നാധിപത്യത്തില്‍ ജനങ്ങള്‍ തന്നെയാണ് പരമാധികാരികള്‍. ഇന്ത്യയുടെ ഒരേയൊരു വിശുദ്ധ ഗ്രന്ഥം ഭരണഘടനയാണെങ്കില്‍ ആ വിശുദ്ധ ഗ്രന്ഥത്തിന്റെ തുടര്‍ച്ചയും നിലനില്‍പും സാദ്ധ്യമാവുന്നത് പൗരസമൂഹം എടുക്കുന്ന തീരുമാനങ്ങളിലൂടെയാണ്. ഈ തീരുമാനങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകമാണ് തിരഞ്ഞെടുപ്പുകളിലെ വിധിയെഴുത്തുകള്‍. സുപ്രിംകോടതിക്കും മുകളിലാണ് വിധികര്‍ത്താക്കളായ വോട്ടര്‍മാരെന്ന നിരീക്ഷണം ഉടലെടുക്കുന്നത് ഈ പരിസരത്തിലാണ്. മഹാരാഷ്ട്ര , ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഇതര സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളും ആത്യന്തികമായി വിളിച്ചുപറയുന്നത് ഈ പരമമായ സത്യമാണ്.

Pinarayi Vijayan
പിണറായി വിജയന്‍

പെരുന്നയിലെയോ കണിച്ചുകുളങ്ങരങ്ങയിലെയോ കാരണവന്മാരോ മെത്രാസനമന്ദിരങ്ങളിലെ തിരുമേനിമാരോ മൗലവിമാരോ അല്ല സാധാരണ ജനങ്ങള്‍ തന്നെയാണ് ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്. ഉണ്ടുകൊണ്ടിരിക്കെയുണ്ടാവുന്ന ഉള്‍വിളിയില്‍ പ്രചോദിതരായി സാമുദായിക തലതൊട്ടപ്പന്മാര്‍ നടത്തുന്ന ആഹ്വാനങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് കേരളത്തിലെ ജനങ്ങള്‍ സംശയത്തിനടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കുമ്പോള്‍ പൂര്‍വ്വാധികം ശോഭയോടെ ജ്വലിക്കുന്നത് ജനാധിപത്യത്തിന്റെ മുഖം തന്നെയാണ്. ജനങ്ങളുടെ ചിന്താശക്തി ഒരിക്കലും വില കുറച്ചുകാണുന്നവര്‍ അതിനുള്ള വില തീര്‍ച്ചയായും കൊടുക്കേണ്ടി വരും. അതിപ്പോള്‍ അണ്ണന്‍ സുകുമാരന്‍ നായരായാലും നടേശ ഗുരുക്കളായാലും സാക്ഷാല്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദിയായാലും ജനത്തിനോട് കളിക്കാന്‍ നിന്നാല്‍ വിവരം അറിയുക തന്നെ ചെയ്യും.

ഈ പാഠം മറന്നതാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക് തിരിച്ചടിയായത്. രണ്ടാം വരവിന്റെ ആവേശം അതിരുവിട്ടപ്പോള്‍ മോദി -  ഷാ കൂട്ടുകെട്ട് ജനാധിപത്യത്തിന്റെ കളരിക്ക് പുറത്തുള്ള കളികള്‍ കളിക്കാന്‍ തുടങ്ങി.  370 ാം വകുപ്പ് അപ്രസക്തമാക്കിയതും ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതും കൈവിട്ട കളികളായിരുന്നു. ഊതിവിര്‍പ്പിച്ച ദേശീയത കൊണ്ട് ജനത്തെ ഏറെനാളൊന്നും വരുതിയില്‍ നിര്‍ത്താനാവില്ലെന്നതാണ് വാസ്തവം. വിശക്കുന്നവന് ഭക്ഷണമാണ് ദൈവമെന്ന്  മറ്റൊരു ഗുജറാത്തുകാരന്‍ പറഞ്ഞത് മോദിയും ഷായും ഒന്നോര്‍ക്കുന്നത് നന്നായിരിക്കും.

