ധവളപത്രം, നീലബുക്ക്, ഹരിതപത്രം തുടങ്ങി പുറംചട്ടയുടെ നിറത്തിൽ അറിയപ്പെടുന്ന പല രേഖകളുമുണ്ട്. തുടക്കം ബ്രട്ടീഷുകാരിൽനിന്നാണ്. ഏതെങ്കിലും ഒരുവിഷയത്തെ കണക്കുകളെല്ലാം വെച്ച് പ്രാമാണികമായി, വിശദമായി വിശകലനം ചെയ്യുന്ന സമഗ്രരേഖയാണ് ബ്രിട്ടീഷുകാർക്ക് ബ്ലൂ ബുക്ക്. ഇത് സാധാരണക്കാർക്ക് വായിച്ചു തീർക്കാനാവില്ല. ഈ വിഷയത്തെ സമഗ്രമായി എന്നാൽ, ഹ്രസ്വമായി വിശകലനംചെയ്യുന്ന രേഖയാണ് ധവളപത്രം. ധവളപത്രം പൗരന്മാരെ നിജസ്ഥിതി അറിയിക്കാണ്. എന്നാൽ, ഹരിതപത്രം അങ്ങനെയല്ല. നടത്താനുദ്ദേശിക്കുന്ന ഏതെങ്കിലും നിയമനിർമാണത്തിലേക്കോ നടപടിയിലേക്കോ നയിക്കുന്ന രേഖയാണിത്. കാനഡക്കാരാണ് ഈ പതിവ് തുടങ്ങിയത്.

കേരളത്തിൽ സമീപകാലത്ത് രണ്ടുവട്ടം ധനവകുപ്പ് ധവളപത്രം ഇറക്കിയിട്ടുണ്ട്. 2001-ലെ രൂക്ഷമായ ധനപ്രതിസന്ധിയെ വിശദീകരിക്കുന്നതിനായിരുന്നു ആദ്യത്തെ ധവളപത്രം. ഒരു പ്രതിസന്ധിയുമില്ലായിരുന്നെങ്കിലും പടച്ചുണ്ടാക്കിയ 2011-ലെ ധവളപത്രം നാണക്കേടാണ്. അതുകൊണ്ട് ഞാൻ ഈ രേഖയെ തുറന്നുകാണിച്ചുകൊണ്ട് ‘കള്ളം, പച്ചക്കള്ളം പിന്നെ കെ.എം. മാണിയുടെ കണക്കുകളും’ എന്നൊരു ചെറുഗ്രന്ഥംതന്നെ എഴുതി. ആദ്യമായിട്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ധവളപത്രം ഇറക്കുന്നത്.

കേരളത്തിൽ ഗുരുതരമായൊരു ധനപ്രതിസന്ധിയുമില്ല എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങളോട് യഥാർഥസ്ഥിതി വിശദീകരിക്കുന്നതിനായി ധവളപത്രം ഇറക്കാൻ തീരുമാനിച്ചത്.

പ്രതിസന്ധിയുടെ കാരണങ്ങൾ കണ്ടെത്തിയാലേ ഈ തെറ്റുകൾ നാളെയും ആവർത്തിക്കില്ല എന്നുറപ്പുവരുത്താനും പരിഹാരനടപടികൾ സ്വീകരിക്കാനും കഴിയൂ

    പ്രതിസന്ധിയുടെ അടയാളങ്ങളിൽ ഏറ്റവും പ്രകടം ദൈനംദിന ഇടപാടുകൾക്ക് ട്രഷറിയിൽ പണമില്ലാത്ത അവസ്ഥയാണ്. അഥവാ വെയിസ് ആൻഡ്‌ മീൻസ് ഞെരുക്കമാണ്. അത്തരമൊരു സ്ഥിതിവിശേഷം ഇല്ല, യു.ഡി.എഫ്. സർക്കാറിന്റെ അവസാന മാർച്ച് 31-ന് ട്രഷറിയിൽ 1,643 കോടി രൂപ മിച്ചമുണ്ടായിരുന്നു എന്നാണ് മുൻമുഖ്യമന്ത്രിയുടെ അവകാശവാദം. ട്രഷറിയിൽ ബില്ലുകൾ കിട്ടിയിട്ടും പണംകൊടുക്കാതെ മാറ്റിവെച്ചിരിക്കുന്ന ബില്ലുകൾപോലെ അടിയന്തരവും അനിവാര്യവുമായ ചെലവുകൾ കിഴിച്ചാൽ ആദിവസം 173 കോടി രൂപ ട്രഷറിയിൽ കാഷ് ബാലൻസ് കമ്മിയാണ്. പണ്ടും ഇങ്ങനെയൊക്കെത്തന്നെയാണ് സ്ഥിതി എന്നുവാദിക്കുന്നവർക്ക് മറുപടിയായി ധവളപത്രത്തിൽ 2006 മുതൽ 2016 വരെയുള്ള കാലത്തെ ഈ പുതിയ നിർവചനപ്രകാരമുള്ള ട്രഷറി കാഷ് ബാലൻസിന്റെ കണക്കുകൾ നൽകിയിട്ടുണ്ട്. ധവളപത്രത്തിൽ നൽകിയിട്ടുള്ള 24 ചിത്രത്തങ്ങളിൽ ഇതൊന്നുമാത്രം ഞാൻ ഇവിടെ കൊടുക്കുകയാണ്. ഈ ചിത്രം അത്രയ്ക്ക് എനിക്കിഷ്ടപ്പെട്ടു.

