നേരിട്ടും വകയിലുമുള്ള എന്റെ അമ്മാവന്മാരും അമ്മായിമാരുമൊക്കെ ചെറുതുംവലുതുമായ പുലികള്‍ ആയിരുന്നിട്ടും ഞങ്ങളുടെ വീടിരുന്ന പ്രദേശത്തിന് അവര്‍ ഒരു ഗുണവും ചെയ്തില്ല എന്ന് പണ്ടൊക്കെ തുമ്മാരുകുടിയിലെ എന്റെ തലമുറയുടെ ഒരു സ്ഥിരം പരാതിയായിരുന്നു. 

വെങ്ങോല പഞ്ചായത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും സ്വാധീനമുള്ള രണ്ട് അമ്മാവന്മാര്‍ എനിക്കുണ്ടായിരുന്നു. എന്നിട്ടും വെങ്ങോല പഞ്ചായത്തില്‍ തലങ്ങും വിലങ്ങും റോഡ് വന്നിട്ടും ഞങ്ങളുടെ വീട്ടിലെത്താന്‍ ഇടവഴിയും തൊണ്ടും ഒക്കെത്തന്നെ ആയിരുന്നു ശരണം. അടുത്ത അമ്മാവന്‍ ആര്‍ടിഒ ആയിട്ടുപോലും വീടിന്റെ രണ്ടു കിലോമീറ്റര്‍ അടുത്ത് ഒരു ബസ്‌സ്റ്റോപ്പ് എത്തിക്കാന്‍ ഇന്നും പറ്റിയിട്ടില്ല, റോഡില്ലാത്തതിനാല്‍. എന്തിന് പൊതുമരാമത്തില്‍ ചീഫ് എഞ്ചിനീയറായ അമ്മാവന്‍ ഉണ്ടായിട്ടുകൂടി ഒരു ബ്രാഞ്ച് കനാല്‍ പോലും തുമ്മാരുകുടി പരിസരത്ത് എത്തിയില്ല. അമ്മാവന്മാര്‍ ആണത്രെ അമ്മാവന്മാര്‍!

ഇന്നിപ്പോള്‍ വെങ്ങോല പഞ്ചായത്തിന്റെ സ്ഥിതി കാണുമ്പോള്‍ ഈ ഉര്‍വശീശാപം ഉപകാരമെന്ന പോലെയായി കാര്യങ്ങള്‍. റോഡ് എത്തിയ സ്ഥലത്തിനെല്ലാം വില കൂടി. പണത്തിനാവശ്യം ഉണ്ടാവുമ്പോഴും ആഢംബരത്തിനും ആളുകള്‍ സ്ഥലം മുറിച്ചു വിറ്റു. തലമുറകള്‍ ആയിട്ടുള്ള അയല്‍ബന്ധങ്ങള്‍ അയഞ്ഞു.

കനാല് കിട്ടിയവരുടെ സ്ഥിതി അതിലും പുകിലായി. സ്ഥലമെല്ലാം മുറിഞ്ഞു പോയതോടെ കൃഷി എന്നേ നിന്നു. പക്ഷെ വെള്ളം ധാരാളം ഉള്ളിടത്തെല്ലാം പ്ലൈവുഡ്-കമ്പനികള്‍ വന്നു. അതുണ്ടാക്കുന്ന ജലമലിനീകരണമായി, ഫോര്‍മാല്‍ഡിഹൈഡ് ആയി, പൊടിയായി, ഒച്ചയായി, ലേബര്‍ ക്യാമ്പായി, വെള്ളം കുടിക്കാന്‍ പറ്റാതായി. താമസിക്കാനും സ്ഥലം വില്‍ക്കാനും പറ്റാതെ ആളുകള്‍ ധര്‍മ്മസങ്കടത്തിലുമായി.

