ഹൈദരാബാദില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത കേസിലെ പ്രതികളെ പോലീസുകാര്‍ വെടിവെച്ചു കൊന്നത് ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മര്യാദകേടാണ്. പ്രതികള്‍ ചെയ്തത് കൊടുംക്രൂരതയണെന്നതില്‍ സംശയമില്ല. അവരെ കൈയ്യില്‍ കിട്ടിയാല്‍ പച്ചയ്ക്ക് തീ കൊളുത്തണമെന്ന് ആഗ്രഹിക്കുന്നവരുടെ വികാരം മനസ്സിലാക്കാനും പ്രയാസമില്ല. പക്ഷെ, നീതി നടപ്പാക്കേണ്ടത് ഇങ്ങനെയാണോ എന്ന് ചോദിച്ചാല്‍ അല്ലെന്ന് മാത്രമേ പരിഷ്‌കൃത സമൂഹങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് പറയാനാവൂ.
ഏറ്റുമുട്ടലില്‍ കൊന്നുവെന്ന് പോലീസ് പറയുന്നതൊക്കെ ശുദ്ധനുണയാണെന്ന് സാമാന്യ ബോധമുള്ളവര്‍ക്ക് അറിയാം. കൊല്ലണമെന്ന് തീര്‍ച്ചപ്പെടുത്തി തന്നെയാവും പ്രതികളെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുവന്നത്. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികള്‍ എന്തായുധമെടുത്താണ് പോലീസുമായി ഏറ്റുമുട്ടുക? അവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെയ്ക്കുകയായിരുന്നുവെന്ന പോലീസ് ഭാഷ്യവും വിശ്വസിക്കനാവില്ല. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ അരയ്ക്ക് താഴെയാണ് വെടിവെയ്ക്കേണ്ടത്. അല്ലാതെ വെടി വെച്ചു കൊല്ലുകയല്ല ചെയ്യേണ്ടത്.
എല്ലാ അര്‍ത്ഥത്തിലും ഇത് നിയമവാഴ്ചയുടെ പരാജയമാണ്. ആത്യന്തികമായി ജനാധിപത്യത്തിന്റെ നിഷേധവും നിരാസവുമാണ്. ആള്‍ക്കൂട്ടത്തിന്റെ കാമനകളും ആക്രോശങ്ങളുമല്ല നിയമപാലകരെയും ഭരണകര്‍ത്താക്കളെയും നയിക്കേണ്ടത്. പോലീസ് നിയമം കൈയ്യിലെടുക്കാന്‍ തുടങ്ങിയാല്‍ പിന്നെ നീതിന്യായ വ്യവസ്ഥ എന്നു പറയുന്ന സംഗതി എന്തിനു വേണ്ടിയാണെന്ന് ചോദിക്കാതിരിക്കാനാവില്ല. എളുപ്പവഴിയില്‍ ക്രിയ ചെയ്യാനല്ല പോലീസിനെ ജനാധിപത്യ സമൂഹത്തില്‍ ചെല്ലും ചെലവും കൊടുത്ത് പരിപാലിക്കുന്നത്.
നിയമത്തിന്റെ വഴിയിലൂടെയല്ലാതെ ഒരാളുടെ ജീവനും വ്യക്തി സ്വാതന്ത്ര്യവും ഇല്ലാതാക്കരുതെന്നത് ഭരണഘടനയുടെ 21-ാം വകുപ്പ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നുണ്ട്. കുറ്റകൃത്യത്തെക്കുറിച്ചുള്ള അന്വേഷണവും തെളിവുകളുടെ ശേഖരണവും കുറ്റവാളികളുടെ അറസ്റ്റുമാണ് പോലീസിന്റെ ജോലി. ആ ജോലി കുറ്റമറ്റ രീതിയില്‍ ചെയ്തിരുന്നെങ്കില്‍ വാളയാറിലെ കുരുന്നു പെണ്‍കുട്ടികളുടെ ഘാതകര്‍ ഇപ്പോഴും പുറത്തിറങ്ങി സ്വൈര വിഹാരം ചെയ്യുമായിരുന്നില്ല.
പ്രതികളെന്നു കരുതുന്നവരെ വെടിവെച്ചുകൊല്ലുക എളുപ്പമാണ്. പക്ഷെ, അവര്‍ ചെയ്ത കുറ്റം തെളിയിക്കണമെങ്കില്‍ പോലീസ് ശരിക്കും പണിയെടുക്കേണ്ടിവരും. ഇങ്ങനെ പണിയെടുക്കാനാണ് പോലീസിന് നമ്മള്‍ ശമ്പളം കൊടുക്കുന്നത്. പ്രതികളെന്നു കരുതപ്പെടുന്നവരെ ഇല്ലാതാക്കലാണ് ലക്ഷ്യമെങ്കില്‍ അതിന് പോലീസിന്റെ ആവശ്യമില്ല. ജയ ബച്ചന്‍ പറഞ്ഞതുപോലെ അവരെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുത്താല്‍ മതി.