ചിത്രത്തിൽ കാണാവുന്നതുപോലെ 2006 മാർച്ചിൽ (കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വരുന്നതിനുമുമ്പ്) 146 കോടി രൂപയായിരുന്നു ട്രഷറി കാഷ് ബാലൻസ്. പിന്നീടുള്ള ഓരോവർഷവും ഇത് അനുക്രമമായി വർധിച്ച് 2011-ൽ 3,513 കോടി രൂപയായിത്തീർന്നു. തുടർന്ന് യു.ഡി.എഫ്. അധികാരത്തിൽവന്നു. ആദ്യ ധനകാര്യവർഷം അവസാനിച്ചപ്പോൾ ട്രഷറി കാഷ് ബാലൻസ് 2,711 കോടി രൂപയായി കുറഞ്ഞു. ഇപ്രകാരം ഓരോ വർഷവും കുറഞ്ഞുകുറഞ്ഞ് 2015-ൽ 142 കോടി രൂപയായി. നേരത്തേ സൂചിപ്പിച്ചപ്പോലെ 2016 ആയപ്പോൾ 173 കോടി രൂപ കമ്മിയായി.

ഇതിനുപുറമേ അടിയന്തരമായി കൊടുത്തുതീർക്കേണ്ട മറ്റുബാധ്യതകൾ എടുത്താൽ ചുരുങ്ങിയത് 10,000 കോടിയെങ്കിലും വരും. പക്ഷേ, ട്രഷറിബില്ലുകളൊന്നും മടങ്ങില്ല. എല്ലാ ബില്ലുകളും ക്യൂവിലാണ്. പണം ഉണ്ടാകുന്ന മുറയ്ക്ക് മാറിക്കിട്ടും. ഇത്തരമൊരു പുതിയ രീതിസമ്പ്രദായം യു.ഡി.എഫ്. ഭരണകാലത്ത് ആവിഷ്കരിച്ചതുകൊണ്ടാണ് ട്രഷറി പൂട്ടാതിരുന്നത്. ഇതേ സമ്പ്രദായം ഇപ്പോഴും തുടരുന്നതിന് ഞങ്ങളും നിർബന്ധിതരാണ്. സംസ്ഥാന നികുതിവരുമാനം ഗണ്യമായി വർധിപ്പിച്ചുകൊണ്ടേ ക്യൂവിന്റെ ദൈർഘ്യം കുറയ്ക്കാൻ കഴിയൂ.

പ്രതിസന്ധിയുടെ മറ്റൊരു തെളിവ് വർധിച്ചുവരുന്ന റവന്യൂക്കമ്മിയാണ്. 2001-’05 കാലത്തെ യു.ഡി.എഫ്. ഭരണം ആരംഭിക്കുമ്പോൾ റവന്യൂക്കമ്മി 3.34 ശതമാനമായിരുന്നു. ഇത് 2.29 ശതമാനമായി കുറയ്ക്കുന്നതിൽ അവർ വിജയിച്ചു. അടുത്ത എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്ത് (2006-’11) ഈ പ്രവണത കൂടുതൽ ശക്തിയാർജിച്ചു. റവന്യൂക്കമ്മി 1.4 ശതമാനമായി കുറഞ്ഞു. ശരാശരിയെടുത്താൽ 2001-’05 കാലത്ത് 3.45 ശതമാനമായിരുന്ന റവന്യൂക്കമ്മി 2006-’11 കാലത്ത് 1.86 ശതമാനമായി താഴ്ന്നു. ഒരേ പ്രവണതയാണ് രണ്ട് കാലഘട്ടങ്ങളിലും പ്രകടമാകുന്നതെങ്കിലും ലക്ഷ്യം കൈവരിക്കുന്നതിന് സ്വീകരിച്ചമാർഗങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. യു.ഡി.എഫ്. ഭരണകാലത്ത് ചെലവ് കർശനമായി ഞെരുക്കിക്കൊണ്ടാണ് കമ്മി കുറച്ചതെങ്കിൽ എൽ.ഡി.എഫ്. ഭരണകാലത്ത് വരുമാനം ഗണ്യമായി ഉയർത്തിക്കൊണ്ടാണ് കമ്മി കുറച്ചത്.

