ണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ഗാര്‍ഡിയന്‍ പത്രത്തില്‍ 1999 ജൂലായ് മൂന്നിന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മഹാനായ നേതാവ്  നെല്‍സണ്‍ മണ്ഡേല എഴുതി: ''നമ്മള്‍ പൊറുക്കണം. പക്ഷേ, മറക്കരുത്. നമ്മുടെ രാഷ്ട്രം നിര്‍മ്മിക്കാന്‍ എല്ലാ പാര്‍ട്ടികളില്‍നിന്നും ജീവിതത്തിന്റെ എല്ലാ തുറകളില്‍നിന്നും നേതാക്കള്‍ ഉയര്‍ന്നു വരണം. പ്രത്യാശയായിരിക്കും അതിന്റെ അടിത്തറ. നമ്മള്‍ എല്ലാവരും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഭാവിയായിരിക്കും അതിന്റെ ഭവനം.''  

മറ്റൊരിക്കല്‍ മണ്ഡേല പറഞ്ഞ വാക്കുകള്‍ കൂടി ഇതോടൊപ്പം ചേര്‍ത്തുവെയ്ക്കാം: ''സ്വാതന്ത്ര്യത്തിന്റെ ആ വാതിലിലേക്ക് നടക്കുമ്പോള്‍ എനിക്കറിയാമായിരുന്നു എന്റെയുള്ളിലെ വെറുപ്പും തിക്താനുഭവങ്ങളും എനിക്ക് പുറകില്‍ ഉപേക്ഷിക്കുന്നില്ലെങ്കില്‍  ഞാന്‍ എന്നും ജയിലിലായിരിക്കുമെന്ന്.''

27 കൊല്ലത്തെ ജയില്‍വാസത്തിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ പുതിയൊരു രാഷ്ട്രീയം രചിക്കാന്‍ ഒരുങ്ങുമ്പോള്‍ മണ്ഡേലയെ നയിച്ചത് പകയും വെറുപ്പുമായിരുന്നില്ല. പതിറ്റാണ്ടുകള്‍ കറുത്തവരെ അടിച്ചമര്‍ത്തുകയും വംശീയതയിലുറഞ്ഞ അതിക്രമങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്ത വെള്ളക്കാരോടുള്ള പ്രതികാരമായിരുന്നില്ല മറിച്ച് അനുരഞ്ജനത്തിന്റെയും സഹിഷണ്ുതയുടെയും വെളിച്ചമാണ് മണ്ഡേലയുടെ ഉള്ളില്‍ നിറയുകയും പുറത്തേക്ക് പ്രസരിക്കുകയും ചെയ്തത്. അതുകൊണ്ടാണ് ഒന്നും നമ്മള്‍ മറക്കരുതെന്നും എന്നാല്‍ പൊറുക്കാന്‍ നമുക്ക് കഴിയണമെന്നും മണ്ഡേല പ്രഖ്യാപിച്ചത്.  

ഇത്രയും നാള്‍ അനുഭവിച്ചതിന് നമ്മള്‍ തിരിച്ചുകൊടുക്കണ്ടേ എന്ന മുറവിളി ചുറ്റിലും ഉയര്‍ന്നു കൊണ്ടിരിക്കെയാണ് വഴി മാറി നടക്കാന്‍ മണ്ഡേല തീരുമാനിച്ചത്. അതൊരിക്കലും എളുപ്പമായിരുന്നില്ല. പക്ഷേ, ആള്‍ക്കൂട്ടത്തിന്റെ വൈകാരികതയ്ക്കപ്പുറത്ത് ദക്ഷിണാഫ്രിക്കയുടെ അതിജീവനത്തിന് പൊറുക്കല്‍ പോലൊരു ഔഷധം വേറെയില്ലെന്ന് മണ്ഡേല തിരിച്ചറിഞ്ഞു. ആള്‍ക്കൂട്ടം നേതാക്കളെയല്ല, നേതാക്കള്‍ ആള്‍ക്കൂട്ടത്തെയാണ് നയിക്കേണ്ടതെന്ന ദര്‍ശനവും പ്രയോഗവുമായിരുന്നു മണ്ഡേലയുടെ ജീവിതം.

മണ്ഡേലയെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ആനി ശിവ എന്ന യുവ പോലിസ് ഉദ്യോഗസ്ഥയാണ്. പ്രതിസന്ധികളുടെയും തിരിച്ചടികളുടെയും ആഴിത്തിരമാലകള്‍ മറികടന്ന് ജീവിതം തിരിച്ചുപിടിച്ച മലയാളി യുവതി. പതിനെട്ടാമത്തെ വയസ്സില്‍ എടുത്ത ഒരു തീരുമാനം പാളിപ്പോയതിന്റെ ഫലമായാണ് ആനിക്ക് വീട്ടില്‍നിന്ന് ഇറങ്ങേണ്ടി വന്നത്. വിശ്വസിച്ച് കൂടെക്കൂട്ടിയ പങ്കാളിയുമായി തെറ്റിപ്പിരിയേണ്ടി വന്നതോടെ ആനിയുടെ ജീവിതം മാറിമറിഞ്ഞു. പക്ഷേ, തോറ്റ ുകൊടുക്കാന്‍ ആ പെണ്‍കുട്ടിക്ക് മനസ്സുണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് ജീവിതം തന്നെ സമരമായി. കഴിഞ്ഞ ദിവസം കേരളം കണ്ടത് ഈ സമരപാതകള്‍ താണ്ടി വിജയപീഠത്തില്‍ നിറഞ്ഞ മനസ്സോടെ ഇരിക്കുന്ന സബ്ബ് ഇന്‍സ്പെകടര്‍ ആനിയെയാണ്.  

ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടയില്‍ പിതാവിനോട് എന്താണ് പറയാനുള്ളതെന്ന് അവതാരകന്‍ ആനിയോട് ചോദിക്കുന്നുണ്ട്. തീര്‍ത്തും സ്വകാര്യമായ ഇടങ്ങളിലേക്ക് ക്യാമറ എടുത്തുവെയ്ക്കുകയും ഔചിത്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുക എന്നത് നമ്മുടെ ടെലിവിഷന്‍ അവതാരകര്‍ പൊതുവെ പ്രദര്‍ശിപ്പിക്കുന്ന സ്വഭാവ സവിശേഷതയാണ്. പക്ഷേ, ആനിയുടെ പ്രതികരണം അങ്ങേയറ്റം ഹൃദയാവര്‍ജ്ജകമായിരുന്നു. 

തനിക്ക് പറ്റിയ തെറ്റ് തന്റെ പിതാവിനെ എന്തുമാത്രം വേദനിപ്പിച്ചിട്ടുണ്ടാകാമെന്ന് താന്‍ അറിയുന്നുണ്ടെന്നും അദ്ദേഹത്തിന്റെ മുന്നില്‍ താനിപ്പോഴും ജയിച്ചിട്ടില്ലെന്നുമാണ് ആനി പറഞ്ഞത്. ജീവിച്ചു കാണിക്കട്ടെ എന്ന് അച്ഛന്‍ പറഞ്ഞ വാക്കുകളാണ് ഇക്കാലമത്രയും തനിക്ക് മുന്നില്‍ വെളിച്ചമായി നിന്നതെന്നും ആനി പറഞ്ഞു. 

വിജയത്തിന്റെ നിമിഷങ്ങളില്‍ എന്തുമാത്രം അലിവോടെയും വിനയത്തോടെയുമാണ് ഈ ചെറുപ്പക്കാരി സംസാരിക്കുന്നതെന്ന് പറയാതെ വയ്യ. തന്റെ ജീവിതത്തിലെ കയ്പു നിറഞ്ഞ അനുഭവങ്ങള്‍ക്ക് ആരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയല്ല ആനി സംസാരിച്ചത്. ജീവിതം തിരിച്ച ുപിടിക്കുന്നതിന്റെ ആഹ്ളാദവും ആശ്വാസവുമായിരുന്നു അവരുടെ വാക്കുകളില്‍.

ഫെയ്സ്ബുക്കില്‍ എഴുതുന്ന കുറിപ്പുകള്‍ കണ്ട് തന്നെ വിളിക്കുന്ന സ്ത്രീകളെ സമാശ്വസിപ്പിക്കുന്നതിനെക്കുറിച്ചും ആനി അഭിമുഖത്തില്‍ പറയുന്നുണ്ടായിരുന്നു. അവരുടെ പ്രശ്നങ്ങള്‍ ഒന്നു കേട്ടാല്‍ തന്നെ അവര്‍ക്ക് വലിയ സമാധാനമുണ്ടാവും എന്നാണ് ആനി പറഞ്ഞത്. ഒന്ന് കേള്‍ക്കാനുള്ള മനസ്സ് നമുക്കുണ്ടായാല്‍ തന്നെ സഹനത്തിന്റെ നടുക്കടലില്‍ നില്‍ക്കുന്നവര്‍ക്ക് പകുതി ആശ്വാസമാകും എന്ന വസ്തുതയിലേക്കാണ്  ആനി വിരല്‍ചൂണ്ടിയത്. പുറത്തേക്ക് പോയ വനിത കമ്മീഷന്‍ അദ്ധ്യക്ഷയും വരാനിരിക്കുന്ന വനിത കമ്മീഷന്‍ അദ്ധ്യക്ഷയും ആനി ശിവയുടെ അഭിമുഖങ്ങള്‍ ഒന്ന് മനസ്സിരുത്തി കാണുകയും കേള്‍ക്കുകയും വേണം.

