വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട ഒരു കാര്‍ട്ടൂണിനെക്കുറിച്ച് പറയാം. ഒരു മരത്തിന്റെ കീഴില്‍ ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നു. ഇരുന്നിരുന്ന് വേരിറങ്ങിത്തുടങ്ങിയോ എന്ന സംശയത്തില്‍ മരം ചെറുപ്പക്കാരനാേട് ചോദിക്കുന്നു: ''നിങ്ങള്‍ എന്തിനാണ് ഇവിടെ ഇങ്ങനെ ഇരിക്കുന്നത്?''
''ഞാന്‍ വലിയൊരു അര്‍ത്ഥം തേടുകയാണ്.'' ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞു.
''ഇങ്ങനെ കുത്തിയിരുന്നാല്‍ അര്‍ത്ഥം കിട്ടുമോ?'' മരം ചോദിച്ചു.
''തീര്‍ച്ചയായും.'' ചെറുപ്പക്കാരന്‍ നിര്‍വ്വികാരതയോടെ പറഞ്ഞു.
''യുവാവേ, നിനക്ക് തെറ്റിപ്പോയി. എത്രയോ കാലമായി ഞാന്‍ ഇവിടെയിങ്ങനെ ഇരിക്കുന്നു. എന്നിട്ട് എനിക്ക് കിട്ടിയത് നിന്നെപ്പോലൊരു കുഴിമടിയനെയാണല്ലോ!'' സ്വന്തം മറുപടിയില്‍ രസിച്ചിട്ടെന്നപോലെ മരത്തിന്റെ തലപ്പുകള്‍ കാറ്റില്‍ അലറിച്ചിരിച്ചു.
ഒ.വി. വിജയന്റെ അനന്തരവന്‍ രവിശങ്കര്‍ വരച്ചതാണ് കാര്‍ട്ടൂണ്‍ എന്നാണ് ഓര്‍മ്മ. പ്രധാനമന്ത്രി നരേന്ദ്ര മോദി ബുദ്ധിജീവികള്‍ക്കും സമര ജീവികള്‍ക്കുമെതിരെ ഉടവാളെടുത്തു വീശുന്നതു കണ്ടപ്പോഴാണ് ഈ കാര്‍ട്ടൂണ്‍ ഓര്‍ത്തുപോയത്. രവിശങ്കറിന്റെ കാര്‍ട്ടൂണ്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയവും മോദിയുടെ രാഷ്ട്രീയവും ഒത്തുപോകുന്നവയാണ്.
ഒറ്റനോട്ടത്തില്‍ രവിയുടെ കാര്‍ട്ടൂണ്‍ ഗംഭീരമാണെന്നു തോന്നും. വെറുതെ കുത്തിയിരിക്കുന്ന ബുദ്ധിജിവി നാട്യക്കാരെക്കൊണ്ട് നാടിനും നാട്ടുകാര്‍ക്കും എന്താണ് പ്രയോജനമെന്ന ചോദ്യത്തില്‍ ഒരുവിധം ആളുകളൊക്കെ വീണുപോവും. ഒരൊറ്റ ഇമേജുകൊണ്ട് രവിയുടെ കാര്‍ട്ടൂണ്‍ പൊളിക്കാനാവും. മരത്തിനു കീഴെയിരിക്കുന്ന ബുദ്ധിജീവിയെന്നു പറയുമ്പോള്‍ നമ്മള്‍ ആദ്യം ചിന്തിക്കുക ഐസക്ക് ന്യൂട്ടനെക്കുറിച്ചായിരിക്കും. ന്യൂട്ടനെപ്പോലെ ലോകവിജ്ഞാനം മുന്നോട്ടു കൊണ്ടുപോയ ശാസ്ത്രജ്ഞര്‍ അധികമുണ്ടാവില്ല.
