''  മഹാരാജന്‍ , പുരട്ചി തലൈവി ജയലളിതയെ അങ്ങ് മറന്നുകാണില്ലെന്ന് കരുതുന്നു. '' 

ഉച്ചയൂണുകഴിഞ്ഞ് മയക്കത്തിലായിരുന്ന വിക്രമാദിത്യന്‍ വേതാളത്തിന്റെ മുരള്‍ച്ച കേട്ട് ഞെട്ടിയുണര്‍ന്നു.

 ''  ഈ നട്ടുച്ചയ്ക്ക് ജയലളിതയ്ക്കെന്തു കാര്യം ? '' വിക്രമാദിത്യന്‍ രോഷാകുലനായി. 

മഹാരാജാവ് അസ്വസ്ഥനാകുന്നതുകണ്ട് വേതാളം ഉഷാറായി.

 '' മഹാരാജന്‍ , പത്രം വായിച്ചില്ലെങ്കിലും കുറഞ്ഞപക്ഷം ടി വി വാര്‍ത്തകളെങ്കിലും അങ്ങ് കേള്‍ക്കണം. '' 

 '' നിങ്ങള്‍ , കാര്യം പറയൂ. പകുതിയായ ഒരു സ്വപ്നത്തിന്റെ നടുക്കു നിന്നാണ് നിങ്ങള്‍ നമ്മെ ഉണര്‍ത്തിയത്.''  വിക്രമാദിത്യന്റെ ശബ്ദം കനത്തു.

  ''  കടങ്കഥയ്ക്കുള്ളിലെ പ്രഹേളികയെന്നു പറഞ്ഞാല്‍ ഇതാണ്. ഇക്കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് അടിയനെ ചിന്താക്കുഴപ്പത്തിലാക്കിയ'ിരിക്കുന്നത്. ഇനിപ്പറയുന്ന ഓരോ വാക്കും അങ്ങ് ശ്രദ്ധിച്ചു കേള്‍ക്കണം. '' മദ്രാസ് ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വേതാളം കാര്യത്തിലേക്ക് കടന്നു.

  ''  ചെന്നൈയിലെ മറീന കടപ്പുറത്ത് ജയലളിതയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ 50 കോടി രൂപ ചെലവില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്മാരകത്തിന്റെ നിര്‍മ്മാണം തടയണമെന്ന ഹര്‍ജി ഇന്നലെ അതായത് 2019 ജനവരി 23 ന് ബുധനാഴ്ച മദ്രാസ് ഹൈക്കോടതി തള്ളി. ''

 '' പുരട്ചി തലൈവിക്ക് സ്മാരകം വരട്ടെ . തലൈവിയുടെ നിലയും വിലയും കണക്കിലെടുക്കുമ്പോള്‍ 50 കോടി മതിയോ എന്ന ശങ്കയേ നമുക്കുള്ളൂ.''  ഉച്ചമയക്കത്തിലേക്ക് തിരിച്ചുപോവാന്‍ തയ്യാറെടുത്ത് വിക്രമാദിത്യന്‍ കോട്ടുവായിട്ടു.

  '' മഹാരാജന്‍ , പ്രശ്നം അതല്ല. ഹര്‍ജിക്കാരന്‍ വാദിച്ചത് അഴിമതിക്കേസില്‍ പ്രതിയായിരുന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കരുതെന്നാണ്.  ബഹുമാനപ്പെട്ട കോടതി ഇന്നലെ പറഞ്ഞത് അഴിമതിക്കേസില്‍ പ്രതിയായിരുന്നെങ്കെിലും ജയലളിതയെ സുപ്രീംകോടതി ശിക്ഷിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ശിക്ഷയുടെ കളങ്കം ജയലളിതയുടെ മേലില്ലെന്നുമാണ്.''

