1989-ലാണെന്നാണ് ഓര്‍മ്മ. അന്ന് ഇന്ത്യയിലെ പ്രമുഖ ഇംഗ്ളീഷ് വാരികയായിരുന്ന ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയില്‍ ഒരു കവര്‍ സ്റ്റോറി വന്നു. ഒന്നാം പേജില്‍ ഹിന്ദി നടന്‍ അനുപം ഖേര്‍ വിഗ്ഗൊന്നുമില്ലാതെ മൊട്ടത്തലയുമായി നില്‍ക്കുന്നു. കൈയ്യില്‍ ഒരു എണ്ണക്കുപ്പി. കഷണ്ടിക്ക് മരുന്നെത്തിയിരിക്കുന്നു എന്ന വന്‍ അവകാശവാദമായിരുന്നു ആ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. 

അതിനും മുമ്പു കേരളത്തിലെ പ്രമുഖ പത്രങ്ങളില്‍ ഇതേ വാര്‍ത്ത വന്നിരുന്നു. ഒരു കെമിസ്റ്റില്‍നിന്ന് ആയുര്‍വ്വേദ വൈദ്യത്തിലേക്ക് തിരിഞ്ഞ തിരുവനന്തപുരത്തുകാരനായിരുന്നു ഈ എണ്ണയുടെ നിര്‍മ്മാതാവ്. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന പഴഞ്ചൊല്ല് പതിരാവുകയാണെന്നും കഷണ്ടിക്ക് മരുന്നായെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ കൊഴുത്തതോടെ ഒരു കൊല്ലത്തിനുള്ളില്‍ കേരളത്തില്‍ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തിയായി ഈ മനുഷ്യന്‍. 

കഷണ്ടിക്ക് ഒട്ടും പഞ്ഞമില്ലാതിരുന്ന വി.പി. സിങ്ങായിരുന്നു അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി. വി.പി. സിങ്ങിന്റെ ഓഫീസില്‍നിന്ന് എണ്ണ തേടി വിളിയും ആളുമെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ, കഷണ്ടി ഇപ്പോഴും കഷണ്ടിയായി തുടരുന്നു. തിരുവനന്തപുരത്തുകാരനും കേരളത്തിലെ ഏറ്റവും സുന്ദരമായ കഷണ്ടിയുടെ ഉടമയുമായിരുന്ന നടന്‍ ഗോപിയുടെ തലയില്‍ പോലും ഈ എണ്ണ പുതുതായി ഒരു രോമം കിളിര്‍പ്പിച്ചതായി കേട്ടില്ല. 

എണ്ണ തേച്ചാല്‍ മുടി വരുമോ എന്ന് കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പ് സുഹൃത്തായിരുന്ന ഒരു ആയുര്‍വ്വേദ വൈദ്യനോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി രസകരമായിരുന്നു. ഇതേ ചോദ്യം താന്‍ തന്റെ ഗുരുവിനോട് ചോദിച്ചിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്.

ഗുരുവിന്റെ മറുപടി ഇതായിരുന്നു: ''എണ്ണ തേച്ചാല്‍ മുടി വരും. സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ മാറ്റിത്തരാം.'' ഇതും പറഞ്ഞ് ഗുരു കുറച്ച് എണ്ണയെടുത്ത് കൈയ്യില്‍ പുരട്ടിയിട്ട് തലയില്‍ തേച്ചു. എന്നിട്ട് കൈവെള്ള ശിഷ്യന് കാട്ടിക്കൊടുത്തു. അവിടെ ആ കൈക്കുള്ളില്‍ ഒന്ന് രണ്ട് മുടിയിഴകള്‍ പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. ''ദാ ... ഇപ്പോള്‍ മനസ്സിലായില്ലേ, എണ്ണ തേച്ചാല്‍ മുടി വരുമെന്ന്.'' ഗുരു അന്ന് ചിരിച്ച ചിരി ഒരിക്കലും മറക്കാനാവില്ലെന്നാണ് ശിഷ്യനായ വൈദ്യന്‍ പറഞ്ഞത്.

ആയുര്‍വ്വേദത്തിനെ കുറ്റപ്പെടുത്താനല്ല ഈ കുറിപ്പെന്ന് ആദ്യമേ വ്യക്തമാക്കിക്കൊള്ളട്ടെ. ഒരു നിവൃത്തിയുണ്ടെങ്കില്‍ ആയുര്‍വ്വേദ മരുന്നുകള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഈ കുറിപ്പെഴുതുന്നത്. പക്ഷേ, ആലോപ്പതിയിലായാലും ആയുര്‍വ്വേദത്തിലായിലും കള്ളനാണയങ്ങള്‍ കള്ളനാണയങ്ങള്‍ തന്നെയാണ്. ഇത് വെളുപ്പിക്കാന്‍ കഴിയുന്ന ഒരു നോട്ട് നിരോധനവും ഇതുവരെ ഈ ലോകത്തുണ്ടായിട്ടില്ല. 

ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വ്വേദിക് പുറത്തിറക്കിയിട്ടുള്ള 'കൊറൊനില്‍' എന്ന ആയുര്‍വ്വേദ മരുന്നിന്റെ പ്രചരണാര്‍ത്ഥം നടത്തിയ പത്രസമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ദ്ധനും  റോഡ് - ഗതാഗത ്ര്രമന്തിയുമായ നിതിന്‍ ഗഡ്കരിയും പങ്കെടുക്കുന്ന കാഴ്ചയാണ് പഴയ കഷണ്ടി മരുന്നിലേക്ക് ഓര്‍മ്മ കൊണ്ടുപോയത്.

ബാബ രാംദേവിനും ബി.ജെ.പിക്കും ഇടയിലുള്ള അന്തര്‍ധാര രഹസ്യമല്ല. പക്ഷേ, രാംദേവിന്റെ കമ്പനി പുറത്തിറക്കുന്ന ഒരു ഉത്പന്നതിന്റെ വിപണനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യമന്ത്രി പങ്കെടുക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അസംബന്ധവും മര്യാദകേടുമാണ്. കര്‍മ്മം കൊണ്ട് ഇ.എന്‍.ടി. ഡോക്ടറാണ് നമ്മുടെ ആരോഗ്യമന്ത്രി. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടിവ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയാണ് ഡോ. ഹര്‍ഷ്‌വര്‍ദ്ധന്‍. 

ശാഖയില്‍ ചേര്‍ന്ന കാലം മുതലേ പരിചയമുള്ള സുഹൃത്താണ് രാംദേവെന്നും ഒരു വഴിക്ക് പോകുമ്പോള്‍ വെറുതെയൊന്ന് കയറിയെന്നേയുള്ളു എന്നൊക്കെ  പറഞ്ഞ് കൈകഴുകാന്‍ നിതിന്‍ ഗഡ്കരിക്കായേക്കും. പക്ഷേ, അത്തരമൊരു ന്യായീകരണവും ഹര്‍ഷ്‌വര്‍ദ്ധന് ഉയര്‍ത്താനാവില്ല. കാരണം ഈ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന്റെ ചുമതലയുള്ള മന്ത്രിയാണ് അദ്ദേഹം.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള മരുന്നാണ് കൊറോനില്‍ എന്ന ബാനര്‍ ചടങ്ങിലുണ്ടായിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. കൊറൊനിലിന് ഒരു തരത്തിലുള്ള സര്‍ട്ടിഫിക്കറ്റും കൊടുത്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയപ്പോള്‍ പതഞ്ജലിയുടെ സി.ഇ.ഒ. ആയ ബാലകൃഷ്ണ പറഞ്ഞത് ലോകാരോഗ്യ സംഘടന കൊറോനിലിനെ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ്. 

കൊറൊനില്‍ വിപണനം ചെയ്യുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി പങ്കെടുത്തതിന് വിശദീകരണം ആവശ്യമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നതാണ് ഇതിനിടയില്‍ ദൃശ്യമായ ഒരു രജതരേഖ. ലോകാരോഗ്യ സംഘടനയുടെ സാക്ഷ്യപത്രമുണ്ടെന്ന പതഞ്ജലിയുടെ അവകാശവാദം ഞെട്ടിക്കുന്നതാണെന്നാണ് ഐ.എം.എ. ചൂണ്ടിക്കാട്ടിയത്. കോവിഡ് 19-ന് കണ്‍കണ്ട ഔഷധമാണ് കൊറൊനിലെങ്കില്‍  പിന്നെ 35,000 കോടി രൂപ ചെലവിട്ട് ഇന്ത്യയില്‍ എന്തിനാണ് വാക്സിനേഷന്‍ നടപ്പാക്കുന്നതെന്ന ചോദ്യവും ഐ.എം.എ. ഉയര്‍ത്തുന്നുണ്ട്.