ഇതിന്റെയെല്ലാം ഇടക്ക് ഒരു പച്ചത്തുരുത്തു പോലെയാണ് ഇപ്പോള്‍ തുമ്മാരുകുടിയും പരിസരവും. കഴിഞ്ഞ നൂറുവര്‍ഷത്തിനിടക്ക് ഇലക്ട്രിക് പോസ്റ്റും ടെലഫോണ്‍ പോസ്റ്റും വന്നു എന്നല്ലാതെ മറ്റൊരു മാറ്റവും അവിടെയില്ല. എല്ലായിടത്തും വീടുകളുടെ എണ്ണം ഇരട്ടിയോ പല മടങ്ങോ ആയപ്പോള്‍ തുമ്മാരുകുടിയില്‍ ആറു വീടുണ്ടായിരുന്നതില്‍ നിന്നും ഒന്ന് കൂടി ഏഴായി. പക്ഷെ ഒരു വീട്ടില്‍ ഇപ്പോള്‍ ആരുമില്ല. പുതിയ തലമുറയുടെ മൊത്തം എണ്ണം മുപ്പതിന് മുകളിലാണ്. എന്നിട്ടും ആരും സ്ഥലം മുപ്പതാക്കി മുറിച്ചു വിറ്റിട്ടില്ല, അഥവാ വിറ്റതൊക്കെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ  ആയതിനാല്‍ തുമ്മാരുകുടിയില്‍ത്തന്നെ കിടന്നു കറങ്ങുന്നു. കൃഷിഭൂമി അത്രയും കൃഷിഭൂമിയായി തന്നെ കിടക്കുന്നു. പാടം ഒന്നുപോലും നികത്തിയിട്ടില്ല. എന്നാല്‍ കൃഷി മിക്കവാറും കുറഞ്ഞു.

കുളത്തില്‍നിന്നും കിണറില്‍നിന്നും വെള്ളം വീട്ടിലെ ആവശ്യത്തിനു മാത്രമായി ഉപയോഗം. ഫലത്തില്‍ ഗ്രൗണ്ട് വാട്ടര്‍ ടേബിള്‍ ഉയര്‍ന്നു വരുന്നു. പണ്ട് മാര്‍ച്ചില്‍ വറ്റിയിരുന്ന കുളത്തില്‍ ഇപ്പോള്‍ ഏപ്രില്‍ മാസത്തിലെ വരള്‍ച്ചയില്‍ പോലും വെള്ളമുണ്ട്. എന്തിന് എന്റെ ചെറുപ്പകാലത്ത് നാമവശേഷമായിരുന്ന നാടന്‍ മുയലുകളാണിപ്പോള്‍ ഞങ്ങളുടെ പറമ്പിലൊക്കെ. 

ഇതൊക്കെ കേട്ടിട്ട് 'എന്നാല്‍ അവിടെ കുറച്ച് സ്ഥലം വാങ്ങിയേക്കാം' എന്നാരും വിചാരിക്കേണ്ട. 'തുമ്മാരുകുടി ഈസ് നോട്ട് ഫോര്‍ സെയില്‍'. തല്‍ക്കാലം ഞങ്ങളുടെ തലമുറയിലെങ്കിലും.

എങ്ങനെയാണ് കേരളത്തെ മുഴുവന്‍ തുണ്ടുതുണ്ടാക്കിയ വികസനത്തില്‍നിന്നും തുമ്മാരുകുടി എന്ന തുരുത്തിനെ ഞങ്ങള്‍ സംരക്ഷിച്ചത്?. വാസ്തവത്തില്‍ ഇത് കാരണവന്മാര്‍ ദീര്‍ഘദൃഷ്ടികൊണ്ട് ചെയ്തതൊന്നുമല്ല. പല തീരുമാനങ്ങളുടെ പരിണിതഫലം ഇങ്ങനെ ആയിവന്നു എന്നേയുള്ളൂ. അതിനെപ്പറ്റി പിന്നെ ഒരിക്കല്‍ എഴുതാം, ഇന്നത്തെ എന്റെ വിഷയം കൃഷിയാണ്.

എന്റെ ചെറുപ്പകാലത്ത് എന്റെ വീട്ടില്‍ തന്നെ ഏതാണ്ട് പത്തേക്കര്‍ സ്ഥലത്തെങ്കിലും നെല്‍കൃഷിയുണ്ട്. കനാലില്ലാത്തതിനാല്‍ രണ്ട് പൂവാണ് കൃഷി. ഇട്ടിക്കണ്ടപ്പന്‍ എന്നാണ് വിത്തിന്റെ പേര്. നാലു കാളകളുണ്ട്, രണ്ടു പശുവും. വീട്ടില്‍ അമ്മാവനും അമ്മയും പിന്നെ ഞങ്ങള്‍ എട്ടുപേരും കൃഷിപ്പണിയിലുണ്ട്. (ഞാന്‍ പണിയെടുക്കാത്ത മടിയനാണെന്ന് ചേട്ടന്മാരൊക്കെ പറയും, മൈന്‍ഡ് ചെയ്യണ്ട). പോരാത്തതിന് അര ഡസന്‍ സ്ഥിരംപണിക്കാര്‍ വേറെയും.

