സന്നിഗ്ദ്ധഘട്ടത്തില്‍ എപ്പോഴും ആശ്രയിക്കാവുന്ന ഒരാളാണ് ഷെര്‍ലക് ഹോംസ്. അഡ്വഞ്ചര്‍ ഒഫ് സില്‍വര്‍ ബ്ലെയ്സ് എന്ന ചെറുകഥയില്‍ ഹോംസും ഇന്‍സ്പെക്ടര്‍ ഗ്രിഗറിയും തമ്മിലുള്ള ഒരു സംഭാഷണം ഒന്ന് ശ്രദ്ധിക്കാം.
ഇന്‍സ്പെക്ടര്‍ ഗ്രിഗറി: പ്രത്യേകിച്ച് എന്തെങ്കിലും താങ്കള്‍ക്ക് ചൂണ്ടിക്കാട്ടാനുണ്ടോ?
ഹോംസ്: രാത്രിയില്‍ ആ പട്ടിയുടെ വിചിത്രമായ പെരുമാറ്റം.
ഇന്‍സ്പെക്ടര്‍ ഗ്രിഗറി: അതിന് പട്ടി ഒന്നും ചെയ്തതായി കേട്ടില്ല.
ഹോംസ്: രാത്രിയില്‍ പട്ടി ഒന്നും ചെയ്തില്ല എന്നതു തന്നെയാണ് വിചിത്രം.
കര്‍ഷകരെന്ന് പറയപ്പെടുന്ന ഒരു കൂട്ടമാളുകള്‍ ഈ ജനുവരി 26-ന് ചെങ്കോട്ടയിലേക്ക് ഇരച്ചുകയറിയപ്പോള്‍ ഡല്‍ഹിയിലെ പോലിസുകാര്‍ എന്തെങ്കിലും ചെയ്തതായി കേട്ടില്ല. ഹോംസ് പറയുന്നതുപോലെ അതില്‍ വിചിത്രമായി എന്തോ ഉണ്ട്. ഇത്രമാത്രം എളുപ്പത്തില്‍ ചെങ്കോട്ടയില്‍ ഒരു കൊടി ഉയര്‍ത്താന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ നിത്യേന ഗോതമ്പ് കഴിക്കുന്ന ഉത്തരേന്ത്യന്‍ ശാഖാവാസികള്‍ക്ക് പോലും കഴിയുമെന്ന് തോന്നുന്നില്ല.
ഈ കലാപത്തിന് നേതൃത്വം കൊടുത്തെന്ന് പറയുന്ന ദീപ് സിദ്ദുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നതും വിചിത്രമായി തോന്നുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വെറുതെ വഴിയിലറങ്ങി നിന്നിരുന്നവരെപ്പോലും അറസ്റ്റു ചെയ്യാന്‍ ഒരു മടിയുമില്ലാത്ത സര്‍ക്കാരാണ് നമുക്ക് മുന്നിലുള്ളതെന്നും മറക്കരുത്.
കര്‍ഷകരുടെ പ്രക്ഷോഭം കൈവിട്ട് പോവുകയാണോ എന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു ജനുവരി 26-ന് ദൃശ്യമായത്. പക്ഷേ, ഇന്ത്യന്‍ റിപ്പബ്ലിക് വീണ്ടെടുക്കാനുള്ള ഈ വലിയ പ്രക്ഷോഭത്തിന് വഴി തെറ്റുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് തിരിച്ചെത്തി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാത്രമുള്ള സമരമല്ല ഈ പ്രക്ഷോഭമെന്നും അത് ഇന്ത്യന്‍ റിപ്പബ്ലിക്കിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പല മൂല്യങ്ങളും തിരിച്ചു പിടിക്കാനുള്ളതാണെന്നും വെറുതെ പറയുന്നതല്ല.
