ജി.എസ്.ടി. വരുന്നതുകൊണ്ട് ജനങ്ങൾക്ക് എന്തുനേട്ടം? നേട്ടമുണ്ടാകാൻ എന്തുചെയ്യണം?  തുടങ്ങിയ ചോദ്യങ്ങൾ ഇന്ന് പൊതുമണ്ഡലത്തിൽ വേണ്ടത്ര ചർച്ചചെയ്യപ്പെടുന്നില്ല. 
ജി.എസ്.ടി.കൊണ്ട് നേട്ടമുണ്ടെന്ന് തീർച്ച. നികുതിയിന്മേൽ നികുതി ചുമത്തുന്ന സമ്പ്രദായം ഇല്ലാതാകും. നികുതിനിരക്ക് താഴും. എന്നാൽ, നികുതി അടിത്തറ കൂടുതൽ വിപുലമാകുന്നതുകൊണ്ടും നികുതിവെട്ടിപ്പ് കൂടുതൽ പ്രയാസകരമാകുന്നതുകൊണ്ടും നികുതിവരുമാനം കൂടും. അന്തസ്സംസ്ഥാന വ്യാപാരത്തിന്മേലുള്ള തടസ്സങ്ങൾ നീക്കപ്പെടും. ഇതിന്റെ ഫലമായി സാമ്പത്തികവളർച്ച ഉയരും. പലപ്പോഴും ഇത്തരം നേട്ടങ്ങൾ അതിശയോക്തിപരമായി പ്രചാരണത്തിനുവേണ്ടി പെരുപ്പിച്ചുകാണിക്കാറുണ്ട് എന്നതാണ് വാസ്തവം. അതിലേക്ക്‌ ഇപ്പോൾ കടക്കുന്നില്ല. ഇവിടെ എന്റെ വാദം ലളിതമാണ്. ജി.എസ്.ടി. വരുമ്പോൾ ജനങ്ങൾക്ക് പ്രത്യക്ഷനേട്ടം സ്വാഭാവികമായി ഉണ്ടാകണമെന്നില്ല. ലളിതമായ ഒരു ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. 

    ഇന്ന് ആഡംബരകാറുകളുടെമേൽ കേന്ദ്രസർക്കാർ 34 ശതമാനം എക്സൈസ് നികുതി ചുമത്തുന്നുണ്ട്. ഇതിനുപുറമേ സംസ്ഥാനസർക്കാർ 14.5 ശതമാനം വാറ്റ് നികുതി ചുമത്തുന്നു. പരസ്യത്തിനുള്ള സേവനനികുതിയെല്ലാം മാറ്റിവെച്ചാൽപ്പോലും ഇന്ന് ആഡംബരകാറുകളുടെമേലുള്ള നികുതിഭാരം 48.5 ശതമാനമാണ്. എന്നാൽ, ജി.എസ്.ടി. വരുമ്പോൾ നികുതിനിരക്ക് 18 ശതമാനമായിരിക്കും. ഇതാണ് കേന്ദ്രസർക്കാറിന്റെ ഇക്കണോമിക് അഡ്വൈസർ അരവിന്ദ് സുബ്രഹ്‌മണ്യം നിർദേശിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രണ്ടു നികുതിനിരക്കുകളുടെ ഘടനയാണ് ജി.എസ്.ടി.ക്ക്‌ വേണ്ടത്. അവശ്യവസ്തുക്കൾക്ക് താഴ്ന്ന 11-12 ശതമാനം നിരക്കും മറ്റുള്ള മഹാഭൂരിപക്ഷം ഉത്‌പന്നങ്ങൾക്കും 18 ശതമാനം നിരക്കും. കുറ്റം പറയരുതല്ലോ. പുകയിലപോലുള്ള ഡീ മെറിറ്റ് (ഉപഭോഗം നിരുത്സാഹപ്പെടുത്താൻ ആഗ്രഹിക്കുന്ന) ഉത്‌പന്നങ്ങൾക്ക് കൂടുതൽ ഉയർന്നനികുതി ചുമത്താമെന്ന് പറയുന്നുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിന്റെ നിർദേശം മുഖ്യമായും രണ്ടു നിരക്കുഘടനയാണ്. 

