കേള്‍ക്കാന്‍ ഇമ്പമുള്ള വാക്കുകളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള കമ്പം പ്രസിദ്ധമാണ്. ജനങ്ങളുടെ മനസ്സും ഭാവനയും പിടിച്ചെടുക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതില്‍ മോദിക്കുള്ള കഴിവില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ഇന്നലെ(24 ജൂണ്‍ 2021) ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലും മോദി അവസരത്തിനൊത്തുയര്‍ന്നു. ''ദില്ലി കി ദൂരി കാം ഹോനി ചാഹിയെ ഓര്‍ ദില്‍ കി ദൂരി ബി'' (ദില്ലിയില്‍നിന്നുള്ള ദൂരവും ഹൃദയത്തില്‍നിന്നുള്ള ദൂരവും കുറയേണ്ടിയിരിക്കുന്നു).

ജമ്മു കശ്മീരിനെ രാഷ്ട്രത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും വികസനത്തിനുമുള്ള വന്‍ ചുവടുവെയ്പായാണ് 2019 ഓഗസ്റ്റ് അഞ്ചിലെ ഇടപെടലിനെ പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അവതരിപ്പിച്ചത്. പക്ഷേ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തു കളഞ്ഞ് രണ്ട് വര്‍ഷമാവുമ്പോള്‍ കശ്മീരിനും ഡല്‍ഹിക്കുമിടയിലുള്ള ദൂരത്തിലേക്കാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വിരല്‍ ചൂണ്ടേണ്ടി വരുന്നുവെന്നത് ഒരര്‍ത്ഥത്തില്‍ വലിയൊരു കുറ്റസമ്മതം തന്നെയാവുന്നു.

കശ്മീരിന്റെ ഹൃദയത്തിലിടം നേടുന്നതില്‍ സംഘപരിവാറിനും മോദി സര്‍ക്കാരിനും എന്തുകൊണ്ട് വിജയിക്കാനായില്ല എന്ന ചോദ്യത്തിന് പത്രപ്രവര്‍ത്തകനായ പ്രേംശങ്കര്‍ ഝാ 2019 ഓഗസ്റ്റ് പത്തിന് ദ വയറില്‍ എഴുതിയ ലേഖനത്തില്‍ നല്‍കുന്ന ഒരു ഉത്തരം ഇതാണ്. ''കശ്മീരി ഇസ്ലാമിന് ഇന്ത്യയിലെ മറ്റ് ഇടങ്ങളില്‍ സുന്നികള്‍ പിന്തുടരുന്ന ഇസ്ലാമുമായി വലിയ വ്യത്യാസമുണ്ടെന്നത് സംഘപരിവാര്‍ അവഗണിക്കുന്നു. പേര്‍ഷ്യയില്‍നിന്നും മദ്ധ്യേഷ്യയില്‍നിന്നും സൂഫികളാണ് കശ്മീരിലേക്ക് ഇസ്ലാം കൊണ്ടുവന്നത്. സൂഫികളാല്‍ ആകൃഷ്ടരായ ബ്രാഹമ്ണരാണ് ഇസ്ലാമിനെ കശ്മീര്‍ താഴ്വരിയില്‍ പ്രചരിപ്പിച്ചത്.'' ഇതുകൊണ്ടാണ് കശ്മീരി ഇസ്ലാമില്‍ ഹിന്ദുശീലങ്ങളുടെ അനുരണനമുള്ളതെന്ന് ഝാ ചൂണ്ടിക്കാട്ടുന്നു.

