ജീവിതമാണോ സ്വാതന്ത്ര്യമാണോ വലുതെന്നു ചോദിച്ചാല്‍ സ്വാതന്ത്ര്യം എന്ന് നിസ്സംശയം പറയുമെന്നാണ് പഴനിയപ്പന്‍ ചിദംബരം ബുധനാഴ്ച രാത്രി പറഞ്ഞത്. ഡെല്‍ഹിയില്‍ എ.ഐ.സി.സി. ആസ്ഥാനത്ത് ചിദംബരം  നടത്തിയ പത്രസമ്മേളനം നാടകീയവും വികാരനിര്‍ഭരവുമായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി ആംഗലേയ കവി മില്‍ട്ടണ്‍ നടത്തിയ വിശ്രുതമായ ഇടപെടലിനു ശേഷം ലോകം കണ്ട ഏറ്റവും ശക്തമായ വാദമായിരിക്കണം അഭിഭാഷകന്‍ കൂടിയായ ചിദംബരത്തിന്റേത്. ജനാധിപത്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ചിദംബരം വികാരവിവശനായത് കണ്ട് മില്‍ട്ടണ്‍ അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ തീര്‍ച്ചയായും ഞെരിപിരി കൊണ്ടുകാണും. 

രവി ശ്രീനിവാസന്‍ എന്ന ചെറുപ്പക്കാരനെ ചിദംബരം ഇന്നലെ ഓര്‍ത്തുകാണുമോ എന്നറിയില്ല. 2012 ഒക്ടോബര്‍ 30-ന് പുലര്‍ച്ചെ പുതുച്ചേരിയിലെ വീട്ടില്‍നിന്ന് രവിയെ പോലീസുകാര്‍ വലിച്ചിഴച്ച് കൊണ്ടുപോയത് ആരൊക്കെ മറന്നാലും ചിദംബരം മറക്കരുത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം നല്‍കിയ പരാതിയുടെ പുറത്തായിരുന്നു പുതുച്ചേരി പോലീസ് രവിയെ അറസ്റ്റ് ചെയ്തത്. 

കാര്‍ത്തിക്ക് റോബര്‍ട്ട് വാദ്രയേക്കാള്‍ സ്വത്തുണ്ടെന്ന രവിയുടെ ട്വീറ്റായിരുന്നു കാര്‍ത്തിയുടെ പരാതിയുടെ അടിസ്ഥാനം. വെറും 16 പേര്‍ മാത്രമാണ് രവിയെ ട്വിറ്ററില്‍ പിന്തുടര്‍ന്നിരുന്നത്. എന്നിട്ടും രവിയുടെ  പരാമര്‍ശം കാര്‍ത്തിയെ പ്രകോപിപ്പിച്ചു. അന്ന് ചിദംബരം കേന്ദ്ര ധനമന്ത്രിയാണ്. അതിനും മാസങ്ങള്‍ക്ക് മുമ്പ് ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ പോലീസുകാര്‍ കേന്ദ്ര സര്‍ക്കാരിന്റെ വിളിപ്പുറത്താണ്. കാര്‍ത്തിയുടെ പരാതിയിന്മേല്‍ പുതുച്ചേരി പോലീസ് മിന്നല്‍വേഗത്തില്‍ നടപടിയെടുത്തതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.

രവിയെ മജിസ്ട്രേറ്റ് ജാമ്യത്തില്‍ വിട്ടു. സുബ്രഹ്‌മണ്യന്‍സ്വാമിയടക്കം പലരും അതിനകം രവിയുടെ സഹായത്തിനെത്തിയിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ മണിക്കുറൂകളില്‍ തന്റെ കുടുംബം അനുഭവിച്ച വേദനയെക്കുറിച്ച് രവി പിന്നീട് പറഞ്ഞു. രവിയെ എങ്ങോട്ടാണ് പോലീസ് കൊണ്ടുപേയതെന്ന് കുടുംബത്തിന് ഒരു വിവരവുമുണ്ടായിരുന്നില്ല. ഐടി നിയമം 66-ാം ചട്ടമനുസരിച്ചായിരുന്നു രവിയുടെ അറസ്റ്റ്. ഈ കരിനിയമം പിന്നീട് 2015-ല്‍ സുപ്രീം കോടതി റദ്ദാക്കി. രവിക്കെതിരെ ചുമത്തപ്പെട്ട കേസ് അതോടെ മജിസ്ട്രേറ്റ് കോടതിയും റദ്ദാക്കി.