ആഡംബരകാർ ഉപയോഗിക്കുന്നവർക്കും അതിന്റെ നിർമാതാക്കൾക്കും ജി.എസ്.ടി. വമ്പൻനേട്ടം ഉറപ്പുനൽകുമ്പോൾ സാധാരണക്കാർ ഉപയോഗിക്കുന്ന തുണിയുടെമേലുള്ള നികുതിനിരക്ക് എന്തായിരിക്കും? ഇന്ന് കേരളത്തിൽ തുണിയുടെമേൽ രണ്ടുശതമാനം നികുതിയേയുള്ളൂ. ചുരുക്കംചില സംസ്ഥാനങ്ങളിൽ ഇപ്പോഴും തുണിയുടെമേൽ നികുതിയില്ല. എക്സൈസ് നികുതി 12.5 ശതമാനം വരും. ജി.എസ്.ടി. വരുമ്പോൾ തുണിയുടെമേലുള്ള നികുതിനിരക്ക് 18 ശതമാനമായി ഉയരും. 

ചുരുക്കത്തിൽ സാധാരണക്കാർ ഉപയോഗിക്കുന്ന അവശ്യവസ്തുക്കൾക്ക് ഇന്ന് നികുതി ഒഴിവും വളരെ താഴ്ന്ന നികുതിയുമാണ്. അരവിന്ദ് സുബ്രഹ്‌മണ്യത്തിന്റെ നിർദേശം അംഗീകരിച്ചാൽ അവയുടെയെല്ലാം നികുതിനിരക്ക് ചുരുങ്ങിയത് 12 ശതമാനമായി ഉയരും; പലതിന്റെയും 18 ശതമാനമായും. അതേസമയം പണക്കാർ ഉപയോഗിക്കുന്ന ആഡംബര ഉപഭോഗവസ്തുക്കളുടെമേൽ ഇന്ന് കേന്ദ്ര-സംസ്ഥാന നികുതികൾ 30 ശതമാനത്തിന് മുകളിലാണ്. ഇത് 18 ശതമാനമായി താഴും. പാവങ്ങളുടെമേലുള്ള നികുതിഭാരം വർധിക്കും പണക്കാരുടെമേലുള്ള നികുതിഭാരം കുറയും. 

കേരളസർക്കാർ അതുകൊണ്ട് ജി.എസ്.ടി. കൗൺസിലിൽ പുതിയൊരു സമീപനം മുന്നോട്ടുവെച്ചിരിക്കുകയാണ്. ഇതുവരെയും ജി.എസ്.ടി.യിൽ രണ്ടു നിരക്കിൽ കൂടുതൽ പാടില്ല എന്നതായിരിന്നു പൊതുവിൽ സ്വീകരിച്ചുവന്നിരുന്ന സമീപനം. കേരളത്തിന്റെ നിലപാട് നാലു നിരക്കുകൾ ആകാം എന്നുള്ളതാണ്. എന്തിന് ആഡംബരവസ്തുക്കളുടെമേലുള്ള നികുതിനിരക്കുകൾ കുറയ്ക്കണം? അതുകൊണ്ട് അങ്ങനെയുള്ള ചരക്കുകളുടെമേൽ 30-35 ശതമാനം വരുന്ന ഉയർന്നനിരക്ക് ആകാം. അതേസമയം, സാധാരണക്കാരുടെ അവശ്യവസ്തുക്കളുടെമേൽ 4-6 ശതമാനത്തിനപ്പുറം നികുതി പാടില്ല. മഹാഭൂരിപക്ഷം ഉത്‌പന്നങ്ങളുടെമേലും സ്റ്റാൻഡേർഡ് റേറ്റായ 20 ശതമാനം ചുമത്താം. തുണിപോലുള്ള ഉപഭോക്തൃ ഉത്‌പന്നങ്ങൾക്ക് 12 ശതമാനം നിരക്കും. 

