• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Niyamavedi
  • Vazhipokkan
  • Dr M Sumithra
  • Dr Kochurani Joseph
  • Science Matters
  • Athijeevanam
  • Travel Frames
  • Paatuvazhiyorathu
  • Muraleethummarukudy
  • Artistic Plates
  • Eenthapanachottil
  • G.jyothilal
  • Sthalanamam
  • Biju Rocky
  • Investment Lessons
  • Money Plus
  • Detstvo
  • Kadhayil Oru Mashinottam
  • Mata Amruthanandamayi
  • Homo Digitalis

യുവര്‍ ഓണര്‍, എന്റെ കക്ഷിയുടെ പേര് 'മല'

Muralee Thummarukudy
Aug 15, 2016, 11:48 AM IST
A A A

ഒരിടത്തൊരിടത്ത്

# മുരളി തുമ്മാരുകുടി
Paragliding over Interlaken
X

ലേഖകന്റെ ആകാശ യാത്ര

കുന്നത്തുനാട് എന്നുപേരുള്ള താലൂക്കിലാണ് ഞാന്‍ ജനിച്ചത്. പേരുപോലെതന്നെ എന്റെ വീടിന്റെ നാലുചുറ്റിലും കുന്നുകളായിരുന്നു. മുന്നില്‍ വര്‍ക്കിസാറിന്റെ മല, ഇടതുവശത്ത് ചൂണ്ടമല, വലതുവശത്ത് പാലായിക്കുന്ന്, പുറകില്‍ എരുമക്കാട്. ഇതിന്റെ നടുക്ക് പത്തിരുപത് വീടുകള്‍, കൂടുതലും തുമ്മാരുകുടിക്കാര്‍ തന്നെ. അവരുടെ പാടം, ഇതാണ് എന്റെ വീടിന്റെ ഭൂമിശാസ്ത്രം.

സ്‌കൂളിലോ ആശുപത്രിയിലോ പോകണമെങ്കിലോ, പലചരക്ക് സാധനങ്ങള്‍ വാങ്ങണമെങ്കിലോ, എന്തിന് ബസില്‍ കയറണമെങ്കില്‍ പോലും ഇതിലേതെങ്കിലും ഒരു മല കയറിയിറങ്ങണം. ലോകത്തെമ്പാടും വികസനം വന്നിട്ടും തുമ്മാരുകുടിയില്‍ ഇപ്പോഴും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ്.

എന്റെ ചെറുപ്പകാലത്ത് ഈ മലകളില്‍ മുയലും കുറുക്കനുമെല്ലാം സര്‍വസാധാരണമായിരുന്നു. അന്ന് റബര്‍ കൃഷി വ്യാപകമായിട്ടില്ലാത്തതിനാല്‍ കുന്നില്‍ നിറയെ കുറ്റിച്ചെടികളും പാഴ്മരങ്ങളുമായിരുന്നു. ചെത്തി മുതല്‍ കാരക്ക വരെയുള്ള പഴങ്ങള്‍ അവിടെ ധാരാളമുണ്ടായിരുന്നു. ഓണക്കാലത്ത് കദളിപ്പൂ പറിക്കാന്‍ പോകുന്നതും മീനങ്ങാണി മുതല്‍ കുറുന്തോട്ടി വരെയുള്ള മരുന്നുകള്‍ അന്വേഷിച്ചുപോകുന്നതും ഇതേ കുന്നുകളിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഞങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു, ഈ കുന്നുകളും മലകളും. 

ചുറ്റുമുള്ള മലകളില്‍ ഏറ്റവും വലുത് ചൂണ്ടമലയായിരുന്നു. അതിന്റെ മുകളില്‍ കയറിനിന്നു നോക്കിയാല്‍ ദൂരെ മലയാറ്റൂര്‍ പള്ളിയും, കൊച്ചിന്‍ റിഫൈനറിയിലെ ഫ്‌ളെയറും, മാനംതെളിഞ്ഞ ദിവസങ്ങളില്‍ കടലില്‍ സൂര്യന്‍ അസ്തമിക്കുന്നതും കാണാം. അവധിക്കാലത്ത് മുയലിനെ ഓടിക്കാനും അസ്തമയം കാണാനും 
ഞാന്‍ ചൂണ്ടമല കയറാറുണ്ട്. 

