ധനവിചാരം
ജി.എസ്.ടി. ഒരു വിരോധാഭാസമായി തീർന്നിരിക്കുകയാണ്. സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജകമാകും എന്നായിരുന്നു ജി.എസ്.ടി. നടപ്പാക്കലിനു പറഞ്ഞിരുന്ന ന്യായം. എന്നാൽ, സാമ്പത്തികവളർച്ചയ്ക്ക് ജി.എസ്.ടി. തിരിച്ചടിയായി എന്നാണ് ലോകബാങ്കിന്റെപോലും റിപ്പോർട്ട്. വലിയ പ്രതീക്ഷകളാണ് ജി.എസ്.ടി.യെക്കുറിച്ച് പ്രചരിച്ചിരുന്നത്. വ്യാപാരതടസ്സങ്ങൾ നീങ്ങുന്നതോടെ കമ്പോളം ഏകീകരിക്കപ്പെടുകയും വിപുലമാവുകയും ചെയ്യും; ജി.എസ്.ടി. വരുന്നതോടെ കയറ്റുമതിക്ക് സമ്പൂർണ നികുതിയിളവ് ലഭിക്കും; നമ്മുടെ മത്സരശേഷി കൂടും; കയറ്റുമതി വർധിക്കും എന്നൊക്കെ കൊട്ടിഗ്‌ഘോഷിക്കപ്പെട്ടു. പക്ഷേ, ഒന്നും സംഭവിച്ചില്ല.
അധികഭാരമായി മാറിയ പരിഷ്കാരം
ജി.എസ്.ടി. ചെറുകിട മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന വിമർശനം യാഥാർഥ്യമായി. ചെറുകിട-ഇടത്തരം വ്യവസായ സംഘടനകൾപോലും ആദ്യമിത് ഗൗരവത്തിൽ എടുത്തിരുന്നില്ല. ഒന്നരക്കോടി രൂപയിൽ താഴെ വിറ്റുവരുമാനമുള്ള ചെറുകിട വ്യവസായികൾക്ക് എക്സൈസ് നികുതി ഉണ്ടായിരുന്നില്ല. വാറ്റ് നികുതിയേ ഒടുക്കേണ്ടിവന്നിരുന്നുള്ളൂ. അതുകൊണ്ട് അവരെ സംബന്ധിച്ചിടത്തോളം ജി.എസ്.ടി. അധികഭാരമായി മാറി. വൻകിടക്കാരുമായിട്ടുള്ള അവരുടെ മത്സരശേഷി ഇടിഞ്ഞു. പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായം ഇതിന് ഉദാഹരണമാണ്. തുണിയുടെ കാര്യത്തിലെന്നപോലെ നികുതിഘടനയുടെ പൊരുത്തക്കേടുകളും കൂനിൻമേൽകുരു പോലെയായി. നോട്ടുനിരോധനത്തിൽ തകർന്ന ചെറുകിട മേഖലയ്ക്ക് ജി.എസ്.ടി. ഇരുട്ടടിയായി. ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്തേപറ്റൂ എന്ന നിലപാടിലേക്ക് കേന്ദ്രസർക്കാരും വന്നു.
കേരളം മുന്നോട്ടുവെച്ച നിർദേശം ഇതായിരുന്നു. ഒന്നരക്കോടി രൂപ വരെ ചെറുകിടക്കാർക്ക് അനുമാനനികുതി അനുവദിക്കുക. അതായത് അഞ്ചുമുതൽ 28 ശതമാനം വരെയുള്ള ജി.എസ്.ടി.ക്ക് പകരം ഇവ ടേൺഓവറിന്റെ രണ്ട് ശതമാനം അനുമാനനികുതിയായി നൽകിയാൽ മതിയാകും. നിലവിലുള്ള അനുമാനനികുതിയുടെ പരിധി ഒരു കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ചെറുകിടക്കാർ മൂന്നു മാസത്തിലൊരിക്കൽ റിട്ടേണും നികുതിയും ഒടുക്കിയാൽ മതിയെന്നും ധാരണയായി. ഇതുമൂലം ചെറുകിടക്കാരിൽനിന്ന് വാങ്ങുന്ന ചരക്കുകളിലുള്ള ഇൻപുട്ട് ക്രെഡിറ്റ് കിട്ടാൻ കാലതാമസമുണ്ടാകും.
