rajaji
രാജാജി

ഹിന്ദി ഒരു വലിയ ന്യൂനപക്ഷത്തിന്റെ ഭാഷ മാത്രമാണെന്ന് പറഞ്ഞത് രാജാജിയാണ്. 1968-ല്‍ എഴുതിയ കുറിപ്പിലാണ് രാജാജി ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ സുവ്യക്തമായ നിലപാടെടുത്തത്. 1937-ല്‍ മദ്രാസ് പ്രധാനമന്ത്രിയായിരിക്കെ സെക്കന്ററി സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബ്ബന്ധിത ഭാഷയാക്കാന്‍ ശ്രമിച്ച് കൈപൊള്ളിയ അനുഭവം രാജാജിക്കുണ്ടായിരുന്നു.  തമിഴകത്ത് ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ വിത്തുകള്‍ പാകിയത് രാജാജിയുടെ ഈ നടപടിയാണ്. ജസ്റ്റിസ് പാര്‍ട്ടിയെ ദ്രാവിഡര്‍ കഴകമായി മാറ്റിയെടുക്കുന്നതില്‍ പെരിയാര്‍ ഇ.വി. രാമസ്വാമിക്ക് ഹിന്ദി വിരുദ്ധ പ്രക്ഷോഭം പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം ചില്ലറയായിരുന്നില്ല. 

ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തില്‍ അധികാരം നഷ്ടപ്പെട്ടതല്ല രാജാജിയെ ഹിന്ദി മേധാവിത്തത്തിനെതിരെ സംസാരിക്കാന്‍ പ്രേരിപ്പിച്ചത്. അധികാരം രാജാജിയെ സംബന്ധിച്ചിടത്തോളം കടുത്ത പ്രലോഭനമായിരുന്നില്ല. ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഇംഗ്ളീഷ് തുടരേണ്ടതിന്റെ ആവശ്യകത സ്വരാജ്യ മാസികയിലെഴുതിയ ലേഖനത്തില്‍ രാജാജി എടുത്തുപറയുന്നുണ്ട്. ഈ ലേഖനം ഒന്ന് മനസ്സിരുത്തി വായിച്ചാല്‍ ബി.ജെ.പി. നേതൃത്വത്തിന്റെ  ഹിന്ദിയെച്ചൊല്ലിയുള്ള അസ്‌കിതകള്‍ക്ക് ഒരു പരിധിവരെയെങ്കിലും ആശ്വാസമുണ്ടാവും.

ഇന്ത്യയ്ക്ക് ഒരു രാഷ്ട്രഭാഷയില്ല. ഭരണഘടന അങ്ങിനെ ഒരു ഭാഷയേയും രാഷ്ട്രഭാഷയാക്കിയിട്ടില്ലെന്ന് 2010-ലെ വിധിയില്‍ ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദിയും ഇംഗ്ളീഷും തമിഴും പഞ്ചാബിയുമൊക്കെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയെന്ന നിലയില്‍ ഹിന്ദി രാഷ്ട്രഭാഷയാവണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ സി.എന്‍. അണ്ണാദുരൈ പ്രതികരിച്ചത് അങ്ങിനെയാണെങ്കില്‍ മയിലിന് പകരം കാക്കയാവണം ഇന്ത്യയുടെ ദേശീയ പക്ഷിയെന്നാണ്. 

ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ശ്രമം ഏറ്റവും ശക്തമായി എന്നും ചെറുത്തിട്ടുള്ളത് തമിഴരാണ്. ഉത്തരേന്ത്യന്‍ സംസ്‌കാരത്തിന്റെ അധീശത്വമായാണ് ഹിന്ദിയുടെ അടിച്ചേല്‍പിക്കലിനെ തമിഴര്‍ കാണുന്നത്. 1930-കളിലും 60-കളിലും തമിഴകത്ത് ആഞ്ഞടിച്ച ഹിന്ദി വിരുദ്ധ പ്രക്ഷോഭമാണ് ഡി.എം.കെയ്ക്ക് സുദൃഢമായ അടിത്തറ തീര്‍ത്തത്. ദ്രാവിഡനാട് എന്ന ആശയം ഉപേക്ഷിച്ചപ്പോഴും ഹിന്ദി മേധാവിത്തത്തിനെതിരെയുള്ള നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ അണ്ണാദുരൈയോ കരുണാനിധിയോ തയ്യാറായിരുന്നില്ല. ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്  എന്ന മുദ്രാവാക്യം വിട്ടൊരു കളിക്ക് അന്നുമിന്നും തമിഴന്‍ തയ്യാറല്ല. 

ഹിന്ദി പഠിക്കുന്നതിന് തമിഴരെന്നല്ല ബോധമുള്ള ആരും തന്നെ എതിര് നില്‍ക്കുമെന്ന് തോന്നുന്നില്ല. തമിഴ്നാട്ടില്‍ ഹിന്ദി ദക്ഷിണ്‍ പ്രചാര്‍ സഭ ഉഷാറായി പ്രവര്‍ത്തിക്കുന്നുണ്ടെന്നത് തമിഴരുടെ മെക്കിട്ട് കയറുന്നവര്‍ കാണാതെ പോവരുത്. പ്രശ്നം ഹിന്ദിയല്ല, ഹിന്ദിയുടെ അടിച്ചേല്‍പ്പിക്കലാണ്. ഹിന്ദിയെന്നല്ല മലയാളവും തമിഴും അടിച്ചേല്‍പിക്കുന്നതും അംഗീകരിക്കാനാവില്ല. അങ്ങിനെ വരുമ്പോള്‍ സംഗതി ആത്യന്തികമായി സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. 