1946-ല്‍ കശ്മീര്‍ മുസ്ലിം കോണ്‍ഫറന്‍സിനെ മുസ്ലിം ലീഗില്‍ ലയിപ്പിക്കണമെന്ന് കോണ്‍ഫറന്‍സ് നേതാവ് ചൗധരി ഗുലാം അബ്ബാസ് മുസ്ലിം ലീഗ് നേതാവ്  മുഹമ്മദ് അലി ജിന്നയ്ക്ക് കത്തെഴുതിയതും ഝാ അനുസ്മരിക്കുന്നു. അബ്ബാസിന്റെ ആവശ്യം ജിന്ന തള്ളിക്കളഞ്ഞു. ജിന്നയുടെ സെക്രട്ടറി ഖുര്‍ഷിദ് അഹമ്മദ് നല്‍കിയ റിപ്പോര്‍ട്ടായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍. 

''ഇവര്‍ പിന്തുടരുന്നത് ഇസ്ലാമിന്റെ വിചിത്രരൂപമാണ്. ദീര്‍ഘകാലത്തെ പുനര്‍വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇവരെ യഥാര്‍ത്ഥ മുസ്ലിങ്ങള്‍ ആക്കാനാവുകയുള്ളു എന്ന് ഞാന്‍ ഭയപ്പെടുന്നു.'' എന്നാണ് ഖുര്‍ഷിദ് ജിന്നയ്ക്കെഴുതിയത്. തങ്ങളുടെ സാംസ്‌കാരിക പൈതൃകം കൃത്യമായി സ്വാംശീകരിക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന ഒരു ജനതയാണ് കശ്മീരികളെന്നും കശ്മീരിയത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അവസ്ഥയെക്കുറിച്ച് ശരിയായ ബോദ്ധ്യമില്ലാതെ പോയതാണ് മോദി സര്‍ക്കാരിന് സംഭവിച്ച ഗുരുതരമായ പിഴവെന്നും ഝാ പറയുന്നു.

ഇന്ത്യന്‍ യൂണിയനില്‍ ചേരണമെന്ന് തീരുമാനിച്ചത് കശ്മീരിലെ  മഹാരാജാവ് മാത്രമല്ല, ജനങ്ങള്‍ കൂടിയാണെന്നും ഝാ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പാക്കിസ്താനെയല്ല, ഇന്ത്യയെയാണ് കശ്മീരിലെ ജനത തിരഞ്ഞെടുത്തത്. കശ്മീര്‍ ജനതയുടെ ഈ നിലപാടിന് നേര്‍ക്കാണ് രണ്ട് വര്‍ഷം മുമ്പ് മോദി സര്‍ക്കാര്‍ മുഖം തിരിഞ്ഞു നിന്നത്. ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം സി.പി.എം. നേതാവ് എം.വൈ. തരിഗാമി നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു: ''ഇത്തരത്തിലുള്ള സംഭാഷണമാണ് 2019 ഓഗസ്റ്റ് അഞ്ചിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നടത്തേണ്ടിയിരുന്നത്.''  

നോട്ട് നിരോധനം എന്ന തീര്‍ത്തും ഏകപക്ഷീയമായ നടപടി ഇന്ത്യന്‍ ജനത അംഗീകരിച്ചു എന്ന തോന്നലിലായിരിക്കണം ഹിന്ദുത്വയുടെ ചിറകുകള്‍ ഇനിയും ഒളിപ്പിച്ചു വെയ്ക്കേണ്ടതില്ലെന്ന് 2019-ലെ രണ്ടാം വരവില്‍ മോദിയും സംഘവും നിശ്ചയിച്ചുറപ്പിച്ചത്. സംഭാഷണങ്ങളുടെയും ചര്‍ച്ചകളുടെയും നിരാകരണവും നിഷേധവുമായിരുന്നു ഇതിന്റെ അനന്തര ഫലങ്ങള്‍. ഒരു തീരുമാനം ആരെയാണോ ബാധിക്കുന്നത് അവരുമായി മുന്‍കൂര്‍ ചര്‍ച്ച വേണമെന്നത് ജനാധിപത്യം ആവശ്യപ്പെടുന്ന പ്രാഥമിക മര്യാദയാണ്. 

