ണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ ഓര്‍മ്മയിലേക്ക് വരുന്ന ആദ്യത്തെയാള്‍ തോമസ് ഐസക്ക് ആണെന്നത് യാദൃശ്ചികമല്ല. ഇടതുപക്ഷ സര്‍ക്കാരിന് പകരം കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു ഇത്തവണ ബജറ്റ് അവതരിപ്പിച്ചതെങ്കിലും തോമസ് ഐസക്കിനെ വിസ്മരിക്കാനാവുമായിരുന്നില്ല. മഴ പെയ്തു തോര്‍ന്നിട്ടും മരം പെയ്യുന്നുണ്ടെന്നു പറയുന്നതുപോലെ കേരളത്തിന്റെ സാമ്പത്തിക ആസൂത്രണ മേഖലയില്‍ തോമസ് ഐസക്കിന്റെ നിഴല്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നുണ്ട്.  

ഐസക്കിന്റെ ബജറ്റുകള്‍ ദൈര്‍ഘ്യമേറിയവയായിരുന്നെന്നും കവിതകളുടെ അതിപ്രസരം ഉണ്ടായിരുന്നു എന്നൊക്കെയാണ് സി.പി.എം. സൈബര്‍ സഖാക്കള്‍ പോലും ഇപ്പോള്‍ പറയുന്നത്. ഒരു പാര്‍ട്ടി ഒരു നേതാവ് എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാവുന്ന ഒരു പരിസരത്തില്‍ ഇത്തരം സമീപനങ്ങള്‍ സ്വാഭാവികമാണ്. പക്ഷേ, തീര്‍ത്തും ഉപരിപ്ലവമായ ഇത്തരം വിമര്‍ശങ്ങള്‍ക്ക് ഇല്ലാതാക്കാനാവുന്നതല്ല തോമസ് ഐസക്കും അദ്ദേഹം കേരളത്തിന് നല്‍കിയ സംഭാവനകളും. 

ആദ്യ പിണറായി മന്ത്രിസഭയില്‍നിന്ന് ഒരാള്‍ക്ക് മാത്രമേ ചരിത്രത്തില്‍ ഇടം നല്‍കാനാവുകയുള്ളു എന്ന് വന്നാല്‍ അതിനര്‍ഹതയുണ്ടാവുക കെ.കെ. ശൈലജയ്ക്കോ ജി. സുധാകരനോ പോലുമാവില്ല. അത് തോമസ് ഐസക്ക് തന്നെയായെിരിക്കും. വാസ്തവത്തില്‍ ഈ തുടര്‍ഭരണത്തില്‍ ഇടതു മുന്നണിയും സി.പി.എമ്മും ഒരിക്കലും മറക്കരുതാത്ത ഒരു പേരുണ്ടെങ്കില്‍ അത് ഐസക്കിന്റേതാണ്.

ചരിത്രം തീര്‍ത്ത ഭരണത്തുടര്‍ച്ച ഇടതുമുന്നണിക്ക് സമ്മാനിച്ചതിനു പിന്നിലെ ഏറ്റവും വലിയ ഘടകം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളാണെന്നതിനെ പ്രത്യയശാസ്ത്ര വിശാരദനായ പ്രകാശ് കാരാട്ട് പോലും ചോദ്യം ചെയ്യാനിടയില്ല. കിറ്റും പെന്‍ഷനും തന്നെയാണ് ഇടതുമുന്നണിയെ വീണ്ടും അധികാരത്തിലെത്തിച്ചതെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഏതുറക്കത്തിലും വിളിച്ചുപറയുമെന്നുറപ്പാണ്.  

ഓഖിക്കും പ്രളയത്തിനും മഹാമാരിക്കുമിടിയില്‍ കേരളം ആടിയുലഞ്ഞപ്പോള്‍ പിടിവള്ളിയായത് ഈ പദ്ധതികളാണ്. കാശിന് കാശും അന്നത്തിന് അന്നവും ഉറപ്പാക്കാനായതാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളെയും പിണറായി സര്‍ക്കാരിലേക്ക് ചേര്‍ത്തു നിര്‍ത്തിയത്. കോവിഡ് 19-നെതിരെയുള്ള പോരാട്ടം സാമ്രാജ്യത്വത്തിനെതിരെയുള്ള യുദ്ധമാണെന്ന സഖാവ് എം.എ. ബേബിയുടെ വ്യാഖ്യാനം ചിന്തയോ പീപ്പിള്‍സ് ഡമോക്രസിയോ പോലും കാര്യമായി എടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇ.എം.എസിന്റെ കുറവ് നികത്താന്‍ ബേബി സഖാവ് ഇങ്ങനെ പെടാപ്പാട് ചെയ്യേണ്ടതുണ്ടോ എന്നാണ് കടകംപള്ളി സുരേന്ദ്രന്‍ വരെ ചോദിക്കുന്നത്.

