1961-ല്‍ ചരിത്രത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരിയാവുമ്പോള്‍ യൂറി ഗഗാറിന് 27 വയസ്സായിരുന്നു. അമേരിക്കയെ ഞെട്ടിച്ച് സോവിയറ്റ് യൂണിയന്‍ നടത്തിയ മുന്നേറ്റം ലോകമെമ്പാടും വലിയ വാര്‍ത്തയായി. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സി.പി. രാമചന്ദ്രന്‍ അന്ന് ശങ്കേഴ്സ് വീക്ക്ലിയിലാണ്. ഗഗാറിന്റെ ബഹിരാകാശ യാത്ര സി.പി. കണ്ടത് തീര്‍ത്തും വ്യത്യസ്തമായിട്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ ബഹിരാകാശ വിജയം ലോകം കൊണ്ടാടുന്നതിനിടയില്‍ ശങ്കേഴ്സ് വീക്ക്ലിയിലെ 'ഫ്രീ തിങ്കിങ്' എന്ന കോളത്തില്‍ സി.പി. ഇങ്ങനെ എഴുതി: ''ധീരകൃത്യങ്ങള്‍ ഐതിഹാസികമാകുന്നത് അവയെ തിരഞ്ഞെടുക്കാന്‍ വേണ്ട സ്വാതന്ത്ര്യം മനുഷ്യന് ലബ്ധമാകുമ്പോള്‍ മാത്രമാണ്.''
സോവിയറ്റ് യൂണിയന്റെ ഇരുമ്പുമറയ്ക്കുള്ളില്‍ യൂറി ഗഗാറിന് 'നൊ' എന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഗഗാറിന്‍ അല്ലെങ്കില്‍ മറ്റൊരാള്‍. അതുകൊണ്ടുതന്നെ ഗഗാറിന്‍ ഒരു ചരിത്രപുരുഷനാവുന്നില്ലെന്ന് സി.പി. പറയാതെ പറഞ്ഞുവെയ്ക്കുകയായിരുന്നു.
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സും കൃത്യമായി പറഞ്ഞിട്ടുണ്ട്. ആപ്പിളിന്റെ പിറവിക്ക് മുമ്പ് സ്റ്റീവ് ഇന്ത്യയില്‍ എത്തിയിരുന്നു. കേട്ടറിവുണ്ടായിരുന്ന ആത്മീയ ഗുരുവിനെത്തേടിയുള്ള യാത്രയായിരുന്നു അത്. അന്ന് ഗംഗയുടെ തീരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ സ്റ്റീവ് ഇന്ത്യയിലെ ദാരിദ്ര്യവുമായി മുഖാമുഖം വന്നു.
അര്‍ദ്ധനഗ്നരായി, ചെരുപ്പുകളില്ലാതെ, ജീവിതത്തിന്റെ മറുകര തേടുന്ന സാധാരണ മനുഷ്യരെ കണ്ടതിനെക്കുറിച്ച് സ്റ്റീവ് ഇങ്ങനെ എഴുതി: ''ചെരിപ്പില്ലാതെ അമേരിക്കയിലെ തെരുവുകളിലൂടെ ഞാന്‍ നടന്നിട്ടുണ്ട്. പാദരക്ഷ വാങ്ങാന്‍ പണമില്ലാതിരുന്നതു കൊണ്ടല്ല അത് സംഭവിച്ചത്. അതെന്റെ തീരുമാനമായിരുന്നു, തിരഞ്ഞെടുപ്പായിരുന്നു. പക്ഷേ, ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അതൊരു തിരഞ്ഞെടുപ്പായിരുന്നില്ല, അതവരുടെ ജീവിതം തന്നെയായിരുന്നു.''