മരത്തിനു കീഴെയിരിക്കുന്നവര്‍ വെറുതെയിരിക്കുകയാണെന്ന ചിന്ത ന്യൂട്ടനെപ്പോലുള്ളവരെ ഓര്‍ക്കാതിരിക്കുന്നതു കൊണ്ട് സംഭവിക്കുന്നതാണ്. അമ്മാവനായ വിജയന്റെ ചിന്തകള്‍ ഉള്‍ക്കൊള്ളാതെ വര മാത്രം അനുകരിച്ചതിന്റെ പിശകാണ് രവിശങ്കറെ ഇത്തരം കാര്‍ട്ടൂണികളിലെത്തിച്ചത്. വകയില്‍ അമ്മാവനെന്നുമല്ലെങ്കിലും ജന്മം കൊണ്ട് നാട്ടുകാരനായ ഒന്നാന്തരമൊരു ബുദ്ധിജിവിയെ, സാക്ഷാല്‍ മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയെ മനസ്സിലാക്കിയിരുന്നെങ്കില്‍ പ്രധാനമന്ത്രി മോദിക്കും ഇങ്ങനെയൊരു ക്വിക്സോട്ടിയന്‍ പടപ്പുറപ്പാട് നടത്തേണ്ടി വരുമായിരുന്നില്ല.
വലതു പക്ഷ ബുദ്ധിജിവികള്‍ എവിടെ? എന്ന തലക്കെട്ടില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ലേഖനം കാരവന്‍ മാസികയില്‍ ചരിത്രകാരനായ രാമചന്ദ്ര ഗുഹ എഴുതിയിരുന്നു. വൈജ്ഞാനിക മേഖലകളുടെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്‍കുന്നവരെയാണ് ഗുഹ ബുദ്ധിജിവികള്‍ എന്നു വിളിക്കുന്നത്. ബി.ജെ.പിയില്‍ ബുദ്ധിജീവികള്‍ക്കുള്ള ക്ഷാമം നിരവധി ഉദാഹരണങ്ങള്‍ സഹിതമാണ് ഗുഹ ഈ ലേഖനത്തില്‍ വിവരിക്കുന്നത്.
ഡി.ഡി. കൊസാംബിക്കും റൊമിള താപ്പറിനും ഇര്‍ഫാന്‍ ഹബീബിനുമൊപ്പം നില്‍ക്കാവുന്ന ചരിത്രകാരന്മാര്‍ വലതുപക്ഷത്തുണ്ടോ? കമ്മ്യൂണിസ്റ്റുകാരനല്ലാത്ത രാമചന്ദ്ര ഗുഹയെപ്പോലൊരു ചരിത്രകാരനെ ബി.ജെ.പിയുടെ ഭാഗത്ത് കണ്ടെത്താനാവുമോ? ജഗദീഷ് ഭഗവതിയെപ്പോലൊരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ വലതുപക്ഷവാദിയല്ലേ എന്ന മറുചോദ്യമുയര്‍ന്നേക്കാം. പക്ഷേ, ജഗദീഷ് ഭഗവതി നെഹ്‌റുവിനെ ഇഷ്ടപ്പെടുന്നയാളും ആര്‍.എസ്.എസിന്റെ വിമര്‍ശകനുമാണെന്ന് ഗുഹ ചൂണ്ടിക്കാട്ടുന്നുണ്ട്.
അമര്‍ത്യ സെന്‍, അഭിജിത് ബാനര്‍ജി, പ്രഭാത് പട്നായിക് എന്നിങ്ങനെയുള്ള സാമ്പത്തിക ശാസ്ത്രജ്ഞരെ സ്വപ്നം കാണാന്‍ പോലും ബി.ജെ.പിക്കാവുമോ? വെങ്കട്ടരാമന്‍ രാമകൃഷ്ണനെപ്പോലെ നോബല്‍ സമ്മാനജേതാവായ ഒരു ഇന്ത്യന്‍ വംശജന്‍ എന്തുകൊണ്ടാണ് വലതുപക്ഷ ക്യാമ്പിന്റെ നാലയല്‍പക്കത്തു പോലും വരാത്തത്? അരുന്ധതിറോയിയെപ്പോലൊരു എഴുത്തുകാരി, ഗുലാം മുഹമ്മദ് ഷെയ്ക്കിനെപ്പോലൊരു ചിത്രകാരന്‍ - ഇവരൊന്നും കമ്മ്യൂണിസ്റ്റ് സഹയാത്രികരല്ല. പക്ഷേ, ഇവരാരും തന്നെ ഒരു കാലത്തും വലതുപക്ഷ ക്യാമ്പിനൊപ്പം സഞ്ചരിക്കുന്നവരല്ല. കങ്കണയെയും അക്ഷയ്കുമാറിനെയും പോലുള്ള അഭിനേതാക്കളാണ് വലതുപക്ഷത്തിന്റെ സംവാദങ്ങള്‍ നയിക്കുന്നതെന്നത് ആ ക്യാമ്പ് ഇന്നെത്തി നില്‍ക്കുന്ന ബൗദ്ധിക പരിസരം കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്.
