ചൂതാട്ടത്തിന്റെ ഒരു ലഘുരൂപമാണ് ലോട്ടറി. ആസക്തി മൂത്താൽ ഭാഗ്യാന്വേഷണം ചൂതാട്ടഭ്രാന്തായി അധഃപതിക്കാം. അതുകൊണ്ടാണ് സുപ്രീംകോടതി വിധികളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ 1998-ൽ കേന്ദ്ര ലോട്ടറിനിയമം പാസാക്കിയത്. മുഖ്യമായും രണ്ടുകാര്യങ്ങളാണ് ഈ നിയമത്തിലൂടെ ഉറപ്പുവരുത്താൻ ശ്രമിച്ചത്. 

ഒന്ന്: ലോട്ടറി നടത്തിപ്പ് ചൂതാട്ട ആസക്തിയായി പരിണമിക്കരുത്. ഇതിനുവേണ്ടി ഒറ്റനമ്പർപോലുള്ള ലോട്ടറികൾ നിരോധിച്ചു. നടത്താവുന്ന ലോട്ടറികളുടെ എണ്ണത്തിന് പരിധിയും സമ്മാനഘടനയിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തി.  രണ്ട്: ലോട്ടറികളിൽനിന്നുണ്ടാകുന്ന ലാഭം പൊതുനന്മയ്ക്കായി ഉപയോഗപ്പെടുത്തണം. ഇതിനുവേണ്ടിയാണ് ലോട്ടറി നടത്താനുള്ള അവകാശം സംസ്ഥാനസർക്കാരുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.  

കേരള ഭാഗ്യക്കുറിയുടെ ലാഭംമുഴുവൻ നാടിന്റെ വികസനപ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. മിസോറം ലോട്ടറിയുടെ ലാഭം മിസോറം സർക്കാരിനുപോലും കിട്ടുന്നില്ല. ഇടനിലക്കാരുടെ പോക്കറ്റുകളിലേക്കാണ് പോകുന്നത്.  കേരളസർക്കാർ മാത്രമാണ് ഭാഗ്യക്കുറി നേരിട്ട് നടത്തുന്നത്. ലോട്ടറി നടത്തുന്ന മറ്റുസംസ്ഥാനങ്ങൾ നടത്തിപ്പും ഇടനിലക്കാർക്ക്‌ വിട്ടുകൊടുക്കുകയാണ് പതിവ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളാവട്ടെ, ചെറിയ തുക കൈപ്പറ്റി ഇടനിലക്കാർക്ക് ഏത് തിരിമറിനടത്താനും പൂർണസ്വാതന്ത്ര്യം നൽകുകയാണ്. അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുന്ന മാഫിയകളാണ് ഇത്തരം സംസ്ഥാനലോട്ടറികൾ കൈകാര്യംചെയ്യുന്നത്. അസമിൽനിന്നുള്ള പാർലമെന്റ് അംഗമായ മണിക് കുമാർ സുബ്ബയായിരുന്നു ഇവരുടെ മുടിചൂടാമന്നൻ. അദ്ദേഹത്തിന്റെ കാലശേഷം ഈ പദവി കേരളത്തിൽ കുപ്രസിദ്ധനായ സാന്റിയാഗോ മാർട്ടിനാണ്.  

ലോട്ടറി മാഫിയകളുടെ നിയമലംഘനങ്ങൾക്കെതിരേ നടപടിയെടുക്കാൻ കേന്ദ്രസർക്കാരിനു മാത്രമേ അധികാരമുള്ളൂ. എന്നാൽ, വ്യക്തമായ തെളിവുകൾ സഹിതം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്രസർക്കാർ ഒരു നടപടിയുമെടുക്കാതിരുന്ന അനുഭവവും കേരളത്തിനുണ്ട്. കേരളത്തിലെ പ്രതിരോധം രൂക്ഷമായതോടെ കേന്ദ്രസർക്കാർ സിക്കിം ലോട്ടറി നിരോധിച്ചു. ഭൂട്ടാനും മിസോറമും ഇതിനുമുമ്പുതന്നെ പിൻവാങ്ങി. അങ്ങനെ കേരള ഭാഗ്യക്കുറിമാത്രമാണ് കഴിഞ്ഞ ആറുവർഷമായി നടന്നുവരുന്നത്. ഇന്ന് തിരിച്ചുവരവിന് ജി.എസ്.ടി. ഒരു അവസരമാക്കാമോയെന്ന് പരീക്ഷിക്കുകയാണ് ലോട്ടറി മാഫിയ.

ജി.എസ്.ടി. വന്നതോടെ ലോട്ടറിയുടെയും ചൂതാട്ടത്തിന്റെയുംമേൽ നികുതിചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം നഷ്ടപ്പെട്ടു. അങ്ങനെ നമ്മുടെ ടാക്സ് ഓൺ പേപ്പർ ലോട്ടറീസ് ആക്ട് റദ്ദായി. ജി.എസ്.ടി.യിൽ രജിസ്‌ട്രേഷനെടുക്കുന്നത് നമുക്ക് തടയാനാവില്ല. സാന്റിയാഗോ മാർട്ടിൻ നിയന്ത്രിക്കുന്ന കമ്പനി കേരളത്തിൽ ജി.എസ്.ടി. രജിസ്‌ട്രേഷൻ എടുത്തു. ഓഗസ്റ്റ് ഏഴിന് മിസോറം ലോട്ടറിയുടെ നറുക്കെടുപ്പെന്ന് പരസ്യംവന്നു. പത്രപ്പരസ്യം വരുമ്പോൾ മിസോറം സർക്കാരിന്റെ അറിയിപ്പൊന്നും കേരളത്തിന്‌ ലഭിച്ചിരുന്നില്ല.