നീതി പോലീസ് നടപ്പാക്കാന്‍ തുടങ്ങിയാലുള്ള പ്രശ്നം അത് കലാശിക്കുക നീതി നിഷേധത്തിലായിരിക്കുമെന്നതാണ് . സംശയത്തിന്റെ ആനുകൂല്യമെന്നത് നീതി ന്യായ വ്യവസ്ഥയില്‍ സുപ്രധാനമാണ്. ഒരാള്‍ കുറ്റം ചെയ്തെന്നും കുറ്റം ചെയ്തിട്ടില്ലെന്നും സംശയമുണ്ടാവുക സ്വാഭാവികമാണ്. അങ്ങിനെയുള്ള സംശയങ്ങള്‍ ഇല്ലാതാക്കുന്ന തെളിവുകള്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കുകയാണ് പോലീസ് ചെയ്യേണ്ടത്.
ഇന്ത്യന്‍ പാര്‍ലമെന്റിനു നേര്‍ക്ക് നടന്ന ആക്രമണക്കേസില്‍ എസ്.എ.ആര്‍. ഗിലാനിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധിന്യായത്തില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണം സുപ്രധാനമാണ്. ഗിലാനിയുടെ പ്രവൃത്തികള്‍ സംശയത്തിനതീതമല്ലെങ്കിലും വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ വെറുതെ വിടുകയാണെന്നാണ് കോടതി പറഞ്ഞത്.
തെളിവുകളുടെ ശേഖരണവും സമര്‍പ്പണവും പോലീസിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണ്. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് പോലീസിന് എളുപ്പത്തില്‍ ഒളിച്ചോടുവാനുള്ള വഴിയാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍. ഒരാളെങ്കിലും നിരപരാധിയാണെങ്കില്‍ മനസ്സാക്ഷിയുടെ കോടതിയില്‍ ആര്‍ക്കാണ് മനസ്സമാധാനം കിട്ടുക ?
പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തില്‍ അറസ്റ്റിലായത് യഥാര്‍ത്ഥത്തിലുള്ള പ്രതിയാണോയെന്ന സംശയം പൊതുസമൂഹത്തിലുണ്ട്. ഈ സംശയം ഇല്ലാതാക്കേണ്ടത് പോലീസും കോടതിയുമാണ്. അതിനുള്ള അവസരമാണ് പ്രതികളെ വെടിവെച്ചു കൊല്ലുന്നതിലൂടെ പോലീസ് ഇല്ലാതാക്കുന്നത്. ബലാത്സംഗങ്ങളും കൊലകളും ഇത്തരം ഉടനടി നീതി നിര്‍വ്വഹണങ്ങളിലൂടെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. ജയ ബച്ചന്‍ പാര്‍ലമെന്റില്‍ ആള്‍ക്കൂട്ട നീതിക്കായി ആക്രോശിച്ചതിനെ വിമര്‍ശിച്ച് ഇതേ കോളത്തില്‍ കഴിഞ്ഞ ദിവസം എഴുതിയത് ഒന്നുകൂടി ആവര്‍ത്തിക്കുകയാണ്.
ബലാത്സംഗം അധികാരത്തിന്റെ നിഷ്ഠൂരമായ പ്രദര്‍ശനമാണ്. അടിസ്ഥാനപരമായി തകരാറുള്ള ഒരു സിസ്റ്റമാണ് അവിടെ പ്രതിക്കൂട്ടിലുള്ളത്. ആ സിസ്റ്റം ആണധികാരത്തിന്റെ ഉത്പന്നമാണ്. സ്ത്രീ സമശീര്‍ഷയല്ല എന്ന വൃത്തികെട്ട വ്യവസ്ഥാപിത സങ്കല്‍പത്തിന്റെ പ്രയോഗവും ഊട്ടിയുറപ്പിക്കലുമാണത്. ഈ സംവിധാനം ഒരു ദിവസം കൊണ്ട് ശരിപ്പെടുത്താനാവില്ല.
