ലഭ്യമായ കണക്കുകള്‍ പേടിപ്പിക്കുന്നവയാണ്. രണ്ടേ മുക്കാല്‍ ലക്ഷം പേരാണ് ഞായറാഴ്ച ഇന്ത്യയില്‍ കോവിഡ് 19 ബാധിതരായത്. കൃത്യമായി പറഞ്ഞാല്‍ 2,75,196 പേര്‍. മരണ സംഖ്യയും കൂടുകയാണ്. 1,620 പേരെയാണ് ഇന്നലെ മാത്രം കൊറോണ കൊണ്ടുപോയത്. ഈ കണക്ക് പൂര്‍ണമായും ശരിയാവണമെന്നില്ല. ദ ഹിന്ദുവിന്റെ അഹമ്മദാബാദ് ലേഖകന്‍ മഹേഷ് ലംഗ റിപ്പോര്‍ട്ട് ചെയ്യുന്നത് ഗുജറാത്തില്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കും ശരിക്കുള്ള കോവിഡ്  മരണനിരക്കും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ്. തിങ്കളാഴ്ച പുറത്തിറങ്ങിയ ദ ഹിന്ദുവിന്റെ ഒന്നാം പേജില്‍ മഹേഷിന്റെ റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റുപാല്‍ തക്കര്‍ എന്ന 48 കാരി അഹമ്മദാബാദിലെ ആസ്പത്രിയില്‍ കോവിഡ്  മൂലം മരിച്ചത്. പക്ഷേ, ആസ്പത്രി അധികൃതര്‍ അറിയിച്ചത് റുപാലിന്റെ മരണകാരണം ഹൃദയ സ്തംഭനമായിരുന്നുവെന്നാണ്. ഗുജറാത്ത് സര്‍ക്കാരിന്റെ കണക്കനുസരിച്ച്  ഈ ഏപ്രില്‍ 16 ന് 69 പേരാണ് കോവിഡ് മൂലം മരിച്ചത്. പക്ഷേ, അഹമ്മദാബാദ്, സൂററ്റ് , രാജ്‌ക്കോട്ട് , വഡോദര, ഗാന്ധിനഗര്‍ , ജാംനഗര്‍ , ഭവനഗര്‍ നഗരങ്ങളിലെ ആശുപത്രികളില്‍ നിന്നു മാത്രം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം അന്നേ ദിവസം പുറത്തുകൊണ്ടുപോയി സംസ്‌കരിച്ചത് 689 മൃതദേഹങ്ങളാണ്.

ഗുജറാത്തില്‍ മാത്രമല്ല , ഇന്ത്യയിലെ ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലെയും അവസ്ഥ ഇതാണ്. കൊറോണയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ കള്ളക്കണക്കിനെ മറയാക്കുന്ന ഭരണകൂടങ്ങള്‍ ആത്മവഞ്ചനയാണ് നടത്തുന്നത്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാത്തതിലുള്ള കുറ്റബോധമായിരിക്കണം ഈ കള്ളക്കണക്കുകളില്‍ അഭയം തേടാന്‍ ഭരണകൂടങ്ങളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22 നാണ് കേന്ദ്ര സര്‍ക്കാര്‍ കൊറോണയെ നേരിടാന്‍ ജനത കര്‍ഫ്യു പ്രഖ്യാപിച്ചത്. ഇതിപ്പോള്‍ കൊല്ലം ഒന്നു കഴിയുമ്പോള്‍ ഇന്ത്യ കൂടുതല്‍ ഭീകരമായ അവസ്ഥയിലേക്കാണ് എത്തിപ്പെട്ടിരിക്കുന്നത്. അപ്പോള്‍ എവിടെയാണ് ഇന്ത്യയ്ക്ക് പിഴച്ചത്? ജനത കര്‍ഫ്യുവിന്  രണ്ടു ദിവസം ശേഷം പ്രഖ്യാപിക്കപ്പെട്ട ദേശീയ ലോക്ക്ഡൗണ്‍ മുതല്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വാക്‌സിന്‍ വിതരണ സംവിധാനം വരെ നോക്കിയാല്‍ ഏതൊരാള്‍ക്കും മനസ്സിലാവുന്ന ഒരു കാര്യം ഈ പരിപാടികളിലൊന്നും തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ റോളൊന്നുമില്ലെന്നതാണ്. വെറും നാലു മണിക്കൂര്‍ മാത്രം മുന്നറിയിപ്പ് കൊടുത്ത് നടപ്പാക്കിയ ലോക്ക്ഡൗണിനെക്കുറിച്ച് ഒരു സംസ്ഥാനവുമായും കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചന നടത്തിയിരുന്നില്ല. ഇപ്പോള്‍ വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തിലാണെങ്കില്‍ ഒരു തരത്തിലുള്ള സുതാര്യതയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാണാനില്ല. അടിത്തട്ടില്‍ കാര്യങ്ങള്‍ നടത്തേണ്ട സംസ്ഥാന സര്‍ക്കാരുകളെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ടുപോകുന്നതുപോലൊരു അബദ്ധം വേറെയില്ല.