റിവേഴ്‌സ് ടാക്സ് സമ്പ്രദായം മാർച്ചുവരെ മാറ്റിവയ്ക്കാനും തത്ത്വത്തിൽ തീരുമാനിച്ചു. ചെറുകിടമേഖലയിൽനിന്ന് ചരക്കുകൾ വാങ്ങുമ്പോൾ ജി.എസ്.ടി. നികുതി വൻകിടക്കാർ ഒടുക്കുന്ന സമ്പ്രദായത്തെയാണ് റിവേഴ്‌സ് ടാക്സ് എന്നുപറയുന്നത്. ഇതുമൂലം അനുമാന നികുതിക്കാരിൽനിന്ന് വൻകിടക്കാർ ചരക്കുകൾ വാങ്ങാത്ത സ്ഥിതിയുണ്ടായി. ഇത് പരിഹരിക്കാനാണ് ഈ നടപടി. ഈ വക പ്രശ്നങ്ങൾ പഠിക്കാൻവേണ്ടി ഒരു മന്ത്രിതല സമിതിയെ െവച്ചിട്ടുണ്ട്.
പ്രശ്നങ്ങൾ അവശേഷിക്കുന്നു
ആഗോളീകരണ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി ചെറുകിടമേഖലയ്ക്കുള്ള സംവരണം, റിബേറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്ന കാലത്ത് ജി.എസ്.ടി.യിലുള്ള ഈ ഇളവുകൊണ്ടു മാത്രം പ്രശ്നങ്ങൾ തീരാൻ പോകുന്നില്ല.
ജി.എസ്.ടി.യും വിലക്കയറ്റവും തമ്മിലുള്ള ബന്ധം പലവട്ടം ചർച്ച ചെയ്തിട്ടുണ്ട്. നികുതിയിലുള്ള ഇളവ് ഉപഭോക്താവിന് നൽകാൻ കമ്പനികളും വ്യാപാരികളും തയ്യാറാകുന്നില്ല. കേരളത്തിൽ നികുതിവകുപ്പ് ഇതിനകം എല്ലാ ജില്ലകളിൽനിന്നും ഉപഭോക്തൃ ഉത്‌പന്നങ്ങളുടെയെല്ലാം ജി.എസ്.ടി.ക്ക് മുമ്പും ശേഷവുമുള്ള ബ്രാൻഡ് തിരിച്ചുള്ള എം.ആർ.പി.വിലകൾ ശേഖരിച്ചിട്ടുണ്ട്. ക്രോഡീകരണം നടന്നുവരുന്നു. പക്ഷേ, ഒരു കാര്യം വ്യക്തമാണ്. അത്യപൂർവം ഉത്‌പന്നങ്ങളുടെ എം.ആർ.പി. വിലയേ കുറഞ്ഞിട്ടുള്ളൂ. പലതിന്റെയും വില കൂടുകപോലും ചെയ്തിരിക്കുകയാണ്. ഏതായാലും കേരളസർക്കാർ ശേഖരിച്ച കണക്കുകൾ സംസ്ഥാനത്തെ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിക്കും. നടപടിക്കായി ഡൽഹിയിലെ ആന്റി പ്രോഫിറ്ററിങ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്യും.
