ജീവിതം പോലെ തന്നെയാണ് രാഷ്ട്രീയം. അല്ലെങ്കില്‍ ജീവിതം തന്നെയാണ് രാഷ്ട്രീയം. കെണികള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ജീവിതത്തിലെന്ന പോലെ രാഷ്ട്രീയത്തിലും വീണു പോവും. ഡെല്‍ഹിയിലെ കെണികളില്‍ വീണില്ല എന്നിടത്താണ് അരവിന്ദ് കെജ്‌രിവാളിന്റെ വിജയമിരിക്കുന്നത്. കെണിയൊരുക്കിയത്  ബിജെപിയാണ്. ബിജെപിയുടെ ബുദ്ധികേന്ദ്രം ആര്‍എസ്എസ് ആണെന്നുവരുമ്പോള്‍ കെണിയുടെ ബഹുമതിയും അവര്‍ക്കവകാശപ്പെടാവുന്നതാണ്. ധ്രുവീകരണം എന്ന കെണിയാണ് സംഘപരിവാര്‍ മിക്കപ്പോഴും ഫലപ്രദമായി പ്രയോഗിക്കുന്നത്. കേവലം രണ്ട് സീറ്റില്‍ നിന്ന് ലോക്സഭയില്‍ 303 എന്ന ഗംഭീര അക്കത്തിലേക്ക് ബിജെപി എത്തിയതിന് പിന്നില്‍ ഈ ആയുധം വഹിച്ച പങ്ക് ചെറുതല്ല.

ഒരര്‍ത്ഥത്തില്‍ ബിജെപിയുടെ ആവനാഴിയിലെ ഏറ്റവും മാരകമായ ആയുധമാണത്. സിദ്ധാന്തങ്ങളിലല്ല ഇത്തരം പ്രയോഗങ്ങളിലാണ് ഇപ്പോള്‍ ബിജെപിക്ക് താല്‍പര്യം. ആയുധങ്ങളുണ്ടായാല്‍ മാത്രം പോര, കൈ വിറക്കാതെ പ്രയോഗിക്കാന്‍ കഴിവുള്ളവരും വേണം. പ്രധാനമന്ത്രി മോദി മുതല്‍ ഉത്തര്‍പ്രദേശ് മുഖ്യന്‍ യോഗി ആദിത്യനാഥ് വരെ ഈ ശ്രേണിയിലുണ്ട്. 

ആറ് പെഗ്ഗടിച്ചാലും ഗ്ളാസ് കൈയ്യില്‍ വിറക്കാതെ ഇരിക്കണമെന്ന് പണ്ടൊരു ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞിട്ടുണ്ട്. കെ ജി ബിയുടെയും സിഐഎയുടെയും മൊസദിന്റെയുമൊക്കെ ഗഡാഗഡിയന്മാര്‍ക്കൊപ്പം വെള്ളമടിക്കുമ്പോള്‍ ആറാമത്തെ പെഗ്ഗില്‍ ഐസ് വീഴുമ്പോഴും കൈ വിറക്കരുത്. ഇതേ വൈദഗ്ദ്ധ്യമാണ് പ്രായോഗിക രാഷ്ട്രീയം ആവശ്യപ്പെടുന്നത്. മോദിയോടും അമിത് ഷായോടും ഏറ്റുമുട്ടുമ്പോള്‍ കൈ വിറക്കരുത്, കാല് കുഴയരുത്, സര്‍വ്വോപരി മനസ്സ് പതറരുത്. ഇവിടെയാണ് അരവിന്ദ് കെജ്‌രിവാള്‍ വിജയിച്ചത്. അതുകൊണ്ടുതന്നെ കെജ്‌രിയുടെ വിജയത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നില്ല.