ജനാധിപത്യം മുന്നോട്ടു വെയ്ക്കുന്ന ഈ അടിസ്ഥാന തത്വത്തിന്റെ  നിര്‍ദ്ദയമായ ലംഘനമാണ് കശ്മീരിലും പൗരത്വ ഭേദഗതി നിയമത്തിലും കാര്‍ഷിക നിയമങ്ങളിലും രാജ്യം കണ്ടത്. കോവിഡ് മഹാമാരിക്ക് മുന്നില്‍ വാക്സിന്‍ നയത്തിന്റെ ഏകപക്ഷീയമായ പൊളിച്ചെഴുത്തും ഇതേ പാതയിലായിരുന്നു. ഇതില്‍ ആദ്യം തിരുത്തിയത് വാക്സിന്‍ നയമാണ്. സുപ്രീം കോടതിയുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും മാദ്ധ്യമങ്ങളുടെയും അതിശക്തമായ നിലപാടുകള്‍ക്ക് മുന്നില്‍ മോദി സര്‍ക്കാരിന് തങ്ങളെടുത്ത ഒരു നയം തെറ്റാണെന്ന് അംഗീകരിക്കേണ്ടി വന്നു.

കശ്മീര്‍ നയത്തിലും മോദി സര്‍ക്കാര്‍ തെറ്റ് മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നവെന്നത് ജനാധിപത്യ വിശ്വാസികള്‍ക്ക് ആഹ്ളാദം പകരുക തന്നെ ചെയ്യും. പക്ഷേ, പ്രാസമൊപ്പിച്ച മധുരമാര്‍ന്ന വാക്കുകള്‍ക്കപ്പുറത്തേക്കുള്ള യാത്ര ഇനിയും നീട്ടിവെയ്ക്കാനാവില്ലെന്ന് മോദി സര്‍ക്കാര്‍ തിരിച്ചറിയേണ്ടതായുണ്ട്. പറയുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതാണ് മുഖ്യം. വാക്കിനും ചെയ്തിക്കുമിടയിലുള്ള അകലം കുറയുന്നില്ലെങ്കില്‍ കശ്മീരിന്റെ മുറിവ് ഒരിക്കലും ഉണങ്ങില്ല.

താലിബാന്റെ രാഷ്ട്രീയ നേതൃത്വവുമായി ഇന്ത്യന്‍ അധികൃതര്‍ ഖത്തറില്‍ ചര്‍ച്ച നടത്തി എന്ന വാര്‍ത്ത മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായുള്ള കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടന്നതെന്നത് ശ്രദ്ധേയമാണ്. വരുന്ന സെപ്റ്റംബറോടെ അഫ്്ഗാനില്‍നിന്ന് അമേരിക്കയുടെയും നാറ്റോയുടെയും സേനകള്‍ അന്തിമമായി പിന്‍വാങ്ങുമെന്ന് ഉറപ്പായി കഴിഞ്ഞു. അഫ്ഗാന്‍ ഭരണക്രമത്തില്‍  താലിബാന്‍ നിര്‍ണ്ണായക ശക്തിയാവുന്നതിനുള്ള പരിസരമാണ് ഇതിലൂടെ തുറക്കപ്പെട്ടിരിക്കുന്നത്. 

ഈ പരിസരത്തില്‍ തന്നെയാവണം താലിബാനുമായുള്ള സമ്പര്‍ക്കത്തിന് ഇന്ത്യ തുടക്കമിടുന്നതും . അഫ്ഗാന്റെ ഭാവി ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സ് കഴിഞ്ഞ ദിവസം തജിക്കിസ്താനില്‍ നടന്നിരുന്നു. ഇന്ത്യയുടെ ദേശീയ സുരകഷ ഉപദേഷ്ടാവ് അജിത് ദോവലും പാക്ക് സുരക്ഷ ഉപദേഷ്ടാവ് മൊയിദ് യൂസഫും ഇതില്‍ പങ്കെടുത്തുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