ഹോട്ടലുകാരും മറ്റുമാണെങ്കിൽ നേരത്തേ ഉണ്ടായിരുന്ന വിലയുടെമേൽ ജി.എസ്.ടി.കൂടി ചേർത്ത് വിലവർധിപ്പിക്കുകയാണ്. ഉപഭോക്തൃ കമ്പനികളുടെ കൊള്ളലാഭത്തിനെതിരേ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. നിക്ഷേപം ഇടിയുന്ന കാലത്ത് ഇതിന്റെ പേരിൽ അലോസരമുണ്ടാക്കേണ്ട എന്നതാണ് അവരുടെ സമീപനം. കേരളത്തിന്റെ ശക്തമായ നിലപാടുകൾ മൂലം ഹോട്ടൽ െറസ്റ്റോറന്റുകളുടെ ജി.എസ്.ടി. പരിശോധിക്കാൻ മന്ത്രിതല കമ്മിറ്റി രൂപവത്‌കരിച്ചിട്ടുണ്ട്. നികുതി കുറയാനാണ് സാധ്യത.
ഒട്ടേറെ പരിശീലനങ്ങളും വിശദീകരണയോഗങ്ങളും നടത്തിയെങ്കിലും ആശയക്കുഴപ്പങ്ങളും പ്രായോഗിക പ്രശ്നങ്ങളും ബാക്കിയാണ്. ഈ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതോടൊപ്പം എല്ലാ സർക്കിളുകളിലും ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുന്നതിനും സമർപ്പിക്കപ്പെടുന്ന എല്ലാ പരാതികളും സംശയങ്ങളും കേന്ദ്രീകൃതമായി മോണിറ്റർ ചെയ്യുന്നതിനും തീരുമാനിച്ചിരിക്കുകയാണ്. റിട്ടേണുകൾ സമർപ്പിക്കാത്തവരുടെ സർവേ നടത്തി എന്താണ് തടസ്സങ്ങളെന്ന് മനസ്സിലാക്കാൻ ശ്രമിക്കും. അതോടൊപ്പം ആവശ്യമുള്ളവർക്കെല്ലാം സർക്കാർ ചെലവിൽ സൗജന്യമായി അക്കൗണ്ടിങ് പാക്കേജ് നൽകാനും പരിപാടിയുണ്ട്.
കയറ്റുമതിമേഖലയെ എങ്ങനെ കരകയറ്റും
വേണ്ടത്ര അവധാനതയില്ലാതെ ജി.എസ്.ടി. നടപ്പാക്കിയതിന്റെ വിപരീതഫലത്തിനുദാഹരണമാണ് കയറ്റുമതിക്കുണ്ടായ തിരിച്ചടി. നികുതി ഒഴിവുകൾ പിൻവലിച്ചതോടെ കയറ്റുമതി മേഖല പ്രതിസന്ധിയിലായി. സംസ്കരിച്ച് കയറ്റുമതി ചെയ്യുമെന്ന ഉറപ്പിൽ ചുങ്കമില്ലാതെ നേരത്തേ അസംസ്കൃത വസ്തുക്കളും മറ്റും ഇറക്കുമതി ചെയ്യാമായിരുന്നു. ജി.എസ്.ടി. വന്നതോടെ കയറ്റുമതിക്കായി ചരക്കുകൾ വാങ്ങുമ്പോഴും ആദ്യം നികുതി ഒടുക്കിയേതീരൂ. അതുപോലെ ഉത്‌പാദനവേളയിൽ വാങ്ങുന്ന അസംസ്കൃതവസ്തുക്കളും ജി.എസ്.ടി.നൽകി വാങ്ങണം. കൊടുത്ത നികുതി കയറ്റുമതി ചെയ്യുമ്പോഴേ റീഫണ്ടായി കിട്ടൂ. ഇന്നത്തെ നിലയിൽ റീഫണ്ട് കൊടുക്കാൻ നവംബർ വരെ കാക്കണം. അപ്പോഴേ ജൂലായിലെ സമ്പൂർണറിട്ടേണുകൾ പരിശോധിച്ചുതീരൂ. മൂന്നാംതവണയാണ് സമ്പൂർണറിട്ടേൺ അടയ്ക്കാനുള്ള അവസാനതീയതി നീട്ടുന്നത്.