ജനുവരി 26-ന് നടന്ന സംഭവങ്ങളില്‍ വിചിത്രമായെന്തൊക്കെയോ ഉണ്ടെന്നല്ലാതെ അതിനുള്ള കൃത്യമായ ഉത്തരങ്ങള്‍ പെട്ടെന്നൊന്നും കിട്ടുമെന്ന് തോന്നുന്നില്ല. 25 വയസ്സുകാരന്‍ നവ്റിത് സിങ് കൊല്ലപ്പെട്ടത് വെടിയേറ്റിട്ടാണോ അതോ ട്രാക്റ്റര്‍ മറിഞ്ഞിട്ടാണോ എന്ന് വ്യക്തമല്ലാത്തതു പോലെയാണത്.
നവ്റിതിന്റെ ദേഹത്തുണ്ടായിരുന്ന മുറിവുകളുടെ വീഡിയോ ഷോട്ടുകള്‍ പരിശോധിച്ച ശേഷം ലണ്ടനിലുള്ള ഡോ. ബെയ്സില്‍ പര്‍ദ്യു ദ ഗാര്‍ഡിയനോട് പറഞ്ഞത് ഇതാണ്: ''എനിക്ക് തോന്നുന്നത് ഇത് വെടിയേറ്റിട്ടുള്ള മുറിവാണെന്നാണ്. വീഴ്ചയില്‍നിന്ന് ഇത്തരം മുറിവുകളുണ്ടാവാനുള്ള സാദ്ധ്യതയില്ല.'' എന്നാല്‍, ഡല്‍ഹി പോലിസ് പറയുന്നത് നവ്റിത് മരിച്ചത് ട്രാക്റ്റര്‍ മറിഞ്ഞതിനെ തുടര്‍ന്നാണെന്നാണ്. സ്വര്‍ണ്ണപ്പാത്രം കൊണ്ട് മൂടിവെച്ചാലും സത്യം എപ്പോഴെങ്കിലും പുറത്തുവരും എന്നാശിക്കാനേ നമുക്ക് കഴിയുകയുള്ളു.
ജനുവരി 26-ന് ചെങ്കോട്ടയിലേക്കുള്ള വഴികള്‍ തുറന്നിട്ടവര്‍ ഇപ്പോള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ തീര്‍ക്കുന്ന പ്രതിബന്ധങ്ങളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കുന്നുണ്ട്. കോണ്‍ക്രീറ്റ് മിക്സ് ചെയ്യുന്ന യന്ത്രങ്ങള്‍ കൊണ്ടുവന്നാണ് ഡല്‍ഹി പോലിസ് അവിടെ കര്‍ഷകരുടെ വഴി തടയുന്നത്.
കോണ്‍ക്രീറ്റില്‍ ആണികള്‍ സ്ഥാപിച്ചും ഇരുമ്പിന്റെ കുന്തമുനകള്‍ ഉയര്‍ത്തിയും കര്‍ഷകരുടെ സഞ്ചാരം തടയാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് നടക്കുന്നത്. ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ആത്മാവെങ്കില്‍ ആ ആത്മാവിനെയാണ് ഈ നീക്കങ്ങള്‍ മുറിപ്പെടുത്തുന്നതെന്നതില്‍ സംശയമില്ല.
71 കൊല്ലം മുമ്പ് ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായപ്പോള്‍ അതിന്റെ അടിസ്ഥാനം ജനാധിപത്യ മൂല്യങ്ങളായിരുന്നു. സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന റിപ്പബ്ലിക്. 1975-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനമായിരുന്നു ഇന്ത്യന്‍ റിപ്പബ്ലിക് ആദ്യം നേരിട്ട വലിയൊരു പ്രതിസന്ധി. ഇന്ദിര ഗാന്ധി എന്ന കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയും നേരിട്ട വ്യക്തിപരമായ തിരിച്ചടികളാണ് ഈ ദുരവസ്ഥ സൃഷ്ടിച്ചത്. എങ്ങിനെയും അധികാരം നിലനിര്‍ത്തുക എന്ന വ്യക്തിപരമായൊരു അജണ്ടയായിരുന്നു അടിയന്തരാവസ്ഥയ്ക്ക് പിന്നില്‍. ഭരണകൂടത്തിന്റെ സമസ്ത ശേഷിയുമുപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കിയിട്ടും ഇന്ദിരയ്ക്ക് പക്ഷേ, ജനരോഷം ഇല്ലാതാക്കാനായില്ല.
