നോക്കൂ, എന്റെ ബാങ്ക് എക്കൗണ്ട് നോക്കൂ എന്ന് കെ.ടി. ജലീല്‍ വിലപിക്കുന്നു. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം മന്ത്രിയായിരുന്നിട്ടും വെറും 2,10,000 രൂപയേ അതിലുള്ളു. ഒരു ലക്ഷം രൂപ ബാങ്ക് വായ്പ ഇനത്തില്‍ തിരിച്ചടയ്ക്കാനുണ്ട്. അതും കഴിഞ്ഞാല്‍ പിന്നെ ബാക്കി 1,10,000 രൂപ മാത്രം. ഈ എന്നെയാണ് എതിരാളികള്‍ ക്രൂശിക്കുന്നത്. ഞാന്‍ പാവങ്ങളില്‍ പാവവും വിശുദ്ധരില്‍ വിശുദ്ധനുമാവുന്നു. ഇതാ ഈ അധികാര സോപാനത്തില്‍ നിന്നിറങ്ങിപ്പോവുമ്പോള്‍ ഞാന്‍ എന്റെ പാദങ്ങളില്‍ പുരണ്ട പൊടി പോലും കുടഞ്ഞുകളയുന്നു. 

വാഹ്, വാഹ്...! ഇതാണ് ധാര്‍മ്മികത, ഇതാണ് രാഷ്ട്രീയ സദാചാരം...!  വിജയരാഘവനും എ.കെ. ബാലനും തൊണ്ടയിടറുന്നു...! ഒരു കറയും പുരളാത്ത ഇങ്ങനെയൊരു മനുഷ്യനെ ചെളി വാരി എറിയുന്നവരേ നിങ്ങള്‍ക്ക് കഷ്ടം...! ഇരുട്ടുമുറിയിലേക്ക് നിങ്ങള്‍ വലിച്ചെറിയപ്പെടും, അവിടെ പല്ലുകടിയും വിലാപവും ഉണ്ടാവും...!

അടുത്ത കാലത്തൊന്നും കേരളം ഇതുപോലൊരു കാപട്യം കണ്ടിട്ടില്ല. സ്വജനപക്ഷപാതത്തിന് കയ്യോടെ പിടിക്കപ്പെടുമ്പോള്‍ ബാങ്ക് ബാലന്‍സ് പരിചയാക്കുന്ന ഏര്‍പ്പാട് തികഞ്ഞ അശ്ലീലവും വൃത്തികേടുമാവുന്നു. രണ്ടു കൊല്ലം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2019 ഏപ്രില്‍ 20-ന് ഡല്‍ഹിയില്‍, അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് തന്റെ ബാങ്ക് ബാലന്‍സിലേക്ക് വിരല്‍ ചൂണ്ടുകയുണ്ടായി. സുപ്രീം കോടതിയിലെ ഒരു വനിത ജീവനക്കാരി ഉന്നയിച്ച ലൈംഗിക പീഡനക്കേസില്‍ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഗൊഗൊയ് ബാങ്ക് ബാലന്‍സില്‍ അഭയം തേടിയത്.

ഇരുപത് കൊല്ലം ജഡ്ജി ആയിരുന്നിട്ട് ബാങ്കില്‍ ബാലന്‍സുള്ളത് 6.80 ലക്ഷം രൂപ മാത്രമാണെന്നാണ് ഗൊഗൊയ് പറഞ്ഞത്. സുപ്രീം കോടതിയിലെ പ്യൂണിനു പോലും ഇതില്‍ കൂടുതല്‍ തുക ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കുമെന്നും ഗൊഗൊയ് വിലപിച്ചു. തനിക്കെതിരെയുള്ള കേസില്‍ വാദം കേള്‍ക്കാനുള്ള ബഞ്ചില്‍ സ്വയം ഇരുന്നുകൊണ്ടാണ് ഗൊഗൊയ് ഈ പ്രതിരോധമുയര്‍ത്തിയത്. സ്വന്തം കേസില്‍ ഒരു ജഡ്ജിയും വിധി പറയാനിരിക്കരുത് എന്ന അടിസ്ഥാന തത്വം ലംഘിച്ചുകൊണ്ട് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയ്ക്കും സഞ്ജീവ് ഖന്നയ്ക്കുമൊപ്പം ഇരുന്നപ്പോള്‍ ഗൊഗൊയ് ബലി കൊടുത്തത് നീതി എന്ന പരമോന്നതമായ ആശയമാണ്. ലൈംഗിക പീഡനത്തിനും ബാങ്ക് ബാലന്‍സിനും തമ്മില്‍ എന്താണ് ബന്ധമെന്ന് തലച്ചോര്‍ പണയം വെയ്ക്കാത്തവര്‍ അന്ന് ചോദിച്ചിരുന്നു. ബാങ്കില്‍ ബാലന്‍സ് കുറവുള്ളര്‍ക്ക് സ്ത്രീയെ അപമാനിക്കാനാവില്ല എന്ന് ലോകത്ത് എവിടെയെങ്കിലും നിയമമുള്ളതായി അറിവില്ല.