Thummarukudy
തുമ്മാരുകുടിയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: ലേഖകന്‍

 

കൃഷി എന്നത് അക്കാലത്ത് അത്യധ്വാനമാണ്, നെല്‍കൃഷി പ്രത്യേകിച്ചും. ആദ്യത്തെ മഴ പെയ്താലേ നിലം ഉഴാന്‍ പറ്റൂ. അല്ലെങ്കില്‍ കലപ്പ കൊണ്ട് മണ്ണ് ഉടക്കാന്‍ പറ്റില്ല. പക്ഷെ, വലിയ മഴ വരുന്നതിനു മുമ്പ് വിത്തിട്ടില്ലെങ്കില്‍ അത് ഒഴുകിപ്പോകും. വിത്തിട്ടാല്‍ മുന്നു ദിവസം മുഴുവന്‍ കാവലാണ്. എവിടെനിന്നോ പ്രാവിന്റെ വലിയ സംഘം പറന്നെത്തും. ഒരു തവണ അവര്‍ പാടത്ത് ലാന്‍ഡ് ചെയ്താല്‍ പിന്നെ അവിടെ ഒറ്റ വിത്തു ബാക്കിയുണ്ടാവില്ല. അപ്പോള്‍ അവര്‍ വരുന്നതും നോക്കി ഒരു തകരപ്പാട്ടയും വടിയുമായി വിത്തിന് കാവലിരിക്കണം. പ്രാവിന്‍കൂട്ടത്തെ ആകാശത്ത് കണ്ടാലുടന്‍ പാട്ടയില്‍ കൊട്ടി ഒച്ചയുണ്ടാക്കണം. ഇതൊക്കെ എന്നെപ്പോലെയുള്ള പിള്ളേരുടെ പണിയാണ്.

മഴ കനക്കുമ്പോള്‍ പാടമെല്ലാം ഒന്ന് ഉഴുതിടും. എന്നിട്ട് മലയായ മലയെല്ലാം കയറി നടന്ന് അമ്മയും പണിക്കാരുമെല്ലാം ചവറ് മുറിക്കണം. അതു കഴിഞ്ഞാല്‍ ചാണകക്കുഴിയിലുള്ള ചാണകം മുഴുവന്‍ പാടത്ത് എത്തിക്കണം. ഇല കിടന്ന് ചീഞ്ഞതിനു ശേഷം നിലം വീണ്ടും ഒരു റൗണ്ട് കൂടി ഉഴുതണം. പിന്നെ ഞവരിയടിച്ച് പതമാക്കണം, ഞാറു പറിക്കണം, അതു നടണം. ഇതിനൊക്കെ കാലാവസ്ഥ കനിയണം. പണി എവിടെയും പാളാം.

പിന്നെ നെല്ലുവളര്‍ന്ന് പൂവിട്ട് കതിരാവും. ഇവിടെയാണ് അടുത്ത റിസ്‌ക് പോയിന്റ്. നെല്ലില്‍ അരിയുണ്ടാകാന്‍ തുടങ്ങുന്ന സമയം (പാലുവരിക എന്ന് നാടന്‍ പ്രയോഗം) ആണ് നെല്ലിന്റെ പ്രധാന ശത്രുവായ ചാഴിയുടെ വരവ്. അതിനെതിരെ യാതൊരു പ്രതിരോധവും നിലവിലില്ല. ഇവിടെയാണ് കണിയാന്‍ പാച്ചന്റെ വരവ്. ചെറിയൊരു മന്ത്രവാദപ്രയോഗം പുള്ളിയുടെ കൈവശമുണ്ട്. അതിനാണ് 'ചാഴികെട്ടല്‍' എന്നു പറയുന്നത്. വൈകിട്ട് ഏഴുമണിക്ക് മറ്റെല്ലാവരും വീടിനകത്ത് കയറുമ്പോള്‍ കണിയാന്‍ ഓരോ കണ്ടത്തിന്റേയും നാലു മൂലകളില്‍ പോയി മന്ത്രം ചെയ്ത് ചാഴിക്കെതിരെ ഒരു ലക്ഷ്മണരേഖ വരക്കും. ചില വര്‍ഷങ്ങളില്‍ ഈ രേഖയും കടന്ന് ചാഴി എത്തും. അത്തവണത്തെ കൃഷി ഗോപി!

