ഓര്‍മ്മകളാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. അതുകൊണ്ടാണ് ഇടയ്ക്കെങ്കിലും ചരിത്രം ഒന്നോര്‍ക്കണം എന്ന് വിവരമുള്ളവര്‍ പറഞ്ഞിട്ടുള്ളത്. വിദ്യാര്‍ത്ഥികളായ അലനും താഹയ്ക്കുമതെിരെ യു.എ.പി.എ. ചുമത്തപ്പെട്ട കേസില്‍ എന്‍.ഐ.എ. കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയാണ് പൊടുന്നനെ ഓര്‍മ്മകളിലേക്ക് ഒരു വൈദ്യുതി തരംഗം കടത്തിവിട്ടത്. അലനും താഹയും നിരോധിത സംഘടനയായ സി.പി.ഐ. മാവോയിസ്റ്റിന്റെ സജീവ പ്രവര്‍ത്തകരാണെന്നുള്ളതിന് തെളിവൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.ഐ.എ. കോടതി ജഡ്ജി അനില്‍ ഭാസ്‌കര്‍ രണ്ടു പേര്‍ക്കും ജാമ്യം അനുവിദച്ചത്.
ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എന്‍.ഐ.എ. കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്കെതിരായ അവസാന റിപ്പോര്‍ട്ടില്‍ യു.എ.പി.എയിലെ 20-ാം വകുപ്പ് ഒഴിവാക്കിയിരുന്നു. പ്രതികള്‍ നിരോധിത സംഘടനയിലെ സജിവാംഗമാണെന്ന് പ്രോസിക്യൂഷന്‍ പോലും കരുതുന്നില്ല എന്നാണതിനര്‍ത്ഥം. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി.ഐ. മാവോയിസ്റ്റ് സായുധ പ്രവര്‍ത്തകരില്‍നിന്ന് കണ്ടെടുത്ത ചില പുസ്തകങ്ങളും ശബ്ദരേഖകളും പ്രതികളുടെ പക്കലുമുണ്ടായിരുന്നു എന്നതാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഒരു തെളിവ്. അവയൊന്നും പൊതുസമൂഹത്തില്‍ നിരോധിക്കപ്പെട്ടവയോ വിലക്കപ്പെട്ടവയോ അല്ല. അതിനാല്‍ അവയും ഈ ഘട്ടത്തില്‍ പ്രതികളുടെ ഭീകര ബന്ധത്തിന് തെളിവായി പ്രഥമദൃഷ്ട്യാ കണക്കാക്കാനാവില്ല.
പ്രതികളില്‍നിന്ന് പിടിച്ചെടുത്ത നോട്ട് പാഡുകളിലും പോക്കറ്റ് ഡയറികളിലും ചില അക്കൗണ്ട് വിവരങ്ങളും മലയാളത്തിലുള്ള ചില ചുരുക്കെഴുത്തുകളും കാണപ്പെട്ടു എന്നതാണ് പ്രോസിക്യൂഷന്‍ സമാഹരിച്ച തെളിവുകളിലെ പന്ത്രണ്ടാം വിഭാഗത്തിലുള്ളത്. നിലവില്‍ നിരോധിത സംഘടനയുടെ ഭീകര പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ പ്രതികള്‍ നടത്തിയ എന്തെങ്കിലും ഗൂഢപ്രവൃത്തികളുമായി ബന്ധപ്പെട്ടതാണ് ഈ കുറിപ്പുകള്‍ എന്നതിന് തെളിവില്ല. അതായത് പ്രതികളായ അലനും താഹയും മാവോയിസ്റ്റ് സംഘടനയില്‍ സജിവമായി പ്രവര്‍ത്തിക്കുന്നവരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.
എന്നാല്‍ ജസ്റ്റിസുമാരായ ഹരിപ്രസാദും ഹരിപാലുമടങ്ങിയ ഹൈക്കോടതി ബഞ്ച് താഹയുടെ ജാമ്യം റദ്ദാക്കി. കുറ്റകൃത്യം നടക്കുമ്പോള്‍ 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുവെന്നതും വിഷാദരോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നതും ചൂണ്ടിക്കാട്ടി അലന് ജാമ്യത്തില്‍ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അലനെതിരെ കണ്ടെത്തിയിട്ടുള്ള തെളിവുകള്‍ താഹയുടേതിനെ അപേക്ഷിച്ച് ലഘുവാണെന്നും ഹൈക്കോടതി നിരീക്ഷിക്കുന്നു.
