താനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഹൈദരാഹാദില്‍വെച്ച് കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഡിയെ കണ്ടപ്പോള്‍ അദ്ദേഹത്തോട് ചോദിച്ച ചോദ്യങ്ങളിലൊന്ന് ആന്ധ്രയില്‍ കോണ്‍ഗ്രസ് കളിച്ച കളികളെക്കുറിച്ചാണ്. 

2009 സെപ്റ്റംബറില്‍ വൈ.എസ്. രാജശേഖര്‍ റെഡ്ഡി ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് അതൊരു അവസരമായാണ് കണ്ടത്. ഇടക്കാലത്ത് കോണ്‍ഗ്രസില്‍ ഉദിച്ചുയര്‍ന്ന ശക്തനായ പ്രാദേശിക നേതാവായിരുന്നു വൈ എസ് ആര്‍. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഏറാന്‍മൂളിയായിരുന്നില്ല പുലിവേന്ദയില്‍നിന്നുള്ള ഈ കരുത്തന്‍. 

ഇന്ദിര ഗാന്ധിയുടെ കാലത്താണ് നെഹ്രു കുടുംബത്തിന് മേല്‍ അരക്ഷിതബോധം കൂടുകെട്ടിത്തുടങ്ങിയത്. ബാല്യത്തിലെ ഒറ്റപ്പെടലുകളും അമ്മ കമല നേരിട്ട തിരസ്‌കാരങ്ങളും ഇന്ദിരയുടെ സ്വഭാവഘടന രൂപപ്പെടുന്നതില്‍ നിര്‍ണ്ണായകമായി. കോണ്‍ഗ്രസിനുള്ളില്‍ കാമരാജിന്റെ നേതൃത്വത്തിലുള്ള സിന്‍ഡിക്കറ്റ് കളിച്ച കളികളും ഇന്ദിരയില്‍ അരക്ഷിതബോധം വര്‍ദ്ധിപ്പിച്ചു. അധികാരത്തിന്റെ കേന്ദ്രീകരണത്തിലേക്ക് ഇന്ദിര നീങ്ങിയത് ഈ പരിസരത്തിലാണ്. സമ്പൂര്‍ണ്ണ വിധേയത്വമാണ് പാര്‍ട്ടിക്കുള്ളില്‍ ഇന്ദിര ആവശ്യപ്പെട്ടത്.

ഈ ഇന്ദിരയുടെ സ്‌കൂളിലാണ് രാഷ്ട്രീയത്തിന്റെ ഹരിശ്രീ സോണിയ ഗാന്ധി കുറിച്ചത്. വൈ.എസ്. ആറിനെപ്പോലുള്ള താന്‍പോരിമക്കാര്‍ ഹൈക്കമാന്റിനെ ഭയപ്പെടുത്തി. ഇനിയൊരു വൈ.എസ്.ആര്‍. ആന്ധ്രയില്‍ വളരരുത് എന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്റ് എത്തുന്നത് അങ്ങിനെയാണ്. വൈ.എസ്.ആര്‍. മരിച്ചപ്പോള്‍ അണികളില്‍ ഭൂരിപക്ഷവും മകന്‍ ജഗന്‍ മോഹനൊപ്പമായിരുന്നു. പക്ഷേ, വൈതാളികരെ മുന്നില്‍ നിര്‍ത്തി ജഗനെ ഒതുക്കാനും നിഷ്പ്രഭനാക്കാനുമാണ് ഹൈക്കമാന്റ് ശ്രമിച്ചത്. 

ക്ഷമയോടെ കാത്തിരിക്കൂ എന്നായിരുന്നു ജഗനുള്ള ഹൈക്കമാന്റിന്റെ ഉപദേശം. 1984-ല്‍ ഇന്ദിര ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ മകന്‍ രാജീവിനോട് ഇങ്ങനെയാരും പറഞ്ഞിരുന്നില്ല. നെഹ്രു കുടുംബത്തിന് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയും എന്നതാണ് കോണ്‍ഗ്രസില്‍ കാലാകാലങ്ങളായി നടക്കുന്ന കലാപരിപാടി. ആന്ധ്രയില്‍ ഈ കലാപരിപാടി ദുരന്തമായി. 