Chundamala
ചൂണ്ടമല മേഖലയുടെ സാറ്റ്‌ലൈറ്റ് ദൃശ്യം

 

അക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, ചൂണ്ടമലയുടെ മുകളില്‍ നിന്നും താഴെ ഞങ്ങളുടെ പാടമായ പാറമാരിയിലേക്ക് പറന്നിറങ്ങുക എന്നത്. ഹാന്‍ഡ് ഗ്ലൈഡറോ പാരാഗ്ലൈഡിങ്ങോ ഒന്നും അന്ന് കണ്ടിട്ടുകൂടിയില്ല. പക്ഷേ അങ്ങനെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കിയിട്ട് കുന്നില്‍ നിന്നും പറന്ന് ഒരു പക്ഷിയെപ്പോലെ താഴേക്ക് പറന്നുവരുന്നത് ഞാന്‍ ഒരായിരം പ്രാവശ്യമെങ്കിലും സങ്കല്‍പ്പിച്ചിട്ടും സ്വപ്നംകണ്ടിട്ടുമുണ്ട്.

പാരഗ്ലൈഡിങ് ആദ്യം കാണുന്നത് ഫ്രാന്‍സില്‍ ആണ്. ജനീവയുടെ അതിര്‍ത്തിയിലുള്ള ജുറാ പര്‍വതത്തില്‍ നിന്നും താഴേക്ക് പതുക്കെ പറന്നിറങ്ങുന്ന ആളുകള്‍. സ്വിറ്റ്സര്‍ലാന്റിലും കേരളം പോലെതന്നെ നിറയെ കുന്നുകളും മലകളുമാണ്. ആകാശം തെളിഞ്ഞ ദിവസങ്ങളില്‍ അതിലോരോന്നിന്റേയും മുകളില്‍ നിന്ന് നൂറു കണക്കിനാളുകളാണ് പറന്നിറങ്ങുന്നത്. പക്ഷേ ഇത് ഞാന്‍ കണ്ടുതുടങ്ങിയപ്പോഴേക്കും വയസ്സ് നാല്‍പ്പതായി ഞാനൊരു സുരക്ഷാ വിദഗ്ദ്ധനായിക്കഴിഞ്ഞിരുന്നു. അപ്പോള്‍പ്പിന്നെ ആഗ്രഹം ഉണ്ടായിരുന്നിട്ടും പേടി കാരണം അതിനൊന്നും ശ്രമിച്ചില്ല.

ആഗസ്ത് 8 എന്റെ പിറന്നാളായിരുന്നു. വയസ്സ് അന്‍പത്തിരണ്ടായി. ഇനി വര്‍ഷങ്ങള്‍ എണ്ണിയെണ്ണി കുറയുകയാണ്. സുരക്ഷയും പറഞ്ഞിരുന്നിട്ടു കാര്യമില്ല. ഉള്ള ആഗ്രഹങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തീകരിച്ചാലേ ഇനിയങ്ങോട്ട് കാര്യമുള്ളൂ. അങ്ങനെയാണ് എണ്‍പതാംപിറന്നാള്‍ പാരജംപിങ് നടത്തി ആഘോഷിച്ച മുന്‍അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഒന്നാമനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ പാരാഗ്ലൈഡിങ്ങില്‍ ഒരു കൈ നോക്കാം എന്നു തീരുമാനിച്ചത്. 

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഏറ്റവും മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പാണ് ഇന്റര്‍ലേക്കന്‍. രണ്ടു വലിയ തടാകങ്ങള്‍ (തുണ്‍, ബ്രിയന്‍സ്), ചുറ്റിനും മലകള്‍ അതിലൊന്ന് ആല്‍പ്‌സിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടികളില്‍ ഒന്നായ യുങ് ഫ്രോ. ഇത് എക്കാലത്തും മഞ്ഞുമൂടിക്കിടക്കും. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന 
റെയില്‍വേ സ്റ്റേഷന്‍ ഉള്ളതുകൊണ്ട് 'ടോപ് ഓഫ് യൂറോപ്പ്' എന്ന പേരുമുണ്ട്. 

