നോട്ട് റദ്ദാക്കലിന്റെ 50 ദിനങ്ങൾ
നോട്ട് റദ്ദാക്കൽ പ്രധാനമന്ത്രി മോദിയുടെ ഹിമാലയൻ വിഡ്ഢിത്തമായി ചരിത്രം വിലയിരുത്തും. അധികാരാരോഹണത്തിനുശേഷം അദ്ദേഹമാണ് രാഷ്ട്രത്തിന്റെ ആഖ്യാനം രചിച്ചുകൊണ്ടിരുന്നത്. ഇത് അദ്ദേഹത്തിന്റെ തലയ്ക്കുപിടിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഇന്ത്യയിലെ സാധാരണക്കാരുടെ ദൈനംദിനജീവിതത്തിനുനേരേ ഇതുപോലൊരു സർജിക്കൽ സ്‌ട്രൈക്കിന് ഭരണകൂടം മുതിരില്ലായിരുന്നു.
ആരായിരിക്കും ഈ ബുദ്ധി ഉപദേശിച്ചുകൊടുത്തിട്ടുണ്ടാവുക? ശുദ്ധ നിയോലിബറൽപോലും പൊടുന്നനെ രാജ്യത്തെ നോട്ടുകളുടെ 86 ശതമാനം റദ്ദാക്കാമെന്ന നിലപാട് സ്വീകരിക്കില്ല. മോണിറ്ററിസത്തിന്റെ പിതാവായ മിൽട്ടൻ ഫീഡ്മാൻ ആയിരത്തിത്തൊള്ളായിരത്തിമുപ്പതുകളിലെ അമേരിക്കൻ സാമ്പത്തികമാന്ദ്യത്തിന് കാരണമായി അടിവരയിട്ടു പറഞ്ഞിട്ടുള്ളത്, അമേരിക്കയിലെ പണലഭ്യത 30 ശതമാനത്തോളം വെട്ടിക്കുറച്ച അമേരിക്കൻ ഫെഡറൽ റിസർവിന്റെ വിഡ്ഢിത്തമാണ്. അപ്പോൾ താത്‌കാലികമായിട്ടാണെങ്കിൽപ്പോലും രാജ്യത്തെ 86 ശതമാനം പണവും റദ്ദാക്കിയാൽ ഉണ്ടാകാവുന്ന സ്ഥൂലസാമ്പത്തികപ്രത്യാഘാതത്തെക്കുറിച്ച് വിശദീകരിക്കേണ്ടതുണ്ടോ? സാമ്പത്തികശാസ്ത്രത്തിനുപകരം സാമ്പത്തികമന്ത്രവാദം സ്വീകരിച്ചിരിക്കുന്നവർക്കേ ഈ നടപടിയെ പിന്താങ്ങാനാകൂ.
പ്രധാനമന്ത്രിയായശേഷം ആദ്യമായി തന്റെ ആഖ്യാനപാടവത്തിന്റെ പരിധിയിൽ മോദി എത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ വാഗ്‌ധോരണിയിൽ കൂടുതൽപേർക്ക് വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെന്നാണ് ലഭ്യമായ അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്.
രണ്ടുലക്ഷ്യങ്ങൾക്കുവേണ്ടിയാണ് നോട്ടുകൾ റദ്ദാക്കുന്നതെന്നാണ് നവംബർ എട്ടിന് രാജ്യത്തെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞത്. ഒന്ന്, ഭീകരപ്രവർത്തനങ്ങൾക്കുവേണ്ടി വലിയതോതിൽ കള്ളനോട്ടുകൾ ഇന്ത്യയിൽ പ്രചരിപ്പിക്കുന്നു. ഇത് തടയുകയെന്ന ദേശാഭിമാനപരമായ ഒരു കടമ.