മഷിയിട്ട് നോക്കിയാല്‍പോലും ആന്ധ്രയില്‍ ഇന്നിപ്പോള്‍ കോണ്‍ഗ്രസുകാരെ കിട്ടാനില്ല. ആന്ധ്രയെ വെട്ടിമുറിച്ചതും അടിസ്ഥാനപരമായി ജഗനെ ലക്ഷ്യമിട്ടായിരുന്നു. തെലങ്കാന മൊത്തം കോണ്‍ഗ്രസിന്റെ കൈയ്യിലാകുമെന്നായിരുന്നു സ്തുതിപാഠകരുടെ വായ്ത്താരി. കൂടെനിന്ന് കാര്യം സാധിച്ച ശേഷം കോണ്‍ഗ്രസിന് തെലങ്കാനയില്‍ ഉദകക്രിയ ചെയ്യുകയാണ് ടി.ആര്‍.എസ്. നേതാവ് കെ. ചന്ദ്രശേഖര റാവു ചെയ്തത്.

എന്തിനാണ് ഇങ്ങനെയൊരു കടുംവെട്ട് നടത്തിയതെന്ന് ചോദിച്ചപ്പോള്‍ ജയ്പാല്‍ റെഡ്ഡിയുടെ പ്രതികരണം ഇതായിരുന്നു: ''അന്നത്തെ രാഷ്ട്രീയ നടപടികളില്‍ ഞാനും ഭാഗഭാക്കായിരുന്നു. അതുകൊണ്ടുതന്നെ ഒന്നും പറയാനില്ല.'' എന്നിട്ട് ജയ്പാല്‍ കുറച്ചുനേരം ജനലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ജയ്പാലിന്റെ വാക്കുകളില്‍ നിസ്സഹായത പ്രകടമായിരുന്നു. 

ദക്ഷിണേന്ത്യയില്‍ ഒരിടത്തും ഇപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തിലില്ല. ഉമ്മന്‍ചാണ്ടിയെ പൂട്ടാന്‍ വി.എം. സുധീരനെ കെ.പി.സി.സി. പ്രസിഡന്റാക്കിയതാണ് കേരളത്തില്‍ 2016-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ദുര്‍ബ്ബലമാക്കിയത്. ബാറുകളില്‍ പിടിച്ച് സുധീരന്‍ നടത്തിയ കളിയാണ് ബാര്‍ കോഴ അടക്കുമള്ള വന്‍ പ്രതിസന്ധികളിലേക്ക് അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ എത്തിച്ചത്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനെ വളര്‍ത്താന്‍ സര്‍ഗ്ഗാത്മകമായ ഒരു ഇടപെടലും ഹൈക്കമാന്റ് നടത്തിയിട്ടില്ല. ഡി.എം.കെയുടെ കാരുണ്യത്തില്‍ കഞ്ഞി കുടിച്ച് ജിവിക്കുന്ന ഒരു സംഘടന  മാത്രമാണ്  തമിഴകത്ത് ഇന്ന് കോണ്‍ഗ്രസ്. കര്‍ണ്ണാടകത്തിലും ഹൈക്കമാന്റ് കളിച്ച കളികളാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്.

ഇതേ കളികളുടെ ആവര്‍ത്തനമാണ് ഇപ്പോള്‍ പഞ്ചാബില്‍ നടക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്ങിനെ ഒതുക്കാനായി നവ്ജോത് സിങ് സിദ്ധുവിനെയാണ് ഹൈക്ക്മാന്റ്  കളത്തിലിറക്കിയിരിക്കുന്നത്. അടുത്ത കൊല്ലം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പൊതുവെ കോണ്‍ഗ്രസിന്റെ നില ഭദ്രമാണെന്ന് കരുതിയിരിക്കെയാണ് ഹൈക്കമാന്റിന്റെ ഈ വൃത്തികെട്ട കളി. 

