മാനതകളില്ലാത്ത അക്രമമാണ് വ്യാഴാഴ്ച കേരളം കണ്ടത്. ഹര്‍ത്താലിന്റെ മറവില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ബന്ദിയാക്കപ്പെടുകയായിരുന്നു. വീടുകളും ഓഫീസുകളും കടകളും വാഹനങ്ങളും തകര്‍ക്കപ്പെട്ടു, കത്തിക്കുത്തും ബോംബേറുമുണ്ടായി. ജനജീവിതം താറുമാറാക്കി അക്രമികള്‍ തെരുവില്‍ അഴിഞ്ഞാടിയപ്പോള്‍ സര്‍ക്കാരും പോലീസും നിസ്സഹായരായി നോക്കിനിന്നു. കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന അതിക്രമം ജനാധിപത്യകേരളം എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു. ഹര്‍ത്താല്‍ ജനാധിപത്യ സമരമുറയാണെന്നാണ് വെയ്പ്. അതുകൊണ്ടുതന്നെ അതില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം പൗരസമൂഹത്തിനുണ്ട്. 

മിഠായിത്തെരുവിലെ വ്യാപാരികള്‍ കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കാന്‍ തയ്യാറായി. ഇതുപോലെ  കേരളത്തിന്റെ പലഭാഗങ്ങളിലും വ്യാപാരികള്‍ ഹര്‍ത്താലില്‍ നിന്ന് വിട്ടുനിന്നു. സ്വാഭാവികമായും വ്യാപാരികള്‍ പോലീസ് സംരക്ഷണം പ്രതീക്ഷിച്ചു. ഹര്‍ത്താലിലെന്നല്ല ഒരു കലാപരിപടിയിലും നിയമം കൈയ്യിലെടുക്കാന്‍ ഒരു സംഘടനയ്ക്കും ആള്‍ക്കൂട്ടത്തിനും അധികാരമോ അവകാശമോ ഇല്ല. പക്ഷേ, തങ്ങളുടെ കണ്‍മുന്നില്‍ തങ്ങളുടെ കടകള്‍ ആക്രമിക്കപ്പെടുന്നത് വ്യാപാരികള്‍ക്ക് നോക്കി നില്‍ക്കേണ്ടി വന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് ഉത്തരം പറഞ്ഞേ മതിയാവൂ. ഹര്‍ത്താലില്‍ അക്രമം അനുവദിക്കില്ലെന്ന് വലിയ വായില്‍ വാചകമടിച്ച സംസ്ഥാന ഡിജിപി ലോകനാഥ് ബെഹ്റ ഈ വലിയ വീഴ്ചയ്ക്ക് ഉത്തരവാദിത്വം ഏറ്റെടുത്തേ തീരൂ.

pkd

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോവില്ലെന്ന് മുഖ്യമന്ത്രി ഉറച്ച നിലപാടെടുത്തിരുന്നു. സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്നിരിക്കെ ഒരു സര്‍ക്കാരിനും മറിച്ചൊരു നിലപാടെടുക്കാനുമാവില്ല. പക്ഷേ, വിധി നടപ്പാകുമ്പോഴുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ തീര്‍ച്ചയായും തയ്യാറെടുക്കണമായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയത് സര്‍ക്കാരിന്റെ അറിവോടെയായിരുന്നു. വ്യക്തമായ ആസൂത്രണവും കരുതലും അതിലുണ്ടായിരുന്നു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ലംഘനമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന വലിയൊരു സമൂഹം കേരളത്തിലുണ്ട്. അതൊരു യാഥാര്‍ത്ഥ്യമാണ്. ശബരിമലയിലെ യുവതീപ്രവേശം സര്‍ക്കാര്‍ മാത്രമല്ല ആഗ്രഹിച്ചിരുന്നതെന്നും എതിര്‍പക്ഷത്തുള്ള രാഷ്ട്രീയ ശക്തികളും ഇതേ നിമിഷത്തിനുവേണ്ടിയാണ് കാത്തിരുന്നതെന്നും ഗണിച്ചെടുക്കാന്‍ വിശേഷബുദ്ധിയൊന്നും വേണ്ട. 

pkd

അക്രമികളുടെ ലക്ഷ്യം പകല്‍ പോലെ വ്യക്തമായിരുന്നു. കേരളമെമ്പാടും ചോര വീഴ്ത്തണമെന്ന പദ്ധതി തന്നെയായിരുന്നു അത്. ജനാധിപത്യസംവിധാനത്തില്‍ ലക്ഷ്യങ്ങള്‍ നേടേണ്ടത് നിയമവാഴ്ച തകര്‍ത്തുകൊണ്ടല്ല. സ്വതന്ത്ര ഇന്ത്യയുടെ യാത്രയ്ക്ക് വഴികാട്ടുന്ന ഭരണഘടനയുടെ ശില്‍പിയായ ബി.ആര്‍.അംബദ്കര്‍ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. ഇന്ത്യ സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ളിക്കായതോടെ കലാപങ്ങള്‍ക്ക് സ്ഥാനമില്ലാതായി എന്നാണ് അംബദ്കര്‍ പറഞ്ഞത്. അരാജകത്വത്തിന്റെ വ്യാകരണം ഇനി ഇന്ത്യയില്‍ വേണ്ടെന്നായിരുന്നു അംബദ്കറിന്റെ വാക്കുകള്‍. വ്യാഴാഴ്ച കേരളം ഇരയായത് ഈ അരാജകത്വത്തിനാണ്. ഇതല്ല കേരളം , ഇതാവരുത് കേരളം. ജനാധിപത്യവിരുദ്ധ ശക്തികൾ അഴിഞ്ഞാടുമ്പോള്‍ പൗരസമൂഹം ഉണരേണ്ടതുണ്ട്. നമ്മുടെ പൂര്‍വസൂരികള്‍ എത്രയോ പണിപ്പെട്ട് നേടിത്തന്ന സ്വാതന്ത്ര്യമാണ് തെരുവില്‍ ചോദ്യം ചെയ്യപ്പെടുന്നത്. നിതാന്ത ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വില. ഈ വില നമ്മള്‍ കൊടുക്കേണ്ട നിര്‍ണായക നിമിഷങ്ങളാണിത്. പരാജയപ്പെട്ടുപോയ ജനതയെന്ന് വരും തലമുറ നമ്മളെ വിളിക്കാന്‍ ഒരിക്കലും ഇടവരരുത്.

content highlights: haratal,bjp, Kerala turns into war zone during hartal,sabarimala women entry