എന്‍.ഐ.എ. കോടതിവിധി ജനാധിപത്യ വിശ്വാസികള്‍ വ്യാപകമായി സ്വാഗതം ചെയ്തിരുന്നു. നിരോധിത സംഘടനയുമായി ബന്ധപ്പെട്ട സാഹിത്യം കൈയ്യിലുള്ളതുകൊണ്ടോ അവരുടെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു എന്നതുകൊണ്ടോ ഒരാളെ ആ പ്രസ്ഥാനത്തിന്റെ സജീവ അംഗമായി കണക്കാക്കാനാവില്ലെന്നും അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാത്തിടത്തോളം ഒരാളെ കുറ്റവാളിയായി കാണേണ്ടതില്ലെന്നുമാണ് എന്‍.ഐ.എ. കോടതി വ്യക്തമാക്കിയത്.
എന്നാല്‍ ഈ വിധിക്കെതിരെ ജസ്റ്റിസുമാരായ ഹരിപ്രസാദും ഹരിപാലുമടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉയര്‍ത്തുന്ന നിരീക്ഷണങ്ങള്‍ ജനാധിപത്യ വിശ്വാസികളെ ഞെട്ടിക്കാന്‍ പോന്നവയാണെന്നാണ് പ്രമുഖ അഭിഭാഷകനായ ഗൗതം ഭാട്ടിയ പറയുന്നത്.
താഹയുടെ ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റിസുമാരായ ഹരിപ്രസാദും ഹരിപാലും പറയുന്നത് നോക്കുക: ''True, the prosecution could not prove that respondents are members of an unlawful organisation. But these are surreptitious activities for which evidence may not be readily available in black and white. everything is done under the carpet ,behind the curtain,without leaving any foot print. Matters have to be inferred from circumstancse'' (നിരോധിത സംഘടനയിലെ അംഗങ്ങളാണ് പ്രതികളെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്നത് സത്യമാണ്. പക്ഷേ, ഇതൊക്കെ രഹസ്യ സ്വഭാവമാര്‍ന്ന പ്രവൃത്തികളാണ്. ഇതിനുള്ള തെളിവുകള്‍ പെട്ടെന്ന് കിട്ടണമെന്നില്ല. തെളിവുകള്‍ അവശേഷിപ്പിക്കാതെ തീര്‍ത്തും രഹസ്യമായി ചെയ്യുന്ന കാര്യങ്ങളാണിത്. സാഹചര്യങ്ങളില്‍നിന്നാണ് കാര്യങ്ങള്‍ ഗണിച്ചെടുക്കേണ്ടത്.)
ഈ പരാമര്‍ശം ഉദ്ധരിച്ചുകൊണ്ട് ഗൗതം ഭാട്ടിയ ഉയര്‍ത്തുന്ന നിരീക്ഷണം അത്യന്തം പ്രസക്തമാണ്. തെളിവില്ലെങ്കിലും ഒരാളെ കുറ്റവാളിയാക്കാം എന്നാണ് ബഹുമാനപ്പെട്ട കോടതി പറഞ്ഞുവെയ്ക്കുന്നതെന്ന് ഗൗതം ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയുടെ ഈ നിരീക്ഷണം വ്യാപകമായി പ്രയോഗിക്കപ്പെട്ടാല്‍ ഒരു കേസിലും അന്വേഷണം തന്നെ വേണ്ടിവരില്ല.
ഗണിച്ചെടുക്കാനുള്ള സിദ്ധിയുണ്ടെങ്കില്‍ കേസ് തെളിയിക്കാമെന്നും ഒരു കേസില്‍ തെളിവില്ലെങ്കിലും പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കാമെന്നും പറഞ്ഞുവെയ്ക്കുമ്പോള്‍ ബനാന റിപ്പബ്ളിക്കുകളെക്കുറിച്ച് ആരെങ്കിലും ഓര്‍ത്തുപോയാല്‍ അതൊരപരാധമാവുമോ? തെളിവില്ലെങ്കിലും അലനും താഹയും നിരോധിത സംഘടനകളിലെ അംഗങ്ങളാവാം എന്ന പരാമര്‍ശം സ്റ്റാലിനിസ്റ്റ് റഷ്യയെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും ഗൗതം ഭാട്ടിയ പറയുന്നു.