ഇന്ത്യന്‍ ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനയായാണ് ഗൊഗാെഗയ് ആ സ്ത്രീയുടെ പരാതിയെ വിശേഷിപ്പിച്ചത്. നീതിക്കായുള്ള പോരാട്ടത്തിനിടയില്‍ ആ സത്രീക്ക് ജോലി നഷ്ടമായി. അവരുടെ ഭര്‍ത്താവിനും ഭര്‍തൃസഹോദരനും സസ്പെന്‍ഷന്‍ നേരിടേണ്ടി വന്നു. പണം തട്ടിപ്പ് കേസില്‍ ആ സ്ത്രീ പ്രതിയാക്കപ്പെടുന്നതും രാജ്യം കണ്ടു. പക്ഷേ, ഒടുവില്‍ കഴിഞ്ഞ വര്‍ഷം സുപ്രിം കോടതി അവരെ ജോലിയില്‍ തിരിച്ചു പ്രവേശിപ്പിച്ചു. അവര്‍ക്കെതിരെയുള്ള ഒരു കേസിലും കഴമ്പില്ലെന്ന് വ്യക്തമായതിനെത്തുര്‍ന്നായിരുന്നു ഈ നടപടി. 

അപ്പോള്‍ അവര്‍ക്കെതിരെ ആരോപണം ഉന്നയിച്ച മുന്‍ ചീഫ് ജസ്റ്റിസിനെതിരെ എന്തെങ്കിലും നടപടിയുണ്ടായോ? ലൈംഗിക പീഡനക്കേസില്‍ ആ സ്ത്രീക്ക് നീതി കിട്ടിയോ? പ്രതി സ്ഥാനത്തുണ്ടായിരുന്ന ന്യായാധിപന്‍ ഇപ്പോള്‍ രാജ്യസഭയില്‍ അംഗമാണ്. രാഷ്ട്ര നിര്‍മ്മാണത്തിനായി ജഡീഷ്യറിയും പാര്‍ലമെന്റും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നുള്ളതു കൊണ്ടാണ് താന്‍ സര്‍ക്കാരിന്റെ ഓഫര്‍ സ്വീകരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. സഹകരണമാണ് പ്രശ്നം. നിയമനിര്‍മ്മാണ സഭകളുമായി സഹകരിക്കുകയല്ല, നിയമനിര്‍മ്മാണ സഭകളുടെ പ്രവൃത്തികള്‍ വിലയിരുത്തുകയും വ്യാഖ്യാനിക്കുകയുമാണ് കോടതികളുടെ ദൗത്യമെന്ന പ്രാഥമിക ജ്ഞാനത്തിന്റെ നിരാകരണവും നിഷേധവുമായിരുന്നു ഗൊഗൊയിയുടെ വാക്കുകള്‍.

നിഷേധിക്കപ്പെട്ട പഴം ഭക്ഷിച്ചതിനെത്തുടര്‍ന്ന് നാണമുണ്ടായപ്പോള്‍ ആ നാണം ഇല കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ച ആദത്തിനെയും ഹവ്വയേയുമാണ് ജലീല്‍ ഓര്‍മ്മിപ്പിക്കുന്നത്. കുറ്റബോധം ഒരില കൊണ്ടും മറയ്ക്കാനാവില്ല. ബാങ്കിലെ ബാലന്‍സില്‍ പണം കുറവാണെന്നത് താങ്കള്‍ ചെയ്ത ക്രമക്കേടിനുള്ള പ്രതിരോധമാവുന്നില്ല. ജലീല്‍, ഒട്ടകപ്പക്ഷിയെപ്പോലെ എത്ര കാലമാണ് താങ്കള്‍ക്ക് ഇങ്ങനെ തല മണ്ണില്‍ പൂഴ്ത്തി നില്‍ക്കാനാവുക?