jayalalitha

   ''  മഹാരാജന്‍ , അഴിമതിക്കേസില്‍ ഒന്നാം പ്രതിയായിരുന്നു ജയലളിത. ശശികലയും സുധാകരനും ഇളവരശിയും കൂട്ടു പ്രതികളും. 2017 ഫിബ്രവരി 17 നാണ് സുപ്രീംകോടതിയുടെ വിധി വന്നത്. ജയലളിതയേയും കൂട്ടരേയും   വെറുതെ വിട്ട കര്‍ണ്ണാടക ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി നേരത്തെ വിചാരണക്കോടതി പുറപ്പെടുവിച്ച വിധി ശരി വെച്ചു. നാല് പ്രതികളേയും നാലു വര്‍ഷത്തെ കഠിനതടവിനാണ് വിചാരണക്കോടതി ശിക്ഷിച്ചിരുന്നത്. ജയലളിതയോട് നൂറുകോടി രൂപ പിഴ അടയ്ക്കണമെന്നും   ശശികലയും മറ്റു രണ്ടുപേരും പത്തുകോടി രൂപ വീതം പിഴ അടയ്ക്കണമെന്നും വിചാരണക്കോടതി വ്യക്തമാക്കിയിരുന്നു.ഈ വിധിയാണ് സുപ്രീംകോടതി പുനഃസ്ഥാപിച്ചത്. പക്ഷേ, വിധി വരും മുമ്പ് ജയലളിത മരിച്ചിരുന്നു. അതുകൊണ്ട് ഈ വിധി ജയലളിതയ്ക്ക് ബാധകമല്ലെന്നും ജയലളിതയ്ക്കെതിരായ കേസ് അവരുടെ മരണത്തോടെ അവസാനിച്ചിരിക്കുകയാണെന്നും കോടതി പറഞ്ഞു.''

 '' മഹാരജന്‍ , സുപ്രീംകോടതി വിധി ഉദ്ധരിച്ചാണ് ഇന്നലെ ഹൈക്കോടതി സ്മാരക നിര്‍മ്മാണത്തിന് അനുമതി കൊടുത്തിരിക്കുന്നത്. പക്ഷേ, എന്റെ ചോദ്യം ഇതാണ്. ഈ ചോദ്യത്തില്‍ നിന്നും അങ്ങ് ഒഴിഞ്ഞുമാറരുത്. '' വേതാളത്തിന്റെ വാക്കുകള്‍ വിക്രമാദിത്യനെ ജാഗരൂകനാക്കി. നിതാന്ത ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വിലയെന്ന സത്യം ഒരു വാളു പോലെ തലയ്ക്കുമുകളില്‍ തൂങ്ങിക്കിടക്കുന്നത് വിക്രമാദിത്യന്‍ അറിഞ്ഞു.

 '' മഹാരാജന്‍ , ചോദ്യം ഇതാണ്. സുപ്രീംകോടതി പറഞ്ഞത് മരണത്തോടെ ജയലളിതയ്ക്കെതിയായ കേസ്  അവസാനിച്ചിരിക്കുന്നവെന്നാണ്. വിചാരണക്കോടതി പുറപ്പെടുവിച്ച വിധി അനുസരിച്ച് ജയലളിത കുറ്റവാളിയാണ്. കൂട്ടു പ്രതികളായിരുന്ന ശശികലയും സുധാകരനും ഇളവരശിയും ഇപ്പോഴും ജയിലിലുമാണ്. മരണം ജയലളിതയെ ശിക്ഷയില്‍ നിന്ന് രക്ഷിച്ചുവെന്നത് ശരിയാണ്. പക്ഷേ, അവര്‍ കുറ്റവാളിയല്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ , ഒന്നാം പ്രതിക്ക് സര്‍ക്കാര്‍ സ്മാരകം പണിയുന്നത് എങ്ങിനെയാണ് ന്യായീകരിക്കുക. ഒന്നാം പ്രതിക്കായി 50 കോടി രൂപയാണ് നികുതിദായകരുടെ പണത്തില്‍ നിന്ന് സര്‍ക്കാര്‍ ചെലവാക്കുന്നത്. ഇത് ധര്‍മ്മമാണോ ? '' വിക്രമാദിത്യനെ ഊരാക്കുടുക്കിലാക്കിയെന്ന സന്തോഷത്തോടെ വേതാളം ഇടത്തേ തോളില്‍ നിന്നും വലത്തേ തോളിലേക്ക് ചാടി.

