പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസെയുടെ 'ഐറിഷ് മാന്‍' അവസാനിക്കുന്നത് പകുതി തുറന്നു കിടക്കുന്ന ഒരു വാതിലിലാണ്. ഫ്രാങ്ക് ഷീരന്‍ എന്ന അധോലോക സംഘാംഗം മരണം കാത്തിരിക്കുകയാണ്. എണ്ണമില്ലാത്ത കുറ്റങ്ങള്‍ ചെയ്തവനാണ് ഫ്രാങ്ക്. തന്നെ അടക്കാനുള്ള ശവപ്പെട്ടി അയാള്‍ വാങ്ങിച്ചു കഴിഞ്ഞു. റോബര്‍ട്ട് ഡി നിറൊ അവിസ്മരണീയമാക്കിയ ഈ കഥാപാത്രം തന്നെ കാണാനെത്തിയ പുരോഹിതന്‍ യാത്രയാവുമ്പോള്‍ അദ്ദേഹത്തോട് പറയുന്നു. ''ആ വാതില്‍ കുറച്ചൊന്നു തുറന്നിടണം. വാതില്‍ അടഞ്ഞുകിടക്കുന്നത് എനിക്കിഷ്ടമല്ല.''  

ഫ്രാങ്കിന്റെ കരങ്ങളില്‍ ചോരയുടെ മായാത്ത കറയുണ്ട്. ആത്മാര്‍ത്ഥ സുഹൃത്തിനെപ്പോലും വെടിവെച്ചു വീഴ്ത്തിയവനാണ് ഫ്രാങ്ക്. ആ സംഭവത്തിനു ശേഷം അയാളുടെ പ്രിയപ്പെട്ട മകള്‍ അയാളോട് സംസാരിച്ചിട്ടേയില്ല. ജിവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ ഫ്രാങ്ക് വാതില്‍ തുറന്നിടുന്നത് ചിലപ്പോള്‍ മകളെ പ്രതീക്ഷിച്ചായിരിക്കാം. ഇല്ലെങ്കില്‍  മരണത്തിനു വേണ്ടിയായിരിക്കാം ചിലപ്പോള്‍ ആ വാതില്‍ അയാള്‍ തുറന്നിടുന്നത്. എന്തായാലും തുറന്നു കിടക്കുന്ന ആ വാതില്‍ ഒരു പ്രതീക്ഷയാണ്, പ്രത്യാശയാണ്.

ഹൈദരാബാദില്‍ യുവതിയായ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കുറ്റവാളികളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കണമെന്ന ജയ ബച്ചന്‍ എം.പിയുടെ വാദം കേട്ടപ്പോള്‍  സ്‌കോര്‍സസെയുടെ  ആ തുറന്നു കിടക്കുന്ന വാതിലാണ് മനസ്സിലേക്ക് വന്നത്. സ്‌കോര്‍സസെ വാതില്‍ തുറക്കുകയാണെങ്കില്‍ ജയ ബച്ചന്‍ വാതില്‍ അടക്കുകയാണ്. ജീവിതത്തിന്റെ, ജനാധിപത്യത്തിന്റെ വാതിലാണ് ജയ അടക്കുന്നത്. ജയാബച്ചന്‍ മാത്രമല്ല മറ്റു പല എം.പിമാരും വാതില്‍ കൊട്ടിയടക്കുകയാണ്.

ബലാത്സംഗം കൊടുംപാതകമാണെന്നതില്‍ രണ്ടു പക്ഷമില്ല. സ്ത്രീയുടെ നേര്‍ക്കല്ല, ആത്യന്തികമായി മനുഷ്യനു നേര്‍ക്കുള്ള ആക്രമണമാണത്. ചാരിത്ര്യത്തിന്റെയല്ല, മനുഷ്യത്വത്തിന്റെ നിഷേധവും നിരാകരണവുമാണത്. പക്ഷെ, കുറ്റവാളികള്‍ക്ക് ഉടനടി ശിക്ഷ വേണമെന്നും അവരെ ആള്‍ക്കൂട്ടത്തിന് എറിഞ്ഞു കൊടുക്കണമെന്നും ഒരു എം.പി വാദിക്കുമ്പോള്‍ അത് അസംബന്ധമാണെന്നു പറയാന്‍ കൂടുതലൊന്നും ആലോചിക്കേണ്ടതില്ല. 

ജനാധിപത്യം ആള്‍ക്കൂട്ടമല്ല. ആള്‍ക്കൂട്ടമല്ല നീതി നടപ്പാക്കേണ്ടതും. പശുവിനെ കടത്തുന്നതിന്റെ പേരില്‍ ആള്‍ക്കൂട്ടം നടത്തുന്ന അതിക്രമങ്ങള്‍ക്ക്, ഗുജറാത്തിലും ഡെല്‍ഹിയിലും മുസാഫര്‍പൂരിലും ആള്‍ക്കൂട്ടം നടത്തിയിട്ടുള്ള കൊടുംക്രൂരതകള്‍ക്ക് ചൂട്ടുപിടിക്കുയല്ല ജനപ്രിതിനിധികള്‍ ചെയ്യേണ്ടതെന്ന് ജയ ബച്ചന്‍ തിരിച്ചറിയേണ്ടതുണ്ട്.