കര്‍ഷക സമരം കാരണം പഞ്ചാബില്‍ ബി.ജെ.പിക്ക് നിലവില്‍ കാര്യമായൊന്നും ചെയ്യാനില്ല. വോട്ട് ചോദിച്ച് ചെന്നാല്‍ സര്‍ദാര്‍ജിമാരുടെ കൈക്കരുത്ത് അറിയേണ്ടി വരുമെന്ന പേടിയിലാണ് ബി.ജെ.പി. ശിരോമണി അകാലിദളും കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയല്ല. കാരണവര്‍ പ്രകാശ് സിങ്ബാദലിന്റെ വ്യക്തിപ്രഭാവമോ നേതൃശേഷിയോ മകന്‍ സുഗ്ബീര്‍ സിങ് ബാദലിനില്ല. 

അമരിന്ദറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെ തറപറ്റിച്ച് പഞ്ചാബില്‍ അധികാരം പിടിക്കാനാവുമെന്ന മിഥ്യാധാരണയൊന്നും കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്കുമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ പിന്നെ കളി സ്വന്തം നിലയ്ക്കാകാമെന്നും അമരിന്ദറിനെ അങ്ങിനെയങ്ങ് വിടാന്‍ പറ്റില്ലെന്നുമാണ് ഹൈക്കമാന്റ് പറയുന്നത്.

കോണ്‍ഗ്രസില്‍ ഹൈക്കമാന്റ് എന്നു പറഞ്ഞാല്‍ നെഹ്രു കുടുംബമാണ്. കുടുംബത്തിനോടുള്ള കൂറും വിധേയത്വവുമാണ് സ്ഥാനമാനങ്ങള്‍ക്കുള്ള മാനദണ്ഡം. ഒരു കുടിയാനെപ്പോലെ  ഡല്‍ഹിയില്‍ വിളിച്ചുവരുത്തി വിചാരണ നടത്തി അമരിന്ദറിനെ ഹൈക്കമാന്റ് അപമാനിച്ചത് അടുത്തിടെയാണ്. 2017-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിളക്കമാര്‍ന്ന വിജയം പഞ്ചാബില്‍ സമ്മാനിച്ച നോതാവാണ് അമരിന്ദര്‍. 

ഇക്കുറിയും അമരിന്ദറല്ലാതെ മറ്റൊരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിനില്ല. പഞ്ചാബില്‍ ഭരണം നിലനിര്‍ത്താന്‍ ക്യാപ്റ്റന്‍ തലപ്പത്തുണ്ടായിരിക്കണം എന്ന് ഹൈക്കമാന്റിനറിയാം. പക്ഷേ, ക്യാപ്റ്റന്‍ അങ്ങിനെയങ്ങ് താന്‍പോരിമ കാണിക്കരുത്. ഓരോ തീരുമാനം എടുക്കുന്നതിനു മുമ്പും ഹൈക്കമാന്റിനോട് അനുമതി ചോദിക്കണം. സോണിയയെയും മക്കളെയും ഇടക്കിടയ്ക്ക് കണ്ട് കുമ്പിട്ടാരാധിക്കണം. ഇല്ലെങ്കില്‍ മൂക്ക് മുറിച്ചായാലും ശകുനം ഹൈക്കമാന്റ് മുടക്കും.

രണ്ടു കൊല്ലം മുമ്പ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവെച്ച ശേഷം കോണ്‍ഗ്രസില്‍ വെറുമൊരു എം.പി. മാത്രമാണ് രാഹുല്‍ ഗാന്ധി. പക്ഷേ, ഇപ്പോഴും കോണ്‍ഗ്രസില്‍ അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നത്  ഈ മാന്യദേഹമാണ്. എന്ത് ജനാധിപത്യമാണ് ടിയാന്‍  ഇതിലൂടെ മുന്നോട്ട് വെയ്ക്കുന്നതെന്ന് വ്യക്തമല്ല. അമരിന്ദറായാലും രമേശ് ചെന്നിത്തലയായാലും ഡല്‍ഹിയിലെത്തി രാഹുലിനെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കണം. 