ക്ഷേമ പദ്ധതികളും കിറ്റും യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ ആരാണെന്ന് പ്രത്യേകം  ചോദിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഐസക്കിന്റെ ധനതത്വ ശാസ്ത്ര രീതികളോട് വിയോജിപ്പുള്ളവരുടെ എണ്ണം ഒരിക്കലും കുറവായിരിക്കില്ല. ഇതല്ല ക്ലാസ്സിക്കല്‍ മാര്‍ക്സിസത്തിന്റെ വഴിയെന്ന് വിലപിക്കുന്നവരും ചുരുക്കമല്ല. പക്ഷേ, പ്രായോഗികതയുടെ വഴിയിലൂടെ ഐസക്ക് നടന്നതിന്റെ ഫലമാണ് പിണറായി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍. 

കടമെടുക്കുന്നതു കൊണ്ട് ഒരു സംസ്ഥാനവും ഒരു രാഷ്ട്രവും അങ്ങിനെയങ്ങ് മുടിഞ്ഞു പോവില്ലെന്ന വിശ്വാസ പ്രമാണമാണ് ഐസക്കിനെ നയിക്കുന്നത്. കടമെടുത്ത് സബ്സിഡി നല്‍കേണ്ടതുണ്ടോ എന്ന് തമിഴ്നാട് പോലുള്ള ഒരു സംസ്ഥാനത്തിന്റെ ധനമന്ത്രിക്ക് ചോദിക്കാം. പക്ഷേ, വിറ്റു തുലയ്ക്കാന്‍ കാര്യമായ സ്വത്തൊന്നുമില്ലാത്ത കേരളം പോലൊരു സംസ്ഥാനത്തിന് അടിയന്തരഘട്ടങ്ങളില്‍ കടമെടുക്കുക എന്നത് അതിജീവനത്തിന്റെ പ്രത്യയശാസ്ത്രം തന്നെയാണ്.

നോട്ട് നിരോധനത്തിന് പിന്നാലെ ജി.എസ്.ടി. നിലവില്‍ വന്നപ്പോള്‍ ശരിക്കും പറഞ്ഞാല്‍ വഴിയാധാരമായത് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരാണ്. ജി.എസ്.ടിയുടെ കാര്യത്തില്‍ ആദ്യം ഐസക്കിനൊന്നു പിഴച്ചുവെന്നത് ശരിയാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മാനം മര്യാദയ്ക്ക് കേരളത്തിനും ഇതര സംസ്ഥാനങ്ങള്‍ക്കുമുള്ള വിഹിതം കൃത്യമായി തരും എന്ന് വിചാരിച്ചിടത്താണ് ഐസക്കിന് പാളിയത്. അതൊക്കെ ക്ഷമിക്കാവുന്നതേയുള്ളു. ഒരു തെറ്റൊക്കെ ഏതു സഖാവിനാണ് സംഭവിക്കാത്തത്.

പെട്രോളിയം ഉത്പന്നങ്ങളും ലോട്ടറിയും മദ്യവും റിയല്‍ എസ്റ്റേറ്റുമൊക്കെയാണ് കേരളത്തിന്റെ തനത് വരുമാന മാര്‍ഗ്ഗങ്ങള്‍. പ്രളയവും മഹാമാരിയും തകര്‍ത്തത് ഈ ഉറവിടങ്ങള്‍ കൂടിയാണ്. ഇത്തരം പ്രതിസന്ധികളില്‍ കേരളം പിടിച്ചു നിന്നത് ഐസക്കിനെ പോലൊരാള്‍ ആയിരുന്നു കേരളത്തിന്റെ ധനമന്ത്രി  എന്നതുകൊണ്ടു കൂടിയാണ്. കിഫ്ബി ദീര്‍ഘകാലയളവില്‍ ഒരു ബാദ്ധ്യതയാവും എന്ന് കരുതുന്നവരുണ്ടാവും. വെല്‍ഫെയര്‍ ഇക്കണോമിക്സിന്റെ കുലപതി കെയ്ന്‍സ് പറഞ്ഞതുപോലെ ദീര്‍ഘകാലയളവില്‍ നമ്മളല്ലൊവരും മരിച്ചിരിക്കും. 

