കളി മാറുകയാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്കെത്തുമെന്ന സൂചന ശക്തമാവുന്നു. ചത്തിസ്ഗഡില്‍ ബി.ജെ.പിയുടെ തകര്‍ച്ച ഞെട്ടിപ്പിക്കുന്നതാണ്. പക്ഷേ, കളി മാറ്റുന്നത് മധ്യപ്രദേശാണ്. സംഘ പരിവാറിന് ഇതുപോലെ ശക്തമായ സംഘടനാ സംവിധാനമുള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല. രമണ്‍ സിങ്ങോ വസുന്ധര രാജെയോ അല്ല ശിവ്‌രാജ് സിങ് ചൗഹാന്‍. എന്നിട്ടും മധ്യപ്രദേശ് കൈവിട്ടുപോവുന്നത് ബി.ജെ.പിയുടെ ഉറക്കം കെടുത്തും.
രാജസ്ഥാനില്‍ രക്ഷയില്ലെന്ന് ബി.ജെ.പിക്കറിയാമായിരുന്നു. വസുന്ധര രാജെ എന്ന ബാദ്ധ്യതയെ തോളില്‍നിന്ന് ഇറക്കാനായാല്‍ അത്രയും നന്നെന്ന ചിന്ത എപ്പൊഴോ ബി.ജെ.പി. നേതൃത്വത്തില്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശ് അങ്ങിനെയല്ല. അവിടെ വീണാല്‍ 2019 എളുപ്പമാവില്ലെന്ന് ബി.ജെ.പിക്കറിയാം. ആ പേടിയാണ് ഇപ്പോള്‍ ബി.ജെ.പിയെ ഗ്രസിച്ചിരിക്കുന്നത്.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ്സിന് മഹാസഖ്യം വേണ്ടി വരുമെന്നതില്‍ സംശയമില്ല. ഈ മുന്നണിയില്‍ കാര്യങ്ങള്‍ നിശ്ചയിക്കാനുള്ള ശേഷി കോണ്‍ഗ്രസ്സിന് കിട്ടണമെങ്കില്‍ മദ്ധ്യപ്രദേശില്‍ ജയം കോണ്‍ഗ്രസിന് അനിവാര്യമായിരുന്നു. വിശാലസഖ്യം എന്ന് പറയാന്‍ എളുപ്പമാണെങ്കിലും സഖ്യത്തെ മേച്ചുകൊണ്ടുപോവുക ഒരിക്കലും എളുപ്പമല്ല. ശരദ് പവാറും മമതയും മായാവതിയും അഖിലേഷും ചന്ദ്രബാബുനായിഡുവും എം.കെ. സ്റ്റാലിനുമൊക്കെ തനിക്ക് താന്‍ പോന്നവരാണ്. സൂചി കുത്താന്‍ ഇടം കിട്ടിയാല്‍ തൂമ്പ എങ്ങിനെ കടത്താനാകുമെന്നായിരിക്കും ഇവര്‍ ചിന്തിക്കുക.
ഓരോ സംസ്ഥാനത്തും മുഖ്യ പ്രതിപക്ഷകക്ഷിയായിരിക്കണം വിശാലസഖ്യം നയിക്കേണ്ടതെന്ന് മമത പറഞ്ഞത് മറക്കാനാവില്ല. മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടുകൊണ്ട് മായാവതി നടത്തിയ പരീക്ഷണവും ഈ പരിസരത്തിലാണ്. മോദിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് വല്യേട്ടന്‍ കളിക്കരുതെന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള കളികള്‍. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണിരുന്നെങ്കില്‍ ശരദ് പവാറൊക്കെ സട കുടഞ്ഞെഴുന്നേല്‍ക്കുന്ന കാഴ്ചയായിരിക്കും ജനാധിപത്യ ഇന്ത്യ കാണുമായിരുന്നത്.
രാജസ്ഥാനിലല്ല, മധ്യപ്രദേശിലായിരുന്നു ബി.ജെ.പിയുടെ അഭിമാനപ്പോരാട്ടം. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ തട്ടകമാണിത്. മദ്ധ്യപ്രദേശില്‍ ബി.ജെ.പി. പരാജയപ്പെട്ടാല്‍ ആത്യന്തികമായി മോദിയോ ശിവ് രാജ്‌സിങ് ചൗഹാനോ അല്ല ആര്‍.എസ്.എസ്. തന്നെയാവും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരിക. രണ്ടും കല്‍പിച്ചുള്ള കളിയിലാണ് കോണ്‍ഗ്രസ് ഇവിടെ ഏര്‍പ്പെട്ടത്.