  '' വേതാളം , തീര്‍ച്ചയായും ഇതൊരു സമസ്യയാണ്. ഈ സമസ്യ പൂരിപ്പിക്കുക എളുപ്പമല്ല. പക്ഷേ, വാര്‍ത്ത വായിക്കുമ്പോള്‍ സംഗതി പൂര്‍ണ്ണമായും വായിച്ചിരിക്കണം. ഇന്നലെ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ മറ്റൊരു കാര്യം കൂടി പരാമര്‍ശിക്കുന്നുണ്ട്. നേരത്തെ ജയലളിതയുടെ ഛായാചിത്രം ചെന്നൈയില്‍ സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ചിരിക്കുന്നതിനെതിരെ ഒരു ഹര്‍ജി മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് അടങ്ങിയ ബഞ്ച് തള്ളിയിരുന്നു.  അഴമിതിക്കാരായ നേതാക്കളുടെ ചിത്രം സ്ഥാപിക്കുന്നത് തടയാന്‍ നിയമമില്ലെന്ന നഗ്നസത്യം ചൂണ്ടിക്കാട്ടിയാണ് ചിഫ്ജസ്റ്റിസിന്റെ ബഞ്ച് ഹര്‍ജി തള്ളിയത്. ഈ വിധി കൂടി ഇന്നലത്തെ വിധിയില്‍ ഹൈക്കോടതി പരാമര്‍ശിക്കുന്നുണ്ട്. ആര്‍ക്ക് സ്മാരകം നിര്‍മ്മിക്കണമെന്നുള്ളത് സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണെന്നും നയ രൂപീകരണത്തില്‍ ഇടപെടാനാവില്ലെന്നും പറഞ്ഞ കോടതി പക്ഷേ, സര്‍ക്കാര്‍ പണം ചെലവഴിക്കേണ്ടത് സ്മാരകങ്ങള്‍ നിര്‍മ്മിക്കാനാണോ അതോ ആസ്പത്രികളും വിദ്യാലയങ്ങളും നിര്‍മ്മിക്കാനാണോ എന്ന ചോദ്യം ഉന്നയിക്കുകയും ചെയ്തു. ''

''  മഹാരാജന്‍ , പന്ത് വീണ്ടും കോടതിയുടെ കളത്തിലേക്കിടുകയാണ് അങ്ങ് ചെയ്യുന്നത്. ഇത് നീതിയല്ല. ജയലളിത കുറ്റക്കാരിയല്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. ഒന്നാം പ്രതിക്ക് സ്മാരകവും രണ്ടാം പ്രതിക്ക് ജയിലും എന്ന കലാപരിപാടിയുടെ പൊരുളെന്താണ്?  ഈ ചോദ്യത്തിന് അങ്ങുത്തരം പറയുന്നില്ലെങ്കില്‍ അടുത്ത ജന്മത്തില്‍  പി സി ജോര്‍ജ്ജിനൊപ്പം ഒരു മുറിയില്‍ 24 മണിക്കൂര്‍ അങ്ങേയ്ക്ക് ചെലവഴിക്കേണ്ടി വരും. ''   വരാനിരിക്കുന്ന ജന്മ നിയോഗമോര്‍ത്ത് വിക്രമാദിത്യന്‍ കിടുങ്ങി. വേതാളത്തിനും പി സി ജോര്‍ജ്ജിനുമിടയില്‍ അഭയവും ശരണവും തേടി മഹാരാജാവ് വിയര്‍ത്തു .

  ''  കുറ്റവും ശിക്ഷയും രണ്ടാകുന്നു. കുറ്റത്തിനും ശിക്ഷയ്ക്കുമിടയില്‍ മരണം വരുമ്പോള്‍  കുറ്റം അവശേഷിക്കുകയും ശിക്ഷ അപ്രത്യക്ഷമാവുകയും ചെയ്യുന്നു.  പാപിയെയല്ല പാപത്തെയാണ് വെറുക്കേണ്ടതെന്നാണ് സാക്ഷാല്‍ യേശുക്രിസ്തു പറഞ്ഞിരിക്കുന്നത്. വേതാളം , നിങ്ങള്‍ അഴിമതിയെ വെറുത്തോളൂ , അഴിമതിക്കാര്‍ അവരുടെ സ്മാരകങ്ങളില്‍ സുഖമായി   ഉറങ്ങട്ടെ. ''  വിക്രമാദിത്യന്റെ മറുപടി കേട്ട് തല കറങ്ങിയ വേതാളം തൊട്ടടുത്തെ കാഞ്ഞിരത്തിലേക്ക് വലിഞ്ഞുകയറി തലകീഴായി തൂങ്ങിക്കിടന്നു. അപ്പോള്‍ , വേതാളത്തിന്റെ ശീര്‍ഷാസനം കൈയ്യോടേ ഇന്‍സ്റ്റഗ്രാമിലിടാന്‍ വിക്രമാദിത്യന്‍ വിരലുകള്‍ സ്മാര്‍ട്ട് ഫോണിലേക്ക് നീണ്ടു.

content highlights: hc dismissed petition who opposed memorial construction for jayalalitha