എത്ര ഡോസ് വാക്‌സിന്‍ ലഭിച്ചെന്നോ എത്ര ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തെന്നോ ഉള്ള കണക്കുകളൊന്നും തന്നെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇതുകൊണ്ടാണ് കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കേന്ദ്ര സര്‍ക്കാരിനോട് അടുത്ത ആറു മാസത്തേക്കുള്ള വാക്‌സിന്‍ ഓര്‍ഡറിന്റെയും വിതരണത്തിന്റെയും കാര്യങ്ങള്‍ പരസ്യമാക്കണമെന്നാവശ്യപ്പെട്ടത്. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ സുതാര്യതയില്ലെന്നത് ഒരിക്കലും അംഗികരിക്കാനാവില്ലെന്ന് മന്‍മോഹന്‍സിങ് ചൂണ്ടിക്കാട്ടുന്നു. ആര്‍ക്കൊക്കെ വാക്‌സിന്‍ നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കണമെന്നും മന്‍മോഹന്‍സിങ് പറയുന്നു. വെറുതെ ചപ്പടാച്ചി പറയുന്ന ആളല്ല സര്‍ദാര്‍ജി. നോട്ട് നിരോധനത്തിനു ശേഷം പാര്‍ലമെന്റില്‍ സർദാര്‍ജി നടത്തിയ പ്രസംഗം ചരിത്രമാണ്. കൊറോണയുടെ വരവിനിടയില്‍ കഴിഞ്ഞ വര്‍ഷം സര്‍ദാര്‍ജി പറഞ്ഞ ഒരു കാര്യം ഈ യുദ്ധം ജയിക്കണമെന്നുണ്ടെങ്കില്‍ മൂഴുവന്‍ ജനങ്ങളെയും വിശ്വാസത്തിലെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയണമെന്നാണ്. ഇതിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഭജനമല്ല ഐക്യമാണ് ഏതു യുദ്ധവും ജയിക്കാന്‍ വേണ്ടത്.
 

modi
ബംഗാളിലെ റാലിക്കായി പ്രധാനമന്ത്രിയെ കാത്തു നിൽക്കുന്നവർ | ഫോട്ടോ: PTI

വാക്‌സിന്‍ നിര്‍മ്മാണം കൂട്ടുകയാണ് അടിയന്തര ആവശ്യം. കഴിഞ്ഞ ദിവസം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായി സംസാരിക്കാന്‍ അവസരമുണ്ടായി. കോവിഡ് 19 നെ നേരിടാനുള്ള വാക്‌സിനുകളില്‍ സുപ്രധാന സ്ഥാനമുള്ള കൊവിഷീല്‍ഡിന്റെ ഉത്പാദനത്തില്‍ കുറവുണ്ടുയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന അത്രയും ഡോസ് നല്‍കുന്നതില്‍ ഇതുവരെ ഒരു വിഴ്ചയും കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നാണ്. ആറര ക്കോടി ഡോസ് വാക്‌സിനാണ് ഇപ്പോള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇന്ത്യയില്‍ ഒരു മാസം പരമാവധി നിര്‍മ്മിക്കാനാവുന്നത്. ഈ ഏപ്രിലാവുമ്പോഴേക്കും ഇത് 20 കോടി ഡോസ് ആക്കണമെന്നായിരുന്നു കമ്പനിയുടെ പദ്ധതി. പക്ഷേ, അത് നടപ്പാക്കാനായിട്ടില്ല. രണ്ട് മുഖ്യ കാരണങ്ങളാണ് ഇതിന് പിന്നില്‍. ഒന്നാമത്തേത് ഫണ്ടിന്റെ ക്ഷാമമാണ്. 3000 കോടി രൂപയുടെ ധനസഹായമാണ് കമ്പനി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാമത്തേത് വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള നിര്‍ണ്ണായകമായ ചില ചേരുവകള്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിലുള്ള തടസ്സമാണ്.