അതുകൊണ്ടുതന്നെ ജീവിച്ചിരിക്കുമ്പോള്‍ കഞ്ഞിയും പറയറുമെങ്കിലും കിട്ടുന്നുണ്ടോ എന്നാണ് നോക്കേണ്ടത്.  ഒരു പ്രതിസന്ധിയില്‍ കേരളത്തിലേക്ക് പണം കൊണ്ടുവരാന്‍ കിഫ്ബിക്ക് കഴിഞ്ഞുവെന്നത് കാണാതിരിക്കരുത്. കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയായാലും മസാല ബോണ്ടായാലും ധനസമാഹാരണത്തിന് ഐസക്ക് കണ്ടെത്തിയ വഴികളില്‍ ഭാവനയും ആലോചനയുമുണ്ടായിരുന്നു. ദുരന്ത മുനമ്പില്‍ നില്‍ക്കുമ്പോള്‍ കാലിയായ ഖജനാവാണ് ഏതൊരു സര്‍ക്കാരിന്റെയും പേടിസ്വപ്നം. ഈ പ്രതിസന്ധി മറികടക്കാന്‍ ഐസക്ക് കാണിച്ച കരുതലും ശുഷ്‌കാന്തിയുമാണ് ഇടതുമുന്നണി സര്‍ക്കാരിന് കാവലും തുണയുമായത്.

ബംഗാളിലെ ഗതികേടിലേക്ക് കേരളത്തിലെ സി.പി.എം. എത്തിപ്പെടാതിരുന്നതിനു പിന്നിലുള്ള രണ്ട് മുഖ്യ ഘടകങ്ങള്‍ ജനകീയാസൂത്രണവും കുടുംബശ്രീയുമാണെന്ന നിരീക്ഷണമുണ്ട്.  ഇതില്‍ രണ്ടിലും ഐസക്ക് വഹിച്ച റോള്‍ കണ്ടില്ലെന്ന്  നടിക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ മാനവും തലവും നല്‍കിയതിലൂടെയാണ് കുടുംബശ്രീ പച്ചപിടിച്ചത്. ത്രിതല പഞ്ചായത്തുകളിലൂടെ നടപ്പാക്കിയ അധികാര വികേന്ദ്രീകരണത്തിന്റെ വ്യാപനവും തുടര്‍ച്ചയുമാണ് കുടുംബശ്രീയുടെ പ്രവര്‍ത്തന പഥം പ്രകാശ ഭരിതമാക്കിയത്. സ്ത്രീ ശാക്തീകരണമില്ലെങ്കില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം അടിത്തട്ടില്‍ വെറും വാക്കാവുമെന്ന വ്യക്തവും നിശിതവുമായ കാഴ്ചപ്പാടുള്ള ഒരു ധനമന്ത്രിയായിരുന്നു ഐസക്ക്.

ബില്‍ഡിങ് ഓള്‍ട്ടര്‍നെറ്റീവസ്(ബദലുകള്‍ നിര്‍മ്മിക്കല്‍) എന്നാണ് ഐസക്കിന്റെ ഒരു പുസ്തകത്തിന്റെ പേര്. ഇന്ത്യയില്‍ കേരളം ഒരു ബദല്‍ മാതൃക ആവുന്നതെങ്ങനെയെന്ന അന്വേഷണം. രണ്ട് മാസം മുമ്പ് ന്യൂസ് ക്ലിക്ക് എന്ന മാദ്ധ്യമത്തിനു വേണ്ടി വിജയ് പ്രഷദ് നടത്തിയ അഭിമുഖത്തില്‍ ഐസക്ക് കേരള ബദലിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. 