ഇന്ത്യ കണ്ടിട്ടുള്ള ബുദ്ധിജിവികളില്‍ അഗ്രഗണ്യനെന്നു വിളിക്കാവുന്ന ബി.ആര്‍. അംബദ്കര്‍ ഇടതുപക്ഷക്കാരനായിരുന്നില്ല. പക്ഷേ, വലതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രവുമായി ഒരു തരത്തിലുള്ള അനുരഞ്ജനത്തിനും അദ്ദേഹം തയ്യാറായിരുന്നില്ല. ഒടുവില്‍ മൂന്നര ലക്ഷത്തോളം അനുയായികളുമായി ബുദ്ധമതം ആശ്ലേഷിച്ചുകൊണ്ട് അംബദ്കര്‍ നടത്തിയ വലതുപക്ഷ വിരുദ്ധ കലാപം പോലൊന്ന് ഇന്ത്യ പിന്നീട് കണ്ടിട്ടില്ല.
കേരളത്തിലേക്ക് വന്നാല്‍ പ്രൊഫസര്‍ എം. കുഞ്ഞാമന്റെ കാര്യമെടുക്കാം. അദ്ദേഹവും ഇടതുപക്ഷക്കാരനല്ല . പക്ഷേ, വലതുപക്ഷത്തിനെതിരെ സുചിന്തിതമായ നിലപാടുകളാണ് കുഞ്ഞാമനുള്ളത്. ഇന്ത്യയില്‍ വലതുപക്ഷ ബുദ്ധിജിവികള്‍ എവിടെ എന്ന ഗുഹയുടെ ചോദ്യത്തിന് ജി. സമ്പത്ത് എന്ന പത്രപ്രവര്‍ത്തകന്‍ നല്‍കിയ മറുപടിയും ചിന്തനീയമായിരുന്നു. അവെരെങ്ങും പോയിട്ടില്ലെന്നും ജാതി എന്ന മുഖ്യപ്രശ്നം കണ്ടില്ലെന്ന് നടിക്കുന്ന ഇടതുപക്ഷ- പുരോഗമന ബുദ്ധീജീവികളുടെ രൂപത്തില്‍ അവരിവിടെത്തന്നെ ഉണ്ടെന്നുമാണ് സമ്പത്ത് ചൂണ്ടിക്കാട്ടിയത്.
ബുദ്ധിജിവികള്‍ ഏതു രൂപത്തില്‍ വന്നാലും താല്‍പര്യമില്ലെന്നാണ് നരേന്ദ്ര മോദി പറയുന്നത്. ബി.ജെ.പിയില്‍ അവസാനമായുണ്ടായിരുന്ന ബുദ്ധിജീവി അരുണ്‍ ഷൂറിയായിരുന്നു. ഇന്നിപ്പോള്‍ ഷൂറിയെപ്പോലെ മോദിയെ എതിര്‍ക്കുന്ന മറ്റൊരാളുണ്ടോ എന്നു സംശയമാണ്. സുബ്രഹ്‌മണ്യന്‍സ്വാമി ഇപ്പോഴും ബി.ജെ.പിയില്‍ ഉണ്ടെങ്കിലും നിര്‍മ്മല സീതാരാമന്‍ പോലും സ്വാമിയെ ഗൗനിക്കുന്നില്ല.
ചൗക്കിദാറാവാന്‍ തന്നെ കിട്ടില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച സ്വാമിയെ മോദി അടുപ്പിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. കേരളത്തില്‍ ബി.ജെ.പിക്ക് ആകപ്പാടെ ഉയര്‍ത്തിക്കാട്ടാനുണ്ടായിരുന്നത് പി. പരമേശ്വരനാണ്. ഒരു ഫെയ്സ്ബുക്ക് ഫലിതം കടമെടുത്താല്‍ പഞ്ചാബില്‍ മുടിവെട്ടു കട തുറന്ന അവസ്ഥയിലായിരുന്നു പരമേശ്വരന്‍ ബി.ജെ.പിയില്‍.
