ശ്രീരാമകൃഷ്ണ പരമഹംസരും വിവേകാനന്ദനും ഗാന്ധിജിയും അംബദ്കറും നെഹ്റുവും പട്ടേലുമൊക്കെ ഇന്നിപ്പോള്‍ അവരുടെ കുഴിമാടങ്ങളില്‍ കിടന്നു ഞെളിപിരി കൊള്ളുന്നുണ്ടാവും. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് അര്‍ത്ഥശങ്കയേതുമില്ലാതെ വിളിക്കപ്പെടുന്ന ഇന്ത്യന്‍ പാര്‍ലമെന്റില്‍ വിഭജനത്തിന്റെയും വിവേചനത്തിന്റെയും വിഷവിത്തുകള്‍ പേറുന്ന ഒരു നിയമ ഭേദഗതി അവതരിപ്പിക്കപ്പെടുമ്പോള്‍ ഒരു യഥാര്‍ത്ഥ ദേശസ്നേഹിക്കും പ്രതികരിക്കാതിരിക്കാനാവില്ല.
ഇന്ത്യന്‍ പൗരത്വത്തിന്റെ ഉറവിടം ഇന്ത്യന്‍ ഭരണഘടനയാണ്. മതം, ജാതി, ലിംഗം, വര്‍ഗ്ഗം, സമുദായം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഒരു വിവേചനവും ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ ബി.ജെ.പി. സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ പൗരത്വ നിയമ ഭേദഗതി ഭരണഘടനയുടെ ആത്മാവിനെയാണ് കീറിമുറിക്കുന്നതെന്ന് പറയാന്‍ രണ്ടു വട്ടം ആലോചിക്കേണ്ടതില്ല.
ബംഗ്ളാദേശ്, പാക്കിസ്താന്‍, അഫ്ഘാനിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായെത്തിയ ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ് പുതിയ ഭേദഗതിയുടെ ഉദ്ദേശ്യം. 2014 ഡിസംബര്‍ 31-നു മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനര്‍, പാഴ്സികള്‍, ബുദ്ധര്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മുസ്ലിങ്ങള്‍ ഈ നിയമത്തിന്റെ പരിഗണനയിലില്ല.
പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. മാനവികതയുടെ നിരാകരണവും നിഷേധവുമാണത്. 1893-ല്‍ ചിക്കാഗോയില്‍ നടത്തിയ ഐതിഹാസിക പ്രസംഗത്തില്‍ വിവേകാനന്ദന്‍ അടിവരയിട്ടു ചൂണ്ടിക്കാണിച്ച കാര്യം ഇന്ത്യയുടെ സഹിഷ്ണുതയാണ്. ലോകമെമ്പാടും നിന്ന് പീഡിത ജനത ആശ്രയവും സാന്ത്വനവും തേടി എത്തിയ രാജ്യമാണ് ഇന്ത്യ. യഹൂദരേയും ടിബറ്റന്‍ ജനതയേയും ശ്രിലങ്കന്‍ തമിഴരേയും ഇന്ത്യ ഇരു കൈകളും നീട്ടി സ്വീകരിച്ചത് ഈ പൈതൃകത്തില്‍ ഉറച്ചുനിന്നു കൊണ്ടാണ്. ഈ പാരമ്പര്യത്തിന്റെ കടയ്ക്കല്‍ കത്തി വെയ്ക്കുന്നതിനുള്ള അനുമതിയാണ് ഇന്നിപ്പോള്‍ ബി.ജെ.പി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ തേടുന്നത്.
ജമ്മു കാശ്മീരില്‍ നടത്തിയ ജനാധിപത്യ നിഷേധത്തിന് പാര്‍ലമെന്റില്‍ അംഗികാരം നേടാന്‍ കഴിഞ്ഞ ബി.ജെ.പി. ഇതും നിയമമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്. ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ എങ്ങിനെ ഭൂരിപക്ഷമുണ്ടാക്കാം എന്ന് ഇതിനകം പദ്ധതികള്‍ മെനഞ്ഞുകാണും. അസമില്‍ ദേശീയ പൗരത്വ രേഖ പൂര്‍ത്തിയാക്കിയപ്പോള്‍ പുറത്തായ 19 ലക്ഷം പേരില്‍ 17 ലക്ഷവും ഹിന്ദുക്കളാണെന്നത് ബി.ജെ.പിയെ ഞെട്ടിച്ചിരുന്നു. ബംഗ്ളാദേശില്‍നിന്നു വന്ന മുസ്ലിങ്ങളാണ് അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും എന്ന വാദമാണ് ഇതോടെ പൊളിഞ്ഞുവീണത്. ഈ യാഥാര്‍ത്ഥ്യം നേരിടുന്നതിനുള്ള വളഞ്ഞ വഴിയായാണ് പൗരത്വ ഭേദഗതി നിയമം ബി.ജെ.പി. കൊണ്ടുവരുന്നത്.
പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ എതിര്‍ക്കുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിട്ടുള്ളതെങ്കിലും ചിതറി നില്‍ക്കുന്ന പ്രതിപക്ഷത്തെ ഒന്നിപ്പിച്ചു നിര്‍ത്തുകയെന്നത് എളുപ്പമല്ല. ഹിന്ദു - മുസ്ലിം വിഭജനമാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് ശിവസേന പറഞ്ഞിരിക്കുന്നത് തീര്‍ച്ചയായും വലിയൊരു രജതരേഖയാണ്. അസമിലെയും ഇതര വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ പുതിയ നിയമത്തിനെതിരെ ഒന്നടങ്കം തെരുവിലിറങ്ങിയിരിക്കുന്നതും കാണാതിരിക്കാനാവില്ല.
സമാനമായൊരു നിലപാടിലേക്ക് പ്രതിപക്ഷ കക്ഷികള്‍ ഒന്നാകെ എത്തിയാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് അത് നല്‍കുന്ന ഊര്‍ജ്ജവും ആവേശവും ചില്ലറയായിരിക്കില്ല. അതിനുമപ്പുറത്ത് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും കാവലാളായി സുപ്രീം കോടതിയുണ്ടെന്നതും കാണാതിരിക്കാനാവില്ല. ജനാധിപത്യം സംരക്ഷിക്കുന്നതിന് ഭരണഘടനാ ശില്‍പികള്‍ ഉറപ്പുവരുത്തിയിട്ടുള്ള സംവിധാനങ്ങള്‍ ഒന്നാകെ പരാജയപ്പെടുന്ന കാഴ്ച ഈ ബില്ലിന്റെ കാര്യത്തിലുണ്ടാവില്ല എന്ന പ്രത്യാശ തന്നെയാണ് ജനാധിപത്യ വിശ്വാസികളെ നയിക്കുന്നത്.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി. പ്രസിഡന്റും നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ അനധികൃത കുടിയേറ്റക്കാരെ വിശേഷിപ്പിച്ചത് ചിതലുകള്‍ എന്നാണ്. ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്നില്‍ ആലേഖനം ചെയ്തിട്ടുള്ള വചനമാണ് 'വസുധൈവകുടുംബകം' എന്നത്. ചെറിയ മനുഷ്യരാവാതെ വലിയ മനുഷ്യരായി ജീവിക്കൂ എന്നാഹ്വാനം ചെയ്യുന്ന മഹാ ഉപനിഷത്തില്‍ നിന്നുള്ള വചനം.
ഈ വചനത്തിന് കീഴെ നിന്നുകൊണ്ടാണ് അമിത് ഷായുടെ പാര്‍ട്ടി ചിതലുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. മാനവികത ഒരു പൊള്ളയായ വാക്കല്ല. മാംസത്തിലും രക്തത്താലും നിറവേറപ്പെടുന്ന ജീവിതം തന്നെയാണത്. ഭരണകൂടങ്ങളുടെയും സാമൂഹ്യവിരുദ്ധരുടെയും പൈശാചികത കൊണ്ട് സ്വന്തം വീടും കുടിയും ഉപേക്ഷിച്ച് അഭയാര്‍ത്ഥികളാവേണ്ടി വരുന്നവര്‍ ചിതലുകളാണെന്ന കാഴ്ചപ്പാട് മനുഷ്യവിരുദ്ധമാണ്.
വിഖ്യാത സഞ്ചാര സാഹിത്യകാരനായ പോള്‍ തൊറൊ ഇപ്പോഴത്തെ മ്യാന്‍മര്‍ എന്ന പഴയ ബര്‍മ്മയിലുണ്ടായ ഒരനുഭവം വിവരിക്കുന്നുണ്ട്. റംഗൂണിലെ ഒരു തെരുവില്‍ സൈക്കിള്‍ റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്നു പോള്‍. റിക്ഷ ചവിട്ടിയിരുന്നത് അവശനായ ഒരു വൃദ്ധനായിരുന്നു. യാത്രയ്ക്കിടയില്‍ ഇരുവരും സംസാരിച്ചു. വൃദ്ധന്‍ അടുത്തിടെ പെന്‍ഷന്‍ പറ്റിയ അദ്ധ്യാപകനാണ്. പെന്‍ഷന്‍ തുക വളരെ തുച്ഛമായതുകൊണ്ടാണ് റിക്ഷ ചവിട്ടി കുടുംബം പുലര്‍ത്താന്‍ അദ്ദേഹം നിര്‍ബ്ബന്ധിതനായത്.
