സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പുകളാണ് ജനാധിപത്യത്തിന്റെ ആത്മാവ്. ഈ ആത്മാവിന് ഒരു ക്ഷതവും ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്താനാണ് ചെല്ലും ചെലവും കൊടുത്ത് നമ്മള്‍ ജനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ നിലനിര്‍ത്തുന്നത്. മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍. ശേഷനോട് വിയോജിപ്പുള്ളവര്‍ നിരവധിയുണ്ടാവും. കെ.ആര്‍. നാരായണനെതിരെ 1997-ല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് ശിവസേനയുടെ സഹായത്തോടെ മത്സരിച്ച ശേഷനെ ഓര്‍ക്കാന്‍ പലരും ഇഷ്ടപ്പെടുന്നുണ്ടാവില്ല. 1999-ല്‍ എല്‍.കെ. അദ്വാനിക്കെതിരെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ശേഷനും ഇപ്പോള്‍ മിക്കവരുടെയും ഓര്‍മ്മയിലുണ്ടാവില്ല. 

പക്ഷേ, തിരഞ്ഞെടുപ്പ് കമ്മീഷന് പല്ലും നഖവും നല്‍കിയ ശേഷനെ ഇന്ത്യന്‍ ജനതയ്ക്ക്  ഒരിക്കലും മറക്കാനാവില്ല. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒരു പുതിയ പരിഷ്‌കാരവും താന്‍ കൊണ്ടുവന്നിട്ടില്ലെന്ന് ശേഷന്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി: ''ജനപ്രാതിനിധ്യ നിയമത്തില്‍ ഒരു കോളനോ സെമി കോളനോ ഫുള്‍സ്റ്റോപ്പോ ഞാന്‍ ചേര്‍ത്തിട്ടില്ല. നിയമത്തില്‍ ഉണ്ടായിരുന്നത് നടപ്പാക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ''

മുഖം നോക്കാതെ നിയമം നടപ്പാക്കുമ്പോഴാണ് നീതി പുലരുന്നത്. അപ്പുറത്ത് നില്‍ക്കുന്നത് പ്രധാനമന്ത്രി നരസിംഹ റാവുവാണെന്നത് ശേഷനെ പേടിപ്പിച്ചിരുന്നില്ല. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് റാവു മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന കല്‍പനാഥ് റായിയെയും സീതാറാം കേസരിയെയും എടുത്തിട്ടു കുടഞ്ഞ ശേഷന്‍ ചരിത്രമാണ്. ഈ ശേഷനെ ഒതുക്കാനായാണ് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഒരാള്‍ മാത്രം പോരെന്നും രണ്ടു പേര്‍ കൂടി വേണമെന്നും റാവു സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നിട്ടും നിയമം നടപ്പാക്കുന്നതില്‍ നിന്ന് ശേഷന്‍ ഒരടി പോലും പിന്നാക്കം പോയില്ല.

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ശേഷന്റെ സംഭാവനയാണ്. സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന പണം പരിധി വിടുന്നില്ലെന്നുറപ്പിക്കാന്‍ കര്‍ശന നടപടികളാണ് ശേഷന്‍ എടുത്തത്. 1991-നും 93-നുമിടയില്‍ ഉത്തര്‍പ്രദേശില്‍ മാത്രം ബൂത്ത് പിടിത്തം 873-ല്‍നിന്ന് 255 ആയി കുറഞ്ഞു. വോട്ടെടുപ്പിന്റെ അന്ന് കൊല്ലപ്പെടുന്നവരുടെ എണ്ണം 36-ല്‍നിന്ന് മൂന്നായി കുറഞ്ഞു.

96-ലെ പൊതു തിരഞ്ഞെടുപ്പില്‍ 1,500 നിരീക്ഷകരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചത്. സുരക്ഷാ നടപടികള്‍ക്കായി ആറ് ലക്ഷം പേരെ കളത്തിലിറക്കി. മൂന്ന് ലക്ഷം പേരെയാണ് മുന്‍കരുതലെന്ന നിലയില്‍ തടവിലാക്കിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ ശരിയായ രീതിയലല്ലെന്നു കണ്ടാല്‍ വോട്ടെടുപ്പ് റദ്ദാക്കാന്‍ ശേഷന് മടിയുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവ് കൂടുന്നുവെന്ന് ആക്ഷേപിച്ചവരോട് ജനാധിപത്യം നിലനില്‍ക്കാന്‍ പണം ചെലവാക്കുക തന്നെ വേണമെന്നാണ് ശേഷന്‍ പറഞ്ഞത്.