തന്റെ കുഞ്ഞ് ആകെ ആവശ്യപ്പെട്ടിട്ടുള്ളത് ഭക്ഷണമാണെന്ന് ആനി തുറന്നു പറയുന്നുണ്ട്. വിശപ്പുപോലെ ജീവിതത്തെ നിര്‍ണ്ണയിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുന്ന മറ്റൊന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ''തലച്ചോറല്ല ശരീരത്തിന്റെ പ്രധാന അവയവം  വയറാണ്. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാത്തവന് അഭിമാനം എന്നൊന്നില്ല.'' എന്ന് പ്രൊഫസര്‍ എം .കുഞ്ഞാമന്‍ എഴുതുന്നത് ഈ പരിസരത്തില്‍ നിന്നുകൊണ്ടാണ്. 

ഒരു തിരുവോണദിനത്തില്‍ പട്ടിണി സഹിക്കവയ്യാതെ ഒരു വീട്ടിലേക്ക് കയറിച്ചെന്ന് ഭക്ഷണം ചോദിച്ചതും അവിടത്തെ വരാന്തയിലിരുന്ന് ആ വീട്ടുകാരി കാരുണ്യപൂര്‍വ്വം വിളമ്പിയ ഊണ് കഴിച്ചുകൊണ്ടിരിക്കെ പരിചയമുള്ള ഒരു പെണ്‍കുട്ടി വന്ന് പേരു ചൊല്ലി വിളച്ചപ്പോഴുണ്ടായ ഹൃദയവേദനയെക്കുറിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയതും ഇവിടെ ഓര്‍ത്തുപോവുന്നു.

പോരാളികളുടേതാണ് ജീവിതം. അപമാനിക്കപ്പെട്ട ഇടങ്ങളിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് അഭിമാനിയായി തിരിച്ചുവരാന്‍ കുഞ്ഞാമനും ചുള്ളിക്കാടിനും കഴിഞ്ഞത് കീഴടങ്ങാനാവില്ല എന്ന നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രമാണ്. അത്തരമൊരു നിലപാടിനു പുറത്താണ് ആനിയും ഈ കേരളത്തിനു മുന്നില്‍ ശിരസ്സുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത്.

ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധി എന്ന വിമര്‍ശം നേരിടുന്ന പോലിസ് സേനയിലേക്കാണ് ആനി എത്തിയിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. സഹാനുഭൂതി എന്നത് പലപ്പോഴും ഒരു വെറും വാക്കായി നിലകൊള്ളുന്ന ഇടമാണെന്ന വെല്ലുവിളി തീര്‍ച്ചയായും ലോകത്തെവിടെയും പോലിസ് അഭിമുഖീകരിക്കുന്നുണ്ട്. 

ജോര്‍ജ് ഫ്ളോയിഡ് എന്ന ചെറുപ്പക്കാരനെ ശ്വാസം മുട്ടിച്ചുകൊന്ന ഡെറക് ഷൊവിന്‍ എന്ന പോലിസ് ഓഫിസര്‍ 22.5 കൊല്ലത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. കസ്റ്റഡി മരണങ്ങളും അഴിമതിയും കേരള പോലിസിനും അന്യമല്ല. ഒരു വ്യവസ്ഥിതിക്കും സംവിധാനത്തിനും മാറ്റം വരുത്താന്‍ വ്യക്തികള്‍ക്ക് കഴിയും. പീഡിതരോടും നിന്ദിതരോടും ഐക്യദാര്‍ഢ്യം പുലര്‍ത്താന്‍ കഴിയുന്ന മനസ്സുകള്‍ നമ്മുടെ പോലിസ് സേന കൂടുതലായി ആവശ്യപ്പെടുന്നുണ്ട്.

ഇന്നലെകളോട് ഇതില്‍ കൂടുതല്‍ നന്നായി എനിക്കെങ്ങിനെയാണ് പ്രതികാരം ചെയ്യാനാവുക എന്ന് ആനി ചോദിക്കുന്നുണ്ട്. മറ്റൊരു ജീവിതം തകര്‍ത്തുകൊണ്ടല്ല സ്വന്തം ജീവിതം തിരിച്ചുപിടിച്ചുകൊണ്ടുള്ള പ്രതികാരമാണത്. ഒന്നും മറക്കരുത്. പക്ഷേ, എല്ലാം നമ്മള്‍ പൊറുക്കണം എന്ന മണ്ഡേലയുടെ വാക്കുകളുടെ നിറവേറലും സാക്ഷാത്കാരവുമാണത്. ആനി ശിവ ഒരു മാതൃകയാണ്. ഈ കൊച്ചുകേരളത്തിന് ഉറ്റുനോക്കാവുന്ന വലിയൊരു റോള്‍ മോഡല്‍.

വഴിയില്‍ കേട്ടത്: ബംഗാളി വംശജരായ മുസ്ലിങ്ങള്‍ കുടുംബാസൂത്രണ പദ്ധതികള്‍ സ്വീകരിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. നമ്മുടെ സ്വന്തം സുരേഷ് ഗോപി അണ്ണന്‍ തന്നെയാവട്ടെ പദ്ധതിയുടെ ബ്രാന്റ് അംബാസഡര്‍!

Content Highlights: Annie Siva, the young cop and present Kerala | Vazhipokkan