95 പേരിലാണ് കൊറൊനില്‍ പരീക്ഷിച്ചതെന്നാണ് ഒരു റിസര്‍ച്ച് ജേര്‍ണലില്‍ വന്ന ലേഖനത്തില്‍ പതഞ്ജലി ചൂണ്ടിക്കാട്ടിയത്. ഒരു പകര്‍ച്ചവ്യാധിക്കെതിരെയുള്ള മരുന്നെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്നതിന് ഇത് തീരെ അപര്യാപ്തമാണെന്നാണ് ശാസ്ത്ര ലോകം ചൂണ്ടിക്കാട്ടുന്നത്. വാസ്തവത്തില്‍ കോവിഡ് 19 ബാധിതരാവുന്ന ഭൂരിപക്ഷം പേരും വലിയ ചികിത്സയയൊന്നുമില്ലാതെ തന്നെ രോഗബാധയില്‍നിന്ന് മുക്തി നേടുന്നവരാണ്. വാക്സിന്‍ വരുന്നതിനു മുമ്പുതന്നെ ഇത്തരത്തില്‍ കൊറോണയെ നേരിട്ടവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും എന്നതില്‍ സംശയമില്ല.

കോവിഡ് 19-നെതിരെയുള്ള ആയുര്‍വ്വേദ ഇടപെടലാണ് കൊറോനില്‍ എന്ന് പ്രചരിപ്പിക്കാന്‍ പതഞ്ജലിക്കാവും. എത്രയോ ആയുര്‍വ്വേദ ഉത്പന്നങ്ങള്‍ പതഞ്ജലി വിറ്റഴിക്കുന്നുണ്ട്. വളരെയധികം താല്‍പര്യത്തോടെ വലിയൊരു വിഭാഗം ജനങ്ങള്‍ ഇവ വാങ്ങുന്നുമുണ്ട്. ഇതിലൊന്നും സാധാരണ ജനസമൂഹം ആകുലരാവേണ്ട കാര്യമില്ല. എന്തിനുമേതിനും ഒറ്റമൂലിയുള്ള രാജ്യമാണിത്.  

പ്രശ്നം പതഞ്ജലിയോ പതഞ്ജലി പുറത്തിറക്കുന്ന ഉത്പന്നങ്ങളോ അല്ല. പ്രശ്നം പതഞ്ജലിയുടെ ഔദ്യോഗിക ചടങ്ങില്‍ കേന്ദ്ര ആരോഗ്യമന്ത്രി പങ്കെടുക്കുന്നതാണ്. ഒരു സ്വകാര്യ കമ്പനിയുടെ ഉത്പന്നത്തിന്റെ ബ്രാന്റ് അംബാസഡറെപ്പോലെ പ്രവര്‍ത്തിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവുന്നത് അത്യന്തം പരിഹാസ്യവും ദയനീയവുമായ കാഴ്ചയാണെന്ന് പറയാതിരിക്കാനാവില്ല.

ശാസ്ത്രീയ മനോഭാവം (scientific temparametn) ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിലപാടാണ്. ഭരണഘടനയുടെ അനുച്ഛേദം 51 എ(എച്)  ഇന്ത്യന്‍ പൗരസമൂഹത്തോട് ആവശ്യപ്പെടുന്നത് ശാസ്ത്രീയ മനോഭാവം, മാനിവകത, അന്വേഷണത്തിനും നവീകരണത്തിനുമുള്ള ത്വര എന്നിവ വികസിപ്പിക്കണമെന്നാണ്. മുന്നോട്ട് സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സമൂഹത്തിനും ഒഴിച്ചുകൂടാനാവാത്ത നിലപാടാണിത്.  

ഈ കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണ് ഇന്ത്യയുടെ  പ്രഥമ പ്രധാനമന്ത്രി നെഹ്‌റു അണക്കെട്ടുകളെ ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ എന്നു വിളിച്ചത്. 'ഇന്ത്യയെ കണ്ടെത്തല്‍' എന്ന വിഖ്യാത ഗ്രന്ഥത്തില്‍ നെഹ്‌റു എഴുതി: ''ശാസ്ത്രീയ സമീപനം, ശാസ്ത്രത്തിന്റെ സാഹസികവും വിമര്‍ശനാത്മകവുമായ മനോഭാവം  സത്യത്തിനും പുതിയ അറിവിനുമായുള്ള അന്വേഷണം, പരീക്ഷിക്കപ്പെടാത്തതും വിചാരണ ചെയ്യപ്പെടാത്തതുമായ എന്തിന്റെയും നിരാകരണം, പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ധാരണകള്‍ തിരുത്താനുള്ള കഴിവ്, മനസ്സിന്റെ കടുത്ത അച്ചടക്കം- ഇവയെല്ലാം ശാസ്ത്രത്തിന്റെ പ്രയോഗത്തിനു മാത്രമല്ല, ജീവിതത്തിനും അതുയര്‍ത്തുന്ന നിരവധി പ്രശ്നങ്ങളുടെ സന്ധാരണത്തിനും ആവശ്യമാണ്.''