ഇന്നിപ്പോൾ രാജ്യത്ത് പ്രചരിക്കുന്ന കള്ളനോട്ടുകളുടെ മതിപ്പുകണക്ക് ഔദ്യോഗികമായി ലഭ്യമാണ്-460 കോടി രൂപ. ഇവ ഇല്ലാതാക്കുന്നതിന് പൊടുന്നനെ നോട്ടുകൾ റദ്ദാക്കേണ്ട ഒരാവശ്യവുമില്ല. രണ്ടോ മൂന്നോ മാസത്തെ സാവകാശം നൽകി നോട്ടുകൾ റദ്ദാക്കിയിരുന്നെങ്കിലും ഇന്നിപ്പോൾ സംഭവിക്കുന്നപോലെ കള്ളനോട്ടുകൾ ഇല്ലാതാകും. ധൃതിപിടിച്ച് ഇറക്കിക്കൊണ്ടിരിക്കുന്ന പുത്തൻനോട്ടുകൾക്ക് ഇപ്പോൾത്തന്നെ കള്ളനോട്ട് ഇറങ്ങിക്കഴിഞ്ഞെന്നും തെളിഞ്ഞിട്ടുണ്ട്. ഏതായാലും കള്ളനോട്ട് ഇല്ലാതാക്കിയ നേട്ടത്തെക്കുറിച്ച് ഇപ്പോൾ അധികം വീമ്പിളക്കലില്ല.
രണ്ടാമത്തെ ലക്ഷ്യമായി പറഞ്ഞത് കള്ളപ്പണമാണ്. അന്നുമുതൽതന്നെ, വിമർശകരായ ഞങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്ന ഒരു വസ്തുത ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. കള്ളപ്പണത്തിന്റെ വളരെ തുച്ഛമായ ഒരു ഭാഗംമാത്രമേ നോട്ടുകളായി സൂക്ഷിക്കപ്പെടുന്നുള്ളൂ. സിംഹപങ്കും വിദേശത്താണ് സൂക്ഷിക്കുന്നത്. ഇത് വിദേശനിക്ഷേപമായി ഇന്ത്യയിലേക്ക് വരുന്നതിനും വെളുപ്പിക്കുന്നതിനും എല്ലാ സൗകര്യവും സർക്കാർതന്നെ ചെയ്തുകൊടുക്കുന്നുണ്ട്. നാട്ടിലെ കള്ളപ്പണത്തിന്റെ ആറുശതമാനമേ നോട്ടുകൾ വരൂ. ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടിയിലൂടെ ഇതുപോലും പിടിച്ചെടുക്കാൻ കഴിയില്ലെന്ന് വ്യക്തമായി.
ആകെ 15.4 ലക്ഷം കോടി രൂപയാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടായി പ്രചാരത്തിൽ ഉണ്ടായിരുന്നത് എന്നാണ് റിസർവ് ബാങ്കിന്റെ കണക്ക്. ഇതിൽ 14 ലക്ഷം കോടി രൂപയിലേറെ തിരിച്ചുവന്നുവെന്നാണ് ഏതാനും ദിവസംമുമ്പ് ഞാനറിഞ്ഞത്. റിസർവ് ബാങ്ക് ഔദ്യോഗികമായി കണക്കുകൾ അറിയിക്കുന്നത് അവസാനിപ്പിച്ചു. കള്ളപ്പണം എവിടെപ്പോയി? രഘുറാം രാജൻ ഗവർണറായിരിക്കുമ്പോൾ പറഞ്ഞതല്ലേ ശരിയായിരിക്കുന്നത്? നോട്ട് റദ്ദാക്കിയതുകൊണ്ട് വലിയ കാര്യമില്ല. കള്ളപ്പണക്കാർ അവരുടെ പണം വെളുപ്പിക്കാൻ മാർഗം കണ്ടെത്തും. അപ്പോൾപ്പിന്നെ എന്തിനുവേണ്ടിയായിരുന്നു ഈ നോട്ട് റദ്ദാക്കൽ?