വ്യവസായവത്കരണമുണ്ടായപ്പോഴും ഭൂരിപക്ഷം വരുന്ന ജനസമൂഹത്തിന് വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നിഷേധിക്കപ്പെടുന്ന ഗുജറാത്തിനും(ഗുജറാത്ത്് മോഡലിന്റെ പൊള്ളത്തരം കോവിഡ് 19 കൃത്യമായി പുറത്തുകൊണ്ടുവന്നിട്ടുണ്ട്) വ്യവസായവത്കരണവും ക്ഷേമപദ്ധതികളും ഒരുപോലെ ഇല്ലാത്ത ബിമാരു സംസ്ഥാനങ്ങള്‍ക്കും(ബിഹാര്‍, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്) കേരളം ബദലാവുന്നതിനെക്കുറിച്ച് ഐസക്ക് സംസാരിക്കുന്നത് വ്യക്തമായ ബോദ്ധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്.

രണ്ടു വട്ടം ധനമന്ത്രിയായ ഐസക്ക് എന്തുകൊണ്ട് സി.പി.എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയിയില്ല എന്ന ചോദ്യത്തിന് തീര്‍ച്ചയായും പ്രസക്തിയുണ്ട്. ഇക്കുറി പിണറായി വിജയന്‍ തുടര്‍ മുഖ്യമന്ത്രിയാവേണ്ടത് അനിവാര്യമാണെന്ന  ഭാഷ്യം സമ്മതിച്ചാല്‍ പോലും അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി എന്തുകൊണ്ടും സി.പി.എമ്മിന് ഉയര്‍ത്തിക്കാട്ടാവുന്ന ഒരാള്‍ ഐസക്കാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. 

പക്ഷേ, ഇളവുകള്‍ പലപ്പോഴും ചില വ്യക്തികള്‍ക്ക് മാത്രമാണ്. അല്ലെങ്കില്‍ ഒരേയൊരു വ്യക്തിക്ക് മാത്രമാണ്.  അങ്ങിനെ വരുമ്പോള്‍ ഈ ഘട്ടത്തില്‍ സ്വാഭാവികമായും ചോദിക്കേണ്ട ഒരു ചോദ്യം എന്തുകൊണ്ട് ഐസക്ക് രാജ്യസഭയിലേക്ക് പോയില്ല എന്നു തന്നെയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ പൊതുവെ പ്രതീക്ഷിക്കപ്പെട്ടത് ഐസക്കിനെ സി.പി.എം. രാജ്യസഭയിലേക്ക് വിടും എന്നായിരുന്നു. 

നിലവില്‍ പാര്‍ലമെന്റില്‍ സി.പി.എമ്മിന് കരുത്തുറ്റ ശബ്്ദമില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. യെച്ചൂരിയും പി. രാജീവുമൊക്കെ പടിയിറങ്ങുകയും ബംഗാളില്‍നിന്ന് കാര്യശേഷിയുള്ള നേതാക്കള്‍ക്ക് പാര്‍ലമെന്റില്‍ എത്താനുള്ള അവസരമില്ലാതാവുകയും ചെയ്തതോടെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ സി.പി.എം. അനുഭവിക്കുന്ന ദാരിദ്ര്യം ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല.

വികാരമല്ല വിചാരമാണ് ജനാധിപത്യത്തില്‍ നിര്‍ണ്ണായകമെന്ന ചിന്തയാണ് ഭരണഘടന ശില്‍പികളെ രാജ്യസഭ എന്ന ആശയത്തിലേക്ക് നയിച്ചത്. ഇരുത്തം വന്ന നേതാക്കളുടെ സഭയാണ് രാജ്യസഭ എന്നാണ് എന്‍. ഗോപാലസ്വാമി അയ്യങ്കര്‍ നിരീക്ഷിച്ചത്. ബഹളങ്ങള്‍ക്കും വികാര പ്രകടനങ്ങള്‍ക്കുമപ്പുറത്ത് കാര്യങ്ങളുടെ ആത്മാവ് കണ്ടറിഞ്ഞ് സംസാരിക്കാന്‍ കഴിവുള്ളവരാണ് രാജ്യസഭയിലേക്ക് വരേണ്ടതെന്നാണ് രാജ്യസഭയുടെ പ്രഥമ ചെയര്‍മാനായിരുന്ന ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ പറഞ്ഞത്. ഇങ്ങനെയൊരു സഭയിലേക്ക് കേരളത്തില്‍നിന്ന് എന്തുകൊണ്ടും പോകേണ്ടയാളാണ് തോമസ് ഐസക്ക്.

