സച്ചിന്‍ തെണ്ടുല്‍ക്കറും അക്ഷയ് കുമാറും രവി ശാസ്ത്രിയുമൊക്കെ പോപ് ഗായിക റിഹാനയ്ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ നമുക്കൊന്ന് തിരിഞ്ഞ് നടക്കാം. അധികം പിന്നിലേക്കല്ല, ഒരു മാസം മുമ്പ് ഇക്കഴിഞ്ഞ ജനുവരി ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയാണ് നമ്മള്‍ വീണ്ടും വായിക്കുന്നത്: ''വാഷിംഗ്ടണ്‍ ഡിസിയിലെ കലാപം അസ്വസ്ഥത ഉളവാക്കുന്നു. സമാധാനപരമായ അധികാരക്കൈമാറ്റം തുടരേണ്ടതായുണ്ട്. നിയമവിരുദ്ധ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കരുത്.''
ജനാധിപത്യത്തെ മുന്‍നിര്‍ത്തിയുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സംസാരമായിരുന്നു അത്. നരേന്ദ്ര മോദി എന്തിന് അമേരിക്കയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടണമെന്ന് അന്നാരും ചോദിക്കുകയുണ്ടായില്ല.
പാക്കിസ്താനിലെ ബലൂചിസ്താനില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണെന്ന് ഇന്ത്യ വിമര്‍ശിക്കുമ്പോള്‍ അതില്‍ ലോകം അപാകമൊന്നും കണ്ടിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്കിലെ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ എഴുത്തുകാരി അരുന്ധതി റോയ് അമേരിക്കന്‍ ഭരണകൂടത്തിനെ നിശിതമായി വിമര്‍ശിച്ചപ്പോള്‍ അമേരിക്കയിലെ എഴുത്തുകാരോ കായിക-സിനിമാ താരങ്ങളോ ഗോ ബാക്ക് വിളികളുമായി രംഗത്തെത്തിയില്ല.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബ്രിട്ടന്‍ തകര്‍ത്തതിനെക്കുറിച്ച് ലണ്ടനില്‍ നടന്ന ഒരു സംവാദത്തില്‍ ശശി തരൂര്‍ കത്തിക്കയറിയപ്പോള്‍ ബ്രിട്ടന്റെ അഖണ്ഡതയും പരമാധികാരവും വെല്ലുവിളക്കപ്പെടുകയാണെന്ന് ഒരു സെലിബ്രിറ്റിയും വിലപിച്ചില്ല. മതമൗലികവാദികളുടെ അനുശാസനങ്ങള്‍ നിരാകരിച്ച് സല്‍മാന്‍ റുഷ്ദിക്ക് അഭയവും സംരക്ഷണവും നല്‍കിയ ഇംഗ്ളണ്ട് തരൂരിന്റെ വിമര്‍ശം ജനാധിപത്യത്തിന്റെ അനിവാര്യ ഘടകകമായാണ് കണ്ടത്.
1777-ല്‍ ഒരു സംഘം നാവികര്‍ നടത്തിയ കലാപമാണ് അമേരിക്കയില്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശില ആയതെന്ന് എഡ്വേഡ് സ്നോഡന്‍ ആത്മകഥയായ 'ശാശ്വത രേഖ' യില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ സത്യപ്രചാരകര്‍(വിസില്‍ ബ്ലോവേഴ്സ്) എന്നാണ് സ്‌നോഡന്‍ ഇവരെ വിളിക്കുന്നത്. അമേരിക്കന്‍ വിപ്ലവത്തിനിടെ യു.എസ്.എസ്. വാറന്‍ എന്ന നാവികസേനാദളത്തിന്റെ കമാന്‍ഡര്‍ എസെക് ഹോപ്കിന്‍സ് ബ്രിട്ടീഷ് തടവുകാരെ ദ്രോഹിക്കുന്നത് ഈ നാവികരുടെ ശ്രദ്ധയില്‍പെട്ടു. അവര്‍ ഇക്കാര്യം മറൈന്‍ കമ്മിറ്റിയെ അറിയിച്ചു. വിവരമറിഞ്ഞ കമാന്‍ഡര്‍ ഹോപ്കിന്‍സ് ഈ നാവികരെ പിരിച്ചുവിട്ടു.