ബി.ജെ.പിയുടെ ഹിന്ദുത്വയെ നേരിടാന്‍ രാഹുലിന്റെ ശിവഭക്തി കോണ്‍ഗ്രസ് ആയുധമാക്കിയത് വെറുതെയല്ല. എല്ലാ ഗ്രാമത്തിലും ഗോശാലകള്‍ തീര്‍ക്കുമെന്നതാണ് കോണ്‍ഗ്രസിന്റെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം. പശുസംരക്ഷണത്തിനായി മാത്രം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 45 കോടി രൂപയാണെന്നത് വിസ്മരിക്കരുത്. വനവാസക്കാലത്ത് ശ്രീരാമന്‍ നടന്നതായി കരുതപ്പെടുന്ന വഴികള്‍ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയും കോണ്‍ഗ്രസ് മുന്നോട്ടുവെച്ചു. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ബി.ജെ.പി. മുഖ്യ അജണ്ടയാക്കുമ്പോള്‍ രാമനെ കൈവിട്ടുള്ള ഒരു കളിക്ക് മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സും തയ്യാറല്ലെന്നര്‍ത്ഥം.
പഞ്ചാബിലെപ്പോലെ ഒരൊറ്റ നേതാവിനെ മുന്‍നിര്‍ത്തിയല്ല കോണ്‍ഗ്രസ് മധ്യപ്രദേശില്‍ കളിച്ചത്. കമല്‍നാഥിനും ദിഗ് വിജയ്‌സിങ്ങിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമിടയില്‍ അങ്ങിനെയൊരു കളി കളിക്കാന്‍ കോണ്‍ഗ്രസ്സിന് ആവുമായിരുന്നില്ല. ഈ അഞ്ചു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യതാരം രാഹുല്‍ ഗാന്ധിയായിരുന്നു. നരേന്ദ്ര മോദിക്ക് തങ്ങളുടെ ബദല്‍ രാഹുല്‍ തന്നെയാണെന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. പ്രിയങ്കയെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം പഴങ്കഥയായിരിക്കുന്നു. ഇനിയിപ്പോള്‍ പപ്പുവില്ല. പപ്പുവിന്റെ അസ്തമനവും രാഹുലിന്റെ ഉദയവുമാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
1977-ല്‍ ഇന്ദിരയുടെ ദുര്‍ഭരണത്തിനെതിരെ ജയപ്രകാശ് നാരായണ്‍ ഉയര്‍ത്തിയ മുദ്രാവാക്യം ശ്രദ്ധേയമായിരുന്നു. ഒരു ഹന്ദി കവിയുടെ വാക്കുകള്‍ കടമെടുത്താണ് ജെ.പി. ആ മുദ്രാവാക്യം മെനഞ്ഞത്. ''ജനങ്ങള്‍ വരികയാണ്. കസേര ഒഴിയൂ.'' ഒടുവില്‍ ഇന്ദിരയ്ക്ക് കസേരയില്‍ നിന്നിറങ്ങേണ്ടി വന്നു.
രാജസ്ഥാനില്‍ വസുന്ധര വീണിരിക്കുന്നു. മധ്യപ്രദേശില്‍ ചൗഹാന്‍ പുറത്തേക്ക് പോവുന്നു. ചത്തീസ്ഗഡില്‍ രമണ്‍ സിങ് നിലംപരിശായിരിക്കുന്നു. ഇന്ദ്രപ്രസ്ഥത്തില്‍ മോദിക്ക് കസേരയില്‍ നിന്നിറങ്ങേണ്ട സമയം ആഗതമായിരിക്കുന്നു എന്ന മുദ്രാവാക്യമായിരിക്കും ഇനി കോണ്‍ഗ്രസ് ഉയര്‍ത്തുക. ഇനി പുതിയ കളിയാണ്. ഈ കളിയില്‍ മായാവതിയോ മമതയോ ശരദ് പവാറോ ചന്ദ്രബാബു നായിഡുവോ ചന്ദ്രശേഖര്‍റാവുവോ അല്ല, രാഹുല്‍ തന്നെയായിരിക്കും പ്രതിപക്ഷ നിരയുടെ നായകന്‍.
content highlights: madhya pradesh, 5 stste election, rahul gandhi, congress, bjp