ണ്ട് കൊല്ലം മുമ്പ് നൂറ് വയസ്സ് തികയുന്ന വേളയില്‍ ഗൗരിയമ്മ പഴയൊരു തിരസ്‌കരണത്തെക്കുറിച്ച് പറഞ്ഞു. ടി.വിയുമായി വേര്‍പിരിഞ്ഞതോ സി.പി.എമ്മില്‍ നിന്ന് പുറത്തു പോരേണ്ടി വന്നതോ അല്ല. പണ്ട് യൗവ്വനത്തില്‍ ഒരു ചെറുപ്പക്കാരന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെക്കുറിച്ചാണ് ഗൗരിയമ്മ പറഞ്ഞത്. 

ചെറുപ്പക്കാരന്‍ ഗൗരിയമ്മയെ ഗാഢമായി സ്‌നേഹിച്ചിരുന്നു. ഗൗരിയമ്മയായിരിക്കും ജീവിതസഖിയെന്ന് അയാള്‍ മനസ്സുകൊണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, ഗൗരിയമ്മ അയാളെ കണ്ടത് അങ്ങിനെയായിരുന്നില്ല.ഗൗരിയമ്മ ആ ചെറുപ്പക്കാരന്റെ മുഖത്തുനോക്കി പറഞ്ഞു: ''എനിക്ക് നിങ്ങളോട് പ്രേമമില്ല.'' 

അയാള്‍ തകര്‍ന്നു പോയിരിക്കണം. ആ നിമഷം ഈ ലോകം തന്നെ അവസാനിച്ചിരുന്നെങ്കില്‍ എന്നയാള്‍ ആശിച്ചു കാണും. പിന്നീട് അയാളെ ഗൗരിയമ്മ കണ്ടിട്ടുണ്ടോയെന്ന് അറിയില്ല. അറിയാവുന്ന കാര്യം ഇതാണ്. ആ ചെറുപ്പക്കാരന്‍ ഒരു കയ്യില്‍ പെട്രോളും മറുകയ്യില്‍ തോക്കുമായി വന്ന് ഗൗരിയമ്മയെ ആക്രമിച്ചില്ല. 

നൂറ്റിരണ്ട് വര്‍ഷം ഈ ഭൂമുഖത്ത് ഗൗരിയമ്മയുണ്ടായിരുന്നു. കേരളം ഇന്ന് നമ്മളറിയുന്ന കേരളമായതിന് പിന്നില്‍ ഗൗരിയമ്മയുടെ സര്‍ഗ്ഗാത്മക സംഭാവനകള്‍ വഹിച്ച പങ്കോര്‍ക്കുമ്പോഴാണ് അന്ന് ആ ചെറുപ്പക്കാരന്റെ സമാധാനപരമായ പ്രതികരണത്തിന്റെ പ്രസക്തി നമ്മള്‍ തിരിച്ചറിയുക.

ഗൗരിയമ്മയല്ല ഈ കുറിപ്പിന്റെ നായിക. വഴി തെറ്റുന്ന ആണത്തത്തിന്റെ ക്രൗര്യതകള്‍ക്കിരയാവുന്ന പെണ്‍കുട്ടികളാണ് ഈ കുറിപ്പിന്റെ ആധാരം. തിരസ്‌കരിക്കപ്പെടുക എന്നത് ജീവിതത്തിന്റെ ഭാഗമാണ്. എപ്പോഴെങ്കിലും തിരസ്‌കരിക്കപ്പെടാത്തവരായി  ആരാണ് ഈ ലോകത്തുള്ളത്. എത്രയോ വര്‍ഷങ്ങള്‍ പ്രണയം മനസ്സില്‍ കൊണ്ടുനടന്ന ശേഷം ഒരു നിമിഷത്തില്‍ ധൈര്യമവലംബിച്ച് കാമുകിയോട് അല്ലെങ്കില്‍ കാമുകനോട് തുറന്നു പറയുമ്പോള്‍ ഞാന്‍ അങ്ങിനെയൊന്നും കുരുതിയിട്ടില്ല എന്ന മറുപടി കേട്ട് തളര്‍ന്നു പോയവര്‍  ചുരുക്കമായിരിക്കില്ല. 'NO' എന്ന മറുപടി ഭീകരമാണ്, പ്രണയത്തിലെ NO അതിഭീകരവും.