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ രണ്ടു ഭാഷകള്‍ പഠിച്ചാല്‍ മതി. തമിഴും ഇംഗ്ളീഷും. കഴിഞ്ഞ ഡി.എം.കെ. സര്‍ക്കാര്‍ തമിഴ്നാട്ടിലെ സ്‌കൂളുകളില്‍ തമിഴ് നിര്‍ബ്ബന്ധിത ഒന്നാം ഭാഷയാക്കിയതിനെ ന്യൂനപക്ഷ ഭാഷാ വിഭാഗങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു. മലയാളവും ഉറുദുവും കന്നടയും തെലുങ്കും ഒന്നാം ഭാഷയായിരുന്ന ന്യൂനപക്ഷ വിദ്യാലയങ്ങളെയാണ് ഈ ഉത്തരവ് പ്രതിസന്ധിയിലാക്കിയത്. ഇതിനെതിരെയുള്ള കേസ് ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പറഞ്ഞുവന്നത് അടിച്ചേല്‍പിക്കാനുള്ള ശ്രമം ആരുടെ ഭാഗത്തു നിന്നുണ്ടായാലും എതിര്‍ക്കണമെന്നാണ്.

ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യം ബി.ജെ.പിയെ എക്കാലത്തും ആവേശം കൊള്ളിച്ചിട്ടുണ്ട്. ജനസംഘിന് രൂപം നല്‍കിയ ശ്യാമപ്രസാദ് മുഖര്‍ജി ബംഗാളിയായിരുന്നെങ്കിലും ഹിന്ദിയുടെ രാഷ്ട്രീയം കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. വിന്ധ്യപര്‍വ്വത നിരകള്‍ക്ക് വല്ലാതെ ഉയരം കൂടിയതിനെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. ഉയര്‍ന്നുയര്‍ന്ന് സൂര്യനെപ്പോലും മറയ്ക്കും എന്ന നിലയായപ്പോള്‍  ഇന്ദ്രന്റെ അപേക്ഷ മാനിച്ച് അഗസ്ത്യ മഹര്‍ഷി ആ വഴി വന്നു. മഹര്‍ഷിക്ക് കടന്നുപോകാന്‍ വിന്ധ്യന്‍ തല കുനിച്ച് ഉയരം കുറച്ചു. വിന്ധ്യനെ കടന്നപ്പോള്‍ അഗസ്ത്യന്‍ ഒരു കാര്യം ആവശ്യപ്പെട്ടു. താന്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരും. അതുവരെ വിന്ധ്യന്‍ ഇതു പോലെ തന്നെ നില്‍ക്കണം. മഹര്‍ഷിയോടുള്ള ആദരവില്‍ വിന്ധ്യന്‍ അതനുസരിച്ചു. പക്ഷെ, പിന്നീടിതുവരെ അഗസ്ത്യന്‍ ആ വഴി വന്നിട്ടില്ലെന്നും വിന്ധ്യന്‍ തല കുനിച്ച് നില്‍ക്കുകയാണെന്നുമാണ് ഐതിഹ്യം. 

ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന് ഏറെ ഇഷ്ടമുള്ള കഥയാണിത്. അഗസ്ത്യന്‍ വിന്ധ്യനെ കീഴടക്കിയതുപോലെ ബി.ജെ.പി ദക്ഷിണേന്ത്യ കൈപ്പിടിയിലൊതുക്കുന്ന കാലം അനതിവിദൂരമല്ലെന്ന പ്രത്യാശ ബി.ജെ.പിയുടെ മുന്നിലുള്ള വിളക്കുമരമാണ്. ഒരു പക്ഷേ, ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിന് ഹിന്ദി അനിവാര്യമാെണന്ന് ബി.ജെ.പി. കരുതുന്നുണ്ടാവും. നരേന്ദ്ര മോദിയായാലും അമിത് ഷാ ആയാലും ദക്ഷിണേന്ത്യയിലെത്തുമ്പോള്‍ ഇംഗ്ളിഷ് സംസാരിക്കേണ്ടി വരുന്നുവെന്നത് ബി.ജെ.പി. നേരിടുന്ന വെല്ലുവിളികളിലൊന്നാണ്. 

ഇന്ത്യയും ബംഗ്ളാദേശും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബര്‍മ്മയുമൊക്കെ അടങ്ങിയ  അഖണ്ഡഭാരതം ആര്‍.എസ്.എസിന്റെ വലിയ ലക്ഷ്യമാണ്. പക്ഷേ, ദക്ഷിണേന്ത്യയിലെ മണ്ണില്‍ ഭൂരിഭാഗവും ഇപ്പോഴും തങ്ങളെ ആഗിരണം ചെയ്തിട്ടില്ലെന്ന യാഥാര്‍ത്ഥ്യം കണ്ണിലെ കരടായി അവശേഷിക്കുകയും ചെയ്യുന്നു. ഹിന്ദിയുടെ വ്യാപനം ഇതിനുള്ള പരിസരമൊരുക്കും എന്ന് ബി.ജെ.പി. കരുതുന്നതില്‍ തെറ്റില്ല. പക്ഷേ, വലിയ ചരിത്രവും പൈതൃകവും ഉള്ള തമിഴിനോടും തെലുങ്കിനോടും കന്നടയോടും മലയാളത്തോടും ഏറ്റുമുട്ടുമ്പോള്‍ വിജയം അങ്ങിനെയങ്ങ് എളുപ്പമാവില്ലെന്ന് ഹിന്ദി ഭക്തര്‍ തീര്‍ച്ചയായും തിരിച്ചറിയേണ്ടതുണ്ട്. 

Content Highlights: Hindi Language, Tamil Nadu Protest, Rajagopalachari, Rajaji, DMK, Tamil Culture