ഇപ്പോൾ സ്ഥാനമൊഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് ചെലവ് ഞെരുക്കിയുമില്ല, വരുമാനം കൂട്ടിയതുമില്ല. ഇതിനാൽ സാമ്പത്തിക ദൃഢീകരണ പ്രവണത അപ്രത്യക്ഷമായി. 2015 ആയപ്പോഴേക്കും റവന്യൂകമ്മി 2.65 ശതമാനമായി ഉയർന്നു. 2011-ൽ 3,673 കോടി രൂപയായിരുന്ന റവന്യൂക്കമ്മി 2015-ൽ 13,795 കോടി രൂപയായി പെരുകി. 2016-’17 ൽ ഇത് 8,199 കോടി രൂപ (1.4 ശതമാനം)യായി കുറഞ്ഞെന്നത് ശരിയാണ്. പക്ഷേ, അനിവാര്യമായ ചെലവുകൾ പിറ്റേവർഷത്തേക്ക്‌ വകമാറ്റിക്കൊണ്ടാണ് ഈ കുറവ് കൃത്രിമമായി നേടിയത്. 2001-2011 കാലയളവിൽ സംസ്ഥാന ധനകാര്യത്തിൽ പ്രകടമായ ധനദൃഢീകരണ പ്രവണത ഇക്കഴിഞ്ഞ യു.ഡി.എഫ്. ഭരണത്തിൽ ഇല്ലാതായി.

അവസാനമായി, കഴിഞ്ഞ അഞ്ചു വർഷത്തെപ്പോലെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ എന്തായിരിക്കും വരുംവർഷങ്ങളിലെ സ്ഥിതിയെന്നത് ദീർഘദർശനം ചെയ്യുന്നതിനും ധവളപത്രം ശ്രമിച്ചിട്ടുണ്ട്. ധനഉത്തരവാദിത്വനിയമപ്രകാരം അടുത്തവർഷം റവന്യൂക്കമ്മി പൂജ്യം ആക്കേണ്ടതാണ്. നേർവിപരീതമാണ് സംഭവിക്കുക. ഇനിയുള്ള എല്ലാ വർഷങ്ങളിലും റവന്യൂക്കമ്മി തുടർച്ചയായി വർധിച്ച് 2021-ൽ 3.5 ശതമാനത്തിൽ മുകളിലാകും. എന്നാൽ, മൂന്നു ശതമാനമേ ധനഉത്തരവാദിത്വനിയമപ്രകാരം സംസ്ഥാന സർക്കാറിന് വായ്പയെടുക്കാൻ അവകാശമുള്ളൂ. വായ്പപണം പൂർണമായി വിനിയോഗിച്ചാലും ദൈനംദിന ചെലവിന് പണമുണ്ടാവില്ല എന്നതായിരിക്കും നടപ്പുവർഷം മുതലുള്ള സ്ഥിതി. അഥവാ പരിപൂർണമായ ട്രഷറിസ്തംഭനമാണ് യു.ഡി.എഫ്. ഭരണത്തിന്റെ നീക്കിബാക്കിയായി പുതിയ സർക്കാറിന് ലഭിച്ചിട്ടുള്ളത്. അടിസ്ഥാനപരമായി രണ്ടു കാര്യങ്ങളാണ് പ്രതിസന്ധിയുടെ കാരണങ്ങളായി ധവളപത്രം ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത്തേത്, ചില ചെലവിനങ്ങളിൽ ഉണ്ടായിട്ടുള്ള ക്രമാതീതമായ വർധനയാണ്. ലഭ്യമായ വിഭവത്തെക്കാൾ ഉയർന്ന അടങ്കലാണ് പദ്ധതികളിൽ പ്രഖ്യാപിച്ചുവന്നത്. അതുപോലെ പണം വകയിരുത്താതെയാണ് ബജറ്റ് പ്രസംഗങ്ങളിൽ ഏതാണ്ട് 1000 കോടി രൂപ വീതം ഓരോ വർഷവും പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. ഇതിനൊക്കെ പുറമേയാണ് ബജറ്റിൽ ഇല്ലാത്ത സ്ഥാപനങ്ങൾക്കും തസ്തികകൾക്കും സ്കീമുകൾക്കുമൊക്കെ ഓരോ ആഴ്ചയിലും കാബിനറ്റ് യോഗത്തിൽ തീരുമാനങ്ങളെടുത്തത്.

