ഗൗരിയമ്മയെക്കുറിച്ച് എഴുതുമ്പോള്‍ ജ്യോതി ബസുവില്‍നിന്ന് തുടങ്ങേണ്ടി വരുന്നുവെന്നത് യാദൃശ്ചികതയല്ല. 2004-ല്‍   അന്ന് ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന ശേഖര്‍ ഗുപ്തയുമായി നടത്തിയ അഭിമുഖത്തില്‍ ജ്യോതി ബസു സി.പി.എമ്മിന് പറ്റിയ   ചരിത്രപരമായ മണ്ടത്തരത്തെക്കുറിച്ച് പറയുന്നുണ്ട്. 1996-ലെ സി.പി.എം. തീരുമാനത്തെക്കുറിച്ചുള്ള  ഗുപ്തയുടെ ചോദ്യത്തിന് ബസുവിന്റെ മറുപടി ഇതാണ്:
''അതെ, ഞാനിപ്പോഴും വിചാരിക്കുന്നു, അതൊരു ചരിത്രപരമായ മണ്ടത്തരമായിരുന്നു. എന്തുകൊണ്ട് ചരിത്രപരം? കാരണം അത്തരമൊരു അവസരം പിന്നീട് വരില്ല. ചരിത്രം അത്തരമൊരു അവസരം രണ്ടാമതും തരില്ല. ഒരു മാര്‍ക്സിസ്റ്റാണ്, കമ്മ്യൂണിസ്റ്റാണ് ഞാന്‍ എന്നറിഞ്ഞുകൊണ്ടാണ് അവര്‍ എന്നെ പ്രധാനമന്ത്രിയാകാന്‍ വിളിച്ചത്. ഒരു കൊല്ലം മാത്രമേ പ്രധാനമന്ത്രിസ്ഥാനം നീണ്ടു നില്‍ക്കുമായിരുന്നെങ്കില്‍പോലും അത് ഇന്ത്യയിലെ ഒരു പാട് ജനങ്ങളിലേക്ക് സി.പി.എമ്മിനെ എത്തിക്കുമായിരുന്നു. ''

1996-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടാതെ വന്നപ്പോള്‍ കൂട്ടുമുന്നണി മന്ത്രിസഭയുടെ നേതാവായി ജ്യോതി ബസു വരണമെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം. പക്ഷേ, സി.പി.എം. ആ ഓഫര്‍ നിരസിച്ചു. 2010-ല്‍ ജ്യോതി ബസുവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കൊല്‍ക്കൊത്തയില്‍ എത്തിയപ്പോള്‍ സി.പി.എം. നേതാവ് സീതാറാം യെച്ചൂരി ഈ ചരിത്രപരമായ മണ്ടത്തരം അനുസ്മരിച്ചു. 

പോളിറ്റ് ബ്യൂറൊയും കേന്ദ്ര കമ്മിറ്റിയും ഒരു പോലെ എതിര്‍ത്തതോടെ ജ്യോതി ബസുവിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി എന്നാണ് യെച്ചൂരി പറഞ്ഞത്. എതിര്‍ത്തവരുടെ കൂട്ടത്തില്‍ ഇ. ബാലാനന്ദനും വി.എസും നായനാരും പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രന്‍ പിള്ളയും യെച്ചൂരിയുമുണ്ടായിരുന്നു. അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത് ആയിരുന്നു ബസു പ്രധാനമന്ത്രിയാകണമെന്ന് ഏറ്റവും വീറോടെ വാദിച്ചത്. 

പോളിറ്റ് ബ്യൂറൊയും കേന്ദ്ര കമ്മിറ്റിയും ഈ നിര്‍ദ്ദേശം തള്ളിയതോടെ സര്‍ദാര്‍ജി രാജിക്കൊരുങ്ങി. ഒടുവില്‍ ബസുവിന്റെ കൂടി സ്നേഹപൂര്‍വ്വമായ നിര്‍ബ്ബന്ധമാണ് സുര്‍ജിതിനെ ഇതില്‍നിന്നു പിന്തിരിപ്പിച്ചത്. 32 അംഗങ്ങള്‍ മാത്രമുള്ള സി.പി.എമ്മിന് മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വരുമെന്ന് പറഞ്ഞാണ് അന്ന് പാര്‍ട്ടി ബസുവിന് പ്രധാനമന്ത്രി സ്ഥാനം നിഷേധിച്ചത്.