2001 മുതല്‍ 2004 വരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അമരത്തുണ്ടായിരുന്ന ജെ.എം. ലിങ്ദൊയെയും ഈ അവസരത്തില്‍ സ്മരിക്കേണ്ടതായുണ്ട്. 2002-ല്‍ നരേന്ദ്ര മോദിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ നിന്ന കക്ഷിയാണ് ലിങ്ദൊ. ഗുജറാത്ത് കലാപത്തിന്റെ അനുരണനങ്ങള്‍ നിലനില്‍ക്കെ 2002 ജൂലായില്‍ മോദി സര്‍ക്കാര്‍ നിയമസഭ പിരിച്ചുവിട്ടു. 

സാധാരണഗതിയില്‍ 2003 ഫെബ്രുവരിയില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് നേരത്തെ നടത്തുകയായിരുന്നു മോദിയുടെ ഉദ്ദേശ്യം. 2002 മാര്‍ച്ച് മൂന്നിനാണ് നിയമസഭ അവസാനമായി സമ്മേളിച്ചതെന്നും അതുകൊണ്ട് ഒക്േടാബറില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു മോദിയുടെ ആവശ്യം. ഭരണഘടനയുടെ 174-ാം വകുപ്പ് അനുശാസിക്കുന്നത് നിയമസഭ പിരിച്ചുവിട്ടതിന് ശേഷം ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണെന്നും നിയമസഭ അവസാനം സമ്മേളിച്ചത് എന്നാണെന്നു നോക്കിയല്ലെന്നും ലിങ്ദൊ വ്യക്തമാക്കി. 

മാത്രമല്ല, കലപാത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വോട്ടര്‍മാര്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയവെ തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്നും ഗുജറാത്തില്‍ ക്രമസമാധാന നില മെച്ചപ്പെടേണ്ടതുണ്ടെന്നും സംസ്ഥാനത്ത് നേരിട്ടെത്തി കാര്യങ്ങള്‍ പഠിച്ച ശേഷം ലിങ്ദൊ വെട്ടിത്തുറന്ന് പറഞ്ഞു.

ലിങ്ദൊയെ മോദി നേരിട്ടത് ബി.ജെ.പിയുടെ പരമ്പരാഗത ശൈലിയില്‍ തന്നെയായാരുന്നു. 2002 ഓഗസ്റ്റില്‍ വഡോദരയില്‍ നടന്ന റാലിയില്‍ മോദി പറഞ്ഞത് ഇതാണ്: ''ചില പത്രപ്രവര്‍ത്തകര്‍ അടുത്തിടെ എന്നോട് ചോദിച്ചു ജെയിംസ് മൈക്കല്‍ ലിങ്ദൊ വരുന്നത് ഇറ്റലിയില്‍ നിന്നാണോ? (തമിഴ് നടന്‍ വിജയ് വെറും വിജയ് അല്ലെന്നും ജോസഫ് വിജയ് ആണെന്നും മലയാളം സിനിമ സംവിധായകന്‍ കമല്‍ കമാലുദ്ദീന്‍ ആണെന്നുമുള്ള ആക്ഷേപങ്ങള്‍ ഓര്‍ക്കുക). ഞാന്‍ അവരോട് പറഞ്ഞു: എന്റെ കൈയ്യില്‍ അദ്ദേഹത്തിന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ല. എനിക്ക് രാജീവ് ഗാന്ധിയോട് ചോദിക്കേണ്ടി വരും. അപ്പോള്‍ അവരെന്നോട് ചോദിച്ചു ലിങ്ദൊയും സോണിയയും പള്ളിയില്‍വെച്ചു കാണാറുണ്ടോ? ഞാന്‍ പറഞ്ഞു: ചിലപ്പോള്‍ കാണുന്നുണ്ടാവാം.''