സ്തുതിപാഠകരുടെ ഒരു സംഘമാണ് രാഹുലിനൊപ്പമുള്ളത്. ഈ വൈതാളികരാണ് സിദ്ധുവിനെപ്പോലൊരു കോമാളി ക്യാപ്റ്റന് ബദലാണെന്ന് ഒച്ചവെയ്ക്കുന്നത്. ബി.ജെ.പിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ കക്ഷിയാണ് സിദ്ധു. 2017-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരം പിടിച്ചപ്പോള്‍ സിദ്ധുവിന് മന്ത്രിസ്ഥാനം കൊടുത്തിരുന്നു. പക്ഷേ, താനല്ലേ മുഖ്യമന്ത്രിയാവേണ്ടത് എന്ന ചിന്ത തലയ്ക്ക് പിടിച്ചതോടെ സിദ്ധു ക്യാപ്റ്റന്റെ മെക്കിട്ടുകയറി. ക്യാപ്റ്റനെ എങ്ങിനെയാണ് ഒതുക്കേണ്ടതെന്നാലോചിച്ച് തലപുകച്ചിരുന്ന ഹൈക്കമാന്റ് സിദ്ധുവില്‍ സുവര്‍ണ്ണാവസരം കണ്ടു.

കോണ്‍ഗ്രസിന്റെ സ്വന്തം മുഖ്യമന്ത്രിയെ നാഴികയ്ക്ക് നാല്‍പതു വട്ടം തെറി വിളിക്കുകയും വേണ്ടി വന്നാല്‍ എ.എ.പിയിലേക്ക് ചേക്കറാന്‍ മടികാണിക്കില്ലെന്നുമൊക്കെ വീമ്പിളക്കുന്ന ഒരാളെയാണ് ഇപ്പോള്‍ ഹൈക്കമാന്റ് പഞ്ചാബില്‍ പാര്‍ട്ടി പ്രസിഡന്റാക്കിയിരിക്കുന്നത്. സോണിയയും മക്കളും സിദ്ധുവിന്റെ പിന്നിലുണ്ടെന്ന ഒരേയൊരു സന്ദേശത്തിന്റെ പുറത്താണ് പഞ്ചാബിലെ ബഹുഭൂരിപക്ഷം എം.എല്‍.എമാരും സിദ്ധുവിനെ പിന്തുണയ്ക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് കിട്ടണമെങ്കില്‍ ഹൈക്കമാന്റ് കനിയേണ്ടിവരുമെന്ന് ഈ എം.എല്‍.എമാര്‍ക്കറിയാം.

ക്യാപ്റ്റന്‍ അമരിന്ദര്‍ അപമാനിതനും വ്രണിതഹൃദയനുമാണ്. പക്ഷേ, നിലവില്‍ ഹൈക്കമാന്റിനെതിരെ ഒരു പരസ്യമായ കലാപം ഗുണം ചെയ്യില്ലെന്ന് ക്യാപ്്റ്റനറിയാം. കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്കോ എ.എ.പിക്കോ പഞ്ചാബില്‍ ഇപ്പോള്‍ വലിയ സാദ്ധ്യതകളില്ല. ശിരോമണി അകാലിദളിന്റെ വിശ്വാസ്യതയും നിഴലിലാണ്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുണ്ടാക്കുന്നത് വലിയ പ്രയോജനം ചെയ്തേക്കില്ല എന്ന് തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും ക്യാപ്റ്റനുണ്ട്. പക്ഷേ, അനുരഞ്ജനങ്ങള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും പരിധിയുണ്ട്. അള മുട്ടിയാല്‍ തിരിച്ചു കടിക്കാതെ വേറെ വഴിയൊന്നുമുണ്ടാവില്ല.