3000 കോടി രൂപ മുടക്കി സര്‍ദാര്‍ പട്ടേലിന് പ്രതിമ പണിത സംസ്ഥാനമാണ് ഇപ്പോള്‍ കൊറോണയ്ക്കിരയാവുന്നവരെ ചികിത്സിക്കാന്‍ ഇടമില്ലാതെ നട്ടം തിരിയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമുള്ള സംസ്ഥാനമാണ് ഇപ്പോള്‍ കൊറോണ കൊന്നൊടുക്കുന്നവരെ സംസ്‌കരിക്കാന്‍ ഇടമില്ലാതെ പകച്ചു നില്‍ക്കുന്നത്. എന്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന കാര്യത്തില്‍ ഭരണകൂടങ്ങള്‍ക്ക് വകതിരിവില്ലാതെ വരുമ്പോഴാണ് ഇത്തരം ദുരന്തങ്ങള്‍ രാഷ്ട്രം നേരിടേണ്ടി വരുന്നത്. വരുന്ന ഓഗസ്റ്റിനുള്ളില്‍ 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. 30 കോടി പേര്‍ക്ക് വാക്‌സിന്‍ പൂര്‍ണമായി നല്‍കാന്‍ 60 കോടി ഡോസ് വേണം. അതിനുള്ള വാക്‌സിന്‍ എവിടെ നിന്നാണ് വരികയെന്ന കാര്യത്തില്‍ ഒരു വ്യക്തതയും ഇപ്പോഴില്ല.

കഴിഞ്ഞ ദിവസം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് നടത്തിയ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള ചേരുവകളുടെ കയറ്റുമതി നിരോധനം പിന്‍വലിക്കണമെന്ന് താന്‍ കൂപ്പുകൈകളോടെ അപേക്ഷിക്കുകയാണെന്നാണ് പൂനവാല പറഞ്ഞത്. ഡിഫന്‍സ് പ്രൊഡക്ഷന്‍ ആക്ടിന്റെ മറവിലാണ് അമേരിക്കന്‍ ഭരണകൂടം ഈ നടപടി  എടുത്തിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിനോട് ഈ വിഷയത്തില്‍ ചര്‍ച്ച നടത്തേണ്ടതും അഭ്യര്‍ത്ഥന നടത്തേണ്ടതും ഇന്ത്യന്‍ ഭരണകൂടമാണ്. ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മ്മാണക്കമ്പനി മേധാവിക്ക് തൊഴുകൈയ്യോടെ അമേരിക്കന്‍ പ്രസിഡന്റിനോട് അപേക്ഷിക്കേണ്ടി വരുമ്പോള്‍ ഉയരുന്ന ആദ്യത്തെ ചോദ്യം ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് എവിടെയാണെന്നാണ്. ടെക്‌സാസില്‍ പോയി ഈ വട്ടവും ട്രംപ് സര്‍ക്കാര്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവേശം കൊണ്ടതിന്റെ പരിണതഫലമാണോ ഇതെന്ന ചോദ്യവും ഈ ഘട്ടത്തില്‍ ചോദിക്കാതിരിക്കാനാവില്ല.

