റുപ്പിലും വെളുപ്പിലുമുള്ള സാദാ ബോളിവുഡ്ഡ് തിരക്കഥയല്ല പഞ്ചാബിലേത്. സിദ്ദു വില്ലന്‍, ക്യാപറ്റ്ന്‍ അമരിന്ദര്‍ നായകന്‍ എന്ന രീതിയിലല്ല കാര്യത്തിന്റെ കിടപ്പെന്നര്‍ഥം. ഇപ്പോഴത്തെ തിരക്കഥയുടെ രചന കോണ്‍ഗ്രസ് ഹൈക്കമാന്റിന്റേതാണ്. അതാവട്ടെ ഒരു ദിവസംകൊണ്ട് എഴുതപ്പെട്ടതുമല്ല. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്‌കൂള്‍ സഹപാഠിയായിരുന്ന ക്യാപ്റ്റന്‍ അമരിന്ദറിന് ഇപ്പോഴും കോണ്‍ഗ്രസ് പ്രസിഡന്റും രാജീവിന്റെ ഭാര്യയുമായ സോണിയ ഗാന്ധിയുമായി ഊഷ്മളമായ ബന്ധമാണുള്ളത്. പക്ഷേ, രാജീവിന്റെയും സോണിയയുടെയും മക്കളായ രാഹുലിനോടും പ്രിയങ്കയോടും ക്യാപ്റ്റന് ആ അടുപ്പമില്ല. അതിപ്പോള്‍ അമരിന്ദറിന് മാത്രമല്ല രാജീവിന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന മണിശങ്കര്‍ അയ്യരെപ്പോലുള്ളവര്‍ക്കും നെഹ്രു കുടുംബത്തിലെ ഇളമുറക്കാരുമായി വലിയ സൗഹൃദമൊന്നുമില്ല. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധിയുമായി അമരിന്ദര്‍ പലവട്ടം ഉടക്കിയിരുന്നു. തന്നെ മുഖ്യമന്ത്രിയാക്കുന്നില്ലെങ്കില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നാണ് അന്ന് രാഹുലിന്റെ മുഖത്തുനോക്കി അമരിന്ദര്‍ പറഞ്ഞത്. അന്നത്തെ സാഹചര്യത്തില്‍ രാഹുലിന് മുന്നില്‍ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ ഒരിക്കല്‍ കൂടി പഞ്ചാബിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു.

2017 ലെ അമരിന്ദര്‍ അല്ല ഇന്നത്തെ അമരിന്ദര്‍ എന്നതാണ് വാസ്തവം. താന്‍ അടിസ്ഥാനപരമായി ഒരു പട്ടാളക്കാരനാണെന്നും ഒരു സൈനികന്‍ ഒരിക്കലും പടക്കളം വിട്ടുപോകില്ലെന്നും അമരിന്ദര്‍ ഇടയ്ക്കിടെ പറയാറുണ്ട്. പക്ഷേ, ഹൈക്കമാന്റിന്റെ അനുശാസനത്തിന് മുന്നില്‍ ക്യാപ്റ്റന് രാജിവെക്കേണ്ടി വന്നു. 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 80 അംഗങ്ങളാണുള്ളത്. ഇതില്‍ ഒരു പത്ത് പതിനഞ്ചു പേരേ നിലവില്‍ ക്യാപ്റ്റനൊപ്പമുള്ളു. ഇവരില്‍ തന്നെ ഭൂരിപക്ഷവും അധികാരവും സ്ഥാനങ്ങളും കിട്ടിയാല്‍ എപ്പോള്‍ വേണമെങ്കിലും മറുകണ്ടം ചാടും. എംഎല്‍എമാര്‍ കൂടെയുണ്ടായിരുന്നെങ്കില്‍  ഹൈക്കമാന്റിനോട് പോയി പണി നോക്കാന്‍ ക്യാപ്റ്റന്‍ പറയുമായിരുന്നു. പണ്ട് സിപിഎം വി എസ് അച്ച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധ ജാഥകളുണ്ടായി. ആരെങ്കിലും ആസൂത്രിതമായി സംഘടിപ്പിച്ച ജാഥകളായിരുന്നില്ല അത്. വി എസ് എന്ന ജനകീയ നേതാവിന് നീതി നിഷേധിക്കപ്പെടുന്നതിലുണ്ടായ തികച്ചും സ്വാഭാവികമായ അമര്‍ഷവും രോഷവുമായിരുന്നു ആ പ്രതികരണം. പക്ഷേ, അമരിന്ദറിന് അനുകൂലമായി ഇങ്ങനെയുള്ള പൊട്ടിത്തെറികളൊന്നും തന്നെ പഞ്ചാബില്‍ കാണാനില്ല.