പെഗാസസ് പോലൊരു വന്‍വിവാദം രാഷ്ട്രത്തെ വേട്ടയാടുമ്പോഴാണ് കോണ്‍ഗ്രസ് ഇത്തരം വില കുറഞ്ഞ കളികള്‍ കളിക്കുന്നതെന്നതാണ് ശ്രദ്ധേയം. പൗരസമൂഹത്തിന്റെ സ്വകാര്യതയ്ക്ക് മോദി ഭരണകൂടം പുല്ലുവിലയാണ് കല്‍പിക്കുന്നതെന്നതിന്റെ ശക്തമായ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. 

പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയ ഫോണുകളിലൊന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിക്കെതിരെ ലൈംഗിക പീഡനം ആരോപിച്ച യുവതിയുടേതായിരുന്നു. ഇവരുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഫോണുകളും ചോര്‍ത്തപ്പെട്ടു. എന്തിനായിരിക്കണം ഇവരുടെ ഫോണുകള്‍ ചോര്‍ത്തിയതെന്നതിന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അദ്ധ്യക്ഷനായിരുന്ന സുപ്രീം കോടതി ബഞ്ച്  പുറപ്പെടുവിച്ച ചില വിധികള്‍ മാത്രം നോക്കിയാല്‍ മതി.  

റഫേല്‍ ഇടപാടിലും അയോദ്ധ്യ പ്രശ്നത്തിലും സി.ബി.ഐ. - അലോക് വര്‍മ്മ കേസിലും മോദി സര്‍ക്കാരിന് അനുകൂലമായ വിധിയാണുണ്ടായത്.  സംസ്ഥാന പദവി എടുത്തുകളഞ്ഞതുള്‍പ്പെടെ ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട കേസുകളിലും ഇലക്ടറല്‍ ബോണ്ട് കേസിലും വിധി അനിശ്ചിതമായി നീളുകയും ചെയ്തു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയുമായി ബന്ധപ്പെട്ട് ചില രഹസ്യങ്ങള്‍ പെഗാസസ് വഴി ചോര്‍ത്തിയെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞോ എന്നും ആ രഹസ്യങ്ങള്‍ക്ക് ഈ വിധികളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നുമുള്ള ചോദ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് പെഗാസസ് വില്‍ക്കുന്നതെന്നാണ് നിര്‍മ്മാതാക്കളായ എന്‍.എസ്.ഒ. പറയുന്നത്. അങ്ങിനെയാണെങ്കില്‍ ഏത് സര്‍ക്കാര്‍ ഏജന്‍സിയാണ് ഇന്ത്യയില്‍ പെഗാസസ് ഉപയോഗിച്ചത്? ഇതിനുത്തരം പറയേണ്ടത് മോദി സര്‍ക്കാരാണ്. ഭരണകൂടം അതിന് തയ്യാറാകുന്നില്ലെങ്കില്‍ അവരെക്കൊണ്ട് അത് ചെയ്യിപ്പിക്കാനാണ് പ്രതിപക്ഷം എന്നു പറഞ്ഞ സംവിധാനമുള്ളത്. 

പക്ഷേ, രാഹുലും കൂട്ടരും ആകെ ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍  ബഹളമുണ്ടാക്കുകയാണ്. ട്വിറ്ററിലും ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും പ്രതിഷേധിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുകയാണ്. എളുപ്പത്തില്‍ ക്രിയ ചെയ്യുന്ന പരിപാടിയാണിത്. വീട്ടിനുള്ളില്‍ സ്വസ്ഥമായിരുന്ന് മുറുക്കിയും വെടി പറഞ്ഞും കഥകളി കണ്ടും കാലം കഴിച്ചുകൂട്ടിയിരുന്ന പഴയകാല ജന്മിമാരെപ്പോലെയാണ് രാഹുലും കൂട്ടരും പെരുമാറുന്നത്.