അഫ്ഗാന്‍ - പാക്ക് - ഇന്ത്യ ബന്ധം പുതിയ പരീക്ഷണങ്ങള്‍ക്ക് വിധേയമാവുമ്പോള്‍ കശ്മീര്‍ അസ്വസ്ഥമായി തുടരുന്നതിലെ പ്രതിസന്ധി മോദി സര്‍ക്കാരിന് കാണാതിരിക്കാനാവില്ല. ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടതില്‍ ജോ ബൈഡന്‍ ഭരണകൂടത്തിന്റെ ഇടപെടലുണ്ടായിരുന്നുവെന്ന് പരക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നതും ഈ ഘട്ടത്തില്‍ ഓര്‍ക്കപ്പെടണം.

ശൂന്യതയില്‍നിന്ന് ഒന്നുമുണ്ടാവുന്നില്ല. കശ്മീരിനെ 'നേര്‍വഴിക്ക്' കൊണ്ടുവരാന്‍ പി.ഡി.പിയുമായി സഖ്യമുണ്ടാക്കിയ പാര്‍ട്ടിയാണ് ബി.ജെ.പി. ആ നീക്കം പക്ഷേ, പൊളിഞ്ഞു പാളീസായി. അടുത്തിടെ  അല്‍ത്താഫ് ബുഖാരിയുടെ നേതൃത്വത്തില്‍ അപ്നി പാര്‍ട്ടി കാശ്മീരില്‍ പിറവിയെടുത്തതിന് പിന്നില്‍ ബി.ജെ.പിയാണെന്ന് ആരോപണമുണ്ട്. 

പി.ഡി.പിക്കും നാഷനല്‍ കോണ്‍ഫറന്‍സിനും ബദലാവാന്‍ അപ്നി പാര്‍ട്ടി ഇനിയും പല ജന്മങ്ങളെടുക്കേണ്ടി വരും എന്ന തിരിച്ചറിവും ഒരുപക്ഷേ,  സംഭാഷണ മേശയിലേക്കുള്ള ബി.ജെ.പിയുടെ തിരിച്ചുവരവിന് പിന്നിലുണ്ടായിരിക്കാം. നാഷനല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും സി.പി.എമ്മും ഉള്‍പ്പെടുന്ന ഗുപ്കര്‍ സഖ്യത്തിന്റെ രൂപവത്കരണവും കണ്ടില്ലെന്ന് നടിക്കാന്‍ ബി.ജെ.പിക്കും മോദി സര്‍ക്കാരിനുമാവില്ലെന്നതും ചര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായകമായിട്ടുണ്ടാവാം.

1966-ലാണ് ഇന്ദിര ഗാന്ധി ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായത്. അന്ന് ഇന്ദിരയ്െക്കഴുതിയ കത്തില്‍  കശ്മീരിനെക്കുറിച്ച് ജയപ്രകാശ് നാരയണ്‍ പറഞ്ഞ വാക്കുകള്‍ ഇന്നും അതീവപ്രസക്തമാണെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ എഴുതിയിരുന്നു: ''കശ്മീര്‍ ജനതയെ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്താന്‍ ഇന്ത്യ ശ്രമിച്ചാല്‍ അത് ഇന്ത്യയുടെ ആത്മാവിന്റെ ആത്മഹത്യയായിരിക്കും. ബലം പ്രയോഗിച്ച് കശ്മീര്‍ ജനതയെ തളര്‍ത്താനാവും എന്ന ചിന്ത നമ്മള്‍ നമ്മളെത്തന്നെ പറ്റിക്കുന്നതിന് തുല്ല്യമായിരിക്കും. ഭൂമിശാസ്ത്രപരമായി കശ്മീര്‍ ഇന്നുള്ള സ്ഥാനത്തല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ, തത്വത്തില്‍ ഇതിന് ചിലപ്പോള്‍ കഴിയുമായിരുന്നു. പക്ഷേ, ഇന്നത്തെ അവസ്ഥയില്‍ കശ്മീര്‍ സ്വസ്ഥമായിരിക്കാന്‍ പാക്കിസ്താന്‍ അനുവദിക്കില്ല.'' 