Narendra Modi
നരേന്ദ്രമോദി

മഹാരാഷ്ട്രയില്‍ വീണ്ടും സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ഇടയുണ്ടായതില്‍ ഫഡ്നാവിസ് നന്ദി പറയേണ്ടത് കോണ്‍ഗ്രസിനോടാണ്. കോണ്‍ഗ്രസിന്റെ നിസ്സംഗത സമ്മാനിച്ച വിജയമാണ് മഹാരാഷ്ട്രയിലേതെന്ന് വേറെയാരും മനസ്സിലാക്കിയില്ലെങ്കിലും ഫഡ്നാവിസ് തിരിച്ചറിയുന്നുണ്ടാവണം. ജനാധിപത്യത്തില്‍ പ്രതിപക്ഷം എന്താണ് ചെയ്യേണ്ടതെന്ന് ബോദ്ധ്യപ്പെടുത്താന്‍ 79 കാരനായ ശരദ്പവാര്‍ തന്നെ വേണ്ടിവന്നുവെന്നതും കാണാതിരിക്കാനാവില്ല.  ബിജെപി ഒന്നടങ്കം വിഴുങ്ങുമെന്ന അവസ്ഥയില്‍ നിന്നാണ് പവാര്‍  എന്‍ സി പിയെ രക്ഷിച്ചെടുത്തത്. കോണ്‍ഗ്രസിന്റെ യുവനേതാവ് രാഹുല്‍ ഗാന്ധി വെറും ആറ് റാലികളാണ് മഹാരാഷ്ട്രയില്‍ നടത്തിയതെങ്കില്‍ പവാര്‍ അഭിസംബോധന ചെയ്തത് 65 റാലികളാണ്. മതേതരത്വവും ബഹുസ്വരതയുമില്ലെങ്കില്‍ ഇന്ത്യയില്ല എന്ന തിരിച്ചറിവിന്റെ ആത്മപ്രകാശത്തിലാണ് പവാര്‍  ഈ നിര്‍ണ്ണായക പടയോട്ടത്തിന് രണ്ടും കല്‍പിച്ചിറങ്ങിയത്. ജനങ്ങളുടെ വിധിയെഴുത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് പവാര്‍ നടത്തിയ പ്രതികരണവും ശ്രദ്ധേയമായിരുന്നു. ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമോ എന്ന ചോദ്യത്തിന് പവാര്‍ നല്‍കിയ മറുപടി ഇതാണ്  ''  പ്രതിപക്ഷത്തിരിക്കാനാണ് ജനങ്ങള്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത് . ആ വിധി ഞങ്ങള്‍ മാനിക്കുന്നു ''.

sharad pawar
ശരദ് പവാർ

ജനങ്ങളുടെ ചിന്താശേഷിയുടെ മൂല്യം അറിയുന്ന നേതാവാണ് പവാര്‍. സമാനമായൊരു ഡയലോഗാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നുമുണ്ടായത്. '' ആരുടെ മുണ്ടിന്റെ കോന്തലയിലും കെട്ടാനുള്ളവരല്ല ജനങ്ങള്‍ '' എന്നായിരുന്നു കേരളത്തിലെ അഞ്ച് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിഞ്ഞപ്പോള്‍ പിണറായി പറഞ്ഞത്. ജനത്തെ അങ്ങിനെയങ്ങ് കെട്ടിയെടുക്കാനുള്ള ഒരു മുണ്ടും ഇന്നുവരെ ഒരു തറിയിലും നെയ്തെടുത്തിട്ടില്ലെന്ന് തിരിച്ചറിയാനുള്ള വിവേകം പിണറായിക്കുണ്ടെന്നത്  ജനാധിപത്യ വിശ്വാസികളെ തീര്‍ച്ചയായും ആഹ്ളാദിപ്പിക്കുന്നുണ്ട്.