ബലാത്സംഗം അധികാരത്തിന്റെ നിഷ്ഠൂരമായ പ്രദര്‍ശനമാണ്. അടിസ്ഥാനപരമായി തകരാറുള്ള ഒരു സിസ്റ്റമാണ് അവിടെ പ്രതിക്കൂട്ടിലുള്ളത്. ആ സിസ്റ്റം ആണധികാരത്തിന്റെ ഉത്പന്നമാണ്. സ്ത്രീ സമശീര്‍ഷയല്ല എന്ന വൃത്തികെട്ട വ്യവസ്ഥാപിത സങ്കല്‍പത്തിന്റെ പ്രയോഗവും ഊട്ടിയുറപ്പിക്കലുമാണത്. കുറ്റവാളിയെ കല്ലെറിയണമെന്നും അടിച്ചു കൊല്ലണമെന്നും ആക്രോശിക്കാന്‍ എളുപ്പമാണ്. പക്ഷെ, ആ ആക്രോശത്തില്‍ നീതിയുടെ നിരാസമുണ്ട്. ആള്‍ക്കൂട്ടത്തിനു വിട്ടുകൊടുത്തപ്പോള്‍ അവര്‍ ക്രിസ്തുവിനെ കുരിശിലേറ്റി, സോക്രട്ടിസിന് വിഷംകൊടുത്തു, മുഹമ്മദ് അക്‌ലാഖിനെ മര്‍ദ്ദിച്ചു കൊന്നു. ആള്‍ക്കൂട്ടത്തിന്റെ ലക്ഷ്യം നീതിയല്ല, അവര്‍ക്ക് വേണ്ടത് ലഹരിയും ഉന്മാദവുമാണ്.

ബലാത്സംഗത്തിനിരയാവുന്നവര്‍ക്ക് നീതി കിട്ടണം. അത് വേഗത്തില്‍ വേണമെന്നതിലും സംശയമില്ല. പക്ഷെ, അത് നിയമത്തിന്റെ വഴിയിലൂടെയാണ് നടപ്പാക്കേണ്ടത്. നടിയെ പട്ടാപ്പകല്‍ മാനഭംഗപ്പെടുത്തിയവര്‍, വാളയാറിലെ കുരുന്നു പെണ്‍കുട്ടികളെ ഇല്ലാതാക്കിയവര്‍, ഇവര്‍ക്കൊന്നും തന്നെ ഇനിയും ശിക്ഷ കിട്ടിയിട്ടില്ലെന്നത് നേരാണ്. ശിക്ഷ വേഗത്തിലാക്കാനുള്ള മാര്‍ഗ്ഗം ഉറപ്പാക്കേണ്ട ചുമതല ഭരണകൂടത്തിനുണ്ട്. പോലീസും കോടതികളും ഈ പ്രക്രിയയുടെ ഭാഗമാണ്. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഈ സംവിധാനം കാര്യക്ഷമമാക്കുക ദുഷ്‌കരമല്ല. അതിനാണ് നമ്മുടെ ജനപ്രതിനിധികള്‍ ശ്രമിക്കേണ്ടത്. വികാരമല്ല വിചാരമാണ് അവരെ നയിക്കേണ്ടത്.

ഫ്രാങ്ക്  ഷീരനായി സ്‌കോര്‍സസെ തുറന്നിട്ട ആ വാതിലിലേക്ക് വീണ്ടും വരികയാണ്. ആ തുറന്നുകിടക്കുന്ന വാതിലാണ് ജനാധിപത്യം. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റില്‍ ആള്‍ക്കൂട്ടമാവാനല്ല ജയ ബച്ചനേയും കൂട്ടരേയും തിരഞ്ഞെടുത്തിരിക്കുന്നത്. ബലാത്സംഗം ഒന്നിന്റെയും തുടക്കമല്ലാത്തുപോലെ ഒന്നിന്റെയും അവസാനവുമല്ല. വാതില്‍ അടക്കുകയല്ല തുറന്നിടുകയാണ് നമ്മുടെ ജനപ്രതിനിധികള്‍ ചെയ്യേണ്ടത്.

ജയ ബച്ചന്‍, ഈ ആക്രോശത്തിനു പകരം ബലാത്സംഗികള്‍ പാര്‍ലമെന്റിലും നിയമസഭകളിലും എത്തുന്നില്ലെന്നുറപ്പിക്കാനായാല്‍ അതായിരിക്കും ബലാത്സംഗത്തിന് ഇരയാവുന്നവരോട് താങ്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന വലിയൊരു നന്മ.

Content Highlights: Accused in Hyderabad doctor rape and murder should be lynched, says Jaya Bachchan