Paragliding over Interlaken

അപ്പോള്‍ ഇതുതന്നെ മതി പറക്കാനുള്ള സ്ഥലം എന്നു തീരുമാനിച്ചു. പിന്നെ പാരാഗ്ലൈഡിങ് നടത്തുന്ന കമ്പനികളുടെ സുരക്ഷാ റെക്കോര്‍ഡ്സ് പരിശോധിച്ചു. അതില്‍ ഏറ്റവും നല്ലതുതന്നെ തെരഞ്ഞെടുത്തു.

ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് ഫ്‌ളൈറ്റ്. അധികം തണുപ്പില്ലാത്ത തെളിഞ്ഞ ദിവസം. നൂറ്റിയെണ്‍പത് ഫ്രാങ്കാണ് ഫ്‌ളൈറ്റ് ചാര്‍ജ്. വീഡിയോ വേണമെങ്കില്‍ നാല്‍പ്പത് ഫ്രാങ്ക് വേറെ കൊടുക്കണം. മൊത്തം ഇരുന്നൂറ്റി ഇരുപത് ഫ്രാങ്ക്. അതായത് നമ്മുടെ പതിനയ്യായിരം രൂപയോളം. രണ്ടുലക്ഷം ഫ്രാങ്കിന്റെ  ഇന്‍ഷുറന്‍സും ഇതിന്റെ കൂടെയുള്‍പ്പെട്ടിട്ടുണ്ട്. ഒരുകോടിയിയുടെ മീതെ വരും, നമ്മുടെ ജീവന് തല്‍ക്കാലം അത്രയും വിലയില്ല. പോയാലും വലിയ കുഴപ്പമില്ല.

പതിനൊന്നുപേരുടെ സംഘമാണ് മലയിലേക്ക് പുറപ്പെട്ടത്. അതില്‍ പരിചയ സമ്പന്നരായ അഞ്ച് പൈലറ്റുമാര്‍, അഞ്ച് യാത്രികര്‍, പിന്നെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഉത്തരവാദിത്തം ഉള്ള വണ്ടി ഓടിക്കുകയും കൂടി ചെയ്യുന്ന ടീമിന്റെ ക്യാപ്റ്റനും. ബീറ്റന്‍ബര്‍ഗ്ഗ് എന്ന മലയുടെ മുകളില്‍ നിന്നാണ് ടേക്ക് ഓഫ് ചെയ്യുന്നത്.

പത്തുമിനിറ്റ് ബ്രീഫിങ് ആണ് ആദ്യം. നമ്മള്‍ എന്താണ് ചെയ്യാന്‍ പോകുന്നത്, പൈലറ്റ് എന്താണ് ചെയ്യുന്നത്, നാം എന്തൊക്കെ ചെയ്യരുത്, ഉണ്ടാകാവുന്ന അപകടങ്ങള്‍, അപകടം ഉണ്ടായാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ ഒക്കെയാണ് ബ്രീഫിങ്. പിന്നീട് നമുക്ക് പാകമായ പാദരക്ഷയും ഹെല്‍മറ്റും തരും. കൈയ്യില്‍ എന്തെങ്കിലും ലൂസ് ആയിട്ടുള്ള സാധനങ്ങള്‍ (കീ ചെയിന്‍, ഫോണ്‍ എന്നിവ) ഉണ്ടെങ്കില്‍ അതിട്ട് അരയില്‍ ബന്ധിപ്പിക്കാന്‍ ഒരു ബാഗും.