തിരുവനന്തപുരം മേയറായി ഇരുപത്തൊന്നുകാരി ആര്യ രാജേന്ദ്രന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ എന്തുകൊണ്ടോ സി.പിയും സ്റ്റീവ് ജോബ്സും മനസ്സിലേക്ക് കടന്നുവന്നു. സി.പി.എം. എടുത്ത ഈ തീരുമാനം അങ്ങേയറ്റം ജനാധിപത്യപരമാണെന്നതില്‍ സംശയമൊന്നുമില്ല. ഭാവനയുടെയും സര്‍ഗ്ഗാത്മകതയുടെയും കനലുകള്‍ പ്രോജ്ജ്വലിപ്പിക്കുന്ന നീക്കമാണത്. കമല്‍ഹാസനും മോഹന്‍ലാലും ശശി തരൂരും ഗൗതം അദാനിയും ഒരു പോലെ വാഴ്ത്തുന്ന തീരുമാനം. പക്ഷേ, ഈ തീരുമാനം ഐതിഹാസികവും ചരിത്രപരവും വിപ്ലവകരവുമാവുന്നുണ്ടോ എന്നുള്ളതാണ് ചോദ്യം.
സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് എന്നാണറിയുന്നത്. പാര്‍ട്ടിയുടെ രീതി അതാണ്. പക്ഷേ, ഈ തീരുമാനം ജില്ലാ സെക്രട്ടറിയേറ്റില്‍നിന്നു തന്നെയാണോ ഉടലെടുത്തതെന്നത് വ്യക്തമല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍നിന്നാണ് തീരുമാനം വന്നതെന്ന് കേള്‍ക്കുന്നുണ്ട്.
എന്തായാലും നേരത്തെ പറഞ്ഞതുപോലെ തീര്‍ത്തും അപ്രതീക്ഷിതമായൊരു തീരുമാനം തന്നെയായിരുന്നു അത്. എങ്ങനെ, എന്തുകൊണ്ട് ഈ തീരുമാനമുണ്ടായി എന്നത് അന്വേഷിക്കപ്പെടേണ്ട സംഗതിയാണ്. ഏതു തീരുമാനത്തിനു പിന്നിലും ഒരു പ്രേരണ ഉണ്ടായിരിക്കും.
1966-ല്‍ ഇന്ദിര ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കാമരാജിന്റെ നേതൃത്വത്തിലുള്ള സിന്‍ഡിക്കറ്റ് തീരുമാനിച്ചത് മൊറാര്‍ജി ദേശായിയെ മാറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. വെറും കളിപ്പാവ എന്നാണ് അന്ന് റാം മനോഹര്‍ ലോഹ്യ ഇന്ദിരയെ വിശേഷിപ്പിച്ചിരുന്നത്. ഒരേ സമയം മൊറാര്‍ജിയെ മാറ്റി നിര്‍ത്താനും അധികാരത്തിന്റെ നിയന്ത്രണമുണ്ടാവാനും ഇന്ദിര പ്രധാനമന്ത്രിയാവുന്നതാണ് നല്ലതെന്നായിരുന്നു സിന്‍ഡിക്കറ്റിന്റെ കണക്കുകൂട്ടല്‍.
ഈ കണക്ക് പാളാന്‍ വലിയ താമസമുണ്ടായില്ല. സിന്‍ഡിക്കറ്റിനെ വെട്ടിനിരത്തി പാര്‍ട്ടിയും ഭരണവും ഇന്ദിര സ്വന്തം കൈപ്പിടിയിലൊതുക്കുന്നതാണ് രാജ്യം അധികം വൈകാതെ കണ്ടത്. ബാങ്ക് ദേശസാല്‍ക്കരണം പോലുള്ള ഐതിഹാസികവും വിപ്ലവകരവുമായ നടപടികളിലൂടെ ഇന്ദിര ഇന്ത്യന്‍ ജനതയുടെ ഭാവന പിടിച്ചെടുക്കുകയും ചെയ്തു.
ഇന്ദിരയുടെ വരവ് പക്ഷേ, ശൂന്യതയില്‍ നിന്നായിരുന്നില്ല. രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനും ഭാവനാ സമ്പന്നനുമായ പ്രധാനമന്ത്രിയുടെ മകളെന്ന നിലയില്‍ അധികാരത്തിന്റെ രാവണന്‍കോട്ടകള്‍ ഇന്ദിരയ്ക്ക് സുപരിചിതമായിരുന്നു. 1959-ല്‍ ആദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റാവുമ്പോള്‍ ഇന്ദിരയുടെ പ്രായം 42 വയസ്സ് മാത്രമായിരുന്നു.