ഒരു കാരണവശാലും നികുതിനിരക്ക് 18 ശതമാനം കൂടാൻ പാടില്ലായെന്നും അത് ഭരണഘടനയിൽ വ്യവസ്ഥചെയ്യണം എന്നുമുള്ള സമീപനം കോൺഗ്രസ് സ്വീകരിച്ചിരുന്നല്ലോ. ജനപ്രിയവാദമായി അവതരിപ്പിക്കപ്പെട്ടിരുന്ന ഈ സമീപനം എത്ര പ്രതിലോമകരമാണ് എന്ന് ഇതിൽനിന്നും വ്യക്തമാണല്ലോ. കഴിഞ്ഞ ജി.എസ്.ടി. കൗൺസിൽ ഒരു സുപ്രധാനമായ തീരുമാനമെടുത്തു. വ്യവസായ പ്രോത്സാഹനത്തിനായി വിവിധ സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച്, മലയോരസംസ്ഥാനങ്ങൾക്ക് കേന്ദ-സംസ്ഥാന സർക്കാറുകൾ നൽകിവന്ന എല്ലാ നികുതിയിളവുകളും ജി.എസ്.ടി. വരുമ്പോൾ ഇല്ലാതാകും. പല പിന്നാക്കപ്രദേശങ്ങൾക്കും ഇത് വലിയ പ്രയാസമുണ്ടാക്കും. ഇത് എങ്ങനെ പരിഹരിക്കും? പിരിക്കുന്ന നികുതിക്ക്‌ തുല്യമായ തുക ബജറ്റിൽനിന്ന് സഹായധനമായി ഇവിടങ്ങളിലെ സ്ഥാപനങ്ങൾക്ക് നൽകണം. ഉത്‌പാദക സംസ്ഥാനത്ത് തന്നെയാണ് ഉത്‌പന്നങ്ങൾ വിൽക്കുന്നതെങ്കിൽ ഈ ഒരു രീതികൊണ്ട് നഷ്ടം ഉണ്ടാകില്ല. കാരണം നികുതിവരുമാനം സംസ്ഥാനസർക്കാറിന്റെ ട്രഷറിയിലേക്ക്‌ വരുന്നുണ്ടല്ലോ. പക്ഷേ, കേരളംപോലൊരു ഉപഭോക്തൃസംസ്ഥാനത്താണ് ഈ ഉത്‌പന്നങ്ങൾ വിൽക്കുന്നത് എന്നിരിക്കട്ടെ. സംസ്ഥാനം ജി.എസ്.ടി. പിരിക്കാൻ പറ്റില്ല. അന്തസ്സംസ്ഥാന ജി.എസ്.ടി.യാണ് പിരിക്കുക. ഇതാകട്ടെ കേരളംപോലുള്ള ഉപഭോക്തൃ സംസ്ഥാനത്തിനായിരിക്കും ലഭിക്കുക. അതുകൊണ്ട് ഈ തീരുമാനത്തെ പിന്തുണയ്ക്കാൻ എനിക്ക്‌ ഒരു പ്രയാസവുമുണ്ടായില്ല. 

പക്ഷേ, നമുക്ക് പ്രശ്നങ്ങളുണ്ടാക്കുന്ന തീരുമാനങ്ങൾ അടുത്ത യോഗത്തിലാണ് വരിക. ഇന്ന് ഖാദിക്കും കൈത്തറിക്കും നികുതിയിളവുണ്ട്. ഇനി ഉണ്ടാകണമെന്നില്ല. ഇത്തരത്തിൽ നികുതിഭാരം വന്നുകഴിഞ്ഞാൽ പരമ്പരാഗത വ്യവസായങ്ങൾക്കെല്ലാം വലിയ തിരിച്ചടിയാകും. പരിഹാരമായിപ്പറയുന്നത് ഈ മേഖലകളിൽനിന്ന് പിരിക്കുന്ന നികുതികൾ ബജറ്റിൽനിന്ന് പണമായി തിരിച്ചുനൽകാമെന്നാണ്. പക്ഷേ, ഇതിന്റെ പൊല്ലാപ്പ് ചെറുതല്ല. കൈത്തറിയുടെമേലുള്ള  രണ്ടു ശതമാനം നികുതിക്ക് നഷ്ടപരിഹാരമായി അഞ്ചു ശതമാനം സബ്‌സിഡി കൊടുക്കാമെന്ന് പറഞ്ഞിട്ടും കേരളത്തിലെ കൈത്തറിക്കാർ സംതൃപ്തരല്ല. ബീഡിയുടെ കാര്യത്തിലും ഇങ്ങനെത്തന്നെയാണ്. പക്ഷേ, ഈ സമ്പ്രദായം ഇനി സാർവത്രികമാകാൻ പോകുകയാണ്. നികുതിയിളവ് പറ്റില്ല. സഹായിക്കണമെങ്കിൽ പണംകൊടുത്ത് സഹായിച്ചോ എന്നാണ് പുതിയ സമീപനം. 