താഴേക്ക് ഓടിയിറങ്ങാന്‍ പാകത്തിനുള്ള ഒരു മലയുടെ മുകളില്‍ നിന്നാണ് ഫ്‌ലൈറ്റ് ആരംഭിക്കുന്നത്. നമുക്കിരിക്കാന്‍ പാകത്തിന് കസേര പോലൊന്ന് നമ്മുടെ പുറത്ത് കെട്ടിവെക്കും. അതും പൈലറ്റിന്റെ ശരീരവുമായി രണ്ടു കേബിളുകളുമായി ബന്ധിപ്പിക്കും. പിന്നീട് പൈലറ്റിന്റെ ശരീരവും ഗ്ലൈഡറുമായി ബന്ധിപ്പിക്കും. ഇതുകഴിഞ്ഞാല്‍ ത്രീ..ടു..വണ്‍.. രണ്ടുപേരും താഴേക്ക് ഓടുന്നു. രണ്ടോ മൂന്നോ നിമിഷത്തിനകം നമ്മള്‍ ആകാശത്ത് പക്ഷികളെപ്പോലെ പറക്കുകയാണ്. 
(ലേഖകന്റെ പറക്കലിന്റെ വീഡിയോ ചുവടെ)

വിമാനത്തിലും, ഹെലിക്കോപ്റ്ററിലും, ബലൂണിലുമൊക്കെയായി ആകാശസഞ്ചാരം ഏറെ നടത്തിയിട്ടുണ്ട്. എന്നാലും ഒരു പക്ഷിയെപ്പോലെ മുന്നോട്ടും പിന്നോട്ടും താഴേക്കും മുകളിലേക്കും പറന്നുനടക്കുന്നത്, 360  ഡിഗ്രി തിരിഞ്ഞ് കൊടുമുടികള്‍ ഒന്നൊന്നായി കാണുന്നത്, താഴെ തടാകങ്ങളുടെയും വീടുകളുടെയും കാടുകളുടേയുമൊക്കെ മീതേകൂടി ഒഴുകിയങ്ങനെ നടക്കുന്നത് അതിശയകരമായ ഒരനുഭവം തന്നെയാണ്. നമുക്ക് പേടിയാകാതിരിക്കാന്‍ പൈലറ്റ് നമ്മളോട് 
നിരന്തരം സംസാരിച്ചുകൊണ്ടിരിക്കും. കുറച്ച് കഴിഞ്ഞപ്പോള്‍ ഗ്ലൈഡറിന്റെ നിയന്ത്രണം എന്റെ കൈയില്‍ തന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിച്ച് എങ്ങനെ പോകണമെന്ന് എന്നെ പഠിപ്പിച്ചു. ആദ്യം മടിച്ചിട്ടാണെങ്കിലും പിന്നെ കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും പറന്നു കളിച്ചു. മുപ്പതു മിനിറ്റിനുശേഷം പൈലറ്റ് കണ്‍ട്രോള്‍ തിരിച്ചെടുത്ത്  സുരക്ഷിതമായി നിലത്തിറക്കി. എടുത്ത ഫോട്ടോയും വീഡിയോയും ഒക്കെ തന്നു കൈ തന്നു പിരിഞ്ഞു. 

ചൂണ്ടമലയില്‍ നിന്ന് പാറമാരിയിലേക്ക് പറന്നിറങ്ങുന്നത് അന്നുരാത്രി ഞാന്‍ സ്വപ്നം കണ്ടു. സാങ്കേതികമായി ചെയ്യാവുന്നതേ ഉള്ളൂ. പക്ഷേ ഇന്നത് ഒരു നടക്കാത്ത സ്വപ്നം മാത്രമാണ്. കാരണം, വെങ്ങോലക്ക് പുരോഗതി ഒന്നും ഇല്ലെങ്കിലും നെടുമ്പാശേരി വിമാനത്താവളം മുതല്‍ കൊച്ചിമെട്രോ വരെ എറണാകുളം ജില്ലയില്‍ 
നടന്നതും നടക്കുന്നതും ആയ  എല്ലാ 'വികസന' പ്രവര്‍ത്തനങ്ങളും വെങ്ങോലയുടെ 'മണ്ണിലാണ്'. കുന്നത്തുനാട്ടിലെ കുന്നുകളെല്ലാം ഒന്നൊന്നായി അപ്രത്യക്ഷമായി. പാറയും മണ്ണും ഫ്‌ളാറ്റ് നിര്‍മ്മിക്കാനും പാടംനികത്താനുമായി വെങ്ങോലയുടെ അതിര്‍ത്തി കടന്നു. ചൂണ്ടമല ഇപ്പോള്‍ വലിയൊരു കുഴി മാത്രമാണ്. ആ കുഴിയില്‍ നിന്ന് ഇനിയാര്‍ക്കും പറന്നുയരാനാവില്ല, ഗ്രാമത്തിനും. 

