ചൊല്ലിനും ചെയ്തിക്കുമിടയില്‍ അകലം വര്‍ദ്ധിക്കുന്നതാണ് മോദി സര്‍ക്കാര്‍ നേരിടുന്ന പ്രശ്നം. പറഞ്ഞത് ചെയ്യാനാവാതെ വരുമ്പോള്‍ സത്യസന്ധമായി ചെയ്യാവുന്ന കാര്യം മാപ്പു പറയുക എന്നതാണ്. പക്ഷേ, പഴയൊരു തമിഴ് സിനിമയില്‍ നടന്‍ വിജയകാന്ത് പറയുന്നത് പോലെ മോദിജിക്ക് പിടിക്കാത്ത ഒരു വാക്കുണ്ടെങ്കില്‍ അത്  'മാപ്പ് '  മാത്രമാകുന്നു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ ഖേദം തോന്നുന്നുണ്ടോ എന്ന് കരണ്‍താപ്പര്‍ ചോദിച്ചപ്പോള്‍ ഇന്റര്‍വ്യു ഇടയ്ക്കു നിര്‍ത്തി ഇറങ്ങിപ്പോയ പാര്‍ട്ടിയാണ് മോദിജി. അതുകൊണ്ട് ഒരു നിവൃത്തിയുണ്ടെങ്കില്‍ മോദിജി മാപ്പ്  പറയുന്ന പ്രശ്നം ഉദിക്കുന്നില്ല. അപ്പോള്‍ പിന്നെ ചെയ്യാവുന്ന ഒരു കാര്യം ഭാഷയുടെ മെക്കിട്ടു കയറുകയാണ്.  റഫാല്‍ കരാറിലെ സുപ്രീംകോടതി വിധി തിരുത്തണമെന്ന് മോദി സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് ഈ പരിസരത്തിലാണ്. 

 ഭാഷയുടെ കരുത്തും അര്‍ത്ഥവും നഷ്ടപ്പെടുന്നത് ഭാഷയുടെ പ്രശ്നമല്ലെന്നും അത് ഉപയോഗിക്കുന്നവരുടെ പ്രശ്നമാണെന്നും ഇംഗ്ളീഷ് എഴുത്തുകാരന്‍ ജോര്‍ജ് ഓര്‍വെല്‍  ' രാഷ്ട്രീയവും ഇംഗ്ളീഷ് ഭാഷയും ' എന്ന ലേഖനത്തില്‍ കിറു കൃത്യമായി പറയുന്നുണ്ട്. കാര്യങ്ങള്‍ നേരെചൊവ്വെ പറയുന്നതിനു പകരം വളച്ചുകെട്ടി പറയുന്നത് ഒന്നുകില്‍ പറയാന്‍ ഒന്നുമില്ലാതെ വരുമ്പോഴോ അല്ലെങ്കില്‍ നമുക്കു തന്നെ പിടിയില്ലാത്ത കാര്യം പറയാന്‍ ശ്രമിക്കുമ്പോഴോ ആണ്. റഫാല്‍ കരാറില്‍ സുപ്രീംകോടതി ചോദിച്ച ചോദ്യങ്ങള്‍ക്കുളള മറുപടിയില്‍ ചില വ്യാകരണ പ്രശ്നങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നും ഈ പിഴവുകള്‍ സുപ്രീംകോടതി തിരുത്തണമെന്നുമാണ് മോദിജിയുടെ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. 