അമരിന്ദറിന്റെ ജനപ്രിയതയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്ന് സാരം. ഈ യാഥാര്‍ഥ്യമാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ പിടിവള്ളി. സിദ്ദുവിനെ കളത്തിലിറക്കും മുമ്പ് ടീം രാഹുല്‍ പഞ്ചാബില്‍ ഒരു സര്‍വ്വെ നടത്തിയിരുന്നു. ക്യപ്റ്റനാണ് അമരത്തെങ്കില്‍ പണി പാളിയേക്കും എന്നായിരുന്നു സര്‍വ്വെ ഫലം. ക്യാപ്റ്റന്റെ ജനപ്രിയത ഇടിഞ്ഞതിന് കാരണങ്ങളുണ്ട്. ലഹരി മരുന്ന് മാഫിയയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകും എന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച മുഖ്യ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സിഖുകാരുടെ പ്രാമാണിക ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് അവഹേളിക്കപ്പെട്ടതിലെ പ്രതികളെ ഒന്നടങ്കം കണ്ടെത്തി ശിക്ഷിക്കും എന്നതായിരുന്നു മറ്റൊരു വാഗ്ദാനം. ഈ രണ്ട് വാഗ്ദാനങ്ങളിലും ക്യാപ്റ്റന്റെ വഞ്ചി ഇപ്പോഴും തിരുനക്കരയിലാണ്. മറ്റൊന്ന് ക്യാപ്റ്റന്‍ ജനങ്ങളില്‍ നിന്ന് അകലം പാലിക്കുന്നുവെന്ന പരാതിയാണ്. വൈകീട്ട് അഞ്ച് മണി കഴിഞ്ഞാല്‍ പിന്നെ ക്യാപ്റ്റന്‍ സ്വന്തം കാര്യം നോക്കി ഫാം ഹൗസിലായിരിക്കും. ക്യാപ്റ്റന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുരേഷ്‌കുമാറാണ് പഞ്ചാബ് ഭരിച്ചിരുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. അടുത്തിടെ മന്ത്രിസഭായോഗത്തിന് മുമ്പ് ക്യാപ്റ്റന്‍ മന്ത്രിമാരുടെ യോഗം രണ്ട് ബാച്ചായി വിളിച്ചപ്പോള്‍ മന്ത്രിമാരായ സുഖ്ബിന്ദര്‍ സിങ് സര്‍ക്കാരിയയും സുഖിന്ദര്‍ സിങ് റന്ദാവയും വെച്ച ഒരു വ്യവസ്ഥ സുരേഷ്‌കുമാര്‍ യോഗത്തിനുണ്ടാവരുത് എന്നായിരുന്നു. ക്യാപ്റ്റന്റെ രീതികള്‍ ജനാധിപത്യപരമല്ലെന്നും പാര്‍ട്ടിയില്‍ ഒരു ഏകാധിപതിയെപ്പോലെയാണ് ക്യാപ്റ്റന്‍ പെരുമാറുന്നതെന്നും എംഎല്‍എമാര്‍ വിമര്‍ശിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.

