നുഷ്യ നേത്രങ്ങള്‍ക്ക് ചന്ദ്രനില്‍ നിന്ന് കാണാനാവുന്ന ഭൂമിയിലെ ഏക വസ്തു ചൈനിസ് വന്മതിലാണെന്ന് വലിയ പ്രചാരണമുണ്ടായിരുന്നു. 1969 ല്‍ ചന്ദ്രനില്‍ കാല്‍കുത്തിയ ശേഷം തിരിച്ച് ഭൂമിയിലെത്തിയപ്പോള്‍ നീല്‍ ആംസ്‌ട്രോങ് നേരിട്ട് ചോദ്യങ്ങളിലൊന്ന് ഇതില്‍ വാസ്തവമെന്തെങ്കിലുമുണ്ടോ എന്നായിരുന്നു. അങ്ങിനെയാരു വസ്തുവിനെയും ചന്ദ്രനില്‍ നിന്ന് തനിക്ക് തിരിച്ചറിയാനായില്ലെന്ന് ആംസ്‌ട്രോങ് മറുപടി പറയുകയും ചെയ്തു. നാസ അടക്കമുള്ള ലോകത്തെ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍ പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. വന്മതില്‍ ചന്ദ്രനില്‍ നിന്ന് കാണാന്‍ പറ്റില്ല  എന്നത് ഇന്നിപ്പോള്‍ ചൈനയ്ക്ക് ഒരു പ്രശ്‌നമാവാനിടയില്ല. കാരണം മനുഷ്യര്‍ അധിവസിക്കുന്ന ഈ ലോകത്ത് തങ്ങളെ  അവഗണിക്കാന്‍ ഒരാള്‍ക്കുമിവില്ലെന്ന് ചൈനയ്ക്കറിയാം.

ജൂലായ് ഒന്നിന് വ്യാഴാഴ്ച  ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 100 വയസ്സ് തികയുകയാണ്.  ഒരു നൂറ്റാണ്ടു മുമ്പ് ചൈനിസ് ബുദ്ധിജിവികളായ ലി ദഷാവൊയും ചെങ് ദുക്‌സിയും ചേര്‍ന്നാണ് ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തുടക്കമിട്ടതെന്നാണ് ചരിത്രം. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ ടിയാനന്‍മെന്‍ സ്വക്യറില്‍ നിന്ന് ചൈനിസ് ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ഷി ജിന്‍പിങ് നടത്തിയ പ്രസംഗം പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നമുക്ക് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ വാക്കുകള്‍ ശ്രദ്ധിക്കാം : '' ചൈനിസ് ജനത ഒരിക്കലും മറ്റൊരു രാജ്യത്തിലെയും  ജനങ്ങളെ ഉപദ്രവിക്കുകയോ അടിച്ചമര്‍ത്തുകയോ അടിമകളാക്കുകയോ ചെയ്തിട്ടില്ല.  അതേ സമയം ഞങ്ങളെ ഉപദ്രവിക്കാനോ അടിച്ചമര്‍ത്താനോ അടിമകളാക്കാനോ ചൈനിസ് ജനത ഒരു വിദശേ ശക്തിയെയും അനുവദിക്കില്ല. അത്തരം വിഭ്രാത്മകതകള്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവരുടെ തലകള്‍ 140 കോടി വരുന്ന ചൈനിസ് ജനതയുടെ മജ്ജയും മാംസവും കൊണ്ട് തീര്‍ത്ത ഉരുക്കിന്റെ ആ വലിയ മതിലില്‍ അടിച്ച് തകരും. ''  

ഷി ജിന്‍പിങ്ങിന്റെ ഈ വാക്കുകളില്‍ സത്യം എത്രമാത്രമുണ്ടെന്നത് തര്‍ക്കവിഷയമാണെന്നതില്‍ സംശയമുണ്ടാവില്ല. 1962 ലെ ഇന്തോ - ചൈന യുദ്ധവും അതിനും ഒരു പതിറ്റാണ്ട് മുമ്പ് നടന്ന ടിബറ്റന്‍ അധിനിവേശവും കഴിഞ്ഞ വര്‍ഷം ഗാല്‍വന്‍ താഴ്‌വരയില്‍ നടന്ന ഇന്തോ - ചൈന സംഘര്‍ഷവും ഹോങ്കോങ്ങില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന കലാപരിപാടികളും ഷി ജിന്‍പിങ്ങിന്റെ നിലാപടുകളിലെ പൊള്ളത്തരം തുറന്നുകാട്ടുന്നുണ്ട്. പക്ഷേ, ചൈനയുടെ പുതിയ മുഖം ഷി ജിന്‍പിങ്ങിന്റെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രമാകാനുള്ള ചൈനയുടെ ത്വരയും ആഗ്രഹവുമാണത്. ലോകമേ , ഇതാ ഞങ്ങള്‍ വരികയാണ് എന്നാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ ഷി പറയുന്നത്. ചൈനയുടെമാത്രം നേതാവാകാനല്ല ഈ ലോകത്തിന്റെ മുഴുവന്‍ നേതാവാകാനുള്ള ഭാഗധേയമാണ് തന്നില്‍ അര്‍പ്പിതമായിരിക്കുന്നതെന്ന് വിശ്വസിക്കുന്ന ഒരു നേതാവിന്റെ വാക്കുകള്‍.
 