ഇതിനുള്ള മറുപടിയായി ചില വിദ്വാന്മാർ പറയുന്നത് കള്ളപ്പണം പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലെന്ത്, അവ മുഴുവൻ നിയമവലയത്തിൽ കൊണ്ടുവരാൻ കഴിഞ്ഞല്ലോ എന്നാണ്. ഇനിമേൽ അവയ്ക്ക് കണക്കുണ്ടാകും. ഇത് ശരിയാണ്. പക്ഷേ, രണ്ടോ മൂന്നോ മാസത്തെ സാവകാശം നൽകി നോട്ടുകളെല്ലാം പിൻവലിച്ചിരുന്നെങ്കിലും ഇതേ ലക്ഷ്യം നേടാൻ കഴിയുമായിരുന്നു. ഇതാണ് 1978-ൽ എച്ച്.എം. പട്ടേൽ ചെയ്തത്. അതോടൊപ്പം നിയമവിരുദ്ധ ഇടപാടുകൾക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് കരുതിയ അയ്യായിരത്തിന്റെയും പതിനായിരത്തിന്റെയും വലിയ നോട്ടുകൾ ഇല്ലാതാക്കി. ഇവിടെ ഇപ്പോൾ ആയിരത്തിനുപകരം രണ്ടായിരത്തിന്റെ പുതിയ നോട്ടുകൾ ഇറക്കുകയാണ്.
ഒട്ടും കള്ളപ്പണം പിടിച്ചില്ലെന്ന് പറയാനാകില്ല. വ്യാപകമായ റെയ്ഡുകളിലൂടെ 4000 കോടിരൂപയുടെ കള്ളപ്പണം പിടിച്ചെടുത്തിട്ടുണ്ട്. ഇത് നേരത്തേയും ആകാമായിരുന്നു. പിന്നെ ഇപ്പോൾ കള്ളപ്പണം വെളിപ്പെടുത്താൻ പുതിയൊരു ആംനസ്റ്റി സ്കീം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, നോട്ടുറദ്ദാക്കലിനുമുന്നേ ഇത്തരമൊരു സ്കീം ഉണ്ടായിരുന്നല്ലോ. കള്ളപ്പണക്കാർ 67,000 കോടി രൂപ സ്വയം വെളിപ്പെടുത്തുകയും ചെയ്തു. നോട്ട് അസാധുവാക്കുന്നതിന് സാവകാശം നൽകിക്കൊണ്ട് ഇത്തരം സ്കീം നടപ്പാക്കിയിരുന്നാലും ഫലപ്രദമാകുമായിരുന്നുവെന്നല്ലേ ഇത് തെളിയിക്കുന്നത്.
നോട്ട് റദ്ദാക്കൽ അങ്ങനെ ഒരു പ്രഹസനമായി മാറി. പണക്കാർക്ക് പറയത്തക്ക പ്രയാസമൊന്നും ഉണ്ടായില്ല. അവർ ക്യൂനിന്ന് കരയേണ്ടി വന്നില്ല. അവർക്ക് ആവശ്യമുള്ള നോട്ടുകൾ കരിഞ്ചന്തയിൽ സുലഭമായിരുന്നു. പക്ഷേ, രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പിന്നിട്ട രണ്ടുമാസവും വരാൻപോകുന്ന രണ്ടുമൂന്നുമാസവും നരകദുരിതത്തിന്റെ കാലമാണ്.
രാജ്യത്തെ 80 ശതമാനം ജനങ്ങളും 45 ശതമാനം ഉത്പാദനവും നടക്കുന്ന അസംഘടിതമേഖല കാശില്ലാത്തതുകൊണ്ട് സ്തംഭനത്തിലായി. വടക്കേയിന്ത്യയിലെ ഖാരിഫ് വിള വിറ്റഴിക്കാൻപറ്റാതെ കൃഷിക്കാർ നട്ടംതിരിഞ്ഞു. ഇത് റാബിവിളയെ പ്രതികൂലമായി ബാധിക്കാൻ പോവുകയാണ്. ചെറുകിട വ്യവസായസ്ഥാപനങ്ങൾക്ക് ഉത്‌പന്നങ്ങൾ വിറ്റഴിക്കാൻ പറ്റാതായി. പ്രവർത്തനമൂലധനമില്ലാതെ സ്തംഭിച്ചു. കൂലിവേലക്കാർക്ക് കൂലി ലഭിക്കാതായി. പണിയും നിലച്ചു.