1991-ല്‍ തമിഴ്നാട് മുഖ്യമന്ത്രിയായപ്പോള്‍ ജയലളിതയ്ക്ക് ഒരു തരത്തിലുള്ള ഭരണപരിചയവുമുണ്ടായിരുന്നില്ല. അതിനു മുമ്പ് അവര്‍ ഒരു തരത്തിലുള്ള അധികാരപദവിയും കയ്യാളിയിരുന്നില്ല. ശശികലയുടെ നേതൃത്വത്തിലുള്ള മണ്ണാര്‍കുടി കുടുംബമാണ് 91-നും 96-നുമിടയിലുള്ള ജയലളിത സര്‍ക്കാരിനെ നിയന്ത്രിച്ചതെന്ന ആരോപണം ഈ പരിസരത്തിലാണ് ശക്തമായത്. 

ആ അഞ്ച് വര്‍ഷമാണ് പിന്നീട് ജിവിതകാലം മുഴുവന്‍ ജയലളിതയെ വേട്ടയാടിയത്. ഒരു രൂപ മാത്രമേ താന്‍ ശമ്പളമായി വാങ്ങിയിട്ടുള്ളൂവെന്ന് അഴിമതിക്കേസിലെ വിചാരണക്കിടയില്‍ ജയലളിത പറഞ്ഞിരുന്നു. ഒരു രൂപ ശമ്പളത്തിനും അഴിമതിക്കും തമ്മിലെന്തു ബന്ധം എന്നാണ് അന്ന് വാദി ഭാഗം ചോദിച്ചത്. 2001-ലും 2011-ലും 2016-ലും ജയലളിത വീണ്ടും അധികാരത്തിലെത്തി. ഈ കാലയളവില്‍ തമിഴകത്ത് ഒരഴിമതിയുമുണ്ടായിട്ടില്ലെന്നു പറഞ്ഞാല്‍ അതുപോലൊരു തമാശ വേറെയുണ്ടാവില്ല. പക്ഷേ, ഈ വര്‍ഷങ്ങളില്‍ ഒരു അഴിമതിക്കേസിലും ജയയ്ക്കെതിരെ ഒരു തെളിവും കിട്ടിയില്ല. അഴിമതി ശാസ്ത്രീയമാവുമ്പോള്‍ തെളിവുകള്‍ മാഞ്ഞുപോവും.

അഴിമതിപ്പണം ബാങ്കില്‍ ബാലന്‍സാക്കി വെയ്ക്കുന്ന ഒരു ഭരണാധികാരിയും ഇന്നുണ്ടാവില്ല. പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന സി.പി. രാമചന്ദ്രന്‍ ഒരിക്കല്‍ ഒരു സൗഹൃദ സംഭാഷണത്തിനിടെ മുന്‍ പ്രതിരോധ മന്ത്രി  ജഗ്ജിവന്‍ റാം സരസമായി പറഞ്ഞ ഒരു കാര്യം അനുസ്മരിക്കുകയുണ്ടായി. അഴിമതിപ്പണമൊക്കെ ഭരണാധികാരികള്‍ എന്തു ചെയ്യുന്നുവെന്ന് ചോദിച്ചപ്പോള്‍ ജഗ്ജിവന്‍ റാം ഒരു തീപ്പെട്ടിക്കൂട് എടുത്തു കാട്ടി. ഇത്രയും ചെറിയൊരു തീപ്പെട്ടിയില്‍ ഒതുക്കാവുന്നതേയുള്ളു എത്ര വലിയ തുകയും എന്നാണ് ജഗ്ജിവന്‍ റാം പറഞ്ഞത്. അതെങ്ങിനെയെന്ന് അതിശയം കൂറിയ പത്രപ്രവര്‍ത്തകന്റെ ചുമലില്‍ സ്്നേഹപൂര്‍വ്വം തട്ടിക്കൊണ്ട് ജഗ്ജിവന്‍ റാം കൂട്ടിച്ചേര്‍ത്തു: ''ഡയമണ്ട്സ്, സുഹൃത്തേ, ഡയമണ്ട്സ്!''  