കശ്മീരില്‍ സമാധാനം പുലരണമെങ്കില്‍ 1947-53 കാലത്തേക്ക് തിരിച്ചുപോകണമെന്നാണ് ജെ.പി. ആവശ്യപ്പെട്ടത്. പ്രതിരോധം, വിദേശകാര്യം, ആശയവിനിമയം എന്നീ മൂന്ന് മേഖലകളൊഴികെ ബാക്കി എല്ലാ തലങ്ങളിലും കശ്മീര്‍ ജനതയ്ക്ക് സ്വയംനിര്‍ണ്ണയാവകാശം ഉണ്ടായിരുന്ന ഒരു കാലത്തിലേക്കാണ് ജെ.പി. വിരല്‍ചൂണ്ടിയത്.

കശ്മീരിനെക്കുറിച്ചുള്ള അഭിപ്രായം അറിയിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് ജെ.പിയുടെ കത്തിന് ഇന്ദിര മറുപടി എഴുതി. പക്ഷേ, ഒരു നടപടിയും ഇന്ദിര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ജെ.പിയുമായുള്ള ഇന്ദിരയുടെ അഭിപ്രായവ്യത്യാസം അറിയാവുന്നവര്‍ക്ക് ഇതില്‍ അത്ഭുതമുണ്ടായില്ലെന്ന് ഗുഹ എഴുതുന്നുണ്ട്. പക്ഷേ, നരേന്ദ്ര മോദിയും കൂട്ടരും ജെ.പിയോടുള്ള ഇഷ്ടം ഒരിക്കലും മറച്ചുവെച്ചിട്ടില്ല. 

അടിയന്തരവസ്ഥയ്ക്കെതിരെ ജെ.പിയുടെ നേതൃത്വത്തിലുണ്ടായ മുന്നേറ്റം തന്നെ സ്വാധീനിച്ചതിനെക്കുറിച്ച് വാചാലനാവുന്നതില്‍ ഒരു മടിയും മോദി കാണിച്ചിട്ടില്ല. 2019 ഓഗസ്റ്റ് അഞ്ചിന് പക്ഷേ, ഇന്ദിരയേക്കാളും വലിയ വഞ്ചനയാണ് മോദി സര്‍ക്കാര്‍ ജെ.പിയോട് കാട്ടിയത്. രണ്ടു കൊല്ലം കശ്മീര്‍ ജനതയെ ഇരുട്ടില്‍ നിര്‍ത്തിയതിലൂടെ ജെ.പിയുടെ ഓര്‍മ്മകളാണ് മോദിയും സംഘവും ബലികൊടുത്തത്. ഇതിനുള്ള പ്രായശ്ചിത്തത്തിനും പരിഹാരത്തിനുമാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുന്നതെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ആശ്വസിക്കാന്‍ തീര്‍ച്ചയായും വകയുണ്ട്. 

വചനം മാംസമാകുന്ന ആ വലിയ മുഹൂര്‍ത്തത്തിന് ഇനിയും കാത്തിരിക്കേണ്ട ഗതികേട് കാശ്മിര്‍ ജനതയ്ക്കുണ്ടാവാതിരിക്കട്ടെ!

വഴിയില്‍ കേട്ടത്: വിജയിയെ നിശ്ചയിക്കാന്‍ ഒരു ടെസ്റ്റ് പോരെന്ന് ഐ.സി.സി. ട്രോഫി മത്സരത്തില്‍ ന്യൂസിലന്റിനോട് തോറ്റപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. ഇതു തന്നെയാണ് ഓരോ തിരഞ്ഞെടുപ്പിന് ശേഷം  താനും പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി...!

Content Highlights: Dear Prime minister, Your rhythmic words alone won't be sweet for Kashmir people | Vazhipokkan