ചാഴിയില്ലാതെ നെല്ലായാലും ദുരിതം തീരുന്നില്ല. അത് കൊയ്ത് മെതിക്കണമെങ്കില്‍ മഴ മാറണം. ഇല്ലെങ്കില്‍ നെല്ല് മുളച്ച് പോകും. മെതിച്ചു കഴിഞ്ഞാല്‍ പിന്നെ അത് പതമ്പളന്ന് പാറ്റി ഉണക്കിയെടുക്കണം. ഇത്രയും ആയാലേ അമ്മയുടേയും അമ്മാവന്റേയും മനസ്സിലെ തീ അണയൂ. അപ്പോഴേക്കും അടുത്ത സീസണില്‍ വിത്തിടേണ്ട സമയമായി.

കിട്ടുന്ന നെല്ലില്‍ മൂന്നിലൊന്ന് സര്‍ക്കാരിന് നിര്‍ബന്ധവിലയില്‍ കൊടുക്കണം. 'ലെവി' എന്നാണിതിന്റെ പേര്. പിന്നെ കുറെ നെല്ല് ചിട്ടിക്കായി മാറ്റിവെക്കും. കുറച്ചെങ്കിലും വിറ്റാലേ കാളയെ മാറ്റി വാങ്ങാനും പണിക്കാര്‍ക്ക് കൊടുക്കാനും ഒക്കെ പറ്റൂ. ഇതെല്ലാം കഴിഞ്ഞ് ബാക്കി വരുന്നതാണ് നമുക്ക് ഭക്ഷണത്തിനായിട്ടുള്ളത്.

ഇപ്പോഴത്തെ പ്രാകൃതചികിത്സക്കാരുടെ വാക്കുകളില്‍ പറഞ്ഞാല്‍ സമ്പൂര്‍ണ്ണ പ്രകൃതിജീവിതം ആയിരുന്നു അന്ന്. കുളത്തില്‍ കുളി, പറമ്പില്‍ കുന്തിച്ചിരുന്ന് അപ്പിയിടല്‍, ഒരു രാസവളവും ഇടാത്ത കൃഷി, കാലാകാലത്ത് കിട്ടുന്ന പച്ചക്കറികള്‍ മാത്രം ഭക്ഷണം. ജനം സമ്പൂര്‍ണ്ണ ആരോഗ്യവാന്മാര്‍. നമ്മുടെ കൃഷിമന്ത്രിയുടെ വിശ്വാസം അനുസരിച്ച് തുമ്മാരുകുടിയിലെ ശരാശരി ആയുസ് 120 വയസ്സ് വരെ ആകേണ്ടതാണ്. പക്ഷെ, സത്യം അതൊന്നുമല്ലായിരുന്നു.

ഇത്രയൊക്കെ അത്യധ്വാനം നടത്തിയാലും ദിവസം മൂന്നുനേരം പോയിട്ട് രണ്ടു നേരം പോലും വയറുനിറച്ച് എല്ലാവര്‍ക്കും കഴിക്കാനുള്ള ഭക്ഷണമില്ല. രാവിലെ എന്നും കഞ്ഞിയാണ്. കര്‍ക്കിടകം ആയാല്‍ അതും നേര്‍ത്തുവരും. ആണുങ്ങള്‍ക്കും കുട്ടികള്‍ക്കും ഒക്കെ കൊടുത്തുകഴിഞ്ഞ് ബാക്കിവരുന്നതാണ്
സ്ത്രീകള്‍ക്ക്. അക്കാലത്തെ കര്‍ഷക കുടുംബങ്ങളില്‍ എല്ലാം മറച്ചുവെക്കപ്പെട്ട ദാരിദ്ര്യം ( concealed poverty ) വ്യാപകമായിരുന്നു. അപ്പോള്‍ കര്‍ഷകത്തൊഴിലാളികളുടേയും മറ്റുള്ളവരുടേയും കാര്യം പറയാനില്ലല്ലോ. 