ഇന്ത്യ കണ്ട എക്കാലത്തെയും വലിയൊരു ക്രൗഡ് പുള്ളറായിരുന്നു ഇന്ദിര. അധികാരത്തില്‍ ഉള്ളപ്പോഴായാലും പുറത്തായാലും എവിടെയും ഇന്ദിരയെ കാണാനും കേള്‍ക്കാനും ജനക്കൂട്ടമെത്തുമായിരുന്നു. പക്ഷേ, അടിയന്തരാവസ്ഥ ഇന്ദിരയെ ജനങ്ങളില്‍നിന്ന് അകറ്റി. ''സിംഹാസനമൊഴിയൂ, ജനങ്ങള്‍ വരികയാണ്'' എന്ന മുദ്രാവാക്യമുയര്‍ത്തി ജയപ്രകാശ് നാരായണ്‍ നയിച്ച പ്രതിഷേധ റാലികള്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ നവ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളായി. ഒടുവില്‍ ഇന്ദിര ജനാധിപത്യത്തിന്റെ വഴിയിലേക്ക് തിരിച്ചുവരികയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും അതില്‍ പരാജിതയായി അധികാരത്തില്‍നിന്നു പുറത്തേക്ക് പോവുകയും ചെയ്തു. പിന്നീട് ഇതേ ജനങ്ങള്‍ തന്നെ അവരെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതും രാഷ്ട്രം കണ്ടു.
സമകാലിക ഇന്ത്യന്‍ റിപ്പബ്ലിക് നേരിടുന്ന പ്രതിസന്ധികള്‍ വ്യത്യസ്തമാണെന്നു മാത്രമല്ല, കൂടുതല്‍ അപകടകരവുമാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ഭരണഘടന അട്ടിമറിക്കാനാവും എന്ന് ഇന്ത്യന്‍ പൗര സമൂഹം തിരിച്ചറിയുന്ന നാളുകളാണിത്.
റിപ്പബ്ലിക്കിന്റെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുന്നതില്‍ പാര്‍ലമെന്റും ഭരണകൂടവും ജുഡീഷ്യറിയും ഒരു പോലെ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്നാണ് നമ്മുടെ ഭരണഘടനയുടെ ശില്‍പികള്‍ വിഭാവനം ചെയ്തിരുന്നത്. ഇന്നിപ്പോള്‍ എല്ലാത്തിനും മുകളില്‍ പരമാധികാര ശക്തിയായി ഭരണകൂടം വിരാജിക്കുന്ന കാഴ്ചയാണുള്ളത്. ഒരു പരുന്തും ഈ ശക്തിക്ക് മുകളിലോ സമാന്തരമായിട്ടോ പറക്കുന്നില്ല.
നാല് പതിറ്റാണ്ടു മുമ്പ് ഇന്ദിരയ്ക്ക് ബദലായി ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ വലിയൊരു ജനപ്രവാഹവും അതിന് മുന്നില്‍ ജെ.പി. എന്ന നേതാവുമുണ്ടായിരുന്നു. ഒരു വ്യക്തിയുടെ അമിതമായ അധികാരവാഞ്ഛയാണ് അടിയന്തരവാസ്ഥയ്ക്ക് കാരണമായതെങ്കില്‍ ഇന്നിപ്പോള്‍ അധികാരത്തിന്റെ ദുഷിപ്പിനു പിന്നില്‍ മാരകമായൊരു പ്രത്യയശാസ്ത്ര പദ്ധതിയും അതിനെ നിലനിര്‍ത്തുന്ന കോര്‍പറേറ്റ് ഒലിഗാര്‍ക്കിയുമുണ്ട്. ബിസിനസ്, രാഷ്ട്രീയം, മീഡിയ എന്നീ ചേരുവകളുടെ മാരകമായ മിശ്രണമാണിത്.
