ഒരു പക്ഷേ, കേരളം കണ്ടിട്ടുള്ള ഗവര്‍ണര്‍മാരില്‍ ഏറ്റവും വലിയ പണ്ഡിതന്മാരിലൊരാളായിരിക്കും പുതിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. വിപുലവും ആഴവുമാര്‍ന്ന വായന മാത്രമല്ല സുശക്തവും സുധീരവുമായ നിലപാടുകളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നുണ്ട്. ഷാബാനു കേസില്‍ സുപ്രീം കോടതി നടത്തിയ വിധി കടക്കുന്നതിന് രാജീവ് ഗാന്ധി സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നപ്പോള്‍ മന്ത്രി സ്ഥാനം രാജിവെച്ചത് അത്തരത്തിലുള്ള നടപടിയായിരുന്നു. മുത്തലാഖ് വിഷയമുള്‍പ്പെടെ സ്ത്രീകള്‍ക്കു വേണ്ടി സന്ധിയില്ലാതെ പൊരുതാനും ആരിഫ് മുഹമ്മദ് ഖാന് മടിയുണ്ടായിട്ടില്ല.
കേരള ഗവര്‍ണറായി സ്ഥാനമേല്‍ക്കും മുമ്പ് ആരിഫ് മുഹമ്മദ് ഖാന്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങള്‍ ശ്രദ്ധേയമായിരുന്നു. അതിലൊരിടത്ത് ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇതാണ്.
'' നിങ്ങള്‍ ന്യൂനപക്ഷമാണെന്ന് കരുതിയാല്‍ നിങ്ങള്‍ എപ്പോഴും ഭയപ്പെട്ടുകൊണ്ടേയിരിക്കും. നിങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്നു കരുതിയാല്‍ ഭയമുണ്ടാവില്ല. ''
ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിനുള്ള എല്ലാ സ്വാതന്ത്ര്യവും ആരിഫ് മുഹമ്മദ് ഖാനുണ്ട്. പക്ഷേ, ഇത്തരം നിലപാടുകളോട് കൃത്യമായി വിയോജിപ്പ് രേഖപ്പെടുത്തിയ ഒരു മുന്‍ ഗവര്‍ണറുടെ വാക്കുകള്‍ ഈ അവസരത്തില്‍ ഓര്‍ക്കാതിരിക്കാനാവില്ല.

ഗോപാല്‍കൃഷ്ണ ഗാന്ധിയെന്നാണ് ആ മുന്‍ ഗവര്‍ണറുടെ പേര്. ഗാന്ധിജിയുടെ പേരക്കിടാവായ ഗോപാല്‍കൃഷ്ണ ഗാന്ധി നേരത്തെ ബംഗാള്‍ ഗവര്‍ണറായിരുന്നു. 2017 ജനുവരിയില്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ ഇതാണ് അദ്ദേഹം പറഞ്ഞത്. '' ആരാണ് ഇന്ത്യ ഭരിക്കുന്നത് ? ഞാന്‍ ഒരു വ്യക്തിയുടെ പേര് പറയില്ല. ഭീതിയാണ് ഇന്ത്യ ഭരിക്കുന്നത്.'' തുടര്‍ന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കൂടുതല്‍ ആലോചനാമൃതമായിരുന്നു.
'' പേടി ഒരു വസ്തുതയാണെങ്കില്‍ ഇങ്ങനെ പ്രസംഗിക്കുന്നതിനും എഴുതുന്നതിനും എങ്ങിനെയാണ് കഴിയുന്നതെന്ന ചോദ്യം എനിക്കു നേരെ ഉയര്‍ന്നിട്ടുണ്ട്. നിങ്ങള്‍ ശ്വസിക്കുന്നുണ്ട് എന്നിട്ടും മലിനീകരണത്തെക്കുറിച്ച് നിങ്ങള്‍ പരാതി പറയുന്നതെന്തുകൊണ്ടാണ് എന്നാരോടെങ്കിലും ചോദിക്കുന്നത് സങ്കല്‍പിച്ചു നോക്കൂ. '' നമ്മള്‍ ശ്വസിക്കുന്ന വായു മലിനമാണ്. പക്ഷേ, അതുകൊണ്ട് നമ്മള്‍ ശ്വസിക്കാതിരിക്കുന്നില്ല. അതുപോലെ തന്നെയാണ് സമകാലിക ഇന്ത്യന്‍ സമൂഹത്തില്‍ ഭീതിയുണ്ടെന്ന് പറയുന്നതെന്നും ഭീതി ഒരു യാഥാര്‍ത്ഥ്യമാണെന്നുമാണ് ഗോപാല്‍ കൃഷ്ണ ഗാന്ധി വ്യക്തമാക്കിയത്.
ന്യൂനപക്ഷങ്ങള്‍ എന്ന സംജ്ഞ ഇല്ലാതാക്കുന്നതുകൊണ്ടോ എല്ലാവരും ഇന്ത്യന്‍ പൗരന്മാരാണെന്നു കരുതുന്നതുകൊണ്ടോ ഇല്ലാതാവുന്നതല്ല ഈ പേടി. ജനക്കൂട്ടം പിച്ചിച്ചീന്തിയ അഖ്ലാക്കും പെഹ്ലുഖാനും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളാണ്. ജമ്മു കാശ്മീരില്‍ ഒരു ജനത നേരിടുന്ന പ്രതിസന്ധി ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്. ആസാമില്‍ പൗരത്വ രജിസ്ട്രേഷന്‍ പ്രതിസന്ധിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുള്ള 19 ലക്ഷത്തോളം പേര്‍ നമുക്ക് മുന്നിലുള്ള യാഥാര്‍ത്ഥ്യമാണ്. ഖല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയും ധബോല്‍ക്കറും ഗൗരി ലങ്കേഷും ഇന്നിപ്പോള്‍ നമ്മുടെ കൂടെയില്ല. 71 കൊല്ലങ്ങള്‍ക്ക് മുമ്പ് ബിര്‍ള ഹൗസില്‍ നിന്നു സഞ്ചാരം തുടങ്ങിയ വെടിയുണ്ട തന്നെയാണ് ഇവരുടെ നെഞ്ചകങ്ങളും പിളര്‍ത്തതെന്നുള്ള നിരീക്ഷണം ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ വാക്കുകളോട് ഈ അവസരത്തില്‍ ചേര്‍ത്തു വായിക്കക്കേണ്ടതുണ്ട്.
content highlights: gopalkrishna gandhi,arif mohammad khan,vazhipokkan