china

ഇന്ന് പുറത്തിറങ്ങിയ ദ ഹിന്ദു ദിനപ്പത്രത്തില്‍ ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം ജന്മദിനവുമായി ബന്ധപ്പെട്ടുള്ള ഒരു മുഴുവന്‍ പേജ് പരസ്യമുണ്ട്. ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഈ പരസ്യം അവരുടെ ചരിത്ര രേഖയാണ്. ഈ പരസ്യത്തിലൊരിടത്തും മാര്‍ക്‌സിസം ലെനിനിസം എന്ന വാക്കുകളേയില്ല എന്നത് കാണാതിരിക്കാനാവില്ല. ഇന്ത്യയിലെ ചൈനിസ് അംബാസഡര്‍ സണ്‍ വെയ്‌ഡൊങ് എഴുതിയ മുഖ ലേഖനത്തിലും മാര്‍ക്‌സിസ്റ്റ് ആചാര്യന്മാര്‍ പരാമര്‍ശിക്കപ്പെടുന്നില്ല. ലേഖനത്തില്‍ ഒരിടത്ത് അംബാസഡര്‍ വെയ്‌ഡൊങ് എടുത്തുപറയുന്നത് ഇതാണ് : ''  ചൈന ഒരിക്കലും വിദേശ മാതൃകകള്‍  പകര്‍ത്താറില്ല. വിദേശത്തേക്ക് പ്രത്യയശാസ്ത്രങ്ങള്‍ കയറ്റി അയക്കുന്ന പരിപാടിയും ചൈനയ്ക്കില്ല. ചൈനയുടെ ശീലങ്ങള്‍ പകര്‍ത്തണമെന്ന് മറ്റുള്ള രാജ്യങ്ങളോട് ആവശ്യപ്പെടുന്ന പതിവും ചൈനയ്ക്കില്ല. '' ചൈനയ്ക്ക് ചൈനയുടെ വഴിയെന്നും മറ്റുള്ള രാജ്യങ്ങള്‍ക്ക് അവരുടെ വഴിയെന്നുമാണ് ചൈന പറയുന്നത്. ചൈനയുടെ ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍ എന്നാവേശം കൊണ്ട നമ്മുടെ നക്‌സലുകളും മാവോയിസ്റ്റുകളുമൊക്കെ ഇനിയിപ്പോള്‍ എന്താണ് പറയുക എന്നറിയില്ല.