ജമ്മു കശ്മീരില്‍ ഈ മിശ്രണത്തിന്റെ പടയോട്ടം നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുളള പ്രക്ഷോഭം തകര്‍ക്കുന്നതിലും ഈ മിശ്രണം വഹിച്ച പങ്ക് നിസ്തുലമായിരുന്നു. പ്രണയത്തില്‍ പോലും മതവിദ്വേഷം കലര്‍ത്തുന്ന നിയമങ്ങളുണ്ടാവുന്ന കാലം വരുമെന്ന് അംബദ്കറോ നെഹ്റുവോ മൗലാന ആസാദോ സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല.
ഈ സമകാലിക റിപ്പബ്ലിക്കിലാണ് കര്‍ഷകസമരം ഐതിഹാസികമാവുന്നത്. മതമോ ജാതിയോ ഏതെങ്കിലുമൊരു പ്രസ്ഥാനമോ അല്ല ഈ സമരത്തെ നയിക്കുന്നത്. അപാരമായൊരു മാനവികതയുടെ ചിറകിലേറി പറക്കുന്ന പ്രക്ഷോഭമാണിത്. കോവിഡ് 19 എന്ന മഹാമാരിക്ക് പോലും തകര്‍ക്കാന്‍ കഴിയാത്ത ഈ പ്രക്ഷോഭം തട്ടുപൊളിപ്പന്‍ ചാണക്യതന്ത്രങ്ങളിലൂടെ പൊളിച്ചെടുക്കാനാവും എന്ന ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകള്‍ പാളുകയാണ്. ഹിന്ദുത്വയും ദേശീയതയും സമാസമം ചാലിച്ചാല്‍ ഏതു വിയോജിപ്പും തകര്‍ക്കാനാവും എന്ന ഭരണകൂടത്തിന്റെ വിചാരധാരകളും തകര്‍ന്നുവീഴുന്നു.
രണ്ട് ആത്മഭാഷണങ്ങള്‍ ചേരുന്നതാണ് സംഭാഷണം എന്ന് 1972-ല്‍ ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്ലിയില്‍ വന്ന ഒ.വി. വിജയന്റെ ഒരു കാര്‍ട്ടൂണ്‍ പരിഹസിക്കുന്നുണ്ട്. ബംഗ്ലദേശ് യുദ്ധത്തിനു ശേഷം ഇന്ദിര എന്ന ഒറ്റ നേതാവിലേക്ക് റിപ്പബ്ലിക് ചുരുങ്ങുകയാണ് എന്ന പ്രതീതിയുയര്‍ന്ന നാളുകളായിരുന്നു അത്. ഇന്ദിര പക്ഷേ, അന്നും ചോദ്യങ്ങള്‍ നേരിട്ടിരുന്നു. പത്രപ്രവര്‍ത്തകര്‍ക്ക് അവര്‍ അയിത്തം കല്‍പിച്ചിരുന്നില്ല. അസ്വസ്ഥകരമായ ചോദ്യങ്ങള്‍ നേരിട്ട് ചോദിക്കാന്‍ കഴിയുന്ന പത്രപ്രവര്‍ത്തകരുടെ വംശം കുറ്റിയറ്റു പോയിട്ടുമുണ്ടായിരുന്നില്ല.
ഇന്നിപ്പോള്‍ ആതമഭാഷണങ്ങളേയുള്ളു. കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കിയ രീതി ആത്മഭാഷണങ്ങളുടെ ചുവട് പിടിച്ചായിരുന്നു. ചോദ്യങ്ങളും ചര്‍ച്ചകളുമില്ല, ഭരണകൂടം പറയുന്നത് കേള്‍ക്കാന്‍ മാത്രം കഴിയുന്ന, മന്‍കീബാത്തിന്റെ തുടര്‍ച്ചയാവുന്ന പാര്‍ലമെന്റും ഗൗരവമേറിയ ജനാധിപത്യ നിഷേധങ്ങളോട് കണ്ണടയ്ക്കുകയും എന്നാല്‍ ഒരു തമാശ പോലും ദഹനക്കേടുണ്ടാക്കുകയും ചെയ്യുന്ന ജുഡീഷ്യറിയും അടയാളപ്പെടുത്തുന്ന കാലം. ആത്മനിര്‍ഭരതയുടെ ഈ കാലത്ത് ആത്മഭാഷണങ്ങള്‍ പോലെ റിപ്പബ്ലിക്കിനെ നിര്‍വ്വചിക്കുന്ന മറ്റെന്താണുള്ളത്.
