
തിരുവിതാംകൂറില്‍ പൊന്നുതമ്പുരാന്റെ ഭരണകാലത്താണ് അച്ഛന്‍ ജനിച്ചത്. അച്ഛന് ഇരുപതു വയസ്സുള്ളപ്പോഴായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നത്. അതിനുശേഷം അന്‍പത് വര്‍ഷം ജനാധിപത്യത്തില്‍ ജീവിച്ചു. എന്നിട്ടും ജീവിതത്തില്‍ ഒരിക്കല്‍ പോലും അച്ഛന്‍ ജനാധിപത്യത്തെ അനുകൂലിച്ച് സംസാരിച്ചില്ല. രാജഭരണകാലത്ത് മന്ത്രി ഒന്നേയുള്ളു. അതുകൊണ്ടുതന്നെ ഇത്രമാത്രം അഴിമതിയും കൈയിട്ടുവാരലും ഒന്നുമുണ്ടാകാന്‍ സാധ്യതയില്ല എന്നായിരുന്നു അച്ഛന്റെ നിലപാട്.
എന്നാല്‍ ഒരു കാര്യത്തില്‍ അച്ഛന് രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല. അത് വൈദ്യശാസ്ത്രത്തില്‍ ഉണ്ടായ പുരോഗതിയും, അതുവഴി മനുഷ്യജീവിതത്തില്‍ ഉണ്ടായ ഗുണപരമായ മാറ്റത്തിന്റെയും കാര്യത്തിലായിരുന്നു. ഈ അഭിപ്രായത്തിന് പിന്നില്‍ ഒരു കാരണമുണ്ട്. 1940 വരെ അച്ഛന്റെ കുടുംബത്തില്‍ ഒരു പുരുഷന്‍ പോലും മുപ്പത്തിയഞ്ച് വയസ്സിന് മുകളില്‍ ജീവിച്ചിരുന്നിട്ടില്ല. ഒട്ടേറെ മന്ത്രവാദങ്ങള്‍ നടത്തിയിട്ടും, മൂലക്ഷേത്രം പുതുക്കിപ്പണിതിട്ടും ഒന്നും ഒരു രക്ഷയുണ്ടായില്ല. മരണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
വസൂരി ( smallpox ) ആയിരുന്നു അക്കാലത്തെ വലിയൊരു കൊലയാളി രോഗം. എല്ലാവര്‍ഷവും ഈ അസുഖം വന്ന് ഒരുപറ്റം ബന്ധുക്കള്‍ ചത്തൊടുങ്ങും. വസൂരി പിടിപെടുന്നവരെ താമസിപ്പിക്കാനായി വീട്ടില്‍നിന്ന് അകന്ന് ഒരു കുടില്‍ കെട്ടിയിട്ടുണ്ട്. അവിടേക്ക് രോഗം വരുന്നവരെയും സംശയിക്കുന്നവരെയും ഒന്നൊന്നായി കൊണ്ടുപോയാക്കും.
ആഴ്ചയിലൊരിക്കല്‍ അവര്‍ക്ക് ഭക്ഷണം പാകംചെയ്യാനുള്ള സാധനങ്ങളുമായി കുടുംബത്തിലെ കാരണവര്‍ അവിടെ ചെല്ലും. കൂടെയൊരു പണിക്കാരനും ഉണ്ടാകും. പണിക്കാരന്‍ ആണ് വീടിനുള്ളില്‍ കയറി രോഗികളെ നോക്കുന്നത്. പലചരക്ക് അകത്തുവെച്ച് എത്രപേര്‍ മരിച്ചിട്ടുണ്ടെന്ന് എണ്ണിനോക്കി, പുറത്തുവന്ന് കാരണവരെ വിവരമറിയിക്കും. പിന്നെ മരിച്ചത്രയും പേര്‍ക്ക് കുഴിവെട്ടി (വസൂരി വന്നു മരിച്ചവര്‍ക്ക് മരണാനന്തര ചടങ്ങുകളോ, ദഹിപ്പിക്കലോ ഇല്ല) അകത്തുപോയി എടുത്തു കൊണ്ടുവന്ന് ഓരോരുത്തരെയായി കുഴിയിലിട്ടു മൂടും.