ക്യാപ്റ്റനെ ഒതുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് ധൈര്യം പകരുന്ന മറ്റൊരു കാര്യം പഞ്ചാബിലെ പ്രതിപക്ഷത്തിന്റെ അവസ്ഥയാണ്. ബിജെപിയുടെ നില പഞ്ചാബില്‍ വല്ലാതെ പരുങ്ങലിലാണ്. കര്‍ഷക സമരത്തില്‍ മോദി സര്‍ക്കാര്‍ എടുത്തിട്ടുള്ള നിലപാട് കാരണം പഞ്ചാബില്‍ ബിജെപി ശരിക്കും ഒറ്റപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ പേര് പറഞ്ഞുള്ള ഒരു കലാപരിപാടിക്കും ഇപ്പോള്‍ പഞ്ചാബില്‍ ആളെക്കിട്ടുക എളുപ്പമല്ല. ശിരോമണി അകാലി ദളാണെങ്കില്‍ ആകെ ഗതികെട്ടു നില്‍ക്കുകയാണ്. ഒരങ്കത്തിന് ബാല്യമുണ്ടായിരുന്നെങ്കില്‍ പ്രകാശ് സിങ് ബാദല്‍ ഒരു കൈ നോക്കുമായിരുന്നു. മകന്‍ സുഖ്ബിര്‍ സിങ് ബാദലിന് പിതാവിന്റെ വ്യക്തിപ്രഭാവമോ നേതൃശേഷിയോ ഇല്ല. പിന്നെയുള്ളത് ആം ആദ്മി പാര്‍ട്ടിയാണ്. കലക്കവെളളത്തില്‍ എന്തെങ്കിലും മീന്‍ കിട്ടിയാല്‍ ഭാഗ്യം എന്നതിനപ്പുറത്ത് എഎപിക്കും പഞ്ചാബില്‍ നിലവില്‍ വലിയ കണക്കകൂട്ടലുകളൊന്നുമില്ല.

അതായത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉറപ്പായിരുന്നു. പക്ഷേ, കോണ്‍ഗ്രസിന് ജാതകവശാല്‍ ഒരു പ്രശ്നമുണ്ട്. ഇരിക്കുന്ന കൊമ്പ് മുറിക്കുക, ചുവരില്ലാതെ ചിത്രമെഴുതുക എന്നീ കലാപരിപാടികള്‍ ആ പാര്‍ട്ടിയുടെ കൂടപ്പിറപ്പാണ്. അല്ലെങ്കില്‍ പിന്നെ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ പ്രതിപക്ഷം മൊത്തത്തില്‍ മങ്ങി നില്‍ക്കുന്ന  ഒരു സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് ഒരു പ്രതിപക്ഷത്തെ സൃഷ്ടിക്കുന്ന കലാപരിപാടിക്ക് ഹൈക്കമാന്റ് ഇപ്പോള്‍ ഒരുങ്ങിപ്പുറപ്പെടുമായിരുന്നില്ല. ക്യാപ്റ്റന്‍ അമരിന്ദറിനെ നേരിടാന്‍ ഈ അവസാന നിമിഷം വരെ ഹൈക്കമാന്റ് എന്തിനാണ് കാത്തുനിന്നതെന്നാണ് ചോദ്യം. അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. വെറും അഞ്ച് മാസം മാത്രം ബാക്കിനില്‍ക്കെ പഞ്ചാബ് പോലെ അങ്ങേയറ്റം സുരക്ഷിതമായ ഒരു സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ ഇങ്ങനെയൊരു അസ്ഥിരത സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് മാത്രമേ കഴിയൂ.