കാരണം, ജി.എസ്.ടി. ശൃംഖല ഇപ്പോഴും പൂർണപ്രവർത്തന സജ്ജമായിട്ടില്ല. എല്ലാം റെഡിയാണെന്ന് പലവട്ടം പറഞ്ഞെങ്കിലും ഐ.ടി. നെറ്റ്‌വർക്കിൽ ഒട്ടേറെ പ്രശ്നങ്ങൾ അവശേഷിക്കുകയാണ്. ഇരുപത്തിയൊന്നാം ജി.എസ്.ടി. കൗൺസിലിൽ ഇത് രൂക്ഷമായ വിമർശനത്തിന് ഇടയായി. നികുതിദായകർ നേരിടുന്ന വൈഷമ്യങ്ങളുടെ പട്ടിക നിരത്തപ്പെട്ടു. അവസാനം എന്താണ് യഥാർഥനിലയെന്ന് മനസ്സിലാക്കുന്നതിനും അടിയന്തര പരിഹാരനടപടികൾ നിർദേശിക്കുന്നതിനും ഒരു മന്ത്രിതല ഉപസമിതിക്ക് രൂപം നൽകേണ്ടിവന്നു.
സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽത്തന്നെ രാജ്യത്തിന്റെ വളർച്ചനിരക്ക് 5.7 ശതമാനമായി താണിരുന്നു. കയറ്റുമതി സ്തംഭനംകൂടി ആയാൽ ഉത്‌പാദനം മുതലക്കൂപ്പ് നടത്തും. രണ്ടുമാസംമുമ്പ് നടന്ന ജി.എസ്.ടി. കൗൺസിലിൽ ഈ അപകടത്തെക്കുറിച്ച് സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്‌മണ്യം ഒരു അവതരണം നടത്തി. പുറമേ എന്തു നടിച്ചാലും സാമ്പത്തിക ഭദ്രതയെക്കുറിച്ച് ഭരണകർത്താക്കളുടെ ആശങ്ക അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമായിരുന്നു. ഇതിനെത്തുടർന്ന് ഒരു കമ്മിറ്റിയെ െവച്ചു. ആ കമ്മിറ്റിയുടെ നിർദേശപ്രകാരം കയറ്റുമതിയെ രക്ഷിക്കാൻ താഴെപ്പറയുന്ന നടപടികൾ കഴിഞ്ഞ കൗൺസിൽ തീരുമാനിച്ചിരിക്കുകയാണ്.
ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ കയറ്റുമതി റീഫണ്ടുകൾ അടിയന്തരമായി വിതരണം ചെയ്യും. ഭാവിയിൽ കാലതാമസം ഒഴിവാക്കാനായി ഇ-വാലറ്റ് എന്ന പേരിൽ ഒരു പുതിയ സംവിധാനം കൊണ്ടുവരും. എന്നുെവച്ചാൽ ഓരോ കയറ്റുമതിക്കാരനും കയറ്റുമതിക്കുള്ള ചരക്കുകൾ വാങ്ങുമ്പോൾ ഒടുക്കേണ്ടിവരുന്ന നികുതി ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിൽ സർക്കാർ നൽകും. നികുതിയൊടുക്കാൻ മാത്രമേ ഇത് ഉപയോഗിക്കാനാകൂ. ജി.എസ്.ടി.എൻ. ഓൺലൈനായി റീഫണ്ടിന്റെ കണക്കുകൾ പൂർത്തീകരിച്ചു കഴിയുമ്പോൾ ഇത് അഡ്ജസ്റ്റ് ചെയ്യും. പക്ഷേ, ഇ-വാലറ്റ് ഉണ്ടാക്കാൻ ഇനിയും ആറു മാസം വേണം. അതുകൊണ്ട് തത്‌കാലം കയറ്റുമതിയുടെ മേലുള്ള നികുതി പഴയരീതിയിൽത്തന്നെ തുടരട്ടേയെന്നാണ് തീരുമാനം.