ഇന്ദിരയ്ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയം കണ്ട ഏറ്റവും ശക്തയായ വനിതയായിരുന്നു ജയലളിത. ജയലളിതയും ഒരു സുപ്രഭാതത്തില്‍ ആകാശത്തില്‍നിന്ന് പൊട്ടിവീഴുകയായിരുന്നില്ല. 1982-ലാണ് ജയലളിതയെ എം.ജി.ആര്‍. എ.ഐ.എ.ഡി.എം.കെയില്‍ അംഗമാക്കുന്നത്. രണ്ടു കൊല്ലത്തിനപ്പുറം ജയലളിത രാജ്യസഭാംഗമായി.
ഒരു ഭരണപരിചയവുമില്ലാതെ രാജീവ് ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായ വര്‍ഷം. രാജ്യം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഈ നാല്‍പ്പതുകാരന്‍ അഞ്ചു കൊല്ലത്തിനുള്ളില്‍ ആ ജനഹിതം പക്ഷേ, കളഞ്ഞുകുളിച്ചു. രാജീവ് വധമുയര്‍ത്തിയ സഹതാപ തരംഗത്തിലാണ് ജയലളിത തമിഴകത്ത് അധികാരത്തിലെത്തിയത്.
1991 മുതല്‍ 96 വരെയുള്ള ആ അഞ്ചു വര്‍ഷങ്ങള്‍ ജയലളിതയുടെ ജീവിതത്തിലുണ്ടാക്കിയ കളങ്കങ്ങള്‍ മരണംവരെ അവരെ പിന്തുടര്‍ന്നു. പി.എന്‍. ഹക്സര്‍ അടക്കമുള്ള പ്രതിഭാശാലികള്‍ ഇന്ദിരയുടെ കൂടെയുണ്ടായിരുന്നു. ജയലളിതയുടെ കൂടയുണ്ടായിരുന്നത് ശശികലയും മണ്ണാര്‍കുടി മാഫിയയുമായിരുന്നു. 2011-ല്‍ നാലാംവട്ടം അധികാരത്തിലെത്തിയപ്പോഴാണ് ജയലളിത സ്വന്തം വഴിയിലൂടെ നടക്കാന്‍ തുടങ്ങിയത്.
ഇന്ത്യ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു നീലം സഞ്ജീവ റെഡ്ഡി. 1956-ല്‍ ആന്ധ്ര പ്രദേശിന്റെ പ്രഥമ മുഖ്യമന്ത്രിയായപ്പോള്‍ സഞ്ജീവ റെഡ്ഡിക്ക് 33 വയസ്സായിരുന്നു. പക്ഷേ, അതിനും മുമ്പ് മദ്രാസ് നിയമ നിര്‍മ്മാണ സഭയിലും ടി. പ്രകാശത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും സഞ്ജീവ റെഡ്ഡിയുണ്ടായിരുന്നു.
ഭരണപരിചയമില്ലാതിരുന്നതാണ് രാജീവ് ഗാന്ധിക്ക് പ്രശ്നമായത്. 37-ാമത്തെ വയസ്സില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായ എ.കെ. ആന്റണിക്കും ഇതേ പ്രശ്നമുണ്ടായിരുന്നു. അതേസമയം, നരസിംഹ റാവുവിനും മന്‍മോഹന്‍ സിങ്ങിനും പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുമ്പോള്‍ ഭരണപരിചയം ആവോളമുണ്ടായിരുന്നു.
കോര്‍പറേഷന്‍ മേയറുടെ ജോലി ചെറുതല്ല. ഒരു മന്ത്രിയുടെ ഓഫീസിനോളമോ അതിലേറെയോ ശ്രദ്ധയും സാമര്‍ത്ഥ്യവും ആവശ്യപ്പെടുന്ന ജോലിയാണത്. ഈ പദവിയിലേക്ക് കൗണ്‍സിലറെന്ന നിലയിലുള്ള അനുഭവസമ്പത്തോ ഭരണപരിചയമോ ഇല്ലാത്ത ഒരു ചെറുപ്പക്കാരിയെ നിയോഗിക്കുമ്പോള്‍ സി.പി.എമ്മിന് വ്യക്തമായ കാരണങ്ങളുണ്ടായിരിക്കും.