മുഖമടച്ച് പ്രഹരം കിട്ടുമ്പോള്‍  അപമാനത്തില്‍ നിന്നും രക്ഷപ്പെടാനുള്ള അവസാനത്തെ അടവ് വോട്ടു മറിക്കല്‍ ആരോപണമാണ്. വോട്ടുകള്‍ മറിയുമ്പോഴാണ് വിജയവും പരാജയവുമുണ്ടാവുന്നത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും കോണ്‍ഗ്രസിനെ തോല്‍പിച്ചത് ആര്‍ എസ് എസ്സുകാരാണെന്ന നിലവിളി ജനങ്ങളുടെ ചിന്താശേഷിയോടുള്ള വെല്ലുവിളിയാണ്. പാലം വലിച്ചത് ആര്‍ എസ് എസ്സുകാരല്ല ജനങ്ങളാണ് എന്ന് എത്രയും വേഗം കോണ്‍ഗ്രസ് തിരിച്ചറിയുന്നുവോ അത്രയും നന്ന്.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചാക്രികമാണോ അതോ ഘടനാപരമാണോ എന്ന് ചോദിച്ചപ്പോള്‍ ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ മറുപടി ഒരു ഒന്നൊന്നര മറുപടിയായിരുന്നു. '' ചിലപ്പോള്‍ ചാക്രികമായിരിക്കാം, ചിലപ്പോള്‍ ഘടനാപരമായിരിക്കാം. ചിലപ്പോള്‍ രണ്ടുമാവാം , ചിലപ്പോള്‍ രണ്ടുമല്ലായിരിക്കാം. ''  സാമ്പത്തിക പ്രതിസന്ധി എന്തുകൊണ്ടാണുണ്ടാവുന്നതെന്ന് എനിക്കൊരു പിടിയുമില്ലെന്ന് നേരെ ചൊവ്വെ പറയുന്നതിന് പകരമാണ് മന്ത്രി ഇങ്ങനെ ഉരുണ്ടു കളിച്ചത്.  സമ്പദ് മേഖലയെ രക്ഷിച്ചെടുക്കണമെങ്കില്‍ ആദ്യം പ്രശ്നമെന്താണെന്നറിയണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞപ്പോള്‍ അതു കേട്ടില്ലെന്ന് നടിക്കാനാനയിരുന്നു നിര്‍മ്മലയ്ക്ക് താല്‍പര്യം. വാഹന നിര്‍മ്മാണ വിപണിയിലെ മാന്ദ്യം എന്തുകൊണ്ടാണെന്ന് വ്യവസായികളുടെ ഒരു യോഗത്തില്‍ ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ചോദിച്ചപ്പോള്‍ പഞ്ചാബില്‍ നിന്നുള്ള ഒരു വ്യവസായി എടുത്തടിച്ചതുപോലെ പറഞ്ഞത് നോട്ടു നിരോധനം എന്നായിരുന്നു. രാത്രിക്ക് രാത്രി ഖജനാവ് തകര്‍ത്ത കലാപരിപാടിയുടെ ആഘാതമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന ആ വ്യവസായിയുടെ  മറുപടി അനുരാഗ് ഠാക്കൂര്‍  നിര്‍മ്മലാജിയുടെ ശ്രദ്ധയില്‍ പെടുത്തിയോ എന്നറിയില്ല. പക്ഷേ, ഹരിയാനയിലെയും മഹാരാഷ്റടയിലെയും ജനവിധി തീര്‍ച്ചയായും നിര്‍മ്മലാജിയുടെ കണ്ണുകള്‍ തുറപ്പിക്കുമെന്ന് പ്രത്യാശിക്കുക.

മരണാസന്നമെന്ന് തോന്നിപ്പിച്ച പ്രതിപക്ഷത്തിന് ജനം പകര്‍ന്നു നല്‍കിയ മൃതസഞ്ജീവനിയാണ്  മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തിരഞ്ഞെടുപ്പ് ഫലം. 1977 ല്‍ ഇന്ദിരയെന്ന ഏകാധിപതിയെ പുറത്താക്കി ജനാധിപത്യം വീണ്ടെടുത്ത ഉത്തരേന്ത്യന്‍ ജനതയെയാണ് ഒരു തലത്തില്‍ മഹാരാഷ്്രടയിലെയും ഹരിയാനയിലെയും ജനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. ഒരു സര്‍വ്വാധിപതിക്കും തീറെഴുതിക്കൊടുക്കാനുള്ളതല്ല ഇന്ത്യന്‍ ജനാധിപത്യം എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കപ്പെടുമ്പോള്‍  ജനങ്ങളുടെ  ജനങ്ങളാലുള്ള ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണം എന്ന ആ വിഖ്യാതമായ നിര്‍വ്വചനത്തിന്റെ ശില്‍പി എബ്രഹാം ലിങ്കന്റെ ആത്മാവ് തീര്‍ച്ചയായും നിര്‍വൃതി അടയുന്നുണ്ടാവണം.

Content highlights: Election results is the reply to those who deny voters