കുഴിയൊന്നിന് ഇത്ര എന്ന കണക്കില്‍ പണിക്കാരന് കാരണവര്‍ കാശുകൊടുക്കും. പണിക്കാരന്‍ ആ പണവുമായി നേരെ പോയി കള്ളുകുടിക്കും. അങ്ങനെ കള്ളുകുടിച്ചാല്‍പ്പിന്നെ വസൂരി വരില്ലെന്നായിരുന്നു അവരുടെ വിശ്വാസം.
അങ്ങനെ ഒരാഴ്ച അച്ഛന്റെ അമ്മാവന്‍ പണിക്കാരനെയും കൂട്ടി കുടിലിലെത്തി. ആറുപേര്‍ മരിച്ചിട്ടുണ്ടെന്ന് പരിശോധനക്കു ശേഷം പണിക്കാരന്‍ അമ്മാവനെ അറിയിച്ചു. അത്രയും കുഴിയും വെട്ടി, എന്നിട്ട് ഓരോരുത്തരെയായി എടുത്ത് കുഴിയിലേക്കിടുകയാണ്. കൂട്ടത്തില്‍ എടുത്തുകൊണ്ടു വന്ന ഒരമ്മായി ശരിക്കും മരിച്ചിട്ടില്ലായിരുന്നു. പണിക്കാരന്‍ കുഴിയിലേക്ക് കൊണ്ടുപോകുന്ന വഴി അമ്മാവനെ കണ്ട ആ അമ്മായി 'ഓപ്പേ, ഞാന്‍ ചത്തിട്ടില്ല' എന്നു നിലവിളിച്ചത്രേ. അത് കേട്ട് സങ്കടത്തോടെ അമ്മാവന്‍ പറഞ്ഞതിങ്ങനെ, 'ഇനി പറഞ്ഞിട്ടെന്താ കാര്യം, കുഴിയാറും തീര്‍ത്തല്ലോ പാറുക്കുട്ടി' എന്ന്.
കുഴിയൊക്കെ കുഴിച്ച സ്ഥിതിക്കും, ഈ ആഴ്ച ചത്തില്ലെങ്കിലും അടുത്തയാഴ്ചയാകുമ്പോഴേക്കും ചാകാന്‍ സാധ്യതയുള്ളതിനാലും (വസൂരി വന്നാല്‍ ആള് മരിക്കാനുള്ള സാധ്യത അന്ന് അന്‍പതു ശതമാനത്തിലും കൂടുതലാണ്), പാറുക്കുട്ടിയെ തിരികെ കുടിലിലെത്തിച്ചിട്ടും വലിയ പ്രയോജനമൊന്നും ഇല്ലെന്ന് കരുതിയതുകൊണ്ടാണ് അമ്മാവന്റെ പ്രതികരണം ഇങ്ങനെയായത്.

പാറുക്കുട്ടിയുടെ വിധി പക്ഷേ മറ്റൊന്നായിരുന്നു. അവരുടെ ഭാഗ്യത്തിന് അമ്മാവന്‍ കുഴിച്ചിടാന്‍ ഓര്‍ഡര്‍ കൊടുത്തിട്ടും ജീവനുള്ള ആളെ കുഴിച്ചിടാന്‍ പണിക്കാരന്‍ വിസമ്മതിച്ചു. പിന്നീട് വസൂരി മാറി അമ്മായി ഏറെക്കാലം ജീവിച്ചിരിക്കുകയും ചെയ്തു. നന്ദിസൂചകമായി ആ പണിക്കാരന് അമ്മായി ജീവിതകാലം മുഴുവന്‍ ഭക്ഷണവും കൊടുത്തുപോന്നു.
ഇതൊരു തമാശക്കഥയല്ലെന്നു മാത്രമല്ല, ഈ സംഭവം നടന്നിട്ട് നൂറു വര്‍ഷം പോലുമായിട്ടുമില്ല. മനുഷ്യന്റെ ജീവന് കന്നുകാലികളുടെ വില പോലും കല്‍പ്പിക്കാതിരുന്ന, രോഗങ്ങള്‍ മനുഷ്യനെ പൂര്‍ണ്ണമായും നിസ്സഹായരാക്കിയിരുന്ന കാലം.