ഇവിടെയെല്ലാം നേട്ടം കാർഷികമേഖലയിലെ വൻകിട കച്ചവടക്കാർക്കും സംഘടിതമേഖലയിലെ കോർപ്പറേറ്റുകൾക്കുമാണ്. കാശിനെ ആശ്രയിച്ച് കച്ചവടം നടത്തുന്ന ചെറുകിട കച്ചവടമേഖലയിൽനിന്ന് മാളുകളിലേക്കുംമറ്റും കച്ചവടം നീങ്ങി. ബാങ്കുകൾ നേട്ടംകൊയ്തു. പണക്കാർഡ് കമ്പനികൾ കൊഴുത്തു. സത്യംപറഞ്ഞാൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതുപോലെ സമ്പത്തും വരുമാനവും പാവങ്ങളിൽനിന്ന് സമ്പന്നരിലേക്ക് ഒഴുകിയ ഒരു കാലമില്ല.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള തർക്കം തത്‌കാലം അവിടെ നിൽക്കട്ടെ. പണച്ചുരുക്കംമൂലം മൊത്തം സമ്പദ്ഘടനയ്ക്ക് എന്തുസംഭവിച്ചു? നടപ്പുവർഷത്തെയും അടുത്ത വർഷത്തെയും ഉത്പാദനം കുറയുമെന്ന് ഏവരും സമ്മതിക്കുന്നു. എത്രകണ്ട് കുറയും എന്നതുമാത്രമാണ് തർക്കം. ഡോ. മൻമോഹൻസിങ് പറഞ്ഞ മതിപ്പുകണക്ക് തത്‌കാലം അംഗീകരിക്കാം. രണ്ടരലക്ഷം കോടി രൂപയുടെ ദേശീയനഷ്ടമാണ് രാജ്യത്തുണ്ടാവുക. ഇതിനുപുറമേ, നോട്ട് അച്ചടിക്കാനും വിവിധ കേന്ദ്രങ്ങളിൽ കൊണ്ടുപോകാനും പഴയനോട്ടുകൾ തിരിച്ചെടുക്കാനും വേണ്ടിവരുന്ന സർക്കാരിന്റെ അധികച്ചെലവിന്റെ ഭീമമായ നഷ്ടവുംകൂടി കണക്കിലെടുക്കണം. പാവങ്ങളുടെ കണ്ണീരും പ്രയാസവും ആത്മഹത്യ ചെയ്തവരുടെ ജീവന്റെ വിലയുമെല്ലാം മാറ്റിവെയ്ക്കാം. മൂന്നുലക്ഷത്തിലേറെ കോടി രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടാക്കിയിട്ട് എത്ര കോടി രൂപയുടെ കള്ളപ്പണമാണ് സർക്കാർ നേടിയിട്ടുള്ളത്?
ഇത്തരത്തിലുള്ള താരതമ്യം ശരിയല്ലെന്നും ദീർഘനാളിലുള്ള നേട്ടകോട്ടങ്ങളാണ് പരിഗണിക്കേണ്ടതെന്നും ഒരു വാദം ചിലർ ഉയർത്തുന്നുണ്ട്. ഇതാണ് അവരുടെ വാദം: ‘പ്രയാസങ്ങൾ താത്‌കാലികം മാത്രമാണ്. ദീർഘനാളിൽ വലിയ നേട്ടങ്ങളാണ് ഇതുവഴി ഉണ്ടാവാൻപോകുന്നത്. ഒന്നാമത്, കള്ളപ്പണത്തിൽനിന്നും അഴിമതിയിൽനിന്നും രാജ്യം ശുദ്ധീകരിക്കപ്പെടും. സാമ്പത്തികപ്രവർത്തനങ്ങളെല്ലാം പൂർണമായി നിയമവിധേയമാകുന്നത് വളർച്ച ത്വരപ്പെടുത്തും.’ എന്നാൽ, യാഥാർഥ്യം മറിച്ചാണ്. കള്ളപ്പണനോട്ടുകൾ ഇല്ലാതാകുന്നത് താത്‌കാലികം മാത്രമാണ്. കള്ളപ്പണത്തിന്റെ സ്രോതസ്സുകൾ ഇല്ലാതാവുന്നില്ല. ആയിരത്തിത്തൊള്ളായിരത്തിയെഴുപത്തിയെട്ടിലെ നോട്ടുറദ്ദാക്കലിനുശേഷവും കള്ളപ്പണം കൂടുകയല്ലാതെ കുറയുകയുണ്ടായിട്ടില്ല. രാഷ്ട്രീയപ്പാർട്ടികളുടെ കള്ളപ്പണം ബാങ്കിൽ നിക്ഷേപിക്കാമെന്ന് ഇളവുനൽകിയതിലൂടെ അഴിമതിക്കെതിരായ കുരിശുയുദ്ധവും തീർന്നു. എല്ലാം പഴയതുപോലെത്തന്നെ തുടരും.