1996-നും ഒമ്പത് കൊല്ലം മുമ്പാണ് സി.പി.എം. മറ്റൊരു ചരിത്രപരമായ മണ്ടത്തരം കാണിച്ചത്. 1987-ല്‍ കേരളത്തില്‍ ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ച നടപടിയായിരുന്നു അത്. ബംഗാളില്‍ ജ്യോതി ബസു മുഖ്യമന്ത്രിയായിട്ട് അപ്പോള്‍ പത്തു കൊല്ലം തികഞ്ഞിരുന്നു. 1957-ല്‍ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ഗൗരിയമ്മയുണ്ടായിരുന്നു. ഇ.എം.എസ.് സര്‍ക്കാരിലെ ഏക വനിത. 38 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഗൗരിയമ്മയ്ക്ക് മന്ത്രിസ്ഥാനം ആരുടെയും ഔദാര്യമായിരുന്നില്ല.  

അത്രമാത്രം പോരാടിയാണ് അവര്‍ ജീവിതത്തിലും രാഷ്ട്രീയത്തിലും മുന്നേറിയത്. 1987-ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഗൗരിയമ്മയായിരിക്കും മുഖ്യമന്ത്രിയെന്ന് കേരളം കരുതി. ഔദ്യോഗികമായി ഗൗരിയമ്മയെ സി.പി.എം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നില്ലെങ്കിലും സംസ്ഥാനമൊട്ടാകെ അത്തരമൊരു പ്രതീതിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സി.പി.എം. സൃഷ്ടിച്ചത്. കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം ചുവരായ ചുവരുകളിലൊക്കെ ചുവന്നു കിടന്നു.

എന്തുകൊണ്ട് ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കിയില്ല എന്ന ചോദ്യം എക്കാലവും സി.പി.എമ്മിനെ പിന്തുടരും. രണ്ട് ഇ.എം.എസ്. മന്ത്രിസഭകളിലും ഗൗരിയമ്മയുടെ ട്രാക്ക് റെക്കോഡ് ഗംഭീരമായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ആദ്യമായി ഭരണം കിട്ടിയ 1980-ല്‍ നായനാരെയാണ് സി.പി.എം. മുഖ്യമന്ത്രിയാക്കിയത്. ആന്റണിയും മാണിയും ഉള്‍പ്പെട്ട മുന്നണിയെ നയിക്കാന്‍ നായനാരാണ് നല്ലതെന്ന തീരുമാനമായിരുന്നു അത്. പക്ഷേ, ഒരു കൊല്ലവും പത്ത് മാസവും മാത്രമേ ആ സര്‍ക്കാരിന് ആയുസ്സുണ്ടായിരുന്നുള്ളു. 

ആ ചുരുങ്ങിയ കാലയളവിലും വ്യവസായ മന്ത്രിയെന്ന നിലയില്‍ ഗൗരയമ്മ തിളങ്ങി. 87-ല്‍ മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചപ്പോഴും വ്യവസായ മന്ത്രിയായി സി.പി.എം. നിയോഗിച്ചത് ഗൗരിയമ്മയെ ആണ്. ഗൗരിയമ്മയുടെ നേതൃശേഷിയും ഭരണമികവും കേരളം ശരിക്കും കണ്ട വര്‍ഷങ്ങളായിരുന്നു അത്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായിരുന്ന കേരളത്തിലെ പൊതുമേഖല വ്യവസായ സ്ഥാപനങ്ങളെ നന്നാക്കിയെടുത്തത് ഗൗരിയമ്മയാണ്. 

എം.പി. നാരായണപിള്ള ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ ബിര്‍ളയേയും സിംഘാനിയയെയും പോലുള്ള ഉത്തരേന്ത്യന്‍ കുത്തകളോട് മത്സരിച്ച് ട്രാവന്‍കൂര്‍ സിമന്റ്്സിനെ ലാഭത്തിലേക്ക് കൊണ്ടുവരാന്‍ ഗൗരയമ്മയ്ക്കായത് ചില്ലറ നേട്ടമായിരുന്നില്ല.