ജസ്റ്റിസുമാരായ ഹരിപ്രസാദും ഹരിപാലും നടത്തുന്ന മറ്റൊരു പരാമര്‍ശവും കാണാതിരിക്കാനാവില്ല. ''rights and personal liberty are sacrosanct. courts are bound to protect it. At the same time , individual rights should subserve the national interest. When individual rights are pitted against national interest and security , the latter should prevail.'' ഇതില്‍പരം ഇന്ത്യന്‍ ഭരണകൂടത്തിന് സന്തോഷവും സാന്ത്വനവും പകരുന്ന വാക്കുകള്‍ വേറെയുണ്ടാവില്ല. വ്യക്തിസ്വാതന്ത്യവും രാഷ്ട്രത്തിന്റെ താല്‍പര്യവും ഏറ്റുമുട്ടുമ്പോള്‍ രാഷ്ട്ര താല്‍പര്യത്തിനാണ് പ്രാമുഖ്യമെന്ന വാക്കുകള്‍ അനിവാര്യമായും 1976-ലെ സുപ്രീംകോടതി വിധിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. നമുക്കാ വിധിയൊന്നു പരിശോധിക്കാം.
അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഭരണകൂടത്തിന് എതിരെ നിലയുറപ്പിച്ചവര്‍ അറസ്റ്റു ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ എവിടെയാണെന്നു പോലും അറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും വലഞ്ഞു. ഇതിനെതിരെ നല്‍കപ്പെട്ട ഹേബിയസ് കോര്‍പസ് ഹര്‍ജികളിന്മേല്‍ ( എ.ഡി.എം. ജബല്‍പുര്‍ വേഴ്സസ് ശിവ്കാന്ത് ശുക്ല ) 1976 ഏപ്രില്‍ 28-നാണ് അഞ്ചംഗ സുപ്രിം കോടതി ബഞ്ച് വിധി പറഞ്ഞത്.
അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ ഭരണഘടനയുടെ 21-ാം വകുപ്പ് അനുശാസിക്കുന്ന വ്യക്തി സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി കോടതിയെ സമീപിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം റദ്ദു ചെയ്യപ്പെട്ടിട്ടുണ്ടോ എന്നതായിരുന്നു സുപ്രീം കോടതിയുടെ മുന്നിലുള്ള പ്രധാന ചോദ്യം. അഞ്ചംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് എ.എന്‍. റേയും ജസ്റ്റിസുമാരായ എം.എച്ച്. ബെഗും പി.എന്‍. ഭഗവതിയും വൈ.വി. ചന്ദ്രചൂഡും അടങ്ങിയ ഭൂരിപക്ഷം വിധിയെഴുതിയത് കേന്ദ്ര സര്‍ക്കാരിന് അനുകൂലമായിട്ടായിരുന്നു.
ഭരണഘടനയുടെ 21-ാം വകുപ്പ് സസ്പെന്റ് ചെയ്യപ്പെട്ടതോടെ പൗരസമൂഹത്തിന് ഇതിന്റെ അടിസ്ഥാനത്തില്‍ കോടതികളെ സമീപിക്കുന്നതിനുള്ള അവകാശവും ഇല്ലാതായിരിക്കുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് എ.എന്‍. റേ പറഞ്ഞത്. ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഭരണഘടനയുടെ 21-ാം വകുപ്പില്‍ നിന്നുത്ഭവിക്കുന്നതാണെന്നും ഭരണഘടനയുടെ 359-ാം വകുപ്പിന് കീഴില്‍ രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഈ അവകാശ സംരക്ഷണത്തിനായി കോടതിയെ സമീപിക്കാനുള്ള വാദങ്ങള്‍ക്ക് പ്രസക്തിയില്ലാതായെന്നും ചീഫ് ജസ്റ്റിസ് റേ പറഞ്ഞു.
ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയാണ് അന്ന് അംഞ്ചംഗ ബെഞ്ചില്‍ വിയോജനക്കുറിപ്പെഴുതിയത്. അടിയന്തരാവസ്ഥയെ എതിര്‍ക്കാന്‍ തയ്യാറായ ഏക ജഡ്ജി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പദവിയാണ് ഇതിന് അദ്ദേഹം കൊടുക്കേണ്ടി വന്ന വില.
രാഷ്ട്രം എത്തിച്ചേര്‍ന്നിരിക്കുന്ന ഭീതിദമായ അവസ്ഥയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് അടിസ്ഥാന മൗലികാവകാശ നിഷേധങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ഖന്ന അസന്നിഗ്ദ്ധമായി പറഞ്ഞു. ഭരണഘടനയുടെ 21-ാം വകുപ്പ് സസ്പെന്റ് ചെയ്യപ്പെടുന്നതോടെ ഒരു വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനുമെതിരെ ഭരണകൂടം നടത്തുന്ന കൈയ്യേറ്റങ്ങള്‍ ചോദ്യം ചെയ്യുന്നതിനുള്ള എല്ലാ വഴികളും പൗരസമൂഹത്തിനു മുന്നില്‍ അടയുകയാണെന്നും ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായി ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ പോലും കോടതികളെ സമീപിക്കാനാവാത്ത അവസ്ഥയാണിത്. ''ജീവനും സ്വാതന്ത്ര്യത്തിനും സാധൂകരണമില്ലാതാവുന്നതോടെ നിയമരഹിത സമൂഹവും നിയമങ്ങള്‍ അനുസരിക്കുന്ന സമൂഹവും തമ്മിലുള്ള വ്യത്യാസമാണ് ഇല്ലാതാവുന്നത്.''
ഭരണഘടനയുടെ അന്തഃസത്ത തകര്‍ത്തുകൊണ്ടാണ് പലപ്പോഴും ഭരണകൂടങ്ങള്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത്. ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പും ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശമുണ്ടായിരുന്നുവെന്നും ഭരണഘടനയുടെ സൃഷ്ടിയല്ല ഈ അവകാശങ്ങളെന്നും ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി. 21-ാം വകുപ്പിന്റെ അഭാവത്തിലും ഈ അവകാശങ്ങള്‍ റദ്ദാക്കാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു.
ജസ്റ്റിസ് ഖന്നയുടെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പദവി നഷ്ടപ്പെട്ടെങ്കിലും പൗരവാകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ ഭൂമികയിലെ ആദ്യനിരകളില്‍ ജസ്റ്റിസ് ഖന്നയുടെ പേരെന്നുമുണ്ടാവും.
മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് പുട്ടസ്വാമി കേസില്‍ നല്‍കിയ വിധിയിലൂടെ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് ജസ്റ്റിസ് ഖന്നയുടെ നിലപാടുകള്‍ ശരിവെച്ചു. എ.ഡി.എം. ജബല്‍പുര്‍ കേസിലെ വിധിയില്‍ ഗുരുതരമായ തെറ്റുകളുണ്ടെന്നും ജീവനും വ്യക്തി സ്വാതന്ത്ര്യവും മനുഷ്യാസ്തിത്വത്തില്‍നിന്ന് മാറ്റി നിര്‍ത്താനാവില്ലെന്നും ജീവനും സ്വാതന്ത്ര്യവും ഭരണകൂടം ചാര്‍ത്തിത്തരുന്ന പാരിതോഷികങ്ങളല്ലെന്നുമാണ് ഈ വിധിയെഴുതിയ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ രേഖപ്പെടുത്തിയത്.
തന്റെ പിതാവ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് കൂടി അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെ വിധിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തിരുത്തിയതെന്നത് ചരിത്രമാണ്. പിതാവിന് തെറ്റുപറ്റിയെന്നും ഇന്നായിരുന്നെങ്കില്‍ തന്റെ വിധി പിതാവ് അംഗീകരിക്കുമായിരുന്നെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. അടുത്തിടെ മാദ്ധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് നടത്തിയ വിധിയിലും ജസ്റ്റിസ് ചന്ദ്രചൂഡ് ഉയര്‍ത്തിപ്പിടിച്ചത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ മഹത്വമാണ്.