അന്ന് പ്രധാനമന്ത്രിയായിരുന്ന വാജ്പേയിക്ക് മോദിയുടെ ഈ ഡയലോഗ് ഇഷ്ടപ്പെട്ടില്ല. ഭരണഘടന സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നവര്‍ പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കണമെന്നാണ്  ജനാധിപത്യം ആവശ്യപ്പെടുന്നതെന്നാണ് വാജ്പേയി മോദിയെ ഓര്‍മ്മിപ്പിച്ചത്. മോദിയുടെ വിരട്ടലില്‍ ലിങ്ദൊ പേടിച്ചില്ല. 2002 ഒക്‌ടോബറില്‍ അല്ല, ഡിസംബറിലാണ് ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്.

പറഞ്ഞുവന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകക്ഷിയുടെ ബി ടീമോ ചട്ടുകമോ ആവരുതെന്നാണ്. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി. പ്രസിഡന്റ് അമിത് ഷായ്ക്കുമെതിരെ ലഭിച്ച പരാതികളില്‍ രണ്ടു പേര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി  വിമര്‍ശിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ത്യന്‍ സായുധസേനയുടെ പേര് ഉപയോഗിച്ചെന്നും മതപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമായിരുന്നു പരാതി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗമായിരുന്ന അശോക് ലവാസ അന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ 24 മണിക്കൂര്‍ നേരത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കിക്കൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ കഴിഞ്ഞ ദിവസം ഔദോഗിക പദവിയില്‍നിന്ന് വിരമിച്ചത്. കൂച്ച്‌ബെഹാറില്‍ നാല് യുവാക്കള്‍ സി.ഐ.എസ്.എഫ്. ജവാന്മാരുടെ വെടിവെയ്പില്‍ മരിച്ചപ്പോള്‍  മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങളുണ്ടാവും എന്ന് ആക്രോശിച്ച ബി.ജെ.പി. ബംഗാള്‍ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷിനെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ല. 

കേന്ദ്ര സേനകള്‍ അതിരു വിട്ടാല്‍ തിരിച്ചടിക്കണമെന്ന മമതയുടെ നിലപാട് ന്യായീകരിക്കാനാവില്ല. അക്രമത്തിനുള്ള ആഹ്വാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അംഗീകരിക്കാനാവില്ല. പക്ഷേ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരിക്കലും ഒരു ദിശയിലേക്ക് മാത്രം നോക്കുന്ന സ്ഥാപനമാവരുത്. ബംഗാളില്‍ തിരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളായി നടത്താനുള്ള തീരുമാനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായ മറുപടികള്‍ നല്‍കാന്‍ ആയിട്ടില്ലെന്നതും വിസ്മരിക്കാനാവില്ല.

ബംഗാളിലെ സിതള്‍കുച്ചിയില്‍ ഒരു ബി.ജെ.പി. പ്രവര്‍ത്തകന്റെ മരണത്തെക്കുറിച്ചന്വേഷിക്കാന്‍ ആളെ വിട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ സി.ഐ.എസ്.എഫ്. വെിടിവെയ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ നടപടി എടുക്കാത്തതും പരക്കെ വിമര്‍ശിക്കപ്പെടുന്നുണ്ട്. 

സുശീല്‍ ചന്ദ്രയാണ് പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ . 2019-ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗമായി നിയമിക്കപ്പെടുന്നതിന് മുമ്പ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ചെയര്‍മാന്‍ ആയിരുന്നു സുശീല്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത സുപ്രധാനമാണ്. വിശ്വാസ്യത വിട്ട് ഒരു കളിക്കുമില്ലെന്ന് സധൈര്യം പ്രഖ്യാപിച്ച ശേഷനും ലിങ്ദൊയുമാവട്ടെ സുശീലിന്റെ വഴികാട്ടികള്‍. ഈ സന്നിഗ്ദ്ധഘട്ടത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിരസ്സ് ആരുടെ മുന്നിലും കുനിയുന്നില്ലെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അതിജീവനത്തിന് നിര്‍ണ്ണായകമാണ്.

വഴിയില്‍ കേട്ടത്: ബാബറി മസ്ജിദ് പൊളിച്ച കേസില്‍ വിധി പറഞ്ഞ (32 പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ്) മുന്‍ സി.ബി.ഐ. പ്രത്യേക ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിന് ഉത്തര്‍പ്രദേശ് ഉപ ലോകായുക്തയായി നിയമനം. വകയില്‍ നമ്മുടെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ  ആരായി വരും സുരേന്ദ്രകുമാരന്‍?

Content Highlights: Election commission should not be the B team of BJP | Vazhipokkan