ഇടക്കാലത്ത് പല വിധത്തിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കാന്‍ ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. വിവകോനന്ദ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍, ദി ഇന്ത്യ ഫൗണ്ടേഷന്‍, ദി ഇന്ത്യ പോളിസി ഫൗണ്ടേഷന്‍, ശ്യാമപ്രസാദ് മുഖര്‍ജി ഫൗണ്ടേഷന്‍, പബ്ലിക് പോളിസി റിസര്‍ച്ച് ഫൗണ്ടേഷന്‍ തുടങ്ങിയവ ഈ വഴിക്കുള്ള നീക്കങ്ങളായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മുകേഷ് അംബാനിയുമായി ബന്ധമുള്ള ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനും വലതുപക്ഷ ക്യാമ്പുമായി അടുപ്പമുള്ള പ്രസ്ഥാനമാണ്. എന്നാല്‍ ഈ കേന്ദ്രങ്ങള്‍ക്കൊന്നും തന്നെ അരുന്ധതിയെപ്പോലെയോ കുഞ്ഞാമനെപ്പോലെയൊ ഉള്ള ബുദ്ധിജീവികളെയാരെയും തന്നെ ഇതുവരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്തിന്, കാമരാജിനെപ്പോലൊരു നേതാവിനെ ഇനിയും കണ്ടെത്താന്‍ ബി.ജെ.പിക്ക് ആയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
എന്തുകൊണ്ടാണ് ബി.ജെ.പി. ബുദ്ധിജിവികളുടെ ദാരിദ്ര്യം അനുഭവിക്കുന്നതെന്നതിന് ഒരുത്തരമേയുള്ളു. അശരണരോടും അടിച്ചമര്‍ത്തപ്പെടുന്നവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാതെ മതഭൂരിപക്ഷവാദത്തിന് മുന്‍തൂക്കം നല്‍കുന്ന ഒരു പ്രത്യയശാസ്ത്രവുമായി കൈകോര്‍ക്കാന്‍ അടിസ്ഥാനപരമായി ബുദ്ധിജീവികള്‍ക്കാവില്ല.
ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും പൊയ്കയില്‍ അപ്പച്ചനെയും സഹോദരന്‍ അയ്യപ്പനെയും വി.ടി. ഭട്ടതിരിപ്പാടിനെയും എത്രയൊക്കെ ശ്രമിച്ചിട്ടും സ്വന്തമാക്കാന്‍ ബി.ജെ.പിക്ക് കഴിയാതെ പോവുന്നത് ഇതുകൊണ്ടാണ്. രോഹിത് വെമുലയുടെ മരണത്തിലും ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ കൊലയിലും പതിനായിരക്കണക്കിന് കര്‍ഷകരെ ഡല്‍ഹിയിലെ കൊടും തണുപ്പിലിരുത്തുന്നതിലും (ഇരുന്നൂറോളം കര്‍ഷകര്‍ ഇതിനകം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്) എഹ്സാന്‍ ജഫ്രി അടക്കമുള്ളവര്‍ ഗുജറാത്തില്‍ കൊല ചെയ്യപ്പെട്ടതിലും കണ്ണീര്‍ പൊഴിക്കാതിരുന്ന നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍നിന്ന് വിരമിക്കുമ്പോള്‍ കരയുന്ന കരച്ചിലുണ്ടല്ലോ ആ കരച്ചിലിലുണ്ട് ഇതിനുള്ള ഉത്തരം.
വോട്ടുകിട്ടാന്‍ ബുദ്ധിജീവികളുടെ ആവശ്യമില്ലെന്ന തിരിച്ചറിവിലായിരിക്കാം മോദിയും ഷായും ആത്മനിര്‍വൃതി അടയുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ എത്ര ബുദ്ധിജിവികളുണ്ട് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ കണിയാരെ വിളിച്ചുവരുത്തേണ്ട കാര്യമില്ല. മീഡിയൊക്രിറ്റിയില്‍ അഭിരമിക്കുന്ന നേതാക്കള്‍ക്ക് ബുദ്ധിജിവികളും സമരജീവികളും അലര്‍ജിയാവുന്നതിലും അത്ഭുതമില്ല. പക്ഷേ, അരണ്‍ ഷൂറി ചൂണ്ടിക്കാട്ടിയതുപോലെ ലോകം ഇതൊക്കെ വീക്ഷിക്കുന്നുണ്ട്. ലോകത്തിനു മുന്നിലുള്ള ഇന്ത്യയുടെ പ്രതിച്ഛായ ഈ അലര്‍ജിയുടെ പാര്‍ശ്വഫലമാണ്.