ഞാനിതെല്ലാം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം വാക്‌സിനേഷനെതിരെ അടുത്തിടെ നടന്ന വാഗ്വാദങ്ങള്‍ ആണ്. രണ്ടുമൂന്നു വര്‍ഷം മുന്‍പാണ് ഞാന്‍ കേരളത്തില്‍ വാക്‌സിനേഷനെപ്പറ്റി രണ്ടഭിപ്രായം ഉണ്ടെന്നറിയുന്നത്. അന്ന് ഞാനത് പുച്ഛിച്ചുതള്ളി. പാക്കിസ്ഥാനിലും നൈജീരിയയിലുമൊക്കെ വിദ്യാഭ്യാസമില്ലാത്തവരും മതമൗലികവാദികളും വാക്‌സിനേഷനെതിരെ പ്രസംഗിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ എനിക്കറിയാം. വാക്‌സിനേഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പല യു എന്‍ ജീവനക്കാരെയും വധിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതൊക്കെ പക്ഷേ മുന്‍പറഞ്ഞതു പോലെയുള്ള രാജ്യങ്ങളിലെ പിന്നോക്ക പ്രദേശങ്ങളില്‍ ആയിരുന്നു.
അതുപോലാണോ നമ്മുടെ കേരളം? സമ്പൂര്‍ണ്ണ സാക്ഷരത, വ്യാപകമായ ആരോഗ്യസംവിധാനം, മിടുക്കന്മാരായ ഡോക്ടര്‍മാര്‍, ലോകത്തെ വികസിതരാഷ്ട്രങ്ങളോട് കിടപിടിക്കുന്ന ഹെല്‍ത്ത് ഇന്‍ഡക്‌സുകള്‍. ഇങ്ങനെയുള്ള കേരളത്തില്‍ ഈ വാക്‌സിനേഷന്‍ വിരുദ്ധ പരിപ്പ് വേകുമോ? സമൂഹം അതിനെ പുശ്ചിച്ചുതള്ളും എന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഇല്ലായിരുന്നു.
പക്ഷെ അടുത്ത കാലത്തു വരുന്ന വാര്‍ത്തകള്‍ ഞാന്‍ മലയാളി സമൂഹത്തെ എത്ര തെറ്റായിട്ടാണ് വായിച്ചത് എന്നെന്നെ ഓര്‍മ്മിപ്പിച്ചു. വാക്സിനേഷന്‍ എടുക്കാത്തവരുടെ എണ്ണം കൂടി വരുന്നുവത്രേ, നാട്ടില്‍നിന്ന് ഒഴിഞ്ഞുപോയ ഡിഫ്ത്തീരിയ ഒക്കെ തിരിച്ചുവന്ന് ആളെ കൊല്ലുന്നുവത്രേ. വാക്‌സിനേഷനെതിരെ തുറന്നും സംഘടിതമായും പ്രവര്‍ത്തിക്കുന്ന ആളുകളുണ്ടത്രേ. പ്രാകൃതചികിത്സക്കാരും മതമൗലികവാദികളും ഇക്കാര്യത്തില്‍ കൈകോര്‍ത്തിരിക്കുകയാണത്രെ.
ചിലയിടത്തു മതം, ചിലയിടത്തു പ്രാകൃതം, ഈ നാടിന് ഇതെന്തുപറ്റി?
പൊതുജനാരോഗ്യത്തിന്റെ ചരിത്രം പഠിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍ യാതൊരു തരത്തിലും വിവാദമല്ല എന്നെനിക്ക് കൃത്യമായറിയാം.
1. മനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം കഴിഞ്ഞ നൂറുവര്‍ഷത്തില്‍ ഇരട്ടിയായി. അതായത്, ആദിമമനുഷ്യന്‍ മുതല്‍ എന്റെ അച്ഛന്റെ തലമുറ വരെ നേടിയ പുരോഗതിയിലും വലുതാണ് കഴിഞ്ഞ നൂറുവര്‍ഷത്തിനകം നാം നേടിയത്.
2. വാക്‌സിനേഷന്‍ എന്നത് പല അസുഖങ്ങള്‍ക്കും കൃത്യമായ പ്രതിരോധ നടപടിയാണെന്ന് അതിന്റെ ശാസ്ത്രം അറിയാവുന്ന ആര്‍ക്കും സംശയമില്ല. (രോഗാണുസിദ്ധാന്തം കാലഹരണപ്പെട്ടു എന്നൊക്കെ ചുമ്മാ കീച്ചിയിട്ടു കാര്യമില്ല).
3. വാക്‌സിനേഷന്‍ കണ്ടുപിടിച്ചതില്‍പ്പിന്നെ കോടിക്കണക്കിന് ആളുകളാണ് അതുപയോഗിച്ചത്. അതുവഴി ദശലക്ഷക്കണക്കിന് ജീവനുകള്‍ അത് രക്ഷിച്ചിട്ടുമുണ്ട്.