പട്ടിണികൊണ്ട് ആരും മരിച്ചില്ലെങ്കിലും പോഷകാംശമുള്ള ആഹാരം കഴിക്കാത്തവര്‍ക്ക് വേഗത്തില്‍ രോഗങ്ങള്‍ വരും. വരുന്ന ചെറിയ രോഗങ്ങള്‍വരെ അവരെ കീഴടക്കും. അവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് ബാലാരിഷ്ടതയും ബാലമരണങ്ങളും ഒക്കെ സാധാരണമായിരിക്കും. പ്രസവത്തോടെ ആരോഗ്യമില്ലാത്ത സ്ത്രീകള്‍ മരിക്കാനുള്ള സാധ്യത കൂടും. അവര്‍ക്ക് മാസമെത്താതെ കുട്ടികളുണ്ടാകും, അവരില്‍ ചിലര്‍ മരിക്കും എന്നിങ്ങനെ പ്രശ്‌നങ്ങള്‍ പലതുണ്ട്. എന്റെ അമ്മയുടെ തന്നെ രണ്ടു കുട്ടികള്‍ ചെറുപ്പത്തിലേ മരിച്ചു പോയി.

Thummarukudy
തുമ്മാരുകുടിയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: ലേഖകന്‍

 

ഞാനിപ്പോള്‍ ഇതെല്ലാം ഓര്‍ക്കാന്‍ കാരണം, നാട്ടില്‍ ജൈവകൃഷിയുടെ പേരില്‍ നടക്കുന്ന അവകാശവാദങ്ങളാണ്. 

രാസവളങ്ങള്‍ ഇടാതെ, കീടനാശിനികള്‍ അടിക്കാതെ സ്വന്തം പറമ്പിലും ടെറസ്സിലും ബാല്‍ക്കണിയിലുമൊക്കെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ കൃഷിചെയ്യുന്നതിനെ പൂര്‍ണ്ണമായും പിന്തുണക്കുന്ന ഒരാളാണ് ഞാന്‍. കൃഷിയും ഭക്ഷണവും തമ്മിലുള്ള ബന്ധം ലോകത്തില്‍ പല രാജ്യങ്ങളിലും ആളുകള്‍ മറന്നു തുടങ്ങി. കാരണം അവര്‍ ഭക്ഷ്യവസ്തുക്കള്‍ കാണുന്നത് സൂപ്പര്‍മാര്‍ക്കറ്റിലാണ്.

കൃഷി പ്രധാനമായുള്ള രാജ്യങ്ങളില്‍പോലും കൃഷിയിടങ്ങളും നഗരങ്ങളും തമ്മില്‍ ബന്ധമില്ല. ഓസ്‌ട്രേലിയ പോലുള്ള ഒരു രാജ്യത്തെ പകുതി സ്‌കൂള്‍കുട്ടികള്‍ തൈര് ഉണ്ടാകുന്നത് മരത്തില്‍നിന്നാണെന്നും പഞ്ഞി ഉണ്ടാകുന്നത് ഏതോ മൃഗത്തിന്റെ പുറത്താണെന്നും ചിന്തിക്കുന്നു എന്ന് അടുത്തയിടെ
ഒരു പഠനത്തില്‍ കണ്ടു. ഈ പരിസ്ഥിതിയും നമ്മുടെ ജീവിതവും തമ്മിലുള്ള ബന്ധം നമ്മള്‍ മറന്നാല്‍ പിന്നെ പരിസ്ഥിതി സംരക്ഷിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാവില്ല. അപ്പോള്‍ നെല്ലില്‍ നിന്നാണ് അരിയുണ്ടാകുന്നതെന്നും പശുവില്‍ നിന്നാണ് പാലുണ്ടാകുന്നതെന്നും പുതിയ തലമുറ അറിഞ്ഞിരിക്കുന്നത്
നല്ലതാണ്. അതുകൊണ്ട് നമ്മുടെ മുന്നില്‍ത്തന്നെ കുറച്ച് കൃഷി നടത്തുന്നത് ഒരു നല്ലകാര്യമാണ്.