പറയുന്ന വാക്കും ചെയ്യുന്ന പ്രവൃത്തിയും ഒന്നാകണമെന്ന് ചൈനിസ് വിപ്ലവാചാര്യന്‍ മാവോയ്ക്ക് ഒരു നിര്‍ബ്ബന്ധവുമുണ്ടായിരുന്നില്ല. നൂറു പൂക്കള്‍ വിരിയട്ടെ എന്നുള്ളത് മാവോയുടെ പ്രശസ്തമായ വാക്യമാണ്. വ്യത്യസ്തവും വിഭിന്നവുമായ ചിന്താധാരകള്‍ ഉടലെടുക്കുകയും പരസ്പരം മത്സരിക്കുകയും ചെയ്യട്ടെ എന്ന തീര്‍ത്തും ജനാധിപത്യപരമായ സന്ദേശമാണ് മാവോ ഈ വാക്കുകളിലൂടെ ഉയര്‍ത്തിപ്പിടിച്ചത്. പക്ഷേ, യഥാര്‍ത്ഥത്തില്‍ മാവോ ഉദ്ദേശിച്ചത് മാവോയുടെ മാത്രം പൂക്കള്‍ വിരിയുന്ന തോട്ടമാണ്. തനിക്കെതിരെയുള്ള ഓരോ ചിന്തയും മാവോ മുളയിലേ നുള്ളി. വിപ്ലവത്തിന്റെ ശിശുക്കള്‍ക്ക് വഴി തെറ്റുന്നുവെന്ന് തോന്നിയപ്പോള്‍ മാവോ സാംസ്‌കാരിക വിപ്ലവം കൊണ്ടുവന്നു. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അദ്ധ്യാപകരും രാത്രിക്ക് രാത്രി ചൈനയിലെ ഗ്രാമങ്ങളിലെ പാടങ്ങളില്‍ പുല്ലും കളയും പറിക്കാന്‍ നിയോഗിക്കപ്പെട്ടു. മാവോയുടെ സിദ്ധാന്തങ്ങള്‍ അട്ടിമറിച്ച ഡെങ് സിയാവൊ പിങ്ങും ഭാര്യയും വര്‍ഷങ്ങളോളം ഒരു ഗ്രാമത്തില്‍ സാംസ്‌കാരിക വിപ്ലവത്തിന്റെ ഇരകളായിരുന്നു. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതിയെന്ന് കമ്മ്യൂണിസത്തിന് ഡെങ് പുതിയ ഭാഷ്യമെഴുതിയത് ചിലപ്പോള്‍ ഈ ഗ്രാമ സേവനത്തിനിടയിലായിരിക്കാം. ഇപ്പോഴത്തെ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ബാല്യവും  സാംസ്‌കാരിക വിപ്ലവ കാലത്ത് ഏഴു കൊല്ലത്തോളം ചൈനയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളിലെ ഗ്രാമങ്ങളിലൊന്നിലായിരുന്നു.

മാവോ 70 ശതമാനം ശരിയും 30 ശതമാനം തെറ്റുമാണ് എന്നായിരുന്നു  ഡെങ് സിയാവൊപിങ് പറഞ്ഞത്. മാവോയെ തിരുത്തിക്കൊണ്ടാണ് ഡെങ് ചൈനയെ ലോകത്തെ പ്രമുഖ സമ്പദ് ശക്തികളിലൊന്നാക്കാന്‍ പ്രയത്‌നിച്ചത്. 1921 മുതല്‍ 49 വരെയുള്ള വര്‍ഷങ്ങള്‍ ചൈനയില്‍ വിപ്ലവത്തിന്റെയും രാഷ്ട്ര നിര്‍മ്മാണത്തിന്റെയും കാലമായിരുന്നെങ്കില്‍ 49 മുതല്‍ 76 വരെയുള്ള ഘട്ടം സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കുന്നതിന്റെ കാലമായിരുന്നു. 76 ല്‍ മാവോയുടെ മരണശേഷം ഡെങ് യുഗം തുടങ്ങുന്നു. 2012 ല്‍ ഷി ജിന്‍പിങ് ആദ്യമായി പ്രസിഡന്റാവുന്നതോടെയാണ് ഡെങ് യുഗത്തിന് തിരശ്ശീല വീഴുന്നത്.  പണമുണ്ടാക്കുക എന്നതായിരുന്നു ഡെങ്ങിന്റെ മുദ്രാവാക്യം. പണം മാത്രം പോരെന്നും സ്വാതന്ത്ര്യമാണ് മനുഷ്യന്റെ പരമാഭിലാഷമെന്നും മുദ്രാവാക്യമുയര്‍ത്തി ടിയാനന്‍മെന്‍ ചത്വരത്തില്‍ പ്രതിഷേധിക്കാനിറങ്ങിയ ആയിരക്കണക്കിന് മനുഷ്യരോട് ഡെങിനും കൂട്ടര്‍ക്കും മമതയുണ്ടായില്ല. ജനാധിപത്യരഹിതമായ ക്യാപിറ്റലിസത്തിലേക്കുള്ള യാത്രയില്‍ മനുഷ്യാവകാശങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ഡെങ്ങിന്റെ ചൈന 1989 ല്‍ ടിയാനന്‍മെന്‍ ചത്വരത്തില്‍ നടത്തിയ കൂട്ടക്കൊലയിലൂടെ ലോകത്തോട് പ്രഖ്യാപിച്ചു.
 

china

ടിയാനന്‍മെന്നില്‍ മനുഷ്യരക്തം വീണപ്പോള്‍ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു, അന്ന് അവരോട് എഴുത്തുകാരനായ എം പി നാരായണപിള്ള പറഞ്ഞത് പ്രതിയായ ചൈന ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണെന്ന യാഥാര്‍ത്ഥ്യം മറക്കരുതെന്നാണ്. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തില്‍ മനുഷ്യാവകാശങ്ങള്‍ക്ക് സ്ഥാനമില്ലെന്നും  നാണപ്പന്‍  ഓര്‍മ്മിപ്പിച്ചു