4. വാക്‌സിന്‍ ഇല്ലാത്ത ഇബോള പോലുള്ള രോഗം വരുമ്പോള്‍ ലോകം ഇപ്പോഴും സമ്പൂര്‍ണ്ണ ഭീതിയില്‍ ആണ്.

ബംഗ്ലാദേശില്‍ നിന്ന് പകര്‍ത്തിയ
ദൃശ്യം. ചിത്രം കടപ്പാട്: Wikipedia
ഈ ലേഖനം പക്ഷെ വാക്‌സിനേഷനെതിരെ ചിന്തിക്കുന്നവരെ അതിന്റെ ശാസ്ത്രമോ കണക്കോ പറഞ്ഞു മനസ്സിലാക്കാനുള്ളതല്ല. അതിനു രണ്ടു കാരണമുണ്ട്.
ഒന്നാമത് അത്തരം ആളുകളൊന്നും എന്റെ ലേഖനം വായിക്കാന്‍ ഒരു സാധ്യതയുമില്ല. രണ്ടാമത് അടിസ്ഥാനമായ യാതൊരു ശാസ്ത്രവും ലോജിക്കും ഇല്ലാത്ത സങ്കല്‍പ്പങ്ങളിലും പ്രയോഗങ്ങളിലും വിശ്വസിക്കുന്ന ഇവരെ ശാസ്ത്രം പറഞ്ഞു വഴി തെറ്റിക്കാന്‍ പറ്റില്ല.
പക്ഷെ ലോകത്തെ ഒട്ടേറെ രാജ്യങ്ങളില്‍ യാത്രചെയ്ത പരിചയത്തില്‍ നിന്ന് ചില കാര്യങ്ങള്‍ കൂടി പറയാം.
1. പൊതുജനാരോഗ്യരംഗത്ത് ഇന്ത്യയിലുള്ള പുരോഗതി 'കാലാനുസരണം' മാറിയതല്ല. എന്തെന്നാല്‍, ശരാശരി ആയുസ്സ് അന്‍പത് വയസില്‍ താഴെയുള്ള രാജ്യങ്ങള്‍ ഇപ്പോഴുമുണ്ട്. പിറന്നു വീഴുന്ന കുട്ടികളില്‍ ആയിരത്തില്‍ നൂറുപേരും അഞ്ച് വയസ്സ് തികക്കാത്തതും, പ്രസവിക്കുന്ന അമ്മമാരില്‍ ഒരു ലക്ഷത്തില്‍ ആയിരത്തിനു മീതെ പേര് മരിക്കുന്നതും ആയ രാജ്യങ്ങള്‍ ഇപ്പോഴും ഉണ്ട്.
2. പ്രാകൃത ചികിത്സക്കാര്‍ പറയുന്ന പോലെ പ്രകൃതിയില്‍ നിന്ന് മാത്രം വെള്ളവും വെളിച്ചവും ഭക്ഷണവും ഒക്കെ സ്വീകരിച്ചു് കക്കൂസോ, ആസ്‌ബെസ്റ്റോസോ, ഗ്യാസ് സ്‌ററൗവോ ഒന്നും ഇല്ലാത്ത വീടുകളില്‍ ജീവിക്കുന്ന നാടുകളാണ് ഈ രാജ്യങ്ങള്‍ അധികവും. അതെ സമയം 'തികച്ചും ആധുനികം' ആയി ജീവിക്കുന്ന രാജ്യങ്ങളില്‍ (ഉദാഹരണം ജപ്പാന്‍) ശരാശരി ആയുര്‍ ദൈര്‍ഘ്യം എണ്‍പത്തിനു മുകളില്‍ ആണെന്നത് പോരാഞ്ഞിട്ട് കുട്ടികളുടെ മരണ നിരക്ക് ആയിരത്തില്‍ അഞ്ചിനും താഴെയും അമ്മമാരുടെ മരണ നിരക്ക് ഒരു ലക്ഷത്തില്‍ പത്തിലും താഴെയുമാണ്. അപ്പോള്‍ ഈ ആരോഗ്യപ്രശ്‌നമൊന്നും ഉണ്ടാക്കിയത് വികസനവും പുരോഗതിയും അല്ല. നേരെ മറിച്ചാണ്.