സി.പി.എമ്മിനുള്ളിലെ അധികാര കേന്ദ്രങ്ങള്‍ക്ക് അനഭിമതനാണ് തോമസ് ഐസക്ക് എന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കെ.എസ്.എഫ്.ഇയുടെ 40 ശാഖകളില്‍ വിജിലന്‍സ് റെയ്ഡ് നടന്നത് ഈ ഘട്ടത്തില്‍ ഓര്‍ക്കാതിരിക്കാനാവില്ല. എന്തിനായിരുന്നു ആ റെയ്ഡ് എന്നത് ഇപ്പോഴും ഒരു സമസ്യയാണ്. അന്ന് തോമസ് ഐസക്ക് പ്രതികരിച്ചത് ഇതാരുടെ വട്ടാണെന്നറിയില്ല എന്നായിരുന്നു. 

വിജിലന്‍സ് റെയ്ഡ് ഒരു യാദൃശ്ചികതയായിരുന്നില്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. ഒന്നിലധികം യാദൃശ്ചികതകളുണ്ടായാല്‍ അതില്‍ ഒരു പദ്ധതിയുണ്ടെന്നും അതിനൊരു രീതിയുണ്ടെന്നും അതോടെ അത് യാദൃശ്ചികതയല്ലാതായി മാറുമെന്നും പറഞ്ഞത് ഷേക്സ്പിയറാണ്. ഈ ഭ്രാന്തിന് പിന്നില്‍ ഒരു രീതിയുണ്ടെന്നാണ് ഷേക്സ്പിയര്‍ പറഞ്ഞത്. 

വിജിലന്‍സ് റെയ്ഡിന് പിന്നാലെയാണ് നിയമസഭ തിരഞ്ഞെടുപ്പില്‍നിന്നും ഐസക്ക് മാറ്റിനിര്‍ത്തപ്പെട്ടത്. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനു മുന്നെ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പിലും ഐസക്ക് ഒഴിവാക്കപ്പെട്ടപ്പോള്‍ അതിലൊരു പദ്ധതിയുണ്ടെന്ന് പറയുന്നവരെ അങ്ങിനെയങ്ങ് തള്ളിക്കളയാനാവില്ല.

നമുക്ക് ഒന്നുകൂടി കേരള ബജറ്റിലേക്ക് വരാം. ഒരു ബജറ്റിനെ ബജറ്റാക്കുന്നത് അതിലെ സ്ഥിതി വിവരക്കണക്കുകളല്ല. ആശയവും ദര്‍ശനവുമാണ് ബജറ്റുകളെ നിര്‍ണ്ണയിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുന്നത്. 1991 ജൂണില്‍ തന്റെ കന്നി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ മന്‍മോഹന്‍സിങ് ഫ്രഞ്ച് നോവലിസ്റ്റ് വിക്ടര്‍ ഹ്യൂഗൊയെ ഉദ്ധരിച്ചു: ''ഒരു ആശയത്തിന്റെ സമയം ആഗതമായാല്‍ അതിനെ തടഞ്ഞുനിര്‍ത്താന്‍ ലോകത്തെ ഒരു ശക്തിക്കുമാവില്ല.'' താറുമാറായിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥിതിയിലേക്ക് മാറ്റത്തിന്റെ വാതിലുകള്‍ തുറന്നിടുകയാണ് മന്‍മോഹന്‍ ചെയ്തത്. അതൊരും ദര്‍ശനവും കാഴ്ചപ്പാടുമാണ്. അതിനോട് നമുക്ക് വിയോജിക്കുകയോ യോജിക്കുയോ ചെയ്യാം. പക്ഷേ, അതിനെ നമുക്ക് അവഗണിക്കാനാവില്ല.

