശത്തെ ചെറുതാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.  ഇതല്ല കണ്ണൂര്‍ രാഷ്ട്രീയമെന്ന് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കറിയാം. സുധാകരന്റെയും പിണറായിയുടെയും വാക്കുകളിലേക്ക് കണ്ണൂര്‍ രാഷ്ട്രീയം തളച്ചിടാനാവില്ല. കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കള്‍ പിറന്ന മണ്ണാണ് കണ്ണൂര്‍. മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച പത്ത് എഴുത്തുകാരെ എടുത്താല്‍ അതിലും കണ്ണൂരുകാര്‍ ഉണ്ടാവും.

ആത്യന്തികമായി ഒന്നേ പറയാനുള്ളു. ഈ വൃത്തികേട് ഇവിടെ അവസാനിക്കണം. ഇനിയങ്ങോട്ട് സുധാകരനെ സി.പി.എമ്മും പിണറായിയെ കോണ്‍ഗ്രസുമായിരിക്കും നേരിടുക എന്നൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വ്യക്തിഹത്യകളുടെ ചെളിക്കുണ്ടുകള്‍ തീര്‍ക്കുന്ന പാര്‍ട്ടികളാവരുത് സി.പി.എമ്മും കോണ്‍ഗ്രസും. രാജ്യം വല്ലാത്തൊരു പ്രതിസന്ധിയിലൂടെ നീങ്ങുമ്പോള്‍ ഇതല്ല ഈ പാര്‍ട്ടികളില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത്. ചര്‍ച്ചയും സംവാദങ്ങളും വിയോജിപ്പുകളുമാണ് ജനാധിപത്യത്തിന്റെ ആത്മാവ്.

കോവിഡ് തകര്‍ത്ത സമ്പദ് മേഖല എങ്ങിനെ പുനരുജ്ജീവിപ്പിക്കാനാവുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അടിയന്തരമായി നോക്കേണ്ടത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഇതിനായി ഒരു സമിതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കണം. ഒരു മേശക്കപ്പുറവും ഇപ്പുറവുമിരുന്ന് ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ പിണറായിക്കും സുധാകരനുമാവണം. ജോലി നഷ്ടപ്പെട്ട് ജീവിതം ചോദ്യചിഹ്നമായി നില്‍ക്കുന്ന പതിനായാരങ്ങള്‍ ഇന്നിപ്പോള്‍ കേരളത്തിലുണ്ട്. അവരുടെ വേദനയ്ക്കും സങ്കടത്തിനും മുന്നില്‍ ഈ വാക് പയറ്റ് അശ്ലീലവും അസഭ്യവമാവുന്നു.

ഇ.എം.എസ്. സര്‍ക്കാരിനെ 1959-ല്‍ പിരിച്ചുവിടും മുമ്പ് പ്രധാനമന്ത്രി നെഹ്രു ഇ.എം.എസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇ.എം.എസ്. സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ നെഹ്രു ചൂണ്ടിക്കാട്ടിയപ്പോള്‍ അതിന് കൃത്യമായി മറുപടി പറയുകയാണ് ഇ.എം.എസ്. ചെയ്തത്. അതിനുശേഷം നെഹ്രു നല്‍കിയ വിരുന്നിലും പങ്കെടുത്താണ് ഇ.എം.എസ.് കേരളത്തിലേക്ക് മടങ്ങിയത്.  

ഡി.എം.കെ. ആദ്യമായി 1967-ല്‍ തമിഴകത്ത് അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം അണ്ണാദുരൈ പറഞ്ഞത് ''നമുക്ക് മറക്കുകയും പൊറുക്കുകയും ചെയ്യാം'' എന്നാണ്. കോണ്‍ഗ്രസ് നേതാക്കളായിരുന്ന കാമരാജിനെയും ഭക്തവത്സലത്തെയും അങ്ങോട്ട് പോയി നേരിട്ടു കണ്ടാണ് അണ്ണാദുരൈ അനുരഞ്ജനത്തിന്റെ വാതിലുകള്‍ തുറന്നത്. തന്നെ കഠിനമായി വിമര്‍ശിച്ചിരുന്ന പെരിയാറിനെയും അണ്ണാദുരൈ വീട്ടില്‍ പോയി കണ്ടു.

പകയും വെറുപ്പും മാഫിയകള്‍ക്കുള്ളതാണ്. നന്നേ തണുത്തു കഴിയുമ്പോള്‍ വിളമ്പേണ്ട വിഭവമാണ് പ്രതികാരം എന്ന് ഗോഡ്്ഫാദര്‍ എന്ന നോവലില്‍ മാഫിയ തലവന്‍ വിറ്റൊ കൊര്‍ലിയോണ്‍ പറയുന്നുണ്ട്. പകയും വിദ്വേഷവും മനസ്സില്‍ കാത്തു സൂക്ഷിച്ച് കാലമേറെക്കഴിഞ്ഞ് പ്രതികാരം നടത്തുന്നതിനെക്കുറിച്ചാണ് കൊര്‍ലിയോണ്‍ വാചാലനാവുന്നത്. ജനാധിപത്യം മാഫിയകള്‍ക്കുള്ളതല്ല. പൊറുക്കലും ക്ഷമിക്കലുമാണ് ജനാധിപത്യം ആവശ്യപ്പെടുന്നത്. സമാധാനത്തിന്റെ ഈ സുന്ദരവും സുരഭിലവുമായ വഴികളിലൂടെയാവട്ടെ ഇനിയങ്ങോട്ട് പിണറായിയുടെയും സുധാകരന്റെയും സഞ്ചാരം.

വഴിയില്‍ കേട്ടത്: കോവിഡ് കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമായെന്ന് പ്രധാനമന്ത്രി മോദി. യോഗിയോളം വരുമോ യോഗ എന്ന് നാട്ടുകാര്‍!

Content Highlights: Kerala deserves much more from chief minister and KPCC president | Vazhipokkan