ഇന്റര്‍ലേക്കനില്‍ ഞാന്‍ പാരാഗ്ലൈഡിങ് തുടങ്ങിയ കുന്നിന്റെ ഒരു മൂലയില്‍ ഓരോ മൂന്നുമിനിറ്റിലും ഒരു പാരാഗ്ലൈഡര്‍ പറന്നുയരുകയാണ്. നല്ല തെളിഞ്ഞ ദിവസങ്ങളില്‍ നൂറ്റമ്പതിന് മുകളില്‍ ആളുകള്‍ ഇവിടെനിന്ന് പറന്നുയരുന്നു. ഓരോ ആളും ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും ഇതിനായി മുടക്കുന്നു. അതുപോലെ മലയുടെ ഓരോ ചെരിവിലും ടേക്ക് ഓഫ് ഉണ്ട്. വെറും അഞ്ചു സെന്റ് സ്ഥലം മതി ടേക്ക് ഓഫ് പോയന്റിന്. കുന്നില്‍ നിന്നും ഒരു ദിവസം ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ആണ്.

Mala

എത്ര ആളുകള്‍ പറന്നിറങ്ങിയാലും കുന്നിന് ഒരു കേടും സംഭവിക്കുന്നില്ല. പറന്നുയരുന്നവര്‍ക്ക് കാഴ്ചകള്‍ മനോഹരമാക്കാന്‍ അവര്‍ കുന്നും മലകളുമൊക്കെ പച്ചയായും വൃത്തിയായും സംരക്ഷിക്കുന്നു. കുന്ന് അവര്‍ക്ക് സുസ്ഥിര വരുമാനം നല്‍കുന്ന അന്നദാതാവാണ്. 

വെങ്ങോലയിലെ വികസനം ഇങ്ങനെയല്ല. കുന്നും മലയുമൊക്കെ തുരന്ന് മണ്ണും പാറയും ആയി ടിപ്പറുകള്‍ പായുന്നു. ഓരോ ദിവസവും നൂറു ടിപ്പര്‍ പോയ്ക്കഴിയുമ്പോള്‍ ആരുടെയൊക്കെയോ പോക്കറ്റില്‍ പതിനായിരങ്ങള്‍ വീഴും, സര്‍ക്കാരിന് കുറച്ചു ടാക്‌സും. പക്ഷെ മണ്ണും പാറയും ഒക്കെ  തീര്‍ന്നാല്‍ കമ്പനികള്‍ സ്ഥലം വിടും. പാറമടകളുടെ താഴ്ച ചുറ്റുമുള്ള വീടുകളിലെ കിണറുകളേക്കാള്‍ താഴെയാകുമ്പോള്‍ നാട്ടുകാരുടെ വെള്ളംകുടി മുട്ടും. പാറമടകള്‍ അശാസ്ത്രീയമായി ഉണ്ടാക്കിയതിനാല്‍  ചെരിവുകള്‍ വെട്ടിനിര്‍ത്തിയിരിക്കുന്നത് സുരക്ഷിതമായല്ല. എന്നെങ്കിലും മഴയില്‍ അവിടെയൊക്കെ ഉരുള്‍പൊട്ടി 
താഴെയുള്ള ആളുകളും വീടുകളും അതിനടിയിലാകും. 