മനുഷ്യാവകാശത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ചിദംബരം വാചാലനാവുമ്പോള്‍ എന്താരു പ്രഹസനമാണിതെന്ന് ചോദിക്കാതിരിക്കാനാവില്ല. വെറുമൊരു ട്വീറ്റിന്റെ പേരില്‍ ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യിച്ചവരുടെ വിലാപം കേള്‍ക്കുമ്പോള്‍ കാലത്തിന്റെ നീതിബോധത്തിനും കര്‍മ്മത്തിന്റെ തിരിച്ചടികള്‍ക്കും മുന്നില്‍ നമോവാകം എന്നു മാത്രമേ പറയനാവൂ. 

ചിദംബരത്തിന്റെ മിടുക്കിനെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. 1997 ഫിബ്രവരി 28-ന് ചിദംബരം അവതരിപ്പിച്ച ബജറ്റ് സ്വപ്നതുല്യമെന്നാണ് വാഴ്ത്തപ്പെട്ടത്. മന്‍മോഹന്‍സിങ് ഇന്ത്യന്‍ സാമ്പത്തികമേഖലയെ ഉഴുതുമറിച്ചെങ്കില്‍ ആ പാടത്ത് ശരിക്കും കൃഷിയിറക്കിയ കക്ഷി ചിദംബരമായിരുന്നു. 2004-ല്‍ പ്രഥമ യു.പി.എ. സര്‍ക്കാരില്‍ ധനമന്ത്രിയാവാന്‍ കഴിഞ്ഞതോടെയാണ് ചിദംബരത്തിന്റെ രാശി ശരിക്കും ഉദിച്ചത്. 

അന്ന് ചിദംബരം കൊണ്ടുവന്ന പാര്‍ട്ടിസിപ്പേറ്ററി നോട്ട്സാണ് വിദേശത്തുനിന്ന് വന്‍തോതില്‍ കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന ആരോപണം ശക്തമാണ്.  ഇങ്ങനെ വിദേശ മൂലധനം ഇന്ത്യയിലേക്ക് പ്രവഹിച്ചതോടെയാണ് നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് വിപണി കുതിച്ചുയര്‍ന്നത്. 2004-ന് മുമ്പ് നാട്ടില്‍ ഭൂമിക്കും വീടിനുമുണ്ടായിരുന്ന വിലയും അതിനുശേഷം പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ ഈ വിലകള്‍ മുന്നോട്ടുപോയതും ഒന്ന് പിന്നാക്കം നോക്കിയാല്‍ പിടികിട്ടും. ഈ പരിസരത്തില്‍ നിന്നുകൊണ്ടാണ് റാംജത്മലാനി  കള്ളപ്പണത്തിന്റെ സുഹൃത്തും പിതാവും ദാര്‍ശനികനുമാണ് ചിദംബരം എന്ന് വിശേഷിപ്പിച്ചത്.

ചിദംബരത്തിന്റെ അറസ്റ്റില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും മുതലക്കണ്ണീരാവാം ഒഴുക്കുന്നത്. കോണ്‍ഗ്രസിനെ ഇന്നത്തെ നിലയിലേക്കെത്തിക്കുന്നതില്‍ ചിദംബരം വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. ആന്ധ്രയുടെ വിഭജനം എന്ന ഒരൊറ്റ സംഗതി മാത്രം മതി ചിദംബരത്തിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ ഓര്‍ക്കാന്‍. ഒരു പക്ഷേ, അമിത് ഷായോട് മുട്ടാന്‍ ചിദംബരം ഒരുമ്പെടാതിരുന്നെങ്കില്‍ ഈ ഒരൊറ്റ നീക്കത്തിനുപുറത്ത് ബി.ജെ.പി. എന്നുമെന്നും ചിദംബരത്തോട് കടപ്പെട്ടിരിക്കും.