പാലക്കാട് മണി അയ്യരുടെ ജീവിതത്തിലെ ഒരു സംഭവം സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ 'സെബാസ്റ്റ്യനും മക്കളും' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. നല്ല തോലു കിട്ടിയാലേ നല്ല മൃദംഗമുണ്ടാക്കാനാവൂ എന്ന് മണി അയ്യര്‍ക്ക് അറിയാമായിരുന്നു. അള്‍ക്കട്ടന്‍ എന്നു പേരുള്ള ആളാണ് മണി അയ്യരുടെ മൃദംഗത്തിനാവശ്യമുള്ള തോല്‍ സംഘടിപ്പിച്ചിരുന്നത്.
ഒരിക്കല്‍ നല്ല തോലിനായി അള്‍ക്കട്ടന് മണി അയ്യര്‍ നൂറു രൂപ കൊടുത്തു. അടുത്ത ദിവസം രാവിലെ വീടിനു പുറത്തേക്കിറങ്ങുമ്പോള്‍ മണി അയ്യര്‍ കാണുന്നത് ഒരു പശുവുമായി നില്‍ക്കുന്ന അള്‍ക്കട്ടനെയാണ്. എണ്ണം പറഞ്ഞ പശുവാണെന്നും എന്നാല്‍ നൂറു രൂപയില്‍ നില്‍ക്കില്ലെന്നും അള്‍ക്കട്ടന്‍ പറഞ്ഞു. തോല്‍ ആകാശത്തുനിന്ന് പൊഴിഞ്ഞുവീഴുന്ന സാധനമല്ലെന്നും അത് പശുവിനെ കൊന്നിട്ട് എടുക്കുന്നതാണെന്നുമുള്ള യാഥാര്‍ത്ഥ്യവുമായി അയ്യര്‍ നേര്‍ക്കുനേര്‍ വന്ന നിമിഷമായിരുന്നു അത്. അള്‍ക്കട്ടനെ ഒരു കണക്കിനാണ് അയ്യര്‍ അവിടെനിന്നു പറഞ്ഞയച്ചതെന്ന് കൃഷ്ണ എഴുതുന്നു.
ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരം ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്. ഇതുമായി മുഖാമുഖം നില്‍ക്കാന്‍ പ്രധാനമന്ത്രി മോദിക്കാവുന്നില്ല. അവരെ അവിടെനിന്ന് എങ്ങിനെ പറഞ്ഞയക്കാം എന്നാണ് മോദി ചിന്തിക്കുന്നത്. അതിനുള്ള നേര്‍വഴി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നതാണ്. പക്ഷേ, അതിരു കവിഞ്ഞ താന്‍പോരിമ അതില്‍നിന്നും അദ്ദേഹത്തെ വിലക്കുന്നു. പകരം ഈ യാഥാര്‍ത്ഥ്യങ്ങളെ ബുദ്ധിജീവികളെന്നും സമരജീവികളെന്നും ആക്ഷേപിക്കുന്നതാണ് എളുപ്പമെന്ന് അദ്ദേഹം കരുതുന്നു.
ഇന്ത്യന്‍ റിപ്പബ്ലിക് ഇന്നു നേരിടുന്ന പ്രതിസന്ധിയുടെ കാതല്‍ ഈ പരിഹാസങ്ങളിലുണ്ട്. പാര്‍ട്ടിയും ഭരണകൂടവും ഒരാളുടെ ഇംഗിതങ്ങള്‍ക്ക് കീഴ്പ്പെടുമ്പോള്‍ ഉടലെടുക്കുന്ന ചരിത്രപരമായ പ്രതിസന്ധിയാണിത്.
വഴിയില്‍ കേട്ടത്: ഓസ്‌കാര്‍ പുരസ്‌കാര പട്ടികയില്‍നിന്ന് ജല്ലിക്കെട്ട് പുറത്ത്. തേങ്ങയെത്ര അരച്ചാലും കറി താളു തന്നെയാണെന്ന് തിരിച്ചറിയാന്‍ കഴിവുള്ളവര്‍ ഹോളിവുഡില്‍ ഉണ്ടെന്നര്‍ത്ഥം.
Content Highlights: Intellectuals and Andolan Jeevis are allergy for Prime Minister | Vazhipokkan