ഗുജറാത്തില്‍ വിജയ് രൂപാണിയെ മോദിയും കൂട്ടരും ചേര്‍ന്ന് മാറ്റിയതുപോലെയല്ല അമരിന്ദറിനെ മാറ്റുന്നത്. കര്‍ണാടകത്തില്‍ യെദ്ദ്യൂരപ്പയ്ക്ക് പോലും വലിയ മുറുമുറുപ്പൊന്നും കൂടാതെ കസേര ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. അസമിലായാലും ഉത്തരാഖണ്ഡിലായാലും മുഖ്യമന്ത്രിയെ മാറ്റാന്‍ മോദി തീരുമാനിച്ചാല്‍ അതില്‍ പ്രതിഷേധിക്കാന്‍ ബിജെപിക്കുള്ളില്‍ ഒരാളുമുണ്ടാവില്ല. ചവിട്ടി പുറത്താക്കപ്പെടുമ്പോഴും എന്തൊരു നല്ല ചവിട്ട് എന്നാണ് രൂപാണിയെപ്പോലുള്ളവര്‍ പറയുക. പണ്ട് ഇന്ദിരയുടെ കാലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് ഹൈക്കമാന്റിനെപ്പോലെയാണ് ഇപ്പോള്‍ മോദിയും ഷായും ബിജെപിയില്‍ പെരുമാറുന്നത്. അത് കണ്ട് പനിച്ചാല്‍ പനിക്കാന്‍ മാത്രമേ കോണ്‍ഗ്രസ് ഹൈക്കമാന്റിന് ഇപ്പോള്‍ കഴിയുകയുള്ളു. സ്വന്തമായി അസ്തിത്വമില്ലാത്ത നേതാവാണ് രൂപാണി. മോദിയാണ് ഗുജറാത്തില്‍ വോട്ടു പിടിക്കുന്നത്. അതല്ല പഞ്ചാബിലെ അവസ്ഥ. പഞ്ചാബില്‍ എവിടെ നിന്നും സ്വന്തം നിലയ്ക്ക് ജയിക്കാന്‍ ക്യാപ്റ്റന് ഇപ്പോഴുമാവും. പഞ്ചാബിലെ ഏത് മുക്കിലും ക്യാപ്റ്റന്‍ ചെന്നാല്‍ കേള്‍ക്കാന്‍ ആള്‍ക്കൂട്ടമുണ്ടാവും.

ഒരു കളി കളിക്കാന്‍ ക്യാപ്റ്റന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസിന് തലവേദന ഉറപ്പാണ്. അപമാനിതനും അവഹേളിതനുമാണ് താനെന്ന് ക്യാപ്റ്റന്‍  പറയുന്നുണ്ട്. ഡെല്‍ഹിയിലെ ഭരണകര്‍ത്താക്കളാല്‍ അവഹേളിക്കപ്പെടുന്നവരാണ് പ്രാദേശിക തലത്തില്‍ പുതിയ പാര്‍ട്ടികള്‍ക്ക് രൂപം കൊടുത്തിട്ടുള്ളത്. 1980 കളുടെ തുടക്കത്തില്‍ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന ടി അഞ്ജയ്യയെ അന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന രാജീവ് ഗാന്ധി ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ച് കോമാളി എന്ന് വിളിച്ച് ആക്ഷേപിച്ചതാണ് തെലുങ്കരുടെ ആത്മവീര്യമുണര്‍ത്തി കോണ്‍ഗ്രസിനെതിരെ പട നയിക്കാന്‍ എന്‍ ടി രാമറാവുവിന് ഊര്‍ജ്ജം നല്‍കിയത്. ആത്മവീര്യത്തിന്റെ കാര്യത്തില്‍ സിഖുകാര്‍ ആര്‍ക്കും പിന്നിലല്ല. സിദ്ദു ദേശദ്രോഹിയാണെന്നും താന്‍ ഡെല്‍ഹിയില്‍ പോയി ഇടയ്ക്കിടയ്ക്ക് കുമ്പിടാറില്ലെന്നും ക്യാപ്റ്റന്‍ പറയുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്.

പുതിയൊരു പാര്‍ട്ടിയുണ്ടാക്കാന്‍ ക്യാപ്റ്റന്‍ തയ്യാറാവുമോ എന്നത് വ്യക്തമല്ല. 79 വയസ്സിലെത്തിനില്‍ക്കെ പ്രായവും സമയവും ക്യാപറ്റ്ന്റെ കൂടെയുണ്ടെന്ന് പറയാനാവില്ല. പുതിയൊരു പാര്‍ട്ടിയിലൂടെ പഞ്ചാബില്‍ അധികാരം പിടിക്കാന്‍ ക്യാപ്റ്റനാവുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നില്ല. പക്ഷേ, കലാപക്കൊടിയുമായി ക്യാപ്റ്റന്‍ കളത്തിലിറങ്ങിയാല്‍ കോണ്‍ഗ്രസ് ഇന്നിപ്പോള്‍ കണക്കുകൂട്ടുന്ന സീറ്റുകള്‍ പലതും കൈവിട്ടുപോവും. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് തിരഞ്ഞെടുപ്പിന് ശേഷമുണ്ടാവുന്നതെങ്കില്‍ പണച്ചാക്കുമായി രംഗത്തിറങ്ങാന്‍ ബിജെപിക്കാവും. എഎപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരെ ചാക്കിട്ടു പിടിക്കേണ്ടതെങ്ങിനെയെന്ന് അമിത് ഷായ്ക്ക് ആരും ക്ലാസ്സെടുത്തു കൊടുക്കേണ്ട ആവശ്യമില്ല.