ചെറുകിട വ്യവസായങ്ങൾക്കും മേൽപ്പറഞ്ഞ പ്രശ്നമുണ്ടാകാൻ പോകുകയാണ്. നേരത്തേ ഒന്നരക്കോടിയിൽ താഴെ ടേണോവർ ആണെങ്കിൽ എക്സൈസ് ടാക്സ് ഉണ്ടായിരുന്നില്ല. 14.5 സംസ്ഥാന വാറ്റ് ടാക്സ് നൽകിയാലും മതിയായിരുന്നു. ഇനിയിപ്പോൾ 50 ലക്ഷത്തിനുമേൽ ടേണോവർ ഉള്ളവരെല്ലാം 18-20 ശതമാനം ജി.എസ്.ടി. നൽകിയേ പറ്റൂ. ഇത് ചെറുകിട വ്യവസായങ്ങൾക്ക് തിരിച്ചടിയാകും. മുൻകാലത്തെ അപേക്ഷിച്ച് ചെറുകിട വ്യവസായങ്ങൾക്ക് അസംസ്കൃതവസ്തുക്കളുടെമേലും മറ്റും നൽകേണ്ടിവന്ന നികുതി പുതിയ സംവിധാനത്തിൽ ഇളവായിക്കിട്ടും എന്നത് ശരിയാണ്. എന്നിരുന്നാലും വൻകിടവ്യവസായങ്ങളെ അപേക്ഷിച്ച് ചെറുകിടവ്യവസായങ്ങളുടെമേൽ നികുതിഭാരം കൂടും. ഇതിനുള്ള പരിഹാരമായി ചെറുകിടവ്യവസായങ്ങൾക്ക് പ്രത്യേക സഹായ പദ്ധതികളിലൂടെ സംരക്ഷണം നൽകേണ്ടതുണ്ട്. 

അവസാനമായി ആഡംബരവസ്തുക്കളടക്കം ബഹുഭൂരിപക്ഷം വസ്തുക്കളുടെയും നികുതിനിരക്ക് കുറയും എന്ന് പറഞ്ഞുവല്ലോ. അതിന്റെ നേട്ടം കോർപ്പറേറ്റുകൾക്ക് കിട്ടുമോ ജനങ്ങൾക്ക് കിട്ടുമോ എന്നതും ചോദ്യചിഹ്നമാണ്. ജനങ്ങൾക്ക് ലഭിക്കണമെങ്കിൽ നികുതിനിരക്കിലുണ്ടാകുന്ന കുറവിന് ആനുപാതികമായി പരമാവധി വില്പനവിലയിൽ (എം.ആർ.പി.)  കുറവുവരുത്താൻ കോർപ്പറേറ്റുകൾ തയ്യാറാകണം. ഇതിന് തയ്യാറാണോയെന്ന എന്റെ ചോദ്യത്തിന് പ്രമുഖ വ്യവസായിയായ മിസ്റ്റർ ഗോദ്‌റേജ് നൽകിയ മറുപടി - വിലകൾ സ്വാഭാവികമായി കുറഞ്ഞുകൊള്ളും എന്നതായിരുന്നു. ഇത് ശുദ്ധ അസംബന്ധമാണ്. വാറ്റ് കൊണ്ടുവന്നപ്പോൾ നികുതിനിരക്ക് കുറഞ്ഞു. പക്ഷേ, വില കുറഞ്ഞില്ല. കാരണവും വ്യക്തമാണ്. നമ്മുടെ ഉപഭോക്തൃ കമ്പോളത്തിലെല്ലാം കുത്തക ആധിപത്യമാണ്. കമ്പോളമത്സരം വില കൂട്ടുകയും കുറയ്ക്കുകയും ചെയ്തുകൊണ്ടല്ല നടക്കുന്നത്. മറിച്ച് മത്സരം വില്പനച്ചെലവുകൾ വർധിപ്പിക്കുന്നതിലേക്കാണ് നയിക്കുക.

നമ്മുടെ ചുറ്റുപാടുമുള്ള അനുഭവം ഒന്നു പരിശോധിച്ചാൽ ഇതു പെട്ടെന്നു മനസ്സിലാകും. റബ്ബറിന്റെ വില കുറഞ്ഞതുകൊണ്ട് ടയറിന്റെ വില കുറയാറുണ്ടോ? കാപ്പിക്കുരുവിന്റെ വില കുറഞ്ഞതുകൊണ്ട് ബ്രാൻഡഡ് കാപ്പിയുടെ വില കുറയാറുണ്ടോ? ഇല്ലായെന്ന് ഏതൊരാൾക്കും അറിയാം. പിന്നെയല്ലേ നികുതി കുറച്ചതുകൊണ്ട് വില കുറയ്ക്കാൻ പോകുന്നത്! നിലവിൽ എല്ലാ വ്യവസായ ഉത്‌പന്നങ്ങളുടെയും എം.ആർ.പി. വിലകൾക്ക് രേഖയുണ്ടല്ലോ. അതിൽനിന്നും നിശ്ചിതശതമാനം കുറഞ്ഞതായിരിക്കും ജി.എസ്.ടി. വരുമ്പോഴുള്ള വില എന്ന് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാറും വ്യവസായസംഘങ്ങളും തയ്യാറാകണം. അല്ലാത്തപക്ഷം ജി.എസ്.ടി.കൊണ്ട് വില കുറയാൻ പോകുന്നില്ല.