ബസുവിനെ പ്രധാനമന്ത്രിയാക്കിയില്ലെന്ന മണ്ടത്തരം ചരിത്രപരമാവുന്നതുപോലെ തന്നെയാണ് ഗൗരയമ്മയെ മുഖ്യമന്ത്രിയാക്കാതിരുന്ന മണ്ടത്തരവും ചരിത്രപരമാവുന്നത്. അന്നങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ അല്ലെങ്കില്‍ അന്നങ്ങിനെ സംഭവിക്കാതിരുന്നിരുന്നെങ്കില്‍ എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല എന്ന് പറയുന്നവരുണ്ട്. ചരിത്രത്തില്‍ എങ്കിലുകള്‍ക്ക് സ്ഥാനമില്ല എന്ന വീക്ഷണമാണത് (No ifs in history) പക്ഷേ, സി.പി.എം. പോലൊരു ജനകീയ പ്രസ്ഥാനം ഇത്തരം ചില ആത്മപരിശോധനകള്‍ തീര്‍ച്ചയായും നടത്തേണ്ടതായുണ്ട്. 34 കൊല്ലം മുമ്പ്  ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ സി.പി.എമ്മിനെയും കേരളത്തെയും സംബന്ധിച്ച് അതൊരു ചരിത്രമുഹൂര്‍ത്തമാവുമായിരുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മാത്രമല്ല, സി.പി.എമ്മിന്റെ ഉന്നത നേതൃനിരയിലേക്കും ഗൗരിയമ്മയ്ക്ക് കടന്നുവരാനായില്ല. പാര്‍ട്ടിയില്‍ സംസ്ഥാന  കമ്മിറ്റിക്കപ്പുറത്തേക്ക് വളരാന്‍ ഗൗരിയമ്മയ്ക്കായില്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. വാസ്തവത്തില്‍ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറൊയിലും വൃന്ദ കാരാട്ടിനുമൊക്കെ എത്രയോ മുമ്പ് സ്ഥാനം കിട്ടേണ്ടവരായിരുന്നു ഗൗരിയമ്മ. 1959-ല്‍ ഇന്ദിര ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാവുമ്പോള്‍ കേരളത്തില്‍ റവന്യു മന്ത്രിയായിരുന്നു ഗൗരിയമ്മ. ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനെയും പ്രകാശ് കാരാട്ടിനെയും സീതാറാം യെച്ചൂരിയെയും ജനറല്‍ സെക്രട്ടറിയാക്കിയ ഒരു പാര്‍ട്ടിക്ക് ഗൗരിയമ്മയുടെ പ്രസക്തി തിരിച്ചറിയാന്‍ കഴിയാതെ പോയി എന്നത് ഗുരുതരമായ പിഴവ് തന്നെയാണ്.

65 കൊല്ലം മുമ്പ് തിരു-കൊച്ചി നിയമസഭയില്‍ ഗൗരിയമ്മ നടത്തിയ പ്രസംഗം ഈ മഹാമാരിക്കാലത്ത് തീര്‍ച്ചയായും ഓര്‍ക്കേണ്ടതായുണ്ട്. അന്നത്തെ തിരു-കൊച്ചി ഭരണാധികാരി പനമ്പിള്ളി ഗോവിന്ദ മേനോന്റെ മുഖത്ത് നോക്കി ഗൗരിയമ്മ പറഞ്ഞ വാക്കുകള്‍: ''നാട്ടില്‍ കോളറയുണ്ട്, വസൂരിയുണ്ട്, പ്ലേഗുണ്ട് എന്നെങ്കിലും നിങ്ങള്‍ അറിയുന്നുണ്ടോ? ഇതിനൊക്കെ ഇടയിലൂടെ ഓരോ വീട്ടിലും കയറിയിറങ്ങാന്‍ െൈധര്യം ഈ മിഡ്വൈഫുമാര്‍ക്കേയുള്ളു. അവര്‍ നിങ്ങള്‍ ഭരണക്കാരെപ്പോലെ അറച്ചു നില്‍ക്കില്ല. ഓരോ വീട്ടിലും പോകും.  പക്ഷേ, അവര്‍ക്ക് ആഴ്ചയില്‍ നാലിടങ്ങഴി അരി കൊടുക്കണം എന്നു പറഞ്ഞാല്‍ നിങ്ങള്‍ ഖജനാവിന് മേല്‍ കെട്ടിപ്പിടിച്ചു പൂണ്ടു കിടക്കും... ആളുകള്‍ പുറത്തിറങ്ങിയില്ലെങ്കില്‍ അവര്‍ക്ക് കഞ്ഞിക്ക് വകയുണ്ടാവില്ല. അരി സര്‍ക്കാര്‍ കൊടുക്കണം. അത് നിങ്ങള്‍ക്ക് കഴിയില്ല. ഞാന്‍ ഈ പ്രതിപക്ഷത്തുനിന്ന് പറയുകയാണ്. നിങ്ങള്‍ക്ക് വെളിവുണ്ടെങ്കില്‍, ഈ നാടിനോട് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടെങ്കില്‍ ചെയ്യാനായി ഒന്നുൂകടി പറയുകയാണ്. രോഗമുള്ള ആളുകളെ വീട്ടില്‍തന്നെ ഇരുത്തുക. അവര്‍ക്കും മിഡ്വൈഫുമാര്‍ക്കും സര്‍ക്കാര്‍ തന്നെ അരി കൊടുക്കുക. അതു നിങ്ങളെക്കൊണ്ടു പറ്റുമോ?'' ഈ വാക്കുകളുടെ ഉടമയെ മുഖ്യമന്ത്രിയാക്കിയിരുന്നെങ്കില്‍ 1991-ലെ രാജീവ് വ!ധം ഉയര്‍ത്തിയ സഹതാപ തരംഗത്തെപ്പോലും അതിജീവിച്ച് കേരളത്തില്‍ ആദ്യമായി സി.പി.എം. ചിലപ്പോള്‍ തുടര്‍ഭരണത്തിലേക്ക് എത്തുമായിരുന്നു.