സുസ്ഥിരവികസനം എന്നാല്‍ 'വരും തലമുറക്ക് അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടു വരാത്ത രീതിയില്‍ ഈ തലമുറ വിഭവങ്ങളെ ഉപയോഗിക്കുക എന്നതാണ്. ഇതൊരു ഒരു തത്വശാസ്ത്രം മാത്രമല്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് വെങ്ങോലയും ബീറ്റന്‍ബര്‍ഗ്ഗും. ഒരിടത്ത് ഒരു നാടിന്റെ നാനാവിധമായ ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെട്ടിരുന്ന കുന്നിനെ താല്‍ക്കാലിക ലാഭത്തിനു വേണ്ടി കുത്തിക്കുഴിച്ചു കുളമാക്കി, ഇനി ഒരു തലമുറക്കും അവിടെ ഒന്നും ചെയ്യാനില്ല എന്ന് മാത്രമല്ല അടുത്ത തലമുറയുടെ തലയ്ക്കു മുന്നില്‍ ഉരുള്‍പൊട്ടല്‍ എന്ന വാലായി നില്‍ക്കുകയും ചെയ്യുന്നു. മറ്റൊരിടത്തു കുന്നിനെ അതുപോലെ തന്നെ നിറുത്തി ഒരു ജീവിതമാര്‍ഗ്ഗം ഉണ്ടാക്കിയിരിക്കുന്നു. അത് കാണാന്‍ ലോകത്ത് എവിടെ നിന്നും ആളുകള്‍ വരുന്നു. അവര്‍, തൊഴില്‍ ഉണ്ടാക്കുന്നു. അവര്‍ പോയിക്കഴിഞ്ഞാലും മല അതുപോലെ തന്നെ അടുത്ത തലമുറക്ക് കൃഷി ചെയ്യാനോ മറ്റെന്തിനുമായോ നിലനില്‍ക്കുന്നു.

Kerala hills destruction
കേരളത്തില്‍ നടക്കുന്ന കുന്നിടിക്കലിന്റെ ഒരു ദൃശ്യം

 

ദശലക്ഷക്കണക്കിന് വര്‍ഷമായി നമ്മുടെ കുന്നുകളും മലകളും പുഴകളുമൊക്കെ ഉണ്ടായിട്ട്. ലക്ഷക്കണക്കിന് വര്‍ഷമായി ഒരു ആവാസവ്യവസ്ഥയുടെ ഭാഗമായി അതിന് വളരാനുള്ള അവസരം നല്‍കി അവ നിലനില്‍ക്കുന്നു. വെങ്ങോലയിലെ ഒരു മൂവായിരം വര്‍ഷമെങ്കിലും അവിടുത്തെ മനുഷ്യജീവിതത്തെ സഹായിച്ചു ജീവിച്ചു എന്നതിന് തെളിവുകളുണ്ട്. ഈ മലയെ ആണ് ഒരൊറ്റ തലമുറയില്‍ നമ്മള്‍ വെട്ടിനിരത്തിയത്. ഇതൊരു വെങ്ങോലക്കഥ മാത്രമല്ല. കേരളത്തിലെ കുന്നുകള്‍ എല്ലാം വെട്ടിനിര്‍ത്തുകയാണ്. ഇത് സുസ്ഥിരവികസനം പോയിട്ട് വികസനം പോലുമല്ല. മണ്ണിലും പാറയിലും നിന്നുള്ള വരവും അതില്‍ നിന്നും ഉണ്ടാകുന്ന മലിനീകരണം, പ്രകൃതി ദുരന്തം, ക്വാറി ഉള്ള സ്ഥലത്തിന്റെ ഓപ്പര്‍ച്യുണിറ്റി കോസ്റ്റ് ഇവ കൂട്ടിയാല്‍ ഈ തലമുറയില്‍ തന്നെ ക്വാറി ലാഭമല്ല. ലാഭം കിട്ടുന്നത് ക്വാറി മുതലാളിക്കും മലിനീകരണത്തിന്റെയും ദുരന്തത്തിന്റെയും നഷ്ടം സഹിക്കുന്നത് നാട്ടുകാരും ആകുന്നതുകൊണ്ടാണ് ഈ നഷ്ടക്കച്ചവടം നടന്നു പോകുന്നത്. 