രാഷ്ട്രീയത്തില്‍ തീരുമാനങ്ങള്‍ നിര്‍ണ്ണായകമാണ്. അതിവേഗത്തില്‍ അപ്രതീക്ഷിതമായി എടുക്കുന്ന തീരുമാനങ്ങളിലൂടെയാണ് ജനങ്ങളുടെ ഭാവന രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും പിടിച്ചെടുക്കുന്നത്. ആ തലത്തില്‍ ഇത്തരമൊരു തീരുമാനത്തിന് സി.പി.എമ്മിനെ അഭിനന്ദിക്കുക തന്നെ വേണം.
ഒരു സാധാരണ കുടുംബത്തില്‍നിന്നുള്ള ഒരു യുവതിയെ തലസ്ഥാന നഗരിയിലെ മേയറാക്കുമ്പോള്‍ അത് പാര്‍ട്ടി അണികള്‍ക്ക് നല്‍കുന്ന സന്ദേശം ഗംഭീരവും സൗന്ദര്യപൂര്‍ണ്ണവുമാണ്. ജനാധിപത്യത്തിന്റെ സാദ്ധ്യതകളിലേക്കാണ് ഇത്തരമൊരു നീക്കം സാധാരണ മനുഷ്യരെ കൈപിടിച്ച് കൊണ്ടുപോവുന്നത്.
'The World is Flat' എന്ന പുസ്തകത്തില്‍ തോമസ് ഫ്രീഡ്മാന്‍ രണ്ട് ചെറുപ്പക്കാരെക്കുറിച്ച് പറയുന്നുണ്ട്. ഇന്ത്യയിലെയും പാകിസ്താനിലെയും ചെറുപ്പക്കാര്‍. തന്റെ ചെറിയ വീടിനു മുന്നില്‍ നിന്നുകൊണ്ട് എതിര്‍വശത്തുള്ള വലിയ വീട്ടിലേക്ക് നോക്കുന്ന ഇന്ത്യയിലെ ചെറുപ്പക്കാരന്‍ പറയുന്നു: ''ഒരു ദിവസം ഞാനും ആ വീടിന്റെ ഉടമയെപ്പോലാവും.'' എന്നാല്‍ പാകിസ്താനിലെ ചെറുപ്പക്കാരന്‍ പറയുന്നത് ഇതാണ്: ''ഒരു ദിവസം ഞാന്‍ അയാളെ കൊല്ലും.'' സാമാന്യവത്കരണത്തിന്റെ (ജനറലൈസേഷന്‍) ഒരു പ്രശ്നം ഈ പ്രസ്താവനയിലുണ്ടെങ്കിലും ജനാധിപത്യം തുറന്നിടുന്ന സാദ്ധ്യതകളിലാണ് ഫ്രീഡ്മാന്‍ ഊന്നുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിന് സി.പി.എമ്മിന്റെ ഈ തീരുമാനം നല്‍കുന്ന ഊര്‍ജ്ജം നിസ്സാരമല്ല എന്നാണ് പറഞ്ഞുവന്നത്. പ്രായം കൂടുതലുള്ളതുകൊണ്ട് ഒരാള്‍ക്ക് പക്വതയുണ്ടാവണമെന്നില്ല. പഞ്ചായത്ത് ഭരിച്ച് പരിചയമുള്ളതുകൊണ്ട് ഒരാള്‍ മുനിസിപ്പാലിറ്റിയോ കോര്‍പറേഷനോ നന്നായി ഭരിക്കണമെന്നില്ല. 12 വര്‍ഷത്തോളം മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ പക്ഷേ, അതുകൊണ്ട് ഇന്ത്യ മഹാരാജ്യം മാതൃകാദേശമാക്കി എന്ന് കാര്യവിവരമുള്ള ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല.
പ്രായമല്ല, കര്‍മ്മം തന്നെയാണ് ഒരു മനുഷ്യനെ നിര്‍ണ്ണയിക്കുന്നതും നിര്‍വ്വചിക്കുന്നതും. ആര്യ രാജേന്ദ്രന് വലിയാരു അവസരമാണ് ലഭിച്ചിരിക്കുന്നത്. തലയ്ക്കു മീതെ പാര്‍ട്ടിയുള്ളതുകൊണ്ട് ഇന്ദിരയെയോ ജയലളിതയെയോ പോലെ കളം വിട്ടു കളിക്കാനാവില്ല. എന്നാലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനനുസരിച്ചായിരിക്കും ഈ ചെറുപ്പക്കാരിയെ കാലവും ചരിത്രവും അടയാളപ്പെടുത്തുക.