താന്‍പോരിമയായിരുന്നു ഗൗരിയമ്മയ്ക്കെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്ന വലിയൊരു വിമര്‍ശം. ഇന്നിപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന വിമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ ഈ ആരോപണം ഒരു കോമഡിയാവുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും എടുത്ത തീരുമാനം ചരിത്രപരമായ മണ്ടത്തരം എന്നു വിശേഷിപ്പിച്ച ജ്യോതി ബസുവിനെതിരെ ഒരു തരത്തിലുള്ള അച്ചടക്ക നടപടിയുമുണ്ടായില്ല എന്നതും കാണാതിരിക്കരുത്. ജ്യോതി ബസുവിന് സി.പി.എം. കൊടുത്ത ഇളവുകള്‍ 1994-ല്‍ ഗൗരിയമ്മയുടെ കാര്യത്തിലുണ്ടായില്ല. പാര്‍ട്ടിക്കുവേണ്ടി വൈവാഹിക ജീവിതം പോലും ബലികഴിച്ച ഒരാള്‍ക്ക് മുന്നിലാണ് 75-ാമത്തെ വയസ്സില്‍ പാര്‍ട്ടിയുടെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടത്.

തിരിഞ്ഞുനോക്കി വിമര്‍ശിക്കുക എളുപ്പമാണ് എന്നായിരിക്കാം സി.പി.എം. ഇക്കാര്യത്തില്‍ മുന്നോട്ടുവെയ്ക്കുന്ന പ്രതിരോധം. പക്ഷേ, വിമര്‍ശങ്ങളില്ലെങ്കില്‍, ആത്മപരിശോധനയില്ലെങ്കില്‍ ഒരു പ്രസ്ഥാനവും ഒരു സ്ഥാപനവും വളരില്ല. സ്ത്രീ ശാക്തീരണവും ജാതി വിരുദ്ധ പോരാട്ടങ്ങളുമാണ് സമകാലിക ഇന്ത്യയില്‍ ജനാധിപത്യത്തെ മൂല്യവത്താക്കുന്നത്. ഈ രണ്ടു മേഖലകളിലും ചരിത്രദൂരങ്ങള്‍ താണ്ടുന്നതിനുള്ള അവസരമാണ് ഗൗരിയമ്മ സി.പി.എമ്മിന് നല്‍കിയത്. 

പക്ഷേ, നെട്ടൂരാന്‍ വിളിച്ചത്ര കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളൊന്നും സഖാവ് സേതുലക്ഷ്മി വിളിച്ചിട്ടില്ലെന്ന വൃത്തികെട്ട  ആഖ്യാനങ്ങളില്‍ ആ അവസരം തുലയ്ക്കപ്പെട്ടു. മുടിക്കെട്ടഴിച്ച്, പട്ടുടുത്ത്, ഉടവാളെടുത്ത് കൊടുങ്ങല്ലൂരു പോയി കാവു തീണ്ടാമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഗൗരിയമ്മയോട് പറയുന്നുണ്ട്. കേരള രാഷ്ട്രീയത്തിലെ സവര്‍ണ്ണ -പുരുഷ  കാവുകള്‍ ഗൗരിയമ്മയെ പോലെ തീണ്ടിയ  മറ്റൊരു വനിതയില്ല. ഗൗരിയമ്മ യാത്രയാവുമ്പോള്‍ കേരളം തിരിച്ചറിയുകയും ഓര്‍ക്കേണ്ടുകയും ചെയ്യുന്ന വസ്തുതയാണിത്.

Content Highlights: Gouri Amma and Jyoti Basu, Historical blunders of CPM | Vazhipokkan