കാശിന് കാശും ആളിന് ആളും ഇന്നിപ്പോള്‍ ചൈനയ്ക്കുണ്ട് ( ആളുകളുടെ എണ്ണം കുറയുകയാണോ എന്ന പേടിയില്‍  രണ്ടില്‍ കൂടുതല്‍ കുട്ടികളാവാമെന്ന പുതിയ ജനസംഖ്യാ നയവും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാമതൊരു കുട്ടി പിറന്നുപോയതിന് ജയില്‍വാസവും വന്‍തുക പിഴയും അനുഭവിക്കേണ്ടി വന്ന പതിനായിരങ്ങള്‍ ഇന്നിപ്പോള്‍ ഈ പുതിയ നയം കണ്ട് അന്തം വിടുന്നുണ്ടായിരിക്കണം. ) മാവോയെ ഡെങ് തിരുത്താന്‍ തുടങ്ങിയ 1978 ല്‍ ചൈനയുടെ ജിഡിപി ( മൊത്തം ആഭ്യന്തര ഉത്പാദനം )  149 ബില്ല്യണ്‍ ഡോളറായിരുന്നു. ലോക ജിഡിപിയുടെ 1.75 ശതമാനം. പക്ഷേ, ഇന്നിപ്പോള്‍ 12.2 ട്രില്ല്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയുമായി ആഗോള  ജിഡിപിയുടെ 15 ശതമാനം എന്ന അസൂയാവഹമായ സ്ഥാനത്തേക്കാണ് ചൈന എത്തിയിരിക്കുന്നത്.

ലോകത്തിന്റെ മേധാവിത്വമാണ് ചൈനയുടെ പുതിയ ലക്ഷ്യം. മാവോയ്ക്കും ഡെങ്ങിനും കഴിയാതെ പോയത് നേടിയെടുക്കാനാണ് താന്‍ അവതാരമെടുത്തിരിക്കുന്നതെന്ന് ഷി ജിന്‍പിങ് ഉറച്ചു വിശ്വസിക്കുന്നുണ്ട്. ഒരാള്‍ക്ക് രണ്ടു തവണ മാത്രമേ പ്രസിഡന്റാവാനാവുകയുള്ളു എന്ന ഡെങ്ങിന്റെ നയം തിരുത്തിക്കൊണ്ടാണ് 2018 ല്‍ ഷി മൂന്നാം വട്ടം പ്രസിഡന്റായത്. ഇനിയിപ്പോള്‍ ചൈനയുടെ അമരത്തു നിന്ന് ഷി ഇറങ്ങുക എന്നാണെന്ന് കാലത്തിന് മാത്രമേ പറയാനാവുകയുള്ളു. ചൈന പഴയ ചൈനയല്ലെന്നും പുതിയ ചൈനയെ പിടിച്ചുകെട്ടുക എളുപ്പമല്ലെന്നും അമേരിക്ക തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് പഴയ വൈരമെല്ലാം മറന്ന് ലണ്ടനില്‍ അടുത്തിടെ നടന്ന ജി സെവന്‍ സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് പുതിന്റെ കരം കവരാന്‍ തയ്യാറായത്. ചൈനയ്‌ക്കെതിരെയുള്ള പടപ്പുറപ്പാടില്‍ റഷ്യ കൂടെ നിന്നില്ലെങ്കിലും എതിരെ നില്‍ക്കുന്ന സാഹചര്യമുണ്ടാവരുതെന്ന് അമേരിക്ക തിരിച്ചറിയുന്നുണ്ട്.

ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഭരണകൂടത്തിനും  ഇന്നിപ്പോള്‍ ഒരു മുഖവും ശബ്ദവുമേയുള്ളു. ഒരു രാഷ്ട്രത്തിനും ജനതയ്ക്കും കൂട്ടായ നേതൃത്വം എന്ന ഡെങ്ങിന്റെ നയം  ചൈനയില്‍ പഴങ്കഥയായിരിക്കുന്നു. ചൈനിസ് സര്‍വ്വകലാശാലകളിലും സ്‌കൂളുകളിലും പഠിപ്പിക്കുന്ന പാര്‍ട്ടി ചരിത്രത്തിന്റെ പുതിയ പതിപ്പില്‍ മാവോയ്ക്ക് പറ്റിയ പാളിച്ചകളെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുപ്പത് ശതമാനം തെറ്റു പറ്റിയ നേതാവായിരുന്നു മാവോ എന്ന ഡെങ്ങിന്റെ നിരീക്ഷണത്തിന് പ്രസക്തിയില്ലെന്നാണ് ഷി ജിന്‍പിങ് കരുതുന്നത്. മാവോ എന്ന ശക്തനായ നേതാവിനെയും മറികടന്ന് വളരാനുള്ള ആഗ്രഹം ഷിയില്‍ കലശലാവുമ്പോള്‍ തെറ്റുപറ്റാത്ത നേതൃത്വമാണ് പ്രതിഷ്ഠിക്കപ്പെടേണ്ടതും ഉയര്‍ത്തിപ്പിടിക്കപ്പെടേണ്ടതുമെന്ന് ആധുനിക ചൈനിസ് ചരിത്രകാരന്മാര്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.
 

china

80 കോടിയോളം മനുഷ്യരെ ദാരിദ്ര്യത്തില്‍ നിന്നും മുക്തരാക്കി എന്ന ചൈനിസ് നേതൃത്വത്തിന്റെ അവകാശം തള്ളിക്കളയേണ്ട കാര്യമില്ല. പട്ടിണിയും ദാരിദ്ര്യവും മനുഷ്യനും ലോകത്തിനുമെതിരെയുള്ള കുറ്റമാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു ദൗത്യത്തിലുണ്ടാവുന്ന വിജയങ്ങള്‍ മാനവാരാശിയുടെ വിജയം തന്നെയാണ്. പക്ഷേ, ഇതിന് ചൈന കൊടുക്കേണ്ടി വന്ന വില വളരെ വലുതാണ്. ഉയിഗുര്‍ മുസ്ലിങ്ങള്‍ മാത്രമല്ല വിയോജിപ്പിന്റെ നേരിയ ശബ്ദമുയര്‍ത്തുന്നവര്‍ പോലും അടിച്ചമര്‍ത്തപ്പെടുന്ന ഇടമാണ് ചൈന. മനുഷ്യാവകാശങ്ങളുടെ ശവക്കോട്ടയിലാണ് ചൈനയുടെ പുരോഗതിയുടെ അസ്തിവാരം ഉറപ്പിച്ചിരിക്കുന്നത്.

100 കൊല്ലം കൊണ്ട് ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ ചില്ലറയല്ല. പക്ഷേ, മനുഷ്യര്‍ക്ക് ആത്യന്തികമായി വേണ്ടത് സ്വസ്ഥതയും സമാധാനവുമാണ്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉറപ്പു നല്‍കുന്ന സമാധാനം. സ്വസ്ഥമായും സ്വൈര്യമായും ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഒരു നേട്ടത്തിനും അര്‍ത്ഥമില്ല. ഈ ലോകം മുഴുവന്‍ നേടിയിട്ടും ആത്മാവ് നഷ്ടപ്പെടുന്നവരെക്കുറിച്ച് ക്രിസ്തു മാത്രമല്ല ഗാന്ധിജിയും പറഞ്ഞിട്ടുണ്ട്. മാവോയ്ക്കും ഷി ജിന്‍പിങ്ങിനുമിടയില്‍ ചൈനയുടെ ആത്മാവ് തീര്‍ച്ചയായും സ്വസ്ഥമല്ലെന്ന് തന്നെയാണ് ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ ശതാബ്ദി ദിനം വിളിച്ചുപറയുന്നത്.

വഴിയില്‍ കേട്ടത് :  രാവിലെ ഉറക്കം വിട്ടെഴുന്നേല്‍ക്കുമ്പോള്‍ ചൈനിസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ അലട്ടുന്നത് ജപ്പാന്‍ പ്രധാനമന്ത്രി എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതാവില്ലെന്നും മറിച്ച് ഹുനാനിലെയോ സെച്ചുവാനിലെയോ പാര്‍ട്ടി സെക്രട്ടറി എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതായിരിക്കുമെന്നും ഓക്‌സഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ചൈനിസ് ചരിത്രം പഠിപ്പിക്കുന്ന പ്രൊഫസര്‍ റാണ മിത്തെര്‍. പി ജയരാജനും തോമസ് ഐസക്കും ജി സുധാകരനും എന്താണ് ചെയ്യാന്‍ പോകുന്നതെന്ന ആവലാതിയോടെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സഖാവ് പിണറായി വിജയനെപ്പോലെ എന്നും പറയാം.