ഒമ്പതംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ഒരു പടി കൂടി കടന്ന് ഇപ്രകാരം പറഞ്ഞു. ''I fully agree with the view expressly overruling the adm jabalpur case which was an aberration in the constitutional jurisprudence of our country and the desirability of burying the majority opinion ten fathoms deep, with no chance of resurrection.'' വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന 1976-ലെ സുപ്രീം കോടതി വിധി പത്തടിയെങ്കിലും ആഴത്തില്‍ കുഴിച്ചുമൂടണമെന്നാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞത്.
ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോയിട്ടുള്ളത് ഇത്തരം വിധികളാണ്. ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പിന് അനിവാര്യമായ ഓക്സിജനാണ് ഈ വിധികളിലൂടെ പകര്‍ന്നു കിട്ടുന്നത്. ജാതി-മത ശക്തികള്‍ നാടുകടത്തിയ പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരനെ എഴുത്തുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ 2015-ല്‍ പുറപ്പെടുവിച്ച വിധിയായിരുന്നുവെന്നതും ഇവിടെ ഓര്‍ക്കുകയാണ്.
ഈ വിധികളുമായാണ് ജസ്റ്റിസുമാരായ ഹരിപ്രസാദിന്റെയും ഹരിപാലിന്റെയും കഴിഞ്ഞ ദിവസത്തെ വിധി മുഖാമുഖം നില്‍ക്കുന്നത്. പത്തടിയങ്കിലും ആഴത്തില്‍ കുഴിച്ചുമൂടണമെന്ന് ജസ്റ്റിസ് കൗള്‍ അഭിപ്രായപ്പെട്ട സംഗതിയാണോ ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നതെന്ന് കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗൗതം ഭാട്ടിയ ആശങ്കപ്പെടുന്നുണ്ട്.
ഭരണകൂടത്തിന്റെ തുടര്‍ച്ചയാവുകയാണ് ഇന്ത്യയിലെ കോടതികള്‍ എന്ന വിമര്‍ശം ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ വിധി വന്നിരിക്കുന്നതെന്നും കാണാതിരിക്കാനാവില്ല. വിയോജിപ്പിനും വിമര്‍ശത്തിനുമുള്ള അവസരമില്ലെങ്കില്‍ പിന്നെ ജനാധിപത്യമില്ല. അലനും താഹയ്ക്കും ജാമ്യം നല്‍കിക്കൊണ്ട് എന്‍.ഐ.എ. ജഡ്ജി വിരല്‍ചൂണ്ടിയത് ജനാധിപത്യത്തിന്റെ ഈ ആത്മാവിലേക്കാണ്.
ആത്മാവുകള്‍ മുറിപ്പെടുന്ന കാലമാണിത്. ജസ്റ്റിസുമാരായ ചന്ദ്രചൂഡും സഞ്ജയ് കിഷന്‍ കൗളും ഇപ്പോഴും സുപ്രീം കോടതിയിലുണ്ട്. ആത്മാവിന്റെ മുറിവുകള്‍ ഉണക്കുന്നതിനുള്ള ലേപനവുമായി സുപ്രീം കോടതി വരുമെന്ന് പ്രത്യാശിക്കുവാന്‍ മാത്രമേ ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ നമുക്ക് കഴിയുകയുള്ളു.
വഴിയില്‍ കേട്ടത്: കോവിഡ് 19-നെതിരെയുള്ള വാക്സിന്‍ ആദ്യം സ്വീകരിച്ച് പ്രധാനമന്ത്രി മോദി മാതൃകയാവണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ. ത്യാഗമാണ് ഭാരതീയ സംസ്‌കാരത്തിന്റെ അന്തര്‍ധാര. ഒന്നിനോടും ആഗ്രഹമില്ലാതിരിക്കുക. ബാല്‍ക്കണിയില്‍നിന്ന് ബാല്‍ക്കണിയിലേക്ക് നോക്കുന്നതിനിടയില്‍ ജനങ്ങള്‍ക്കായി വാക്സിനെങ്കിലും ത്യജിക്കാനായാല്‍ അതില്‍പരം മറ്റെന്തു പുണ്യമാണുള്ളത്!
Content Highlights: High court verdict cancelled bail to Thaha Fazal in Alan-Thaha UAPA case | Vazhipokkan