കേന്ദ്രനിയമമനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ ലോട്ടറി മറ്റൊരു സംസ്ഥാനത്ത്‌ നടത്തുന്നുവെങ്കിൽ സ്കീം, പ്രമോട്ടർ, വിതരണക്കാർ, വില്പനക്കാർ എന്നുതുടങ്ങി സകലവിവരങ്ങളും കൈമാറണം.  പക്ഷേ, അനുമതികിട്ടുന്നതിനുമുമ്പേ അവർ നറുക്കെടുപ്പും തീയതിയുമൊക്കെ തീരുമാനിച്ച്‌ പരസ്യംചെയ്തു. 

പരസ്യത്തിനുപിന്നാലെ കാര്യങ്ങൾ അറിയിക്കാനുള്ള ഔദാര്യം മിസോറം സർക്കാർ കാണിച്ചു. ആ അറിയിപ്പുപ്രകാരം ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തിനാണ് മിസോറം ലോട്ടറിനടത്തിപ്പിന്റെ ചുമതല. കേരളം കെട്ടുകെട്ടിച്ച മാഫിയാത്തലവന്റെ ബിനാമി സ്ഥാപനമാണിതെന്ന് കേൾവിയുണ്ട്. ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ നിയമനംതന്നെ വിവാദത്തിലാണ്. മിസോറം മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലാൽ തൻഹൻ വാലയ്ക്കെതിരേ പ്രതിപക്ഷം ഇതുസംബന്ധിച്ച് ആരോപണങ്ങളുടെ ശരമാരി ഉതിർത്തു. 

ലോട്ടറി സംബന്ധിച്ച് മിസോറമിലെ പ്രതിപക്ഷവും കേരള സർക്കാരുകളും ഉയർത്തിയിട്ടുള്ള ആരോപണങ്ങളെ ശരിവെക്കുന്നതാണ് 2016-ൽ സി.എ.ജി. മിസോറം ലോട്ടറിയെക്കുറിച്ച് സമർപ്പിച്ച റിപ്പോർട്ട്. ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സുമായി ഉണ്ടാക്കിയ കരാറും നിയമവും നിയമവിരുദ്ധവും ലോട്ടറിചട്ടങ്ങളുടെ ലംഘനവുമാണെന്ന് സി.എ.ജി. പറയുന്നു.

ഇത്തരമൊരു സ്ഥാപനത്തെയാണ് കേരളത്തിലെ ലോട്ടറിനടത്തിപ്പിന്‌ മിസോറം ചുമതലപ്പെടുത്തിയിരിക്കുന്നത്. സി.എ.ജി.യുടെ നിശിതവിമർശത്തിന് വിധേയമായ അതേകരാറിന്റെ കോപ്പിതന്നെയാണ് മൂന്നുവർഷത്തേക്കുകൂടി സാധുത ദീർഘിപ്പിച്ച് കേരളസർക്കാരിന് മിസോറം അയച്ചുതന്നിട്ടുള്ളത്. ഇത്‌ നമുക്ക് സ്വീകാര്യമല്ല. കോടതിയും കേന്ദ്രസർക്കാരും അന്തിമതീരുമാനം കൈക്കൊള്ളട്ടെ. ഇതിനിടയിൽ കൂടുതൽ വിശദാംശങ്ങൾ ആരാഞ്ഞുകൊണ്ട് മിസോറം സർക്കാരിന് കേരളം കത്തയച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ സംസ്ഥാനത്തിനുള്ളിൽ നേരിട്ടു നടത്തുന്ന ലോട്ടറികൾക്ക് 12 ശതമാനവും അല്ലാത്തവയ്ക്ക് 28 ശതമാനവുമാണ് നികുതി. 28 ശതമാനം നികുതിനൽകിക്കൊണ്ട് കൊള്ളലാഭം നേടാൻ കഴിയില്ല. ഒന്നുകിൽ നികുതിവെട്ടിക്കാം എന്ന ഹുങ്കോ സമ്മാനങ്ങളിൽ തിരിമറി നടത്തുകയെന്ന പതിവ് കൗശലമോ ആണ് ലോട്ടറിമാഫിയയുടെ വരവിനുപിന്നിൽ. അതുകൊണ്ട് വളരെ കർശനമായ ചട്ടങ്ങളാണ് ജി.എസ്.ടി. നിയമത്തിന് കേരളത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

ടിക്കറ്റിന്റെ എണ്ണം പോരാ, നമ്പറുകൾ കൃത്യമായി അറിയിക്കണം. അത് ഫിസിക്കൽ വെരിഫിക്കേഷന് വിധേയമാക്കണം. നറുക്കെടുപ്പ് കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ വിൽക്കാത്ത ടിക്കറ്റുകൾ നികുതി ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാക്കണം. ഇതൊന്നും ചെയ്യാതെയാണ് പരസ്യവുമായി മാഫിയ എത്തിയിട്ടുള്ളത്.  ഈ ലോട്ടറിയെ നിരോധിക്കണമെന്നാവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുമുന്നിൽ കേരളം ഉയർത്തിയിട്ടുണ്ട്. നിയമപരമായ എല്ലാ നിയന്ത്രണനടപടികളും സ്വീകരിക്കും. മാഫിയ ലോട്ടറിയെ ചെറുക്കേണ്ടത് നാടിന്റെ ആവശ്യമാണ്.