ദശലക്ഷം വര്‍ഷം പ്രായമുള്ള കുന്നിനും മലകള്‍ക്കും പുഴകള്‍ക്കുമെല്ലാം നൂറുവര്‍ഷം പോലും പ്രായമില്ലാത്ത രാജ്യങ്ങളും നൂറില്‍ താഴെ ശരാശരി ആയുസ്സുള്ള മനുഷ്യരും ചേര്‍ന്നുണ്ടാകുന്ന നിയമത്തിന്റെയും കോണ്‍ട്രാക്ടിന്റെയും മുകളിലായി  അവയുടെ ഭൂമിശാസ്ത്രം നിലനിര്‍ത്താനുള്ള ഒരു 'inalienable right' (ഈശ്വരാ ഇതിനൊരു നല്ല മലയാളം ഉണ്ടോ?) ഉണ്ടാകണം. റിവര്‍ ചാര്‍ട്ടര്‍ ഒക്കെ ഉള്ള പോലെ ഒരു ഹില്‍ ചാര്‍ട്ടര്‍ വേണം. ഇക്വഡോറില്‍ വനത്തിനും  ന്യൂസിലാണ്ടില്‍ പുഴയ്ക്കും കിട്ടിയതുപോലെ കുന്നുകള്‍ക്ക് ഒരു 'ലീഗല്‍ പെര്‍സോണാ' (എന്താണോ ഇതിന്റെ മലയാളം?) ഉണ്ടാകണം. അപ്പോള്‍ കുന്നിനിട്ട് ആരെങ്കിലും പണിതാല്‍ അത് കുട്ടികളെ ഉപദ്രവിക്കുന്ന പോലെ കണ്ട് മറ്റുള്ളവര്‍ക്ക് അതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പറ്റും.  

ഇല്ലെങ്കില്‍ തുറമുഖവും ഹൈവേയും സൂപ്പര്‍മാര്‍ക്കറ്റും ഒക്കെ പണിതുകഴിയുമ്പോള്‍ കേരളത്തിന് ചുറ്റും കുന്നുകളുടെ സംരക്ഷണ വലയം ഉണ്ടാവില്ല. പിന്നെ  കാടുകള്‍ ഉണ്ടാവില്ല, കാലാവസ്ഥ മാറും, നദികള്‍ ഒഴുകില്ല, കേരളം തമിഴ്നാടാകും. ഗള്‍ഫിലെ പോലെ എണ്ണ വല്ലതും കണ്ടുപിടിച്ചാലേ പിന്നെ നമുക്കിവിടെ ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതി വരും.

PRINT
EMAIL
COMMENT
Next Story

പറമ്പന്വേഷിക്കേണ്ടതെപ്പോള്‍

എന്റെ ചെറുപ്പകാലത്ത് തുമ്മാരുകുടിയില്‍ കക്കൂസില്ല, പറമ്പിലാണ് കാര്യം സാധിക്കുന്നത്. .. 

Read More
 

Related Articles

ഡ്രം വായിച്ച് പാരാഗ്ലൈഡിങ്, ഞാനായിരുന്നെങ്കില്‍ സ്റ്റിക് താഴെ പോയേനെ എന്ന് കാഴ്ചക്കാരന്‍
Travel |
Travel |
ശ്വാസമടക്കിയല്ലാതെ കാണാനാവില്ല, സോഫയിലിരുന്ന്, ടി.വി കണ്ട് ഒരു അതിസാഹസിക പാരാഗ്ലൈഡിങ്!
Travel |
ഉലകസഞ്ചാരിയുടെ പോക്കറ്റിലെ നോട്ടുകള്‍ രാജ്യാന്തരങ്ങളില്‍ കണ്ടുമുട്ടുമ്പോഴുള്ള കൗതുകക്കാഴ്ചകള്‍
Travel |
സ്വര്‍ഗം പോലെയിരുന്ന നാട്ടില്‍ സ്വര്‍ണഖനി കണ്ടെത്തിയതോടെ അവിടം പട്ടിണിയിലായ കഥ
 
More from this section
Thummarukudy
ചാഴി കെട്ടുന്ന പാച്ചന്മാര്‍
Oridathoridathu
അമ്മൂമ്മയുടെ മുല
Smallpox
കുഴിയാറും തീര്‍ത്തല്ലോ പാറുക്കുട്ടീ
Drought 01
പറമ്പന്വേഷിക്കേണ്ടതെപ്പോള്‍
petrol price down
പെട്രോള്‍ വിലയിലെ മായാജാലം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.