3. ആരോഗ്യരംഗത്ത് നമുക്കിപ്പോഴുണ്ടായ പുരോഗതി വരുംകാലത്തേക്കുള്ള ഗ്യാരണ്ടിയല്ല. നമ്മെക്കാള്‍ മുന്നില്‍ ഹെല്‍ത്ത് ഇന്‍ഡക്‌സ് ഉണ്ടായിരുന്ന രാജ്യങ്ങള്‍ പിന്നീട് പിന്നോട്ട് പോയിട്ടുണ്ട്. അതുപോലെ തന്നെ പിന്നിലുണ്ടായിരുന്നവര്‍ മുന്നോട്ടും. അപ്പോള്‍ ആലീസ് ഇന്‍ വണ്ടര്‍ലാന്റിലെ പോലെ നിന്നിടത്തു നില്‍ക്കണം എങ്കില്‍ പോലും ഓടിക്കൊണ്ടിരുന്നേ പറ്റൂ.
ഈ ലേഖനം എഴുതുന്നതിന്റെ ഭാഗമായി ഞാന്‍ കേരളത്തില്‍ വാക്‌സിനേഷന്‍ വന്ന കാലത്തെപ്പറ്റി എന്റെ അമ്മയെ വിളിച്ചു ചോദിച്ചു. വാക്‌സിനേഷന്‍ വ്യാപകമായി നടത്താന്‍ രാജാവ് 'വാക്‌സിനേറ്റര്‍' എന്നൊരു ജോലി തന്നെ ഉണ്ടാക്കിയിരുന്നു. അവര്‍ ഓരോ ഗ്രാമങ്ങളിലും വന്നു താമസിക്കും.
പക്ഷെ ഇത്ര ദുരന്തമായി രോഗങ്ങള്‍ ഉണ്ടെങ്കിലും ആളുകള്‍ വന്നു ക്യൂ നിന്ന് വാക്‌സിന്‍ എടുക്കുകയല്ല ചെയ്യുന്നത്. മറിച്ച് വാക്‌സിനേറ്റര്‍ വരുന്നു എന്ന് കേട്ടാല്‍ ഓടിയൊളിക്കുകയാണ്. വാക്‌സിനേഷനെ പറ്റിയുള്ള തെറ്റായ വിവരങ്ങള്‍ ഒരു വശത്ത് (മരിച്ചവരുടെ ചെലം എടുത്തു കുത്തിവക്കും), വാക്‌സിനേഷന്റെ ഉദ്ദേശത്തെ പറ്റിയുള്ള സംശയം വേറെ, ജാതി, മത ചിന്തകള്‍ അതിനു പുറമെ.
ഞാന്‍ പറഞ്ഞു വരുന്നത് രോഗവും മരണവും മുന്നില്‍ കണ്ടിട്ട് പോലും വാക്‌സിനേഷന്‍ ഒറ്റയടിക്കങ്ങ് പോപ്പുലര്‍ ആയതൊന്നും അല്ല. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ശാസ്ത്രത്തിന്റെ കഴിവുകളില്‍ വിശ്വാസം അര്‍പ്പിച്ച് ഒരു തലമുറ മുഴുവന്‍ ശ്രമിച്ചതില്‍ നിന്നാണ് നമുക്ക് ഈ കൊടുംവ്യാധികളില്‍ നിന്ന് മോചനം കിട്ടിയത്.
ഇന്നിപ്പോള്‍ ജനാധിപത്യമാണ്. അതുകൊണ്ട് കുറച്ചു പേര്‍ വാക്‌സിനേഷന്‍ എടുക്കുന്നില്ല എന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്‌നമായി എടുക്കാന്‍ പറ്റില്ല. കാരണം ഒന്നാമത്, മാതാപിതാക്കളുടെ അജ്ഞത കുഴപ്പത്തിലാക്കുന്നത് കുട്ടികളുടെ ഭാവിയാണ്. കുട്ടികള്‍ സമൂഹത്തിന്റെ മൊത്തം സമ്പത്താണ്. അപ്പോള്‍ അവരുടെ ആരോഗത്തിന്റെയും ഭാവിയുടെയും കാര്യം മാതാപിതാക്കളുടെ സ്വകാര്യവിശ്വാസങ്ങളുടെ പ്രശ്‌നമല്ല.