ബിജെപി ഒരുക്കിയ ധ്രുവീകരണം എന്ന കെണിയില്‍ വീണില്ല എന്നതാണ് കെജ്‌രിവാളിനെ കെജ്രിവാളാക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഹിന്ദുക്കളെയും മുസ്ലീങ്ങളേയും വിഭജിക്കുന്നതിനുള്ള ബിജെപിയുടെ വലിയ അജണ്ടയാണെന്ന തിരിച്ചറിവായിരുന്നു അത്. ഷഹീന്‍ബാഗിലെ പ്രക്ഷോഭ വേദിയില്‍നിന്നു കെജ്‌രിവാള്‍ വിട്ടുന്നിന്നു. സിഎഎയെ മുന്‍നിര്‍ത്തിയല്ല, തന്റെ സര്‍ക്കാരിന്റെ പ്രകടനത്തിന്റെ പുറത്താണ് കെജ്രിവാള്‍ വോട്ട് ചോദിച്ചത്. വൈദ്യുതി, വെള്ളം, ആസ്പത്രി, വിദ്യാഭ്യാസം - ജനങ്ങളെ അടിത്തട്ടില്‍ ബാധിക്കുന്ന നാലു മേഖലകളില്‍ കെജ്‌രിവാളിന്റെ സര്‍ക്കാര്‍ കിടിലന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

ജമ്മു കാശ്മീരിനെ ഒരു വഴിക്കാക്കിയതു കൊണ്ടോ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതു കൊണ്ടോ ഒരു സംസ്ഥാനം പിടിക്കാന്‍ പറ്റില്ലെന്നാണ് ഡെല്‍ഹി തിരഞ്ഞെടുപ്പ് ഫലം  പറയുന്നത്. വര്‍ഗ്ഗീയത എക്കാലത്തും എവിടെയും വില്‍ക്കാന്‍ പറ്റുന്ന ചരക്കല്ല എന്ന്  ഡെല്‍ഹി ജനത സുവ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ഏകീകൃത സിവില്‍ നിയമം എന്ന മൂന്നാം ലക്ഷ്യത്തിലേക്ക്  ഇനിയിപ്പോള്‍ ബിജെപി എങ്ങിനെയാണ് സഞ്ചരിക്കുക എന്നത് ഈ പശ്ചാത്തലത്തില്‍ ഉയരുന്ന ശക്തമായ ചോദ്യമാണ്.

കേന്ദ്രത്തില്‍ മോദിയുടെ രണ്ടാം വരവ്  ഒരു വരവായിരുന്നു. കേന്ദ്രം വെറും കേന്ദ്രമല്ലെന്നും സംസ്ഥാനങ്ങളെ വരച്ച വരയില്‍ നിരത്തുന്ന അധികാര കേന്ദ്രമാണെന്നും മോദി സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ജിഎസ്ടിയിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ്സിലേക്ക് നേരത്തെ തന്നെ മോദി സര്‍ക്കാര്‍ കടന്നുകയറിയിരുന്നു. യുഎപിഎ ഭേദഗതി, എന്‍ഐഎ ഭേദഗതി എന്നിവയിലൂടെ ക്രമാധാന പരിപാലനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ ദുര്‍ബ്ബലമാക്കുന്നതാണ് മോദിയുടെ വരവില്‍ ഇന്ത്യ കണ്ടത്. 

എതിരാളിയുടെ പകുതി ബലം സ്വന്തമാക്കുന്ന ബാലിയെപ്പോലെയാണ് മോദി സര്‍ക്കാര്‍ എന്ന നിരീക്ഷണം ഉയരുന്നത് ഈ പരിസരത്തിലാണ്. ഇതിനുള്ള പ്രതിവിധി പോലെയാണ് ഇപ്പോള്‍ ഒന്നൊന്നായി സംസ്ഥാനങ്ങളില്‍ ബിജെപി തിരിച്ചടി നേരിടുന്നത്. ചുരുങ്ങിയത് പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇന്നിപ്പോള്‍ പ്രബലരായ ബിജെപി ഇതര മുഖ്യമന്ത്രിമാരുണ്ട്. മമതയുടെയും പിണറായിയുടെയും നവീന്‍ പട്നായിക്കിന്റെയും അമരിന്ദറിന്റെയും ഭൂപേഷ് ഭാഗലിന്റെയും ചന്ദ്രശേഖര്‍ റാവുവിന്റെയും ജഗ്മോഹന്റെയും നിരയിലാണ് കെജ്‌രിവാളിന്റെയും സ്ഥാനം.