തിങ്കളാഴ്ച ബിബിസി ഡോട്ട് കോമില്‍ അവരുടെ ഇന്ത്യന്‍ ലേഖകകന്‍ സൗതിക് ബിശ്വാസ് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. കോവിഡ് ന്റെ രണ്ടാം വരവ് തടയുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടത് എങ്ങിനെ എന്നാണ് സൗതികിന്റെ റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. രണ്ടു മാസം മുമ്പ് ഫെബ്രുവരിയില്‍ കോവിഡ്  രോഗികളുടെ എണ്ണം ഒരു ദിവസം 11,0000 എന്ന നിലയിലേക്ക് താണപ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേല്‍ പ്രശംസ കോരിച്ചൊരിഞ്ഞു. ഇന്ത്യ കോവിഡ്  കര്‍വ്വ് നിലംപരിശാക്കിയെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ വഴിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. 1,30,000 പേര്‍ക്കിരിക്കാവുന്ന നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍  ഇന്ത്യയും ഇംഗ്‌ളണ്ടും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നിര്‍ബ്ബാധം നടന്നു. കളി കാണാനെത്തിയ ഭൂരിപക്ഷം പേരും മാസ്‌ക് ധരിച്ചിരുന്നില്ല. കോടിക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന കുംഭമേളയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയി. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുന്നതിനെ ചോദ്യം ചെയ്തവരെ തിരഞ്ഞെടുപ്പ് കമ്മീഷനോ കേന്ദ്ര സര്‍ക്കാരോ ഗൗനിച്ചതുപോലുമില്ല. കോവിഡ് കേസുകള്‍ വല്ലാതെ കൂടുമ്പോഴും ബംഗാളില്‍ എട്ടു ഘട്ട തിരഞ്ഞെടുപ്പെന്ന നിലപാട് മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറല്ല.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞത് കോവിഡ് പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി മോദിയെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നാണ്. ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിനാല്‍ പ്രധാനമന്ത്രി തിരക്കിലാണെന്നാണ് ഉദ്ദവിന് കിട്ടിയ സന്ദേശം. രാഷ്ട്രം അനിതരണസാധാരണമായ പ്രതിസന്ധിയുടെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ തിരഞ്ഞെടുപ്പ് റാലികളല്ല മുഖ്യമെന്ന് പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും തിരിച്ചറിയേണ്ടതുണ്ട്. ബംഗാളിലെ റാലികള്‍ ഉപേക്ഷിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനമാണ് ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ നേതാക്കളും മാതൃകയാക്കേണ്ടത്. ഒരു കൊല്ലം മുമ്പ് മന്‍മോഹന്‍സിങ് പറഞ്ഞതുപോലെ എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടമാണിത്. തുലാസില്‍ ആടി നില്‍ക്കുന്നത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവനാണ്. ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളല്ല വിശാലമായ മാനവികതയാണ് നമുക്ക് വഴികാട്ടേണ്ടത്. തൃശ്ശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരെയും വിളിച്ചുകൂട്ടി ഉചിതമായ തീരുമാനമെടുക്കാന്‍ പിണറായി സര്‍ക്കാര്‍ ഇനിയും മടിക്കുന്നത് എന്തിനാണെന്ന ചോദ്യവും ഈ ഘട്ടത്തില്‍ ചോദിക്കുക തന്നെ വേണം. ക്യാപ്റ്റന്‍ ക്യാപ്റ്റനാവുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫ്ളെക്‌സുകളിലല്ല ഇത്തരം പ്രതിസന്ധികളില്‍ ആള്‍ക്കൂട്ട മനോഭാവത്തിന് കീഴ്‌പ്പെടാതെ വകതിരിവോടെ തീരുമാനങ്ങളെടുക്കുമ്പോഴാണ്.

വഴിയില്‍ കേട്ടത് :  '' കേന്ദ്ര ആരോഗ്യ മന്ത്രിയെ വിശ്വസിക്കൂ. വാക്‌സിന്‍ ക്ഷാമമില്ല . ഓക്‌സിജന്‍ , റെംഡിസ്‌വിര്‍ , ആസ്പത്രി ക്കിടക്കകള്‍, ഡോക്ടര്‍മാര്‍ , നഴ്‌സുമാര്‍ - ഒന്നിനും ക്ഷാമമില്ല. ക്ഷാമമുള്ളത് രോഗികള്‍ക്കാണ് '' (പി ചിദംബരത്തിന്റെ പ്രതികരണം .)  ട്രോള്‍ എന്നു പറഞ്ഞാല്‍ ദാ ഇതാണ്...