അതേ സമയം കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ജൈവകൃഷിയിലൂടെ നേടാം എന്ന തരത്തിലുള്ള ചിന്താഗതിയും പ്രചാരണവുമെല്ലാം സര്‍ക്കാര്‍ നയത്തിന്റെ അടുത്തുവരെ എത്തുന്നത് എന്നെ അമ്പരപ്പിക്കുന്നു. ഒന്നാമത് ജൈവകൃഷി എന്നുള്ളത് ശരിക്കും മനുഷ്യന്‍ ഉണ്ടാക്കുന്ന വിവേചനമാണ്. വളര്‍ന്നുപോകുന്ന തെങ്ങിന്റെ വേരിന് അത് വലിച്ചെടുക്കുന്ന നൈട്രജന്‍ വരുന്നത് വെച്ചൂര്‍ പശുവിന്റെ മൂത്രത്തില്‍ നിന്നാണോ അതോ ഫാക്ടിന്റെ യൂറിയയില്‍ നിന്നാണോ എന്ന് യാതൊരു അറിവുമില്ല. അറിയാന്‍ തെങ്ങിന് കഴിവില്ല, താല്പര്യവും ഉണ്ടാകാന്‍ വഴിയില്ല. ഇതുപോലെയാണ് മറ്റു മൂലകങ്ങളുടെ കാര്യവും.

രണ്ടാമത്, ജൈവകൃഷി വാദികള്‍ ഇപ്പോള്‍ പടവെട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും (അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍, രാസവളം, രാസ കീടനാശിനികള്‍, ഹോര്‍മോണ്‍) തന്നെ കഴിഞ്ഞ നൂറ്റാണ്ടിന്റെ സംഭാവനയാണ്. അതിനു മുമ്പ്, കേരളത്തില്‍ അത്യുല്‍പാദനശേഷിയുള്ള വിത്തിനങ്ങളോ, രാസവളങ്ങളോ, രാസകീടനാശിനികളോ ഇല്ലാതിരുന്ന കാലത്ത്, കേരളം മുഴുവന്‍ ഇപ്പോഴത്തെ ഫാഷനില്‍ പറഞ്ഞാല്‍ ജൈവകൃഷിയായിരുന്ന കാലത്ത്, കേരളത്തിന്റെ ജനസംഖ്യ ഇപ്പോഴത്തേതിന്റെ നാലിലൊന്നിലും താഴെയായിരുന്ന കാലത്ത്, കര്‍ഷകത്തൊഴിലാളികള്‍ക്ക് യാതൊരു ക്ഷാമവും ഇല്ലാതിരുന്ന കാലത്തുപോലും, നാട്ടില്‍ എവിടെയും വനം ഉള്‍പ്പടെ വെട്ടിത്തുറന്ന് കൃഷി ചെയ്യാന്‍ രാജാവ് ജനങ്ങളെ ആഹ്വാനം ചെയ്ത കാലത്തുപോലും, കേരളത്തിന് ആവശ്യത്തിനുള്ള ഭക്ഷണം ഉണ്ടാക്കാന്‍ നമുക്ക് പറ്റിയില്ല. 

ജനങ്ങള്‍ ഇപ്പോഴത്തേക്കാള്‍ ആരോഗ്യവാന്മാര്‍ ആയിരുന്നില്ല എന്ന് ആദ്യമേ പറഞ്ഞല്ലോ. അപ്പോള്‍ സമ്പൂര്‍ണ്ണ ജൈവകൃഷികൊണ്ട് ഭക്ഷ്യസുരക്ഷ നേടാം എന്ന തരത്തിലുള്ള ചിന്ത ശാസ്ത്രീയമാണെന്ന് എന്നെ ഇതേവരെ ആരും തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടുത്തിയിട്ടില്ല.

ടി.വി ചര്‍ച്ചയിലും മൈതാനപ്രസംഗത്തിലും നല്‍കുന്ന വാദങ്ങള്‍കൊണ്ടു മാത്രം പത്തായത്തില്‍ അരി വരില്ല. രാസവളത്തിന്റെയും കീടനാശിനികളുടെയും ഹോര്‍മോണിന്റെയും എന്തിന് വെള്ളത്തിന്റെ പോലും അമിതമായ ഉപയോഗം കൊണ്ട് നമ്മുടെ വിളക്കും കൃഷിക്കും കൃഷിഭൂമിക്കും ഏറെ കുഴപ്പമുണ്ടായിട്ടുണ്ട്.
പക്ഷെ അതിന്റെ പ്രതിവിധി ഇരിക്കുന്നത് 'എല്ലാം ജൈവികം ആകണം' എന്ന തരത്തിലുള്ള ചിന്തയില്‍ അല്ല. 