തിരസ്‌കാരത്തില്‍ മനം നൊന്തിട്ടുള്ളവരില്‍ പലരും ആത്മഹത്യ ചെയ്തിട്ടുണ്ട്. പക്ഷേ, 1980-കളിലോ തൊണ്ണൂറുകളിലോ അതിനും മുമ്പോ ഇങ്ങനെ നൊ പറയുന്നവരുടെ ജീവനെടുക്കുന്ന പരിപാടി കേട്ടിട്ടില്ല. എനിക്ക് തന്നോട് പ്രണയമില്ല എന്ന് പറയുന്ന പെണ്‍കുട്ടികള്‍ നേരെ പോയി പോലിസ് സ്റ്റേഷനില്‍ സംഗതി ബോധിപ്പിക്കുന്ന പതിവുണ്ടായിരുന്നില്ല. കാരണം തിരസ്‌കാരം ഒരാളുടെ അവകാശവും സ്വാതന്ത്ര്യവുമാണെന്ന തിരിച്ചറിവ് തിരസ്‌കരിക്കപ്പെടുന്നവര്‍ക്ക് ഉണ്ടായിരുന്നു.

കാണാന്‍ ഭംഗിയില്ലാത്തവരെ ആങ്ങളമാരാക്കുന്ന പരിപാടി നിങ്ങള്‍ക്ക് പണ്ടേയുള്ളതാണെന്ന് ഒരു സിനിമയില്‍ നായികയോട് പറഞ്ഞ ശ്രീനിവാസന്റെ കഥാപാത്രത്തെ പോലെ ഇത്തരം തിരസ്‌കാരങ്ങളോട് വാക്കുകള്‍ കൊണ്ട് പ്രതികാരം ചെയ്യുന്നവരായിരുന്നു നമ്മളില്‍ പലരും. തിരസ്‌കരിക്കുന്നവരെ കായികമായി ആക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ലോകമായിരുന്നില്ല അത്. തിരസ്‌കരിക്കപ്പെട്ടവര്‍ താടിയും മുടിയും നീട്ടുകയും ചിലപ്പോള്‍ മുടി മുറിക്കുകയും വിവാഹം വേണ്ടെന്നു വെയ്ക്കുകയും പ്രണയകവിതകളുടെ  ശേഖരത്തിലേക്ക് തങ്ങളാല്‍ ആവുന്ന വിധത്തില്‍ സംഭാവനകള്‍ നല്‍കുകയും ചെയ്തു.

ഇതൊരു സാമാന്യവത്കരണമല്ല. എന്തുകൊണ്ടാണ് ഇന്നിപ്പോള്‍ തിരസ്‌കരിക്കുന്നവരുടെ ജീവനെടുക്കണമെന്ന് നമ്മുടെ ചെറുപ്പക്കാര്‍ക്ക് തോന്നുന്നത്? നമ്മളില്‍ ഭൂരിപക്ഷം പേരും തിരസ്‌കരണങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ്. പക്ഷേ, നമ്മുടെ സമൂഹത്തില്‍ എവിടെയൊക്കെയോ ചില പാകപ്പിഴകള്‍ ആഴത്തിലുണ്ടായിട്ടുണ്ട്. കാരുണ്യത്തിനും സ്‌നേഹത്തിനും പകരം പകയും ക്രൗര്യവും ജീവിതമുദ്രകളാവുന്നത് എന്തുകൊണ്ടാണെന്ന് നമ്മള്‍ അന്വേഷിച്ചേ തീരൂ. ഓര്‍ക്കുമ്പോള്‍ പേടിയാവുന്നു എന്നാണ് രണ്ടു പെണ്‍കുട്ടികളുടെ പിതാവ് കഴിഞ്ഞ ദിവസം ഫോണില്‍ പറഞ്ഞത്.

ആണ്‍മേല്‍ക്കോയ്മ, അധികാരം, വ്യക്തിബന്ധങ്ങളിലെ അസമത്വങ്ങള്‍, സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ വേര്‍തിരിവുകള്‍ ഇവയൊക്കെ ഈ അപചയത്തിന് പിന്നിലുണ്ടാവാം. നമ്മുടെ കുട്ടികളെ നമ്മള്‍ എങ്ങിനെയാണ് വളര്‍ത്തുന്നതെന്നത് വലിയൊരു വിഷയമാണ്. പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വന്തം നിലപാടുകളുണ്ടെന്നും അവര്‍ ആരുടെയും അടിമകളല്ലെന്നും അവര്‍ ആണ്‍കുട്ടികളെപ്പോലെതന്നെ  സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളാണെന്നുമുള്ള വസ്തുത സംശയാതീതമായി ഊട്ടിയുറപ്പിക്കപ്പെടേണ്ടതുണ്ട്.

ആരും ആരുടെയും സ്വത്തല്ല. പക്ഷേ, നമ്മുടെ കുടുംബങ്ങളില്‍ സ്ത്രീകളെ കാണുന്നത് സ്വത്തായിട്ടാണ്. അങ്ങാടിയില്‍ തോറ്റാല്‍ വീട്ടില്‍ വന്ന് സ്ത്രീകളുടെ മെക്കിട്ട് കയറിക്കഴിയുമ്പോഴാണ് നമ്മളില്‍ പലര്‍ക്കും ഒരാശ്വാസം കിട്ടുക. സ്ത്രീകളോടുള്ള ആക്രമണത്തിന്റെ വേരുകള്‍ വീട്ടിനുള്ളിലേക്കാണ് നീളുന്നത്. 

