ല്ല കാര്യം ആദ്യമേ പറയാം. പ്രിയപ്പെട്ട മുഖ്യമന്ത്രി, സത്യം പറഞ്ഞതിന് താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിട്ടാണ് കാര്‍ ഓടിച്ചതെന്ന് തുറന്നു പറഞ്ഞതു ചെറിയ കാര്യമല്ല. ശ്രീറാം പറയുന്നതുകൊണ്ടോ വൈകി നടത്തിയ രക്തപരിശോധനാ ഫലം പറയുന്നതുകൊണ്ടോ ഈ സത്യം ഇല്ലാതാവില്ലെന്നും താങ്കള്‍ പറഞ്ഞു. തീര്‍ച്ചയായും ഇതൊരു ചെറിയ കാര്യമല്ല. ഇങ്ങനെ കാര്യങ്ങള്‍ തുറന്നു പറയാന്‍ നമുക്ക് അധികം ഭരണാധികാരികള്‍ ഇല്ലെന്നതാണ് വാസ്തവം.

പക്ഷെ..... അതൊരു വലിയ പക്ഷെയാണ്. താങ്കളുടെ തുറന്നുപറച്ചില്‍ ബൂമറാങ് പോലെ താങ്കളിലേക്ക് തന്നെയാണ് തിരിച്ചെത്തുന്നത്. പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാനാവില്ലെന്നും താങ്കള്‍ പറഞ്ഞു. ഇതേ പി.എസ്.സി. മുന്‍ നിര റാങ്കുകള്‍ നല്‍കിയ ശിവരഞ്ജിത്തിനെയും പ്രണവിനെയും പോലുള്ളവരാണ് ഇപ്പോള്‍ പോലീസിലുള്ളത്. പി.എസ്.സിയുടെ ഇത്തരം കലാപരിപാടികളിലൂടെ കയറിക്കൂടിയവര്‍ തന്നെയാവണം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിയമം അട്ടിമറിക്കാന്‍ ശ്രീറാമിനെ സഹായിച്ചത്.

ശ്രീറാമിന്റെ രക്തപരിശോധനയില്‍ മദ്യം കണ്ടെത്താനായില്ലെന്ന ആ റിപ്പോര്‍ട്ടുണ്ടല്ലോ, പ്രിയപ്പെട്ട മുഖ്യമന്ത്രി, അത് നാനാവിധമാക്കുന്നത് താങ്കളുടെ മന്ത്രിസഭയുടെ പ്രതിച്ഛായയാണ്. അതില്‍പെട്ടുലഞ്ഞു പോവുന്നത് താങ്കളുടെ പാര്‍ട്ടി കൂടി ഉള്‍പ്പെട്ട ഇടതുപക്ഷത്തിന്റെ ആത്മവീര്യമാണ്. ഉദ്യോഗസ്ഥവൃന്ദവും പോലീസും കൂടിച്ചേരുന്ന എക്സിക്യൂട്ടിവ് സംവിധാനം കേരള ജനതയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയിട്ട്, പോടാ പുല്ലേ എന്ന് പറഞ്ഞു പോവുമ്പോള്‍ ഇത്തരം വിലാപങ്ങള്‍ അതിനുള്ള പ്രതിവിധിയാവുന്നില്ല.

നിയമം നടപ്പാക്കേണ്ട ഒരു പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ് നിയമം തകര്‍ത്തത്. തനിത്തങ്കമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ 'വിഗ്രഹം' വെറും ചെളിയാണെന്ന് തെളിയാന്‍ ഏതാനും നിമഷങ്ങളേ വേണ്ടി വന്നുള്ളു. കുറ്റം ഏറ്റുപറയണമെങ്കില്‍ പരീക്ഷകളില്‍ ഒന്നാമനാവാനുള്ള മിടുക്ക് മാത്രം പോര. അതിന് സ്വഭാവശുദ്ധി എന്നു പറയുന്ന സംഗതി വേണം. വര്‍ഷങ്ങള്‍ക്കു മുമ്പ് കോളേജില്‍ പഠിക്കുമ്പോള്‍ ഒരു അദ്ധ്യാപകന്‍ പറഞ്ഞ വാക്കുകള്‍ വിളക്കുമരമായി ഇപ്പോഴും മുന്നിലുണ്ട്. പ്രഗത്ഭനായ ഒരു മലയാളിയെക്കുറിച്ചു പറഞ്ഞപ്പോള്‍ ആ പ്രിയപ്പെട്ട അദ്ധ്യാപകന്‍ പറഞ്ഞതിതാണ്: ''മലയാളികളില്‍ മിടുക്കില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ? പ്രതിഭകള്‍ക്ക് ഈ നാട്ടില്‍ പഞ്ഞമൊന്നുമില്ല. പഞ്ഞമുള്ളത് ക്ഷാമമുള്ളത് സ്വഭാവശുദ്ധിക്കാണ്. സ്വഭാവ ഗുണമുള്ള മനുഷ്യര്‍ക്കാണ്.'' 