ചിദംബരത്തിന്റെ അറസ്റ്റല്ല വാസ്തവത്തില്‍ ജനാധിപത്യ പ്രേമികളെ പേടിപ്പിക്കേണ്ടത്. സര്‍വ്വപ്രതാപിയായിരുന്ന ഇന്ദിരാഗാന്ധിയെ 1975 ജൂണില്‍ വിറപ്പിച്ചത് അലഹബാദ് ഹൈക്കോടതി ജഡ്ജ്  ജഗ്മോഹന്‍ലാല്‍ സിന്‍ഹയുടെ വിധിയാണ്. റായ്ബറേലിയില്‍ നിന്നുള്ള ഇന്ദിരയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ജസ്റ്റിസ് സിന്‍ഹയുടെ വിധി ഇന്ത്യന്‍ ജനാധിപത്യത്തിലെ എക്കാലത്തെയും രജതരേഖകളില്‍ ഒന്നാണ്. 

ഇന്നലെ ചിദംബരം പറഞ്ഞത് താന്‍ നിയമത്തില്‍നിന്ന് ഒളിച്ചോടുകയായിരുന്നില്ലെന്നും നിയമത്തിന്റെ പരിരക്ഷ തേടുകയായിരുന്നുവെന്നുമാണ്. വരികള്‍ക്കിടയില്‍ ചിദംബരം പറഞ്ഞുവെച്ചത് ആ പരിരക്ഷ കിട്ടാതെ പോയതിനെക്കുറിച്ചാണ്. ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ സിന്‍ഹയെ ഒരുപക്ഷേ, ചിദംബരം ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവണം. വ്യക്തികളെയും ഭീകരപ്രവര്‍ത്തകരായി മുദ്ര കുത്താമെന്ന നിയമഭേദഗതി മോദി സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ അതിനെ അനുകൂലിച്ച് വോട്ടുചെയ്തതും ഇപ്പോള്‍ ചിദംബരം ഓര്‍ക്കുന്നുണ്ടാവാം.

സര്‍വ്വാധിപത്യം കാംക്ഷിക്കുന്ന സര്‍ക്കാര്‍ ജനാധിപത്യ വിധ്വംസനത്തിലേക്ക് തിരിയുമ്പോള്‍ അതിന് തടയിടാനുള്ള ഉത്തരവാദിത്തം ഭരണഘടന ഏല്‍പിച്ചിരിക്കുന്നത് കോടതിയെയാണ്.  ഭരണഘടനയുടെ ഈ സുപ്രധാന ദൗത്യം നിറവേറ്റാന്‍ കഴിയുന്ന ജസ്റ്റിസ് സിന്‍ഹമാരുടെ നേര്‍ക്ക് സ്വാന്ത്വനവും ആശ്രയവും തേടി ഉറ്റുനോക്കാന്‍ മാത്രമേ ജനാധിപത്യ സമൂഹത്തിനു കഴിയുകയുള്ളൂ എന്നതാണ് ഈ ദശാസന്ധിയുടെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കുന്നത്. ജസ്റ്റിസ് സിന്‍ഹമാര്‍ എവിടെയെന്ന് ചിദംബരം വരികള്‍ക്കിടയില്‍ ചോദിക്കുമ്പോള്‍ ആ ചോദ്യത്തിന്റെ തിരിഞ്ഞുകുത്തലായിരിക്കാം ചിദംബരത്തെ ഇന്നിപ്പോള്‍ ഏറ്റവുമധികം വിഷമിപ്പിക്കുന്നത്.

വഴിയില്‍ കേട്ടത്: ഇതിനു മുമ്പ് സി.ബി.ഐ. ഉദ്യോഗസ്ഥര്‍ മതില്‍ ചാടിക്കടന്നത് 2011-ല്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ ദയാനിധി മാരന്റെ ചെന്നൈയിലെ വീട്ടില്‍ റെയ്ഡ് നടത്താനാണ്. അന്ന് പി. ചിദംബരമായിരുന്നു  കേന്ദ്ര ആഭ്യന്തരമന്ത്രി.

Content Highlights: P Chidamabram arrested in INX media case