നാലഞ്ച് കൊല്ലം മുമ്പ്  നോബല്‍ സമ്മാന ജേതാവ് വെങ്കട്ടരാമന്‍ രാമകൃഷ്ണനുമായി സംഭാഷണത്തിനുള്ള അവസരം ലഭിക്കുകയുണ്ടായി. അന്നദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞത് ശാസ്ത്രീയ മനോഭാവത്തിന്റെ അനിവാര്യതയെക്കുറിച്ചാണ്. കുട്ടിക്കാലത്ത് നമ്മളെല്ലാവരും തന്നെ ശാസ്ത്രീയ മനോഭാവമുള്ളവരാണെന്നും അറിയാനുള്ള ഈ ജിജ്ഞാസ പക്ഷേ, പ്രായമേറുന്നതോടെ ഇല്ലാതാവുകയാണെന്നും ജാഗ്രതയുള്ള ഒരു സമൂഹത്തിന് മാത്രമേ മുന്നേറാവാനാവുകയുള്ളുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

ബുദ്ധനോ മാര്‍ക്സോ എന്ന പ്രബന്ധത്തില്‍ ബി.ആര്‍. അംബദ്കര്‍ എഴുതിയിട്ടുള്ള ഒരു വാക്യവും വെങ്കി എടുത്തുപറഞ്ഞു: ''തെറ്റു പറ്റാത്തതായി ഒന്നുമില്ല. എല്ലാ കാര്യങ്ങളും പരിശോധനയ്ക്കും അന്വേഷണത്തിനും വിധേയമാവണം.''

യൂറോപ്പ് ഇരുട്ടിലാണ്ടു കിടന്നപ്പോള്‍ നളന്ദ പോലൊരു സര്‍വ്വകലാശാലയുണ്ടായിരുന്ന ഇടമാണ് ഇന്ത്യ. ഇന്ത്യയില്‍നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അറിവിന്റെ വെളിച്ചമെത്തിയിരുന്നത്. പക്ഷേ, ഇന്നത്തെ ഇന്ത്യയുടെ യാത്ര കടുത്ത ആശങ്കയാണ് നമ്മിലുളവാക്കുന്നത്. മന്ത്രവാദത്തിനടിമകളായി  പെണ്‍മക്കളെ കൊന്നതിന് അദ്ധ്യാപക ദമ്പതികള്‍ അറസ്റ്റിലാവുന്ന ഇന്ത്യയാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. 

നാടന്‍ പശുവിന്റെ പാലില്‍ സ്വര്‍ണം ഉണ്ടെന്ന് ദേശീയ നേതാക്കള്‍ അവകാശപ്പെടുന്ന ഇന്ത്യ. ഈ ഇന്ത്യയെയല്ല ടാഗോര്‍ സ്വപ്നം കണ്ടത്. ഈ ഇന്ത്യയെയല്ല 1947  ഓഗസ്റ്റ് 15-ന്  അര്‍ദ്ധരാത്രിയില്‍ നെഹ്‌റു വിഭാവനം ചെയ്തത്. അതുകൊണ്ടു തന്നെയാണ് ആരോഗ്യമന്ത്രി ഹര്‍ഷ്വര്‍ദ്ധന്റെ ചെയ്തി അംഗീകരിക്കാനാവാതെ വരുന്നത്. 

ഇന്ത്യന്‍ ജനത തീര്‍ച്ചയായും ആരോഗ്യമന്ത്രിയുടെ വിശദീകരണം അര്‍ഹിക്കുന്നുണ്ട്. ഡോ. ഹര്‍ഷ്‌വര്‍ദ്ധനില്‍നിന്ന് ഇന്ത്യന്‍ സമൂഹം ആവശ്യപ്പെടുന്ന മിനിമം മര്യാദയാണത്.

വഴിയില്‍ കേട്ടത്:  നുണ പറയുന്നതില്‍ വെങ്കലവും വെള്ളിയും സ്വര്‍ണ്ണവും കോണ്‍ഗ്രസിനു തന്നെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുക്കുന്നവരെയാണ് ഇപ്പോള്‍ ഈ നാട്ടില്‍ ഹരിശ്ചന്ദ്രന്‍ എന്നു വിളിക്കുന്നത്!

Content Highlights: Indian Health Minister Should not be the Brand Ambassador of Baba Ramdev | Vazhipokkan