ടീം അണ്ണയിലൂടെയാണ് കെജ്‌രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുവടുകള്‍ വെച്ചത്. അണ്ണാ ഹസാരെ സംഘപരിവാറിന്റെ സൃഷ്ടിയാണ് എന്ന വിമര്‍ശമുണ്ട്. ആ വിമര്‍ശം കണക്കിലെടുത്താല്‍ സംഘപരിവാറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച സൃഷ്ടി കൂടിയാണ് കെജ്‌രിവാള്‍ എന്ന് പറയേണ്ടി വരും. ദേശീയ രാഷ്ട്രീയം പിടിക്കുന്നതിനുള്ള ബിജെപിയുടെ കരുനീക്കങ്ങള്‍ക്കിടയിലുണ്ടായ ഒരു അപഭ്രംശം പോലെയായിരുന്നു കെജ്‌രിയുടെ വരവ്. അങ്ങിനെ നോക്കിയാല്‍ സംഘപരിവാറിന്റെ  അകത്തളങ്ങളില്‍ അവരറിയാതെ നടന്ന ഒരു ജ്ഞാനസ്നാനം കെജ്‌രിയുടെ കാര്യത്തിലുണ്ടായിട്ടുണ്ട്. കെജ്‌രിയുടെ തലതൊട്ടപ്പന്‍ അണ്ണാ ഹസാരെയാണെന്നതും തലതൊട്ടപ്പനെ തള്ളിപ്പറഞ്ഞാണ് കെജ്‌രി രാഷ്ട്രീയത്തില്‍ മുന്നേറിയതെന്നും കാണാതിരിക്കേണ്ട കാര്യമില്ല.

2014-ല്‍ വാരാണസിയില്‍ മോദിയോട് തോറ്റതായിരിക്കാം കെജ്‌രിക്ക് ബോധോദയം നല്‍കിയത്. കെജ്‌രിയുടെ ബുദ്ധഗയ ആ അര്‍ത്ഥത്തില്‍ വാരാണസിയാവാം. ഹിന്ദുത്വയുടെ ചതുപ്പുകളില്‍ വീഴാതിരിക്കാനുള്ള പരിശീലനക്കളരി കൂടിയായിരുന്നിരിക്കണം കെജ്‌രിവാളിന് വാരാണസി.

കോണ്‍ഗ്രസ്സിന് വലിയ മോഹഭംഗമൊന്നുമുണ്ടാവേണ്ട കാര്യമില്ല. ഡെല്‍ഹി ഇത്തവണയും കൂടെ വരില്ലെന്ന് മുന്‍കൂട്ടി അറിയാത്തവരായി കോണ്‍ഗ്രസ്സില്‍ ആരെങ്കിലുമുണ്ടാവുമെന്ന് തോന്നുന്നില്ല. ആശ വെച്ചു പുലര്‍ത്തിയത് ബിജെപിയാണ്. സര്‍വ്വ സന്നാഹങ്ങളും ഒരുക്കിക്കൊണ്ടുളള തുറന്ന യുദ്ധമാണ് ബിജെപി നടത്തിയത്. കുരുക്ഷേത്രത്തിലെന്ന പോലെ വലിയ സൈന്യം, വലിയ സാരഥികള്‍, വലിയ ആയുധങ്ങള്‍ - എല്ലാം ബിജെപിക്കുണ്ടായിരുന്നു. പക്ഷേ, ആത്യന്തികമായി കൃഷ്ണന്‍ എന്ന ഒരൊറ്റ സാരഥിയുടെ സാന്നിദ്ധ്യമാണ് കാര്യങ്ങള്‍ പാണ്ഡവര്‍ക്കനുകൂലമാക്കിയത്. 

ചതുപ്പുകളും കെണികളും കണ്ടറിയുകയും ഏതായുധം എപ്പോഴാണ് പ്രയോഗിക്കേണ്ടതെന്ന് തിരിച്ചറിയുകയും ചെയ്ത ചെന്താമരക്കണ്ണന്റെ സാന്നിദ്ധ്യം. അതുകൊണ്ടുതന്നെ ഇതിപ്പോള്‍ കെജ്രിവാളിന്റെ നിമിഷമാണ്. കെ്ജരിയുടെ മാത്രം നിമിഷമാണ്. വിജയം നിറഞ്ഞു കവിയുന്ന ഈ പാനപാത്രത്തില്‍ നിന്നും കെജ്രി ആവോളം മധു നുകരട്ടെ. എല്ലു മുറിയെ പണിയെടുത്തവര്‍ തന്നെയാണ് പല്ലു മുറിയെ തിന്നേണ്ടത്.

Content Highlights: Arvind Kejriwal- Who walked out of Sangh Parivar traps