മറ്റൊരുവാദം, നോട്ടുകൾ ഇല്ലാതാവുന്നത് കാഷ്‌ലെസ് സമ്പദ്ഘടനയിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനം ശക്തിപ്പെടുത്തുമെന്നതാണ്. ഇതാണത്രേ ലക്ഷ്യം. അങ്ങനെ ഇപ്പോൾ നോട്ടുറദ്ദാക്കലിന്റെ ആഖ്യാനം വീണ്ടും മോദി മാറ്റിയിരിക്കയാണ്. കള്ളപ്പണവും കള്ളനോട്ടും പൊളിഞ്ഞപ്പോൾ അവ മാറ്റിെവച്ച് കാഷ്‌ലെസ് ഇന്ത്യയിലേക്കുള്ള ദീർഘവീക്ഷണമാണ് ഈ പരിഷ്കാരങ്ങൾക്കുപിന്നിലെന്നാണ് പുതിയ നാട്യം. നോട്ടിനുപകരം ഇലക്‌ട്രോണിക് കാർഡുകളും മൊബൈൽ ഫോൺ ആപ്പുകളും ഉപയോഗിക്കുന്നത് ലോകത്തെമ്പാടും വർധിച്ചുവരികയാണ്. ഇതിൽ ഏറ്റവും മുമ്പിൽനിൽക്കുന്നത് വികസിതരാജ്യങ്ങളാണ്. ഇന്ത്യയും ഈ ദിശയിലൂടെത്തന്നെ മുന്നേറണം.
പക്ഷേ, ഡിജിറ്റൽപ്പണത്തിലേക്കുള്ള പരിവർത്തനത്തിന് ചില വസ്തുനിഷ്ഠസാഹചര്യങ്ങൾ ഒരുങ്ങേണ്ടതുണ്ട്. നാം ആഗ്രഹിക്കുന്നതുകൊണ്ടുമാത്രം ഈ പരിവർത്തനം നടക്കില്ല. മഹാഭൂരിപക്ഷം ആളുകളും ചെറുകിടമേഖലയിൽ പണിയെടുക്കുകയും ദിവസ, ആഴ്ച കൂലിക്കാരായിരിക്കുകയും ചെറുകിടക്കാരിൽനിന്ന് തങ്ങളുടെ അവശ്യവസ്തുക്കൾ വാങ്ങുകയും ചെയ്യുന്ന ഒരു രാജ്യത്തിന് കാഷ്‌ലെസ് ആകാൻ കഴിയില്ല. പകുതിയിലേറെ ആളുകൾക്ക് ഇന്നും ഇന്ത്യയിൽ പ്രാഥമികവിദ്യാഭ്യാസമില്ല. 35 ശതമാനം ആളുകൾക്കേ ഇന്റർനെറ്റ് കണക്‌ഷനുള്ളൂ. നോട്ട് റദ്ദാക്കിക്കൊണ്ട് ഇവരെയെല്ലാം ഡിജിറ്റൽ പണലോകത്തേക്ക് നയിക്കാനാവില്ല. കാഷ്‌ലെസ് ഇന്ത്യയെക്കുറിച്ചുള്ള പ്രചണ്ഡപ്രചാരണം വീണിടം വിദ്യയാക്കാനുള്ള ഒരു ഏർപ്പാടുമാത്രമാണ്. അതും വൈകാതെ തിരിച്ചടിക്കും.
ഇതാണ് അമ്പതുദിവസത്തെ നീക്കിബാക്കി. പാപപരിഹാരാർഥം അഗ്നിയിലൊന്നും പ്രധാനമന്ത്രി സ്വയം ഹോമിക്കണ്ട. തെറ്റിപ്പോയി എന്നൊന്ന് ജനങ്ങളോട് പറഞ്ഞാൽമാത്രം മതി.