 റഫാല്‍ കരാര്‍ തട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍  തള്ളിക്കൊണ്ടുള്ള വിധിയില്‍ 25 ാമത്തെ ഖണ്ഡികയില്‍ സുപ്രീംകോടതി പറയുന്നതാണ് മോദിജി സര്‍ക്കാര്‍ ഇപ്പോള്‍ വ്യാകരണപ്പിശകിനു മേല്‍ ചാര്‍ത്തുന്നത്. റഫാല്‍ കരാര്‍  സി എ ജി ( കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ) പരിശോധിച്ചിരുന്നെന്നും ഇതിനെക്കുറിച്ച് അദ്ദേഹം എഴുതിയ റിപ്പോര്‍ട്ട്  പി എ സി ( പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ) കണ്ടിട്ടുണ്ടെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. ഈ ധാരണയുടെ വെളിച്ചത്തിലാണ് സുപ്രീംകോടതി റഫാല്‍ വിഷയത്തിലുള്ള ഹര്‍ജികള്‍ തള്ളുന്നത്. പക്ഷേ, ഇപ്പോള്‍ മോദിജിയുടെ സര്‍ക്കാര്‍ പറയുന്നത് സിഎജി റിപ്പോര്‍ട്ട്  പി എ സി വായിക്കുക എന്നത് ഒരു നടപടിക്രമമാണെന്നും അത് സൂചിപ്പിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നുമാണ്. അതായത് റഫാല്‍ വിഷയത്തില്‍ സി എ ജിയുടെ റിപ്പോര്‍ട്ട് ഇനിയുമുണ്ടായിട്ടില്ല , ഇല്ലാത്ത റിപ്പോര്‍ട്ട് പി എ സി വായിക്കുന്ന പ്രശ്നവുമില്ല. സംഗതി വ്യാകരണവുമായി ബന്ധപ്പെട്ടതാണെന്നും തങ്ങളുദ്ദേശിച്ച അര്‍ത്ഥത്തിലല്ല സുപ്രീംകോടതി കാര്യങ്ങള്‍ കണ്ടതെന്നുമാണ് മോദിജിയുടെ സര്‍ക്കാര്‍  നിലവിളിക്കുന്നത്.

rafale

വാസ്തവത്തില്‍ ഭാഷയോ വ്യാകരണമോ അല്ല പ്രശ്നം. സത്യവും ധര്‍മ്മവുമാണ് പ്രശ്നം. ഭരണകാലം കഴിയാറായിട്ടും ഭരണനേട്ടമെന്ന് എടുത്തുകാട്ടാന്‍ കാര്യമായൊന്നും ഇല്ലാത്തതാണ് മോദിജിയുടെ സര്‍ക്കാരിനെ അലട്ടുന്നത്. അധികാരത്തില്‍ കയറുന്നതിനു മുമ്പ് വലിയ വായില്‍ പറഞ്ഞുവെച്ച കാര്യങ്ങള്‍ ഒന്നും തന്നെ നിറവേറ്റാനാവാത്തതിന്റെ ജാള്യതയും മോദിജിയുടെ സര്‍ക്കാരിനെ ഇപ്പോള്‍ വേട്ടയാടുന്നുണ്ട്. റഫാലിലാണെങ്കില്‍ മലക്കം മറിച്ചിലുകളുടെ പരമ്പര തന്നെയുണ്ടായി. ചൊല്ലിനും ചെയ്തിക്കുമിടയിലുള്ള ഈ അകലമാണ് വ്യാകരണപ്പിശകാവുന്നത്. ഭാഷ അറിയാത്തവര്‍ ഭാഷ തെറ്റിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഒരു സര്‍ക്കാര്‍ തന്നെ ഭാഷ തെറ്റിക്കുമ്പോള്‍ അതുയര്‍ത്തുന്ന ചോദ്യങ്ങള്‍ വളരെ വലുതാണ്. നുണകളുടെ അസ്തിവാരത്തില്‍ പടുത്തുയര്‍ത്തപ്പെടുമ്പോള്‍ അത് സര്‍ക്കാരായാലും  കമ്പനിയായാലും ഒരു ദിവസം പൊളിഞ്ഞുവീഴും. കര്‍മ്മങ്ങളുടെ തിരിച്ചടിയാണിത്. വ്യാകരണങ്ങളുടെ തമ്പുരാനായ സാക്ഷാല്‍ പാണിനിക്ക് പോലും ഈ പ്രതിസന്ധിയില്‍ നിന്ന് മോദിജിയുടെ സര്‍ക്കാരിനെ കരകയറ്റാനാവില്ല.

വഴിയില്‍ കേട്ടത് :  ശുംഭന്‍ എന്നുപറഞ്ഞാല്‍ പ്രകാശം പരത്തുന്നവന്‍ എന്നാണര്‍ത്ഥമന്നെ് പറഞ്ഞ ആ മഹാനുഭാവനെ ഈ ഘട്ടത്തില്‍ മോദിജി ഓര്‍ത്തുപോയാല്‍ കുറ്റം പറയാനാവില്ല.

content highlightes: Govt gives grammar lesson to Supreme Court on Rafale, Narendera modi,bjp