ക്യാപ്റ്റന് പകരം മുഖ്യമന്ത്രിയാവുക ആരാണെന്ന് ഇപ്പോള്‍ വ്യക്തമല്ല. സുനില്‍ ജക്കര്‍ ഒന്നാന്തരം നേതാവാണെങ്കിലും ഒരു ഹിന്ദുവിനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്റ് തയ്യാറാവുമോ എന്നറിയില്ല. പ്രകാശ് സിങ് ബജ്വയാണ് മറ്റൊരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഇവരെ രണ്ടുപേരെയും തള്ളി സിദ്ദുവിനെ തന്നെ മുഖ്യമന്ത്രിയാക്കാനാണോ രാഹുല്‍ - പ്രിയങ്ക പ്രഭൃതികളുടെ പദ്ധതിയെന്നും അറിയില്ല. അറിയാവുന്ന ഒരു കാര്യം പഞ്ചാബിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഒരു അസ്ഥിരതയുണ്ടെന്നതാണ്. ക്യാപ്റ്റനെ മാറ്റണമായിരുന്നെങ്കില്‍ അത് ഹൈക്കമാന്റ് നേരത്തെ ചെയ്യണമായിരുന്നു. ഈ അവസാന നിമിഷത്തിലായിരുന്നില്ല ഇത്തരം പണികള്‍ക്ക് ഹൈക്കമാന്റ് ഒരുങ്ങേണ്ടിയിരുന്നത്. പഞ്ചാബില്‍ പാര്‍ട്ടിക്ക് പുതുജിവന്‍ നല്‍കിയ അമരിന്ദറിനെപ്പോലൊരു നേതാവിനോട് ഇങ്ങനെയല്ല ഹൈക്കമാന്റ് പെരുമാറേണ്ടിയിരുന്നത്. അവഹേളനവും അപമാനവുമല്ല അമരിന്ദര്‍ അര്‍ഹിക്കുന്നത്.

പാര്‍ട്ടിക്കുള്ളില്‍ ഒരു ഉത്തരവാദിത്വവും വഹിക്കാതെ അധികാരം ആസ്വദിക്കുന്ന രാഹുലിനെപ്പോലുള്ളവരുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങളുണ്ടാവുന്നതില്‍ അതിശയമില്ല. കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ ഒരു നേതൃപ്രതിസന്ധിയുണ്ട്. ആ പ്രതിസന്ധിയുടെ പ്രതിഫലനമാണ് പഞ്ചാബില്‍ കാണുന്നത്. ജി 23 കാര്‍ ആവശ്യപ്പെട്ടതുപോലെ ഈ പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കുന്നല്ലെങ്കില്‍ കോണ്‍ഗ്രസിനെ രക്ഷിച്ചെടുക്കാന്‍ ആര്‍ക്കുമാവില്ല. വിജയ് രൂപാണിയോ രമേശ് ചെന്നിത്തലയോ അല്ല ക്യാപ്റ്റന്‍ അമരിന്ദറെന്ന് രാഹുലും കൂട്ടരും കാണാനിരിക്കുന്നതേയുള്ളു.

വഴിയില്‍ കേട്ടത് : പ്രധാനമന്ത്രി മോദിക്ക് കിട്ടിയ സമ്മാനങ്ങള്‍ ലേലത്തില്‍ വില്‍ക്കുന്നുവെന്ന് വാര്‍ത്ത. എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സും പഴയൊരു മുതലത്തോലും ആ കൂട്ടത്തിലുണ്ടാവുമോ ആവോ!

Content Highlights: Congress should know that Amarinder is not Ramesh Chennithala or Vijay Rupani | Vazhipokkan