സ്വയം തിരുത്താന്‍ സന്നദ്ധമായ പൗരസമൂഹത്തിനു മാത്രമേ ഇത്തരമൊരു നവീകരണത്തിനും ശുദ്ധികരണത്തിനും വഴിയൊരുക്കാന്‍ കഴിയുകയുള്ളു.കുറ്റവാളിയെ കല്ലെറിയണമെന്നും അടിച്ചുകൊല്ലണമെന്നും ആക്രോശിക്കാന്‍ എളുപ്പമാണ്. പക്ഷെ, ആ ആക്രോശത്തില്‍ നീതിയുടെ നിരാസമുണ്ട്. ആള്‍ക്കൂട്ടത്തിന്റെ ലക്ഷ്യം നീതിയല്ല, അവര്‍ക്ക് വേണ്ടത് ലഹരിയും ഉന്മാദവുമാണ്.
ബലാത്സംഗത്തിന് ഇരയാവുന്നവര്‍ക്ക് നീതി കിട്ടണം. അത് വേഗത്തില്‍ വേണമെന്നതിലും സംശയമില്ല. പക്ഷെ, അത് നിയമത്തിന്റെ വഴിയിലൂടെയാണ് നടപ്പാക്കേണ്ടത്. ശിക്ഷ വേഗത്തിലാക്കാനുള്ള മാര്‍ഗ്ഗം ഉറപ്പാക്കേണ്ട ചുമതല ഭരണകൂടത്തിനുണ്ട്. പോലീസും കോടതികളും ഈ പ്രക്രിയയുടെ ഭാഗമാണ്. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഈ സംവിധാനം കാര്യക്ഷമമാക്കുക ദുഷ്‌കരമല്ല. അതിനാണ് ആത്മാര്‍ത്ഥമായ ശ്രമമുണ്ടാവേണ്ടത്.
2007-ല്‍ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ഒസ്‌കര്‍ കിട്ടിയത് കോവന്‍ സഹോദരന്മാര്‍ സംവിധാനം ചെയ്ത 'No Country For Old Men' എന്ന ചലച്ചിത്രത്തിനാണ്. അതുല്യനടന്‍ ഹവിയര്‍ ബാര്‍ഡം അനശ്വരനാക്കിയ വില്ലനാണ് ഈ സിനിമയിലെ വലിയൊരാകര്‍ഷണം. നിര്‍ദ്ദയമായി, നിസ്സംഗമായി കൊലകള്‍ നടത്തുന്നയാള്‍.
ഒരു പെട്രോള്‍ പമ്പിലെ കടയിലേക്ക് കയറിച്ചെന്ന് കട നടത്തുന്നയാളോട് നാണയം ടോസ് ചെയ്തുകൊണ്ട് വാലാണോ തലയാണോ എന്ന് പറയാന്‍ ഇയാള്‍ ആവശ്യപ്പെടുന്നു. എന്തിനാണ് താന്‍ ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടതെന്ന് കടക്കാരന്‍ ചോദിക്കുന്നു. നിങ്ങള്‍ തീരുമാനിച്ചേ മതിയാവൂ എന്ന് വില്ലന്‍ പറയുന്നു. ബെറ്റു വെയ്ക്കുന്നതുകൊണ്ട് എന്താണ് തനിക്ക് കിട്ടുക എന്ന് കടക്കാരന്‍ ചോദിക്കുന്നു. ''എല്ലാം. ബെറ്റില്‍ ജയിച്ചാല്‍ നിങ്ങള്‍ക്ക് എല്ലാം തന്നെ കിട്ടും.''
1958-ല്‍ മുദ്രണം ചെയ്ത ഈ നാണയം ഇപ്പോള്‍ നിങ്ങളെ തേടിയെത്തിയിരിക്കുന്നത് വെറുതെയല്ലെന്നും ഹവിയര്‍ ബാര്‍ഡമിന്റെ വില്ലന്‍ കഥാപാത്രം പറയുന്നുണ്ട്. കടക്കാരന്റെ ജീവന്‍ ഒരു ടോസിലേക്ക് ഒതുങ്ങുകയാണ്. ടോസില്‍ ജയിച്ചാല്‍ അയാള്‍ ജീവിക്കും. ഇല്ലെങ്കില്‍ അയാള്‍ ഈ ലോകത്തുനിന്ന് യാത്രയാവും.
ഹൈദരാബാദില്‍ നാലു പേരെ വെടിവെച്ചു കൊല്ലും മുമ്പ് പോലീസുകാര്‍ ടോസിട്ടിരുന്നോ എന്നറിയില്ല. പക്ഷെ, അത്ര തന്നെ നിസ്സംഗമായും നിഷ്ഠൂരമായുമാണ് ഈ കൊലകള്‍ നടന്നിരിക്കുന്നത്. ഒരു പരിഷ്‌കൃത സമൂഹമെന്ന് ഇനിയിപ്പോള്‍ എന്തര്‍ത്ഥത്തിലാണ് നമ്മള്‍ നമ്മളെത്തന്നെ വിളിക്കുക?
Content Highlights: All 4 accused in Telangana vet’s rape and murder case killed in police encounter