സംസാരത്തിനിടെ പോള്‍ ഒരു കാര്യം മനസ്സിലാക്കി. പോള്‍ ജനിച്ച അതേ കൊല്ലം, അതേ മാസം, അതേ തിയ്യതി തന്നെയാണ് ഈ മനുഷ്യനും ജനിച്ചത്. അതൊരു യാദൃശ്ചികതയാണ്. പക്ഷേ, ആ കുറിപ്പ് പോള്‍ അവസാനിപ്പിക്കുന്നത ഇങ്ങനെയാണ്. ''അമേരിക്കയിലാണ് ഞാന്‍ ജനിച്ചതെന്നതിനാല്‍ ഞാനിപ്പോള്‍ ഈ റിക്ഷയിലിരുന്ന് സഞ്ചരിക്കുന്നു. ബര്‍മ്മയിലായിരുന്നു എന്റെ ജനനമെങ്കില്‍ ഒരു പക്ഷേ, ഞാനായിരിക്കും ഇപ്പോള്‍ ഈ റിക്ഷ ചവിട്ടുന്നത്. ഇയാള്‍, ഈ വൃദ്ധന്‍ ഞാന്‍ തന്നെയാണ്.''
സഹാനുഭൂതി എന്നു പറയുന്നത് ഇതാണ്. റിക്ഷ ചവിട്ടുന്നയാള്‍ ചിതലല്ലെന്നും അയാള്‍ മനുഷ്യന്‍ തന്നെയാണെന്നുമുള്ള തിരിച്ചറിവ്. ഇന്ത്യയിലല്ലായിരുന്നു നമ്മള്‍ ജനിച്ചതെങ്കില്‍ അഫ്ഗാനിസ്താനില്‍നിന്നും ബംഗ്ളാദേശില്‍നിന്നും പാക്കിസ്താനില്‍നിന്നും വരുന്നവരില്‍ നമ്മളുമുണ്ടാവാം. ഗുജറാത്തിലല്ല ധാക്കയാലായിരുന്നു ജനിച്ചതെങ്കില്‍ ഈ ചിതലുകളില്‍ ഒരാള്‍ താനാകുമായിരുന്നു എന്ന തിരിച്ചറിവ് അമിത് ഷായ്ക്ക് എന്നാണ് ഉണ്ടാവുകയെന്ന് അറിയില്ല. തത്ത്വമസി - അത് നീയാണ് എന്നതുപോലെ മാനവികതയ്ക്ക് മറ്റെന്തു നിര്‍വ്വചനമാണുള്ളത്.
ഡിസംബര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദുര്‍ദിനങ്ങളുടെ ചരിത്രം പേറുന്ന മാസമാണ്. ബാബറി മസ്ജിദ് തകര്‍ത്തതും ഭോപ്പാല്‍ ദുരന്തവും ഡിസംബറിലാണുണ്ടായത്. ഈ ദുര്‍ദിനങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടി കണ്ണിചേര്‍ക്കപ്പെടുന്നു. 1947-ല്‍ ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടതിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. ജിന്നയുടെ ദ്വിരാഷട്ര വാദത്തെ ചെറുത്തു തോല്‍പിക്കുമെന്ന് പ്രതിജ്ഞയെടുത്തവരാണ് സ്വതന്ത്ര ഇന്ത്യയുടെ അസ്തിവാരം തീര്‍ത്തത്.
സ്വന്തം ചോരയാണ് ഗാന്ധിജി ഇതിനായി നല്‍കിയത്. ഈ വലിയ മനുഷ്യരുടെ ത്യാഗങ്ങള്‍ വെറുതെയായിരുന്നുവെന്ന് ലോകം പറയാനിട വരരുത്. കാലവും ചരിത്രവും ഇന്ത്യന്‍ ജനതയെ ഉറ്റുനോക്കുകയാണ്. പരാജയപ്പെട്ട ഒരു ജനതയായിരുന്നു നമ്മളെന്ന് വരും തലമുറകള്‍ പറയാതിരിക്കണമെങ്കില്‍ പൗരസമൂഹമെന്ന നിലയില്‍ നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുക തന്നെ വേണം. നിതാന്ത ജാഗ്രത പോലെ സ്വാതന്ത്ര്യത്തിന് മറ്റെന്തു വിലയാണുള്ളത്.
Content Highlights: Citizenship Amendment bill 2019 introduced in parliament