കെ.എന്‍. ബാലഗോപാല്‍ ഇത്തവണ അവതരിപ്പിച്ചത് ഒരു അനുബന്ധ ബജറ്റാണ്. സമ്പൂര്‍ണ്ണമായൊരു ബജറ്റ് അടുത്ത വര്‍ഷമായിരിക്കും ബാലഗോപാല്‍ അവതരിപ്പിക്കുക. അനുബന്ധമായിലും സമ്പൂര്‍ണ്ണമായാലും ബജറ്റ് ഒരു ആശയവും ദര്‍ശനവും മുന്നോട്ടുവെയ്ക്കണം. കോവിഡ് 19 എന്ന വൈറസാണ് ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ തലകീഴായി മറിച്ചുകൊണ്ടിരിക്കുന്നത്. സ്വാഭവികമായും അതിനെതിരെയുള്ള പോരാട്ടമാണ് സമ്പദ് മേഖലയുടെ പുനരുജ്ജീവനത്തിന് വഴിയൊരുക്കുക. 

വാക്സിനേഷന് ആയിരം കോടി രൂപ മാറ്റിവെയ്ക്കുന്നതുകൊണ്ട് തീരുന്ന പ്രശ്നമല്ല ഇത്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാടിനെ നോക്കൂ! കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഭാരത് ബയോടെക്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. ഭാരത് ബയോടെക്കിന്റെ ഒരു വാക്സിന്‍ നിര്‍മ്മാണ കേന്ദ്രം തമിഴ്നാട്ടില്‍ തുടങ്ങാനാവുമോ എന്ന അന്വേഷണത്തിന്റെ ഭാഗമാണത്. 

ഒരു ബോധവും വ്യക്തതയുമില്ലാതെ നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനെ ആശ്രയിച്ച് വാക്സിനേഷന്‍ മുന്നോട്ടു കൊണ്ടുപോകാനാവില്ല എന്ന തിരിച്ചറിവാണിത്. ഇത്തരം ഭാവനാത്മകമായ പദ്ധതികളാണ് ബജറ്റ് മുന്നോട്ടു വെയ്ക്കേണ്ടത്. ഇവിടെയാണ് നമ്മള്‍ ഐസക്കിനെപ്പോലൊരാളുടെ അഭാവം അറിയുന്നത്.

ഐസക്കിനെ ഒതുക്കുന്നതിനു പിന്നില്‍ ഒരു പദ്ധതിയുണ്ടാവാം. പക്ഷേ, ഇത്തരമൊരു പദ്ധതി സി.പി.എം. എന്ന പാര്‍ട്ടിക്കോ കേരളത്തിനോ എന്തു ഗുണമാണു ചെയ്യുന്നതെന്ന് ആരും ചോദിച്ചില്ലെങ്കിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിക്കേണ്ടതാണ്. രാജ്യസഭയില്‍ ഐസക്കിനെപ്പോലൊരാള്‍ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം യെച്ചൂരിക്ക് അറിയാനായില്ലെങ്കില്‍ പിന്നെ വേറെയാര്‍ക്കാണ് അറിയാന്‍ കഴിയുക. 

ഒരിക്കല്‍ ഒരു പത്രസമ്മേളനത്തില്‍ ചില ചോദ്യങ്ങള്‍ ചോദിച്ച ബന്ധം മാത്രമേ ഇതെഴുതുന്നയാള്‍ക്ക് ഐസക്കുമായുള്ളു. ഐസക്കിനെപ്പോലൊരാള്‍ കേരളത്തിന്റെ പൊതുസ്വത്താണെന്നും അത്തരം സ്വത്തുക്കള്‍ ഉപയോഗിക്കപ്പെടാതെ പോകുന്നത് കേരളത്തിന് പൊതുവായ നഷ്ടമാണുണ്ടാക്കുകയെന്നുമുള്ള വിലയിരുത്തലാണ് ഈ കുറിപ്പിനാധാരം.

വഴിയില്‍ കേട്ടത്: രാജ്യത്തെ കോവിഡ് പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ സ്‌കിസൊഫ്രീനിയയെന്ന് അമര്‍ത്യ സെന്‍. തമിഴ്നാട് ധനമന്ത്രി പി.ടി.ആര്‍. പളനിവേല്‍ ത്യാഗരാജനാണ് ഈ മനോരോഗത്തിലേക്ക് ആദ്യം വിരല്‍ ചൂണ്ടിയത്. മാടമ്പള്ളിയിലെ ആ രോഗിയെ ആദ്യം കണ്ടെത്തിയതിന്റെ ക്രെഡിറ്റ് ത്യാഗരാജന് തന്നെ കൊടുക്കണം.

Content Highlights: Dr. Thomas Isac and Kerala CPM | Vazhipokkan