മോദിയും അമിത് ഷായും ഇതിനിടയില്‍ യു.പിയില്‍ ഭരണം നിലനിര്‍ത്താനുള്ള കളികള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യു.പിക്കുള്ള പ്രസക്തി ബി.ജെ.പിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ബംഗാളില്‍ കിട്ടിയ തിരിച്ചടിക്ക് യു.പിയില്‍ മറുപടി കൊടുക്കുമെന്നാണ് യോഗിയും കൂട്ടരും പറയുന്നത്. യു.പിയില്‍ പക്ഷേ, കോണ്‍ഗ്രസ് ചിത്രത്തില്‍ പോലുമില്ലാത്ത അവസ്ഥയിലാണ്. യു.പിയില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ ജനപ്രിയതയുള്ള നേതാവോ ഇല്ല. 

ബി.എസ്.പിയെയും എസ്.പിയെയും ഒന്നിപ്പിച്ച് ഒരു വിശാല പ്രതിപക്ഷ നിരയ്ക്കുള്ള ഒരു ശ്രമവും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പകരം കക്ഷത്തിലുള്ള പഞ്ചാബിനെ എങ്ങിനെ കുളമാക്കാം എന്ന ഗവേഷണത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് മുഴുകിയിരിക്കുന്നത്. 

ഇതൊരു പ്രതിസന്ധിയാണ്. നെഹ്രു കുടുംബം തീര്‍ക്കുന്ന പ്രതിസന്ധി. ഈ വിഷമഘട്ടം മറികടക്കണമെങ്കില്‍ സോണിയ ഗാന്ധി തന്നെ വിചാരിക്കണം. പാര്‍ട്ടിയില്‍ തീരുമാനങ്ങള്‍ എടുക്കണമെങ്കില്‍ ഉത്തരവാദിത്വമുള്ള പാര്‍ട്ടി പദവി വഹിക്കണമെന്നും  ഭരണഘടന അതീത ശക്തിയായി പെരുമാറാനാവില്ലെന്നും മകന്‍ രാഹുലിനോട് പറയാന്‍ സോണിയയ്ക്കാവണം. ഇല്ലെങ്കില്‍ അതിന് പറ്റിയ ആളിനെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരണം.

ഒരര്‍ത്ഥത്തില്‍ സിദ്ധു മറ്റൊരു പെഗാസസാണ്. ക്യാപ്റ്റന്‍ അമരിന്ദറിനെ ദുര്‍ബ്ബലനാക്കാനുള്ള പെഗാസസ്. സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന പക്ഷിയാണ്  എം.എന്‍. വിജയനെന്ന്  പണ്ട് സുകുമാര്‍ അഴിക്കോട് കളിയാക്കിയിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് വിജയന്‍ നടത്തിയ കലാപമാണ് അഴിക്കോടിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. എം.എന്‍. വിജയന് പക്ഷേ, പറഞ്ഞുനില്‍ക്കാന്‍ മതിയായ കാരണങ്ങളുണ്ടായിരുന്നു. 

അധികാരത്തോടുള്ള അതിരുകടന്ന ആഗ്രഹമല്ലാതെ സിദ്ധുവിന് മുന്നോട്ടുവെയ്ക്കാന്‍ ഒരു ന്യായീകരണവുമില്ല. മമതയുടെയും  ജഗന്‍ മോഹന്റെയും  ഹിമന്ത ബിശ്വശര്‍മ്മയുടെയും വഴിയിലൂടെ നടക്കാന്‍ ക്യാപ്റ്റന്‍ അമരിന്ദര്‍ നിര്‍ബ്ബന്ധിതനായാല്‍ ബംഗാളും ആന്ധ്രയും അസമും പോലെ പഞ്ചാബും കോണ്‍ഗ്രസിന് കിട്ടാക്കനിയാവും.

വഴിയില്‍ കേട്ടത്: ഉദാരവത്കരണത്തിന്റെ സദ്ഫലങ്ങള്‍ തഴെത്തട്ടിലേക്ക് ഇനിയും എത്തിയിട്ടില്ലെന്ന് മുകേഷ് അംബാനി. അനിയന്‍ അനില്‍ അംബാനിയെയായിരിക്കും സഹോദരന്‍ ഉദ്ദേശിച്ചത്!

Content Highlights: Congress playing it's usual role in Punjab | Vazhipokkan