ഈ ആത്മഭാഷണങ്ങളുമായാണ് കര്‍ഷകര്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്നത്. അധികാരത്തിന്റെ വിശ്വരൂപവുമായിട്ടുള്ള ഈ ഏറ്റുമുട്ടലില്‍ ഒരു ജനതയുടെയും രാഷ്ട്രത്തിന്റെയും ധാര്‍മ്മിക ബോദ്ധ്യങ്ങളാണ് കര്‍ഷകരുടെ പിന്‍ബലം. ചര്‍ച്ചകളുടെ ജനാധിപത്യ തുറസ്സുകളിലേക്ക് വരാന്‍ ഭരണകൂടം നിര്‍ബ്ബന്ധിതമാവുകയാണ്. മതപരതയുടെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്ന ജനാധിപത്യത്തിന്റെ ഊര്‍ജ്ജപ്രവാഹമാണ് ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ ദൃശ്യമാവുന്നത്.
താന്‍ രൂപം നല്‍കിയ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ഫെഡറേഷന്‍(എസ്.സി.എഫ്.) എന്ന പ്രസ്ഥാനത്തിന്റെ ബാനറിലാണ് 1952-ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അംബദ്കര്‍ തീരുമാനിച്ചത്. എസ്.സി.എഫിന്റെ നയവുമായി ബന്ധപ്പെട്ട് അംബദ്കര്‍ പറഞ്ഞ വാക്കുകള്‍ക്ക് ഈ ഘട്ടത്തില്‍ സവിശേഷ പ്രാധാന്യമുണ്ട്: ''എതിര്‍വശത്തുള്ളവര്‍ എന്താണ് ചിന്തിക്കുന്നതെന്ന് അറിയേണ്ടത് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സുപ്രധാനമാണ്.''
പ്രതിപക്ഷ ബഹുമാനമാണ്, വിയോജിപ്പിനോടുള്ള ആദരവും സ്്നേഹവുമാണ് ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത് എന്നാണ് അംബദ്കര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത.് ഗാന്ധിജിയും നെഹ്‌റുവുമായുള്ള അംബദ്കറുടെ സംവാദങ്ങള്‍ ആത്യന്തികമായി സമ്പുഷ്ടമാക്കിയത് ഇന്ത്യന്‍ ജനാധിപത്യത്തെയാണ്. ഈ ജനാധിപത്യമാണ്, ഈ റിപ്പബ്ലിക്കിനെയാണ് കര്‍ഷകര്‍ ഇന്നിപ്പോള്‍ നമുക്കായി വീണ്ടെടുക്കുന്നത്. ബി.ജെ.പിക്കും സംഘപരിവാറിനും പുറത്ത് ഒരിന്ത്യയുണ്ടെന്നും ആ ഇന്ത്യയെ അറിയണമെന്നും അംഗീകരിക്കണമെന്നുമാണ് കര്‍ഷകര്‍ വിളിച്ചുപറയുന്നത്.
വഴിയില്‍ കേട്ടത്: ദേശീയപാതയ്ക്കായി കേരളത്തിന് 65,000 കോടി രൂപയെന്ന് ധനമന്ത്രി നിര്‍മ്മല സിതാരാമന്‍. പള്ളിക്കാരെ ചാക്കിലാക്കാന്‍ പിള്ളേച്ചനും അഭിനവ ടാഗോറും ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍കൊണ്ടൊന്നും ഒരു കാര്യവുമില്ലെന്ന് നിര്‍മ്മലാജിക്ക് മനസ്സിലായിട്ടുണ്ടാവും.
Content Highlights: Farmers rediscovering India | Vazhipokkan