ഓരോ പെണ്‍കുട്ടിയും അത്താഴമാണ് എന്ന ശീര്‍ഷകത്തില്‍ സുമണ റോയിയുടെ ഒരു കവിതയുണ്ട്. ആണുങ്ങള്‍ മോട്ടോര്‍ വാഹനങ്ങളാണെന്നും തന്റെ ശരീരം തിരക്കുപിടിച്ച സമയത്തെ ഗതാഗതമാണെന്നും സുമണ എഴുതുന്നു.  ലക്കും ലഗാനുമില്ലാതെ പായുന്ന മോട്ടോര്‍ വാഹനങ്ങളെപ്പോലെ നമ്മുടെ ആണ്‍സമൂഹം സ്ത്രീകളുടെ മജ്ജയും മാംസവും കടിച്ചു പറിക്കുകയും ചിതറിപ്പിക്കുകയും ചെയ്യുന്നു.

രണ്ടു കൊല്ലം മുമ്പ് നവംബറില്‍ ഹാദിയ എന്നൊരു പെണ്‍കുട്ടി സുപ്രീം കോടതിയില്‍ ഉറക്കെ വിളിച്ചുപറഞ്ഞു: ''എനിക്ക് സ്വാതന്ത്ര്യം വേണം.'' ലൗ ജിഹാദിന് കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ട പ്രതിരൂപമായിരുന്നു ഹാദിയ. വീട്ടുതടങ്കലിലായിരുന്ന ഹാദിയ സുപ്രീം കോടതിയില്‍ ഹാജരായപ്പോള്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആ പെണ്‍കുട്ടിയോട് ചോദിച്ചു: ''എന്താണ് ഭാവിക്കുവേണ്ടിയുള്ള നിങ്ങളുടെ സ്വപ്നം?'' 

ഈ ചോദ്യത്തിന് ഹാദിയ നല്‍കിയ മറുപടി നമ്മള്‍ എല്ലാവരും ഒന്ന്  മനസ്സിരുത്തി കേള്‍ക്കണം. ''സ്വാതന്ത്ര്യം, മോചനം.'' ശരീരത്തിന്റെ മോചനവും സ്വാതന്ത്ര്യവുമാണ് ആ പെണ്‍കുട്ടി ആവശ്യപ്പെട്ടത്. തനിക്ക് പഠനം പൂര്‍ത്തിയാക്കണമെന്നും ഡോക്ടറാവണമെന്നും ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ഹാദിയ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദിപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ആ പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കി. 

സേലത്തെ കോളേജില്‍ തുടര്‍ന്നു പഠിക്കുന്നതിനുള്ള അവസരം ആ പെണ്‍കുട്ടിക്ക് ലഭ്യമാക്കണമെന്ന് സര്‍ക്കാരിന് ഉത്തരവ് നല്‍കി. സ്വാതന്ത്ര്യവും മോചനവുമാണ് സ്ത്രീകള്‍ ആവശ്യപ്പെടുന്നത്. നൊ എന്ന് പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയാണ്. ഈ അവകാശത്തിനായി ജീവിതം ബലി നല്‍കേണ്ട ഗതികേടിലാണ് ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ദയനീയതയുടെ സാക്ഷ്യപത്രമാണ്.

അപാരമായ ശൂന്യതയുടെ നിമിഷത്തിലാണ് ആത്മഹത്യകള്‍ നടക്കുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊലകളും ആക്രമണങ്ങളും ഇത്തരം ശൂന്യതകളില്‍ തന്നെയായിരിക്കാം നടക്കുന്നത്. ഇന്ത്യയെ കണ്ടെത്തല്‍ എന്ന ഗ്രന്ഥത്തില്‍ നെഹ്രു ഇന്ത്യന്‍ സംസ്‌കൃതിയുടെ മൂല്യങ്ങള്‍ എടുത്തുപറയുന്നുണ്ട്. വ്യത്യസ്തവും വിഭിന്നവുമാര്‍ന്ന ഇന്ത്യന്‍ സംസ്‌കൃതി രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായ നിരവധി തിരസ്‌കരണങ്ങള്‍ അതിജീവിച്ചിട്ടുണ്ട്. 