എന്നിട്ടും അരിശം തീരാതെ ഹോപ്കിന്‍സ് രണ്ട് നാവികര്‍ക്കെതിരെ മാനനഷ്ടത്തിന് കേസും കൊടുത്തു. പക്ഷേ, മറ്റൊരു സഹപ്രവര്‍ത്തകന്‍ ഇതിനതെിരെ കോണ്ടിനന്റല്‍ കോണ്‍ഗ്രസിനെ സമീപിച്ചു. വേലി തന്നെ വിളവു തിന്നുന്ന കാര്യം പുറത്തു പറഞ്ഞവരെ പിരിച്ചുവിട്ടത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു. 1778 ജൂലായ് 30-ന് കോണ്ടിനന്റല്‍ കോണ്‍ഗ്രസ് കമാന്‍ഡര്‍ ഹോപ്കിന്‍സിനെ പിരിച്ചുവിട്ടു. വിസില്‍ ബ്ലോവേഴ്സിനെ സംരക്ഷിക്കുന്നതിനുള്ള ആദ്യത്തെ നിയമത്തിനും കോണ്‍ഗ്രസ് രൂപം നല്‍കി. വിമര്‍ശനം ജനാധിപത്യത്തിന് അനിവാര്യമാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുകയാണ് അന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് ചെയ്തത്.
ജനാധിപത്യം വളരുന്നത് പരസ്പരം പുകഴ്ത്തുന്നതിലൂടെയല്ല. അഹമ്മദാബാദില്‍ വന്ന് മോദി മഹാനാണെന്ന് ട്രമ്പ് പറയുന്നതും ടെക്സാസില്‍ ചെന്ന് ഇപ്രാവശ്യവും ട്രമ്പ് സര്‍ക്കാര്‍ എന്ന് മോദി പറയുന്നതുമല്ല ജനാധിപത്യം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഗുരു പറയുമ്പോള്‍ ജാതിയില്ല, മതമില്ല, ദൈവമില്ല മനുഷ്യന് എന്ന് ശിഷ്യനായ സഹോദരന്‍ അയ്യപ്പന് പറയാന്‍ കഴിയുന്നതാണ് ജനാധിപത്യം. എവിടെ ചങ്ങല മര്‍ത്യന് കൈകളില്‍ അവിടെന്‍ കൈകള്‍ നൊന്തീടുന്നു, എവിടെ മര്‍ദ്ദനമവിടെ പ്രഹരം വീഴുവതെന്റെ പുറത്താവുന്നു എന്ന എന്‍.വി. കൃഷ്ണവാര്യരുടെ വാക്കുകളാണ് ജനാധിപത്യത്തിന്റെ മുഖപ്രസംഗം.
അടിയന്തരാവസ്ഥയില്‍ ഇന്ത്യയിലെ മാധ്യമങ്ങളെക്കുറിച്ച് ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി നടത്തിയ പരാമര്‍ശം ഈ ഘട്ടത്തില്‍ ഓര്‍ക്കാതിരിക്കാനാവില്ല. ''മുട്ടില്‍ നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ഇഴഞ്ഞു'' എന്നായിരുന്നു അദ്വാനിയുടെ രൂക്ഷവിമര്‍ശം. ഇന്നിപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കറും അക്ഷയ്കുമാറും രവി ശാസ്ത്രിയുമൊക്കെ നടത്തുന്ന 'പരാക്രമങ്ങള്‍' കാണുമ്പോള്‍ ഈ 93-ാം വയസ്സില്‍ ഡല്‍ഹിയിലെ വീട്ടിലിരുന്ന് അദ്വാനി ചിരിക്കുകയായിരിക്കുമോ അതോ കരയുകയായിരിക്കുമോ?
വഴിയില്‍ കേട്ടത്: ഒരു ട്വീറ്റില്‍ നമ്മുടെ അഖണ്ഡത തകരുകയാണെങ്കില്‍, ഒരു തമാശയില്‍ നമ്മുടെ വിശ്വാസം തകരുകയാണെങ്കില്‍ അതിനെതിരെ പ്രചാരണത്തിന് ആളെ ഇറക്കുകയല്ല മറിച്ച് നമ്മുടെ മൂല്യവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് നടി തപ്സി. അപ്പോള്‍ നട്ടെല്ല് എന്നു പറയുന്ന സാധനം കൈമോശം വന്നിട്ടില്ലാത്ത ചിലരെങ്കിലും ഇപ്പോഴും ബോളിവുഡില്‍ ഉണ്ട്...!
Content Highlights: Indian Democracy won't collapse in front of Rihanna's tweet | Vazhipokkan