അതേസമയം, സി.പി.എമ്മിന്റെ ഈ തീരുമാനം വിപ്ലവകരമാണെന്ന് പറയാനാവില്ല. തിരുവനന്തപുരത്ത് ഇതിനു മുമ്പും സി.പി.എം. ചെറുപ്പക്കാരെ മേയര്‍ പദവിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഗോദയില്‍ ചെറുപ്പക്കാരെ ഇറക്കുന്നതില്‍ കോണ്‍ഗ്രസും നേരത്തെ ഒട്ടും മോശമായിരുന്നില്ല.
1971-ല്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഇ.കെ. നായനാരെ പരാജയപ്പെടുത്തുമ്പോള്‍ കടന്നപ്പള്ളി രാമചന്ദ്രന് 26 വയസ്സേ ഉണ്ടായിരുന്നുള്ളു. പക്ഷേ, അതൊന്നും വിപ്ലവമല്ല. നിലവിലുള്ള രീതികളെ മൊത്തത്തില്‍ അട്ടിമറിക്കുമ്പോഴാണ് ഒരു തീരുമാനം വിപ്ലവകരമാവുന്നത്. വ്യവസ്ഥാപിതമായ എല്ലാ സംഗതികളേയും അത് തിരുത്തിക്കുറിക്കണം.
ഒരു പക്ഷേ, വള്ളക്കടവില്‍നിന്ന് നാലാം വട്ടം തിരഞ്ഞെടുക്കപ്പെട്ട ഷാജിത നാസറിനെ മേയറാക്കാന്‍ സി.പി.എം. തിരുമാനിച്ചിരുന്നെങ്കില്‍ അത് വിപ്ലവകരമാവുമായിരുന്നു. പക്ഷേ, വിപ്ലവം ചെയര്‍മാന്‍ മാവോ പറഞ്ഞതുപോലെ അത്താഴവിരുന്നല്ല. അനന്തപുരിയില്‍ വരുംനാളുകളിലേക്കുള്ള നിക്ഷേപം കൂടിയാണ് സി.പി.എം. നടത്തിയിരിക്കുന്നത്. പത്മനാഭന്റെ മണ്ണിനെ തൃപ്തിപ്പെടുത്തുന്ന ജാതി സമവാക്യങ്ങളില്‍ അലോസരമുണ്ടാക്കാത്ത തീരുമാനം.
കേരളത്തിലെ പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ കണ്ണു തുറപ്പിക്കേണ്ട തീരുമാനം കൂടിയാണിത്. ഭാവനയില്ലാത്ത നേതൃത്വം കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ്. അത് ചീഞ്ഞുനാറുന്നതിന് അധികസമയം വേണ്ട. പുതിയ കപ്പല്‍ചാലുകള്‍ വെട്ടിത്തുറക്കുമ്പോഴാണ് വാസ്‌കോ ഡ ഗാമമാര്‍ ഉണ്ടാവുന്നത്. അവര്‍ സ്വന്തം കപ്പലുകള്‍ പുതിയ തീരങ്ങളിലേക്കടുപ്പിക്കുന്നു. അവിടെ പുതിയ ആകാശവും പുതിയ ഭൂമിയുമുണ്ടാവും.
വഴിയില്‍ കേട്ടത്: സഭാതര്‍ക്കങ്ങളില്‍ പ്രധാനമന്ത്രി ഇടപെടുന്നു. കലക്കവെള്ളത്തിലെ മീന്‍പിടിത്തം ഒരു മത്സരമാണെങ്കില്‍ അതില്‍ ഗപ്പ് ആര്‍ക്കു കിട്ടുമെന്ന് പറയാന്‍ പരപ്പനങ്ങാടിയില്‍ പോയി പ്രശ്നം വെയ്പിക്കേണ്ട കാര്യമുണ്ടോ?
Content Highlights: Arya Rajendran, a student is being appointed as Mayor of Thiruvananthapuram | Vazhipokkan