ഒരു ചെറുപ്പക്കാരന്റെ ജീവന്‍ ഇല്ലാതാക്കിയ ശേഷം ശ്രീറാം നോക്കിയത്  ആ കൊടുംകുറ്റത്തില്‍നിന്ന് എങ്ങിനെ രക്ഷപ്പെടാനാവുമെന്നാണ്. അതിന് കുട പിടിച്ചുകൊടുത്ത പോലീസുകാരുണ്ടല്ലോ, പ്രിയപ്പെട്ട മുഖ്യമന്ത്രി, അവര്‍ ഊതിക്കെടുത്തുന്നത് ഈ നാടിന്റെ വെളിച്ചമാണ്. ഈ നാട്ടിലെ നിയമ വ്യവസ്ഥയുടെ കടയ്ക്കലാണ് അവര്‍ കത്തിവെയ്ക്കുന്നത്. വരാപ്പുഴയിലും നെടുങ്കണ്ടത്തും വിളയാടി തിമിര്‍ത്തതും താങ്കള്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനു കീഴിലുള്ള പോലീസുകാരാണ്. ശബരിമലയില്‍ സംഘപരിവാറിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കിക്കൊടുത്തെന്ന് താങ്കള്‍ വിലപിച്ചതും ഇതേ പോലീസുകാരെച്ചൊല്ലിയാണ്.

വിലാപം ആവശ്യമാണ്. പക്ഷെ, അതു മാത്രം പോര. വീഴ്ചകള്‍ ഉണ്ടാവുമ്പോള്‍ അതിന് പരിഹാരക്രിയകളും ഉണ്ടാവണം. പുതിയൊരു പോലീസ് മേധാവി വരണം. ഒരു തെറ്റ് ഏതു പോലീസുകാര്‍ക്കും പറ്റുമെന്ന് പറഞ്ഞൊഴിയാന്‍ എളുപ്പമാണ്. ഇവിടെ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഈ ആവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ വീണ്ടും വീണ്ടും കൈകഴുകുമ്പോള്‍ അത് വെറും പ്രഹസനം മാത്രമാവുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നതാണ് ഒരു നേതാവിന്റെ ഏറ്റവും വലിയ ഗുണം. സത്യം തുറന്നു പറയുന്നതോടൊപ്പം സത്യം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. അതുകൊണ്ടാണ്, അതുകൊണ്ടുതന്നെയാണ് ആഭ്യന്തരവകുപ്പ് സമൂലം ഉടച്ചു വാര്‍ക്കണമെന്ന് പറയേണ്ടി വരുന്നത്. ഇതിനൊക്കെ നേതൃത്വം നല്‍കാന്‍ വ്യക്തിപരമായ പ്രയാസമുണ്ടെങ്കില്‍ ആഭ്യന്തരവകുപ്പ് വേറെയാരെയെങ്കിലും ഏല്‍പിക്കണം.

ഒരു സാദാ പോലീസുകാരനും ചീഫ് സെക്രട്ടറിയും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലെ റോഡില്‍ നിന്നാല്‍ ജനം ബഹുമാനിക്കുക പോലീസുകാരനെയായിരിക്കും. യൂണിഫോമിന്റെ ശക്തിയാണത്. ഈ ശക്തി ദുര്‍ബ്ബലമായാല്‍ അത് ദുര്‍ബ്ബലപ്പെടുത്തുക സമൂഹത്തെ ഒന്നാകെയാണ്. പി.എസ്.സിയില്‍ സമൂല മാറ്റം വരുത്താനും നടപടി വേണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന സംവിധാനമാണത്. കേരളത്തിലെ യുവാക്കളുടെ പ്രതീക്ഷയും അത്താണിയുമാണത്. അതിനേല്‍ക്കുന്ന ക്ഷതങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ഭാവി തലമുറയോടുള്ള അപരാധം കൂടിയാണ്. പുതിയ ആകാശവും പുതിയ ഭൂമിയും വാഗ്ദാനം ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുമ്പോള്‍, പ്രിയപ്പെട്ട മുഖ്യമന്ത്രി, താങ്കള്‍ നടപടിയെടുക്കുക തന്നെ വേണം.  

ബഷീറിന്റെ മരണം കേരള സമൂഹത്തെ ഒരു പാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഈ പാതകം ചെയ്തിട്ടും ശ്രീറാമിനെ ന്യായീകരിക്കാന്‍ മൂന്നാറും പൊക്കിപ്പിടിച്ച് ചില കോമരങ്ങള്‍ രംഗത്തു വരുന്നതും കേരളം കണ്ടു. തലസ്ഥാനത്ത് , അധികാര സിരാകേന്ദ്രത്തിന് തൊട്ടുമുന്നില്‍, നിയമം തകര്‍ത്തിട്ട് രക്ഷപ്പെടാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് വല്ലാത്തൊരു പ്രതിസന്ധി തന്നെയാണ്. ഇതൊരു അവസരവും വെല്ലുവിളിയുമാണ്. ഈ വെല്ലുവിളി നേരിടാന്‍, ഈ അവസരം വിനിയോഗിക്കാന്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി, താങ്കള്‍ക്ക് കഴിയണം. പരാജയപ്പെട്ടുപോയ ഒരു ഭരണത്തിന്റെ പേരിലായിരിക്കരുത് താങ്കള്‍ വിലയിരുത്തപ്പെടേണ്ടത്. കാലവും ചരിത്രവും എപ്പോഴും മാര്‍ദ്ദവമായ കൈയ്യുറകളായിരിക്കില്ല ധരിക്കുകയെന്ന് തിരിച്ചറിയുന്നില്ലെങ്കില്‍ അഹോ കഷ്ടം എന്നു മാത്രമേ പറയാനുള്ളു.

Content Highlights: Lapses from police occured in Sriram's case, won't let anyone sabotage probe, says chif minister Pinarayi Vijayan