ഒരാള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാടല്ല ഇന്ത്യന്‍ ജനാധിപത്യത്തെ വളര്‍ത്തിയത്. ഒരു സംസ്‌കാരം മാത്രം മതിയെന്ന സമീപനവുമല്ല അത്. വെറുപ്പും വിദ്വേഷവും അപരവത്കരണവും  വളര്‍ത്തുന്ന രാഷ്ട്രീയ സംഹിതകള്‍ക്ക് പ്രാമുഖ്യം കൈവരുന്നതിന്റെ പ്രതിഫലനം കൂടി നമ്മള്‍ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണമാവുന്നുണ്ടോ എന്നും നമ്മള്‍ ആലോചിക്കേണ്ടതായുണ്ട്. ഒരു ദേശം ഒരു ഭാഷ, ഒരു ദേശം  ഒരു തിരഞ്ഞെടുപ്പ്, ഒരു ദേശം ഒരു നേതാവ് എന്നീ മുദ്രാവാക്യങ്ങളും ഈ പരിസരത്തില്‍ ചോദ്യം ചെയ്യപ്പെടണം.  

പ്രണയങ്ങള്‍ സുസ്ഥിരമാണെന്നത് പഴങ്കഥയാണ്. ഒരാള്‍ക്കും ഒരാളോടും നിരന്തരമായ പ്രണയം ഉണ്ടാവണമെന്നില്ല. സുസ്ഥിരമായ പ്രണയം പലപ്പോഴും സ്വത്തവകാശം പോലെയാണ്. ഈ പറമ്പ് എന്റേതാണെന്ന് വിളിച്ചുപറയുന്നതുപോലെയാണ്. ഇയാള്‍ അല്ലെങ്കില്‍ ഇവള്‍ എന്റേതാണെന്ന അവകാശ പ്രഖ്യാപനം. ഇത്തരം പ്രഖ്യാപനങ്ങള്‍ കണ്ടും കേട്ടും വളരുന്നവരാണ് 'സ്വത്ത്'  നഷ്ടപ്പെടുമ്പോള്‍ പെട്രോളും ആസിഡും കൈത്തോക്കുമായി ഇറങ്ങുന്നത്. ഒരു പെണ്ണും ഒരാണിന്റെയും സ്വത്തല്ലെന്ന് നമ്മുടെ കുട്ടികള്‍ തിരിച്ചറിയണം. അങ്ങിനെയാരു തിരിച്ചറിവ് അവര്‍ക്കുണ്ടാവണമെങ്കില്‍ അതിന്റെ പാഠങ്ങള്‍ വീട്ടില്‍നിന്നു തന്നെ തുടങ്ങണം .

വീട്ടില്‍നിന്ന് തുടങ്ങണമെന്ന് വെറുതെ പറഞ്ഞതല്ല. അനീതിയുടെ കോട്ടയും കൊത്തളവുമാണ് പലപ്പോഴും വീടുകള്‍. ഫ്രഞ്ച് ദാര്‍ശനികനും എഴുത്തുകാരനുമായ റൊമെയ്ന്‍ റൊളാങ്ങിന്റെ വചനം ഓര്‍ക്കുക: ''നിലവിലുള്ള ക്രമം അനീതിയാണെങ്കില്‍ ക്രമരാഹിത്യം നീതിയുടെ തുടക്കമാണ് (If order is injustice then disorder is the beginning of justice).

സ്ത്രീകള്‍ നേരിടുന്ന അനീതിയുടെ വേരുകള്‍ തുടങ്ങുന്നത് വീടുകളില്‍നിന്നാണ്. ജനാധിപത്യരാഹിത്യത്തിന്റെ വലിയൊരു നിഴലിലാണ് നമ്മുടെ വീടുകള്‍ മിക്കവാറും നിലകൊള്ളുന്നത്. ഈ ക്രമം തീര്‍ച്ചയായും തച്ചുടയ്ക്കപ്പെടേണ്ടതായുണ്ട്. വീടുകളിലേക്ക് കൂടുതല്‍ വെളിച്ചവും കാറ്റും കടന്നുവരണം. ലിംഗനീതിയുടെ വായുവും പ്രകാശവും. ആണധികാരത്തിന്റെ വൈറസുകളില്‍നിന്ന് നമ്മുടെ സമൂഹത്തെ മുക്തമാക്കാന്‍ വീടുകളില്‍ ഇങ്ങനെയൊരു വാക്സിനേഷന്‍ അനിവാര്യമാവുന്നു.

വഴിയില്‍ കേട്ടത്:  രാത്രിക്ക് രാത്രി കുടുംബത്തെ ഉപേക്ഷിച്ച് ബുദ്ധന്‍ മോക്ഷം തേടിപ്പോയത് ന്യായമാണോ?  യശോദരയാണ് ഇതിനുത്തരം നല്‍കേണ്ടത്. മരിച്ചു പോയവരെ തിരിച്ചു വിളിക്കാനാവില്ലെന്നതിനാല്‍ അത് നടക്കില്ല. നിര്‍ബ്ബന്ധമാണെങ്കില്‍  യശോദ ബെന്നിനോട് ചോദിക്കാം.

Content Highlights: Every woman must be a sovereign state | Vazhipokkan