അഴിമതിപ്പണം വജ്രങ്ങളും രത്നങ്ങളുമായി തീപ്പെട്ടിക്കൂടിലേക്ക് ഒതുങ്ങുന്ന മാജിക്കിലേക്കാണ് ജഗ്ജിവന്‍ റാം വിരല്‍ ചൂണ്ടിയത്. ഇന്നിപ്പോള്‍ അഴിമതിപ്പണത്തിന് തീപ്പെട്ടിക്കൂടുകള്‍ മാത്രമല്ല വിദേശങ്ങളിലുള്ള ബിനാമി കമ്പനികളും പണമിടപാട് സ്ഥാപനങ്ങളുമുള്‍പ്പെടെ നൂറകണക്കിന് ചാനലുകളുണ്ട്.

ബാങ്കിലെ ബാലന്‍സ് അവിടെത്തന്നെയിരിക്കട്ടെ! 2,10,000 രൂപയെന്ന ബാങ്ക് ബാലന്‍സ്, ജലീല്‍, താങ്കളെ വിശുദ്ധനാക്കുന്നില്ല. അര്‍ഹതയില്ലാത്ത നിയമനം ബന്ധുവിന് നല്‍കിയെന്ന കേസുണ്ടായ നിമിഷം താങ്കള്‍ മന്ത്രി പദവി രാജിവെച്ചിരുന്നെങ്കില്‍ അതിന് അന്തസ്സ് ഉണ്ടാവുമായിരുന്നു. ഇതിപ്പോള്‍ ബാങ്ക് ബാലന്‍സ് എന്ന ഇലയ്ക്ക് മറക്കാനാവുന്നതിന് അപ്പുറത്താണ് താങ്കള്‍ സ്വയം വരുത്തിവെച്ച അപമാനവും നിന്ദയും. 

മലയാളം സര്‍വ്വകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിവാദം, മാര്‍ക്ക് അദാലത്ത്, തിരുവനന്തപുരത്തെ ഒരു കോളേജില്‍ ലാറ്റിന്‍ അദ്ധ്യാപകനെ ഇംഗ്ലീഷ് വകുപ്പിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട വിവാദം, സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പങ്കുണ്ടെന്ന ആരോപണം - ഇവയൊക്കെ ശക്തമായപ്പോള്‍ പാണക്കാട്ടെ തങ്ങള്‍ ഖുര്‍ആനില്‍ കൈവെച്ച് പറഞ്ഞാല്‍ മന്ത്രിസ്ഥാനം രാജി വെയ്ക്കാമെന്ന് ജലീല്‍ ഇടയ്ക്ക് പ്രഖ്യാപിച്ചിരുന്നു. 

അടിസ്ഥാനപരമായ ചില വസ്തുതകള്‍ മറക്കുന്നതു കൊണ്ടാണ് ഇത്തരം പ്രസ്താവനകളുണ്ടാവുന്നത്. ജനാധിപത്യത്തില്‍ ആത്യന്തികമായി ജനങ്ങളോടാണ് മറുപടി പറയേണ്ടതെന്ന യാഥാര്‍ത്ഥ്യത്തിന് നേര്‍ക്ക് മുഖം തിരിക്കുന്നതിന്റെ പ്രശ്നമാണിത്. ഈ വസ്തുത ജലീലിന്റെ മുഖത്തു നോക്കിപ്പറയുന്നതിനു പകരം ഇക്കാലമത്രയും അദ്ദേഹത്തിന്റെ വക്കാലത്തുമായി ന്യായീകരണങ്ങള്‍ നിരത്തിയവര്‍  കേരള സമൂഹത്തോട് തീര്‍ച്ചയായും മാപ്പ് പറയണം. ജനാധിപത്യം ആവശ്യപ്പെടുന്ന കേവല മര്യാദയാണത്.

വഴിയില്‍ കേട്ടത്:  മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും കാരണവര്‍ക്ക് എവിടെയും ആകാമോയെന്നും കേന്ദ്ര മന്ത്രി വി. മുരളീധരന്‍. പറഞ്ഞത് മലയാളത്തിലായത് നന്നായി. ഇല്ലെങ്കില്‍ ഇന്ദ്രപ്രസ്ഥത്തിലെ കാരണവര്‍ തെറ്റിദ്ധരിച്ചേനെ!

Content Highlights: Jaleel, the bank balance won't make you a saint | Vazhipokkan