വാസ്തവത്തില്‍ നമുക്ക് വേണ്ടത് ശാസ്ത്രീയമായ കൃഷിയാണ്. മണ്ണിന്റെ ശാസ്ത്രഘടന (അതിന് ഭൗതികവും, രാസികവും, ജൈവികവുമായ മാനങ്ങള്‍ ഉണ്ട്) മനസിലാക്കി, കാലാവസ്ഥ അറിഞ്ഞ്, വിത്തിനെ അറിഞ്ഞ്, വിളകളെ അറിഞ്ഞുള്ള കൃഷി. ഇതില്‍ ഓരോന്നിലുമുള്ള വ്യതിയാനങ്ങള്‍ എല്ലാമറിഞ്ഞ് നമ്മുടെ വരുതിയില്‍ വരുത്തുമ്പോഴാണ് കൃഷി ശാസ്ത്രീയമാകുന്നത്. അപ്പോഴാണ് കൃഷി ലാഭകരമാകുന്നതും കര്‍ഷകന്റെ ജീവിതം ഞാണിന്മേല്‍ കളി അല്ലാതാകുന്നതും. 

അതിന് നമ്മള്‍ തേടുന്ന മാര്‍ഗ്ഗങ്ങള്‍ രാസികമോ, ഭൗതികമോ, ജൈവികമോ ആകാം. ഏതുവേണം എത്രവേണം എന്നുള്ളതിന്റെയൊക്കെ അടിസ്ഥാനം ശാസ്ത്രീയമായിരിക്കണം. അല്ലാതെ സൈദ്ധാന്തികം ആകരുത്. ഇപ്പോഴത്തെ നാട്ടിലെ കൃഷി രീതി, വളവും, കീടനാശിനിയും, ഹോര്‍മോണും അടിക്കുന്നവരുടേത് ഉള്‍പ്പടെ തീരെ അശാസ്ത്രീയമാണ്. അവനവന്റെ കൃഷിയിടത്തിലെ മണ്ണിന്റെ ഭൗതികവും രാസികവും ജൈവികവുമായ ഘടന അറിയുന്ന പത്തുശതമാനം കൃഷിക്കാര്‍ പോലും നമുക്കില്ല. അപ്പനപ്പൂപ്പന്മാര്‍ നടത്തിയ കൃഷിരീതികളുടെ മുകളില്‍ കുറച്ചു രാസവസ്തുക്കള്‍ കോറിയിട്ടിട്ടുള്ള ഒരുതരം അവിയല്‍ കൃഷിയാണ് ഇപ്പോള്‍ നമ്മുടേത്. അതുകൊണ്ടു കൂടിയാണ് നമ്മുടെ ശരാശരി വിളവ് ശാസ്ത്രീയമായി കൃഷി നടത്തുന്ന ഇടങ്ങളെക്കാള്‍ പകുതിയിലും താഴെ ആയിരിക്കുന്നത്.

കേരളത്തിന്റെ ഭാവി കൃഷിയില്‍ ആണെന്നോ കേരളത്തില്‍ കൃഷിക്ക് ഒരു ഭാവി ഉണ്ടെന്നോ വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍. പക്ഷെ കേരളത്തില്‍ കര്‍ഷകന് എന്തെങ്കിലും ഭാവി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവര്‍ നമ്മുടെ കൃഷിയെയും കര്‍ഷകരേയും ശാസ്ത്രത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചേ പറ്റൂ. നമ്മുടെ കൃഷി വകുപ്പ് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് അതിലാണ്. അല്ലാതെ പാച്ചന്‍മാരുടെ വാക്ക് കേട്ട് ശാസ്ത്രത്തിന് ചാഴികെട്ടാന്‍ നടക്കരുത്.

(അഭിപ്രായങ്ങള്‍ വ്യക്തിപരം ആണ്)