ഈ അരാജകത്വത്തിന് ഒരു സൂചിക ധവളപത്രം കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയേതര റവന്യൂ ചെലവിലുണ്ടാകുന്ന വർധനയാണിത്. പക്ഷേ, ഇതിലെ ശമ്പളം, പലിശ, പെൻഷൻ ചെലവുകൾ സർക്കാറിന് കുറയ്ക്കാൻ കഴിയില്ല. അതുകൊണ്ട് പദ്ധതിയേതര റവന്യൂ ചെലവിൽനിന്ന് ശമ്പളത്തിനും പലിശയ്ക്കും പെൻഷനും വേണ്ടിവരുന്ന ചെലവുകൾ കുറച്ചാൽ കിട്ടുന്ന തുകയാണ് ധന അരാജകത്വത്തിന്റെ ഒരു പ്രധാനസൂചിക. ഈ തുക മുഴുവൻ ധൂർത്താണെന്ന വാദം ഞങ്ങൾക്കില്ല. എന്നാൽ, വേണമെങ്കിൽ സർക്കാറിന് ഇവ നിയന്ത്രിക്കാം. എൽ.ഡി.എഫ്. ഭരണകാലത്ത് ഇത്തരം ചെലവുകൾ മൊത്തം റവന്യൂ ചെലവിന്റെ 27 ശതമാനം വരുമായിരുന്നു. എന്നാൽ, അത് യു.ഡി.എഫ്. ഭരണകാലത്ത് 30 ശതമാനമായി ഉയർന്നു.

     നിയമസഭയിൽ മുൻമുഖ്യമന്ത്രിയുടെ ജനസമ്പർക്കച്ചെലവും പുതിയ കോളേജുകൾക്കും സ്കൂളുകൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും മറ്റും വേണ്ടിയുള്ള ചെലവുകളും ജനോപകാരപ്രദമാണെന്ന് ബഹുമാന്യനായ പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിക്കുകയുണ്ടായി. ശരിയായിരിക്കാം. പക്ഷേ, ഇതിനുള്ള വരുമാനം ഉണ്ടാക്കാനുള്ള ചുമതല യു.ഡി.എഫ്. സർക്കാർ നിർവഹിച്ചില്ല. സർക്കാറിന്റെ തനതുനികുതിവരുമാനത്തിലുണ്ടായ ഇടിവാണ് പ്രതിസന്ധിയുടെ രണ്ടാം കാരണം.

    യു.ഡി.എഫ്. ഭരണകാലത്ത് കേന്ദ്രസർക്കാറിൽ നിന്നുള്ള സഹായധനം കുതിച്ചുയർന്നെന്ന് പറയാം. 2006-’11 കാലത്ത് കേന്ദ്രസഹായധനത്തിന്റെ വളർച്ച പ്രതിവർഷം 10 ശതമാനമായിരുന്നത് 2011-’16-ൽ 25 ശതമാനമായി ഉയർന്നു.

എന്നാൽ, അതേസമയം സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനം 2006-’11 കാലത്ത് 17.2 ശതമാനം വീതം വളർന്നത് 2011-’16 കാലത്ത് 12.4 ശതമാനം വീതമേ ഉയർന്നുള്ളൂ. 2001-’06 യു.ഡി.എഫ്. സർക്കാറിന്റെകാലത്ത് നികുതിവർധന 12 ശതമാനം വീതമായിരുന്നു. നികുതിയിലുണ്ടായ ഇടിവിന്റെ കാരണങ്ങളെക്കുറിച്ചും ധവളപത്രം പരിശോധിക്കുന്നുണ്ട്.