രണ്ടാമത്, കുറച്ചു പേര്‍ വാക്‌സിനേഷന്‍ എടുക്കാതിരുന്നാല്‍ അത് ബാധിക്കുന്നത് അവരെ മാത്രമല്ല. പൊയ്പ്പോയ രോഗങ്ങള്‍ സമൂഹത്തിലേക്ക് തിരിച്ചു വരും. പുതിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ ചിലവാക്കേണ്ട പണവും സമയവും ഇതിന്റെ പുറകെ ചെലവാക്കേണ്ടി വരും.
കഷ്ടം എന്തെന്ന് പറഞ്ഞാല്‍ കേരളത്തില്‍ വാസ്തവത്തില്‍ വലിയ 'മൗലിക വാദികള്‍' ഒന്നുമില്ല. അത് മതമായാലും ചികിത്സയായാലുമൊക്കെ ശരിയാണ്. നമ്മുടെ സമൂഹം അടിസ്ഥാനപരമായി ഏറെ പുരോഗമിച്ച ഒന്നാണ്. അപ്പോള്‍ ഈ പുറത്തു കാണുന്ന മൗലികവാദമൊന്നും ആളുകളുടെ അകത്തില്ല. തീവ്രദൈവവിശ്വാസം ഒക്കെ പറയുമെങ്കിലും നന്നായിട്ടു മൂന്നുദിവസം പനിച്ചാല്‍ ആശുപത്രിയില്‍ പോകാത്തത്ര വിശ്വാസമൊന്നും ഇവിടെ വിശ്വാസികള്‍ക്ക് പോയിട്ട് മതപണ്ഡിതന്മാര്‍ക്ക് പോലുമില്ല. കേരളത്തില്‍ പ്രാര്‍ത്ഥിച്ചു മാറാരോഗം വരെ മാറ്റുന്ന ഒരു മഹാന്‍ പല്ലുവേദന വന്നാല്‍പോലും ബാംഗളൂരില്‍ പോയി ഡോക്ടറെ കാണുന്ന കാര്യം എനിക്ക് നേരിട്ടറിയാം. ആരോ പറഞ്ഞ പോലെ ഒരു പട്ടി കടിച്ചാല്‍ തീരുന്ന മൗലികതയെ ഇവിടെയുള്ളൂ.
പക്ഷെ കഷ്ടം എന്തെന്ന് വച്ചാല്‍ നന്നായി സംസാരിക്കാനും ജനങ്ങളെ സ്വാധീനിക്കാനും കഴിയുന്ന ചില ആളുകള്‍ അവരുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടി (അത് പ്രാകൃതചികിത്സയിലെ ബിസിനസ്സ് ആകാം, മതപ്രസംഗത്തിന്റെ മാര്‍ക്കറ്റ് ആകാം) ആധുനിക വൈദ്യശാസ്ത്രത്തെ തള്ളിപറയുന്നു. വിദ്യാഭ്യാസം ഉള്ളവരും അല്ലാത്തവരുമായ ചില സാധുക്കള്‍ അതില്‍ പോയിപെടുന്നു, അവരുടെ കുടുംബവും കുട്ടികളും കഷ്ടപ്പെടുന്നു. അവസാനം അത് സമൂഹത്തിന് ഒരു പ്രശ്നമാകുന്നു.
വിദ്യാഭ്യാസം ഏറെ കുറവായിരുന്നതും വിശ്വാസം ഏറെ കൂടിയിരുന്നതുമായ ഒരുകാലത്ത് ശക്തമായ സര്‍ക്കാര്‍ നടപടികളിലൂടെ പൊതുജനങ്ങളുടെ കൂടുതല്‍ ചിന്തക്ക് എതിരായിരുന്നിട്ടു കൂടി വാക്‌സിനേഷന്‍ പ്രോഗ്രാം നടത്തി സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഒരു രാജഭരണത്തിനു കഴിഞ്ഞുവെങ്കില്‍, ബഹുഭൂരിപക്ഷം ജനങ്ങളും ആധുനിക വൈദ്യശാസ്ത്രത്തെ അറിഞ്ഞു പിന്താങ്ങുന്ന ഇക്കാലത്ത് സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി സമൂഹത്തിന്റെ മൊത്തം ആരോഗ്യം കുഴപ്പത്തിലാക്കുന്ന വ്യാജന്മാരെ നിയന്ത്രിക്കാന്‍ ഒരു ജനാധിപത്യ ഭരണത്തിന് കഴിയേണ്ടതല്ലേ?